Sunday, April 12, 2009

ഈസ്റ്റര്‍.

മനുഷ്യനായ് അവതരിച്ചു ഭൂമിയില്‍,
പിന്നെയാ യേശുദേവനും മരിച്ചു വീണു
ആ ഗാഗുല്‍ത്താ മലതന്‍ ഉയരങ്ങളില്‍.
കിടന്നു ദേവനാ കല്ലറയില്‍ മൂന്നു നാള്‍,
വിശ്വാസത്താലുയര്‍ത്തെഴുന്നേറ്റു മൂന്നാംനാള്‍.

നമ്മള്‍ ചെയ്ത പാങ്ങള്‍ക്കായ്
കുരിശിലേറി, ക്രൂശിതനായി.
അനാഥരാം ജനങ്ങള്‍ക്കായ്
സ്വന്തം രക്തം നല്‍കി യേശു.

പകരം നമ്മള്‍ നല്‍കിയാ
ചാട്ടവാറിന്‍ ശീല്‍ക്കാരങ്ങള്‍.
തലയില്‍ വെച്ച മുള്‍ക്കിരീടം,
വാര്‍ന്നെടുത്തു രക്തവര്‍ണ്ണം.
ആ ചമ്മട്ടിതന്‍ ലോഹഗോളങ്ങള്‍
പറിച്ചെടുത്തു പച്ചമാംസങ്ങള്‍.
പിന്നെ ആഞ്ഞടിച്ചു ആണികള്‍
ആ മരക്കുരിശില്‍ ചേര്‍ത്തു വച്ച
യേശുവിന്‍ കൈകാലുകളില്‍
നിഷ്ഠൂരമാം മനുഷ്യര്‍ തന്നെ.

നമുക്കാഘോഷിക്കാം ഈ ഈസ്റ്റര്‍,
സ്നേഹത്തിന്‍ സമാധാനത്തിന്‍ ആശയം
പകരാം, വെറുക്കാം നമുക്ക് ശത്രുതയെ,
പരസ്പ്പരം സ്നേഹിക്കാം, നമുക്ക്
പരസ്പ്പരം സ്നേഹിക്കാം....


Sunday, April 05, 2009

അഭിമുഖം - ശ്രീ എം. കെ. ഖരീം.

"പാഥേയ"ത്തിനു വേണ്ടി മലയാളിയുടെ പ്രീയപ്പെട്ട കഥാകാരനുമായി ഞാന്‍ നടത്തിയ അഭിമുഖം)

എം.കെ. ഖരീം.
ജനനം : 1966 ആഗസ്റ്റ്‌ 15.
സ്ഥലം: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍.
നോവലുകള്‍:
ഗുല്‍മോഹര്‍.
ഗോലുവിന്റ്റെ റേഡിയോ പറയാതെ വിടുന്നത്.
ദുരൈലാല്‍ മദിഭ്രമ ഏടുകള്‍.
മരിച്ചവര്‍ സംസാരിക്കുന്നത്.
പുരുഷ ദേശങ്ങളുടെ ഉടല്‍

നോവലെറ്റുകള്‍:
രാ.
നഗ്ന ചിത്രം.
അലി ഒരു പുനര്‍വായന .

കഥകള്‍:
കോട്ടയം ബസ്സില്‍ ഓ.വി.വിജയന്‍.
ഗാട്ടിനു ശേഷം.
മരണം ചാറി നില്ക്കുന്നു.
ക്രൂരതയുടെ ഫലിത നിഘണ്ടൂ.
സെന്‍സര്‍ കിട്ടാതെ പോയ സിനിമയിലെ ഏതാനും ഭാഗങ്ങള്‍.
വഴിവെട്ടുകാര്‍.
ശ്മശാനം.
അസ്ഥികളുടെ രാജ്യാന്തര യാത്രകള്‍.
ആഗോളീകരണ കാഴ്ചകള്‍.
അഭിരാമി.
ഇരുണ്ട നൂലുകളില്‍.
നരക നിര്‍മ്മിതികള്‍.
സൂര്യന്‍ കരിയുന്നു.

അവാര്‍ഡുകള്‍.
1989 ല്‍ ബീം അവാര്‍ഡ് ചെറുകഥക്ക് .
2007 ല്‍ "മരിച്ചവര്‍ സംസാരിക്കുന്നത് "എന്ന നോവലിന്, അറ്റ്ലസ് കൈരളി അവാര്‍ഡ്.
2008 ല്‍ "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍ "എന്ന നോവലിന് ഓ.വി.വിജയന്‍ സ്മാരക പുരസ്കാരം.
ഇപ്പോള്‍ "രാതെളിമയുടെ കുളമ്പടികള്‍ " എന്ന നോവലിന്റെ പണിപ്പുരയില്‍.

എഴുത്തുകാരുടെ ലോകത്ത് ഒരു കേറിട്ട ശബ്ദം. അതാണ്‌ ശ്രീ എം കെ. ഖരീം. സ്വാതന്ത്ര്യ ദിവസത്തില്‍ പിറന്നതു കൊണ്ടെന്ന് തോന്നിപ്പിക്കുന്ന പോലെ വേറിട്ട സ്വതന്ത്ര ചിന്തകളുടെ, എന്തും പറയാന്‍ ചങ്കുറ്റം കാട്ടുന്ന എഴുത്തുകാരന്‍. അതുകൊണ്ടൊക്കെ തന്നെ കഴിവിനനുച്ചുള്ള അംഗീകാരം അദ്ദേഹത്തിന്‌ ലഭിച്ചുവോ എന്നത് വെറുമൊരു ചോദ്യമായി മാറുന്നു.

തന്‍‌റ്റെ ജീവിത യാത്രയില്‍ കാണുന്ന മുഖങ്ങള്‍, ചിലപ്പോള്‍ തന്‍‌റ്റെ തന്നെ പ്രതി രൂപങ്ങള്‍, താന്‍ കാണുന്ന കാഴ്ചകള്‍ ഒക്കെ കഥാപാത്രങ്ങളായി മാറ്റാനുള്ള അസാധാരണമായ കഴിവു കൊണ്ടാകാം അദ്ദേഹത്തിന്‍‌റ്റെ പല കഥാപാത്രങ്ങളും എല്ലായിപ്പോഴും നമ്മോടൊപ്പം തന്നെ കുടികൊള്ളൂന്നതും. സൂഫിയും ദുരൈലാലും വെറും കഥാപാത്രമായി നമുക്ക് കാണാന്‍ കഴിയാതെ പോകുന്നതും ഇവരില്‍ നമ്മളുടെ ഒക്കെ പ്രതി രൂപങ്ങള്‍ കാണുന്നതു കൊണ്ടു തന്നെയാണ്‌.

നമുക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം...

ഹരി വില്ലൂര്‍ : നമസ്ക്കാരം.

എം.കെ. ഖരീം: നമസ്തേ.

ഹരി വില്ലൂര്‍ : ഞാന്‍ പാഥേയത്തിനു വേണ്ടി ഹരി വില്ലൂര്‍.

എം.കെ. ഖരീം: ഞാന്‍ എം.കെ. ഖരീം.

ഹരി വില്ലൂര്‍ : വിദ്യാഭ്യാസം എവിടെയായിരിന്നു?

എം.കെ. ഖരീം: എറണാകുളം ജില്ലയില്‍.

ഹരി വില്ലൂര്‍ : സ്കൂള്‍, കോളജുകള്‍?

എം.കെ. ഖരീം: സൈന്റ് ജോസഫ് എല്‍. പി. സ്കൂള്‍, തൃക്കാക്കര; എം. എ. എച്ച്. എസ്., കാക്കനാട്; ഐ.ടി.ഐ.കളമശ്ശേരി; കൊച്ചിന്‍ ആര്‍ട്സ് കോളേജ്, എറണാകുളം.

ഹരി വില്ലൂര്‍ : "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". ഇതൊന്ന് വിശദീകരിക്കുമൊ?

എം.കെ. ഖരീം: കച്ചവടക്കാരനായ പിതാവ്. അറിയപ്പെടുന്ന തറവാട്. ബന്ധുക്കളും പരിചയക്കാരും കയറിയിറങ്ങിയത്‌ ഒരു മങ്ങിയ ഓര്‍മയായി എന്നും എന്നിലുണ്ട്‌. കച്ചവടം തകര്‍ന്നതോടെ വീടും സ്ഥലവും വിറ്റത്. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്ന് ആ സഞ്ചാരം ദാരിദ്ര്യത്തിലേക്കുള്ള യാത്ര എന്നറിയാതെ ആ അംബാസിഡര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആവേശത്തോടെ ഇരുന്നത്. പിന്നീടങ്ങോട്ട് ഇല്ലായ്മയുടെയും അവഗണനയുടെയും നാളുകള്‍. അന്നാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത്; തറവാട് മഹിമയിലോ, ബന്ധങ്ങളിലോ അര്‍ത്ഥമില്ലെന്ന്. അക്കാലത്ത് ബന്ധുക്കളുടെ വീടുകളില്‍ കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ നാലാം തരം പൗരനെ പോലെ ഒതുങ്ങി പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നില്‍ വല്ലാത്ത വെറുപ്പും പകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വലിയ ആള്‍ ആകണം എന്നും അന്ന് എന്നെ അവഗണിച്ചവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കണം എന്നും. എന്‍റെ തരക്കാരൊക്കെ നല്ല വസ്ത്രം അണിഞ്ഞ്, നല്ല ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകുക. അവിടെയും ഇല്ലായ്മയുടെ പേരില്‍ അവഗണന. എന്തിനു ഒത്തു പള്ളിയില്‍ പോലും ആ അവഗണന. അതിനിടയില്‍ ഞാന്‍ അറിഞ്ഞത് പണമാണ് എന്നാണ്‌ . ജാതി - മതങ്ങളോ തറവാട്ടു മഹിമയോ അല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നത്.പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ ... തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു. അദ്യം ആ തീവണ്ടിയില്‍ ഒന്ന് കയറിയാല്‍ മതി എന്ന ചിന്ത, പിന്നീടത്‌ ദീര്‍ഘ ദൂര സഞ്ചാരത്തിലേക്ക്... സഞ്ചാരമാണ് മനുഷ്യനെ പരുവപ്പെടുത്തുക. കെട്ടികിടക്കുന്ന ജലത്തില്‍ മാത്രമേ അഴുക്കുണ്ടാകൂ.. അതുകൊണ്ട് ഒഴുകി പരക്കാനുള്ള ആ ആവേശം ഇപ്പോഴും കെടാതെ....

