Sunday, December 26, 2010

അഭിമുഖം : മധു ബാലകൃഷ്ണന്‍.

ശ്രീ മധു ബാലകൃഷ്ണന്‍.

24 ജൂണ്‍ 1974 ല്‍ കേരളത്തിലെ കൊച്ചി എന്ന മഹാ നഗരത്തില്‍ തൃപ്പൂണിത്തുറയില്‍ ജനനം.

മലയാളം - തമിഴ് - തെലുങ്ക് - കന്നട ഭാഷകളിലെ ഒരുപാട് സിനിമകളില്‍ പാടുകയും ഒരുപാട് അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഇവ അതില്‍ ചിലതു മാത്രം.

2000 - Soma Award for Best Male Playback singer
2001 - Drisya Television Award for Best Male Playback singer.
2002 - Kerala State Film Award for Best Singer.
2002 - Mahatma Gandhi Educational Foundation Award.
2002 - Solar Award.
2002 - Junior Chamber Award.
2003 - Kerala Film Critics Award.
2004 - Kerala Film Critics Award.
2004 - LPR Award.
2004 - Best Melody Singer(Virtuoso Award–Tamil Films).
2006 - Tamil Nadu State Film Award for Best Male Playback Singer.
2007 - Ujala Asianet Film Award for Best Male Playback Singer.
2007 - Kalaimamani award by the Tamil Nadu state government.
2009 - Kerala Film Critics Award.
2010 - Mirchi Music Award for Best Male Singer.

നമുക്ക് അദ്ദേഹവുമായി ഒരു സല്ലാപം നടത്താം.

ഹരി വില്ലൂര്‍: നമസ്കാരം
മധു ബാലകൃഷ്ണന്‍: നമസ്ക്കാരം

ഹരി വില്ലൂര്‍: നമ്മുടെ അമൃതം കംമ്യൂനിട്ടിക്കു വേണ്ടി താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്നും അല്‍പനേരം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതിനു ആദ്യമേ തന്നെ നന്ദി പറയുന്നു.

മധു ബാലകൃഷ്ണന്‍: ശരി.. നന്ദി.

ഹരി വില്ലൂര്‍: ആദ്യമായി നമുക്ക് കുടുംബംത്തെ ഒന്ന് പരിചയപ്പെടാം. അല്ലേ?

മധു ബാലകൃഷ്ണന്‍: ഭാര്യ ദിവ്യ (യഥാര്‍ത്ഥ പേര്‌ വിജിത), മുത്ത മകന്‍ മാധവ് (8 വയസ്സ്), ഇളയ മകന്‍ മഹാദേവ് (1.5 വയസ്സ്). അച്ഛന്‍ 23 വര്‍ഷം മുന്‍പ് മരിച്ചു പോയി. അമ്മ ലീലാവതി, അനുജന്‍ ശ്രീകുമാര്‍ (തിരുവനതപുരം റേഡിയോ മിര്‍ച്ചിയില്‍ സൗണ്ട് എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു). പിന്നെ ഭാര്യയുടെ മൂത്ത ജേഷ്ഠനും ചേച്ചിയും ഇളയ ചേച്ചിമാരും ഉണ്ട്.

ഹരി വില്ലൂര്‍: സ്കൂള്‍ കോളേജ് ജീവിതത്തിലെ സംഗീത പരിപാടികളിലൊക്കെ താങ്കള്‍ തീര്‍ച്ചയായും പങ്കെടുത്തു കാണുമല്ലോ?

മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും പങ്കെടുത്തിട്ടുണ്ട്.

ഹരി വില്ലൂര്‍: ആള്‍ ഇന്‍ഡ്യ റേഡിയോയിലും ദൂരദര്‍ശനിലും B ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നല്ലോ?

മധു ബാലകൃഷ്ണന്‍: അതേ. ചില മത്സരങ്ങളിലൂടെ എനിക്ക് ബി ഗ്രേഡ് കിട്ടിയിരിന്നു. പക്ഷേ അതിനു ശേക്ഷം അത് അപ്ഗ്രേഡ് ചെയതിട്ടില്ല.

ഹരി വില്ലൂര്‍:പാലക്കാട്ട് നടക്കുന്ന സ്വരലയ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍, അതുപോലെ തന്നെ ഗുരുവായൂരിലെ ചെമ്പൈ സംഗീതോല്‍സവം എന്നിവയിലൊക്കെ പങ്കെടുക്കാറുണ്ടല്ലോ? അതിനെ പറ്റി?

മധു ബാലകൃഷ്ണന്‍: അതേ. പങ്കെടുത്തിട്ടുണ്ട്. ചെമ്പൈ സംഗീതോല്‍സവത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് ഞാന്‍ പഠിക്കുന്ന സമയത്താണ്‌. പ്രൊഫഷണലായതിനു ശേഷം പോകാന്‍ കഴിഞ്ഞിട്ടില്ല.

ഹരി വില്ലൂര്‍: ഒരു ഗായകന്‍ ആകണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ആഗ്രഹിച്ചിരന്നോ?

മധു ബാലകൃഷ്ണന്‍ :അങ്ങനെയൊന്നും ആഗ്രഹിച്ചല്ല ജീവിച്ചത്. എങ്ങനെയൊക്കെയോ ഒരു നിമിത്തം, അതല്ലെങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് ഇങ്ങനെയൊക്കെയായി.

ഹരി വില്ലൂര്‍: എന്തായാലും എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു പ്രൊഫഷനല്‍ ഗായകന്‍ ആയിത്തീര്‍ന്നു.

മധു ബാലകൃഷ്ണന്‍ : അതേ.. അതേ...

ഹരി വില്ലൂര്‍: അക്കാഡമി ഓഫ് ഇന്‍ഡ്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്സ് (Academy of Indian Music and Arts) എന്ന സ്ഥാപനത്തിലെ ബിരുദവും കൊണ്ട് സംഗീത ലോകത്തേക്ക് കടന്നു വന്നപോള്‍ എന്തായിരിന്നു മനസ്സില്‍?

മധു ബാലകൃഷ്ണന്‍: അങ്ങനെ മനസ്സില്‍ ഒന്നുമുണ്ടായിരുന്നില്ല. പിന്നെ നമുക്ക് കിട്ടുന്ന ചാന്‍സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നതു മാത്രമായിരിന്നു. നമ്മളെ കൊണ്ട് ആകും വിധം നന്നായി പാടാന്‍ ശ്രമിക്കണം എന്ന് കരുതിയിരുന്നു.


ഹരി വില്ലൂര്‍: ആദ്യമായി കൂടെ പാടിയ സെലിബ്രിറ്റി ആരായിരുന്നു?

മധു ബാലകൃഷ്ണന്‍ :ചിത്ര ചേച്ചി.

ഹരി വില്ലൂര്‍: അവിടന്നോഗോട്ടു ഒരുപാട് പ്രശസ്തരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഉള്ള ഭാഗ്യം കിട്ടിയല്ലേ?....

മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും.

ഹരി വില്ലൂര്‍: എന്നാണു ആദ്യമായി ഒരു ഗാനം റെകോര്‍ഡു ചെയ്തത്? ആ ഗാനം?

മധു ബാലകൃഷ്ണന്‍ :ഉഴൈതുറെ എന്ന തമിഴ് ചിത്രത്തിലെ ഗാനം. 1995 - 96 ല്‍ ആയിരിന്നു അത്. സംഗീതസം‌വിധായകന്‍ "ഷാ". യഥാര്‍ത്ഥ പേര്‌ ബാബു ശങ്കര്‍.

ഹരി വില്ലൂര്‍: സിനിമയിലാണോ ആദ്യമായി പാടിയത്?

മധു ബാലകൃഷ്ണന്‍ :ശരിക്കും പറഞ്ഞാല്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ഡിവോഷണല്‍ പാട്ട് പാടിയിട്ടുണ്ട്. പക്ഷേ അന്ന് ശബ്ദമൊന്നും അത്ര മെച്വേഡ് ആയിട്ടില്ലല്ലോ. പിന്നെ കുറേ തമിഴ് ആല്‍ബങ്ങളും ഡിവോഷണല്‍ ഗാനങ്ങളും പാടിയിരിന്നു.

ഹരി വില്ലൂര്‍: മലയാളത്തില്‍ ആദ്യമായി പാടിയത്?

മധു ബാലകൃഷ്ണന്‍ :മലയാളത്തില്‍ ആദ്യമായി പാടുന്നത് ശിശിരം എന്ന സിനിമയിലാണ്‌. ബേണീ ഇഗ്നേഷ്യസായിരിന്നു സംഗീത സം‌വിധാനം. ആ സമയത്താണ്‌ ഉദയപുരം സുല്‍ത്താന്‍, സണ്ണി സ്റ്റീഫന്‍റെ പേരിടാത്ത ചിത്രം എന്നിവയിലൊക്കെ പാടിയത്.

ഹരി വില്ലൂര്‍: ദാസേട്ടന്‍ തുടങ്ങി ഒരുപാട് ഗായകര്‍ നിറഞ്ഞു നിന്നിരുന്ന മലയാള സിനിമാ സംഗീത മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ മനസ്സില്‍ ഒരു ഭയം ഉണ്ടായിരുന്നോ, പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍?

മധു ബാലകൃഷ്ണന്‍ :അങ്ങനെയൊന്നും ചിന്തിക്കാത്ത ഒരാളാണ്‌ ഞാന്‍. ദൈവം തന്ന ചാന്‍സ് നന്നായി ഉപയോഗിക്കുക. എനിക്ക് വിധിച്ചിട്ടുള്ളത് എനിക്ക് തന്നെ കിട്ടും എന്ന് വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.

ഹരി വില്ലൂര്‍: ദാസേട്ടനുമായി എങ്ങനെയാണ്‌ ബന്ധം:

മധു ബാലകൃഷ്ണന്‍ :അദ്ദേഹവുമായി വളരെ നല്ല ഒരു ബന്ധമാണുള്ളത്. ഞാന്‍ ഈ രംഗത്ത് വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വല്ലയ്പ്പോഴും കാണാറുണ്ട്. ഇടയ്ക്ക് ഫോണൊല്‍ വിളിച്ച് സംസാരിക്കാറുണ്ട്.

ഹരി വില്ലൂര്‍: പ്രസിദ്ധ സംഗീത സംവിധായകനുമായ ശ്രീ എം ജയചന്ദ്രന് വേണ്ടി താങ്കള്‍ കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അതില്‍ മിക്കതും നല്ല ഹിറ്റുകളും ആയിരുന്നു.

മധു ബാലകൃഷ്ണന്‍ :അതേ.

ഹരി വില്ലൂര്‍: മാത്രമല്ല 'വാല്‍ക്കണ്ണാടി'യിലെ ''അമ്മേ അമ്മേ'' എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡും കിട്ടി. നിങ്ങള്‍ തമ്മിലുള്ള ആ കെമിസ്ട്രി ഒന്ന് ചുരുക്കി പറയാമോ.?

മധു ബാലകൃഷ്ണന്‍ :അതിപ്പോള്‍ എന്താ പറയുക!! ഞങ്ങള്‍ തമ്മില്‍ ഒരു ഗായകനും സംഗീത സം‌വിധായകനും എന്ന ബന്ധത്തിലപ്പുറം ഒരു സഹോദര ബന്ധമാണുള്ളത്; അതുപോലെ തന്നെ ഞങ്ങള്‍ ബന്ധുക്കളുമാണ്‌.

ഹരി വില്ലൂര്‍: വാല്‍ക്കണ്ണാടി എന്ന സിനിമയിലെ അമ്മേ അമ്മേ എന്നു തുടങ്ങുന്ന ഗാനത്തിന്‌ 2002 ലെ സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായല്ലോ? എങ്ങനെയാണ്‌ ആ പാട്ട് പാടാനുള്ള അവസരം ലഭിച്ചത്?

മധു ബാലകൃഷ്ണന്‍: അതിപ്പോള്‍ എന്താ പറയുക... (ചിരി..) ജയചന്ദ്രന്‍ വിളിച്ചു, ഞാന്‍ പോയി പാടി...

ഹരി വില്ലൂര്‍: ആ ഗാനത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അല്ലേ?

