Sunday, July 14, 2013

പിന്‍‌നടത്തം.

മരത്തില്‍ നിന്നും 
ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു,
അടരാന്‍ മറന്ന കായ 
ഉണങ്ങിക്കരിഞ്ഞിരിക്കുന്നു.

ഇന്നലെകളിലെ പച്ചപ്പില്‍ 
തണല്‍ ചായാനെത്തിയവര്‍; 
ഇല കൊഴിയുമ്പോലെ കാറ്റില്‍
എങ്ങോ പറന്ന് പോയവര്‍.

ഉണങ്ങിയ കൊമ്പൊടിയുന്നുണ്ട്,
നിശബ്ദരോദനത്തിന്‍
അലകളിലുലയുന്നുണ്ടൊരു
പച്ചപ്പ് പുതച്ചിരുന്ന കൊമ്പ്.

അടിവേരുകളില്‍ കത്തിയുരയുന്നു,
കരയാന്‍ കണ്ണീരോ
കളയാന്‍ രക്തമോയില്ലാതെ
നിസംഗനാകുന്നു തായ്ത്തടി.

കൈ-കാല്‍ വെട്ടി വികലാംഗനാക്കാതെ
ഹൃദയമെടുത്തിട്ടൊരു കല്ലാക്കാതെ
കൊല്ലാനാ കഴുത്തില്‍ വെട്ടുക,
എന്‍റെ പിന്‍‌നടത്തം നീ കാണാതിരിക്കുവാന്‍.

മാതൃ "ദിനം"

വൃദ്ധസദനത്തിനുള്ളിലാരോ 
തേങ്ങുന്നുണ്ട്; 
ഉണങ്ങിപ്പിടിച്ച കണ്ണുനീര്‍ 
തുടച്ചുമാറ്റുന്നുണ്ട്.

കൈയ്യില്‍ വാടിക്കൊഴിഞ്ഞ പൂവും 
അരികില്‍ അഴിക്കാത്ത പൊതിയും 
പിന്നെയൊരു വര്‍ണ്ണാഭമായ
മാതൃദിനാശംസാ കാര്‍ഡും.

മകന്‍റെ സമ്മാനമാണമ്മയ്ക്ക്;
അവകാശപ്പെടാത്ത സ്നേഹത്തിന്‌,
വെറുക്കാനാകാത്ത മനസ്സിന്‌,
ജീവിതം നല്‍കി വളര്‍ത്തിയതിന്‌.,.

ഈ പൂവിലല്‍‌പ്പം
സ്നേഹമുണ്ടായിരുന്നെങ്കില്‍;
ആ പൊതിയിലല്‍‌പ്പം
ജീവിതമുണ്ടായിരുന്നെങ്കില്‍;
ആ കാര്‍ഡില്‍
ഒരു മുഖം തെളിഞ്ഞെങ്കില്‍..

ആഗ്രഹം.

എനിക്ക് സ്വന്തമായിട്ടൊരു 
ചിത്രം വേണം, 
വെളിച്ചത്തില്‍ നിഴലോ 
ഇരുട്ടില്‍ കറുപ്പോ ആകാത്തത്. 

എനിക്കൊരു മുഖം വേണം; 
കണ്ണാടിയില്‍ നോക്കുമ്പോള്‍ 
എന്നെ നോക്കാത്തത്,
കൂടെ കരയാത്തത്, പിന്നെ
കൂടെ ചിരിക്കാത്തത്.

എനിക്കായോര്‍മ്മകള്‍ വേണം;
കുത്തിനോവിക്കാത്തത്,
കണ്ണു നിറയിക്കാത്തത്, പിന്നെ
ഒന്നുമോര്‍മ്മിപ്പിക്കാത്തത്.

എനിക്ക് ഞാനാകണം;
നിഴലോ മുഖമോ
ഓര്‍മ്മകളോയില്ലാത്ത
വെറുമൊരു മനുഷ്യന്‍.,.