ഹരി വില്ലൂര്‍ : എന്‍‌റ്റെ ചോദ്യം ഇതായിരിന്നു: "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". അതിനെ പറ്റി പറയൂ?

എം.കെ. ഖരീം: ഇരുപത്താറു ദിനങ്ങള്‍ , കടന്നു പോന്ന ആ നാളുകള്‍. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അലകള്‍ കണക്കെ അതെന്നിലേക്ക്. പിതൃവിയോഗംപകര്‍ന്ന ശൂന്യത. ആ ഞായറാഴ്ച, അന്ന് എന്‍റെ വാപ്പ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തണുത്ത കാലുകള്‍. പലവട്ടം ഞാന്‍ അതില്‍ പിടിച്ചു നോക്കി. മടിയില്‍ കിടത്തി അങ്ങിനെ ആ മങ്ങിയ കണ്ണിലേക്കും കാലുകളിലെക്കും നോക്കുമ്പോള്‍ പഴയ ഒരോര്‍മ എന്നിലേക്ക്‌ ഇരമ്പുന്നുണ്ടായിരുന്നു. അന്നെനിക്ക് അഞ്ചു വയസ്സ്. ഒന്നാം ക്ലാസ്സിലേക്ക് ഉമ്മയുടെ കൈ പിടിച്ചു പോയത്. ഓടു മേഞ്ഞ ആ സ്കൂള്‍ വരാന്തയില്‍ കയറുമ്പോഴുണ്ട് എങ്ങു നിന്നോ പാഞ്ഞു വന്ന വാപ്പ. വേഗം വീട് പൂട്ടാനും അടുത്ത വീട്ടില്‍ പൊയ് ഇരിക്കാനും. യാതൊന്നും അറിയാത്ത ആ കാലത്തു ഞാന്‍ കേട്ടത് എന്‍റെ വീട് ജപ്തി ചെയ്യാന്‍ പോലീസുകാര്‍ എത്തുന്നു എന്ന്. കുബേര പുത്രനായി ജനിച്ചു ദാരിദ്രത്തിലേക്ക് എടുത്തെറിഞ്ഞ നാളുകള്‍. പോലീസിന്‍റെ ആ കാക്കി ട്രൌസറും കൂര്‍ത്ത തൊപ്പിയും ഇന്നും എന്നില്‍ ഭീതി വിതച്ചുകൊണ്ട്. വാപ്പയുടെ കാലിലെ തണവു ഉള്‍കൊള്ളൂമ്പോള്‍ ഞാന്‍ ഓര്‍ത്തു ഒരിക്കല്‍ എത്ര വേഗത്തില്‍ സഞ്ചരിച്ച ആള്‍, ഇതാ ഇനി എവിടേയ്ക്കും നടക്കാനാവാതെ എന്‍റെ മടിയില്‍.... ഒരിക്കല്‍ ഞാനും അങ്ങിനെ എത്തുമല്ലോ...

ഹരി വില്ലൂര്‍ : താങ്കളുടെ "ബോംബെ" ജീവിതത്തെ പറ്റി ഒന്നു പറയാമോ?

എം.കെ. ഖരീം: ബോംബെ...ആകാശം മുട്ടെ കുഴലുകള്‍... കൂറ്റന്‍ കെട്ടിടങ്ങള്‍, തേരട്ട കണക്കെ സബര്‍ബന്‍ വണ്ടികള്‍... ബോംബെ... മുംബെയ് എന്ന് പറയാന്‍ വയ്യ. പേരു മാറിയത് കൊണ്ടു പട്ടിണികോലങ്ങളുടെ വിശപ്പ്‌ അടങ്ങില്ലല്ലോ! തീവണ്ടി മുറിയില്‍ വാതില്‍ക്കല്‍ നിന്നു എടുത്താല്‍ പൊങ്ങാത്ത ബാഗുമായി. സ്വപ്നത്തിലേക്കുള്ള കവാടം ആ നഗരത്തില്‍ തുറക്കപ്പെടും. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി , തലേന്നാള്‍ കഴിച്ച ബീഫും പൊറോട്ടയും മലച്ചു കിടക്കുന്ന അയാളുടെ വയറ്റില്‍ കുത്തി മറിയുന്നുണ്ടാവും, ദഹിക്കാതെ.... ആരാന്‍റെ പണം എന്ന് കരുതി വെട്ടി വിഴുങ്ങുകയായിരുന്നില്ലേ. ഏജന്റ്, എല്ലാ ഗള്‍ഫുകാരനും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കഥാപാത്രം. അയാളുടെ കയ്യില്‍ തൂങ്ങിയാണ് കൊച്ചിയില്‍ നിന്നും ഞാന്‍.... ഗള്‍ഫിലേക്ക്....പാളങ്ങള്‍... ഓരത്ത് വെളുപ്പാന്‍ കാലത്തു കുന്തിചിരിക്കുന്നവര്‍. അവരെ മനുഷ്യരായി ലോകം അഗീകരിചില്ലെങ്കിലും... അവരും ഈ ലോകത്തുണ്ട്, നമ്മെ പോലെ വായു ശ്വസിച്ചു... പെട്ടെന്ന് ഓടിക്കയറിയ ശൂന്യത. മടങ്ങിയാലോ! എത്രയോ അകലെയാണ് എന്‍റെ വീട്. ആ കല്‍പ്പൊടി മണം. എന്‍റെ കാല്‍പ്പാടുകള്‍... ചിലപ്പോള്‍ കപ്പലിന്‍റെ സൈറന്‍ മുഴങ്ങുന്ന മറൈന്‍ ഡ്രൈവ്... എനിക്ക് ഗള്‍ഫ് വേണ്ട. തിരിച്ചു പോകുക... ഫ്ലാറ്റ്ഫോമില്‍ കാലു കുത്തുമ്പോള്‍ ഒരു തകര്‍ന്ന ജീവി കണക്കെ. അതെ എന്‍റെ ഭാവി അവിടെയാണ് എഴുതപ്പെടുക എന്നൊരു തോന്നല്‍. ഒരിക്കല്‍ കൂടി ഓര്‍ത്തു പാസ്പോര്‍ട്ടും പണവും.. ഇല്ല ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. മടങ്ങിയാലോ! ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ആരോ കലമ്പല്‍ കൂട്ടി, പോകരുത്, പോകരുത്... ഭയങ്കരമായൊരു പിടിവലി. ആ സഞ്ചാരമാണ്‌ പിന്നീട് " മരിച്ചവര്‍ സംസാരിക്കുന്നത് " എന്ന നോവല്‍ രൂപപ്പെടാന്‍ കാരണം. ബാധ്യതയുടെ ഭാണ്ഡം മുറുക്കി എണ്ണപ്പാടം തേടുന്നവന്‍. അവന്‍റെ സ്വപ്‌നങ്ങള്‍...

ഹരി വില്ലൂര്‍ : ഓണ്‍ ലൈന്‍ രംഗത്ത് എത്തിയിട്ട് എത്ര കാലമാകുന്നു?

എം.കെ. ഖരീം: അഞ്ചു വര്‍ഷത്തിലേറെയായി...

ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന കമ്മ്യൂണിറ്റി തുടങ്ങാന്‍ കാരണം?

എം.കെ. ഖരീം: ഞാന്‍ തുടങ്ങിയതല്ല, മറ്റൊരാള്‍ എന്നെ ഏല്‍പ്പിച്ചതാണ്‌.

ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന ആ കമ്യൂണിറ്റിയുടെ ലക്‌ഷ്യം എന്താണ്‌?

എം.കെ. ഖരീം: പുതിയ എഴുത്തുകാര്‍ക്ക് വഴി തുറക്കുക.

ഹരി വില്ലൂര്‍ : ആ ലക്‌ഷ്യത്തില്‍ എത്ര ശാതമാനത്തോളം വിജയിക്കാന്‍ കഴിഞ്ഞു?

എം.കെ. ഖരീം: ഒട്ടും വിജയിച്ചില്ല. നിരാശാജനകം.

ഹരി വില്ലൂര്‍ : വിശ്വസിക്കുന്ന രാഷ്ട്രിയം.