മധു ബാലകൃഷ്ണന്‍: അതേ..... അത് നല്ലൊരു അനുഭവമായിരിന്നു. (അപ്പോഴേക്കും മറ്റൊരു ഫോണില്‍ ബെല്ലടിക്കുന്നു. ഏതോ പ്രോഗ്രാമിന്‌ ചെല്ലാനായി വീട്ടില്‍ നിന്നും ഇറങ്ങിയോ എന്നന്വേഷണം. അഫ്സല്‍ ഒക്കെ പങ്കെടുക്കുന്ന പരിപാടിയാണ്‌. 11.30 ആകുമ്പോഴേക്കും എത്താമെന്ന് ഉറപ്പു കൊടുത്തിട്ട് വീണ്ടും അഭിമുഖത്തിലേക്ക്)

ഹരി വില്ലൂര്‍: മലയാളത്തിലെ പ്രസിദ്ധരായ പലരുടെയും കൂടെ വര്‍ക്ക് ചെയ്തു. ഇതില്‍ താങ്കളെ അതിശയിപ്പിച്ചിട്ടുള്ള സംഗീത സംവിധായകന്‍ ആരാണ്?

മധു ബാലകൃഷ്ണന്‍ : എന്‍റെ കുട്ടിക്കാലം മുതല്‍ തന്നെ എന്നെ അതിശയിപ്പിക്കുന്ന ഒരാളാണ്‌ ഇളയരാജ സര്‍. ആ സമയം മുതല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു ആരാധകനാണ്‌. അതുപോലെ തന്നെ നമ്മുടെയിടയിലുള്ള ഒട്ടുമിക്ക സം‌ഗീത സം‌വിധായകരും അവരവരുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.

ഹരി വില്ലൂര്‍: ഒരുപാട് കഴിവുള്ള സംഗീത സംവിധായകരില്‍ പലരും മണ്‍മറഞ്ഞു പോയി. അവരില്‍ പലരുമായും താങ്കള്‍ വര്‍ക്ക് ചെയ്യാതെ പോയിട്ടുണ്ട്. അതില്‍ നഷ്ട ബോധം തോന്നിയിട്ടുണ്ടോ?

മധു ബാലകൃഷ്ണന്‍ :അങ്ങനെയൊന്നും ചിന്തിച്ചിട്ട് കാര്യമില്ല. നമുക്ക് യോഗമുള്ളതല്ലേ നമുക്ക് ലഭിക്കൂ. എന്നാലും രവീന്ദ്രന്‍ മാഷിന്‍റെ കുറച്ച് പാട്ടുകള്‍ പാടണമെന്ന് ആഗ്രഹമുണ്ടായിരിന്നു. പക്ഷേ അപ്പോഴേയ്ക്കും മാഷ് നമ്മെ വിട്ടു പോയി.

ഹരി വില്ലൂര്‍:അതുപോലെ നമ്മൂടെ ഗിരീഷേട്ടന്‍...?

മധു ബാലകൃഷ്ണന്‍ :ഗിരീഷേട്ടന്‍റെ കുറച്ച് പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. സിനിമയിലും ഡിവോഷണല്‍ കാസറ്റുകളിലും.

ഹരി വില്ലൂര്‍: വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പാട്ടുകള്‍ പാടി. അവിടെ നിന്നെല്ലാം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഈ അവാര്‍ഡുകളെ എങ്ങനെ കാണുന്നു?

മധു ബാലകൃഷ്ണന്‍ : അവാര്‍ഡ് എന്നുള്ളത് നമുക്ക് കിട്ടുന്ന ഒരു അംഗീകാരമാണ്‌. നമ്മള്‍ പാടിയ പാട്ട് മറ്റുള്ളവര്‍ക്ക് ഇഷ്ടമായി എന്നതിനുള്ള സമ്മാനം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കൂട്ടാന്‍ വേണ്ടി നല്‍കുന്നതാണ്‌ അവാര്‍ഡുകള്‍ എന്ന് അനിക്ക് തോന്നുന്നത്.

ഹരി വില്ലൂര്‍: ആശാ ജീ യുമൊത്ത് പാടിയ ചന്ദ്രമുഖീ എന്ന സിനിമയ്ക്കു വേണ്ടി പാടിയ "കൊഞ്ചന്നേരം" എന്ന ഗാനം മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമല്ലോ?

മധു ബാലകൃഷ്ണന്‍ : തീര്‍ച്ചയായും. അതെനിക്ക് കിട്ടിയ ഒരു ദൈവാനുഗ്രഹമാണ്‌ എന്ന് തന്നെ പറയാം. പ്രത്യേകിച്ചും ഒരു രജനീകാന്ത് ചിത്രം, ബോളീവുഡ് ഇതിഹാസം എന്നൊക്കെ പറയാന്‍ കഴിയുന്ന ആശാജീയുടെ കൂടെ, അതും വിദ്യാസാഗറിന്‍റെ സംഗീത സം‌വിധാനത്തില്‍.

ഹരി വില്ലൂര്‍: ആശാജീയുമൊതുള്ള ആ ഒരു എക്സ്പീരിയെന്സു ഒന്ന് പങ്കു വയ്ക്കാമോ?....

മധു ബാലകൃഷ്ണന്‍ :അത് ഒരു ഡ്യൂയറ്റായിരിന്നു. പക്ഷേ ഡ്യൂയറ്റ് എന്ന് പറയുന്നതെങ്കിലും നമ്മള്‍ ഒന്നിച്ചോന്നുമല്ല പാടുന്നത്. പക്ഷേ, എങ്കിലും അതൊരു ഭാഗ്യമാണ്‌.

ഹരി വില്ലൂര്‍: ഇസൈ മന്നന്‍ ഇളയരാജയുടെ ഒരു ഗാനം പാടുക എന്നത് ഒരു ഗായകന്‍ എന്ന നിലക്ക് വളരെ അഭിമാനം ഉള്ള കാര്യമാണ്.... മാത്രമല്ല അദ്ധേഹത്തിന്റെ ഡ്രീം പ്രോജക്ടായ തിരുവാസഗതിലും താങ്കള്‍ക്കു വര്‍ക്ക് ചെയ്യാന്‍ ആയി. അദ്ദേഹത്തെ കുറിച്ച്?

മധു ബാലകൃഷ്ണന്‍ :രാജാസാറിന്‍റെ ഭാരതി എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ആദ്യമായി ഞാന്‍ പാടുന്നത്. ഞാന്‍ ആദ്യമായി രാജാസാറിനെ കാണുന്നത് വടകരയില്‍ വച്ചു നടന്ന ദാസേട്ടന്‍റെ അറുപതാം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന ഒരു പരിപാടിയില്‍ വച്ചാണ്‌. അന്ന് അവിടെ ഞാന്‍ പാടിയത് "കാട്ടിലെ പാഴ്മുളം" എന്ന് ഗാനമായിരിന്നു. അവീടെ വച്ചാണ്‌ അദ്ദേഹത്തിന്‌ എന്നെ പരിചയമാകുന്നത്. അതിനു ശേഷം ഞാന്‍ മൂകാംബികയില്‍ ചെന്നപ്പോള്‍ രാജാസാര്‍ അവിടെയുണ്ട്. അത് രണ്ടാമത്തെ മീറ്റിംങ്. പിന്നീട് ഒരു ദിവസം മദ്രാസ്സില്‍ നിന്നും ഫോണ്‍ വരുന്നു; പെട്ടെന്ന് വരിക എന്നു പറഞ്ഞ്. അങ്ങനെയാണ്‌ ഭാരതിയില്‍ പാടിയത്.

ഹരി വില്ലൂര്‍: 2009ലെ മികച്ച ഗായകനായി പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ ഗാനത്തിന്‌ അവാര്‍ഡ് ലഭിക്കുകയുണ്ടായല്ലോ? ആരായിരിന്നു സംഗീത സംവിധാനം?

മധു ബാലകൃഷ്ണന്‍: അതിന്‍റെ സംഗീത സംവിധാനം എസ്.പി. വെങ്കിടേഷ് ആയിരിന്നു.

ഹരി വില്ലൂര്‍: പ്രവാസി മലയാളികളുടെ സംസ്കാരിക സംഘടനയായ ഈണം ഇന്റര്‍നാഷണല്‍ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച യുവഗായകനുള്ള അവാര്‍ഡ്‌ താങ്കള്‍ക്ക് നല്‍കിയിരുന്നല്ലോ? കൂടുതലാര്‍ക്കും കിട്ടാത്ത ഒരു അവാര്‍ഡ്. എന്തു തോന്നി.

മധു ബാലകൃഷ്ണന്‍: തീര്‍ച്ചയായും. വളരെയധികം സന്തോഷം തോന്നി. ദൈവത്തിനു നന്ദി പറഞ്ഞു.

ഹരി വില്ലൂര്‍: ഇഷ്ട ദൈവം?

മധു ബാലകൃഷ്ണന്‍ :അങ്ങനെ ഒന്നിനെ പറയാന്‍ പറ്റില്ല. ഞാന്‍ മൂകാംബികയിലും ഗുരുവായൂരിലും ശബരിമലയിലും ചോറ്റാനിക്കരയും പോകാറുണ്ട്. അതോടൊപ്പം തന്നെ കൃസ്ത്യന്‍ പള്ളികളിലും മസ്ജിദുകളിലും പോയിട്ടുണ്ട്.

ഹരി വില്ലൂര്‍: ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസുമായി താങ്കള്‍ക്കുള്ള ശബ്ദസാദൃശ്യത്തെ പറ്റി പലരും പറയാറുണ്ട്. അതിനേ പറ്റി?

മധു ബാലകൃഷ്ണന്‍ : ശരിയാണ്‌. പക്ഷേ അത് നല്ലതാണൊ മോശമാണൊ എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം അത് കേട്ട് ഇഷ്ടപ്പെടുന്നവരു ഉണ്ട് ഇഷ്ടപ്പെടാത്തവരും ഉണ്ട്.

ഹരി വില്ലൂര്‍: സ്റെജു ഷോ കളില്‍ രവീന്ദ്രന്‍ മാഷിന്റെ ബുദ്ധിമുട്ടേറിയ ഗാനങ്ങള്‍ പലതും വളരെ നന്നായി ആലപിക്കുന്നത് കണ്ടിട്ടുണ്ട്.?

മധു ബാലകൃഷ്ണന്‍ :അറിയില്ല അതെങ്ങനെ സാധിക്കുന്നു എന്ന്. എങ്ങനെയൊക്കെയോ അങ്ങ് സഭവിക്കുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ദൈവം അങ്ങനെയൊരു കഴിവ് എനിക്ക് തന്നിട്ടുണ്ട്. ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ അത് നന്നായി പ്രാക്ടീസ് ചെയ്ത് പാടുന്നു എന്ന് മാത്രം.

ഹരി വില്ലൂര്‍: താങ്കളുടെ മാധുര്യുള്ള ശബ്ദത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. താങ്കളുടെ സംഗീതസംവിധാനത്തില്‍ ഗാനങ്ങള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകുമോ?

മധു ബാലകൃഷ്ണന്‍ :സംഗീതസംവിധാനം എനിക്ക്‌ തീര്‍ച്ചയായും ഇഷ്ടട്ട ഒരു മേഘലയാണ്‌. ഞാന്‍ പലപ്പോഴും കമ്പോസ് ചെയ്യാറുമുണ്ട്. പക്ഷേ അതൊന്നും പ്രൊഫഷണലായി കൊണ്ടൂ വരാന്‍ തത്ക്കാലം ഉദ്ദേശ്ശിക്കുന്നില്ല. കാരണം സംഗീത സം‌വിധായകനെ എല്ലാവരും പാടാന്‍ വിളിക്കണമെന്നില്ല (ചിരി...).

ഹരി വില്ലൂര്‍: എന്തായാലും ഭാവിയില്‍ താങ്കളില്‍ നിന്നും ഒരു സം‌ഗീത സം‌വിധായകനെ പ്രതീക്ഷിക്കാം. അല്ലേ?

മധു ബാലകൃഷ്ണന്‍ :അറിയില്ല, എല്ലാം ദൈവം നിശ്ചയിക്കുന്ന പോലെ.

