Monday, December 19, 2011

അടിയന്തിരം.

ഈ അടിയന്തിരത്തിന്‌
നിങ്ങളെത്തണം. 
വിളിക്കില്ല നിങ്ങളാരെയും 
പക്ഷേ കേട്ടറിഞ്ഞെത്തണം.

ഇവിടെയിന്നിഡലിയും
സാമ്പാറുമില്ല; 
ഇലയില്‍ വിളമ്പാന്‍
പ്രഥമനില്ല.

കാരണമിതെന്‍റെ...
ഇതെന്‍റെ.....
പ്രണയത്തിന്നടിയന്തിരം;
എന്നാത്മാവിന്നടിയന്തിരം.

Friday, December 16, 2011

കാലത്തിന്‍റെ പോക്ക്!!!!

ഒരു മിസ്ഡ് കോളായി,
പിന്നെയൊരു സന്ദേശമായി,
ഒരു ശബ്ദസാന്നിധ്യമായി,
അവനെന്നില്‍ ചേക്കേറി.

അങ്ങനെ കുറേകാലം
ഒരേ ചില്ലയില്‍ കഴിയാന്‍
വിധിക്കപ്പെട്ട വെറുമൊരു
കിളിയായ്‌ മാറിയവന്‍.

പിന്നെപ്പോഴോ ചില്ലമാറി,
ചോദിച്ചപ്പോഴാണറിഞ്ഞത്
അവന്‍റെയതേ നെറ്റ്‌വര്‍ക്കില്‍
ഔട്ട്ഗോയിംഗ് ഫ്രീയാണത്രേ.

എന്തുകൊണ്ടോ എന്‍റെ സിമ്മിന്‌
മഞ്ഞ നിറവും
അവന്‍റേതിന്‌ ചുവന്ന നിറവും.
കാലത്തിന്‍റെ പോക്ക് നോക്കണേ.... ...







Saturday, December 10, 2011

മൗസ് ക്ലിക്ക്.

എന്നിലേക്കാദ്യമായവള്‍‍ വന്നത്
ഒരു നല്ല മൗസ് ക്ലിക്കിലായിരിന്നു.
പരസ്പ്പരമറിഞ്ഞതുമടുത്തതും, പിന്നെ 
അകലാന്‍ കഴിയില്ലെന്നോര്‍ത്തതും
പിന്നെ ഞങ്ങളൊന്നായ് മാറിയതും
ഇന്നലത്തെപ്പോലെയോര്‍ക്കുന്നു ഞാന്‍.

ഇരുധ്രുവങ്ങളിലായിരുന്നെങ്കിലും
ഞങ്ങളൊന്നായിരുന്നെന്തിനുമേതിനും.
ഉണ്ണാനുറങ്ങാനങ്ങനൊരോന്നിനും
ഞങ്ങളൊരുമിച്ചുണ്ടായിരിന്നു.

പരസ്പ്പരം കാണാതെ സ്നേഹിച്ചവര്‍
ഞങ്ങള്‍; കാണാതെ പരസ്പ്പരമറിഞ്ഞവര്‍
ഞങ്ങള്‍; അവിടെയുമിവിടെയുമാണെങ്കിലും
ഒരു കട്ടിലിലൊന്നായ് മാറിയവര്‍ ഞങ്ങള്‍.

ഇന്ന് ഞാനേകനാണീ വീഥിയില്‍;
കൂട്ടിനായില്ലവളിന്നെന്‍റെ കൂടെ.
ഞാനറിഞ്ഞത് തെറ്റായിരുന്നെന്ന്, ഒരു
മൗസ് ക്ലിക്കാലവള്‍ തെളിയിച്ചു. 
എന്തിനേറെ പറയുന്നു, ഞങ്ങള്‍
പരസ്പ്പരം അറിയാതെയിന്നുമറിയുന്നു. 


Friday, December 02, 2011

മാഷും പിന്നെ സാറും.

വെള്ള മുണ്ടുടുത്ത്
മുഴുക്കൈയ്യന്‍ ഉടുപ്പുമിട്ട്
തേഞ്ഞ റബ്ബര്‍ ചെരുപ്പുമിട്ട് 
കൈയ്യിലൊരു കാലന്‍ കുടയുമായ് 
സ്കൂളിന്‍റെ പടികടന്നാ നടന്നു
നീങ്ങുന്നതാണെന്‍റെ മാഷ്.


ടൈറ്റ് ജീന്‍‍സുമിട്ട്
ലൊ ലെങ്ത് ഷര്‍ട്ടുമിട്ട്
ബ്രാന്‍ഡഡ് ലെതര്‍ ഷൂവുമിട്ട്
കൈയ്യിലൊരു ലാപ്ടോപ്പുമായ്
ആ നാല്‍ചക്ര വാഹനത്തില്‍
വന്നിറങ്ങുന്നതാണെന്‍റെ സാറ്‌.


അന്നത്തെ മാഷിന്‍റെയര്‍ത്ഥം  
വിദ്യ, വിവേകം പകര്‍ന്നു തരുന്നവന്‍;
ഇന്നത്തെ സാറെന്നാലോ
ചാരിത്ര്യം കവര്‍ന്നെടുക്കുന്നവന്‍.


ഇതീ കാലത്തിന്‍റെ മാറ്റം;
‍നമ്മുടെ കാഴ്ചപ്പാടിന്‍റെ മാറ്റം.
പുരോഗമിക്കുന്നീ ലോകത്തില്‍
അധ:പതിക്കുന്നൊരു കൂട്ടര്‍.

Tuesday, October 11, 2011

അച്ഛന്‍റെ ഉറക്കം.

നിനക്കെങ്ങനെയുറങ്ങാന്‍ കഴിയുന്നു
ലവലേശം ചലിക്കാതെ, മിഴികളനക്കാതെ.
നീ ഇന്നലെ തന്നയാ പായസം കഴിച്ചില്ല;
രാവിലെ കഴിക്കുവാന്‍ മാറ്റിവച്ചിട്ടുണ്ട്.
കണ്ണീരോടിന്നലെ നീ അതു കഴിച്ചതും;
കഴിക്കാനായെന്നെ  നിര്‍ബന്ധിച്ചതും.
എന്തുകൊണ്ടാണെന്നറിയില്ലയപ്പോഴും
കണ്ണുനീരരുവികള്‍ ഒഴുകിയിരുന്നല്ലോ.
നിന്‍റെ ഹൃദയമിടിപ്പിന്‍റെ പെരുമ്പറ കേട്ടെന്‍റെ
ആ ചെറുമയക്കവും എങ്ങോ പൊയ്പ്പോയി.
പിന്നെയിടയ്ക്കൊന്നു മയങ്ങാന്‍ തുടങ്ങവേ
ഞെട്ടിയുണര്‍ന്നു നിന്‍ ദന്താക്രോശത്താല്‍.
ദു:സ്വപ്നം കണ്ട് നീ പേടിച്ചതാകുമോ; അതോ
എന്നെ കളിപ്പിക്കാന്‍ നീതന്നെ ചെയ്തതോ?
പിന്നെ ഞാനൊന്നുമറിഞ്ഞില്ലുറങ്ങിപ്പോയ്;
നിന്‍ മാറില്‍ മുഖം ചേര്‍ത്തങ്ങനെ കിടന്നു ഞാന്‍.
അച്ഛാ, എണീല്‍ക്കുക ഇന്നെന്‍റെ പിറന്നാള്‌;
നീ തന്ന പായസം കള്ളിപ്പൂച്ച കുടിച്ചു പോയ്.
എന്താണെന്നറിയില്ല, ആ പൂച്ചയുമുറങ്ങുന്നു;
ലവലേശം ചലിക്കാതെ, മിഴികളനക്കാതെ.

Tuesday, September 27, 2011

ഞാന്‍ ആരായിരിന്നു?

