Monday, December 19, 2011

അടിയന്തിരം.

ഈ അടിയന്തിരത്തിന്‌
നിങ്ങളെത്തണം. 
വിളിക്കില്ല നിങ്ങളാരെയും 
പക്ഷേ കേട്ടറിഞ്ഞെത്തണം.

ഇവിടെയിന്നിഡലിയും
സാമ്പാറുമില്ല; 
ഇലയില്‍ വിളമ്പാന്‍
പ്രഥമനില്ല.

കാരണമിതെന്‍റെ...
ഇതെന്‍റെ.....
പ്രണയത്തിന്നടിയന്തിരം;
എന്നാത്മാവിന്നടിയന്തിരം.

Friday, December 16, 2011

കാലത്തിന്‍റെ പോക്ക്!!!!

ഒരു മിസ്ഡ് കോളായി,
പിന്നെയൊരു സന്ദേശമായി,
ഒരു ശബ്ദസാന്നിധ്യമായി,
അവനെന്നില്‍ ചേക്കേറി.

അങ്ങനെ കുറേകാലം
ഒരേ ചില്ലയില്‍ കഴിയാന്‍
വിധിക്കപ്പെട്ട വെറുമൊരു
കിളിയായ്‌ മാറിയവന്‍.

പിന്നെപ്പോഴോ ചില്ലമാറി,
ചോദിച്ചപ്പോഴാണറിഞ്ഞത്
അവന്‍റെയതേ നെറ്റ്‌വര്‍ക്കില്‍
ഔട്ട്ഗോയിംഗ് ഫ്രീയാണത്രേ.

എന്തുകൊണ്ടോ എന്‍റെ സിമ്മിന്‌
മഞ്ഞ നിറവും
അവന്‍റേതിന്‌ ചുവന്ന നിറവും.
കാലത്തിന്‍റെ പോക്ക് നോക്കണേ.... ...







Saturday, December 10, 2011

മൗസ് ക്ലിക്ക്.

എന്നിലേക്കാദ്യമായവള്‍‍ വന്നത്
ഒരു നല്ല മൗസ് ക്ലിക്കിലായിരിന്നു.
പരസ്പ്പരമറിഞ്ഞതുമടുത്തതും, പിന്നെ 
അകലാന്‍ കഴിയില്ലെന്നോര്‍ത്തതും
പിന്നെ ഞങ്ങളൊന്നായ് മാറിയതും
ഇന്നലത്തെപ്പോലെയോര്‍ക്കുന്നു ഞാന്‍.

ഇരുധ്രുവങ്ങളിലായിരുന്നെങ്കിലും
ഞങ്ങളൊന്നായിരുന്നെന്തിനുമേതിനും.
ഉണ്ണാനുറങ്ങാനങ്ങനൊരോന്നിനും
ഞങ്ങളൊരുമിച്ചുണ്ടായിരിന്നു.

പരസ്പ്പരം കാണാതെ സ്നേഹിച്ചവര്‍
ഞങ്ങള്‍; കാണാതെ പരസ്പ്പരമറിഞ്ഞവര്‍
ഞങ്ങള്‍; അവിടെയുമിവിടെയുമാണെങ്കിലും
ഒരു കട്ടിലിലൊന്നായ് മാറിയവര്‍ ഞങ്ങള്‍.

ഇന്ന് ഞാനേകനാണീ വീഥിയില്‍;
കൂട്ടിനായില്ലവളിന്നെന്‍റെ കൂടെ.
ഞാനറിഞ്ഞത് തെറ്റായിരുന്നെന്ന്, ഒരു
മൗസ് ക്ലിക്കാലവള്‍ തെളിയിച്ചു. 
എന്തിനേറെ പറയുന്നു, ഞങ്ങള്‍
പരസ്പ്പരം അറിയാതെയിന്നുമറിയുന്നു. 


Friday, December 02, 2011

മാഷും പിന്നെ സാറും.

വെള്ള മുണ്ടുടുത്ത്
മുഴുക്കൈയ്യന്‍ ഉടുപ്പുമിട്ട്
തേഞ്ഞ റബ്ബര്‍ ചെരുപ്പുമിട്ട് 
കൈയ്യിലൊരു കാലന്‍ കുടയുമായ് 
സ്കൂളിന്‍റെ പടികടന്നാ നടന്നു
നീങ്ങുന്നതാണെന്‍റെ മാഷ്.


ടൈറ്റ് ജീന്‍‍സുമിട്ട്
ലൊ ലെങ്ത് ഷര്‍ട്ടുമിട്ട്
ബ്രാന്‍ഡഡ് ലെതര്‍ ഷൂവുമിട്ട്
കൈയ്യിലൊരു ലാപ്ടോപ്പുമായ്
ആ നാല്‍ചക്ര വാഹനത്തില്‍
വന്നിറങ്ങുന്നതാണെന്‍റെ സാറ്‌.


അന്നത്തെ മാഷിന്‍റെയര്‍ത്ഥം  
വിദ്യ, വിവേകം പകര്‍ന്നു തരുന്നവന്‍;
ഇന്നത്തെ സാറെന്നാലോ
ചാരിത്ര്യം കവര്‍ന്നെടുക്കുന്നവന്‍.


ഇതീ കാലത്തിന്‍റെ മാറ്റം;
‍നമ്മുടെ കാഴ്ചപ്പാടിന്‍റെ മാറ്റം.
പുരോഗമിക്കുന്നീ ലോകത്തില്‍
അധ:പതിക്കുന്നൊരു കൂട്ടര്‍.