ഹരി വില്ലൂര്‍: ഡിവോഷണല്‍ ഗാനരംഗത്തെ നിറസാന്നിധ്യമാണ് എപ്പോഴും താങ്കള്‍.

മധു ബാലകൃഷ്ണന്‍ :നിറസാന്നിധ്യമാണ് ഞാന്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ ശരിയാകില്ല. ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. പിന്നെ എനിക്കു വരുന്ന ചാന്‍സുകള്‍ കഴിവതും നല്ല രീതിയില്‍ ഉപയോഗിക്കുന്നു എന്ന് മാത്രം.

ഹരി വില്ലൂര്‍: എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ സിനിമയേക്കാള്‍ കൂടുതല്‍ ചാന്‍സ് ഡിവോഷണല്‍ ഗാനരംഗത്താണ്‌ തനിക്ക് കിട്ടിയിട്ടുള്ളതെന്ന്?

മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും. കാരണം സിനിമയേക്കാള്‍ കൂടുതല്‍ അത്തരം ഗാനങ്ങളാണ്‌ ഞാന്‍ പാടിയിട്ടുള്ളത്.

ഹരി വില്ലൂര്‍: ഇപ്പോഴത്തെ ഗാനങ്ങളും പഴയ ഗാനങ്ങളും തമ്മിലുള്ള അന്തരം പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്‌. ഇപ്പോഴത്തെ സംഗീതത്തിലെ മൂല്യച്യുതി തന്നെയാണ് വിഷയം. അതിനെ പറ്റി എന്ത് തോന്നുന്നു?

മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും പഴയ ഗാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക് മൂല്യച്യുതി വന്നിട്ടുണ്ട്. ഇപ്പോള്‍ എല്ലാത്തിനും ഒരു ക്ഷാമമാണ്‌; നല്ല പാട്ടുകാര്‍ക്കും, നല്ല വരികള്‍ക്കും, നല്ല സംഗീതത്തിനും ഒക്കെ. ഇപ്പോള്‍ ഏതു കാര്യങ്ങള്‍ക്കായാലും ക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ്‌. ഇപ്പോള്‍ വളരെ അപൂര്‍‌വ്വമായിട്ടു മാത്രമേ ഒരു നല്ല ഗാനം ഉണ്ടാകുന്നുള്ളൂ.

ഹരി വില്ലൂര്‍: ഈയിടെ താങ്കള്‍ രണ്ട് റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയിട്ടുണ്ടായിരിന്നല്ലോ?

മധു ബാലകൃഷ്ണന്‍ : അതേ. ഉണ്ടായിരിന്നു.

ഹരി വില്ലൂര്‍: ഇത്തരം ഷോകള്‍ പലപ്പോഴും പല വിവാദങ്ങളും ഉയര്‍ത്തുന്നു. ഇത്തരം റിയാലിറ്റി ഷോകളുടെ ഗുണ-ദോഷ വശങ്ങളെ കുറിച്ചൊന്നു പറയാമോ?

മധു ബാലകൃഷ്ണന്‍ :പണ്ടത്തെ അപേക്ഷിച്ച് പാടാന്‍ കഴിവുള്ളവര്‍ക്ക് പെട്ടെന്ന് ഒരു പേരു കിട്ടുവാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണ്‌ ഈ റിയാലിറ്റി ഷോകള്‍. തന്‍റെ കഴിവുകളെ പുറത്ത് കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്നതാണ്‌ ശരിയായ അര്‍ത്ഥം. പക്ഷേ അങ്ങനെ കിട്ടുന്ന പേര്‌, ഫെയിം എല്ലാം അതേ റിയാലിറ്റി ഷോയുടെ അടുത്ത ഘട്ടം ആരംഭിക്കുമ്പോഴേക്കും പല ആള്‍ക്കാരും മറന്നു പോകുന്ന ഒരവസ്ഥയാണ്‌ ഇന്ന് നാം കാണുന്നത്. പലരും പല വാഗ്ദാനങ്ങളും നല്‍കും; എന്‍റെ അടുത്ത സിനിമയില്‍ പാടിക്കാ എന്നൊക്കെ. പക്ഷേ അതൊന്നും ഉണ്ടാകാറില്ല എന്നതാണ്‌ സത്യം.

ഹരി വില്ലൂര്‍: ഇപ്പോള്‍ അത്തരം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന പലരും അതിന്‍റെ പ്രതിഫല തുകയെയാണ്‌ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ?

മധു ബാലകൃഷ്ണന്‍ :അതേ..... അതേ. പ്രതിഫലതുകയേയാണ്‌ മിക്കവരും ലക്‌ഷ്യം വയ്ക്കുന്നത്. അതോടൊപ്പം തന്നെ ഫെയിമിനു വേണ്ടിയും പങ്കെടുക്കുന്നവരുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇതു രണ്ടും ആവശ്യമാണല്ലോ.

ഹരി വില്ലൂര്‍: ഇഷ്ട ഗായകന്‍/ഗായിക?

മധു ബാലകൃഷ്ണന്‍ :മിക്ക ഗായകരേയും ഇഷ്ടമാണ്‌. മലയാളത്തില്‍ ദാസേട്ടന്‍, ജയേട്ടന്‍, ചിത്ര ചേച്ചി, സുജാത ചേച്ചി, ശ്രീക്കുട്ടേട്ടന്‍, ഉണ്ണിയേട്ടന്‍ അങ്ങനെ എല്ലാവരേയും. എല്ലാവര്‍ക്കും അവരുടേതായ ഒരു ശൈലിയും ഐഡണ്ടിറ്റിയും ഉണ്ട്. ഒരാള്‍ക്കില്ലാത്ത ഗുണം മറ്റൊരാള്‍ക്കുണ്ട്.

ഹരി വില്ലൂര്‍: ഇഷ്ട സംഗീത സംവിധായകര്‍?

മധു ബാലകൃഷ്ണന്‍ :ഒരാളുടെ പേര്‌ പറയാന്‍ കഴിയില്ല. ഒരുപാടുണ്ട്. അവരില്‍ എല്ലാവര്‍ക്കും അവരുടേതായ കുറേ നല്ല വശങ്ങളും ഉണ്ട്.

ഹരി വില്ലൂര്‍: ഇപ്പോഴുള്ള ഒരുപാട് യുവഗായകരില്‍ ഭാവി വാഗ്ദാനം എന്ന് തോന്നിയിട്ടുള്ള ഒരാള്‍?

മധു ബാലകൃഷ്ണന്‍ :ഇപ്പോഴുള്ളവരില്‍ മിക്കവരും വളരെ കഴിവുള്ളവരാണ്‌. നല്ല ഭാവിയുള്ളവരാണ്‌. അതിനെല്ലാം ഉപരിയായി ദൈവം കൊടുക്കുന്ന അവസരങ്ങളാണ്‌ ഏറ്റവും പ്രധാനം.

ഹരി വില്ലൂര്‍: മനസ്സിനെ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് ചെയ്തിട്ടുള്ള മൂന്നോ നാലോ ഗാനങ്ങള്‍ ?

മധു ബാലകൃഷ്ണന്‍ :ഓരോ പാട്ടിനും ഓരോ മൂഡല്ലേ? "അമ്മേ" എന്നു തുടങ്ങുന്ന ഗാനം എന്നെ വളരെയധികം ആകര്‍ഷിച്ചതാണ്‌. പിന്നെ, പിതാമഹനിലെ പാട്ട്, കാനാകണ്ടേന്‍, ചിന്താര്‍മിഴി, റോക്ക് എന്‍ റോളിലെ "രാവേറേയായ്" എന്നത് എല്ലാം ഇഷ്ടമാണ്‌. ഒരുപാട് സ്ട്രയിന്‍ എടുത്ത് പാടിയ പാട്ടുകളാണ്‌ റോക്ക് എന്‍ റോളിലെ "രാവേറേയായ്" എന്നതും ഉടയോനിലെ "തിരുവരങ്ങില്‍" എന്ന പാട്ടും. അതുപോലെ "കൊഞ്ചന്നേരം" എന്ന് തുടങ്ങുന്ന ഗാനം എന്‍റെ ജീവിതത്തില്‍ എനിക്ക് ഒരുപാട് ആള്‍ക്കാരെ നേടിത്തന്ന ഒന്നാണ്‌.

ഹരി വില്ലൂര്‍: കച്ചേരികള്‍ ചെയ്യാറുണ്ടോ?

മധു ബാലകൃഷ്ണന്‍ :ചെയ്യാറുണ്ട്. പക്ഷേ ഞാന്‍ അതില്‍ ഒരു പക്കാ ആര്‍ട്ടിസ്റ്റാണെന്ന് പറയാന്‍ പറ്റില്ല. അതിനുള്ള കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ഹരി വില്ലൂര്‍: താങ്കള്‍ക്കു വ്യക്തമായ കര്‍ണാട്ടിക് ബെയ്സ് ഉണ്ടല്ലോ. ഇഷ്ട രാഗം/രാഗങ്ങള്‍ അങ്ങനെ വല്ലതും?

മധു ബാലകൃഷ്ണന്‍ :എല്ലാ രാഗങ്ങളും എനിക്കിഷ്ടമാണ്‌. ഇന്ന രാഗം ഇഷ്ടമല്ല, ഇന്ന രാഗം ഇഷ്ടമാണ്‌ എന്ന് പറയാന്‍ ഞാന്‍ ആരുമല്ല.

ഹരി വില്ലൂര്‍: അങ്ങനെയല്ല, താങ്കളെ വ്യക്തിപരമായി സ്വാധീനിച്ച രാഗങ്ങള്‍ എന്നാണുദ്ദേശ്ശിച്ചത്?

മധു ബാലകൃഷ്ണന്‍ :അങ്ങനെയല്ല. ഓരോ രാഗങ്ങളും ഓരോ മൂഡാണ്‌ ഉണ്ടാക്കുന്നത്. ചില രാഗങ്ങള്‍ സന്തോഷമുള്ള മൂഡ് ഉണ്ടാക്കുമ്പോള്‍ മറ്റു ചിലത് ദു:ഖത്തിന്‍റെ മൂഡ് ഉണ്ടാക്കുന്നു. അപ്പോള്‍ മറ്റ് ചിലത് കളര്‍ഫുള്‍ ആയ ഒരു മൂഡൂണ്ടാക്കുന്നു. ഇത് സാഹചര്യമനുസരിച്ച് മാറിക്കൊണ്ടിരിക്കും.

ഹരി വില്ലൂര്‍: സംഗീത പരിപാടികളുമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പോയി പാടിയിട്ടുണ്ടല്ലോ..?

മധു ബാലകൃഷ്ണന്‍ :ഇല്ല, അമേരിക്കയില്‍ പോയിട്ടില്ല.

ഹരി വില്ലൂര്‍: ഇതുവരെ പങ്കെടുത്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേദി അല്ലെങ്കില്‍ സ്ഥലം?

മധു ബാലകൃഷ്ണന്‍ :ഇന്‍ഡ്യയ്ക്ക് പുറത്തുള്ള പല വേദികളും വളരെ നല്ലതാണ്‌. ഒരുപക്ഷേ സ്വന്തം നാട് വിട്ടു നില്‍ക്കുന്നത് കൊണ്ടാകാം, വിദേശ മലയാളികള്‍ക്ക് കലയേയും കലാകാരന്മാരേയും വളരെ ഇഷ്ടമാണ്‌. നമ്മള്‍ അവിടെ ചെല്ലുമ്പോള്‍ നമ്മുടെ നാട്ടില്‍ നിന്നും ഒരു സ്വന്തം ആള്‍ വന്നു എന്ന പോലെയുള്ളൊരു സ്നേഹം അവര്‍ കാട്ടാറുണ്ട്.

ഹരി വില്ലൂര്‍: പൊതുവേ പറയാറുണ്ട്, വിദേശ മലയാളികള്‍ കലയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരാണെന്ന്?

മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും. കാരണം ഒരു പക്ഷേ മുകളില്‍ പറഞ്ഞതു കൊണ്ടാകാം.

ഹരി വില്ലൂര്‍: താങ്കള്‍ക്കു എന്തെങ്കിലും സ്വപ്നപദ്ധതികള്‍ ഉണ്ടോ? സ്വന്തമായി ആല്‍ബം തുടങ്ങി അങ്ങനെ എന്തെങ്കിലും?

മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും. ഇപ്പോള്‍ ഭാര്യയും ചേട്ടനും എല്ലാവരും കൂടി "മ്യൂസിക് കഫേ" എന്നൊരു കമ്പനി തുടങ്ങിയിട്ടുണ്ട്. അത് പല വിഭാഗങ്ങളായിട്ടാണ്‌. "മ്യൂസിക് കഫേ"യുടെ കീഴില്‍ അഞ്ച് ബാന്‍ഡുകള്‍ ഉണ്ട്. പലതും പല ഉദ്ദേശ്ശങ്ങളോട് കൂടിയവയാണ്‌. ഇതില്‍, "എസ് 36" എന്ന ബാന്‍ഡ് ഒരു റേസ്റ്റോറന്‍റ് ഗ്രൂപ്പ് ആണ്‌. "ക്യു റിക്കോര്‍ഡ്സ്" എന്നുള്ളത് ഓഡിയോ റിക്കോര്‍ഡിംങ് ആണ്‌. അതിന്‍റെ കുറേ വര്‍ക്ക് കഴിഞ്ഞിരിക്കുന്നു; ഡിവോഷണല്‍ ഗാനങ്ങളൊക്കെയായിട്ട്.

ഹരി വില്ലൂര്‍: ശ്രീശാന്തുമായി ചേര്‍ന്ന് S36 the Band എന്നൊരു മ്യൂസിക് ബാന്‍ഡ്"?

മധു ബാലകൃഷ്ണന്‍ : അതേ. ആദ്യമായി ഇറക്കിയത് unofficial Commonwealth anthem ആയിരിന്നു.

ഹരി വില്ലൂര്‍: അതില്‍ ആരൊക്കെയാണ്‌ പാടിയിട്ടുള്ളത്?

മധു ബാലകൃഷ്ണന്‍ : ഞാന്‍ അതിന്‍റെ തമിഴ് വേര്‍ഷന്‍ ആണ്‌ പാടിയത്. ഹിന്ദി പാടിയത് ഹാരിബ് എന്നൊരു പയ്യനാണ്‌. അത് നല്ലൊരു സംഭവമാണ്‌. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ളത് ദൈവത്തിന്‍റെ കൈകളിലാണ്‌.

ഹരി വില്ലൂര്‍: 2007 ല്‍ ജാഗോ ഇന്‍ഡ്യ എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ ഹിന്ദിയില്‍ ചെയ്തിരുന്നലോ? ആ അനുഭവത്തെ പറ്റി?

മധു ബാലകൃഷ്ണന്‍ :അത് വളരെ നല്ല ഒരു അനുഭവമായിരിന്നു. അതിന്‍റെ സംഗീത സം‌വിധായകന്‍ ദീപക് വാര്യര്‍ ആയിരിന്നു. രചനയും നിര്‍മ്മാണവും ശ്രീശാന്ത്‌ ആയിരിന്നു.

ഹരി വില്ലൂര്‍: മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പറയുന്നു. ശരിയാണോ?

മധു ബാലകൃഷ്ണന്‍ :പ്രതിസന്ധിയില്ല എന്ന് പറയാനാകില്ല. സംഗീത രംഗത്തും മാര്‍ക്കറ്റ് വളരെ മോശമായിരിക്കുന്നു; പ്രത്യേകിച്ചും മലയാളത്തില്‍.

ഹരി വില്ലൂര്‍: ഈ പറയുന്ന സിനിമാ പ്രതിസന്ധിയ്ക്ക് കാരണം സിനിമാ സംഘടനകളാണോ?

മധു ബാലകൃഷ്ണന്‍ :എന്നു പറയാന്‍ പറ്റില്ല. ഒരു പക്ഷേ അതിനു കാരണം ഞാന്‍ നേരത്തേ പറഞ്ഞ ആ "നല്ലതിനുള്ള ക്ഷാമം" ആകാം.

ഹരി വില്ലൂര്‍: കര്‍ണാടക സംഗീതം, സിനിമാ സംഗീതം, സ്റ്ജ് ഷോ തുടങ്ങിയവ വ്യത്യസ്ത മേഖലകളില്‍ ഒരുപോലെ തിളങ്ങി നില്‍ക്കുക എന്ന ശ്രമകരമായ ഒരു ജോലിയ്ക്കു വേണ്ടി എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാറുണ്ടോ ?

മധു ബാലകൃഷ്ണന്‍ :അങ്ങനെ ഒന്നുമില്ല. ഞാന്‍ കാലത്തിന്‍റെ ഒഴുക്കിനനുസരിച്ച് നീന്തിക്കൊണ്ടിരിക്കുന്ന ഒരാളാണ്‌.(ചിരി....). കാലത്തിന്‍റെ കുത്തൊഴുക്കില്‍ അവിടെയും ഇവിടെയും തട്ടിയും മുട്ടിയുമൊക്കെ പോകുന്നുവെന്ന് മാത്രം. (ചിരി.....)

ഹരി വില്ലൂര്‍: സാഹിത്യപരമായിട്ടു പറയുകയാണെങ്കില്‍ അങ്ങനേയും പറയാം അല്ലേ?!!

മധു ബാലകൃഷ്ണന്‍ : അതേ അതേ.. (വീണ്ടും ചിരി....)

ഹരി വില്ലൂര്‍: പുതിയ പ്രോജക്ടുകള്‍?

മധു ബാലകൃഷ്ണന്‍ : മാണിക്യ കല്ല്‌, മലയാളം-മിഴ്-കന്നട-തെലുങ്ക് ഭാഷകളിലായി കുറച്ച് സിനിമാ-ഡിവോഷണല്‍ ഗാനങ്ങള്‍ എന്നിവയാന്‌.

ഹരി വില്ലൂര്‍: ഗാനരംഗത്തേക്ക് വരുന്ന/വരാന്‍ ആഗ്രഹിക്കുന്ന പുതിയ ആളുകളോട് ശ്രീ മധു ബാലകൃഷ്ണനുള്ള ഉപദേശം?

മധു ബാലകൃഷ്ണന്‍ : ഒരു ഗായകനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ദൈവം തന്നിട്ടുള്ള കഴിവ്‌ മനസ്സിലാക്കി കൊണ്ട്, അവരുടെ റെയ്ഞ്ച് അനുസരിച്ച് വേണം പാടുവാന്‍. മാത്രമല്ല, ഒരു മത്സരത്തിനു വേണ്ടിയോ ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടിയോ മാത്രമാകരുത് സംഗീതം അഭ്യസിക്കുന്നത്. അതോടൊപ്പം തന്നെ തികഞ്ഞ അര്‍പ്പണബോധം കൂടി ഉണ്ടാകണം.

ഹരി വില്ലൂര്‍: മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളില്‍ സിനിമയും ഡിവോഷണന്‍ ഗാനങ്ങളും ഒക്കെയായി ഏകദേശം 10,000 ല്‍ അധികം ഗാനങ്ങള്‍. എന്തു തോന്നുന്നു? ഇനിയും ഒരുപാട് ചെയ്യാനില്ലേ?

മധു ബാലകൃഷ്ണന്‍: ഉണ്ടാവണം. ദൈവം നമുക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ അത് ചെയ്തല്ലേ പറ്റൂ.

ഹരി വില്ലൂര്‍: ഇതുവരെ പാടിയതില്‍ ഏറ്റവും നന്നായി പാടാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന പാട്ട്?

അങ്ങനെ പൂര്‍ണ്ണമായി നന്നാക്കാന്‍ കഴിഞ്ഞു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെ വിശ്വസിക്കുകയുമില്ല. ഇനിയും നന്നാക്കാനുണ്ട്, നന്നാക്കാമായിരിന്നു എന്നാണെന്‍റെ വിശ്വാസം. പൂര്‍ണ്ണമായും നന്നാക്കാന്‍ നമ്മളെ കൊണ്ട് പറ്റുകയുമില്ല.

ഹരി വില്ലൂര്‍: ഇന്‍ഡ്യന്‍ ക്രിക്കറ്റിലെ വികൃതി പയ്യന്‍ എന്നാണല്ലോ ശ്രീശാന്തിനെ അറിയപ്പെടുന്നത്.

മധു ബാലകൃഷ്ണന്‍: (ചിരി..) ഇപ്പോള്‍ കുറച്ച് വികൃതി കുറഞ്ഞിട്ടുണ്ട്.

ഹരി വില്ലൂര്‍: വീട്ടില്‍ എങ്ങനെയാണ്‌ ശ്രീ?

മധു ബാലകൃഷ്ണന്‍: വീട്ടിലും നല്ല സ്മാര്‍ട്ട് ആയിട്ടു നടക്കും. പാട്ടും ഡാന്‍സും വാചകമടിയും ഒക്കെയുണ്ട്. നല്ല ഭക്തിയുള്ള ആളാണ്‌. എല്ലാവരേയും ഇഷ്ടമാനെങ്കിലും ശ്രീയുടെ ഇഷ്ടദെവം ദുര്‍ഗ്ഗാ ദേവിയാണ്‌.

ഹരി വില്ലൂര്‍: വീട്ടില്‍ സംഗീതമാണൊ ക്രിക്കറ്റാണോ സംസാര വിഷയം?

മധു ബാലകൃഷ്ണന്‍: രണ്ടും ഉണ്ട്. ഞാന്‍ സ്കൂള്‍ - കോളേജ് തലങ്ങളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരിന്നു. അതുപോലെ തന്നെ മ്യൂസിക്കും ക്രിക്കറ്റും തമ്മില്‍ നേരിട്ട് ബന്ധമുണ്ടല്ലോ? രണ്ടിലും പിച്ചുണ്ട്; അതുപോലെ രണ്ടും റിഥമുണ്ട്. രണ്ടൂം മ്യൂസിക് ബെയ്സ്ഡ് ആണല്ലോ?

ഹരി വില്ലൂര്‍: എന്തൊക്കെയാണ്‌ വിശ്രമ സമയത്തെ ഹോബികള്‍?

മധു ബാലകൃഷ്ണന്‍: ക്രിക്കറ്റ് കാണുക, ടെലിവിഷന്‍ കാണുക, ഡ്രൈവിംങ് ഇഷ്ടമാണ്‌, നല്ല ആഹാരം കഴിക്കുക പിന്നെ നല്ലപോലെ കിടന്നുറങ്ങുക.

ഹരി വില്ലൂര്‍: താങ്കള്‍ ഏറ്റവും പുതിയ കാറുകളോട് ഒരു ക്രയ്സ് ഉണ്ടെന്നത് ശരിയല്ലേ?

മധു ബാലകൃഷ്ണന്‍: തീര്‍ച്ചയായും. കാറുകള്‍ മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളുടേയും ക്രയ്സ് ഉണ്ട്.

ഹരി വില്ലൂര്‍: ഫേസ്ബുക്കിലും ഓര്‍ക്ക്യൂട്ടിലും ട്വിറ്ററിലും ഒക്കെ സജീവമാണല്ലോ?

മധു ബാലകൃഷ്ണന്‍: അതെ. സമയം കിട്ടുമ്പോഴൊക്കെ കയറാറുണ്ട്.

ഹരി വില്ലൂര്‍: താങ്കളെ പോലെ പ്രശസ്തനായ ഒരാളുടെ യഥാര്‍ത്ഥ പ്രോഫൈല്‍ കണ്ടെത്തുക എന്നതു തന്നെ ശ്രമകരമായ ഒരു ജോലിയാണ്‌?

മധു ബാലകൃഷ്ണന്‍: തീര്‍ച്ചയായും. കാരണം, ഇന്ന് യഥാര്‍ത്ഥ പ്രോഫൈലുകളേക്കാള്‍ കൂടുതല്‍ വ്യാജ പ്രോഫൈലുകളാണ്‌ ഓണ്‍ലൈന്‍ രംഗത്ത് കാണുന്നത്.

ഹരി വില്ലൂര്‍: ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കൂടി കൂടി വരുന്ന ഒരു കാലമാണിത്. എങ്ങനെ കാണുന്നു ഈ ബന്ധങ്ങളെ?