ഇനി ഞാന്‍ പറയാന്‍ പോകുന്നത് എന്‍റെ കഥയാണ്‌. അതില്‍ നിങ്ങള്‍ക്ക് ചോദിക്കാന്‍ ഒരുപാടുണ്ടാകും. തെറ്റുകളും ശരികളൂം ചൂണ്ടിക്കാണിക്കാം, ആക്ഷേപിക്കാം, കല്ലെറിയാം, നല്ലതെന്ന് തോന്നിയാല്‍ അനുമോദിക്കാം. പക്ഷേ അതിനു മുന്‍പ് ഒന്നോര്‍ക്കുക. ഞാനും നിങ്ങളെ പോലെ വികാര-വിചാരങ്ങളൂള്ള മനുഷ്യരാണെന്ന്. നിങ്ങളില്‍ തെറ്റു ചെയ്യാത്തവര്‍ എന്നെ കല്ലെറിയൂ എന്ന് ഞാന്‍ പറയില്ല, കാരണം തെറ്റു ചെയ്യാത്തവരായി ആരുണ്ട്? എന്നെപ്പറ്റി ഞാന്‍ നിങ്ങളോട് പറയുന്നതിനു മുന്‍പേ നിങ്ങള്‍ നിങ്ങള്‍ക്കറിയാവുന്ന എന്നെ നിങ്ങളോര്‍ക്കുക. ഞാന്‍ പറയുന്ന എന്നേയും നിങ്ങള്‍ക്കറിയാവുന്ന എന്നേയും ഒരിക്കലും ഒരു താരതമ്യം ചെയ്യാതിരിക്കുക. നിങ്ങളെന്നോട് ചെയ്യുന്ന ഒരു കാരുണ്യമാകുമത്. എനിക്കറിയാം. നിങ്ങള്‍ ബോറടിച്ച് തുടങ്ങിയിരിക്കുന്നു. ഇവന്‍ വെറുതേ കാര്യങ്ങള്‍ വലിച്ചു നീട്ടി കൊണ്ട് പോകുന്നു. അടുത്ത ചൂടന്‍ രംഗം കാണാന്‍ ഇരിക്കുന്ന പ്രേക്ഷകന്‍റെ മനസ്സാണ് നിങ്ങള്‍ക്കിപ്പോള്‍. ഒന്നോര്‍ക്കുക, ഇതൊരു സിനിമയല്ല. എന്‍റെ പച്ചയായ ജീവിതമാണ്‌ പറയാന്‍ പോകുന്നത്. അതില്‍ തകര്‍ന്നടിയുന്നത് ഒരുപക്ഷേ പല ജീവിതങ്ങളാകാം; അല്ലെങ്കില്‍ ഞാന്‍ തന്നെയാകാം. നാളെ ഒരുപക്ഷേ എന്ന് കണ്ടെന്ന് വരില്ല. ഒരു സുനാമി പോലെ എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞെന്ന് വരാം. ചിലപ്പോള്‍ അതില്‍ നിന്നും രക്ഷപെട്ട ഒരു കുഞ്ഞ് വഞ്ചിയെപ്പോലെ ഞാന്‍ ഉയര്‍ത്തെഴുന്നേറ്റെന്നും വരാം. ഒന്നിനും ഒരുറപ്പില്ലാത്ത ജീവിതം. വീണ്ടും നിങ്ങള്‍ക്ക് ബോറടിച്ച് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ കണ്ണുകളീലെ മയക്കം അതാണ്‌ കാണിക്കുന്നത്. ഇല്ല, ഇനി താമസിപ്പിക്കുന്നില്ല. ഞാന്‍ പറയട്ടെ എന്നേപ്പറ്റി....


എന്‍റെ പേര്‌..... പേര്‌........ പേരെന്തായിരിന്നു? സ്ഥലം..... ഇല്ല, അതും ഓര്‍മ്മയില്ല. എനിക്കെന്തോ സംഭവിച്ചിരിക്കുന്നു. ഇല്ലാ, എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. അയ്യോ, എന്‍റെ ഇന്നലെകള്‍ എന്നെ വിട്ട് പോയിരിക്കുന്നു. എനിക്കറിയാം. നിങ്ങളുടെ ക്ഷമ കൈവിട്ടു പോയിരിക്കുന്നു. ആ ചൂടന്‍ രംഗം കട്ട് ചെയ്തവന്‍റെ അച്ഛന്‌ വിളിക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ഇന്നലെകളില്ലാത്ത ഞാന്‍ ഇനി എന്ത് പറയുവാന്‍. ഇനി എന്നെ ഞാനറിയുവാന്‍  നിങ്ങള്‍ പറയൂ, ആരായിരിന്നു നിങ്ങളറിയുന്ന ഈ ഞാന്‍?

Saturday, September 24, 2011

മറന്നു പോയ ഭൂതകാലം.

ആ പാതിരാത്രിയില്‍ ഞാന്‍ ആ വാതിലില്‍ മുട്ടുമ്പോള്‍ ആരാവും അത് തുറക്കുക എന്ന് സംശയമുണ്ടായിരിന്നു. അച്ഛനാകുമോ? എങ്കില്‍ പ്രശ്നം രൂക്ഷമാകും. വാതില്‍ തുറന്ന് ഉറക്കച്ചവിടോടെ "നീയെന്താ ഇത്ര താമസിച്ചേ" എന്ന ചോദ്യവുമായി അമ്മ. ഞാന്‍ അല്പം വെളിച്ചത്തേയ്ക്ക് നീങ്ങി നിന്നു. ഉറക്കച്ചവിടില്‍ നിന്നും മാറി അമ്മയുടെ കണ്ണൂകളില്‍ ഒരത്ഭുത ഭാവം. "ആരാ മോനേ കൂടെയുള്ളത്, എന്തായാലും അകത്തേയ്ക്ക് വാ" എന്ന് പറഞ്ഞ് അമ്മ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. "അമ്മേ, ഇത് പ്രീയ; ഒരു ജീവിതം രക്ഷിക്കുവാന്‍ വേണ്ടി ഞാനിവളെ എന്‍റെ കൂടെ കൂട്ടിക്കൊണ്ട് പോരുന്നു. അമ്മ ക്ഷമിക്കണം". എങ്ങനേയോ ഞാനത് പറഞ്ഞൊപ്പിച്ചു എങ്കിലും ആ ശബ്ദത്തിനൊരു വിറയലുണ്ടായിരിന്നു. അമ്മ ഒരു നിമിഷം ഒന്ന് തിരിഞ്ഞ് നോക്കി. എന്താണാ കണ്ണൂകളീലെ ഭാവം എന്ന് അറിയാന്‍ കഴിയുന്നില്ല. അമ്മയുടെ മുഖം അപ്പോഴും ഇരുട്ടിലായിരുന്നു. പിന്നെ ഒന്നും പറയാതെ അമ്മ അകത്തേയ്ക്ക് പോയി. എനിക്കറിയാം, അമ്മയുടെ മനസ്സ് എരിയുകയാണിപ്പോള്‍. ഒറ്റ മകന്‍റെ വിവാഹം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കുറേ കാലമായിരിക്കുന്നു ആ വൃദ്ധമനസ്സ്. അതേ സ്വപ്നവുമായി അകത്തെ മുറിയില്‍ ഒരു പുസ്തകവും മാറില്‍ അമര്‍ത്തി ഒരു വൃദ്ധന്‍ ആ ചാരു കസേരയില്‍ കിടപ്പുണ്ടാകും ഇപ്പോള്‍. പുറത്തു നിന്നും ഹാളിലേയ്ക്ക് കയറി, വലതു കാല്‍ വച്ച്. അകത്തെ മുറിയില്‍ വെട്ടം പരന്നു. സാവധാനം, തലമുടിയൊക്കെ നരച്ച ഒരു രൂപം ഹാളിലേയ്ക്ക് വന്നു. അച്ഛന്‍. കൂടെ അമ്മയുമുണ്ട്. ഞാന്‍ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അച്ഛന്‍റെ നിഴലായി അമ്മയുമുണ്ടല്ലോ? തലയുയര്‍ത്തി രണ്ട് പേരേയും ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ വീണ്ടും അകത്തേയ്ക്ക്. എന്തു ചെയ്യണമെന്നറിയാതെ ആ സോഫയില്‍ ഇരുന്നു. പിന്നീടെപ്പോഴാണ്‌ രണ്ടു പേരും മയക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല. ഉറക്കം ഉണരുമ്പോള്‍ ഒരു പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട് ശരീരം. അമ്മയാകും.
 
 
അടുക്കളയില്‍ പാത്രങ്ങളുടെ വര്‍ത്തമാനം കേള്‍ക്കാം. "കുളിച്ച് വരൂ, പ്രാതല്‍ കഴിക്കാം". അമ്മയുടെ ശബ്ദം. എങ്ങനെ അവരെ അഭിമുഖീകരിക്കും എന്നതായിരിന്നു എന്‍റെ പ്രശ്നം. ഞാന്‍ കുളിച്ചിറങ്ങിയപ്പോള്‍ അവള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരിന്നു. കുളീച്ചിട്ട് മാറിയുടുക്കാന്‍ വസ്ത്രമില്ല. തല്‍ക്കാലം എന്‍റെ ഒരു പൈജാമയും ജുബ്ബയും കൊടുക്കാം. അവള്‍ കുളീച്ച് തോര്‍ത്തിയിട്ട് നോക്കിയപ്പോള്‍ കുളിമുടിയുടെ വാതിലില്‍ ഒരു സാരി. അമ്മയാകും. അല്ലാതാര്‌? പ്രാതല്‍ കഴിക്കാനിരുന്നപ്പോഴാണ്‌ ആദ്യമായി അവളെപ്പറ്റി അച്ഛന്‍ ശബ്ദിച്ചത്. അമ്മ ഒരു നിശബ്ദ സിനിമയിലെ കഥാപാത്രം പോലെ ഇടയ്ക്കിടയ്ക്ക് അവളെ നോക്കുന്നുണ്ടായിരിന്നു. "ഇ പെണ്‍കുട്ടി ആരാണെന്നോ ഏതാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഇവളുടെ ജാതിയേതെന്നോ മതമേതെന്നോ എനിക്കറിയില്ല. പക്ഷേ ഒന്ന് ഞാന്‍ പറയാം; ഇവളെ അന്വേഷിച്ച് ഇവിടേയ്ക്ക് ആരും വരില്ലെങ്കില്‍, അങ്ങനെ ആരുമില്ലെങ്കില്‍ നിനക്കിവളെ വിവാഹം കഴിക്കാം, ഇന്നു തന്നെ. അഥവാ ആരെങ്കിലും അങ്ങനെ വരാനുണ്ടെങ്കില്‍ അവരെ വിവരമറിയിക്കുക. വിവാഹം അവരുടെ സാന്നിധ്യത്തില്‍ ആകണം. മനസ്സിലായോ നിനക്ക് ഞാന്‍ പറഞ്ഞത്"? ഉവ്വ് എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. പിന്നീടാണ്‌ ഞാന്‍ അമ്മയോടെല്ലാ വിവരവും അവളെപ്പറ്റി പറയുന്നത്. അനാഥയായ, തെരുവില്‍ വളര്‍ന്ന അവളെ അന്വേഷിച്ച് ആരുവരാന്‍? പിറ്റേന്നു തന്നെ നല്ലൊരു മുഹൂര്‍ത്തം നോക്കി ആ വിവാഹം നടന്നു.

