Wednesday, November 06, 2013

തിരിച്ചറിവിന്‍റെ യാത്ര.

തിരിച്ചു പിടിയ്ക്കാന്‍ പറ്റാത്ത 
കാലങ്ങളിലേയ്ക്കുള്ള യാത്ര; 
കൈവിട്ടുപോയ ഇന്നലെകളിലെ 
നിറവ്യത്യാസമില്ലാത്ത
ദു:ഖങ്ങളുടെ സമാഗമം.


നിറം മങ്ങിയ ഓര്‍മ്മകളില്‍
മങ്ങാതെ തിളങ്ങുന്ന ചിലതുണ്ട്;
ജീവിക്കാനും മരിക്കാനും
പ്രേരകമാകുന്നവ.


അഴുകിയ ഓര്‍മ്മകളുടെ
ചെളിക്കുണ്ടിലാണ്‌ ഞാന്‍;
തിരിച്ചു കയറാനാകാതെ
ആണ്ടു പോയിരിക്കുന്നു.


എല്ലാം തിരിച്ചു പിടിയ്ക്കാന്‍
ഇനിയൊരു യുദ്ധം വേണം;
രാജ്യവും സൈന്യവുമില്ലാതെ,
ആയുധങ്ങളില്ലാതെയൊരു യുദ്ധം.


ആണ്ടുപോയ ചെളിക്കുണ്ടില്‍ നിന്നും
ഇന്നിന്‍റെ യാഥാര്‍ത്യത്തിലേക്കുള്ള
തിര്‍ച്ചറിവിന്‍റെ യാത്രയില്‍
മുന്നിലും പിന്നിലുമാരുമില്ലാതെ ഞാന്‍.

--------------------------------------
ചിത്രത്തിനു കടപ്പാട് : ഗൂഗ്ഗിള്‍.

ഉമ്മ.

ഇന്നുവരെ നല്‍കിയതില്‍ 
ഏറ്റവും സ്നേഹം നിറഞ്ഞ, 
കരുണ നിറഞ്ഞ 
ഉമ്മയേതാണെന്ന് പറയാമോ?


ചോദ്യം; മസിലു പെരുപ്പിച്ച്,
എല്ലാം കാലടിയിലൊളിപ്പിക്കാന്‍
ശ്രമിക്കുന്ന പുരുഷനോടല്ല.


പകരം; അമ്മയും, മകളും,
ഭാര്യയും പിന്നെ അമ്മൂമ്മയുമായി
വിരാജിക്കുന്ന സ്ത്രീകളോടാണ്‌.


അന്ന് അച്ഛന്‌ നല്‍കിയ
കുഞ്ഞ് ചുംബനമോ?
അതിനു ശേഷം കാമുകന്‌
നല്‍കിയ പ്രണയ ചുംബനമോ?


പിന്നീട് ഭര്‍ത്താവിനു
നല്‍കിയ സ്നേഹചുംബനമോ?
സ്വന്തം കുട്ടിയ്ക്ക് നല്‍കിയ
കരുതല്‍ ചുംബനമോ?


പിന്നെയൊരുന്നാള്‍
ഒറ്റയ്ക്കാക്കി പോയ
ഭര്‍ത്താവിന്‍റെ ജീവനറ്റ
ചുണ്ടില്‍ നല്‍കിയ
അവസാന ചുംബനമോ?


ഇതിലേതു ചുംബനമാണ്‌
ഏറ്റം സ്നേഹം നിറഞ്ഞത്?
നിങ്ങളുടെയുത്തരമേതെന്നെ-
നിക്കറിയില്ല; എങ്കിലും
ഞാനൊന്നു പറയട്ടെ.


ഗര്‍ഭിണിയായ സ്ത്രീ
തന്‍റെ വയറ്റില്‍ കിടക്കുന്ന
കുഞ്ഞിനു നല്‍കുന്ന
ഓര്‍മ്മ ചുംബനങ്ങളാ-
ണേറ്റവും സ്നേഹമുള്ളത്;
ഏറ്റം കരുണയുള്ളത്.

ചുമടുതാങ്ങി.

അവിടെയൊരു ചുമടുതാങ്ങി; 
കല്ലായിട്ടും വളഞ്ഞിരിക്കുന്നു. 
താങ്ങിയ ചുമടിനാലല്ല; 
ചുമടുകളുടെ ഭാവഭേദം കണ്ട്.

ചില ചുമടുകളുണ്ട്
തിരിഞ്ഞു നോക്കാത്തവ;
കാര്‍ക്കിച്ച് തുപ്പുന്നവ,
പിന്നെ വന്ന വഴി മറന്നവ.

വഴിതെറ്റി നേര്‍ക്കുനേരെത്തുമ്പോള്‍
ചിലത് ലോഹ്യം പറയാറുണ്ട്.
ചിലത് മുഖം തിരിച്ചദൃശ്യമായെ-
ന്തിനോടോ കാര്യം പറഞ്ഞകലാറുണ്ട്.