കാഴ്ചകള്‍

വിടരും മുന്‍പേ 
കൊഴിച്ച് കളഞ്ഞിട്ട് 
മാതൃത്വമോതുന്ന 
നവലോകയമ്മമാര്‍. 

വിടര്‍ന്നൊരാ പൂവിന്‍റെ 
സൗന്ദര്യം കണ്ടവര്‍ 
പിച്ചിയെടുക്കുന്നുന്നു
തലയില്‍ ചൂടുവാന്‍.

ജീവിച്ചിരുന്നപ്പോള്‍
സ്നേഹിച്ച് വഞ്ചിച്ച്
പാതിവൃത്യത്തിന്‍
കഥകള്‍ ചൊല്ലുന്നവര്‍.

നേരേ ചിരിച്ചിട്ട്
പിന്നില്‍ കുത്തിയി-
ട്ടോടി മറയുന്ന
പുതു സൗഹൃദങ്ങളും.

ഇന്നിന്‍റെ കാഴ്ചകള്‍
കണ്ടു മടുത്തു,
കണ്ണടയല്ലെന്‍റെ
കണ്ണൊന്നു മാറ്റണം.

അവള്‍.

ഒരവധിക്കാലം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ ഞാന്‍.,. പക്ഷേ എന്തുകൊണ്ടോ മനസ്സില്‍ തിരമാലകളാഞ്ഞടിക്കുന്നുണ്ട്. ഇതുവരെയുള്ള ഒരു യാത്രയിലും ഉണ്ടായിട്ടില്ലാത്ത ഒരുതരം വീര്‍പ്പു മുട്ടല്‍.,. 

അവസാനത്തെ കൂടിക്കാഴ്ചയില്‍ നീ എനിക്ക് സമ്മാനിച്ചതെന്താണ്‌? ഞാനാഗ്രഹിച്ചിരുന്ന നിന്‍റെ സ്നേഹമോ അതോ നിന്നെ തന്നെയോ? ഒന്നെനിക്കറിയാം, ഞാന്‍ അസ്വസ്ഥനായിരിന്നു ആ അവസാന ബസ്സില്‍ കയറുമ്പോള്‍.,. ഇരുട്ടിനെ കൂറിമുറിച്ച്, ആ ചിന്നം പിന്നം പെയ്യുന്ന മഴയില്‍ കൂടി മുന്നോട്ടു കുതിയ്ക്കുന്ന ആ ബസ്സിന്‍റെ പിന്‍‌കാഴ്ചയില്‍ എനിക്ക് കാണാമായിരിന്നു തളര്‍ച്ചയോടെ വിട പറയുന്ന നിന്‍റെ കൈകള്‍.,. മനസ്സിനെ പിറകോട്ട് പിടിച്ച് വലിക്കുന്ന, പോകരുതേയെന്നെന്നോട് പറയുന്ന ആ കൈകള്‍.,. കാഴ്ചകള്‍ പിറകിലേക്കാക്കി ആ ബസ്സിനോടൊപ്പം ഞാനും പോകുകയായിരിന്നു. പക്ഷേ അപ്പോഴും എങ്ങോട്ടും പോകാതെ ഒരു നേര്‍ത്ത സുഖമുള്ള നൊമ്പരമായി നീ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നല്ലോ.,

നമ്മള്‍ എന്താണിങ്ങനെ? ഒരുപാട് തവണ ചിന്തിച്ച കാര്യം. പക്ഷേ ഒരിക്കല്‍ പോലും ഉത്തരം കിട്ടിയിട്ടില്ലല്ലോ. ഒരുപക്ഷേ നമ്മുടെ ചിന്ത, വാക്കുകള്‍, ജീവിതം എല്ലാം ഒരേ പോലെയായതു കൊണ്ടാകാം. ഒരുപക്ഷേ ഇന്നലെകളില്‍ നാം ഒന്നായിരുന്നിരിക്കാം. ഏതോ ഇടവപ്പാതിയിലെ പെരും‌ംമഴയില്‍ ഒറ്റപ്പെട്ടു പോയവരാകാം. സ്നേഹമെന്ന തണല്‍ നഷ്ടപ്പെട്ടവരാകാം. സങ്കടവും വേദനയും പഠിപ്പിച്ചവരെ പോലും സ്നേഹിച്ചിരുന്നവരാകാം.