മധു ബാലകൃഷ്ണന്‍: നല്ലൊരു കാര്യമായിട്ടാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആള്‍ക്കാരെ കാണാനും അവരുമായി സം‌വേദിക്കാനും നമുക്ക് കഴിയുന്നു. അതുപോലെ നമ്മുടെ ഫാന്‍സ് ആരൊക്കെയാണെന്നറിയാം; അവരുടെ അഭിപ്രായങ്ങള്‍ അറിയാം. പിന്നെ, ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ നല്ലതും ചീത്തയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിലത് നിലനില്‍ക്കും, മറ്റ് ചിലര്‍ പരസ്പ്പരം കാണുന്നു. എല്ലാത്തിലുമുണ്ടല്ലോ നല്ലതും ചീത്തയും.

ഹരി വില്ലൂര്‍: ഓര്‍ക്ക്യൂട്ടിലും മറ്റുമുള്ള സൗഹൃദ കമ്മ്യൂണിറ്റികളെ പറ്റിയുള്ള അഭിപ്രായം എന്താണ്‌?

മധു ബാലകൃഷ്ണന്‍: പൊതുവേ ഞാന്‍ കമ്മ്യൂണികളീല്‍ പോകാറില്ല. എനിക്ക് വരുന്ന റിക്വസ്റ്റുകള്‍ അക്സപ്റ്റ് ചെയ്യും, അവരുടെ സ്ക്രാപ്പുകള്‍ക്ക് മറുപടി അയക്കും ഇതൊക്കെയാണ്‌ സാധാരണ ചെയ്യാറുള്ളത്.

ഹരി വില്ലൂര്‍: ഒരു ആസ്വാദകന്‍ എന്ന നിലക്ക് മധു ബാലകൃഷന്‍ ഗായകനായ മധു ബാലകൃഷ്ണനെ എങ്ങനെ വിലയിരുത്തുന്നു?

മധു ബാലകൃഷ്ണന്‍ : ഇനിയും നന്നാക്കാനുണ്ട്. ഇനിയും ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യാനുണ്ട്.

ഹരി വില്ലൂര്‍: ഗായകനായ മധു ബാലകൃഷന്‍, മധു ബാലകൃഷ്ണനെന്ന വ്യക്തിയെ എങ്ങനെ വിലയിരുത്തുന്നു?

മധു ബാലകൃഷ്ണന്‍ : വെറും ഒരു സാധാരണ മനുഷ്യന്‍. സാധാരണ ചിന്താഗതിയുള്ള ഒരു സാധാരണക്കാരന്‍.


ഹരി വില്ലൂര്‍: ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ താങ്കള്‍ ഞങ്ങളുമായി ഒരുപാട് കാര്യങ്ങള്‍ പങ്കു വച്ചു. അതും ഈ തിരക്കുകള്‍ക്കിടയില്‍. അമൃതം കമ്മ്യൂണിറ്റി, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുകയാണ്. ഈ കംമ്യൂനിട്ടിക്കു വേണ്ടി ഇത്രയും സമയം മാറ്റി വച്ച താങ്കളോടുള്ള നന്ദി അറിയിക്കുന്നു. ഒപ്പം താങ്കളുടെ കലാജീവിതത്തില്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ആകട്ടെയെന്നു ആശംസിക്കുന്നു.

മധു ബാലകൃഷ്ണന്‍: നന്ദി.

ഹരി വില്ലൂര്‍: എന്‍റേയും ഞങ്ങളുടെ മുഴുവന്‍ അംഗങ്ങളുടേയും പേരില്‍ താങ്കള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. നന്ദി.

മധു ബാലകൃഷ്ണന്‍: ഈ അമൃതം കമ്മ്യൂണിറ്റിയ്ക്കു വേണ്ടിയും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ല നല്ലവരായ ആള്‍ക്കാര്‍ക്കും എന്‍റേയും എല്ലാവിധ ആശംസകളും നേരുന്നു. നന്ദി.

(അമൃതം ഓര്‍ക്ക്യൂട്ട് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നടത്തിയ അഭിമുഖം.)

അമൃതം ഓണ്‍ലൈന്‍ : http://www.amrutham.org

പൊട്ടുന്ന ചൂരല്‍.

വാരാന്തയിലെ ചൂരല്‍ കസേര
അയാള്‍ക്ക് സ്വന്തമായിരിന്നു.
ചൂരലിന്‍റെ ബലം കുറഞ്ഞിരിക്കുന്നു,
ഇടയ്ക്ക് നാരുകള്‍ പൊട്ടിയിരിക്കുന്നു,
ഏതു നിമിഷവും പൊട്ടിപ്പോയേക്കാം,
സ്വന്തം ജീവിതം പോലെയാ ചൂരലും.


ഓര്‍മ്മകളില്‍ അവളുണ്ടിപ്പോഴും,
മായാതെ, നിറപ്പകിട്ടോടെ തന്നെ.
കൈപിടിച്ച് നടത്തിയതും,പിന്നെ
മനസ്സിലേറ്റി നടന്നതും.
ആ ചിരിയില്‍ അലിഞ്ഞതും,പിന്നെ
ജീവിതം തന്നെ മറന്നതും.
മറ്റൊരു കൈപിടിച്ചവള്‍ പോയതും
അവളെ മറക്കാന്‍ പോലും മറന്നതും.
ഇന്നും ഞാന്‍ കഴിയുന്നതവള്‍ തന്നയാ
ഏകാന്തതയിലാണ്‌,കൂട്ടിനാരുമില്ലാതെ.


കസേരയുടെ ചൂരലുകള്‍ പൊട്ടുന്നുണ്ട്,
അതിന്‍റെ സമയം അവസാനിക്കാറാകുന്നു.
ഇനി ഓര്‍മ്മകള്‍ക്ക് വിട നല്‍കാം,
പൊട്ടുന്ന ചൂരലുകളെ നോക്കിയിരിക്കാം.

Tuesday, April 20, 2010

അവളെനിക്കാരായിരിന്നു?

രാധ....
അവളെന്‍റെ ആരായിരിന്നു?
സുഹൃത്തോ കാമുകിയോ
അതോ എന്‍റെ പ്രീയ പത്നിയോ?


നിനക്കറിയുമോ
അവളെനിക്കാരായിരുന്നെന്ന്?


അവളെനിക്ക് കൂട്ടുണ്ടായിരിന്നാ
മണ്ണപ്പം ചുട്ടു കളിക്കുവാന്‍,
ഒരു കുടക്കീഴിലാ
മഴയെ തലോടുവാന്‍.


ഒരു ബഞ്ചിലിരുന്നാ
കുസൃതി കാട്ടുവാന്‍.
എന്നിട്ടും ഞാനറിഞ്ഞില്ല
അവളെനിക്കാരായിരിന്നു?


നിങ്ങളവളേയെന്‍റെ പത്നിയാക്കി
പതിനായിരത്തെട്ടിലൊരുവളാക്കി.
എന്നിട്ടും ഞാനെതിര്‍ത്തില്ല,
കരഞ്ഞില്ല; കാരണം...
അവളെയെനിക്കിഷ്ടമായിരിന്നു.


പക്ഷേ എനിക്കിന്നുമറിയില്ല,
അവളെനിക്കാരായിരിന്നു.


ഇന്ന് ഞാനവളോട് ചോദിക്കുന്നു;
രാധേ പറയുക,
നീ എനിക്കാരായിരിന്നു.

Sunday, April 18, 2010

അച്ഛന്‍.

നേരമിരുട്ടുമ്പോള്‍ കേള്‍ക്കാം
അച്ഛന്‍റെ അട്ടഹാസങ്ങള്‍.
പിന്നെ ഞാന്‍ അമ്മയുടെ
മാറില്‍ ചേര്‍ന്നു നില്‍ക്കും;
ഇരു കൈയ്യാല്‍
ചേര്‍ത്തു പിടിയ്ക്കും,
അറിയില്ല, എന്‍റെയമ്മ
ഒറ്റയ്ക്കു പോയാലോ?


കൈയ്യിലൊരു കടലാസ്
പൊതിയുമായച്ഛന്‍ വരും,
അതെനിക്കുള്ളത്,
അച്ഛന്‍റെ സമ്മാനം.


കഴിക്കാനെടുക്കുമ്പോള്‍
അകത്ത് അമ്മയുടെ
നിലവിളി കേള്‍ക്കാം;
അച്ഛന്‍റെ ആക്രോശവും;
പറയെടീ, ആരാണവന്‍?


കഴിക്കാനെടുത്തത്
തൊണ്ടയില്‍ തടയുന്നു,
അകത്തമ്മയുടെ ശബ്ദം
നേര്‍ത്തു നേര്‍ത്തില്ലാതാകുന്നു.

Monday, March 15, 2010

വില.

മരണത്തിനൊരുതരം
ഉന്മാദ ഗന്ധമുണ്ട്.
കത്തുന്ന സാമ്പ്രാണിയുടേതാണൊ,
അതോ തേങ്ങാമുറിയ്ക്ക്
തീപിടിക്കുന്നതിന്‍റേയോ. .


ഇന്നലത്തെ ഡണ്‍ലപ്പിനു പകരം
ഇന്ന് കിടക്കുന്നത് വാഴയിലയിലാണ്‌.
കാശ്മീരീ കമ്പിളിയ്ക്ക് പകരം
ഇന്നുള്ളത് ചുവന്ന പട്ടാണ്‌.


അവസാനം പേനയെടുത്തതാ
വില്പ്പത്രത്തിലൊപ്പിടാനായിരിന്നു.
അന്ന് ഞാനറിഞ്ഞു എന്നേക്കാള്‍
എന്‍റൊപ്പിനായിരിന്നു വിലകൂടുതല്ലെന്ന്.


ഇപ്പോഴും കരയുന്നുണ്ടവര്‍;
എന്‍റെ മക്കള്‍; കൂടെ ഭാര്യയും.
കണ്ണീര്‍ വരാത്തതിനാല്‍ അവര്‍
ഗ്ലിസ്സറിന്‍ കണ്ണിലൊപ്പുകയായിരിന്നു.

Sunday, March 14, 2010

ലേറ്റസ്റ്റ് ലവ്.

അവളെന്നിലേക്ക് വന്നത്
ഞാനറിയാതെയായിരിന്നു.
അവളകന്നു പോയതും
ഞാനറിയാതെയായിരിന്നു.


ആ ഒരിടവേളയില്‍
ഞാനവള്‍ക്ക് നല്‍കിയത്
സ്നേഹത്തിന്നൂഷ്മളതയായിരിന്നു,
അവളതറിയാതെ പോയെങ്കിലും.


പിന്നീടെപ്പോഴോ അവള്‍ വഴിമാറി,
കാരണം എന്‍റെ ഒട്ടിയ പോക്കറ്റില്‍
അവള്‍ക്ക് വേണ്ടത്ര
സ്നേഹം സ്നേഹമില്ലത്രേ!!


പിന്നെ ഞാന്‍ ലോകം കണ്ടു,
ലോകത്തിന്‍ പ്രണയം കണ്ടു,
ആ ആധുനിക പ്രണയത്തിലേക്ക്
ഒടുവില്‍ ഞാനും നടന്നു കയറി.


ഇന്നെനിക്കൊരു ലോകമുണ്ട്,
അരയില്‍ കൈചുറ്റാനാവളുണ്ട്;
ചുംബിക്കുവാനവളുണ്ട്;
കൂടെക്കിടക്കുവാനവളൂണ്ട്.


അവളൂടെ പേരെനിക്കറിയില്ല,
നാടെവിടെയെന്നറിയില്ല,
പക്ഷേ ഒന്നറിയാം,
ഇന്നവള്‍ എന്‍റേതാണ്‌,
ഇന്നത്തേയ്ക്കു മാത്രം.