പിന്നെയും ചിലരുണ്ട്;
വളഞ്ഞുപോയതൊടിക്കുന്നവര്‍.
ഒടുവില്‍ മണ്ണോട് ചേരുമ്പോള്‍
കണ്ണുനീരൊഴുക്കുന്നവര്‍.

അവിടെയൊരു ചുമടുതാങ്ങി;
കല്ലായിട്ടും ഒടിഞ്ഞിരിക്കുന്നു.
താങ്ങിയ ചുമടിനാലല്ല; ചുമന്ന
സ്നേഹത്തിന്‍ വൈരൂപ്യത കണ്ട്.

കാണാക്കാഴ്ചകള്‍

കഴുത കാമം കരഞ്ഞു തീര്‍ക്കും പോലെ 
വികാരങ്ങളെ ഉള്ളിലൊതുക്കി 
നമുക്കിടയില്‍മാന്യരായവര്‍; 
അവരെ "ഓ, വലിയ മാന്യരെന്ന്-
വിളിച്ച് പുച്ഛിക്കുന്നവര്‍.


പട്ടിയുടെ ലൈംഗികത പോലെ
വികാരങ്ങളെ നിയന്ത്രിക്കാതെ
നമുക്കിടയില്‍ മാന്യതയില്ലാതായവര്‍;
അവരെ വൃത്തികെട്ടവരെന്ന്-
വിളിച്ച് ഇകഴ്ത്തുന്നവര്‍.


ഉപമിക്കാനൊരു മൃഗമില്ലാതെ,
ഇരുളടഞ്ഞ ഒറ്റമുറികളില്‍
മറ്റാരും കാണാതേതോ
ശരീരവുമായി വികാരങ്ങ-
ളൊഴുക്കി കളയുന്നവര്‍;
അവരെ നല്ലവരെന്നു-
വിളിച്ച് പുകഴ്ത്തുന്നവര്‍.


തിരിച്ചറിവുകളുടെ
ആകാശനീലിമയില്‍
സത്യമെന്നത്,പട്ടത്തിന്‍
പൊട്ടാറായ നൂല്‌ പോലെ.

കാലം.

മഴക്കാലം ഗര്‍ഭം പേറി
മൂന്നാം മാസമാണ്‌
ശരത്ക്കാലത്തെ 
പ്രസവിക്കുന്നത്.


മാസം തികയും മുന്‍പേ
വന്നതു കൊണ്ടാകും
മരങ്ങളെല്ലാം ഇലകള്‍
പൊഴിച്ച് ദു:ഖമാചരിക്കുന്നത്.


പച്ച പുടവ മാറ്റി
ചാര-മഞ്ഞ നിറങ്ങളണിഞ്ഞ്,
ഒടുവിലൊരസ്ഥികൂടമായി,
നഗ്നത മറയ്ക്കാനാകാതെ
തല കുമ്പിട്ടാരും കാണാതെ
കണ്ണീരില്ലാതെ വിതുമ്പുന്നത്.


വരാനുള്ള തണുപ്പിനു മുന്‍പ്
നീ നിന്‍റെ പച്ചപ്പ് വീണ്ടെടുക്കുക,
ചുട്ടുകരിക്കാനായിട്ടൊരു
കൊടും‌വേനല്‍ കാത്തിരിപ്പുണ്ട്;
ആ കുളിര്‍പ്പിക്കും മഴയ്ക്കു മുന്‍പേ. 


(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)

താമസക്കാരന്‍

എനിക്കറിയാം അന്നാ 
വരള്‍ച്ചയ്ക്കു ശേഷം 
മഴപെയ്തപ്പോഴാണ്‌
നീയെന്നെ നിന്‍റെ
വീട്ടിലേയ്ക്ക് ക്ഷണിച്ചത്.


കുറച്ച് മാസത്തേയ്ക്കൊരിടം
വേണ്ടിയിരുന്നവന്‍ ഞാന്‍;
പുറം ലോകം കാണാതെ
കവചത്തിലൊളിച്ച പ്യൂപ്പയെ പോലെ.


മുറിയടച്ച് നിശബ്ദനായി
കഴിയുമ്പോഴും ഞാന്‍ കേട്ടിരിന്നു
എന്നെ ഒഴിപ്പിക്കുന്ന കാര്യം
ആരോ നിന്നോട് പറയുന്നത്.
പക്ഷേ ഒന്നറിയാമായിരിന്നു;
നീയെന്നെ കുടിയൊഴിപ്പിക്കില്ലെന്ന്.


ഒന്ന് പറയട്ടെ, ഒരിക്കല്‍ ഞാനീ
വീടിനു പുറത്തു വരും;
പ്യൂപ്പയില്‍ നിന്നും ശലഭം പോലെ,
ചിതല്‍ പുറ്റിനുള്ളില്‍ നിന്നും
ഈയാം‌‌‌+പാറ്റകളെ പോലെ.