 
വര്‍ഷങ്ങള്‍ പലത് കടന്നു പോയിരിക്കുന്നു. ആ സന്ധ്യാ നേരത്ത് ഡോര്‍ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ പറഞ്ഞു. അത് അവനാകും. നാടാകെ തെണ്ടിത്തിരിഞ്ഞ് എപ്പോഴെങ്കിലും വന്ന് കയറിയാല്‍ മതിയല്ലോ? ചോദിക്കാനും പറയാനും ആരുമില്ലല്ലോ? പിറുപിറുപ്പോടെയാണ്‌ വാതില്‍ തുറന്നത്. എന്തോ പറയാന്‍ തുറന്ന വായ് അതേ പോലെ നിന്നു പോയ്. അവനോടൊപ്പം ഒരു പെണ്‍കുട്ടി. കൈയ്യില്‍ ഒരു ചെറിയ ബാഗുമുണ്ട്. കുറച്ചു കഴിഞ്ഞ് അവനൊടൊപ്പം ആ പെണ്‍കുട്ടി ആ വീടിന്‍റെ പടിയിറങ്ങുമ്പോഴും അകത്ത് നിന്നും അട്ടഹാസങ്ങള്‍ ഉയരുന്നുണ്ടായിരിന്നു.

എന്തിനെന്നറിയാത്ത യാത്ര.

അവളുടെ കൈ പിടിച്ച് നടക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാറില്ലായിരിന്നു. വൈകുന്നേരങ്ങള്‍ ഞങ്ങളൂടേത് മാത്രമായ ദിവസങ്ങളിലൊന്നിലാണവള്‍ എന്നോട് പറഞ്ഞത്; ഹരീ, നമുക്കൊരു യാത്ര പോയാലോ". എങ്ങോട്ടെന്നോ എന്തിനാണെന്നോ ഞാന്‍ ചോദിച്ചില്ല. അവളുടെ ഇഷ്ടങ്ങള്‍ എന്‍റേയും ഇഷ്ടങ്ങള്‍ ആയിരുന്നല്ലോ? മറ്റൊന്നും ഓര്‍ക്കാന്‍ ശ്രമിച്ചില്ല. ആ ട്രയിനിന്‍റെ ജനലഴികളില്‍ കൂടി നോക്കുമ്പോള്‍ കാണൂന്നത് പിന്നിലേക്കൊടി മറയുന്ന പ്രകൃതിയെയാണ്‌. ഏല്ലാം പുറകിലേക്ക് സഞ്ചരിക്കുന്നു. എന്‍റെ തോളില്‍ തല ചായ്ച്ച് അവള്‍ മയങ്ങുകയാണ്‌. അതിരാവിലെ പുറപ്പെട്ടതാണ്‌. വീട്ടില്‍ അമ്മ രാവിലെ തിരക്കിയിട്ടുണ്ടാകും. അവന്‍ ഇന്നലെ വന്നില്ലേ മോളേ എന്ന് പെങ്ങളോട് ചോദിച്ചിട്ടുണ്ടാകും. അവള്‍ എന്താകും മറുപടി പറഞ്ഞിട്ടുണ്ടാകുക. ട്രയില്‍ ഏതോ സ്റ്റേഷനിലേക്ക് അടുക്കുകയാണ്‌. ആ ബഹളം കേട്ടിട്ടാകണം അവള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. സമയം വൈകുന്നേരമാകുന്നു. ആ സ്റ്റേഷന്‍റെ പേര്‌ നോക്കിയിട്ട് ഉറക്കച്ചെവിടോടെ അവള്‍ പറഞ്ഞു; ഇനി ഒരു അര മണിക്കൂര്‍, അതുമതി നമുക്കിറങ്ങാന്‍. അപ്പോഴും ഞാന്‍ ചോദിച്ചില്ല എവിടേയ്ക്കാണീ യാത്രയെന്ന്. 
 
സ്റ്റേഷനില്‍ ഇറങ്ങി അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു. സമയം സന്ധ്യയാകുന്നു. പെട്ടെന്ന് ഒന്ന് കുളിച്ച് ഫ്രഷായേ, നമുക്ക് അമ്പലം വരെ ഒന്നു പോകാം. ഇവിടെ അടുത്ത് ഒരു കാളീക്ഷേത്രമുണ്ട്. തൊഴുതിറങ്ങുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരിന്നു. ഒരേ കിടക്കയുടെ രണ്ടറ്റത്തായി കിടക്കുമ്പോഴും മനസ്സില്‍ ഒരുതരം നിസ്സം‌ഗതയായിരിന്നു. എന്തിനാണിവള്‍ ഇവിടേയ്ക്ക് വന്നത്. അത് മനസ്സിലാക്കിയിട്ടെന്നോണം അവള്‍ വിളിച്ചു. ഹരീ, നീയിപ്പോള്‍ ചിന്തിക്കുന്നത് നമ്മള്‍ എന്തിനാണിവിടേയ്ക്ക് വന്നൂയെന്നല്ലേ. വെറുതേ, വെറുതേ നിന്‍റെ കൂടെ ഒന്ന് യാത്ര ചെയ്യണമെന്ന് തോന്നി. അത്രതന്നെ. നാളെ രാവിലെ നമ്മള്‍ മടങ്ങി പോകുന്നു. ഓക്കെ. ഞാന്‍ എന്‍റെ ഇഷ്ടങ്ങള്‍ ഒരിക്കലും അവളോട് പറഞ്ഞിട്ടില്ലല്ലോ? പിന്നെ.. ഇത്....... ഉറക്കത്തിനിടയ്ക്ക് എപ്പോഴോ ഞങ്ങളുടെ അകലം കുറഞ്ഞ് വന്നു. എന്‍റെ ഉറക്കം എങ്ങോ പോയിരിന്നു. അപ്പോഴും എന്നെ കെട്ടിപ്പിടിച്ച് അവള്‍ സുഖമായി ഉറങ്ങുകയായിരിന്നു. 


തിരികെയുള്ള യാത്രയില്‍ മയക്കം മുഴുവന്‍ എനിക്കായിരിന്നു, അവളുടെ തോളില്‍ തല ചായ്ച്ച്. അതുകൊണ്ട് തന്നെ പിന്നോട്ട് സഞ്ചരിക്കുന്ന പ്രകൃതിയെ ഞാന്‍ കണ്ടില്ല. എന്‍റെ ചിന്തകളെല്ലാം മുന്നോട്ട് തന്നെയായിരുന്നിരിക്കണം. സ്റ്റേഷനില്‍ ഇറങ്ങി ബസ്സിലിരുന്നപ്പോഴും ആ ഉറക്ക ക്ഷീണം എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരിന്നു. അവസാനം ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞപ്പോഴും എന്‍റെയുള്ളില്‍ ഒരേ ഒരു ചോദ്യം മാത്രം അവശേഷിച്ചു. "എന്തിനായിരിന്നു ഈ യാത്ര......."

Sunday, August 28, 2011

ദൈവം: എന്‍റെ കാഴ്ച്ചപ്പാടില്‍.

ദൈവം: അദ്ദേഹം പരിമിതികളില്ലാത്തവനാണ്‌. പക്ഷേ മതങ്ങളുടെ മതില്‍ക്കെട്ടില്‍ ബന്ധിക്കപ്പെടുകയാണിപ്പോള്‍ ആ ദൈവം. മതങ്ങള്‍ ഗ്രന്ഥങ്ങളും വിശ്വാസങ്ങളും കൊണ്ട് അവനെ പരിമിതനാക്കുന്നു ഇപ്പോള്‍. അതുകൊണ്ട് തന്നെ ആ മതില്‍ക്കെട്ടുകള്‍‌ക്കുള്ളീല്‍ നിന്നും നാം, മനുഷ്യര്‍ പുറത്തു വരണം. എന്നിട്ട് നോക്കൂ ആ പരിമിതികളില്ലാത്ത ദൈവത്തെ. ഈ ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍‌വ്വമയനായ അവനെ പല പേരുകളില്‍, പല രൂപത്തില്‍ നാം വിളിയ്ക്കുന്നു, കാണുന്നു; അവനെ ആരാധിക്കുന്നു. അവന്‍ നം കാണുന്ന ഗ്രന്ഥങ്ങള്‍ക്കും പ്രതിഷ്ഠകള്‍ക്കും രൂപങ്ങള്‍ക്കും അപ്പുറമാണ്‌.