Saturday, February 27, 2010

സച്ചീന്‍ എന്ന (അ)സാധാരണക്കാരന്‍ - 200*

ഗ്വാളിയോര്‍. ഇന്‍ഡ്യാ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.
ആദ്യ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ഒന്നാം ടെസ്റ്റിലെ ഹീറോ സ്റ്റനിനെ നേരിട്ട സച്ചിന് ഒരു റണ്‍സ് പോലും നേടാനാകാതെ പോയപ്പോള്‍ ഒരുപക്ഷേ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന്‌ ഇന്‍ഡ്യന്‍ ആരാധകര്‍ പറഞ്ഞിട്ടുണ്ടാകാം;സച്ചിന്‍, നീയൊരു അധികപ്പറ്റാണിപ്പോഴത്തെ ഇന്‍ഡ്യന്‍ ടീമിന്‌. പക്ഷേ രണ്ടാമത്തെ ഓവറില്‍ പാര്‍ണെല്‍ എറിഞ്ഞ മൂന്നാമത്തെ പന്ത് മിഡ് ഓഫിലൂടെ ബൗണ്ടറിക്കപ്പുറത്തേക്ക് തട്ടിയിട്ട് തന്‍റെ സ്വത:സിദ്ധമായ ശൈലിയില്‍ പന്തിനെ നോക്കി സച്ചിനൊന്ന് പുഞ്ചിരിച്ചുവോ? അത് ശരിയാണെന്ന് തോന്നിപ്പിക്കും വിധം തൊട്ടടുത്ത, പാഡിലേക്ക് വന്ന പന്ത്, മിഡ് വിക്കറ്റിലേക്ക് ഒരു വെടിയുണ്ട കണക്കെ തട്ടിത്തെറിപ്പിച്ച് ബൗളിംങ് സൈഡിലേക്കോടുന്ന സച്ചിന്‍. രണ്ടോവര്‍ അവസാനിക്കുമ്പോള്‍ സച്ചിന്‍റെ സ്കോര്‍ 8 പന്തില്‍ 10 റണ്‍സ്.

മൂന്നാമത്തെ ഓവറിലെ അവസാന പന്ത്. സ്റ്റെന്‍ അത്യുഗ്രമായി ഓഫ് സ്റ്റംമ്പിലേക്കെറിഞ്ഞ പന്ത് ഒന്നു തലോടി സ്ക്വയര്‍ ലെഗ്ഗിനും മിഡ് വിക്കറ്റിനും ഇടയിലൂടെ ബൗണ്ടറിക്കപ്പുറത്തേക്ക്. സൗന്ദര്യമേറിയ ഒരു തലോടല്‍. കമന്‍ററി ബോക്സില്‍ രവിശാസ്ത്രിയുടെ ശബ്ദമുയര്‍ന്നു. വാട്ട് എ ലവ്‌ലി ഷോട്ട്. ഇതിനിടയില്‍ സേവാംങ് ഔട്ടായതും ദിനേശ് കാര്‍ത്തിക് വന്നതും ആരെങ്കിലും ശ്രദ്ധിച്ചിരിന്നുവോ? പത്താമത്തെ ഓവറിന്‍റെ ആദ്യ പന്ത്. 136.8 kp/h വേഗതയില്‍ പാര്‍ണെല്‍ എറിഞ്ഞ പന്ത് പോയിന്‍റിനും കവറിനും ഇടയിലൂടെ മനോഹരമായി ബൗണ്ടറിക്കപ്പുറത്തേക്ക് പായിച്ചപ്പോള്‍ അറിയാതെയാണെങ്കിലും ശത്രുക്കള്‍ പോലും പറഞ്ഞിട്ടുണ്ടാകാം, സച്ചിന്‍, നീയൊരത്ഭുതമാണെന്ന്. പത്തോവറില്‍ സച്ചിന്‍റെ സ്കോര്‍ : 32 പന്തില്‍ നിന്നും 46 റണ്‍സ്.

വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ പന്ത്രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്ത്. താരതമ്യേന വേഗത കുറഞ്ഞ, ലെഗ് സ്റ്റംമ്പിന്‌ വളരെ പുറത്തേക്ക് പോയ ആ പന്ത് കാല് അല്പം മുന്നോട്ട് വച്ച് ചെറിയോരു ഡീവിയേഷന്‍. പന്ത് ബൗണ്ടറി കടന്നപ്പോള്‍ സച്ചിന്‍ തന്‍റെ 94 -)o മത്തെ അര്‍ദ്ധ സെഞ്ചൊറി പൂര്‍ത്തിയാക്കിയിരിന്നു. വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ ഇരുപതാമത്തെ ഓവറിലെ അവസാന പന്ത് എക്സ്ട്രാ കവറിലൂടെ അടിച്ചകറ്റി ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു സച്ചിന്‍, കൂടെ അതു കണ്ടു കൊണ്ടിരുന്ന കോടിക്കണക്കിന്‌ ക്രിക്കറ്റ് ആരാധകരും. അപ്പോഴേക്കും നമ്മുടെ ചിന്ത സച്ചിന്‍റെ 46-)o മത്തെ സെഞ്ചൊറിയെ പറ്റിയായിരിന്നു എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. കാരണം സച്ചിന്‍ ക്രീസില്‍ നില്‍ക്കുമ്പോഴൊക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു സെഞ്ചൊറിയില്‍ കുറഞ്ഞ മറ്റൊന്നല്ല എന്നതു തന്നെയാണ്‌. അതു തന്നെയാണ്‌ ഒരു വീഴ്ചയില്‍ തന്നെ സച്ചിനെ ക്രൂശിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.

ഡുമിനിയുടെ ഇരുപത്തിയാറാമത്തെ ഓവറിലെ അഞ്ചാമത്തെ പന്ത്. കളി കണ്ടുകൊണ്ടിരുന്ന ഏവരേയും ഒരു നിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ പന്ത്. ഓഫ് സ്റ്റംമ്പിന്‌ പുറത്തേക്ക് തട്ടിയിട്ട പന്തില്‍ റണ്‍സ് എടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ തിരികെ ക്രീസിലേക്ക് മടങ്ങിയപ്പോഴേക്കും കീപ്പര്‍ ബൗച്ചറിന്‍റെ കൈകള്‍ വിക്കറ്റിനെ സ്പര്‍ശിച്ചിരിന്നു. ഒരുനിമിഷം സ്റ്റേഡിയം മൂകമായി. എല്ലാവരുടേയും നോട്ടം ആ വലിയ ടി വി സ്ക്രീനിലേക്ക്, തേഡ് അമ്പയറുടെ തീരുമാനം കാത്ത്. അവസാനം ആ മൂകത ഒരു ആരവത്തിലേക്ക്. സച്ചിന്‍ നോട്ട് ഔട്ട്. കാണികളില്‍ പലരുടേയും കണ്ണുകളീല്‍ കൂടി ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞ മുഹൂര്‍ത്തം. അപ്പോള്‍ സച്ചിന്‍റെ സ്കോര്‍ 83 പന്തില്‍ നിന്നും 93 റണ്‍സായിരിന്നു. സെഞ്ചൊറിക്ക് വെറും 7 റണ്‍സ് അകലെ.

ഡുമിനിയുടെ ഇരുപത്തിയെട്ടാമത്തെ ഓവറിലെ അവസാനത്തെ പന്ത് ബാക്ക് ഫൂട്ടിലേക്ക് മാറി ആ ഷോര്‍ട്ട് ഡെലിവറിയെ പോയിന്‍റിലേക്ക് തട്ടിയിട്ട് ഒരു റണ്‍ ഓടിയെടുത്തപ്പോള്‍ സച്ചിന്‍ എന്ന നാമം ചരിത്രത്തില്‍ വീണ്ടും എഴുതപ്പെടുകയായിരിന്നു, റിക്കോര്‍ഡുകളുടെ പുസ്തകത്തില്‍ സച്ചിന്‍ തന്‍റെ 46-)o സെഞ്ചൊറി എഴുതി ചേര്‍ക്കുകയായിരിന്നു. സ്കോര്‍ : 90 പന്തുകളില്‍ നിന്നും 100 റണ്‍സ്.

ഡുമിനിയുടെ മുപ്പത്തി രണ്ടാമത്തെ ഓവറിന്‍റെ രണ്ടാമത്തെ പന്ത്. വേഗത കുറച്ചെറിഞ്ഞ ആ പന്തിനെ സച്ചിന്‍ മുന്‍‌കൂട്ടി കണ്ടിരുന്നുവോ? താഴ്ന്നു വന്ന ആ പന്ത് ലോംങ് ഓണിനു മുകളില്‍ കൂടി പറന്ന് എവിടെയോ അപ്രത്യക്ഷമായി. ഇന്നിംങ്സിലെ സച്ചിന്‍റെ ആദ്യ സിക്സ്‌. അതേ ഓവറിലെ അവസാന പന്ത് അമ്പയറുടെ തലയ്ക്കു മുകളീല്‍ കൂടി കാണികളുടെ കരം സ്പര്‍ശിച്ചപ്പോള്‍ വിമര്‍ശകരുടെ നാവില്‍ പോലും "സച്ചിന്‍, നീ വലിയവനാ"ണെന്ന് വന്നിട്ടുണ്ടാകും. പാര്‍ണെല്‍ എറിഞ്ഞ മുപ്പത്തിയെട്ടാമത്തെ ഓവറിന്‍റെ മൂന്നാമത്തെ പന്ത് മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്തിയപ്പോള്‍ സച്ചിന്‍റെ സ്കോര്‍ 118 പന്തില്‍ 151 റണ്‍സ്.

വാന്‍ ഡെര്‍ മെര്‍‌വ്വേയുടെ നാല്പ്പതാമത്തെ ഓവറിലെ നാലാമത്തെ പന്ത് വീണ്ടും കാണികളെ ആകാംഷയിലാഴ്ത്തിയപ്പോള്‍ ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രാര്‍ത്ഥിച്ചത് സച്ചിനു വേണ്ടിയാകാം. ദൈവമേ, സച്ചിന്‍ ഔട്ടായി കാണല്ലേ.... സ്ക്വയര്‍ ലെഗ്ഗിലേക്ക് പന്ത് തട്ടിയിട്ട്‌ രണ്ടാമത്തെ റണ്‍സിനായി ഓടുന്ന സച്ചിന്‍. പന്ത് ഡീപ്പില്‍ നിന്ന ഹാഷീം ആംലയുടെ കൈകളില്‍. അവിടെ നിന്നും നേരേ വിക്കറ്റ് കീപ്പറുടെ ഗ്ലൗസിനുള്ളിലേക്ക്. ആ ഗ്ലൗസിട്ട കൈകള്‍ കൊണ്ട് വിക്കറ്റിന്‍റെ ബെയില്‍സ് തട്ടിക്കളഞ്ഞ് ആര്‍ത്തട്ടഹസിക്കുന്ന മാര്‍ക് ബൗച്ചര്‍. ഒരു നിമിഷം.. ആ നിശബ്ദതയില്‍ ഫീല്‍ഡ് അമ്പയറുടെ കൈകള്‍ സ്ക്വയര്‍ രൂപത്തില്‍ ഒരു ചിഹ്നം വരച്ചു. എല്ലാവരുടേയും കണ്ണൂകള്‍ ഒരിക്കല്‍ കൂടി ആ വലിയ ടെലിവിഷന്‍ സ്ക്രീനിലേക്ക്. കാത്തിരിപ്പിന്‍റെയും അക്ഷമയുടേയും കുറച്ചു നിമിഷങ്ങള്‍. ഒടുവില്‍ ഏവരേയും ആവേശത്തിലാഴ്ത്തി ആ പച്ച നിറത്തിലുള്ള അക്ഷരങ്ങള്‍ തെളിഞ്ഞു. നോട്ട് ഔട്ട്. അപ്പോഴും തന്‍റെ സ്വത:സിദ്ധമായ നിസംഗതയോടെ ക്രീസില്‍ ബാറ്റു കൊണ്ട് തലോടുകയായിരിന്നു സച്ചിന്‍.