-------------------------------------------
(ചിത്രത്തിനു കടപ്പാട് : ഗൂഗ്ഗിള്‍)

പ്രസവം.ഈ മുറിയില്‍ 

ഞാനൊറ്റയ്ക്കാണിന്ന്.
ഏകാന്തത തേടി 
അവള്‍ അപ്പുറത്തുണ്ട്.
ചെറുമയക്കത്തില്‍
അവളുടെ ഞരക്കങ്ങളും
മൂളലുകളും കേള്‍ക്കാം.
ഓ, ഞാനത് മറന്നു.
ഇന്നവളുടെ പ്രസവമാണല്ലോ.
ഇങ്ങനെ ഒറ്റയ്ക്കുള്ള രാത്രികള്‍
അവള്‍ക്ക് പ്രസവത്തിനേതാണ്‌,.
ആ ഞരക്കങ്ങള്‍ക്കും
മൂളലുകള്‍ക്കുമവസാനം;
നാളെ താരാട്ടുപാടാനും
തൊട്ടിലാട്ടാനുമായ്‌
ഒരു കുഞ്ഞു ജനിക്കും;
ഒരു കുഞ്ഞു കവിത.
അതവളുടെ കുഞ്ഞാണ്‌,
ആത്മസംഘര്‍ഷങ്ങളുടെ കുഞ്ഞ്.

----------------------------------------------
(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)

Wednesday, September 04, 2013

പറിച്ചു നടീല്‍

അകലെയൊരു ഗുല്‍‌മോഹര്‍ 
കാറ്റിലുലയുന്നുണ്ട്; 
പൊഴിഞ്ഞു വീണയിലകളെ നോക്കി 
ഇന്നലെകളെയോര്‍ക്കുന്നുണ്ട്.


കലാലയ വരാന്തകള്‍
ആരേയോ തേടുന്നു;
സ്നേഹത്തിന്‍ കൈയ്യൊപ്പുമായ്
ഉരുളന്‍ തൂണുകള്‍ തേങ്ങുന്നു.


ഇന്ന് മങ്ങിയ വെളിച്ചത്തില്‍
വലകളുടെ ലോകത്ത്
ഉടുതുണീയുരിഞ്ഞവര്‍
പ്രണയിക്കുന്നു.


നാളെ ആ നീലപ്പല്ലുകളിലൂടെ
കാല-ദേശാന്തരമില്ലാതെ
ആ പ്രണയത്തിന്‍റെ പ്രയാണം;
എവിടെയോ ഫാനിലാടുന്ന കാലുകള്‍.,.


ഇടവഴിയിലെ പച്ചപ്പുകളിലേക്ക്,
ആ ഗുല്‍മോഹര്‍ ചുവട്ടിലേയ്ക്ക്
ഞാനെന്‍റെ പ്രണയത്തെ പറിച്ചു നടാം;
കാറ്റായെങ്കിലും നീയവിടെയുണ്ടാകുമെങ്കില്‍...,..

മടക്കയാത്ര

കൂട്ടങ്ങളില്‍ നിന്നും 
സമയരേഖയിലേക്കുള്ള 
തിരിച്ചുവരവിലാണ്‌ 
അറിഞ്ഞത്,
അതിനിടയിലെപ്പോഴോ
ഞാനേകനായിപ്പോയെന്ന്.


വാക്കുകളും, സ്നേഹ-
ചിഹ്നങ്ങളുമുണ്ടാക്കിയ
ബഹളങ്ങളില്‍ നിന്നും
ഇനി ഞാനീ മൗനത്തിന്‍റെ
വാല്‍മീകത്തിലൊളിയക്കട്ടെ.


അവിടെയിരുന്ന് ഞാനെന്‍റെ
ഇന്നലെകളെപ്പറ്റിയോര്‍ക്കട്ടെ;
ഇന്നിനെപ്പറ്റി ചിന്തിച്ച്
നാളെകളെപറ്റി
ഉത്കഠപ്പെടട്ടെ. 

പായലുകള്‍

പായലുകള്‍ ചില ബിംബങ്ങളാണ്‌; 
അകത്തുള്ളത് പുറത്തുകാട്ടാത്ത, 
മൂടി വയ്ക്കപ്പെട്ട സദാചാരത്തിന്റെ, , 
അശാന്തരായ ചില മനുഷ്യരുടെ.


ശാന്തതയുടെ മൂടുപടമണിഞ്ഞ്
ആഴക്കാഴ്ച്ചകളെ മറച്ച് വച്ച്
അടിയൊഴുക്കിലൂടാരും കാണാതെ
ചില ജീവനുകള്‍ ഒളിപ്പിക്കുന്നവ.


പായാലാണിന്നെവിടെയും;
രാഷ്ട്രീയക്കൊടികളില്‍,
മതങ്ങള്‍ തന്‍ ജിഹ്വയില്‍,
കാഴ്ച പോയ ദൈവങ്ങളില്‍. .


ഇന്ന് വേണ്ടതുരുളുന്ന കല്ലുകള്‍;
മൂടിവയ്ക്കാത്ത, കാഴ്ച മങ്ങാത്ത
അടിയൊഴുക്കില്‍ ഇടറി വീഴാത്ത
പായല്‍ പിടിയ്ക്കാത്ത കല്ലുകള്‍.