Thursday, January 13, 2011

"മരുന്നിന്‍റെ" ശക്തി.

ഇന്നലെ രാത്രിയിലാണ്‌ നാട്ടില്‍ നിന്നും ചേട്ടന്‍റെ ഫോണ്‍ വന്നത്. ഏകദേശം പത്തുമണിയോളമായിട്ടുണ്ടാകും. നാലു ദിവസത്തെ ടൂറും കഴിഞ്ഞ്, പുണ്യസ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ച്, രണ്ടു ദിവസം മുന്‍പാണ്‌ കുടുംബത്തോടൊപ്പം ചേട്ടന്‍ വീട്ടില്‍ എത്തിയത്. വന്നതിന്‍റെ അന്നു തന്നെ ചേട്ടനും ചേട്ടത്തിയ്ക്കും പണി കിട്ടി. കിട്ടിയ പുണ്യമെല്ലാം കുറച്ച് നേരത്തേയ്ക്കെങ്കിലും പാപമായി തോന്നിയ സമയം. കാരണമെന്താണെന്നല്ലേ? ചേട്ടന്‍റെ അമ്മായി അപ്പന്‍, അതായത് ചേട്ടത്തിയുടെ അച്ഛനാണ്‌ കഥയിലെ ഹീറോ. ഹീറോയെന്നോ വില്ലനെന്നോ നിങ്ങള്‍ക്ക് വിളിയ്ക്കാം.

ഇനി കാര്യത്തിലേയ്ക്ക് കടക്കാം.

ചേട്ടനും കുടുംബവും തിരികെയെത്തിയ രാത്രിയില്‍ അമ്മായിയപ്പന്‌ അസുഖം. എന്താണെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ പുള്ളിക്കാരന്‍ കണ്ണു തുറക്കുന്നില്ല, ഒന്നും സംസാരിക്കുന്നില്ല, ഒന്നും കഴിക്കുന്നുമില്ല. പേരിനു വേണ്ടി ശ്വാസം വിടുന്നതു കൊണ്ട് ആള്‍ക്ക് ജീവനുണ്ടെന്ന് അവര്‍ ഉറപ്പിക്കുകയും ആ ഉറപ്പിന്മേല്‍ അവര്‍ നിലവിളിച്ച് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്ക്കുകയും ചെയ്തില്ല. നേരേ ആശുപത്രിയിലേയ്ക്ക്. ചേട്ടന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ശവശരീരം എങ്ങനെയാണൊ ആംബുലന്‍സിലേയ്ക്ക് കയറ്റുന്നത് അതേ പ്രതീതിയായിരിന്നു അപ്പോള്‍. രണ്ടു ദിവസം കിടത്തിയപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് മനസ്സിലായി വെറുതെയാണ്‌ തന്‍റെ പരിശ്രമമെന്ന്. പിന്നീട്‌ ചെയ്യാവുന്ന ഏക കാര്യം മറ്റുള്ള ഡോക്ടര്‍മാരെ പോലെ അദ്ദേഹവും ചെയ്തു. ഏറ്റവും അടുത്ത ബന്ധുക്കാരോട്, മുഖത്ത് ദു:ഖഭാവം വന്നെന്ന് ഉറപ്പിച്ച ശേഷം, പറഞ്ഞു: കൂടുതല്‍ പ്രതീക്ഷ വേണ്ട. ഇനി വീട്ടിലേയ്ക്ക് കൊണ്ടൂ പോകാം. എല്ലാവരേയും അറിയിക്കുകയുമാകാം. ഡോക്ടറുടെ കണ്ണൂകള്‍ നിറഞ്ഞിരുന്നോ എന്ന് ഇപ്പോഴും ചേട്ടന്‌ സംശയം.