ഒറ്റപ്പെടലിന്‍റെ കൂട്ടില്‍ നിന്നും, സ്നേഹം തുളുമ്പുന്ന ഒരു ജീവിതം ആരാണാഗ്രഹിക്കാത്തത്. ഞാനും നീയും അത് ആഗ്രഹിച്ചിട്ടുണ്ടാവാം. ഇനി നമുക്കിടയില്‍ ഒറ്റപ്പെടലുകളില്ല, എനിക്ക് നീയും, നിനക്ക് ഞാനും. നമുക്ക് നമ്മുടേതായൊരു ലോകം. ഒറ്റപ്പെടുത്താനും അനാഥമെന്ന ചിന്തയിലേക്ക് തള്ളിയിടാനും ആരുമില്ലാത്ത; പരസ്പ്പരം സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ഒന്നാകാനുള്ള ഒരു ചെറുലോകം. അവിടെ സദാചാരവാദികളോ, എന്തിനേയും തെറ്റെന്ന രീതിയില്‍ മാത്രം നോക്കുന്ന സമൂഹമോ, വിലക്കപ്പെട്ട കനിയൊ ഇല്ല; അവിടെ നമ്മള്‍ മാത്രം.

പുനര്‍‌ജന്മം എന്നൊന്നുണ്ടോ? അറിയില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ എനിക്ക് ഇതേ ഞാനായും, നീ ഇപ്പോഴുള്ള നീയായും ജനിക്കണം. ഈ ജന്മത്തില്‍ ഒന്നാകാന്‍ കഴിയാതിരുന്ന നമുക്ക് അവിടെ ഒന്നാകണം. അതുവരെ നമുക്കിങ്ങനെ ജീവിക്കാം; പരിഭവങ്ങളും പരാതികളും; അതിനുമപ്പുറം പരസ്പ്പര സ്നേഹവും ഉള്ള, അക്ഷരങ്ങളെ കവിതകളാക്കി മാറ്റി, കവിതയെ ജീവിതമാക്കി മാറ്റി നമുക്ക് പ്രണയിക്കാം; ഇന്നും നാളെയും ഇനിയുള്ള ജന്മങ്ങളും.

ഈ യാത്ര അവസാനിക്കാറാകുന്നു. ഇനി അക്കങ്ങളുടെ വേലിയേറ്റ ഭൂമിയിലേക്കുള്ള കാല്‍‌വയ്പ്പാണ്‌.,. കൊണ്ടും കൊടുത്തും സ്വന്തമാക്കാക്കേണ്ട അക്കങ്ങള്‍.,. ഒന്നെനിക്കറിയാം; അപ്പോഴും നീയായിരിക്കും എന്‍റെ മനസ്സില്‍, ഒരു തേങ്ങലായ്, തലോടലായ്, കുളിരായ്, സ്നേഹമായ് പിന്നെ ഈ ഞാന്‍ തന്നെയായ്.....

മരം

ഞാനൊരു മരം നടുന്നു, 
എനിക്കും നിനക്കും, പിന്നെ 
ജനിക്കാനിരിക്കുന്നയോരോ 
പുതു ജീവനും വേണ്ടി.

ഞാനൊരു മരം നടുന്നു,
ശ്വസിക്കാന്‍ വായു കിട്ടാത്ത;
കാണാന്‍ പച്ചപ്പില്ലാത്തൊരു
നാളെയെ ഇല്ലാതാക്കുവാന്‍.

