Saturday, December 06, 2008

ആധുനീകത.

ആ വെളുത്ത ക്യാന്‍വാസിലേക്ക് തട്ടി
മറിഞ്ഞു വീണയാ ചായക്കൂട്ടുകള്‍
ചിതറി തെറിച്ചപ്പോള്‍ ആരോ പറഞ്ഞു,
ഇവന്‍ ആധുനിക ചിത്രകാരന്‍.

അവിടെയും ഇവിടെയും കോറിയിട്ട-
ക്ഷരങ്ങള്‍ തന്‍ അര്‍ത്ഥം മനസ്സിലാ-
കാതെ ഉറക്കെ ചൊല്ലിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക കവിയെന്ന്.

ഒന്നുമൊന്നും രണ്ടെന്നതിനു പകരം
രണ്ടില്‍ നിന്നൊന്ന് പോയാല്‍ ബാക്കി-
യൊന്നെന്നു പറഞ്ഞപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക ഗുരുവെന്ന്. .

ആരൊക്കെയോ വച്ചിട്ടു പോയൊരാ
പഴയ വീഞ്ഞൊരു പുതിയ കുപ്പയിലാക്കി
നാട്ടാര്‍ക്ക് ഘോരഘോരം വിളമ്പിയപ്പോള്‍
ആരോ പറഞ്ഞു, ഇവന്‍ ആധുനിക നേതാവ്.

സ്ത്രീ പീഢനക്കേസില്‍ വാദിയായ പെണ്ണി-
നോടാര്‌, എപ്പോള്‍, എവിടെ വച്ച്, എന്തു-
ചെയ്തു എന്നുറക്കെ പറഞ്ഞവളെ വീണ്ടും
നിയമത്താല്‍ നഗ്നയാക്കിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക വക്കീലെന്ന്.

മുട്ടറ്റം നീണ്ട മുടി മുഷ്ടിയോളം ചുരുക്കി
ഒരു മുഴം തുണിയാല്‍ അവയവങ്ങള്‍ പൊതിഞ്ഞ്
ഒരു പ്രദര്‍ശന വസ്തുവായ് മാറിയപ്പോള്‍
ആരോ പറഞ്ഞു, ഇവളാണാധുനിക സ്ത്രീയെന്ന്.

അച്ഛനെന്നുമമ്മയെന്നും ജനമധ്യത്തില്‍ വിളിച്ച
സ്വന്തം കുഞ്ഞിനെ ഞങ്ങളറിയില്ലെന്നു
പറഞ്ഞവരെ നോക്കി ആരോ പറഞ്ഞു,
ഇവര്‍ ആധുനിക പപ്പയും മമ്മിയും.

ഒടുവില്‍ ഈ ആധുനിക ലോകത്തിന്‍
കപട മുഖത്തിലേക്കുറ്റു നോക്കി നിന്ന
എന്നെ നോക്കിയും ആരോ പറഞ്ഞു
ഇവന്‍, ഇവനും ഒരാധുനിക മനുഷ്യന്‍.

Monday, December 01, 2008

മുംബെയ് സ്മരണാഞ്ജലി.

ഇത് മുംബെയ് താജ്, ഭാരതത്തിന്‍‌റ്റഭിമാനം
ആ കറുത്ത ബുധനാഴ്ച ഇവിടെയുയര്‍ന്ന വെടിയൊച്ചകള്‍
തകര്‍ത്തെറിഞ്ഞതൊരായിരം സ്വപ്നങ്ങളെ,
തകര്‍ന്നു വീണതോ നമ്മുടെ ആത്മാഭിമാനവും.

അവര്‍ തീവ്രവാദികള്‍, മനുഷ്യത്വം
ചേര്‍ക്കാതെ ദൈവം സൃഷ്ടിച്ചവര്‍.
മൃഗീയതക്കപ്പുറം ക്രൂരരാം മൃഗങ്ങള്‍
ആര്‍ക്കോ വേണ്ടി ബലിയാടാകുന്നൊരു കൂട്ടര്‍.

അവരാല്‍ നശിപ്പിക്കപ്പെട്ടതാ താജ്മഹലല്ലാ,
ഒരു കൂട്ടം ജനതയുടെ വിശ്വാസങ്ങളെ.
പിടഞ്ഞു വീണതോ വെറും മനുഷ്യരല്ല,
ഈ ഗതികെട്ട ജനങ്ങള്‍ തന്‍ ആത്മാക്കളാകുന്നു.

അശോക് കാംണ്ടെയും വിജയ് സലാസ്ക്കറും
ഹേമന്ദ് കര്‍ക്കറെയും സന്ദീപ് ഉണ്ണികൃഷ്ണനും,
പിന്നെ പിടഞ്ഞു വീണോരോ ജീവനു മുന്നിലും
തലതാഴ്ത്തി നില്‍ക്കുന്നു ഭാരതാംബ.

ഒരിക്കല്‍ ഞാന്‍ വീണേക്കാം ഒരു വെടിയൊച്ചയില്‍,
ഒരു സ്ഫോടനത്തിലോ ഒരു കത്തി മുനയിലോ.
അവസാന ശ്വാസം വരെ പൊരുതി നിന്നീടും ഞാന്‍
എന്‍ അമ്മതന്‍ മാനത്തെ കാത്തു രക്ഷിക്കുവാന്‍.

ഓരോ മരണവും തന്‍‌റ്റെ വോട്ടു ബാങ്കായ്
മാറ്റാന്‍ ശ്രമിക്കുന്ന നെറികെട്ട നേതാക്കളെ,
വിലപറയരുതന്നന്‌റ്റെ ജീവന്‌, നാണം കെടുത്ത-
രുതെന്നെ ആ പുഷ്പചക്രത്താല്‍ പോലും.