അതൊരു വിമാനത്തിന്‍റ്റെ ഒച്ചയല്ലേ കുട്ട്യേയ്... ന്‍റ്റെ അപ്പു അതിലുണ്ടാവുമോ ആവോ? അമ്മയെ കാണാന്‍ വരുന്നുണ്ടെന്ന് കഴിഞ്ഞ മാസം വിളിച്ചപ്പോഴും അവന്‍ പറഞ്ഞിരിന്നു. എപ്പോഴും അമ്മയെ കാണണം ന്ന് ണ്ടെന്ന്.. പക്ഷേ അവധി കിട്ടണ്ടേ? ന്താ ചെയ്യാല്ലേ? എല്ലാവര്‍ക്കും അവരവരുടെ ജോലിയല്ലേ വലുത്. ന്താ ചെയ്യാന്‍റ്റെ കുട്ട്യേയ്... അല്ല, ഞാന്‍ നിന്നോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം, ല്ലേ? നീയാരാ..ന്നെ നോക്കാന്‍ നില്‍ക്കണ ഹോം നേഴ്സ്. ന്നാലും അറിയാണ്ട് ങ്ങ് പറഞ്ഞു പോണതാ കുട്ട്യേയ്... മനസ്സിലുള്ളത് ആരോടെങ്കിലും പറഞ്ഞാല്‍ ഒരാശ്വാസമാണേ... ഇവിടെയിപ്പോ നീയല്ലാണ്ട് ആരാ എനിക്കുള്ളത്..
ഒരു മിനിട്ടിന്‍റ്റെ വ്യത്യാസത്തില്‍ രണ്ടാണ്‍കുട്ടികള്‍ ഉണ്ടായപ്പോള്‍ ല്ലാവരും എന്തൊക്കെയാ പറഞ്ഞേ.. "ന്തായാലും മേലേടത്തെ ദേവകി രക്ഷപെട്ടൂട്ടോ. രണ്ടാണ്‍കുട്ടികളല്ലേ. ഇനീപ്പോ അവല്‍ക്കൊരു സുഖമൊക്കെ ണ്ടാകും"ന്ന്. എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിപ്പിക്കും പോലെ ജീവിതം മുന്നോട്ട് നീങ്ങി. അതിനിടയില്‍ എപ്പോഴോ മക്കള്‍ വളര്‍ന്നു. അച്ഛനില്ലാത്ത ദു:ഖം അറിയിക്കാതെ അവരെ തന്നാലാകും വിധം വളര്‍ത്തി. ഒന്നിനും ഒരു കുറവും ണ്ടാകാതെ നോക്കി. അടിവസ്ത്രം മുറുക്കിയുടുത്ത് അവരെ പഠിപ്പിച്ചു. അപ്പോഴൊക്കെ എനിക്കും രണ്ടാണ്‍കുട്ടികളാണെന്നതില്‍ മനസ്സാല്‍ ഞാനും അഹങ്കരിച്ചിരുന്നുവോ? എനിക്കും ഒരു നല്ല ദിവസം വരും എന്ന് വിശ്വസിച്ചിരുന്നുവോ?
രണ്ടാളുടേയും പഠിത്തം കഴിഞ്ഞു. ഇനി ജോലിയ്ക്കുള്ള ഓട്ടമാണ്. വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. കയ്യില്‍ പൈസയും പിടിപാടുമില്ലാത്തവന് എവിടെ ജോലി? ആരുടെയൊക്കെയോ സഹായത്താല്‍ മൂത്തയാള്‍ക്ക് ഒരു ജോലി കിട്ടി. പക്ഷേ അത് വീട്ടില്‍ നിന്നും കുറേ ദൂരെയാണ്. അങ്ങനെ അവന്‍ ആ വീട് വിട്ട് നഗരത്തിലേക്ക് കുടിയേറി. ഇളയ ആള്‍ക്ക് ഗള്‍ഫില്‍ പോകണം ന്ന് പറഞ്ഞ് പാസ്പോര്‍ട്ടൊക്കെ എടുത്ത് വച്ചിരിക്കന്നു. അപ്പോഴൊക്കെ ഞാന്‍ പറയുമായിരിന്നു "എന്തായാലും പിന്നെയും ഞാന്‍ മാത്രം ഇവിടെ ബാക്കിയാകും ല്ലേ"ന്ന്. എന്താ ചെയ്ക.. ജീവിക്കണ്ടേ.. കുറച്ച് ഭൂമി കൊടുത്ത് കിട്ടിയ പൈസ കൊടുത്ത് വാങ്ങിയ വിസയുമായി അവനും തന്നെ തനിച്ചാക്കി പറന്നകന്നു. അത് എന്നന്നേക്കുമായുള്ള തന്‍റ്റെ ഒറ്റപ്പെടലിന്‍റ്റെ തുടക്കമായിരിന്നുവോ?
