Monday, July 21, 2008

അയാള്‍

ക്ലോക്കില്‍ അലാറം അടിക്കുന്നത് കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. സമയം നോക്കിയപ്പോള്‍ വെളുപ്പിനെ 3.00 മണി. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ ചുറ്റും അന്ധകാരമ്മാത്രം. പിന്നെ ഉറങ്ങാന്‍ തോന്നിയില്ല.ആശുപത്രിയുടെ കവാടം കടന്നപ്പോള്‍ തന്നെ അയാള്‍ കണ്ടു, രോഗികളുടെയും അവരുടെ കൂടെ വന്നവരുടേയും ഒരു നീണ്ട നിര. അതിലേറെ തിരക്കാണ് പാര്‍ക്കിംഗ് ഏരിയായില്‍. കിട്ടിയ സ്ഥലത്ത് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ അയാളുടെ കണ്ണുകള്‍ ചെന്നു പതിച്ചത് ആ മുഖങ്ങളില്‍ ആയിരിന്നു, ആ അമ്മയുടേയും മകന്റ്റേയും. വിശ്വസിക്കാനാകാതെ ഒന്നുകൂടി അവിടേക്കു നോക്കിയ അയാള്‍ക്ക് അവരുടെ ആ മുഖങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. തിരക്കിനിടയിക് അവ അപ്രത്യക്ഷമായി. ഒരു തോന്നലായിരിന്നുവോ അത്.

അവരെ ആദ്യമായി കാണുന്നതും ഇതേ ഒരു അവസ്ഥയിലായിരിന്നു. കുറേ നാളുകള്‍ക്ക് മുന്‍പാണ്. അത് മറ്റൊരു തിരക്കുപിടിച്ച ദിവസം. അന്നാണെങ്കില്‍ ഡോക്ടേസ് വളരെ കുറവായിരിന്നു, ഒരു മിനിട്ട് പോലും വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥ. കൂടെ നില്ക്കുന്ന നേഴ്സ് ഇടക്കിടക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ആരോടൊക്കെയോ ദേഷ്യപ്പെടുന്നുണ്ട്. അത് അവരുടെ കുറ്റമല്ല, ആരായാലും അങ്ങനെ പറഞ്ഞു പോകും. പക്ഷേ എന്തുകൊണ്ടോ അയാള്‍ക്കങ്ങനെ ഒരിക്കലും പെരുമാറാന്‍ കഴിഞ്ഞിട്ടില്ല. സമയം ഒരു മണി കഴിഞ്ഞു, പക്ഷേ വീണ്ടും രോഗികളുടെ നീണ്ട നിര ഇപ്പോഴും അവിടെ തന്നെയുണ്ട്. അയാള്‍ക്കാണെങ്കില്‍ ഒന്നും കഴിക്കാനും തോന്നിയില്ല. ഇടയ്ക്കെപ്പോഴോ നേഴ്സ് പോയി ആഹാരം കഴിച്ചെന്നു വരുത്തി വന്നു. നാലു മണിയായതോടെ അല്പം തിരക്ക് കുറഞ്ഞു. അപ്പോഴാണ് അവര്‍ മുറിയിലേക്ക് കടന്നു വന്നത്, ആ അമ്മയും മകനും.

ഒരുതരം വല്ലാത്ത ദൈന്യത നിഴലിച്ചിരുന്നു ആ സ്ത്രീയുടെ കണ്ണുകളില്‍. ആ ഭാവം അയാളെ വല്ലാതാകര്‍ഷിച്ചു. ആ ചെറുപ്പക്കാരന്റ്റെ കണ്ണുകളില്‍ ഒരു തരം നിസ്സഹായത. അയാള്‍ കാര്യങ്ങള്‍ ആരാഞ്ഞു. ഒരു പൊട്ടിക്കരച്ചിലായിരിന്നു ആ സ്ത്രീയുടെ മറുപടി. അതുകണ്ട നേഴ്സ് അവരോട് ദേഷ്യപെട്ടു. അത് സാധാരണ നടക്കുന്ന കാര്യങ്ങളാണ്. എങ്കിലും ആ സ്ത്രീയോട് അയാള്‍ക്കെന്തോ ഒരു അനുകമ്പ തോന്നി. എങ്ങനേയോ തികട്ടിവന്ന കരച്ചില്‍ ഒതുക്കി ആ സ്ത്രീ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.കുറെ നാള്‍ മുന്‍പ് വരെ നല്ലപോലെ അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു ചെറുപ്പക്കാരനായിരിന്നു അയാളുടെ മുന്നില്‍ ഇരുന്നത്. ഇടക്കെപോഴോ ഒരുതരം വല്ലാത്ത തളര്‍ച്ച അയാളെ പിടികൂടി. ശരീരം ക്ഷയിക്കുവാന്‍ തുടങ്ങി... കുറേ ആശുപത്രികളില്‍ കയറി ഇറങ്ങി.. പക്ഷേ കയ്യിലുള്ള പൈസ തീരുന്നതല്ലാതെ മറ്റൊരു പ്രയോജനവും കാണുന്നുമില്ല. പിന്നെ പിന്നെ അസുഖം കൂടിയും പൈസ കുറഞ്ഞും വന്നു.... അവസാനം രണ്ടു സെന്‍റ്റ് വസ്തു വിറ്റ് അതിനു കിട്ടിയ പണവുമായി മറ്റൊരു അറിയപ്പെടുന്ന ആശുപത്രിയില്‍ പോയി... പിന്നെ പലതരം ടെസ്റ്റുകളുടെ ഒരു പ്രവാഹമായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ കയ്യ് വീണ്ടും ശൂന്യം. പിന്നെ നടത്തിയ ടെസ്റ്റുകളുടെ റിസല്‍ട്ടിനായുള്ള കാത്തിരിപ്പ്. പക്ഷേ ആ കാത്തിരുപ്പ് മറ്റൊരു ഞെട്ടലായ് മാറി. ഒരിക്കലും കരകയറാനാകത്ത ഒരു പടുകുഴിയിലേക്കാരോ വലിച്ചെറിഞ്ഞ പോലെ...