എം.കെ. ഖരീം: കമ്മ്യൂണിസം.

ഹരി വില്ലൂര്‍ : രാഷ്ട്രീയത്തെ പറ്റി? വിശദമാക്കാമോ?

എം.കെ. ഖരീം: ഞാന്‍ കമ്മ്യൂണിസ്റ്റ്. ഇന്നത്തെ കമ്യൂണിസമല്ല. ഭൂരിപക്ഷ - ന്യൂന പക്ഷമെന്ന വേര്‍തിരിവില്ലാതെ, ജാതി മതങ്ങളുടെ തിണ്ണ നിരങ്ങാത്ത രാഷ്ട്രീയം. ഭരിക്കാന്‍ വേണ്ടിയല്ലാത്ത ജന സേവനം ലക്ഷ്യമാക്കി രാഷ്ട്രീയ കക്ഷികള്‍ വളരുക.

ഹരി വില്ലൂര്‍ : "ഈ തിരഞ്ഞെടുടുപ്പും പതിവ് പോലെ കുതിര കച്ചവടത്തില്‍ ചെന്ന് ചേരും. ദില്ലിയില്‍ അവര്‍ ഇടതു എന്നോ വലതോ എന്നില്ലാതെ ഒത്തു ചേരും. നാം വിഡ്ഢികള്‍. വെറും കീടങ്ങള്‍". ഇതിനെന്താണൊരു പ്രതിവിധി?

എം.കെ. ഖരീം: നാം ഉണരുക. നല്ലത് തിരിച്ചറിയുക. മതങ്ങളുടെ തിണ്ണ നിരങ്ങുന്നവരെ ഒറ്റപ്പെടുത്തുക.

ഹരി വില്ലൂര്‍ : "നമുക്ക് പട്ടിണി മാറുന്നതിനേക്കാള്‍ അത്യാവശ്യം ജാതി മത രാഷ്ട്രീയം കളിക്കുന്ന ഈ കുട്ടി തേവാങ്കുകളെ പടിയടച്ചു പിണ്ഡം വയ്ക്കുകയാണ്." ഇതിനെ പറ്റി?

എം.കെ. ഖരീം: അഴിമതി എങ്ങനെയും സഹിക്കാം. പക്ഷെ ജാതി - മതം കൊണ്ടുള്ള ഈ കളി അവസാനിപ്പിച്ചേ തീരൂ.. നമ്മെ സാമ്രാജ്യത്വത്തിന് പണയം വയ്ക്കുന്നവരെ തൂത്തെറിയുക, നാം ഇന്ത്യാക്കാര്‍. ആ ചിന്തയിലേക്ക് നാം എത്തിയെങ്കിലേ രാജ്യം നന്നാവൂ. കാന്‍സര്‍ പുറ്റുകളായ രാഷ്ട്രീയക്കാരെ അകറ്റുക. പട്ടിണി വന്നാല്‍ എന്തെങ്കിലും കടിച്ചു പറിച്ചു തിന്നു ചുരുണ്ട് കൂടാം. വര്‍ഗീയ കലാപം വന്നാലോ? വര്‍ഗീയ വിഭാഗീയത നമുക്ക് വേണ്ട.

ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയാണ്‌ നമ്മുടെ രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ശാപം. ഇതിനെപറ്റി?

എം.കെ. ഖരീം: ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നമ്മെ അവര്‍ ജാതി - മത കെണികളില്‍ തളച്ചിടുന്നു. പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്ത, ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം തുടരുന്നിടത്തോളം നമുക്ക് രക്ഷയില്ല.

ഹരി വില്ലൂര്‍ : താങ്കളുടെ ഇന്ത്യാ എങ്ങനെയുള്ളതാവണം?

എം.കെ. ഖരീം: ഇന്ത്യ ഒരു കാര്‍ഷീക രാജ്യം. ആ വഴിക്കുള്ള വികസനം ഉണ്ടാവണം. കുറെ പാലങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ ഒക്കെ വന്നാല്‍ വികസനം ആയില്ല. പാലം, റോഡുകള്‍ കൊണ്ടു സ്ഥലങ്ങളെ തമ്മില്‍ അടുപ്പിക്കാം, മനുഷ്യമനസ്സുകള്‍ തമ്മിലോ? എന്‍റെ ഇന്ത്യ എങ്ങിനെ ആകണം?ആദ്യമേ രാഷ്ട്രീയവും മതങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുക. രാഷ്ട്രീയക്കാരന്‍ ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങരുത്. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല. മതപ്രീണനം അവസാനിപ്പിച്ചു ഇന്ത്യക്കാര്‍ ആയി കാണുക. വിദ്യാകച്ചവടം നിര്‍ത്തുക.ഒരേ നിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ കൊടുക്കുക. പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് നിര്‍ബന്ധിത സൈനീക സേവനം. ഒരു വര്‍ഷത്തേക്ക്.... ആ വേളയില്‍ പൊതു സ്ഥലം, പൊതു കക്കൂസ് ഒക്കെ വൃത്തിയാക്കാന്‍ പരിശീലിപ്പിക്കുക. തുടര്‍ന്ന് അഭിരുചിക്കൊത്തു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. അങ്ങിനെ നമുക്കു നല്ല തലമുറയെ വാര്‍ത്തെടുക്കാം. പ്രജകള്‍ നന്നായില്ലെങ്കില്‍ രാജ്യം നന്നാവില്ല.

ഹരി വില്ലൂര്‍ : കേരളത്തെ പറ്റി എന്താണ്‌ താങ്കളുടെ കാഴ്ചപ്പാട്?

എം.കെ. ഖരീം: കേരളം ഇന്നും ഭ്രാന്താലയം. കപടഭക്തി, പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍, അണുകുടുംബങ്ങള്‍.... മാതാ പിതാക്കളെ പോലും തഴഞ്ഞുകൊണ്ട്... മലയാളിയെ പോലെ അഹങ്കാരികള്‍ മറ്റെങ്ങുമില്ല. ലക്ഷങ്ങള്‍ ഒരുമിച്ചു കൈയ്യില്‍ എത്തിയാല്‍ ഈശ്വരനെ പോലും വെല്ലു വിളിക്കും...

ഹരി വില്ലൂര്‍ : നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങള്‍ പലതും വിഴുങ്ങുന്നു എന്ന് താങ്കള്‍ പറയുകയുണ്ടായി. അതായത് "മംഗലാപുരത്ത് നടന്നത് സത്യത്തില്‍ എന്താണ്? ഞാന്‍ അത് ഇങ്ങനെ വായിക്കുന്നു " ലോക സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബി.ജെ.പി സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ അങ്ങിനെ ഒരു സംഭവം കൊണ്ഗ്രസ്സുകാര്‍ ആസൂത്രണം ചെയ്തത് ആയികൂടെ?". അപ്പോള്‍ ഒരു സാധാരണക്കാരന്‍ എന്താണ്‌ വിശ്വസിക്കേണ്ടത്?

എം.കെ. ഖരീം: പത്ര ദൃശ്യ മാധ്യമങ്ങള്‍ ചില അജണ്ടകള്‍ നടപ്പാക്കുന്നു. സാംസ്കാരീക അധിനിവേശം അ‌തുവഴി കടന്നു വരുന്നു. ചില അജണ്ടകള്‍ നടപ്പാക്കുന്നു.

ഹരി വില്ലൂര്‍ : എഴുത്തിലേക്കുള്ള പ്രവേശം എങ്ങനെ ആയിരിന്നു?

എം.കെ. ഖരീം: പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യഥേഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. ഒരു നേരം കഷ്ടിച്ച് ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ അതെല്ലാം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...

ഹരി വില്ലൂര്‍ : താങ്കളുടെ ഗുരു "സഞ്ചാരം" ആണെന്ന് പറയുന്നു. അതിനെ പറ്റി?

എം.കെ. ഖരീം: സഞ്ചാരമാണ് ഗുരു. സഞ്ചാരം മനുഷ്യന്‍ അല്ലാത്തത് കൊണ്ട്. മനുഷ്യന്‍ അഹന്തയുടെ, സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ പര്യായം... പണ്ട് ഏകലവ്യനു തള്ളവിരല്‍ നഷ്ടമായെങ്കില്‍ ഇക്കാലത്ത് തല തന്നെ ഗുരു പിഴുതെടുക്കാം. സഞ്ചാരം അങ്ങനെയല്ലല്ലോ. മാതാ, പിതാ, ഗുരു ദൈവം ... പിതാവ് കാട്ടി തന്ന ഗുരുവിനെ മറികടന്നു ഞാന്‍ സഞ്ചാരം എന്നാ ഗുരുവില്‍ എത്തി ചേര്‍ന്നു. അതാണ്‌ അക്ഷരലോകത്തേക്കുള്ള, എന്തിനു ഈശ്വരനിലേക്കുള്ള പാത വെട്ടുക. പണം എന്താണ്? വെറും കടലാസ്. അത് വേണ്ട എന്നല്ല പറയുന്നത്. കോടി കണക്കിന് ഉറുപ്പിക കയ്യിലുണ്ടെങ്കിലും കാല്‍ തട്ടി ഒന്ന് വീണാല്‍ ആ പണം നമ്മെ രക്ഷിക്കില്ല. തൊണ്ട കുഴിയില്‍ നിന്നും ലേശം വെള്ളം ഇറങ്ങണം എങ്കില്‍ പണം ഉണ്ടായത് കൊണ്ടായില്ല. പണം ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അത് ശരിയായി കാണുമ്പോഴും പണാദിഷ്ടമായ ഒരു ജീവിതം അല്ല എന്റേത്. പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്.