അമ്മായിയപ്പനെ വീട്ടില്‍ കൊണ്ടൂ വന്നു. ബന്ധുക്കാര്‍ വന്നും പോയുമിരുന്നു. പലരുടേയും മുഖത്ത് "ഇതെപ്പോള്‍ സംഭവിക്കും" എന്ന ഒരു സംശയം തളംകെട്ടി കിടന്നിരുന്നു. അപ്പോഴാണ്‌ ഇതിന്‍റെ തലക്കെട്ടിലെ "മരുന്ന്" ഇവിടേയ്ക്ക് പ്രവേശിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് സംഭവം സീരിയസായി. അമ്മായിയപ്പന്‍റെ അടുത്ത് മക്കളും മരുമക്കളും മാത്രം. എല്ലാവര്‍ക്കും തോന്നി ഇതവസാനത്തെ ചലനമാണെന്ന്. ചേട്ടനു തോന്നി, മരിക്കാന്‍ പോകുന്നയാള്‍ക്ക് ഒരുരുള ചോറ് ഒടുക്കാന്‍. ചേട്ടന്‍ അടുക്കളയില്‍ ചെന്നു. കലത്തില്‍ ചോറിരിക്കുന്നു. എന്തോ കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരു പാത്രത്തില്‍ അല്പ്പം ചോറെടുത്തു. കറിയെടുക്കണൊ വേണ്ടയോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ്‌ അലമാരയില്‍ ഇരിക്കുന്ന ഒരു കുപ്പി കണ്ടത്. XXX RUM. ഐഡിയ... കള്ളുകുടിയനായ അമ്മായിയപ്പന്‌ ഇതിലും വലുത് എന്ത് നല്‍കാന്‍ കഴിയും ഒരു മരുമകന്‌. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ചോറിലേയ്ക്ക് ഒരു "അറുപത്" ഒഴിച്ച് ഇളക്കി നേരെ അമ്മായിയപ്പന്‍റെ അടുത്തേയ്ക്ക്. അടുത്തു നിന്ന എല്ലാവര്‍ക്കും ചേട്ടനോട് ഒരുതരം ആദരം. മരിക്കാന്‍ പോകുന്നയാള്‍ക്ക് അവസാനമായി ആഹാരം കൊടുക്കാന്‍ പോകുക്കയല്ലേ? രണ്ട്‌ ഉരുള ചോറ് അകത്തു ചെന്നതും അമ്മായിയപ്പന്‍റെ ശ്വാസഗതി കൂടിക്കൂടി വന്നു. ഒരു മിനിട്ട്. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അമ്മായിയപ്പന്‍ ചാടി എഴുന്നേറ്റു. മോനേ..... വാക്കുകള്‍ക്ക് ഒരു വഴുവഴുക്കം. അസുഖം മൂലമാണെന്ന് മറ്റുള്ളവര്‍ കരുതി. എന്നാലും ഇത്രപെട്ടെന്ന്....... എല്ലാവരുടേയും മനസ്സില്‍ അതായിരിന്നു ഉയര്‍ന്നു വന്ന ചോദ്യചിഹ്നം...

എന്തായാലും എല്ലാവര്‍ക്കും സന്തോഷമായി. പിന്നീട് ഓരോരുത്തരായി പിരിച്ചു പൊയ്കൊണ്ടിരുന്നു. രാത്രിയായി. ദൂരെ നിന്ന ചേട്ടനെ അമ്മായിയപ്പന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി അടുത്തേയ്ക്ക് വിളിച്ചിട്ടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു; ദാഹിക്കുന്നു, ഒരല്പ്പം വെള്ളം വേണം. അടുത്തു നിന്ന മക്കള്‍ക്കെല്ലാം സംശയം. തങ്ങളോടാരോടും പറയാതെ......... ?? മരുന്ന് ഫലം കണ്ട ഡോക്ടര്‍ക്ക് എന്ത് സംശയം. നേരേ അടുക്കളയിലേയ്ക്ക്. ഒരു ഗ്ലാസ്സെടുത്തു. വീണ്ടും ഒരു അറുപത്. അല്പ്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു. ഒറ്റവലിയ്ക്ക് അത് അമ്മായിയപ്പന്‍റെ ഉള്ളിലേയ്ക്ക്...

കഥാവസാനം: ഇന്നു രാവിലെ ചേട്ടന്‍റെ ഫോണ്‍ വീണ്ടും വന്നു. അമ്മായിയപ്പന്‍ സുഖമായിരിക്കുന്നു.