ലാംങ് വെല്‍ഡെറ്റിന്‍റെ നാല്പ്പത്തി ഒന്നാമത്തെ ഓവറിലെ അവസാന പന്തില്‍ സച്ചിന്‍ എന്ന പ്രതിഭയുടെ മറ്റൊരു മിന്നലാട്ടം. ക്രോസ് ബാറ്റ് ചെയ്തു കാണാത്ത സച്ചിന്‍ ആ പന്തിനെ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ കാണികള്‍ക്കിടയില്‍ എത്തിച്ചപ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 300 ല്‍ എത്തിയിരിന്നു. ഇന്നിംങ്സിലെ സച്ചിന്‍റെ രണ്ടാമത്തെ സിക്സ്. തൊട്ടടുത്ത ഓവറിലെ വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ അവസാന പന്ത് ലോംങ് ഓഫിലേയ്ക്ക് അടിച്ചകറ്റിയപ്പോള്‍ മറികടന്നത് മുന്‍പൊരിക്കല്‍ മറികടന്ന കപില്‍ ദേവിന്‍റെ 175 എന്ന റിക്കോര്‍ഡായിരിന്നു. ഇന്നിംങ്സിലെ സച്ചിന്‍റെ മൂന്നാമത്തെ സിക്സും. 42 ഓവര്‍ അവസാനിച്ചപ്പോള്‍ സച്ചിന്‍റെ സ്കോര്‍ : 131 പന്തില്‍ നിന്നും 179 റണ്‍സ്.

ഒരുപക്ഷേ അപ്പോള്‍ കളി കാണുകയായിരുന്ന ഏവരുടേയും മനസ്സില്‍ കടന്നു വന്നത് ഒരേ ഒരു ചോദ്യം മാത്രമായിരിക്കാം. കഴിയുമോ? സച്ചിന്‍ മറികടക്കുമോ? സച്ചിന്‍റെ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ ആയ 186 മറികടക്കുമോ? ഇവിടെ ചരിത്രം തിരുത്തി കുറിക്കപ്പെടുമോ?

43 ഓവര്‍ പിന്നിട്ടപ്പോള്‍ സച്ചിന്‍ തന്‍റെ പഴയ 186 റണ്‍സില്‍ എത്തി നില്‍ക്കുകയായിരിന്നു. പിന്നീടു നടന്നതെല്ലാം ചരിത്രം. ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ എഴുതപ്പെട്ടവ. ഒരിക്കലും ആരാലും മായ്ച്ചു കളയാന്‍ പറ്റാത്തവ. ക്രിക്കറ്റ് ലോകം സച്ചിന്‍ എന്ന പ്രതിഭയ്ക്കു മുന്നില്‍ തല കുനിച്ച നിമിഷങ്ങള്‍.

പാര്‍ണെലിന്‍റെ 44 -)o മത്തെ ഓവറിലെ മൂന്നാമത്തെ പന്ത് ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് വഴിതിരിച്ചു വിട്ടപോള്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് സച്ചിന്‍റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. അപ്പോഴേക്കും നമ്മുടെ മനസ്സിലെ മറ്റൊരു ചോദ്യം പുറത്തേക്കു വന്നിരിന്നു. ഇന്‍ഡ്യയ്ക്കെതിരേ സയ്യീദ് അന്‍‌വര്‍ എന്ന പാകിസ്ഥാന്‍‌കാരന്‍ പടുത്തുയര്‍ത്തിയ 194 റണ്‍സ് എന്ന സ്കോര്‍ പുതുക്കിപ്പണിയുമോ സച്ചിന്‍? ചാള്‍സ് കവന്‍ററി എന്ന സിംബാവേക്കാരന്‍ ബംഗ്ലാദേശിനെതിരേ പടുത്തുയര്‍ത്തിയ 194 റണ്‍സ് എന്ന സ്കോര്‍ പുതുക്കിപ്പണിയുമോ സച്ചിന്‍?

പാര്‍ണെലിന്‍റെ 46 -)o മത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ സച്ചിന്‍ രചിച്ചത് മറ്റൊരു ക്രിക്കറ്റ് ചരിത്രം. താഴ്ന്നു വന്ന പന്തിനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ടപ്പോള്‍ സച്ചിന്‍റെ സ്കോര്‍ : 140 പന്തില്‍ നിന്നും 195 റണ്‍സ്. ഏകദിന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. റിക്കോര്‍ഡുകളുടെ രാജകുമാരന്‌ മറ്റൊരു പൊന്‍‌തൂവല്‍ കൂടി.

ചരിത്രം പിന്നെയും ബാക്കിയായിരിന്നു. വെറും അഞ്ച് റണ്‍സ് അകലെ. കൂറ്റനടികള്‍ക്കു മുതിരാതെ, ഓരോ റണ്‍സുമെടുത്ത് സച്ചിന്‍ ലക്‌ഷ്യത്തിലേക്ക് അടുത്തു. എല്ലാവരുടേയും നോട്ടം ഒരേ ദിശയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. ഏതു നിമിഷവും അത് സംഭവിക്കാം. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തേക്കും കൂടി കുറിക്കപ്പെടുന്ന ആ ധന്യ മുഹൂര്‍ത്തം.

ലാംങ് വെല്‍ഡെറ്റ് എറിയുന്ന അവസാന ഓവറിന്‍റെ മൂന്നാമത്തെ പന്ത്. ചരിത്രത്തിലേക്ക് നടന്നു കയറാന്‍ സച്ചിനു വേണ്ടത് വെറും ഒരു റണ്‍. 137.4 km/h വേഗതയില്‍ വന്ന ആ പന്തിനെ പോയിന്‍റിനു പുറകിലേക്ക് തട്ടിയിട്ട് ബൗളിംങ് എന്‍ഡിലേക്ക് ഓടുന്ന സച്ചിനൊപ്പം കാണികള്‍ എഴുന്നേറ്റു നിന്നു. ഇന്‍ഡ്യന്‍ ഡ്രസ്സിംങ് റൂമില്‍ സഹ കളിക്കാരുടേയും കോച്ചിന്‍റേയും ടെക്നീഷ്യന്‍സിന്‍റേയും കൈകള്‍ ഒരു കടലാക്കി തിരകളിളക്കുന്നു. ക്രീസില്‍ ഹെല്‍മെറ്റ് ഊരി ആകാശത്തില്‍ എവിടെയോ അദൃശ്യമായിരിക്കുന്ന ആ ശക്തിയേ നോക്കി കൈകള്‍ നെഞ്ചോട് ചേര്‍ക്കുന്ന സച്ചിന്‍. പിന്നീട് കാണികളെ നോക്കി കൈ വീശുന്ന സച്ചിന്‍. ലോകം മുഴുവന്‍ ഒരേ സമയം പറഞ്ഞ വാചകം. സച്ചിന്‍, ഒടുവില്‍ നീയതു നേടി, ഇന്‍ഡ്യയുടെ പേര്‌ നീ എഴുതിയത് ലോക ക്രിക്കറ്റ് ചരിത്രത്തിലാണ്‌. കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലാണ്‌. സച്ചിന്‍, നിന്‍റെ കളി കാണാന്‍ കഴിഞ്ഞ ഞങ്ങള്‍ പുണ്യം ചെയ്തവരാണ്‌. നിന്‍റെ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്‌.

കമന്‍ററി ബോക്സില്‍ നിന്നും രവിശാസ്ത്രിയുടെ ശബ്ദം. "What a moment is this!!! SACHIN, you made the Highest ODI SCORE". ആ വലിയ ടെലിവിഷന്‍ സ്ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ അത് തെളിഞ്ഞു വന്നു.

SACHIN TENDULKAR.

FIRST IN ODI HISTORY TO SCORE 200*

സച്ചിന്‍റെ സ്കോര്‍ : 147 പന്തില്‍ നിന്നും 200 റണ്‍സ് നോട്ട് ഔട്ട്. 90 പന്തില്‍ നിന്നും ആദ്യ 100 റണ്‍സ് നേടിയ സച്ചിന്‌ രണ്ടാമത്തെ 100 റണ്‍സ് നേടാന്‍ നേരിടേണ്ടി വന്നത് വെറും 57 പന്തുകള്‍. സച്ചിന്‍, നിനക്ക് പ്രായം കൂടുംതോറും നിന്‍റെ ക്രിക്കറ്റ് ആ 1989 ലെ ആ ആദ്യ മത്സരം പോലെ ഞങ്ങളിലേക്കെത്തുന്നു.


എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇനി അറിയപ്പെടുന്നത് സച്ചിന്‍ എന്ന നമ്മുടെ പ്രീയപ്പെട്ട ലിറ്റില്‍ മാസ്റ്ററുടെ പേരിലായിരിക്കും. എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇനി അറിയപ്പെടുന്നത് സച്ചിന്‍ എന്ന മഹാപ്രതിഭയുടെ ഈ ഒരൊറ്റ ഇന്നിംങിസിന്‍റെ പേരിലായിരിക്കും. എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇപ്പോള്‍ എഴുതി ചേര്‍ക്കപ്പെട്ടത് ഒരിക്കലും മായാത്ത, മറക്കാത്ത ലോക ക്രിക്കറ്റ് ചരിത്രത്തിലേക്കാണ്‌.


442 ഏകദിന മത്സരങ്ങളിലെ 431 ഇന്നിംങ്സുകളില്‍ നിന്നും 46 സെഞ്ചൊറികളൂം 93 അര്‍ദ്ധ സെഞ്ചൊറികളും ഉള്‍പ്പെടെ 17598 റണ്‍സ്. 166 ടെസ്റ്റ് മത്സരങ്ങളിലെ 271 ഇന്നിംങ്സുകളില്‍ നിന്നുമായി 47 സെഞ്ചൊറികളൂം 54 അര്‍ദ്ധ സെഞ്ചൊറികളും ഉള്‍പ്പെടെ 13447 റണ്‍സ്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും സെഞ്ചൊറികള്‍ സ്വന്തം പേരില്‍. ഇപ്പോഴിതാ ഏകദിന മത്സരങ്ങളിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ നമ്മുടെ സ്വന്തം സച്ചിന്‍ തന്‍റെ പേരില്‍ കുറിച്ചിരിക്കുന്നു.


ആരൊക്കെ സച്ചിനെ പറ്റി എന്തൊക്കെ പറഞ്ഞു എന്നു നോക്കുന്നതിനു മുന്‍പ് നമുക്കിതു മാത്രം നോക്കാം. സച്ചിന്‍റെ ആദ്യകാല കോച്ച് രമാകാന്ത് അച്ചരേക്കര്‍ പറയുന്നു:
“He has always respected the game and is dedicated to it. But I think this is not enough for him. He is hungry and I am sure he will keep creating new records. He is a dedicated student of the game and is still keen to learn things.”

നമുക്കിനിയും പ്രതീക്ഷിക്കാം, പുതിയ പുതിയ റിക്കോര്‍ഡുകള്‍ തീര്‍ക്കുന്ന നമ്മുടെ പ്രീയ സച്ചിനെ.
അപ്പോഴും ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു.

"സച്ചിനു തീര്‍ക്കാന്‍ വേണ്ടി ഇനിയും റിക്കോര്‍ഡുകള്‍ ബാക്കിയോ?"

Sunday, February 14, 2010

ഗിരീഷ് പുത്തഞ്ചേരി - ഒരോര്‍മ്മ.

ഗിരീഷ് പുത്തഞ്ചേരി (1961 - 2010) പിതാവ് : പുളിക്കൂല്‍ കൃഷ്ണപ്പണിക്കര്‍. മാതാവ് : മീനാക്ഷിയമ്മ.ഭാര്യ :ബീന. മക്കള്‍ : ജിതിന്‍ കൃഷ്ണന്‍, ദിനനാഥ്.

ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കഴിഞ്ഞ ഗിരീഷിനു പുത്തഞ്ചേരി ഇടയ്ക്കൊരു നിമിഷം നമ്മില്‍ നിന്നകന്നു പോയി. "ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയില്‍ വീഴവെ പതിയെ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ" എന്ന് നമ്മോടു പറഞ്ഞ ആ പ്രീയകവി നമ്മില്‍ നിന്നും പറന്നകന്നിരിക്കുന്നു, നിശബ്ദമായ കാലടികളോടെ.

പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ച ഗിരീഷിന്‍റെ പഠനം പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്കന്‍‍ഡറി സ്കൂള്‍, ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരിന്നു.