ക്യാന്‍സര്‍.. കേട്ടറിവ് മാത്രമുള്ള രോഗം.. ഇനി എന്ത്? മുന്നില്‍ ശൂന്യത മാത്രം. ഇനി ആകെ കൈയ്യിലുള്ളത് നാലു സെന്‍റ്റ് സ്ഥലവും ഒരു ഓലമേഞ്ഞ വീടും. പക്ഷേ എല്ലായിടത്തും, എല്ലാവരും ആട്ടിയോടിച്ചു....പേപ്പട്ടിയെ പോലെ... പണമില്ലാത്തതിന്റ്റെ പേരില്‍..... ആ നെട്ടോട്ടത്തിനിടയില്‍ എത്തിയതാണിവിടേയും. പറഞ്ഞ് പറഞ്ഞ് ആ സ്ത്രീ കരയുകയായിരുന്നു..അവസാനം മാറില്‍ എവിടെയോ മറച്ചു വച്ചിരുന്ന, ഒരു പഴയ കടലാസുകൊണ്ട് പൊതിഞ്ഞ, ഒരു പൊതി അയാള്‍ക്ക് നേരേ നീട്ടികൊണ്ട് ആ സ്ത്രീം പറഞ്ഞു.... രക്ഷിക്കണം സാര്‍, എന്റ്റെ മകനെ രക്ഷിക്കണം. ഇത് എനിക്കാകെയുള്ള നാലു സെന്‍റ്റ് സ്ഥലത്തിന്റ്റെ ആധാരമാണിത്. ഇതു മാത്രമേ ഉള്ളൂ എന്റ്റെ കൈയ്യില് സാറിനു തരാന്‍, അങ്ങ് എന്റ്റെ മകനെ എനിക്കു തിരിച്ചു നല്കണം. ആ സ്ത്രീ എന്റ്റെ കാല്ക്കലേക്കു വീണു. ഒരു ഞെട്ടലില്‍ ഞാന്‍ കാലുകള്‍ പുറകിലേക്ക് വലിച്ചു....അയാളുള്‍പ്പെടെയുള്ള ഡോക്ടേസിന്റ്റെ പണത്തോടുള്ള അമിതമായ ആര്‍ത്തിയുടെ ഫലമല്ലേ ഈ ചെറുപ്പക്കാരന്‍.... ആ സ്ത്രീ തന്ന ആ പൊതിക്കെട്ട് അയാള് അവരുടെ കയ്യില്‍ പിടിപ്പിച്ചു... അവരുടെ കണ്ണുകള്‍ വീണ്ടും ചോര്ന്നൊലിക്കാന്‍ തുടങ്ങി...ഇതല്ലാതെ മറ്റൊന്നുമില്ല സാര്‍.. എന്റ്റെ കയ്യില്‍.... രക്ഷിക്കണം..... അവര്‍ കരുതിക്കാണും പൈസ തികയാത്തതു കൊണ്ട് അത് തിരിച്ചു കൊടുത്തതാണെന്ന്..... അയാള്‍ അവരെ സമാധാനിപ്പിച്ചു... ആദ്യം ആ കേസൊന്നു പഠിക്കട്ടെ, എന്നിട്ട് പറയാം.. അയാള്‍ ആ സ്ത്രീയോട് പറഞ്ഞു..... എങ്കിലും ആ മുഖത്ത് ഒരു പ്രതീക്ഷയുടെ വെട്ടം അയാള്‍ കണ്ടില്ല..