നമ്മളില്‍ നാസ്തികര്‍ എന്നു പറയപ്പെടുന്ന ഒരു കൂട്ടര്‍ ചോദിക്കാറുണ്ട് "എന്തിന്‌ നിങ്ങള്‍ പശുവിനെ ആരാധിക്കുന്നു, എന്തിന്‌ മൃഗങ്ങള്‍ക്ക് പോലും ദൈവീക പരിവേഷം നല്‍കുന്നു" എന്ന്. പ്രപഞ്ചത്തിലെ സര്‍‌വ്വ ചരാചരങ്ങളേയും ദൈവമായി കാണുന്ന, ഭൂമിയിലെ ഏവരും (അത് മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ജീവനുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ) തുല്യരാണെന്ന സമദര്‍ശനത്തില്‍ നിന്നാണ്‌ ഈശ്വരന്‍ എന്ന ചിന്തയുണ്ടാകുന്നത്. എത്ര മഹത്തായ ഒന്നാണത്. ക്ഷേത്രം എന്ന സങ്കല്പ്പം പ്രകൃതിയും പ്രപഞ്ചവും മനുഷ്യനുമായുള്ള പരസ്പരബന്ധത്തില്‍ അധിഷ്ഠിതമാണ്. ശബരി മലയ്ക്കു പോകുന്നവര്‍ കാവി/കറുപ്പുടുത്ത് ലളിത ജീവിതം നയിച്ച് 41 ദിവസം വൃതമെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണിത് സൂചിപ്പിക്കുന്നത്? ഇത്രയും ദിവസമെങ്കിലും എല്ലാ ചരാചരങ്ങളേയും സ്വാമിയായി കാണുക എന്ന സമദര്‍ശനഭാവമാണത്, അവന്‍റെ ദുഷിച്ച ചിന്തകള്‍ക്ക് പോലും ഒരു ഇടവേള നല്‍കുകയാണത് ചെയ്യുന്നത്, അവന്‍റെ ആഹാരക്രമങ്ങളെ നിയന്ത്രിക്കുകയാണത് ചെയ്യുന്നത്. അവന്‍ പോലും അറിയാതെ അവനെ നിയന്ത്രിക്കുകയാണവിടെ. ശബരിമല എന്ന ക്ഷേത്രത്തില്‍ നിന്നും വര്‍ഷാവര്‍ഷം എത്ര കോടി രൂപ ലഭിക്കുന്നുണ്ട്? ആ പൈസ മുഴുവന്‍ ഇവിടെയുള്ള വിശ്വാസികളുടെ പോക്കറ്റിലേക്കാണോ പോകുന്നത്? അതോ ഇവിടെയുള്ള നാനാജാതി മതസ്ഥരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുവോ? ദൈവം എന്നാല്‍ നിങ്ങള്‍ എന്താണ്‌ മനസ്സിലാക്കുന്നത്? ഈ കാണുന്ന ക്ഷേത്രങ്ങളും വിശ്വാസങ്ങളുമാണോ? അതോ ഇന്ന് കാണുന്ന കപട സന്യാസിമാരോണോ? ഈ കപട സന്യാസിമാരെ നിങ്ങള്‍ എന്തുകൊണ്ട് വിശ്വാസികളുടെ കൂട്ടത്തില്‍ കൂട്ടുന്നു? അവര്‍ ഉടുത്തിരിക്കുന്നത് കാവിയായതു കൊണ്ടോ? കാവി ഹിന്ദുവിന്‌ മാത്രം പറഞ്ഞിട്ടുള്ള ഒന്നാണോ? അങ്ങനെയാണെങ്കില്‍ നാളെ മറ്റൊരു അന്യമതസ്ഥന്‍ കാവിയുടൂത്താല്‍ അവനെയും നിങ്ങള്‍ ഹിന്ദു വിശ്വാസിയായി കണക്കാക്കുമോ?

"ഏകം സത്യം വിപ്രാബഹുധാവദന്തി" അതായത് ഒരേ സത്യത്തെ പല രീതിയിലറിയുന്നവര്‍ പല രീതിയില്‍ വ്യാഖാനിക്കുന്നു. അതു കൊണ്ട് തന്നെ ദൈവത്തിന്‌ പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു. മതമേതായാലും, വിശ്വാസമേതായാലും അതിലെ നല്ലതിനെ സ്വീകരിക്കൂ. അതിന്‌ നിങ്ങള്‍ക്കെന്തു കൊണ്ട് കഴിയുന്നില്ല. ഒരു നാസ്തികനെഴുതിയ പുസ്തകം വച്ച് ദൈവത്തെ കുറ്റം പറയുമ്പോള്‍ മൂഢനാകുന്നത് അവനവന്‍ തന്നെയാണെന്ന് മറക്കാതിരിക്കുക. ഈ പറയുന്ന ആള്‍ക്കാരില്‍ എത്ര പേര്‍ ഉപനിഷത്തുകള്‍ വായിച്ചിട്ടുണ്ട്, എത്ര പേര്‍ ഭഗവദ്ഗീത വായിച്ചിട്ടുണ്ട്. അഥവാ വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതില്‍ നിന്നും മനസ്സിലാക്കിയത് എന്താണ്‌. അതില്‍ നിന്നും അവര്‍ എന്താണ്‌ ഉള്‍ക്കൊണ്ടത്? ബന്ധിക്കപ്പെട്ട വിശ്വാസങ്ങളില്‍ നിന്നും മതപരിവേഷങ്ങളീല്‍ നിന്നും പുറത്തു വന്ന് ദൈവം എന്ന ശക്തിയെ പറ്റി പഠിക്കൂ.


ഭഗവദ്ഗീതയില്‍ യുദ്ധക്കളത്തില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ പറയുന്നത്
"യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ
സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ" എന്നാണ്‌. അതായത് "ജയാപചയങ്ങളോടുള്ള മമത വെടിഞ്ഞ് സമചിത്തതയോടെ നിന്റെ കര്‍മം അനുഷ്ഠിയ്ക്കുക.ഈ സമചിത്തതയാണ്‌ യോഗം" എന്നാണ്‌. ഇതിനെ നാം മനസ്സിലാക്കുന്നത് "നമ്മുടെ കര്‍മ്മം നാം ചെയ്യണം" എന്നാണ്‌. അല്ലാതെ നീ പോയി നിന്‍റെ ബന്ധുക്കളെ കൊല്ലണം എന്നല്ല. പക്ഷേ സാന്ദര്‍ഭികവശാല്‍ അവിടെ അര്‍ജ്ജുനന്‍റെ കര്‍മ്മം യുദ്ധം ചെയ്യുക എന്നാണെന്ന് മാത്രം. അതേ അര്‍ജ്ജുനന്‍ ചോദിക്കുന്നു "ഫലകാംക്ഷയൊടെ ചെയ്യുന കര്‍മ്മത്തെക്കാള്‍ ശ്രേഷ്ഠമാണ്‌ ബുദ്ധി എന്നു കരുതുന്നുവെങ്കില്‍ അങ്ങ് എന്തിനാണ്‌ എന്നെ ക്രൂരമായ ഈ യുദ്ധത്തിന്‌ പ്രേരിപ്പിയ്ക്കുന്നത്" എന്ന്. അപ്പോള്‍ കൃഷ്ണന്‍ പറയുന്നു "കര്‍മ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കര്‍മഫലങ്ങളില്‍ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാള്‍ പൂര്‍ണത നേടുന്നില്ല. ഭൗതികപ്രകൃതയുടെ ത്രിഗുണങ്ങളില്‍ നിന്നുളവാകുന്ന വാസനകള്‍ക്കനുസരിച്ച് ഓരോ മനുഷ്യനും കര്‍മം ചെയ്യാന്‍ നിര്‍ബന്ധിതനാണ്‌. ആര്‍ക്കും ഒരൊറ്റനിമിഷം പോലും കര്‍മത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാവില്ല". എത്ര മഹത്തരമായ ഒരു സന്ദേശമാണത് നല്‍കുന്നത്.

പിന്നെ നമ്മള്‍ ബഹുദൈവവിശ്വാസത്തെ പറ്റി പറയുന്നു.
ഒരു മനുഷ്യന്‍റെ ജീവിതം നമുക്ക് ഉദാഹരണമായെടുക്കാം. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അതിനെ കുഞ്ഞേ എന്നോ മോളേ എന്നോ അല്ലെങ്കില്‍ മോനേ എന്നോ വിളീയ്ക്കുന്നു. കുറച്ചു കൂടി കഴിയുമ്പോള്‍ ആ കുഞ്ഞിന്‌ ഒരു പേരിടുന്നു. അതേ കുഞ്ഞിനെ അച്ഛന്‍ വിളീക്കുന്നത് ഒരു പേരിലാകാം, അമ്മ വിളീക്കുന്നത് മറ്റൊരു പേരിലും. അങ്ങനെ ആ കുട്ടി പല പേരില്‍ വിളീക്കപ്പെടുന്നു. ആ കുഞ്ഞ് വളര്‍ന്ന് വിവാഹം കഴിയുമ്പോള്‍ ഭാര്യ വിളീയ്ക്കുന്നത് മറ്റൊന്നാകും. പിന്നെ അഛനാകും, അപ്പൂപ്പനാകും. അപ്പോഴെല്ലാം ഓരോരുത്തരും വിളിക്കുന്നത് വ്യത്യസ്ഥമാകും. എന്നു കരുതി ആ വ്യക്തി മാറുന്നുണ്ടോ? പേരുകള്‍ മാറുന്നുണ്ടാകാം, രൂപം മാറുന്നുണ്ടാകാം; പക്ഷേ ആ വ്യക്തി ഒന്നുതന്നെയല്ലേ? ഇതു തന്നെയല്ലേ ഈ ബഹുദൈവമെന്ന് പറയുന്നതിലും സംഭവിക്കുന്നത്?

പിന്നെ ശാസ്ത്രം മാത്രമേ വിശ്വസിക്കൂ എന്ന് പറയുന്നു. ആ പറയുന്നവര്‍ ഒരു പുനര്‍ വിചിന്തനം നടത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഭൂമിയില്‍ എന്താണ്‌ ആദ്യമുണ്ടായത് എന്ന് ഏതു ശാസ്ത്രമാണ്‌ തെളിയിച്ചിട്ടുള്ളത്? മനുഷ്യന്‍ എങ്ങനെയുണ്ടായി? ആരില്‍ നിന്നുണ്ടായി? നമ്മുടെ പൂര്‍‌വ്വികര്‍ വാനരന്‍‌മാരായിരിന്നു എന്ന് ശാസ്ത്രം പറയുന്നു. എങ്കില്‍ പറയൂ ഈ വാനരന്‍‌മാര്‍ എങ്ങനെയുണ്ടായി? എവിടെ നിന്നുണ്ടായി? പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും എവിടെ നിന്നുണ്ടായി? എവിടെയാണതിന്‍റെ ഉത്പ്പത്തി? ആരില്‍ നിന്നാണതിന്‍റെ ആരംഭം? ഏതു ശാസ്ത്രമാണത് തെളിയിച്ചിട്ടുള്ളത്? അങ്ങനെ തെളിയിക്കാത്ത ഏതൊക്കെ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുന്നു?

മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ അവന്‍ ശാസ്ത്ര സത്യം തേടി പോകാറില്ല. അമ്മ പറയുന്നവനാണവന്‍റെ അച്ഛന്‍. അതല്ലതെ ഈ പറയുന്നവരില്‍ എത്ര പേര്‍ തന്‍റെ പിതൃത്വം തെളിയിച്ചിട്ടുണ്ട്? അപ്പോള്‍ അമ്മ പറയുന്നതാണവന്‌ വിശ്വാസം. അതാണ്‌ തെളിവ്. കോടതികളില്‍ പോലും അമ്മയുടെ വാക്കാണ്‌ സത്യം. സ്വന്തം ഭാര്യയുടെ കുട്ടി സ്വന്തം കുട്ടിയാകുന്നത് ആ ഭാര്യ ഇത് തന്‍റെ കുട്ടിയാണെന്ന് പറയുമ്പോഴാണ്‌. അല്ലാതെ തെളിയിച്ച എത്രപേര്‍ ഉണ്ട്? അപ്പോള്‍ അവിടെ ഭാര്യയുടെ വാക്കാണ്‌ വിശ്വാസം. അവിടെ നമുക്ക് ശാസ്ത്രം വേണ്ട. വിശ്വാസം മാത്രം മതി. എന്തുകൊണ്ട്?

ഇന്നു കാണൂന്ന സന്യാസിമാരില്‍ നിന്നും മതത്തിന്‍റെ നാലുകെട്ടിനുള്ളീല്‍ നിന്നും പുറത്തു വന്ന് ദൈവത്തെ പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കൂ. അപ്പോഴറിയാം ആ അപരിമിതനായ ശക്തിയുടെ ചൈതന്യം. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളേക്കാളേറെ തെളിയിക്കപ്പെടാത്ത വിശ്വാസങ്ങളാണെന്ന് മനസ്സിലാകും. ശബരിമലയിലെ മകര വിളക്ക് മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിയിക്കാം, അവിടെ പറക്കുന്ന കൃഷ്ണ പരുന്ത് ആ കാട്ടിലെ മരത്തിന്‍റെ മുകളില്‍ നിന്നോ ഏതെങ്കിലും കെട്ടിടത്തിന്‍റെ മുകളില്‍ നിന്നോ പറത്തി വിടൂന്നതാണെന്ന് തെളിയിക്കാം, അല്ലെങ്കില്‍ അത് റിമോട്ടിനാല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്ന് തെളിയിക്കാം. പക്ഷേ അതിനോക്കെ അപ്പുറത്ത് ആ ക്ഷേത്രം കൊണ്ട് പൊതുജനങ്ങള്‍ക്കുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് ചിന്തിക്കണം.

നാം ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളൂടേയും പിറകേ പോകാതെ, മതങ്ങളൂടെ പിറകെ പോകാതെ അതിന്‍റെ അന്ത:സത്ത മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒരാള്‍ക്ക് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചത് കൊണ്ട് അയാളൂടെ കാര്യസാദ്ധ്യം നടക്കുന്നു എങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? ഒരാള്‍ക്ക് ദൈവവിശ്വാസം ആശ്വാസം നല്‍കുന്നെങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? ഒരാള്‍ക്ക് ശാരീരികവും മാനസികവും ആയ സന്തോഷം ദൈവ വിശ്വാസത്തിലൂടെ ലഭിക്കുന്നുണ്ടെങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? പിന്നെ നമ്മള്‍ എന്താണ്‌ ചെയ്യേണ്ടത്? വിശ്വാസത്തിന്‍റെ പേരില്‍ മുതലെടുപ്പു നടത്തുന്നവരെ, അതേതു മതസ്ഥരും ആയിക്കൊള്ളട്ടെ, അവരെ ഒറ്റപ്പെടുത്തുക. അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയും അവിശ്വാസികളേയും ഒരുപോലെ ചൂഷണം ചെയ്യുകയാണ്‌. അവരെ കൊണ്ട് ഈ സമൂഹത്തിനെന്താണ്‌ പ്രയോജനം? അവരെ എതിര്‍ക്കേണ്ടതിനു പകരം ദൈവമാണീ കാണുന്ന സര്‍‌‌വ്വ ദുരിതങ്ങള്‍ക്കും കാരണം എന്നു പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ വയ്യ. ദൈവത്തെ എതിര്‍ക്കാന്‍ ചിലവഴിക്കുന്ന സമയത്തിന്‍റെ പത്തിലൊരു സമയം അതേ ദൈവത്തെ അറിയാന്‍ ശ്രമിക്കൂ. അപ്പോള്‍ നമുക്ക് നമ്മുടെ അമ്മയുടേയും സ്വന്തം ഭാര്യയുടേയും മുന്നില്‍ ജനിതക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇതല്ലേ എന്‍റെ അച്ഛന്‍, ഈ കുട്ടിയുടെ അച്ഛന്‍ ഞാനല്ലേ എന്ന് ചോദിക്കേണ്ട ആ അവസ്ഥ ഒഴിവാക്കാം. നമുക്ക് നമ്മുടെ അമ്മയുടെ വാക്കിനെ ശാസ്തത്തിന്‍റെ തെളിവ് കൊണ്ടല്ലാതെ ആ വാക്കുകളില്‍ കൂടി വിശ്വസിക്കാം.

ഞയാറാഴ്ച.

ഞയാറാഴ്ച. അവധിയുടെ ആലസ്യത്തിലമര്‍ന്നു കിടക്കുമ്പോഴും അയാളുടെ ഓര്‍മ്മയില്‍ അവളായിരിന്നു. അവള്‍ വരില്ലേ? കാണാന്‍ എങ്ങനെയിരിക്കും? വെളുത്തിട്ടാകുമോ? അതോ........?? ഏയ്, അങ്ങനെയാകാന്‍ വഴിയില്ല. നല്ല മുടിയുണ്ടാകുമോ? ഇല്ല, ഉറക്കം എങ്ങോ പോയിരിക്കുന്നു. ഇനി കിടന്നിട്ടും കാര്യമില്ല. എണീറ്റ് പെട്ടെന്നു തന്നെ തയ്യാറാകണം. ഇനി താമസിച്ചിട്ടാണ്‌ കാണാന്‍ പറ്റാതെ പോയതെന്ന് പറയരുതല്ലോ? എന്നും പോകുന്ന ബസ് കിട്ടിയാല്‍ കുഴപ്പമില്ല. സമയത്തു തന്നെ അവിടെ എത്താം. പതിവിലും നേരത്തേ ബസ് സ്റ്റാന്‍റിലെത്തി. സമയം പോകുന്നില്ലേ, അതോ വാച്ച് ഓടുന്നില്ലേ? ബസ്സിലിരിക്കുമ്പോഴും അവളെപ്പറ്റി മാത്രമായിരിന്നു ഓര്‍മ്മ. അതിനിടയിലെപ്പോഴോ ആ ചെറു മയക്കം കടന്നു വന്നത് അറിഞ്ഞില്ല.


ഒരു ഞെട്ടലിലാണ്‌ കണ്ണു തുറന്നത്, ദൈവമേ, ഞാന്‍ ബസ്സിലല്ലേ? അവള്‍... അവളെ കാണണ്ടേ.... ഇല്ല, ബസ്സ് അനങ്ങുന്നില്ലല്ലോ? എന്തേ, എവിടെയെങ്കിലും നിര്‍ത്തിയിട്ടിരിക്കുകയാണോ? പതുക്കെ പതുക്കെ കണ്മുന്നില്‍ രൂപങ്ങള്‍ വ്യക്തമായി തുടങ്ങി. ബസ്സിലല്ല, എവിടെയോ കിടക്കുകയാണ്‌ താന്‍. മുകളീല്‍ പങ്ക നല്ല വേഗതയില്‍ കറങ്ങുന്നുണ്ട്. ആരൊക്കെയോ ചുറ്റുമിരുന്ന് ശബ്ദം താഴ്ത്തി കാര്യം പറയുന്നുണ്ട്. ഒരു വെളുത്ത രൂപം അടുത്തേയ്ക്ക് വരുന്നുണ്ട്. മുഖം വ്യക്തമല്ല. കയ്യിലേക്ക് തുളച്ചു കയറുന്ന ആ സൂചിയുടെ വേദനയ്ക്കൊപ്പം അയാള്‍ വീണ്ടും ഉറക്കത്തിന്‍റെ ആഴക്കടലിലേക്ക് ഊളിയിടുകയായി......

Monday, August 22, 2011

ഇരുട്ടിലെ ഓര്‍മ്മകള്‍.