ഹരി വില്ലൂര്‍ : എഴുത്തില്‍ താങ്കള്‍ പിന്തുടരുന്ന ആരെങ്കിലും?

എം.കെ. ഖരീം: എഴുത്തില്‍ മാതൃകകള്‍ ഇല്ല. ഞാന്‍ എന്റെ വഴി വെട്ടുന്നു.

ഹരി വില്ലൂര്‍ : "എഴുത്ത്" എന്നതിനെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?

എം.കെ. ഖരീം: എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്. എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി. അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്. കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...

ഹരി വില്ലൂര്‍ : "എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല. വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല. എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു..." എഴുതാതിരിക്കുക എന്നാല്‍ അത് എന്‍‌റ്റെ മരണമാണെന്ന് താങ്കള്‍ പറഞ്ഞല്ലോ? അതിനെ പറ്റി?

എം.കെ. ഖരീം: എന്തോ...സ്നേഹവും സംഘട്ടനങ്ങളും;വെറുപ്പും വിദ്വേഷവും ആത്യന്തികമായ നിസ്സംഗതയും...കാണാമറയത്തെ ശത്രുവോട് യുദ്ധം. എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല.വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല.എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു...

ഹരി വില്ലൂര്‍ : "എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്". വിശദീകരിക്കാമോ?

എം.കെ. ഖരീം: എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, മറ്റെന്തിന്റെയും ആകട്ടെ സാമ്രാജ്യത്വം മനുഷ്യര്‍ക്ക്‌ മാത്രമല്ല സാഹിത്യത്തിനും എതിരാണ്‌. എല്ലാ യുദ്ധവും, യുദ്ധം നടത്താനുള്ള ഗൂഢാലോചന പോലും എഴുത്തിനെതിരെയുള്ള യുദ്ധമാണ്. എല്ലാ ഗ്യാസ് ചേംബറുകളൂം ശ്വാസം മുട്ടിക്കുന്നത്‌ സാഹിത്യകാരനെയാണ്‌. എല്ലാ തൂക്കുമരങ്ങളും ഞെരിക്കുന്നത്‌ എഴുത്തുകാരന്റെ തുറന്ന കണ്ടനാളത്തെ. ഓരോ ഹിംസയും അനീതിയും ലോകത്ത് പറയുന്ന ഓരോ നുണയും എഴുത്തിനെതിര്...

ഹരി വില്ലൂര്‍ : പ്രണയത്തെ പറ്റി താങ്കള്‍ ഒരുപാടെഴുതിയിട്ടുണ്ട്? താങ്കളുടെ യഥാര്‍ത്ത പ്രണയത്തെ പറ്റി?

എം.കെ. ഖരീം: എന്‍റെ പ്രണയം ഉടലുകളുടെ ആഘോഷമല്ല. ആത്മാവില്‍ ആത്മാവ് കലരുന്നതാണ്‌.

ഹരി വില്ലൂര്‍ : "പാതിരാവിലെ പ്രണയം, നട്ടുച്ചയിലെ പ്രണയം... ഭാവം രണ്ടെങ്കിലും ഒന്നല്ലേ." പ്രണയത്തിന്‌ അങ്ങനെ ഒരു വേര്‍തിരിവുണ്ടോ??

എം.കെ. ഖരീം: പ്രണയത്തിനു വേര്‍തിരിവുണ്ട്. നമ്മുടെ ആഗ്രഹം പോലിരിക്കും അതിന്റെ മാറ്റവും. ഞാന്‍ പ്രണയത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.

ഹരി വില്ലൂര്‍ : "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍" എന്ന നോവലിലെ കുട്ടിയായ ദുരൈലാലില്‍ താങ്കളൂണ്ട്, വള്ളി നിക്കറും ഇട്ടു കളിക്കൂട്ടുകാരിയോടൊപ്പം..." ആ ദുരൈലാലിനേയും ആ കളിക്കൂട്ടുകാരിയേയും പറ്റി ഒന്നു പറയുമോ?

എം.കെ. ഖരീം: എന്‍റെ ബാല്യം, ദാരിദ്ര്യത്തിന്റെ ഏകാന്തതകള്‍. ഒന്നാം ക്ലാസ്സില്‍ ഒറ്റ ബെഞ്ചില്‍ ഇരുന്നു പഠിച്ചവള്‍. ഇന്ന് ആ മുഖമോ പേരോ ഓര്‍മയില്ല. എങ്കിലും ആ ഭാവം, മറക്കാനാവാതെ...

ഹരി വില്ലൂര്‍ : താങ്കളുടെ ഗള്‍ഫ് ജീവിതത്തെ പറ്റിയാണ്‌ "മരിച്ചവര്‍ സംസാരിക്കുന്നത്" എന്ന നോവല്‍ എഴുതിയിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്‌. അതിനെ പറ്റി?

എം.കെ. ഖരീം: പ്രവാസം. ഒരു തരം അസ്ഥി വേവിച്ച് പണം നേടുന്നത്.

ഹരി വില്ലൂര്‍ :"ഉഷണരോഗത്തെരുവില്‍ അലയുമ്പോള്‍
ഒരു കുപ്പി ചാരായത്തില്‍ മയങ്ങി
പ്രതികരണ ശേഷിയില്ലാതെ
കാമിനിയെ, പുസ്തകത്തെയോര്‍ത്ത്..." ഒരു തരം ദു:ഖഭാവം നിഴലിക്കുന്നില്ലേ ഈ വരികളീല്‍?

എം.കെ. ഖരീം: ഉഷ്ണരോഗത്തെരുവ് ... സിനിമയില്‍ ഒക്കെ കണ്ട ആ ഇടം ഒന്നു നേരില്‍ കാണുക. ദാദറില്‍ വണ്ടിയിറങ്ങുമ്പോള്‍ അതായിരുന്നു ചിന്ത. ദാദര്‍ ഏതോ ഗുണ്ടയുടെ നാമവും പേറി അങ്ങിനെ മലച്ചു കിടന്നു. നടക്കുമ്പോള്‍ അറിയാത്ത ആ ഗുണ്ടയും ആനന്ദിന്‍റെ ആള്‍കൂട്ടം എന്ന നോവലും കലമ്പല്‍ കൂട്ടി കൊണ്ടിരുന്നു. ഇടയ്ക്ക് ഓര്‍ക്കാതെയല്ല കൂട്ടിനു ഒരാളെ വേണം. പക്ഷെ പറ്റിയ ഒരാള്‍, അതും ആ തെരുവിലേക്ക് ധൈര്യമായി പോരാന്‍ പറ്റിയ ഒരാള്‍. അങ്ങിനെ ഒരാള്‍, റഷീദ് ഉണ്ട്. പക്ഷെ അയാളെ വിശ്വസിക്കരുതെന്ന് ലോഡ്ജില്‍ നിന്നും കിട്ടിയ അറിവ്. അയാള്‍ കള്ളനാണ്. ഞാനും അത് ശിരസാ വഹിച്ചു. എങ്കിലും ലോഡ്ജില്‍ സഹായി ആയി എത്തുന്ന ആ ആളെ ആര്‍ക്കും അങ്ങിനെ അവഗണിക്കാന്‍ ആവില്ല. നഗരത്തെ കലക്കികുടിച്ച ആള്‍ . വിശാലമായ നിരത്തും കൂറ്റന്‍ കെട്ടിടവും. ചുവന്ന തെരുവ്. ഇടം വലം നോക്കാതെയാണ്‌ നടപ്പ്. വരാന്തയില്‍ പേന്‍ നുള്ളി ആള്‍കൂട്ടത്തെ മാടി വിളിച്ചു വേശ്യകള്‍. നേരെ നോക്കിയാല്‍ അവര്‍ ഓടി വന്നു വലിച്ചു കൊണ്ടു പോകും. ആ ഭീതിയോടെ. ഏതോ കുടുംബത്തില്‍ അല്ലലില്ലാതെ വളര്‍ന്നവര്‍ ആ കൂട്ടത്തില്‍ എത്ര വേണമെങ്കിലും കണ്ടേക്കും. ആരുടെയെല്ലാമോ ചതിയില്‍ പെട്ട് അങ്ങിനെ മുഷിഞ്ഞ കൊലങ്ങളായി അവസാനിക്കാന്‍...നേരെ നടന്നു. എല്ലാ വഴിയും ഒരു പോലെ. ഇടയ്ക്ക് മുകുന്ദന്‍ കഥാപാത്രങ്ങള്‍ ഇരമ്പി കയറി. അരവിന്ദനും മറ്റും... മനസ്സില്‍ കുറിച്ചു നാളേക്ക് ഓര്‍മിക്കാന്‍ ഒരു സഞ്ചാരം.....

ഹരി വില്ലൂര്‍ : 'മരിച്ചവര്‍ സംസാരിക്കുന്നത്' എന്ന നോവലിലെ സൂഫി കഥാപാത്രം താങ്കള്‍ മരുഭൂമിയില്‍ വച്ച് കണ്ട ഒരാളാണെന്ന് പറഞ്ഞല്ലോ? എന്തായിരിന്നു ആ സംഭവം?

