Wednesday, April 25, 2012

അര്‍ദ്ധവിരാമം.

ഞാനൊരര്‍ദ്ധവിരാമം,


പൂര്‍ണ്ണമല്ലാത്ത ഒന്ന്.

പൂര്‍ണ്ണതയ്ക്കുമ-

പൂര്‍ണ്ണതയ്ക്കുമിടയില്‍

കോമയെന്ന തടസ്സം മാത്രം.




കാഴ്ചക്കപ്പുറത്തേയ്ക്ക്

രൂപം മാഞ്ഞപ്പോള്‍

ഓര്‍മ്മകള്‍ക്കിടയിലൊരു കോമയി-

ട്ടവളെന്നെയകറ്റി നിര്‍ത്തി.

കേള്‍‌വിക്കുള്ളിലാ ശബ്മുണ്ടായിട്ടും

ഞാനിന്നുമൊരപൂര്‍ണ്ണന്‍.




പട്ടുടയാടയുടുത്തവള്‍ നില്‍ക്കുന്നു,

പരിമളം പടര്‍ത്തും വിദേശഗന്ധം.

പക്ഷേയാ നിഴലിനു പോലുമാ

വാടിയ മുല്ലപ്പൂമണം;

ആരെയോ കാത്തിരിക്കുന്നൊരു

വേശ്യയെപ്പോല്‍.

അവളുമപൂര്‍ണ്ണയാണാ കാത്തിരിപ്പില്‍,

പൂര്‍ണ്ണതയ്ക്കായാ കോമയെ മാറ്റണം.




ഞാനൊരര്‍ദ്ധവിരാമം,

അവസാനിക്കുന്നതിനു

തൊട്ടുമുന്‍പുള്ളത്.

എന്‍റെ കോമയെ നിനക്കെടുക്കാം,

അങ്ങനെ നിനക്കെന്നെയവസാനിപ്പിക്കാം.