Tuesday, October 11, 2011

അച്ഛന്‍റെ ഉറക്കം.

നിനക്കെങ്ങനെയുറങ്ങാന്‍ കഴിയുന്നു
ലവലേശം ചലിക്കാതെ, മിഴികളനക്കാതെ.
നീ ഇന്നലെ തന്നയാ പായസം കഴിച്ചില്ല;
രാവിലെ കഴിക്കുവാന്‍ മാറ്റിവച്ചിട്ടുണ്ട്.
കണ്ണീരോടിന്നലെ നീ അതു കഴിച്ചതും;
കഴിക്കാനായെന്നെ  നിര്‍ബന്ധിച്ചതും.
എന്തുകൊണ്ടാണെന്നറിയില്ലയപ്പോഴും
കണ്ണുനീരരുവികള്‍ ഒഴുകിയിരുന്നല്ലോ.
നിന്‍റെ ഹൃദയമിടിപ്പിന്‍റെ പെരുമ്പറ കേട്ടെന്‍റെ
ആ ചെറുമയക്കവും എങ്ങോ പൊയ്പ്പോയി.
പിന്നെയിടയ്ക്കൊന്നു മയങ്ങാന്‍ തുടങ്ങവേ
ഞെട്ടിയുണര്‍ന്നു നിന്‍ ദന്താക്രോശത്താല്‍.
ദു:സ്വപ്നം കണ്ട് നീ പേടിച്ചതാകുമോ; അതോ
എന്നെ കളിപ്പിക്കാന്‍ നീതന്നെ ചെയ്തതോ?
പിന്നെ ഞാനൊന്നുമറിഞ്ഞില്ലുറങ്ങിപ്പോയ്;
നിന്‍ മാറില്‍ മുഖം ചേര്‍ത്തങ്ങനെ കിടന്നു ഞാന്‍.
അച്ഛാ, എണീല്‍ക്കുക ഇന്നെന്‍റെ പിറന്നാള്‌;
നീ തന്ന പായസം കള്ളിപ്പൂച്ച കുടിച്ചു പോയ്.
എന്താണെന്നറിയില്ല, ആ പൂച്ചയുമുറങ്ങുന്നു;
ലവലേശം ചലിക്കാതെ, മിഴികളനക്കാതെ.