ആദ്യമായ് കൈപിടിച്ചു നടത്തിയ
അമ്മയെയിന്നെനിക്കോര്‍മ്മയുണ്ട്.
ആദ്യമായൊരു നല്ല പെന്‍സില്‍ തന്ന-
യെന്‍റെയച്ഛനെയിന്നെനിക്കോര്‍മ്മയുണ്ട്.
ആദ്യമായരിയില്‍ ഹരിശ്രയെഴുതിച്ച
ഗുരുവിനെയന്നെനിക്കോര്‍മ്മയുണ്ട്.
ആദ്യമായ്‌ സ്കൂളിലേക്കൊരുമിച്ചു നട-
ന്നൊരാ കളിക്കൂട്ടുകാരിയേ ഓര്‍മ്മയുണ്ട്.
ആദ്യമായ് ഒരുതുണ്ടു കടലാസിലെഴുതിയ
പ്രണയത്തിന്‍ വരികളെനിക്കോര്‍മ്മയുണ്ട്.
ആദ്യമായ് നല്‍കിയ മധുചുംബനത്തിന്‍റെ
കോരിത്തരിപ്പെനിക്കോര്‍മ്മയുണ്ട്.
ആദ്യമായ് ഞങ്ങളൊന്നായ് മാറിയ
മധുവിധുരാവെനിക്കോര്‍മ്മയുണ്ട്.
ആദ്യമായച്ഛായെന്നു വിളിച്ചൊരു കൊച്ചു-
കുഞ്ഞിന്‍റെ മുഖമെനിക്കോര്‍മ്മയുണ്ട്.
ആദ്യമായപ്പൂപ്പായെന്നു വിളിച്ചൊരാ
കുഞ്ഞിന്‍റെമുഖവുമെനിക്കോര്‍മ്മയുണ്ട്.

പക്ഷേ,

ആദ്യമായെന്നെയെതിര്‍ത്തൊരാ
മക്കള്‍ മുഖമെനിക്കോര്‍മ്മയില്ല.
അച്ചടി താളില്‍ കൈവിരല്‍ പതിപ്പിച്ച
മക്കളേയുമെനിക്കിന്നോര്‍മ്മയില്ല.
കൂരിരുള്‍ മുറിയിലെ അഴികളിലേക്കെനെ
ബന്ധിച്ച മക്കളെയിന്നെനിക്കോര്‍മ്മയില്ല.
കൂരിരുള്‍ മുറിയിലെന്നോര്‍മ്മകള്‍ തിളയ്ക്കുന്നു
ഇരുട്ടിനെ കൊല്ലുന്ന കിരണം പോലെ.


ആദ്യമായെന്നെ പുണര്‍ന്നു കിടന്നൊരാ
കുഞ്ഞു കൈകളെനിക്കിന്നോര്‍മ്മയുണ്ട്.
ആദ്യമായെന്‍ വിരലെണ്ണി പഠിച്ചൊരാ
കുഞ്ഞു മുഖമെനിക്കിന്നോര്‍മ്മയുണ്ട്.

Sunday, July 10, 2011

കണ്ടുമുട്ടല്‍.

ആ തീവണ്ടി മുറിയില്‍ ഇരുന്നിട്ട് മണീക്കൂറുകള്‍ ആകുന്നു. പോകാനുള്ള തീരുമാനം പെട്ടെന്നായതു കൊണ്ട് ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ടി. എത്ര ബുദ്ധിമുട്ടിയാലും ഈ യാത്ര മാറ്റി വയ്ക്കാന്‍ കഴിയില്ലല്ലൊ? ആദ്യമായി അവനെ നേരിട്ട് കാണാന്‍ പോകുകയല്ലേ? അതും അവനറിയാതെ? യഥാര്‍ത്ഥത്തില്‍ എത്രയോ നാളായി അവനെ പരിചപ്പെട്ടിട്ട്? നേരിട്ട് കണ്ടീട്ടില്ല എങ്കിലും എല്ലാ കാര്യങ്ങളൂം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. മനസ്സിനൊരു വിഷമം വന്നാല്‍ ആദ്യം ഓര്‍ക്കുക അവനെയാണ്‌. വിളിച്ചാല്‍ മനസ്സിനൊരു സമാധാനമാണ്‌. അവന്‍റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും അവന്‌ യാതൊരുവിധ വിഷമങ്ങളും ഇല്ലെന്ന്.ഇത്രയും നാളിനിടയില്‍ ഒരിക്കല്‍ പോലും അങ്ങനെ ഒരു വിഷമം അവനുണ്ടെന്ന് തോന്നിയിട്ടില്ല. എപ്പോള്‍ വിളിച്ചാലും സന്തോഷത്തോടെ, ചുറുചുറുക്കോടെ മാത്രം കാര്യം പറയുന്ന അവനോട് തനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. കുറേ നാളായി കാണാം.. കാണാം.. എന്നു പറയുന്നു. അവസാന നിമിഷത്തില്‍ അവന്‍ എന്തെങ്കിലും ഒഴികിഴിവുകള്‍ പറയും. എന്തായാലും ഇത്തവണ അവന്‍ രക്ഷപെടില്ല. ഇന്നലെ വിളിച്ചപ്പോഴാണ്‌ പറഞ്ഞത്; ഇനി രണ്ട് മൂന്ന് ദിവസം ഓണ്‍ലൈനില്‍ കാണില്ല, ഒരു യാത്ര പോകുന്നു. പിന്നീടാണറിഞ്ഞത്, നാളെ ഉച്ചയ്ക്ക് എറണാകുളത്തു നിന്നും പോകുന്നുവെന്നും ട്രയിന്‍ ഡീറ്റയില്‍സും അറിഞ്ഞത്. അപ്പോഴാണ്‌ തോന്നിയത്, അവന്‍ അറിയാതെ അവനെ കണ്ടാലോ? അങ്ങനെ തോന്നിയ ആ ഭ്രാന്തന്‍ ചിന്തയുടെ ഫലമാണ്‌ ഈ യാത്ര. ഇപ്പോഴും മനസ്സില്‍ ഒരു സംശയം കിടക്കുന്നു; ഇത്തവണയും അവന്‍ പറ്റിക്കുമോ?

ട്രയിന്‍ എറണാകുളം സ്റ്റേഷനോടടുക്കുന്നു. മനസ്സില്‍ അനാവശ്യമായ ഒരു പേടി. അവനെ കണ്ടാലും അങ്ങോട്ടു ചെന്ന് പരിചപ്പെടില്ല. എങ്ങനെ തിരിച്ച് പെരുമാറും എന്നു പറയാന്‍ പറ്റില്ലല്ലൊ? ഒറ്റ നോട്ടത്തില്‍ തന്നെ അവനെ തിരിച്ചറിയാനുള്ള ഒരു രൂപം അവന്‍ അയച്ചു തന്ന ഫോട്ടോകളില്‍ കൂടി മനസ്സില്‍ ഉണ്ട്. എന്തിനെന്നറിയില്ല്; എങ്കിലും അവനെ നേരിട്ട് കാണണം എന്ന് മനസ്സു പറയുന്നു. ഒന്നും സംസാരിക്കെണ്ട, പക്ഷേ കാണണം. ട്രയിന്‍ സ്റ്റേഷനില്‍ എത്തി ഒരു ചെറു കുലുക്കത്തോടെ നിന്നു. അവന്‍ തന്ന വിവരം വച്ച് തൊട്ടടുത്ത കമ്പാര്‍ട്ട്മെന്‍റിലാണ്‌ അവന്‍റെ സീറ്റ്. സീറ്റ് നമ്പര്‍ എട്ട്. സൈഡ് സീറ്റാണ്‌. പുറത്തിറങ്ങി നിന്നാല്‍ കാണാം. മനസ്സില്‍ ഒരു വിങ്ങല്‍. നോട്ടം ആ സൈഡ് സീറ്റിലേക്ക് നീങ്ങി പോകുന്നു. ആളുകള്‍ കയറുന്നു; പക്ഷേ അവന്‍..? ഇത്തവണയും അവന്‍ പറ്റിച്ചോ? എന്തോ, പെട്ടെന്ന് ദേഷ്യമാണ്‌ മനസ്സിലേക്ക് വന്നത്. ഇനി കാണുമ്പോള്‍ അവനെ രണ്ട് തെറി വിളിക്കണം. അല്ലെങ്കില്‍ എന്തിനാ അവനെ വെറുതേ തെറി വിളിക്കുന്നത്‌, അവന്‍ പറഞ്ഞോ ഇങ്ങോട്ട് വരാന്‍. വെറുതേ ഓരോ പ്രാന്ത്. അല്ലാതെന്താ...

ദൂരെ നിന്നും ഒരു വീല്‍ചെയര്‍ ഒരുട്ടി കൊണ്ട് രണ്ട് പേര്‍ വരുന്നുണ്ട്. വഴി അല്പം മാറി നിന്നു. പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനുമാണ്‌. വീല്‍ചെയറിലിരിക്കുന്നത് അവരുടെ മകനാണെന്ന് തോന്നുന്നു. ആദ്യം നോക്കിയത് ആ തളര്‍ന്നിരിക്കുന്ന ആ കാലുകളിലേക്കാണ്‌. മൊബൈല്‍ ഫോണിന്‍റെ ബെല്ലടിക്കുന്ന ശബ്ദമാണ്‌ ആ നോട്ടത്തില്‍ നിന്നും മനസ്സിനെ മാറ്റിയത്. അമ്മയാണ്‌ വിളിക്കുന്നത്. എന്തോ, പെട്ടെന്നൊന്നും സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോഴേക്കും ആ വീല്‍ചെയറും കൂടെ ആ പ്രായം ചെന്നവരും ട്രയിനില്‍ കയറി കഴിഞ്ഞിരുന്നു. വീല്‍ചെയറില്‍ ഇരിക്കുന്ന ആ ചെറുപ്പക്കാരനെ സീറ്റിലേക്ക് ഇരുത്താനുള്ള ശ്രമത്തിലാണവര്‍. പെട്ടെന്നാണത് കണ്ടത്... ആ സീറ്റ്..... അത് അവന്‍റേതല്ലേ....... മനസ്സില്‍ ഒരു വെള്ളിടി വെട്ടി... ദൈവമേ.... ഇത്..... ആ മനസ്സിലെ രൂപവും ഇതു ഒരാളല്ലേ? ഒരിക്കലും ഇത് അവനാകില്ല. ഇങ്ങനെയുള്ള ഒരാള്‍ക്കും അവനേ പോലെ അത്ര സന്തോഷത്തോടെ സംസാരിക്കാന്‍ കഴിയില്ല. സ്വന്തമയി ഇത്രയും വലിയ ദു:ഖമുള്ള ഒരാള്‍ക്കും മറ്റൊരാളുടെ മനസ്സിന്‌ അത്രയും ആശ്വാസം നല്‍കാന്‍ കഴിയില്ല... ദൈവമെ... ഇത് അവനായിരിക്കരുതേ.....