ഞാനൊരു മരം നടുന്നു,
വെയിലില്‍ തളര്‍ന്നു വീഴുമ്പോള്‍
ദേഹം ചുട്ടുപൊള്ളുമ്പോള്‍
നാളേയ്ക്കൊരു തണലാകുവാന്‍.

ഞാനൊരു മരം നടുന്നു,
എന്നേപ്പോലെ, നിന്നേപ്പോലെ
നമ്മുടെ കുട്ടികള്‍, ശ്വാസം
കിട്ടാതെ മരിക്കാതിരിക്കുവാന്‍

ഞാനൊരു മരം നടുന്നു,
ഇന്നലെയിവിടിങ്ങനെ
ഒരു മരമുണ്ടായിരുന്നെന്ന്
നാളെയെന്‍റെ മകളോട് പറയുവാന്‍

ഞാനൊരു മരം നടുന്നു,
വാടിക്കരിയാതെ,
വെട്ടിയരിയാതെ
സ്നേഹിച്ചു വളര്‍ത്തുവാന്‍.

ഓര്‍മ്മ.

ഇന്നലെകളില്‍ കൂടി 
നിന്നോടൊപ്പം നടക്കണം, 
പിന്നെ ഇന്നിന്‍റെ 
പടിപ്പുരയില്‍ നില്‍ക്കണം 
അത്താഴപഷ്ണിക്കാര്‍ക്കിയി-
ലിരുന്നൊരുരുള ചോറു തിന്നണം. 

എന്‍റെ കണ്ണീരിന്‍ നനവുള്ള,
സ്നേഹത്തിന്‍ കുളിരുള്ള
നേര്‍ത്ത സ്പന്ദനത്തിന്‍
പേജുകള്‍ മറിയ്ക്കണം
അതിലെ നിന്‍റെ പ്രണയത്തിന്‍
അക്ഷരങ്ങള്‍ കാണണം.

ഓര്‍മ്മകള്‍ നഷ്ടമാകുമ്പോള്‍
ഞാനില്ലാതെയാകണം,
നീയില്ലാതെ,
നിന്നോര്‍മ്മകളില്ലാതെ
ജീവശ്ചവമായ്
ജീവിക്കുന്നതെന്തിന്‌?

പെണ്ണ്.

ഞാനൊരു പെണ്ണ്,
പതിനാറു തികഞ്ഞവള്‍; 
കല്യാണപ്രായമായവള്‍ 
ഞാനിന്നാരെ വരിക്കണം?

സമ്മതമില്ലെങ്കിലും
ബലമായി
ഭോഗിക്കപ്പെട്ടവള്‍,
ആരാദ്യമെന്നോര്‍മ്മയില്ല,
എത്രപേരെന്നുമോര്‍മ്മയില്ല
എങ്കിലുമൊന്നറിയാം,
ഞാനെല്ലാം നഷ്ടമായവള്‍.

രതിയുടെ ഉത്തുംഗത്തില്‍
ഒരു നിമിഷം ഞാന്‍ ലയിച്ചിരിക്കാം;
പിന്നെയബോധത്തിന്നിരുട്ടില്‍
അവരെ കെട്ടിപ്പുണര്‍ന്നിരിക്കാം.

നീതിന്യായമേ നീ പറയുക,
മതമേലാളന്മാരെ പറയുക,
ഇനി ഞാനാരേ വരിക്കണം,
വീണ്ടുമൊരു ഭാരതം രചിക്കുവാന്‍
ഞാനൊരു പാഞ്ചാലിയാകണോ?

ഈയാംപാറ്റകള്‍

ഇന്നലെകളിലെ വരണ്ട മണ്ണില്‍ 
മഴ പെയ്യുന്നു; 
ചെറിയ മൂളിപ്പാട്ടോടെ വെള്ളം 
മണ്ണിലേക്കൂര്‍ന്നിറങ്ങുന്നു.

