Tuesday, June 19, 2012

ജീവിതം.

കൊടുക്കല്‍ വാങ്ങലുകളുടെ,


ലാഭ-നഷ്ടങ്ങളുടെ,

കയറ്റയിറക്കങ്ങളുടെ,

ആകെത്തുക, ജീവിതം.



കണ്ണുനീരിന്‍റെ,

പുഞ്ചിരികളുടെ,

വിടപറഞ്ഞവരുടെ

ഓര്‍മ്മയാണ്‌ ജീവിതം.



ഇനി ഞാനൊന്നോര്‍ത്തെടുക്കട്ടെ

നഷ്ടപ്പെട്ടയെന്‍റെ ജീവിതത്തെ.

മഴ..

ആദ്യമായി കണ്ടപ്പോഴും


അവളോട് ഞാനെന്‍റെ

പ്രണയം പറഞ്ഞപ്പോഴും

മഴയുണ്ടായിരിന്നു,

മുഖം മറയ്ക്കാനെന്ന പോലെ.



പിന്നെയൊരിക്കല്‍

അവള്‍ തിരിഞ്ഞു നോക്കാതെ,

തലകുനിച്ച് പോയപ്പോഴും

ആ മഴ തന്നെ സാക്ഷിയായി.

... അവള്‍ കരഞ്ഞിരുന്നോ,

കണ്ണുനീര്‍ വന്നിരുന്നോ,

എല്ലാം ആ മഴ മറച്ചിരുന്നു,

പിന്നെ പതുക്കെ അവളെയും.

അപ്പോഴാ മഴയ്ക്ക്

രൗദ്രഭാവമായിരിന്നു.

അമ്മ..

എന്‍റെ ഓര്‍മ്മയിലെ അമ്മ


നനഞ്ഞ വിറകൂതി കത്തിച്ച്

പുകയടിച്ച് കണ്ണുകലങ്ങി

തലയില്‍ ചാരം‌പേറി നടക്കുന്നു.

കത്താത്ത വിറകിനോട്

കഥ പടയുന്ന അമ്മ.

അന്നെന്നെ നോക്കി

അമ്മ കണ്ണുതുടച്ചിരിന്നു;

പിന്നെ പുകഞ്ഞു കത്തുന്ന

അടുപ്പിലേക്ക് നോക്കി നില്‍ക്കും.

... അപ്പോഴമ്മയുടെ കണ്ണുകള്‍ക്ക്

കത്താന്‍ തുടങ്ങുന്ന

അഗ്നിയുടെ നിറമായിരിന്നു.

ഇന്ന് ഊതിക്കത്തിക്കാന്‍

ആ കത്താത്ത വിറകില്ല.

തലയിലേറി നടക്കാന്‍

ആ ചാരവുമില്ല.

പക്ഷേയിപ്പോഴും കണ്ണുകളില്‍

ആ കണ്ണുനീരുണ്ട്;

ഇനിയുമെനിക്ക് കെടുത്താന്‍

കഴിയാത്ത മറ്റൊരഗ്നിയായ്.

സദാചാരക്കാഴ്ച.

മണ്ണിലേക്കാഴ്ന്നിറങ്ങുന്ന


വൃക്ഷത്തിന്‍ വേരുകള്‍.

ആ ഇക്കിളിയുന്മാദത്തില്‍

എല്ലാം മറക്കുന്ന മണ്ണ്.

പിന്നെയൊരു കാറ്റായ്

സദാചാരപ്പോലീസ്.

മണ്ണില്‍ നിന്നും പറിച്ചെ-

റിയപ്പെടുന്ന വേരുകള്‍.

തമ്മിലകറ്റപ്പെട്ട ഹൃദയങ്ങള്‍;

പൊട്ടിച്ചിരിക്കുന്ന കാറ്റ്.

ഇതിന്നിന്‍റെ കാഴ്ച;

സദാചാര കാഴ്ച.

അസ്ഥികൂടം.

എന്‍റെ പ്രണയത്തിന്‍റെ വാതിലില്‍


ഒരു ഗുല്‍മോഹറുണ്ടായിരിന്നു.

തണല്‍ വിരിച്ച്, തണലായി

എന്നോടൊപ്പമുണ്ടായിരിന്നു.

ഇന്നിന്‍റെ പ്രണയവാതിലില്‍

ഇലപൊഴിഞ്ഞ, വാടിക്കരിഞ്ഞ

ഗുല്‍മോഹറിന്‍റെ അസ്ഥികൂടം.

പഴയ തണല്‍ നല്‍കാന്‍

സ്വന്തമായിട്ടിലകളില്ലാത്ത,

ചവിട്ടി നടക്കാനാ ഇലകളെ

പട്ടുമെത്തയാക്കി തന്നവന്‍.