എം.കെ. ഖരീം: ഏതോ ഒരു വെളുപ്പാന്‍ കാലത്ത് ഇറങ്ങി നടന്നു. നിരത്തുകള്‍ ഏറെക്കുറെ വിജനം. അറബികള്‍ ഒഴിവു ദിനത്തിന്റെ ലഹരിയില്‍ ഉറക്കത്തിലാകണം. നടന്നു. എവിടേക്ക്, അറിയില്ല. ദമ്മാമില്‍ പോയാലോ, കോബാറില്‍... അങ്ങനെ ചില ചിന്തകള്‍ ഉണ്ടാകാതെയല്ല. തെല്ലു ദൂരം ചെന്നപ്പോള്‍ അതു വഴി വന്ന മഞ്ഞ ടാക്സിയില്‍ കയറി. അത് അല്‍ ഹസ്സയിലെക്കുള്ളത്. വണ്ടിയിലേക്ക് ഓളം വെട്ടി തുടങ്ങിയ മരുക്കാറ്റ് . വിജനമായ ആ നാല് വരി പാതയില്‍ വണ്ടി നിര്‍ത്തിച്ചു ഇറങ്ങി. ഏകാന്തമായ മരുഭൂമിയിലെ ഞൊറിവുകള്‍. ഒട്ടു ദൂരം ചെന്നപ്പോഴാണ് ഒരാളെ കണ്ടത്. ആടുകളെ മേയ്ച്ചുകൊണ്ട് ഒരു കാട്ടറബി. അവര്‍ എന്നും രണ്ടാം തരം പൗരന്മാര്‍. വെളുത്തവന്റെ കീഴടക്കലില്‍ അങ്ങനെ നരകിച്ച്‌. ലോകം മുഴുവന്‍ അങ്ങനെ എന്ന് ധരിച്ചു , എങ്ങും കീഴ്പ്പെടുത്തലിന്റെ ഗാഥകള്‍. അയാളില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു, തീ വാങ്ങി സിഗരട്ട് കത്തിച്ചു. പിന്നീട് ഒന്നും മിണ്ടാതെ സഞ്ചാരം. കാക്കക്ക് ഇരിക്കാന്‍ പോലും തണല്‍ ഇല്ലാതെ. ദിക്കുകള്‍ നഷ്ട്ടപ്പെടുകയായിരുന്നു പെരുംകാറ്റില്‍ ഭ്രാന്തമായി ആ മണല്‍ തരികള്‍. ദൂരെ കാറ്റ് കൂമ്പാരം ഏറ്റിയ മണല്‍. അതിന്റെ നിഴലില്‍ തെല്ലു വിശ്രമിക്കാം എന്ന് കരുതാതെയല്ല. അപ്പോഴേക്ക് ഭീതിയോടെ ഓര്‍ത്തു. ഇനി എവിടെക്കാണ്‌ നടക്കുക? തിരിഞ്ഞു നടക്കണമെങ്കില്‍ ദിക്ക് അറിയണ്ടേ? എങ്ങനെയാണ് മടങ്ങുക. ആകെ കൂടി തളര്‍ച്ച. അപ്പോള്‍ പണ്ട് കണ്ട സിനിമയിലെ രംഗം ഓര്‍ത്തു. മരുഭൂമിയിലൂടെ വഴി തെറ്റി മേയുന്നവര്‍. ഇത് അവസാന യാത്ര. നേരം ഇരുളും മുമ്പ് എങ്ങനെയാണ് നിരത്തില്‍ എത്തുക. നിരത്ത് കണ്ടെത്തിയാല്‍ പിന്നെ സഞ്ചാരം എളുപ്പമാകും. ഒരു നിലവിളി ഉള്ളില്‍ കെട്ടി മറിഞ്ഞു. ദാഹവും വിശപ്പും. എത്രയോ അകലെയാണ് താമസിക്കുന്ന ഇടം. അതിനും എത്രയോ അകലെ എന്‍റെ വീട്. വയ്യ. എന്തും വരട്ടെ എന്ന് കരുതി നടന്നു. നേരത്തെ കണ്ട ആ സഞ്ചാരിയെ കണ്ടെത്തുക. അയാള്‍ വഴി പറഞ്ഞു തരും. പക്ഷെ എത്തിയത് മറ്റൊരിടത്ത്. അവിടെ ഒരു തമ്പ് കാണായി. ആശ്വാസത്തോടെ അവിടേക്ക്... മുത്തുമാല ജപിച്ചുകൊണ്ട്‌ ഒരാള്‍. മങ്ങിയ അറബി വേഷം, നീണ്ട ദീക്ഷ. പണ്ട് വായിച്ച സൂഫി കഥാപാത്രത്തെ ഓര്‍ത്തുകൊണ്ട്‌... അയാള്‍ക്ക് ആട് മേയ്ക്കല്‍ ആണ് തൊഴില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊണ്ടോട്ടിയില്‍ നിന്നും ഉരുവില്‍ കയറിക്കൂടിയ ഒരാള്‍. പാസ്പോര്‍ട്ടും വിസയും നഷ്ട്ടപെട്ടിരുന്നു. അയാള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. എനിക്ക് ഉണങ്ങിയ കുബ്ബൂസും സുലയ്മാനിയും തന്നു. കൂട്ടത്തില്‍ ഏതാനും ഈന്തപ്പഴവും അകത്തു ചെന്നപ്പോള്‍ തളര്‍ച്ച ...

ഹരി വില്ലൂര്‍ : "ഗിനിപന്നി വാചാലമാകുന്നു..." എന്ന താങ്കളുടെ കവിതയെ പലരും വിമര്‍ശിച്ചു കണ്ടൂ. അതിലെ വാക്കുകള്‍ അല്പം മോശമായി പോയി എന്നും കണ്ടു. അതിനെ പറ്റി?

എം.കെ. ഖരീം: പുതുകാല കവിതകള്‍ ഒരുതരം പച്ചയായ ആവിഷ്കാരം ആണ്. ഗിനിപന്നി എന്നത് നാലാം ലോകവും. അത് ഒന്നാം ലോകത്തിന്റെ അടിച്ചമര്‍ത്തലില്‍ മരിച്ചു കൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടി നാം എന്ന കാഴ്ചപാടും നമ്മെ ഒറ്റ് കൊടുക്കുന്ന ആധൂനീക രാഷ്ട്രീയവും.

ഹരി വില്ലൂര്‍ : താങ്കള്‍ക്ക് ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് എന്ന് കരുതുന്ന അവാര്‍ഡ്?

എം.കെ. ഖരീം: രണ്ടായിരത്തി എട്ടിന്റെ അന്ത്യ രാവില്‍ എന്‍റെ നാട്ടില്‍ ഏറ്റു വാങ്ങിയ സ്വീകരണം... കസേരയില്‍ ഇരിക്കുമ്പോള്‍ ആ പഴയ ഇന്നലെകളെ ഓര്‍ത്തു പോയി. ഒരു പഴയ പയ്യന്‍റെ നിസ്സഹായതയും, ഒറ്റപ്പെടലും അങ്ങിനെ പലതും. അക്കാലത്ത് എന്നില്‍ ചൊരിയപ്പെട്ട പരിഹാസങ്ങള്‍. പുതിയ വേദിയില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അഭിമാനമോ ഒരു തരം നിര്‍വൃതിയോ? അവര്‍ അണിയിച്ച പൊന്നാട, വച്ചു തന്ന ട്രോഫി... എന്‍റെ സ്വരത്തിനായി കാതോര്‍ത്തവര്‍. ഒരിക്കല്‍ എന്നെ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ! എല്ലാം കഴിഞ്ഞു വേദിക്ക് പുറത്തു കടന്നപ്പോള്‍ എങ്ങു നിന്നോ ഒരു മുഷിഞ്ഞ കോലം എന്‍റെ കൈ പിടിച്ചു. ചെരുപ്പ് കുത്തി. അയാള്‍, ആ തമിഴന്‍ വല്ലാത്ത ആവേശത്തോടെ അയാളുടെ പണിപ്പുരയിലേക്ക് കൈ ചൂണ്ടി. ഞാന്‍ പറഞ്ഞു പിന്നീട് വരാം. മടങ്ങുമ്പോള്‍ അറിഞ്ഞു എന്‍റെ കഥാപാത്രം. ഏതൊരു അവാര്‍ഡിനെക്കാളും വലുത് നിഷ്കളങ്കമായ ആ സംസാരം...

ഹരി വില്ലൂര്‍ : ഒരു കഥയോ കവിതയോ എഴുതി കഴിഞ്ഞാല്‍ പിന്നെ അതിനെ പറ്റി കഥാകാരന്‍ എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്?