ശരീരം എന്തിലോ ഒന്ന് ഇടിച്ചത് പോലെ..പെട്ടെന്ന് അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. ആ തിരക്കിനിടയില്‍ ആരോ തട്ടിയതാണ്... അയാള്‍ ചുറ്റും നോക്കി.... അയാളപ്പോഴും ആ തിരക്കിനിടയില്‍, ആ കാറിനോട് ചേര്‍ന്നു നില്ക്കുകയായിരിന്നു.... അറിയാതെ വാച്ചിലേക്ക് നോക്കി, സമയം പത്താകുന്നു. അറിയാതെ ഒരു ഞെട്ടല്‍..ഒരുപാട് താമസിച്ചിരിക്കുന്നു.... പെട്ടെന്നു തന്നെ അയാള്‍ ആ ആശുപത്രിയെ ലകഷ്യമാക്കി നടന്നു.വരാന്തയില്‍ ഒരുപാട് രോഗികള്‍ ഉണ്ട്.... ആ വരാന്തയിലെ തൂണിന് മറവില്‍ നില്ക്കുന്നത് അവരല്ലേ, ആ അമ്മയും മകനും...റൗണ്ട്സ് കഴിഞ്ഞു വന്ന് ഉടനെ തന്നെ അവരെ അകത്തേക്ക് വിളിപ്പിച്ചു. ആ അമ്മയും മകനും, ഇപ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് ഒരുതരം തിളക്കം കാണാം, ആ ചെറുപ്പക്കാരന്റ്റെ മുഖത്തും ഒരു ചെറിയ പുഞ്ചിരി കാണാം..അവര്‍ കൈകള്‍ കൂപ്പിക്കെണ്ട് കടന്നുവന്നു. അവരുടെ മുഖത്തുനിന്നും അയാള്‍ക്ക് മനസ്സിലായി, അവര്‍ക്ക് എന്തോ പറയാനുണ്ട്... ഒന്നു രണ്ടു നിമിഷം ആ സ്ത്രീ അങ്ങനെ തന്നെ നിന്നു.. പിന്നെ പറയാന്‍ തുടങ്ങി...

ഡോക്ടര്‍, മോന്റ്റെ വിവാഹമാണ് അടുത്ത ആഴ്ച.... അവന്റ്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ടൊരു പെണ്ണിനെ കിട്ടി. ഡോക്ടര്‍ വരണം...മറ്റാരു വന്നില്ലെങ്കിലും അങ്ങ് വരണം... അങ്ങയോട് നന്ദി പറയുന്നില്ല ഡോക്ടര്‍.. പറഞ്ഞാല്‍ അതു കുറഞ്ഞു പോകും.... എന്നാലും അങ്ങ് ഇതു സ്വീകരിക്കണം.....ഒരു പ്രതിഫലമായിട്ടല്ല... എന്നാലും ഞങ്ങളുടെ ഒരു സന്തോഷത്തിന്...... അതും പറഞ്ഞ് ആ സ്ത്രീ എന്തോ എടുത്ത് മകന്റ്റെ കയ്യില്‍ കൊടുത്തു.... കൊടുക്കു മോനേ, എന്നിട്ടാ കാല് തൊട്ട് അനുഗ്രഹം വാങ്ങൂ.... എന്തോ അയാളുടെ കയ്യില്‍ കൊടുത്ത് ആ ചെറുപ്പക്കാരന്‍ അയാളുടെ കാലുകളില്‍ കൈ തൊട്ട് കൈ കണ്ണില്‍ വച്ചു. അയാള്‍ കൈയ്യിലേക്ക് നോക്കി... ഒരു വെറ്റിലയില്‍ ഏതാനും നോട്ടുകള്‍....ഇതിനു മുന്‍പ് ഒരിക്കലും തോന്നാത്ത ഒരു വികാരം തോന്നി ആ നിമിഷത്തില്‍..... ആ വെറ്റില മാത്രമെടുത്ത് ആ നോട്ടുകള്‍ അയാള്‍ ആ ചെറുപ്പക്കാരന്റ്റെ കൈയ്യില്‍ കൊടുത്തിട്ട് യാന്ത്രികമായി ആ തലയിലൊന്ന് തലോടി.... അപ്പോഴേക്കും ആ അമ്മയുടേയും മകന്‍‌റ്റേയും രൂപങ്ങള്‍ അയാള്‍ക്ക് അവ്യക്തമായി തുടങ്ങിയിരുന്നു. അയാള്‍ പോലും അറിയാതെ, അയാളുടെ നിയന്ത്രണങ്ങള്‍ക്കും അതീതമായി, അയാളുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു തുടങ്ങിയിരുന്നു.. പിന്നെ അതൊരു ചെറിയ അരുവിയായി ഒലിച്ചിറങ്ങി....

2 comments:

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?