Thursday, August 08, 2013

കര്‍ണ്ണന്‍.

അരുതര്‍ജ്ജുനാ, ഞാന്‍ നിരായുധന്‍ 
അധര്‍മ്മമായ് നീ എയ്യരുതായമ്പ്. 
കര്‍ണ്ണവാക്കുകള്‍ക്കെതിരായ്,വാക്കിനാല്‍ 
കൃഷ്ണന്‍ തൊടുത്തൊരായിരമമ്പുകള്‍..

ധര്‍മ്മത്തെപറ്റി പറയുവാന്‍ നീയാര്‌,
എന്തര്‍ഹത നിനക്കതിന്‍ രാധേയാ.
അധര്‍മ്മികള്‍ക്കിടയില്‍ നീയുമിരുന്നില്ലേ
ഒരുവാക്കുപോലുമെതിര്‍ത്തു പറയാതെ.

പെണ്ണിന്‍റെ മാനം കവര്‍ന്നിട്ടു പോലും നീ
ഒരുമാത്രയെങ്കിലുമോര്‍ത്തുവോ ധര്‍മ്മത്തെ.
എല്ലാം ത്യജിച്ചായമ്മയും മക്കളും
പതിനാലു വര്‍ഷം വനവാസമായി, പിന്നെ
അരക്കില്‍ കത്തി മരിച്ചെന്നു കേട്ടു; നീ
അപ്പോഴുമൊരുവാക്കു ചൊല്ലിയില്ല.
സൂചികുത്താനിടം നല്‍കില്ലെന്നു പറഞ്ഞപ്പോള്‍
ഓര്‍ത്തുവോ ഒരുവേളയാ ധര്‍മ്മാധര്‍മ്മങ്ങളെ.

മന്ദസ്മിതത്തോടെ കൂപ്പിയ കൈയ്യുമായ്
ഒരായിരം ചോദ്യങ്ങള്‍ മനസ്സാല്‍ തൊടുത്തവന്‍.

കൃഷ്ണാ നീയും ആ അഞ്ചുപേരും
ധര്‍മ്മത്തെ പറ്റി പറയുവതെങ്ങനെ?
പത്നിയെ പണയം വച്ചവനെങ്ങനെ
ധര്‍മ്മത്തിന്‍ രാജനാകും ഭഗവാനെ?
കാഴ്ച്ചക്കാരായ് പിന്നെയും നിന്നില്ലേ
തടിമിടുക്കുള്ള നാലാണുങ്ങള്‍ വടിപോലെ.
എന്തേ എതിര്‍ക്കാഞ്ഞു സര്‍‌വ്വജ്ഞനാം
ഭീക്ഷ്മരും, ആചാര്യന്‍ ദ്രോണരും;
ധര്‍മ്മം മറന്നിട്ടോ, മന:പ്പൂര്‍‌വ്വം മറന്നതോ?

കൂടെപ്പിറപ്പിന്‍റെ ചേലയഴിച്ചപ്പോള്‍
എന്തേ കൃഷ്ണാ, നീയൊന്നും പറയാഞ്ഞൂ?
പണ്ടാ സ്വയം‌വരവേദിയില്‍ വച്ചെന്നെ
അപമാനഭാരത്താല്‍ മൂടിയതും നിന്‍‌ബുദ്ധി.
എന്നിട്ടും നിന്നോടു പറഞ്ഞില്ലേ കൃഷ്ണാ
ഈ കര്‍ണ്ണനാ പാഞ്ചാലിയോടുള്ള മാപ്പ്.

ഒരുവേള ഞാന്‍ നിന്‍റെ ജേഷ്ഠനാണെന്നെന്‍
സോദരന്‍ അര്‍ജ്ജുനന്‍ അറിയാനിടവന്നാല്‍
ഭ്രാതൃഹത്യ നടത്താന്‍ കഴിയാതെ
ഗാണ്ഡീവം കളഞ്ഞെന്നെ പുല്‍കിയേക്കും.
പക്ഷേ എന്നാല്‍ തീരട്ടെയീ യുദ്ധമെല്ലാം,
ഗുരുവിന്‍റെ ശാപം ഫലിക്കട്ടെയിപ്പോള്‍.

അജ്ഞലികാബാണം തുളച്ചു കയറിയാ
കര്‍ണ്ണ കണ്ഠത്തിലേക്കൊരുമാത്രകൊണ്ട്.

സത്നം..

സത്നം, 
നീയൊരു പ്രതീകമാണ്‌; 
മനുഷ്യദൈവങ്ങള്‍ക്കും 
കാക്കിയുടുപ്പുകള്‍ക്കും 
രാഷ്ട്രീയ തൊഴിലാളികള്‍ക്കും 
കണ്ടെത്താനാകാത്ത 
മനുഷ്യന്‍റെ പ്രതീകം. 

നീതിപീഠങ്ങള്‍
കണ്ണുമൂടിക്കെട്ടി
സ്വയം കാഴച മറച്ച
ഗാന്ധാരിയെപ്പോലെ
കാഴ്ചയില്ലാത്തവരാകുന്നു.

സത്നാം,
നീയൊരു തെറ്റാണ്‌;
വിശ്വാസത്താലന്ധരായ
ഒരു സമൂഹത്തില്‍
നീയൊരു തെറ്റാണ്‌ സത്നം,
തിരുത്തപ്പെടാനാകാത്ത തെറ്റ്.