എം.കെ. ഖരീം: കവിത നന്നോ ചീത്തയോ എന്ന് കവി ചോദിക്കരുത്. അത് വായനക്കാര്‍ തീരുമാനിക്കട്ടെ. എഴുതി പേന എടുക്കുന്നിടത്ത് മറ്റൊരു രചന നടക്കുന്നുണ്ട്. ഒരു കൃതി എഴുതിയാല്‍ കവിക്ക്‌ ആ കവിത ഏറ്റവും മോശമായി അനുഭവപ്പെടനം. എങ്കിലേ അടുത്ത സൃഷ്ടി മെച്ചപെടൂ. അങ്ങനെ മെച്ചമായ ഒന്നിന് വേണ്ടി തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുക. എഴുത്തുകാര്‍ അങ്ങനെ വേണം. താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്. എന്റെ കവിത താങ്കള്‍ക്ക് നല്ലത് ആകുമ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ആകണം എന്നില്ല. മൂന്നാമതോരാള്‍ക്ക് മറ്റൊരു വിധം ആകും. എന്‍റെ ഈ ചെറിയ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്, കവിയോ നോവലിസ്റ്റോ സ്വന്തം കൃതി എന്തെന്ന് വിശദീകരിക്കാന്‍ തുനിയരുത്. സത്യത്തില്‍ എന്‍റെ നോവല്‍ എങ്ങനെ ആണെന്ന്, അതിന്റെ വായനാസുഖം എന്തെന്ന്, അങ്ങനെ എല്ലാം ഞാന്‍ മനസിലാക്കിയത് വായനക്കാരില്‍ നിന്നുമാണ്. എന്‍റെ നോവല്‍ വായിച്ചവരൊട് ഞാന്‍ ചോദിക്കാറുണ്ട് അതിന്‍റെ കുറ്റവും കുറവുകളും. അത് അടുത്ത നോവലില്‍ ഉപകരിക്കും. ഒരു സൃഷ്ടിയുടെ ആസ്വാദനം ഒരിക്കലും എഴുത്തുകാരനില്‍ അല്ല. എന്‍റെ സൃഷ്ടികളെ ആര്‍ക്കും കല്ലെറിയാം. ഞാനത് സന്തോഷം സ്വീകരിക്കും. കാരണം ഏറുകൊള്ളുമ്പോള്‍, ചോര വാര്‍ന്നൊലിക്കുമ്പോള്‍, ഹൃദയം കത്തുമ്പോള്‍m എഴുത്തിനു കരുത്തു ലഭിക്കുന്നു.

ഹരി വില്ലൂര്‍ : ജനുവരി പതിനാറാം തീയതി, അതായത് താങ്കളുടെ വാപ്പ മരിച്ചിട്ട് ആറാം നാള്‍, താങ്കള്‍ക്കായി ഒരുക്കിയ ആ വേദിയില്‍ നിന്നപ്പോള്‍ താങ്കള്‍ താങ്കളുടെ വാപയെ പറ്റിയാണ്‌ പറഞ്ഞത് :"" ദളിതന്റെ പിഞ്ഞാണത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച വാപ്പ. അത് തന്നെയാണ് ഞാനും... ഒരിക്കല്‍ മാറ്റിയുടുക്കാന്‍ ഉടുപ്പില്ലാതെ, ആ സ്കൂള്‍ മുറ്റത്തു കൂടെ കരിമ്പന്‍ കയറിയ ട്രൌസറും ഷര്‍ട്ടും അണിഞ്ഞു നടന്നവന്‍.... അത് തന്നെയാണ് ഞാന്‍ ഇപ്പോഴും... ഈ നാട്ടുകാരന്‍ ആകുമ്പോഴും, ഒരു മലയാളി എഴുത്തുകാരന്‍ ആകുമ്പോഴും ഞാനൊരു ഇന്ത്യക്കാരന്‍ എന്നറിയപ്പെടാന്‍, ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു..." ഇപ്പോള്‍ ഇതിനെ പറ്റി എന്ത് തോന്നുന്നു?

എം.കെ. ഖരീം: അന്ന് വാപ്പ തെളിച്ച വഴി തന്നെ നല്ലത്. എനിക്ക് ഏതു പിച്ചക്കാരന്റെയും തോളില്‍ കയ്യിടാന്‍ കഴിയുന്നു.

ഹരി വില്ലൂര്‍ : "ഉത്തരാധുനിക കവിത" എന്നതിനെ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: ഉത്തരാധൂനീകത നാളത്തെ തലമുറയെ ഉന്നം വച്ച് എഴുതുന്നത്‌. ബഷീറിന്റെ, എം.ടി യുടെ വായനക്കാരല്ലല്ലോ അവര്‍.

ഹരി വില്ലൂര്‍ : "താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്." പക്ഷേ ഇന്നത്തെ എഴുതുകാരെല്ലാവരും ഇത്തരക്കാരാണോ?

ഹരി വില്ലൂര്‍: ആധുനിക കവിതകളെ പറ്റി എന്താണഭിപ്രായം?

എം.കെ. ഖരീം: ആധൂനീക കവിതകള്‍... നാം പുതിയ തലമുറകളെ നോക്കി എഴുതുന്നതിനെ അല്ലെ അങ്ങനെ പറയുക. വള്ളത്തോളും മറ്റും അക്കാലത്തെ തലമുറയ്ക്ക് വേണ്ടി എഴുതി. ചുള്ളിക്കാട് എന്റെയൊക്കെ തലമുറയെ നോക്കി എഴുതി. ഞാനോ അടുത്ത തലമുറയെ ലക്‌ഷ്യം വയ്ക്കുകയാണ്... എങ്കിലും ആധൂനീകത എന്ന രീതിയില്‍ പടച്ചു വിടുന്ന സാധനങ്ങള്‍ ജനകീയം ആകുന്നില്ല. അത് വായനക്കാരെ അകറ്റുകയാണ്.

ഹരി വില്ലൂര്‍: "വൃത്തം, താളം" എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു എന്നുള്ള അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

എം.കെ. ഖരീം: വൃത്തം, താളം എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നുണ്ട് . പക്ഷെ വായില്‍ കൊള്ളാത്ത പദങ്ങള്‍ കൊണ്ട് അത് വായനക്കാരെ ഉപദ്രവിക്കുന്നു.

ഹരി വില്ലൂര്‍: വള്ളത്തോളിന്‌ ശേഷം വന്ന കവികളില്‍ താങ്കളെ ഏറ്റവും സ്വാധീനിച്ച കവി ആരാണ്‌?

എം.കെ. ഖരീം: നല്ല സൃഷ്ടികള്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ ആരും സ്വാധീനിച്ചിട്ടില്ല.

ഹരി വില്ലൂര്‍: "ആധുനീകത" എന്നത് എന്തിനേയാണ്‌ ലക്ഷ്യം വയ്ക്കുന്നത്?

എം.കെ. ഖരീം: ലക്‌ഷ്യം വയ്ക്കുക എന്നതില്‍ അപകടം ഒളിഞ്ഞു കിടപ്പുണ്ട്. ഒരുതരം സാംസ്കാരീക അധിനിവേശം അതില്‍ നിഴലിക്കുന്നു.

ഹരി വില്ലൂര്‍: ഒരു കഥയുടേയോ കവിതയുടേയോ "തന്തു" മനസ്സില്‍ രൂപപ്പെട്ടതിന്‌ ശേഷം അത് എഴുതി തീരുന്നതു വരെ താങ്കളുടെ മാനസികാവസ്ഥ എന്തായിരിക്കും?

എം.കെ. ഖരീം: കവിതയും കഥയും പെട്ടെന്ന് എഴുതി തീര്‍ക്കുന്നു. ചിലപ്പോള്‍ ഒരു കീറ് മേഘം ആകാം. മണ്ണിന്‍റെ മണം ആകാം. അല്ലെങ്കില്‍ ഉള്ളില്‍ ആണ്ടിറങ്ങുന്ന ഭീതിയോ ആശങ്കയോ... അങ്ങനെ എന്തുമാകാം അത്. നോവലില്‍ ഒരു യുദ്ധം തന്നെയാണ്. എല്ലാത്തരം വികാരങ്ങളുടെയും ഏറ്റിറക്കങ്ങളില്‍ നഷ്ട്ടപ്പെട്ട്... ചിലപ്പോള്‍ ലോകത്തോട്‌ മുഴുവന്‍ വെറുപ്പ്‌. എഴുത്തുകാരന്‍ ആകുക എന്നത് ഒരു ശാപം ആയി പോലും തോന്നിയിട്ടുണ്ട്...

എം.കെ. ഖരീം : കലാ സാഹിത്യകാരന്മാര്‍ അസൂയയുടെ കുനിഷ്ട്ടിന്റെ കേന്ദ്രം എന്ന് വി.കെ.എന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പിക്കാന്‍ കൊള്ളില്ല.

ഹരി വില്ലൂര്‍ : എഴുത്തുകാരില്‍ താങ്കളുടെ അടുത്ത മിത്രം?

എം.കെ. ഖരീം: എഴുത്തില്‍ അടുത്ത മ‌ിത്രമില്ല. ഞാന്‍ ഒറ്റയാന്‍.

ഹരി വില്ലൂര്‍ : താങ്കളുടേതൊഴിച്ച് മറ്റാരുടെ കൃതികള്‍ വായിക്കാനാണ്‌ ഇഷ്ടം.

എം.കെ. ഖരീം: ഓ.വി.വിജയന്‍ കൃതികള്‍.

ഹരി വില്ലൂര്‍ : ഓര്‍ക്ക്യൂട്ട് പോലുള്ള പൊതു സ്ഥലങ്ങളില്‍ മിക്കവരും തങ്ങളുടെ കഥകളും കവിതകളും പ്രസിദ്ധീകരിക്കുവാന്‍ വിമുഖത കാട്ടുന്നു. കാരണം?