ശ്ലോകങ്ങളില്‍ വലിയ കമ്പമുണ്ടായിരുന്ന ഗിരീഷിനെ പറ്റി അക്കാലത്തെ തലമുതിര്‍ന്ന കാരണവന്‍മാരായ കവികള്‍ പറയുമായിരിന്നു "ഇവന്‍ ഭാവിയിലൊരു ഭക്തകവിയാകു"മെന്ന്. മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ആ മഹാനായ കവി കടന്നു വന്നിട്ട് രണ്ട് പതിറ്റാണ്ടിലേറെയായിരിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് 1500 ലധികം ഗാനങ്ങള്‍. അതില്‍ മിക്കതും സാധാരണക്കാരുടെ ചുണ്ടുകളീല്‍ എപ്പോഴും തത്തിക്കളിക്കുന്നവയും. ആ സംഗീത സപര്യയില്‍ എപ്പോഴും പ്രണയമെന്ന വികാരം മുന്നിട്ടു നിന്നിരിന്നു എന്നാണ്‌ പല ഗാനങ്ങളും നമ്മോടു പറയുന്നത്.

'ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഗിരീഷെന്ന് കൂട്ടുകാര്‍ സ്നേഹത്തോടെ പറയുമായിരിന്നു. അങ്ങനെ ഒരു അഹങ്കാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തന്‍റെ കഴിവിലുള്ള വിശ്വാസം മാത്രമായിരിന്നു.

''കാലം തെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നവരാണ് ഇന്നത്തെ പല സംവിധായകരും. ഇറ്റാലിയന്‍ കാസറ്റും കൊണ്ടാണ് അവര്‍ പാട്ടെഴുതിക്കാന്‍ വരിക. അവര്‍ക്ക് വേണ്ടി കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്നെഴുതാന്‍ പറ്റില്ലല്ലോ..'' കാനേഷ് പൂനൂരിനു രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള ഗാനങ്ങളെ പറ്റി ഗിരീഷ് പറഞ്ഞ വാക്കുകള്‍. ഗാനത്തിനനുസരിച്ച് സംഗീതമുണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും സംഗീതത്തിനനുസരിച്ച് ഗാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് മലയാള ചലച്ചിത്രശാഖ ചുവടു വച്ചപ്പോള്‍ അതില്‍ പതറാതെ അജയ്യനായി നില്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹം ആദ്യം പറഞ്ഞതു പോലെ ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്‌.

സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവായി തിരഞ്ഞെടുത്തു. ലാളിത്യത്തോടെ അതേറ്റു വാങ്ങുമ്പോഴും മായാത്ത ഒരു പുഞ്ചിരി അദ്ദേഹത്തിന്‍റെ ചുണ്ടില്‍ കാണാമായിരിന്നു.

തന്‍റെ തിരക്കഥകളെ പറ്റി ഗിരീഷ് പറയുന്നത് "അരിക്കും ഓട്ടോറിക്ഷയും മരുന്നിനും വിലകൂടുമ്പോള്‍ പാട്ടു കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ്‌ ഇടയ്ക്ക് ചില കഥകളും തിരക്കഥകളും പിറന്നത്" എന്നാണ്‌.

സംസ്കൃത പണ്ഡിതനായ അച്ഛന്‌ ജ്യോതിഷവും ആയുര്‍‌വ്വേദവുമൊക്കെയായിരിന്നു ഇഷ്ടമെങ്കില്‍ അമ്മ കര്‍ണ്ണാടക സംഗീതത്തിലായിരിന്നു നിപുണ. അതേക്കുറിച്ച് ഗിരീഷ് പറയുന്നത് "ജ്യോതിഷത്തിന്‍റേയും ആയുര്‍‌വ്വേദത്തിന്‍റേയും സംഗീതത്തിന്‍റേയും മുലപ്പാല്‍ കുടിച്ചാണ്‌ താന്‍ വളര്‍ന്നത് എന്നായിരിന്നു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ മുഴുവന്‍ കഥയും വെറും പന്ത്രണ്ട് വരികളില്‍ കൂടി, നേഴ്സറി റൈംസിന്‍റത്ര ലാളിത്യത്തോടെ "കള്ളി പൂങ്കുയിലേ" എന്നു തുടങ്ങുന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്‍റെ കഴിവിന്‍റെ നല്ലൊരുദാഹരണമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.

യാത്ര ഒരുപാടിഷ്ടമുണ്ടായിരുന്ന ഗിരീഷ് ഹിമാലയത്തിലൂടെ അധോരി ഗോത്രത്തില്‍ പെട്ട മാംസഭോജികളായ ത്രിശൂലമേന്തിയ സന്ന്യാസിമാര്‍ക്കൊപ്പം ഭാംഗിന്റെ ലഹരി നുകര്‍ന്ന് സാക്ഷാല്‍ പരമശിവന്റെ ഡമരുവിന്റെ മുഴക്കം കേട്ട അനുഭവം വിവരിച്ചിട്ടുണ്ട്. അതുപോലെ ദ്വാരക കാണാന്‍ ഒരു കൊച്ചുബാലന്റെയൊപ്പം കടലിലൂടെ അലഞ്ഞ കഥയും ഗിരീഷ് ഒരഭിമുഖത്തില്‍ ഓര്‍ത്തെടുത്തിരുന്നു.

"ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ, പുണ്യം പുലര്‍ന്നീടുമൊ..." എന്ന് ഇപ്പോള്‍ നമ്മളില്‍ പലരും അറിയാതെയെങ്കിലും നമ്മോടു തന്നെ ചോദിക്കുന്നുണ്ടാകാം. കാരണം "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വന"വുമായി ഇനി നമ്മിലേക്ക് കടന്നു വരാന്‍ ആ മഹാനായ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല; "പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന" ആ മൃദു മന്ത്രണം നമ്മെ കേള്‍പ്പിക്കാന്‍ ഇന്നാ പാട്ടുകാരന്‍ നമ്മുടെ കൂടെയില്ല.

"ആധിയും വ്യാധിയും തീര്‍ക്കുവാന്‍ ഭഗവാനെന്‍ ആയുസ്സു കൊണ്ടു തുലാഭാരം" എന്ന വരികള്‍ കൊണ്ടാണ് "വെണ്ണക്കണ്ണന്‍" എന്ന സംഗീത ആല്‍ബത്തിലെ 'നാവിന്‍ത്തുമ്പത്ത് നന്ദമുകുന്ദന് നാരായണീയ തുലാഭാരം' എന്ന ഗാനം ഗിരീഷ് മുഴുമിപ്പിക്കുന്നത്. സ്വന്തം ആയുസ്സിനേക്കാള്‍ വിലയേറിയ മറ്റൊരു വസ്തു ഇല്ലാ എന്ന് ഗിരീഷ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എഴുതിയ പാട്ടുകളില്‍ നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്‍റെ ചുണ്ടില്‍' എന്ന ഗാനത്തോട് ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഗിരീഷ് പുത്തഞ്ചേരി.

'ഞാനെന്‍ മിഴിനാളം അണയാതെരിച്ചും,
നീറുംനെഞ്ചകം അകിലായി പുകച്ചും,
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും,
നിന്നെ തേടിനടന്നു തളര്‍ന്നു കൃഷ്ണാ,
എന്റെ നൊമ്പരമറിയുമോ ശ്യാമവര്‍ണാ...' എന്ന വരികള്‍ ഒരു പ്രാര്‍ഥനാമന്ത്രം പോലെ എപ്പോഴും പാടിനടന്നു. ഈ പാട്ടു പാടി ഏറെ നാള്‍ കഴിയും മൂമ്പേ ഗായിക കെ.എസ്. ചിത്രയ്ക്ക് ഒരു മകള്‍ പിറന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. നന്ദനത്തിലെ പാട്ടു കേട്ടിഷ്ടപ്പെട്ട് ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചതാണ് ആ കുഞ്ഞെന്ന കാര്യത്തില്‍ പാട്ടെഴുതിയ ആള്‍ക്ക് സംശയമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷം ഒരു കുഞ്ഞിനായി കാത്തിരുന്ന ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടതും ഗിരീഷിനെ ഏറെ ആഹ്ലാദിപ്പിച്ചു.

കവിതയെഴുത്തിനെ പറ്റി ഗിരീഷ് ഇപ്രകാരം പറയുന്നു: പാട്ടെഴുത്തിന് വേണ്ടത് കവിത്വമല്ല. സര്‍ഗാത്മകസാഹിത്യവുമല്ല പാട്ടെഴുത്ത്. മറ്റുള്ളവരുടെ മനസില്‍ കടന്നിരുന്ന് എഴുതുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. ഒരു കവിതയെഴുതുമ്പോള്‍ അതിന്‍റെ വിഷയം എനിക്ക് സ്വയം തിരഞ്ഞെടുക്കാം. അതിന് ചന്ദസ് വേണോ വേണ്ടേ എന്ന് എനിക്ക് തീരുമാനിക്കാം. എത്ര വരികള്‍ വേണമെന്ന് എനിക്ക് തീരുമാനിക്കാം. സിനിമാഗാനങ്ങളില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. ഒരു വിഡ്ഡി പാടുന്ന പാട്ടായിരിക്കും ചിലപ്പോള്‍ എഴുതേണ്ടിവരിക.

ഈ ഇലക്ട്രോണിക്സ് യുഗത്തില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം ബാധിക്കാത്ത കവി. അദ്ദേഹം പറയുന്നു, ഒരു വെള്ളക്കടലാസും പേനയും കിട്ടിയാല്‍ എന്റെ സാമ്രാജ്യമായി. എനിക്ക് കമ്പ്യൂട്ടര്‍ അറിഞ്ഞുകൂടാ. കാര്‍ ഡ്രൈവിങ് അറിയില്ല. സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല. മൊബൈല്‍ ‍ഫോണില്‍ ഒരു മെസേജ് വന്നാല്‍ അതെടുത്തുനോക്കി വായിക്കാന്‍ അറിയില്ല. അതൊന്നും ഈ ജന്മം പഠിക്കുകയുമില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം എന്നെ ബാധിക്കുന്നതേയില്ല.

എ. ആര്‍. റഹ്മാനു പുറമെ ബാപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നീ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച എക മലയാളി ഗാനരചയിതാവ് എന്ന ബഹുമതി ഗിരീഷ്പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

"കണ്ണും നട്ട് കാത്തിരുന്നിട്ടും കണ്ണും നട്ട് കാത്തിരുന്നിട്ടും" ആ "സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍". "പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടി" ആ ആത്മാവ് നമ്മില്‍ നിന്നും യാത്രയായി; "കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്ത്‌, പൊന്നുകൊണ്ട് വേലി കെട്ടീട്ടും ആ കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തു കൊണ്ട്". എവിടെയോ ഒളിഞ്ഞിരിക്കുന്ന ഹേ മരണമേ, നിന്‍റെ "പ്രണയ സന്ധ്യയില്‍ ആ വിണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ, വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ, പുലര്‍നിലാവിന്‍റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ, കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ. ആരാലും ക്ഷണിക്കപ്പെടാത്ത മരണമേ, നീ ഞങ്ങളില്‍ നിന്നും കൊണ്ടുപോയ ആ പാവപ്പെട്ട കലാകാരനെ "ജീവിതപാതകളില്‍ എന്നിനി കാണും ഞങ്ങള്‍, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ".

ഈ 49 ആം വയസ്സില്‍, അദൃശ്യമായി എവിടെയോ മറഞ്ഞിരിക്കുന്ന മരണമെന്ന പ്രതിഭാസം ഒടുവില്‍ "ആ സൂര്യകിരീടത്തേയും" വീഴ്ത്തിയിരിക്കുന്നു. ഇനി നമുക്കിടയില്‍ അലയടിക്കാന്‍ ഉള്ളത് ഒരു പുണ്യം പോലെ, ഒരു പ്രാര്‍ത്ഥന പോലെ ആ മനസ്സില്‍ നിന്നും വന്ന വരികള്‍ മാത്രം. ആ "ശാന്തമീ രാത്രിയില്‍" നമ്മിലേക്കു കടന്നു വന്ന ആ വലിയ കലാകാരന്‍ മറ്റൊരു "വരമഞ്ഞളാടിയ രാത്രിയില്‍", ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഒരുപാടൊരുപാട് കവിതകള്‍ ബാക്കിവച്ച് ശൂന്യതയിലേക്ക് യാത്രയായി, ആരേയും പദനിസ്വനം കേള്‍പ്പിക്കാതെ.

കടപ്പാട് :വിവിധ മീഡിയകള്‍.