ട്രയിന്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്‌. അകലെ നിന്നും ഒരു പച്ച കൊടി ഇളകുന്നു. ട്രയിന്‌ ജീവന്‍ വച്ചിരിക്കുന്നു. പതുക്കെ പതുക്കെ അത് മുന്നോട്ട്.... ഒരു ബീപ് ശബ്ദം... മെസേജാണ്‌. ദൈവമേ.. ഇത് അവന്‍റെ മെസേജാണല്ലോ? ഞാന്‍ യാത്ര മാറ്റി ചച്ചിരിക്കുന്നു എന്നൊരു മെസേജാകുമോ അതില്‍? ഒരു തിടുക്കത്തിലാണ്‌ മെസേജ് ഓപ്പണ്‍ ചെയ്തത്. ഞാന്‍ എന്‍റെ യാത്ര തുടങ്ങിയിരിക്കുന്നു. ട്രയിന്‍ ആദ്യമായി സമയ നിഷ്ഠപാലിച്ചിരിക്കുന്നു. ഇനി മൂന്നു ദിവസം കഴിഞ്ഞ് കാണാം. അതുവരെ എന്നെ ഓര്‍ക്കുക. എന്ന് ഒരു നല്ല സുഹൃത്ത്.

അത് വായിച്ചിട്ട് എന്തു ചെയ്യണമെന്നറിയാതെ അവള്‍ ആ കസേരയിലേക്ക് തളര്‍ന്നിരുന്നു.

Thursday, July 07, 2011

ഓര്‍മ്മകള്‍.

രാവിലെ എഴുന്നേറ്റപ്പോള്‍ നേരം വൈകി. എങ്ങനെ വൈകാതിരിക്കും. ഇന്നലെ കിടന്നപ്പോള്‍ സമയം എത്രയായി. അപ്പോഴാണോര്‍ത്തത്, അവളെവിടെ? മുറിയില്‍ കാണാനില്ലല്ലൊ? അവളാരാണെന്നല്ലേ?

അത് മറ്റൊരു കഥയാണ്‌.

ഇന്നലെ ശനിയാഴ്ചയായതു കാരണം ഓഫീസില്‍ നിന്നും വന്നപ്പോള്‍ തന്നെ വൈകി. വരുന്നവഴി തന്നെ അവധി ദിവസം ആഘോഷിക്കാനുള്ള സാധനവും വാങ്ങി. മുറിയില്‍ വന്ന് അതില്‍ നിന്നും രണ്ട് പെഗ്ഗെടുത്ത് വീശി. പുറത്ത് ചെറിയ മഴയുണ്ടെന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ്‌ ആരോ വാതിലില്‍ മൃദുവായി തട്ടിയത്. ആരായിരിക്കും ഈ സമയത്ത്? കുപ്പി പകുതിയോളം തീര്‍ന്നിരിക്കുന്നു. അത് ആ കട്ടിലിനടിയിലേക്ക് നീക്കി വച്ച് വാതില്‍ തുറന്നു. ഇത് അവളല്ലേ? ആ റോഡ് സൈഡില്‍ വച്ച് സ്ഥിരം കാണാറുള്ളവള്‍. അവളെന്താ ഇവിടെ? ഒരു ഞെട്ടലോടെ പുറത്തേയ്ക്കു നോക്കുമ്പോള്‍ അവളെ കാണ്മാനില്ല. തോന്നലായിരുന്നോ? കതകടച്ച് തിരിഞ്ഞ് മുറിയിലേക്ക് നോക്കിയപ്പോള്‍ അവള്‍ ദേ ആ കട്ടിലില്‍ ഇരിക്കുന്നു. ദൈവമേ, ഇത്‌ കരുതി കൂട്ടിയാണല്ലൊ? മനസ്സിലൊരു കത്തല്‍. പക്ഷേ അവളുടെ കണ്ണുകളില്‍ എന്തോ തിളങ്ങുന്നു. പെട്ടെന്നാണ്‌ അവള്‍ എന്‍റെ കാല്‍ക്കലേയ്ക്ക് വീണത്. ഒരു പൊട്ടിക്കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു. സാറെന്നെ എന്തു വേണമെങ്കിലും ചെയ്തോ; പക്ഷേ എനിക്ക് കുറച്ച് പൈസ തന്ന് സഹായിക്കണം. കുഞ്ഞിന്‌ സുഖമില്ല, മരുന്ന് വാങ്ങണം. ചോദിക്കാന്‍ മറ്റാരും ഇല്ലെനിക്ക്. ഉപേക്ഷിക്കരുത്.


പെട്ടെന്ന് എന്‍റെ മനസ്സിലേയ്ക്ക് കടന്നു വന്നത് തിന്മ ചെയ്യാനുള്ള പ്രേരണയാണ്‌. കാല്‍ക്കല്‍ നിന്നും അവളെ പിടിച്ചുയര്‍ത്തി നെഞ്ചോട് ചേര്‍ക്കുമ്പോള്‍ അവളുടെ ശരീരത്തില്‍ ഒരു വിറയലുണ്ടായിരുന്നു. അവളുടെ മുഖത്തേയ്ക്ക് എന്‍റെ മുഖം അടുപ്പിക്കുമ്പോഴാണ്‌ എനിക്കൊരു കുഞ്ഞിന്‍റെ മുഖം ഓര്‍മ്മ വന്നത്. "അച്ഛാ.... അച്ഛാ....".. പെട്ടെന്ന് അവളെ ഞാന്‍ തള്ളീ മാറ്റി. ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു അപ്പോള്‍. അവളുടെ മുഖത്ത് ഞെട്ടലാണോ അതോ അശ്വാസമാണോ? അറിയില്ലെനിക്ക്. അപ്പോഴും ആ "അച്ഛാ.... അച്ഛാ...." വിളി എന്‍റെ കാതുകളീല്‍ മുഴങ്ങുന്നുണ്ടായിരുന്നു. അത് എന്‍റെ കുഞ്ഞു മോളൂടെ ശബ്ദമല്ലേ. എന്നെ ഏകനാക്കി കടന്നു പോയ എന്‍റെ പൊന്നു മോളുടെ ശബ്ദം. എന്‍റെ കിതപ്പേറി. കഴിയുന്നില്ല ആ ഓര്‍മ്മകളീല്‍ നിന്നും രക്ഷപെടാന്‍. അതെന്നെ വേട്ടയാടുകയാണ്‌. പെട്ടെന്ന് ഞാന്‍ ആ കട്ടിലിനടിയില്‍ വച്ചിരുന്ന കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി; ആ ഓര്‍മ്മകളില്‍ നിന്നും ഓടിയൊളീക്കാനെന്ന പോലെ. തലയിലാകെ ഒരുതരം പെരുപ്പ്. കണ്ണുകള്‍ അടഞ്ഞു വരുന്നു. ഇനിയൊന്നുറങ്ങണം. എല്ലാം മറന്നൊന്നുറങ്ങണം. കട്ടിലില്‍ കിടന്ന പുതപ്പെടുത്ത് അവള്‍ക്കു നേരെ നീട്ടി. കിടന്നുറങ്ങിക്കോ, രാവിലെ പോകാം. പെട്ടെന്നാണ്‌ ഞാന്‍ ഓര്‍ത്തത്; അവള്‍ക്ക് പൈസ വേണമെന്നല്ലേ പറഞ്ഞത്? ഇട്ടിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും നൂറിന്‍റെ ഏതാനും നോട്ടുകള്‍ അവള്‍ക്കു നേരേ നീട്ടി. അവളെന്നെ തന്നെ തുറിച്ചു നോക്കുകയാണ്‌. അവള്‍ക്കൊന്നും മനസ്സിലാകുന്നില്ല.