ചിലരങ്ങനെയാണ്‌.

ചിലരങ്ങനെയാണ്‌; 
നാമറിയാതെ 
നമ്മില്‍ നിന്നകന്ന് 
കൊഞ്ഞനം കുത്തുന്നവര്‍.


നമ്മോട് ചേര്‍ന്ന്
നമ്മുടേതായി, പിന്നെ
നമ്മില്‍ നിന്നകന്ന്
കണ്ണുനീര്‍ പൊഴിക്കുന്നവര്‍.


നയനത്തിനാനന്ദമേകി
മനസ്സില്‍ മധുരം വിതറി
വരഞ്ഞ് വരഞ്ഞ്
ഹൃദയം മുറിക്കുന്നവര്‍.


അകലെ നിന്ന്;
തൊടാതെ തലോടാതെ
ഒരു വാക്കിനാല്‍
മരുന്നു പുരട്ടുന്നവര്‍.


പിന്നെയും ചിലരുണ്ട്,
ഇരുതലയുള്ള കത്തി
ഹൃദയത്തില്‍ വച്ചിട്ട്
മാറോട് ചേര്‍ക്കുന്നവര്‍.


ചിലരങ്ങനെയാണ്‌,
ഗാന്ധിയുടെ കുരങ്ങന്മാരായ്
കാണാതെ, കേള്‍ക്കാതെ
പറയാതെല്ലാം സഹിക്കുന്നവര്‍..

സ്നേഹങ്ങള്‍.

ചില സ്നേഹങ്ങളുണ്ട്, 
മിഴികളില്‍ പ്രകാശം നിറച്ച്, 
വാക്കുകളില്‍ കരുണ നിറച്ച്, 
ഹൃദയത്തില്‍ സ്ഥിരതാമസമാക്കുന്നവ.

ചില സ്നേഹങ്ങളുണ്ട്;
രക്തം ഊറ്റിക്കുടിച്ച്,
മാംസം ഭക്ഷണമാക്കി
ഹൃദയത്തെ തുണ്ടം തുണ്ടമാക്കുന്നവ.

ചില സ്നേഹങ്ങളുണ്ട്;
പരാജയത്തില്‍ കൂടെ നിന്ന്
വീഴ്ചയില്‍ താങ്ങായി
പ്രത്യാശയുടെ കിരണം പോലെ.

ചില സ്നേഹങ്ങളുണ്ട്;
വിജയങ്ങളില്‍ കൂടെ കൂടി
പരാജയത്തില്‍ തിരക്കായി
വാക്കിനാല്‍ മായാജാലം തീര്‍ക്കുന്നവ.

ചില സ്നേഹങ്ങളുണ്ട്;
തളര്‍ന്നവനു കൈത്താങ്ങാകുന്ന,
വിശക്കുന്നവന്‌ ഭക്ഷണമാകുന്ന,
ദാഹിക്കുന്നവന്‌ ജലമാകുന്നവ.

ചില സ്നേഹങ്ങളുണ്ട്;
ജയിക്കാനുള്ള യാത്രയില്‍
മുന്നേ പോകുന്നവനെ
ഇടംകാലിട്ട് വീഴ്ത്തുന്നവ.

ചില സ്നേഹങ്ങളുണ്ട്;
കൈവിട്ട് ജീവിതത്തെ നോക്കി
തോറ്റ വഴികളേ നോക്കി
തന്നെത്തന്നെ സ്നേഹിക്കാന്‍ മറന്നവ.

സ്വപ്നം

വീണുകിട്ടിയൊരു 
പകലുറക്കത്തിലാണമ്മ 
ആ സ്വപ്നം കണ്ടത്. 
മഞ്ഞ ചുവരുള്ള,
വെളുത്ത മേല്‍ത്തട്ടില്‍
കാപ്പി നിറമുള്ള
കറങ്ങുന്ന പങ്ക.
ഇരുമ്പുകട്ടിലിലെ
പച്ചനിറമുള്ള കിടക്കയില്‍
വെളുത്ത തുണി വിരിച്ചിട്ടുണ്ട്.
ഒരു വശത്ത് കണക്കിലെ
ഏതോ ചിഹ്നത്തെ
സൂചിപ്പിക്കുന്ന
സ്റ്റീല്‍ കമ്പിയില്‍
തൂങ്ങിക്കിടക്കുന്ന
പ്ലാസ്റ്റിക് കുപ്പി.
കിടക്കയി,ലാകമാനം
മൂടിപ്പുതച്ചാരോ കിടക്കുന്നു.


ഒന്നുമില്ലമ്മേയെന്നു പറഞ്ഞ്
ഞാന്‍ ഫോണ്‍ വയ്ക്കുമ്പോഴും
ആ മഞ്ഞ ചുവരുള്ള ,
വെളുത്ത മേല്‍ത്തട്ടില്‍
കാപ്പി നിറമുള്ള പങ്ക
എന്‍റെ ഓര്‍മ്മകളെ
തോല്പ്പിക്കാനെന്ന പോലെ
അതിവേഗം കറങ്ങുന്നുണ്ടായിരിന്നു.