പുതുമണ്ണിന്‍റെ ഗന്ധം നിറയുന്നു
ഈയലുകള്‍ പറന്നുയരുന്നു;
പിന്നെ മുനിഞ്ഞു കത്തുന്ന
മണ്ണണ്ണെ വിളക്കിനെ ചുംബിച്ച്
മണ്ണിലേക്ക് ചേരുന്നു.

മഴ പെയ്തൊഴിയുകയാണ്‌,
തൊടിയിലും മുറ്റത്തും
പോയ മഴയുടെ ഓര്‍മ്മകളായി
വെള്ളം കെട്ടിക്കിടക്കുന്നു.

വിളക്കിലെണ്ണ തീരാറാകുന്നു,
ഓര്‍മ്മയ്ക്കായ് കുറേ
ചിറകുകള്‍ ശേഷിപ്പിച്ച്
മണ്ണിലേക്ക് വീണ ഈയാപാറ്റകളെ
മഴയെടുത്തിരിക്കുന്നു.

പ്രകൃതി സ്നേഹി

ഏതോ പുഴയുടെ 
കരച്ചില്‍ കേള്‍ക്കാം; 
ആരോ ബലമായി 
മണലൂറ്റുകയാകും. 

ഏതോ തരുവിന്‍റെ
രോദനം കേള്‍ക്കാം;
വെട്ടി മുറിച്ച്, പുതു
വീട് വയ്ക്കുകയാകാം.

പ്രളയമുണ്ടാകുമ്പോള്‍
പ്രകൃതിയെ ശപിക്കാം;
ചൂടിലുരുകുമ്പോള്‍
സൂര്യനെ പ്രാകാം.

നമുക്കും മറ്റുള്ളവരേപ്പോലെ
പൊട്ടാന്‍ തുടങ്ങുന്ന
അണക്കെട്ടില്‍ ചൂണ്ടയിട്ട്
മീനേ പിടിയ്ക്കാം.

നിര്‍ത്താത്ത മഴയില്‍
ഒടുങ്ങാത്ത കാറ്റില്‍
ഒരു ഗ്ലാസ് കള്ളില്‍
നമുക്കഭയം തേടാം.

കാരണം തേടുന്നവന്‍

നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മയില്‍ 
മദ്യക്കുപ്പിയെ പ്രണയിക്കുന്നവന്‍; 
വലിച്ച് വലിച്ച് ചുണ്ടിനെ പൊള്ളിക്കും 
സിഗരറ്റിനെ കൂടെപ്പിറപ്പാക്കിയവന്‍..

അവള്‍ നോക്കാതെ പോയതിന്‌,
ചിരിക്കാതെ, മിണ്ടാതെ; പിന്നെ
തന്നെ പ്രണയിക്കാതെ മറ്റൊരാളുടെ
ഭാര്യയായി പോയതിന്‌.

എനിക്കു നശിക്കണം, അങ്ങനെ
എന്നോടുതന്നെ വാശി തീര്‍ക്കണം.
പുകച്ചുരുളുകള്‍ക്കിടയില്‍
ബോധമില്ലാതെ കിടക്കണം.

നശിക്കാന്‍ കാരണം തേടുന്നവന്‍;
അബോധത്തിന്നുന്മാദത്തില്‍
തട്ടിയ വാതില്‍ തുറക്കുന്ന
പെറ്റമ്മയെ കാണാത്തവന്‍.

കെട്ടിക്കാന്‍ പ്രായമായിട്ടും
പരിഭവമില്ലാതെയടുക്കളയില്‍
പാത്രങ്ങളോട് തല്ലുകൂടുന്ന
കൂടെപ്പിറപ്പിനെ കാണാത്തവന്‍.

വെട്ടിയരിഞ്ഞ പച്ചത്തലപ്പുകള്‍ക്ക്
പകരമൊരു തൈ വയ്ക്കാത്താവന്‍;
അവന് ദു:ഖമാണത്രേ, അവള്‍
തന്നെ നോക്കാതെ പോയതിന്‌.....,....