ആ നോട്ടുകള്‍ അവള്‍ക്കു നേരേ വലിച്ചെറിഞ്ഞിട്ട് കട്ടിലിലേക്ക് മറിഞ്ഞതാണ്‌. പിന്നെ ഇപ്പോഴാണ്‌ കണ്ണു തുറക്കുന്നത്. ആ അവള്‍ എവിടെ? പോയോ? ഇപ്പോഴും അവളുടെ തലയിലിരുന്ന ആ മുല്ലപ്പുവിന്‍റെ ഗന്ധം മുറിയില്‍ തങ്ങി നില്‍ക്കുന്നു. മേശപ്പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കുറേ നൂറിന്‍റെ നോട്ടുകള്‍ ആ വാച്ചിനടിയില്‍ വച്ചിരിക്കുന്നു. അവളെടുത്തില്ലേ അ പൈസ? അപ്പോള്‍ അവളൂടെ കുഞ്ഞ്?? അടുക്കളയില്‍ ഏതോ പാത്രം എവിടെയോ തട്ടിയ ശബ്ദം. അവിടെയാരാ ഇപ്പോള്‍? നോക്കുമ്പോള്‍ ഒരു കപ്പില്‍ കട്ടന്‍ ചായയുമായി അവള്‍ നില്‍ക്കുന്നു. മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം. കപ്പ് മേശപ്പുറത്തു വച്ചിട്ട് അവള്‍ ആ പൈസയെടുത്തു. ഇത് എനിക്കര്‍ഹതപ്പെട്ടതല്ലായെന്നെനിക്കറിയാം. എങ്കിലും ഞാനിതെടുക്കുകയാണ്‌. കഴിയുമെങ്കില്‍ എന്നെങ്കിലും തിരിച്ചു തരാം. നിവൃത്തികേടുകൊണ്ടാണ്‌. ക്ഷമിക്കണം. അത്രയും പറഞ്ഞ് അവള്‍ പുറത്തേയ്ക്ക് നടന്നു പോയി. എന്തു പറയണമെന്നറിയാതെ ഞാന്‍ ആ വതിലിലേയ്ക്ക് നോക്കി ഇരുന്നു പോയി. അപ്പോഴും ആ കപ്പിലെ ചായയില്‍ നിന്നും ചൂട് പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു.

Thursday, January 13, 2011

"മരുന്നിന്‍റെ" ശക്തി.

ഇന്നലെ രാത്രിയിലാണ്‌ നാട്ടില്‍ നിന്നും ചേട്ടന്‍റെ ഫോണ്‍ വന്നത്. ഏകദേശം പത്തുമണിയോളമായിട്ടുണ്ടാകും. നാലു ദിവസത്തെ ടൂറും കഴിഞ്ഞ്, പുണ്യസ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ച്, രണ്ടു ദിവസം മുന്‍പാണ്‌ കുടുംബത്തോടൊപ്പം ചേട്ടന്‍ വീട്ടില്‍ എത്തിയത്. വന്നതിന്‍റെ അന്നു തന്നെ ചേട്ടനും ചേട്ടത്തിയ്ക്കും പണി കിട്ടി. കിട്ടിയ പുണ്യമെല്ലാം കുറച്ച് നേരത്തേയ്ക്കെങ്കിലും പാപമായി തോന്നിയ സമയം. കാരണമെന്താണെന്നല്ലേ? ചേട്ടന്‍റെ അമ്മായി അപ്പന്‍, അതായത് ചേട്ടത്തിയുടെ അച്ഛനാണ്‌ കഥയിലെ ഹീറോ. ഹീറോയെന്നോ വില്ലനെന്നോ നിങ്ങള്‍ക്ക് വിളിയ്ക്കാം.

ഇനി കാര്യത്തിലേയ്ക്ക് കടക്കാം.

ചേട്ടനും കുടുംബവും തിരികെയെത്തിയ രാത്രിയില്‍ അമ്മായിയപ്പന്‌ അസുഖം. എന്താണെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ പുള്ളിക്കാരന്‍ കണ്ണു തുറക്കുന്നില്ല, ഒന്നും സംസാരിക്കുന്നില്ല, ഒന്നും കഴിക്കുന്നുമില്ല. പേരിനു വേണ്ടി ശ്വാസം വിടുന്നതു കൊണ്ട് ആള്‍ക്ക് ജീവനുണ്ടെന്ന് അവര്‍ ഉറപ്പിക്കുകയും ആ ഉറപ്പിന്മേല്‍ അവര്‍ നിലവിളിച്ച് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്ക്കുകയും ചെയ്തില്ല. നേരേ ആശുപത്രിയിലേയ്ക്ക്. ചേട്ടന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ശവശരീരം എങ്ങനെയാണൊ ആംബുലന്‍സിലേയ്ക്ക് കയറ്റുന്നത് അതേ പ്രതീതിയായിരിന്നു അപ്പോള്‍. രണ്ടു ദിവസം കിടത്തിയപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് മനസ്സിലായി വെറുതെയാണ്‌ തന്‍റെ പരിശ്രമമെന്ന്. പിന്നീട്‌ ചെയ്യാവുന്ന ഏക കാര്യം മറ്റുള്ള ഡോക്ടര്‍മാരെ പോലെ അദ്ദേഹവും ചെയ്തു. ഏറ്റവും അടുത്ത ബന്ധുക്കാരോട്, മുഖത്ത് ദു:ഖഭാവം വന്നെന്ന് ഉറപ്പിച്ച ശേഷം, പറഞ്ഞു: കൂടുതല്‍ പ്രതീക്ഷ വേണ്ട. ഇനി വീട്ടിലേയ്ക്ക് കൊണ്ടൂ പോകാം. എല്ലാവരേയും അറിയിക്കുകയുമാകാം. ഡോക്ടറുടെ കണ്ണൂകള്‍ നിറഞ്ഞിരുന്നോ എന്ന് ഇപ്പോഴും ചേട്ടന്‌ സംശയം.

അമ്മായിയപ്പനെ വീട്ടില്‍ കൊണ്ടൂ വന്നു. ബന്ധുക്കാര്‍ വന്നും പോയുമിരുന്നു. പലരുടേയും മുഖത്ത് "ഇതെപ്പോള്‍ സംഭവിക്കും" എന്ന ഒരു സംശയം തളംകെട്ടി കിടന്നിരുന്നു. അപ്പോഴാണ്‌ ഇതിന്‍റെ തലക്കെട്ടിലെ "മരുന്ന്" ഇവിടേയ്ക്ക് പ്രവേശിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് സംഭവം സീരിയസായി. അമ്മായിയപ്പന്‍റെ അടുത്ത് മക്കളും മരുമക്കളും മാത്രം. എല്ലാവര്‍ക്കും തോന്നി ഇതവസാനത്തെ ചലനമാണെന്ന്. ചേട്ടനു തോന്നി, മരിക്കാന്‍ പോകുന്നയാള്‍ക്ക് ഒരുരുള ചോറ് ഒടുക്കാന്‍. ചേട്ടന്‍ അടുക്കളയില്‍ ചെന്നു. കലത്തില്‍ ചോറിരിക്കുന്നു. എന്തോ കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരു പാത്രത്തില്‍ അല്പ്പം ചോറെടുത്തു. കറിയെടുക്കണൊ വേണ്ടയോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ്‌ അലമാരയില്‍ ഇരിക്കുന്ന ഒരു കുപ്പി കണ്ടത്. XXX RUM. ഐഡിയ... കള്ളുകുടിയനായ അമ്മായിയപ്പന്‌ ഇതിലും വലുത് എന്ത് നല്‍കാന്‍ കഴിയും ഒരു മരുമകന്‌. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ചോറിലേയ്ക്ക് ഒരു "അറുപത്" ഒഴിച്ച് ഇളക്കി നേരെ അമ്മായിയപ്പന്‍റെ അടുത്തേയ്ക്ക്. അടുത്തു നിന്ന എല്ലാവര്‍ക്കും ചേട്ടനോട് ഒരുതരം ആദരം. മരിക്കാന്‍ പോകുന്നയാള്‍ക്ക് അവസാനമായി ആഹാരം കൊടുക്കാന്‍ പോകുക്കയല്ലേ? രണ്ട്‌ ഉരുള ചോറ് അകത്തു ചെന്നതും അമ്മായിയപ്പന്‍റെ ശ്വാസഗതി കൂടിക്കൂടി വന്നു. ഒരു മിനിട്ട്. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അമ്മായിയപ്പന്‍ ചാടി എഴുന്നേറ്റു. മോനേ..... വാക്കുകള്‍ക്ക് ഒരു വഴുവഴുക്കം. അസുഖം മൂലമാണെന്ന് മറ്റുള്ളവര്‍ കരുതി. എന്നാലും ഇത്രപെട്ടെന്ന്....... എല്ലാവരുടേയും മനസ്സില്‍ അതായിരിന്നു ഉയര്‍ന്നു വന്ന ചോദ്യചിഹ്നം...

എന്തായാലും എല്ലാവര്‍ക്കും സന്തോഷമായി. പിന്നീട് ഓരോരുത്തരായി പിരിച്ചു പൊയ്കൊണ്ടിരുന്നു. രാത്രിയായി. ദൂരെ നിന്ന ചേട്ടനെ അമ്മായിയപ്പന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി അടുത്തേയ്ക്ക് വിളിച്ചിട്ടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു; ദാഹിക്കുന്നു, ഒരല്പ്പം വെള്ളം വേണം. അടുത്തു നിന്ന മക്കള്‍ക്കെല്ലാം സംശയം. തങ്ങളോടാരോടും പറയാതെ......... ?? മരുന്ന് ഫലം കണ്ട ഡോക്ടര്‍ക്ക് എന്ത് സംശയം. നേരേ അടുക്കളയിലേയ്ക്ക്. ഒരു ഗ്ലാസ്സെടുത്തു. വീണ്ടും ഒരു അറുപത്. അല്പ്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു. ഒറ്റവലിയ്ക്ക് അത് അമ്മായിയപ്പന്‍റെ ഉള്ളിലേയ്ക്ക്...

കഥാവസാനം: ഇന്നു രാവിലെ ചേട്ടന്‍റെ ഫോണ്‍ വീണ്ടും വന്നു. അമ്മായിയപ്പന്‍ സുഖമായിരിക്കുന്നു.