Wednesday, September 04, 2013

പറിച്ചു നടീല്‍

അകലെയൊരു ഗുല്‍‌മോഹര്‍ 
കാറ്റിലുലയുന്നുണ്ട്; 
പൊഴിഞ്ഞു വീണയിലകളെ നോക്കി 
ഇന്നലെകളെയോര്‍ക്കുന്നുണ്ട്.


കലാലയ വരാന്തകള്‍
ആരേയോ തേടുന്നു;
സ്നേഹത്തിന്‍ കൈയ്യൊപ്പുമായ്
ഉരുളന്‍ തൂണുകള്‍ തേങ്ങുന്നു.


ഇന്ന് മങ്ങിയ വെളിച്ചത്തില്‍
വലകളുടെ ലോകത്ത്
ഉടുതുണീയുരിഞ്ഞവര്‍
പ്രണയിക്കുന്നു.


നാളെ ആ നീലപ്പല്ലുകളിലൂടെ
കാല-ദേശാന്തരമില്ലാതെ
ആ പ്രണയത്തിന്‍റെ പ്രയാണം;
എവിടെയോ ഫാനിലാടുന്ന കാലുകള്‍.,.


ഇടവഴിയിലെ പച്ചപ്പുകളിലേക്ക്,
ആ ഗുല്‍മോഹര്‍ ചുവട്ടിലേയ്ക്ക്
ഞാനെന്‍റെ പ്രണയത്തെ പറിച്ചു നടാം;
കാറ്റായെങ്കിലും നീയവിടെയുണ്ടാകുമെങ്കില്‍...,..

മടക്കയാത്ര

കൂട്ടങ്ങളില്‍ നിന്നും 
സമയരേഖയിലേക്കുള്ള 
തിരിച്ചുവരവിലാണ്‌ 
അറിഞ്ഞത്,
അതിനിടയിലെപ്പോഴോ
ഞാനേകനായിപ്പോയെന്ന്.


വാക്കുകളും, സ്നേഹ-
ചിഹ്നങ്ങളുമുണ്ടാക്കിയ
ബഹളങ്ങളില്‍ നിന്നും
ഇനി ഞാനീ മൗനത്തിന്‍റെ
വാല്‍മീകത്തിലൊളിയക്കട്ടെ.


അവിടെയിരുന്ന് ഞാനെന്‍റെ
ഇന്നലെകളെപ്പറ്റിയോര്‍ക്കട്ടെ;
ഇന്നിനെപ്പറ്റി ചിന്തിച്ച്
നാളെകളെപറ്റി
ഉത്കഠപ്പെടട്ടെ. 

പായലുകള്‍

പായലുകള്‍ ചില ബിംബങ്ങളാണ്‌; 
അകത്തുള്ളത് പുറത്തുകാട്ടാത്ത, 
മൂടി വയ്ക്കപ്പെട്ട സദാചാരത്തിന്റെ, , 
അശാന്തരായ ചില മനുഷ്യരുടെ.


ശാന്തതയുടെ മൂടുപടമണിഞ്ഞ്
ആഴക്കാഴ്ച്ചകളെ മറച്ച് വച്ച്
അടിയൊഴുക്കിലൂടാരും കാണാതെ
ചില ജീവനുകള്‍ ഒളിപ്പിക്കുന്നവ.


പായാലാണിന്നെവിടെയും;
രാഷ്ട്രീയക്കൊടികളില്‍,
മതങ്ങള്‍ തന്‍ ജിഹ്വയില്‍,
കാഴ്ച പോയ ദൈവങ്ങളില്‍. .


ഇന്ന് വേണ്ടതുരുളുന്ന കല്ലുകള്‍;
മൂടിവയ്ക്കാത്ത, കാഴ്ച മങ്ങാത്ത
അടിയൊഴുക്കില്‍ ഇടറി വീഴാത്ത
പായല്‍ പിടിയ്ക്കാത്ത കല്ലുകള്‍.

വിടവാങ്ങലുകള്‍

ചില വിടവാങ്ങലുകള്‍ അങ്ങനെയാണ്‌, 
ഒന്നും പറയാതെ, ചിരിക്കാതെ 
കണ്ണീര്‍ വരാതെയെങ്ങോട്ടോ 
പോകുന്ന ഭ്രാന്തന്‍ ചിന്തകള്‍ പോലെ.


ചിലത്; ഒന്ന് ഞെട്ടി, തളര്‍ന്ന്,
കരഞ്ഞ് നിലവിളിച്ച്
എല്ലാവരേയുമറിയിച്ച് പോകും.


ഇതുരണ്ടിനുമിടയില്‍
ആരുമറിയാതെ
ആരും കാണാതെ
ഒന്ന് തഴുകി, തലോടി
പിന്നെയൊന്നു ചുംബിച്ച്
കാറ്റായി പോകുന്നവരുണ്ട്.

വിസര്‍ജ്ജിപ്പ്

ചുവരലമാരയിലെ 
നാലാമത്തെ പുസ്തകത്തില്‍ 
ഗുരുദേവന്‍ സമാധിയിലായിരിന്നു. 
തൊട്ടുമുകളിലായി
ചെഗുവേരയിരുന്ന്
ചിരിക്കുന്നുണ്ടായിരിന്നു.

രണ്ടാമത്തെ പുസ്തകത്തില്‍
അര്‍ദ്ധനഗ്നനായൊരപ്പൂപ്പന്‍.,
അഞ്ചാമതിരുന്ന ബുഷിനോട്
വെള്ളക്കാരന്‍റെ വിശേഷം
ചോദിക്കുകയായിരിന്നു.