എം.കെ. ഖരീം: ഓര്‍ക്ക്യൂട്ടില്‍ നല്ല കവിതകള്‍ ആകാം, അത് പുറത്തു വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചത് എങ്കില്‍.... ഓര്‍ക്ക്യൂട്ടില്‍ മാത്രം അവസാനിക്കുന്ന ഒരു ആവിഷ്കാരം എങ്കില്‍ അതാവാം. ഓര്‍ക്ക്യൂട്ടില്‍ കാര്യമായ മോഷണം നടക്കുന്നത് കൊണ്ടാണ് നല്ല കവിതകള്‍ ഇടരുത് എന്ന് പറയുന്നത്....

ഹരി വില്ലൂര്‍ : "ഒരു പ്രസാധന കേന്ദ്രം" ആരംഭിക്കുന്നതിനെ പറ്റി ചര്‍ച്ച ഉണ്ടായല്ലോ? എന്തായി ആ ചര്‍ച്ചകള്‍?

എം.കെ. ഖരീം: ചര്‍ച്ച പുരോഗമിക്കുന്നു. അത് കഴിയും.

ഹരി വില്ലൂര്‍ : നിരീശ്വര വാദിയായിരുന്ന താങ്കള്‍ ഒരു ദിവസം പെട്ടെന്ന് ദൈവത്തെ തേടാന്‍ തുടങ്ങി. കാരണം?

എം.കെ. ഖരീം: കാലം ഇന്നും എന്നെ തുറിച്ചു നോക്കുന്നു. ആ നോട്ടം എന്നെ വിഡ്ഢിയാക്കി കണ്ടു. എത്രമേല്‍ അറിയാന്‍ ശ്രമിച്ചാലും എങ്ങും എത്താത്ത ചിന്ത. ഒരു പഴയ ഓര്‍മയാണ്. അനുഭവിച്ചത്. അന്നെനിക്ക് ഇരുപതു വയസ്സാണെന്ന് തോന്നുന്നു. തനി നിരീശ്വരവാദിയായി നടന്ന കാലം. ഒരു സായാഹ്നത്തില്‍ വായനയില്‍ അറിഞ്ഞ നിരീശ്വരവാദത്തെ ചിന്തയില്‍ കൊണ്ടുവന്നത്. പാറമുകളില്‍ കിടന്നു ആകാശം നോക്കി. എന്‍റെ മനസ്സു ഒഴുകാന്‍ തുടങ്ങി, ഏറെ ചോദ്യങ്ങളോടെ. ഞാന്‍, എനിക്ക് മുമ്പ്‌ , അതിന് മുമ്പ്‌.. ഭൂമി ഉണ്ടാകുന്നതിനു മുമ്പ്‌.... അങ്ങിനെ എല്ലാത്തിനും മുമ്പ്‌.? ആ ചോദ്യം എന്നെ എത്തിച്ചത് ഭീകരമായ ഒരു ശൂന്യതയില്‍ ആണ്. എന്‍റെ മനസ്സു മറിയുന്നതായി ഞാന്‍ അറിഞ്ഞു. ഭയവും. അതോടെ ആ ചിന്ത അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് തോന്നി. സന്ധ്യയില്‍ മടങ്ങുമ്പോള്‍ ഓര്‍ത്തു നിരീശ്വര വാദത്തിലേക്ക് എടുത്തെറിഞ്ഞ കോവൂരിനെ. അക്കാലത്ത് കോവൂരിന്റെ പുസ്തകങ്ങള്‍ ഒരു ഹരം ആയിരുന്നു. അപ്പോള്‍ എന്‍റെ ചോദ്യം ഇങ്ങിനെയായി... നൂറ്റാണ്ടുകള്‍ക്കു മുമ്പു ഈശ്വരനെ കാട്ടി തന്ന പ്രവാചകര്‍... അതത്രയും നുണയെന്നു കോവൂര്‍. കോവൂര്‍ പറയുന്നതു മാത്രം സത്യം. എങ്കില്‍ ഞാന്‍ എന്തിന് കോവൂരിനെ വിശ്വസിക്കണം? അങ്ങനെയാണ് ഞാന്‍ ഈശ്വരനെ തേടാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നും ഞാന്‍ എങ്ങും എത്തിയില്ല എന്നത് സത്യം. ഇപ്പോള്‍ ഇങ്ങിനെ കുറിക്കാന്‍ തോന്നിയത് ഈ അടുത്ത് എഴുതിയ ഒരു കവിതയാണ്. തുടര്‍ന്ന് വന്ന അഭിപ്രായവും.

ഹരി വില്ലൂര്‍ : "എന്നില്‍ ഈശ്വരന്‍ ഇല്ല എങ്കിലും... ഞാന്‍ അന്വേഷിക്കുന്നു, കണ്ടിട്ടില്ല. കാണുമോ എന്തോ...". താങ്കള്‍ ഒരു ഈശ്വര വിശ്വാസിയാണോ?

എം.കെ. ഖരീം: ഞാന്‍ ഈശ്വര വിശ്വാസി ആണ്. എന്ന് വച്ച് എന്റേതായ കാഴ്ചപാടിലൂടെ...

ഹരി വില്ലൂര്‍ : ഇതിനേ പറ്റി..

എം.കെ. ഖരീം: ഈശ്വരനെ കാണുകയോ കേള്‍ക്കുകയോ അല്ല. അനുഭവിക്കയാണ് വേണ്ടത്. സംഗീതം അനുഭവിക്കുന്നത് പോലെ. ഞാന്‍ അന്നും ഇന്നും അന്വേഷകന്‍ ആണ്. അന്വേഷണം ആണ് ജീവിതം . മറ്റൊരു തരത്തില്‍ അതൊരു സഞ്ചാരവും കൂടിയാണ്. നാം എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നിടത്ത് നമ്മുടെ അസ്തിത്വം നഷ്ട്ടപെടുന്നു. നാം ഏതെങ്കിലും ഒന്നില്‍ കുരുങ്ങുമ്പോള്‍ പിന്നെ അന്വേഷണം അസാധുവാകുന്നു. അവിടെ എല്ലാ സൃഷ്ടിയും അവസാനിക്കുന്നു..

ഹരി വില്ലൂര്‍ : ആരാധനയെ പറ്റി എന്ത് പറയുന്നു?

എം.കെ. ഖരീം: ആരാധന എന്നാല്‍ ആത്മാവിനുള്ള ഭക്ഷണം. ശരീരം നിലനില്‍ക്കാന്‍ ഭക്ഷിക്കുന്നത് പോലെ ആത്മാവിന് ഭക്തി. ഇക്കാലത്തെ ആരാധന ഈശ്വര ആരാധനയല്ല. നമ്മള്‍ ആരാധിച്ചില്ലെങ്കിലും ഈശ്വരന്‍ നിലനില്‍ക്കും. നമ്മുടെ ആരാധന ഒന്നും അവന് / അവള്‍ക്കു വേണ്ടാ. നാം ആരാധിക്കുന്നു എങ്കില്‍ ഈശ്വരന്‍റെ സഹായി ആകുക. എന്ന് പറയുമ്പോള്‍ നമുക്കു താഴെയുള്ളവരെ സഹായിക്കുക. കണ്ണില്ലാത്തവനെ വഴിമുറിച്ച്‌ കടക്കാന്‍ സഹായിക്കുക. അറിവില്ലാത്തവന് അറിവ് പകരുക. അതൊന്നും ചെയ്യാത്തവന്‍ പള്ളിയിലോ അമ്പലത്തിലോ പോയിട്ട് കാര്യമില്ല. പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ പണത്തിന്റെ പുറത്തു തഴച്ചു വളരുന്നു.. നാം നല്ലൊരു ഈശ്വര വിശ്വാസി ആയില്ലെങ്കിലും ഒരു അഹങ്കാരി ആകാതിരിക്കുക. മുന്നില്‍ കൈ നീട്ടുന്നവന് ഒന്നും കൊടുത്തില്ലെങ്കിലും ചീത്ത പറയാതിരിക്കുക. ഇന്ന് നാം ഈശ്വരനെ കച്ചവടത്തിന് വച്ചിരിക്കുന്നു....