അടുത്ത നിരയിലെ മണ്ടേല
ആറാമതിരുന്ന ഒബാമയ്ക്ക്
ഹസ്തദാനം നല്കി
കറുത്തവന്‍റെ കരുത്തിനെ പറ്റി
പറഞ്ഞ് ചിരിക്കുന്നുണ്ടായിരിന്നു.

ഇതിനിടയിലെപ്പോഴോ
പാകിസ്ഥാന്‍ ഇന്ത്യയിലേക്ക്
വെടി വയ്ക്കുകയും,
ചൈന നുഴഞ്ഞ്
കയറുകയും ചെയ്തു.

എപ്പോഴോ, മനുഷ്യരേ പോലെ
പൈസയ്ക്ക് വില കുറയുകയും
സവാളെയേപ്പോലെ ഡോളറിന്
വിലകൂടുകയും ചെയ്തു.

ഇതൊന്നുമറിയാതൊരു മഹാകവി
കാശുകൊടുത്തവരെ കൂതറയാക്കി
മുഖപുസ്തകത്തെ കക്കൂസാക്കി
കവിത വിസര്‍ജ്ജിക്കുന്നുണ്ടായിരിന്നു.

വിലയില്ലാത്തവര്‍.

ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങളുടെ, 
നെടുവീര്‍പ്പുകളുടെ, 
നഷ്ടസ്വപ്നങ്ങളുടെ 
കൂടാരമാകുന്ന വീടുകള്‍.


രൂപയുടെ വിലിയിടിവും
ഉള്ളിയുടെ വിലക്കയറ്റവും
ചര്‍ച്ച ചെയ്തത്
നാട്ടിലേയ്ക്ക് പണമയക്കാന്‍
ചെന്നപ്പോഴാണ്‌.


വിലയില്ലാതെ, കഥയില്ലാതെ
വീട്ടില്‍ ചുമയ്ക്കുന്നുണ്ടൊരു രൂപം.
ഡോളറില്‍ നിന്നും രൂപയിലേക്ക്
തരം‌താഴ്ന്നു പോയ രൂപം.


വിലയിടിവിനേപ്പറ്റിയും
വിലക്കയറ്റത്തേപ്പറ്റിയും
ചര്‍ച്ച ചെയ്യുമ്പോള്‍
നാം മറക്കാതിരിക്കുക;
ആ വീട്ടില്‍ നമ്മളാല്‍
വിലയില്ലാതാക്കപ്പെട്ടൊരു
കാവല്‍‌പ്പട്ടി ഞരങ്ങുന്നുണ്ടെന്ന്.

നേതാവ്.

അച്ഛനില്ലാതെയൊരു 
കുഞ്ഞു കരയുന്നു; 
ഭിത്തിയിലിരുന്നച്ഛന്‍ 
ചിരിക്കുന്നു. 


നാല്‍ക്കവലയിലെ
പ്രതിമയ്ക്ക് താഴെ
അഴുകി തുടങ്ങിയ
രക്തഹാരങ്ങള്‍.,.
പ്രതിമയെ തിരിച്ചറിയാന്‍
വെട്ടേറ്റു കിടക്കുന്നവന്‍റെ
ബഹുവര്‍ണ്ണ പോസ്റ്റര്‍..,.


അപ്പുറത്തെ നാല്‍ക്കവലയില്‍
നേതാവിന്‍റെ ചാരിത്ര്യപ്രസംഗം.
എണ്ണിയും എണ്ണാതെയും
വെട്ടി കൊന്നവരുടെ
കണക്കെടുക്കാതെ
ഗാസയിലെയക്രമത്തെ
അപലപിക്കുന്നവന്‍., .


അവനൊരു യാത്രയിലാണ്‌;
നാളത്തെ പ്രതിമയ്ക്ക് വേണ്ടി,
മറ്റൊരു കുട്ടിയ്ക്കച്ഛനില്ലാതാക്കി
ബഹുവര്‍ണ്ണ പോസ്റ്ററടിക്കാനുള്ള
വിശ്രമമില്ലാത്ത യാത്രയില്‍.,.

രാത്രി വണ്ടികള്‍

രാത്രി വണ്ടികള്‍ 
പൊതുവേ നിര്‍ത്താറില്ല. 
നിര്‍ത്തണമെങ്കില്‍ കുറഞ്ഞത് 
സാരിയോ ചുരിദാറോ- 
യെങ്കിലും കാണണം.


തലയില്‍ തുണിമൂടി നടക്കണം
പെണ്ണെന്ന് തിരിച്ചറിയരുതാരും.


വീട്ടിലിപ്പോള്‍ പവര്‍കട്ടായിരിക്കും;
മണ്ണെണ്ണ വിളക്കിന്‍ ചുവട്ടില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടാകുമവന്‍.,.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ടാകും.


പെട്ടെന്ന് വീടെത്തണം,
കൈയ്യിലെ എണ്ണപ്പലഹാരം
കനച്ചു തുടങ്ങിക്കാണും;
കാത്തിരുന്നവനുറങ്ങിക്കാണുമോ?
ദൂരെ നിന്നൊരു വണ്ടി വരുന്നുണ്ട്,
റബ്ബര്‍ തറയില്‍ ഉരയുന്ന ശബ്ദം.


പിറ്റേന്ന് വൈകിട്ടാ ഓടയില്‍
നിന്നാണാരൂപം കണ്ടെടുത്തത്.
മുറിയുടെ നടുവിലെ
വാഴയിലയില്‍ കിടക്കുമ്പോഴും
എവിടെനിന്നൊക്കെയോ
രക്തമൊലിക്കുന്നുണ്ടായിരിന്നു.


അപ്പോഴുമവിടെ പവര്‍കട്ടായിരിന്നു,
തേങ്ങാവിളക്കിലെ തീയില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടവന്‍.;.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ട്.