ഹരി വില്ലൂര്‍ : കുടുംബം എന്ന കൊണ്‍സെപ്റ്റിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: കുടുംബം എന്നത് സത്യത്തില്‍ എന്താണ്? ഭാര്യ, മക്കള്‍, വീട്... നാം മക്കളെ വളര്‍ത്തുന്നു. നാം വളര്‍ത്തിയില്ലെങ്കിലും അവര്‍ വളരുന്നുണ്ട്‌.... ഒരാള്‍ ജനിക്കുന്നത് ആ ആളുടെ ഇഷ്ടം കൊണ്ടല്ല. ഞാന്‍ പണം മുടക്കി പണിതത് ആണെങ്കിലും എന്‍റെ വീട് എന്ന് തോന്നുന്നില്ല. ഞാന്‍ എന്ന് ചിന്തിക്കുന്നിടത് എന്നെ കാണുന്നില്ല. എന്‍റെ കൈകാലുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ എങ്ങോ ഞാന്‍ ഉണ്ട്. അതെ ചിന്തകള്‍ നമ്മെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് എടുത്തെറിയുന്നു. നാം എന്തിനാണ് ജനിക്കുന്നത്? മരിക്കാന്‍ വേണ്ടിയോ? മകന്‍ പിറക്കുമ്പോള്‍ നാം അവന്‍റെ കൈ കാലുകളില്‍ നോക്കും, ആ കാലുകള്‍ വളര്‍ന്നു കാണാന്‍. നടന്നു കാണാന്‍... ഓടി കളിച്ചു കാണാന്‍... സത്യത്തില്‍ ഓരോ വളര്‍ച്ചയും മരണത്തിലേക്ക്. അതെ നാം ഒരാളെ വളര്‍ത്തുന്നു എന്ന് പറയുമ്പോള്‍ നാം ആ ആളെ മരണത്തിലേക്ക് വളര്‍ത്തുകയാണ്. ആത്മീയവും അല്ലാതെയും ഉള്ള സഞ്ചാരം അതാണ്‌ എന്നെ പഠിപ്പിച്ചത്. ഇതു ഒരു സൂഫി ചിന്ത ആണോ എന്ന് പോലും അറിയില്ല. നേരത്തെ പറഞ്ഞതു പോലെ എന്‍റെ ഉള്ളിലുള്ള ആ ഞാന്‍ എന്‍റെ കൈ പിടിച്ചു സഞ്ചരിക്കുന്നു.
ഹരി വില്ലൂര്‍ : ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം... ഇതില്‍ ഏതാണുത്തമം? എം.കെ. ഖരീം: മനുഷ്യന്‍ എന്നാല്‍ ഈശ്വരന്റെയും മൃഗത്തിന്റെയും സങ്കലനം. ആ മൃഗീയത വെടിയാനുള്ള സഞ്ചാരം , അല്ലെങ്കില്‍ മൃഗീയത ഊരി കളയുക.. അങ്ങിനെ ഒക്കെ ആകാം... ജീവിതത്തെ അങ്ങനെയും വായിക്കാം. ഗൃഹാശ്രമം , ബ്രഹ്മാശ്രമം... എന്‍റെ അഭിപ്രായം ആവില്ല താങ്കളുടെത്. നമ്മുടെ രണ്ടാളുടെയും ആകില്ല മറ്റൊരാളുടെത്. ഓരോരുത്തരും അവരവരുടെ കാഴ്ചപാടില്‍ നിന്നും കണ്ടെത്തേണ്ടതാണ്‌. എന്‍റെ പാതയിലൂടെ അല്ല താങ്കളുടെ യാത്ര. അങ്ങയുടെ വീഥി അങ്ങ് തന്നെ കണ്ടെത്തുക. അതാണ്‌ അതിന്‍റെ സത്യം. ഒരു അന്വേഷകന്‍ എപ്പോഴും അങ്ങനെ ആകണം. അല്ലെങ്കില്‍ മറ്റൊരാളുടെ പാതയെ ധിക്കരിക്കുക. അതിലാണ് നാം പുതിയത് കണ്ടെത്തുക. നാം ഒരു അന്വേഷകന്‍ ആണെങ്കില്‍ നിലവില്‍ ഉള്ളതില്‍ നിന്നും വിട്ടു പോകുക. ഈശ്വരന്‍ അതാണ്‌ എന്നുള്ള കാഴ്ച്ചയെ മറികടക്കുക. ഈശ്വരനെ കണ്ടു എന്ന് ചിലര്‍, കേട്ടു എന്ന്, തൊട്ടു എന്ന്... അതെല്ലാം നുണ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്‍റെ കാഴ്ചപാടില്‍ ഈശ്വരനെ നാം അനുഭവിക്കുകയാണ് വേണ്ടത്. സംഗീതം എങ്ങനെയാണോ നാം അനുഭവിക്കുക അത് പോലെ. പ്രണയം എങ്ങിനെയാണോ അനുഭവിക്കുക അത് പോലെ... ഇതു മറ്റൊരാള്‍ക്ക് മറ്റൊരു വീക്ഷണം ആകാം... അങ്ങനെയേ ആകാവൂ...

ഹരി വില്ലൂര്‍ : പണമില്ലാത്തവന്‍ പിണം എന്നതിനെ പറ്റി എന്താണഭിപ്രായം?

എം.കെ. ഖരീം: നമ്മുടെ ലോക കാഴ്ച അങ്ങനെ പണം ഇല്ലാത്തവന്‍ പിണം. ശരിയെന്നു വിശ്വസിച്ചു നാം. പണം വെറും കടലാസ്സു. ഒന്ന് കാല്‍ തട്ടി വീണു തളര്‍ന്നു കിടക്കുമ്പോള്‍ പണം കൊണ്ട് ഒന്നിനും കഴിഞ്ഞെന്നു വരില്ല.

ഹരി വില്ലൂര്‍ : മതങ്ങളെല്ലാം നന്മകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നതിനെ പറ്റി?

എം.കെ. ഖരീം: നന്‍മകള്‍ മതങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കള്ളന്‍ വരുമ്പോള്‍ കരഞ്ഞുണര്‍ത്തുന്ന കാവല്‍നായ ഏത് മതമാണ്‌ അനുഷ്ടിക്കുക...? പൂവ് കാറ്റിനു ചാഞ്ഞു കൊടുക്കുന്നത്, കാറ്റില്‍ പരാഗം നടക്കുന്നത് ഏത് മതം അനുഷ്ഠിച്ചിട്ടാണ്? മതമോ ഈശ്വരനോ അല്ല പ്രശ്നം... ഈ ലോകത്തെ നശിപ്പിക്കുന്ന മനുഷ്യന്‍ തന്നെ...

ഹരി വില്ലൂര്‍ : എന്താണ്‌ മതങ്ങളുടെയെല്ലാം യഥാര്‍ത്ഥ ധര്‍മ്മം?

എം.കെ. ഖരീം: മതങ്ങള്‍ ഉണ്ടായത് മനുഷ്യനെ അന്ധകാരത്തില്‍ നിന്നും ഉയര്‍ത്താന്‍. എന്നാല്‍ അധികാര മോഹികള്‍ തലപ്പത്ത്‌ കയറി അന്ധകാരത്തില്‍ കിടക്കുന്നവരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളുന്ന ധീനമായ കാഴ്ച.

ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയെ പറ്റി?

എം.കെ. ഖരീം: മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധം മാത്രമല്ല വര്‍ഗീയതയുടെ ഉറവിടം. മത, ജാതി വര്‍ഗീയത പോലെ രാഷ്ട്രീയ സാമ്പത്തീക വര്‍ഗീയതയും. മതത്തിനുള്ളില്‍ മതം, ജാതിക്കുള്ളില്‍ ജാതി, രാഷ്ട്രീയത്തിനുള്ളില്‍ രാഷ്ട്രീയം... അതിനൊക്കെ പിന്നില്‍ അധികാരം അല്ലെ? നാം ഒരു മതത്തിനുള്ളില്‍ ആകുമ്പോഴും സാമ്പത്തികമായ അസമത്വം, ചേരി തിരിവ് അനുഭവിക്കുന്നു. രാഷ്ട്രീയത്തിലും അങ്ങനെ. കുടുംബത്തില്‍ പോലും ആ അസമത്വം ഉണ്ടല്ലോ.... എന്‍റെ മതം ശരി, നിന്റേതു തെറ്റ്, എന്‍റെ അഭിപ്രായം ശരി, നിന്റേതു തെറ്റ്, അവിടെ തര്‍ക്കങ്ങള്‍ ഉണ്ട്, സംഘട്ടനങ്ങളും...

ഹരി വില്ലൂര്‍ : പാഥേയം എന്ന കമ്മ്യുണിറ്റിയെ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: പാഥേയം നല്ലൊരു സംരംഭം ആണ്. മറ്റു കമ്മ്യൂണിറ്റികളേക്കാള്‍ വ്യത്യസ്തം. നല്ല രചനകള്‍ സ്വീകരിക്കപ്പെടുന്നു.

ഹരി വില്ലൂര്‍ : പാഥേയം ഓണ്‍ലൈന്‍ മാഗസീനെ പറ്റി?

എം.കെ. ഖരീം: ഒരു വാരിക പോലെ ശ്രദ്ധിക്കപ്പെടുന്നത്. കൂടുതല്‍ വളരട്ടെ.

ഹരി വില്ലൂര്‍ : പാഥേയം അംഗങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?

എം.കെ. ഖരീം: അക്ഷരങ്ങളെ സ്നേഹിക്കുക. എന്തെല്ലാം നഷ്ട്ടപെട്ടാലും അക്ഷരം വഞ്ചിക്കില്ല. നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം അത് മടക്കി തരും.

ഹരി വില്ലൂര്‍ : നന്ദി. താങ്കളുടെ വിലയേറിയ സമയത്തില്‍ കുറച്ച് സമയം പാഥേയത്തിനായി പങ്കു വയ്ച്ചതിന്‌.

എം.കെ. ഖരീം: നന്ദി, നിങ്ങളില്‍ ഒരാളായി ഞാനുമുണ്ട്. ആശംസകള്‍...

ഈ അഭുമുഖം പാഥേയം മാഗസീനില്‍ കാണുവാന്‍ [link=http://www.paadheyam.com/Portal/Article.aspx?mid=17&lid=april2009]ഇവിടെ ക്ലിക്കുക.