ഹോം നേഴ്സിന്‍റ്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ കൊടുത്ത മരുന്നും ഗുളികയും കഴിച്ച് ഒരു തളര്‍ച്ചയോടെ ദേവകിയമ്മ അവളോട് പറഞ്ഞു: ന്തിനാ ന്‍റ്റെ കുട്ട്യേയ് ഇങ്ങനെ ഞാന്‍ ജീവിക്കണെ. ഇതൊക്കെ നിര്‍ത്താറായില്ലേ? ഈ ഗുളിക കഴിക്കുമ്പോഴേക്കും കണ്ണുകളങ്ങ് അടഞ്ഞു പോകാണേയ്.. ന്നാ പിന്നെ സ്ഥിരായിട്ട് ങ്ങ് അടയുവോ? അതും ഇല്യാ.. ന്താ ചെയ്യാ... ആ ഗുളികയുടെ ശക്തിയില്‍ ഉറക്കത്തിലേക്ക് മടങ്ങുമ്പോഴും അവരുടെ മനസ്സ് വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിക്കുകയായിരിന്നു.
വിവാഹ പ്രായമെത്തിയ, ഒന്നിനൊന്ന് വളര്‍ന്നു നില്‍കുന്ന രണ്ടാണ്‍മക്കള്‍. രണ്ടാള്‍ക്കും ആലോചനകളൊക്കെ ഷ്ടം പോലെ വരുന്നുണ്ട്. ഒടുവില്‍ മൂത്തയാള്‍ പറഞ്ഞു; ന്‍റ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുണ്ട്. എനിക്കവളെ ഇഷ്ടമാണ്. അവള്‍ക്ക് ന്നേയും. അമ്മ അത് നടത്തി തരണം. എനിക്ക് മറ്റൊരു വിവാഹം വേണ്ട.. ന്താ പറയ്ക.. കുട്ടികളൂടെ ഷ്ടമല്ലേ.. അപ്പോള്‍ പിന്നെ അതല്ലേ നടക്കേണ്ടത്. അങ്ങനെ ആര്‍ഭാടമായി ആ വിവാഹം നടന്നു. അതിനു ശേഷം ചെക്കനും പെണ്ണും ഒരാഴ്ച വീട്ടില്‍ ണ്ടായിരിന്നു. അതിനു ശേഷം രണ്ടാളും ജോലി സ്ഥലത്തേക്ക് പോയി. അവധി ഇല്ലാത്രേ.
പിന്നെ പിന്നെ അവന്‍റ്റെ ഫോണ്‍ വിളീകള്‍ കുറഞ്ഞു തുടങ്ങി. പണ്ടൊക്കെ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരാറുണ്ടായിരുന്നവന്‍ ഇപ്പോ മാസത്തിലൊരിക്കല്‍ പോലും വരാണ്ടാതായിരിക്കുന്നു. "അമ്മയെ കാണാന്‍ പോലും നിനക്ക് ഇപ്പോള്‍ സമയമില്ലാണ്ടായോ മോനേ" എന്ന് ചോദിച്ചു ഒരിക്കല്‍. അമ്മയ്ക്കിതൊക്കെ പറയാം. ഒരു ദിവസം അവധി എടുത്താല്‍ രൂപാ എത്രയാണ് നഷ്ടം ന്ന് അമ്മയ്ക്കറിയ്യോ? ഈ പട്ടിക്കാട് പോലല്ലാ, നഗരത്തില്‍ രണ്ടാള്‍ക്ക് ജീവിക്കണമെങ്കില്‍ എന്താ പാടെന്ന് അമ്മയ്ക്കറിയ്യോ? ല്യാ.. പിന്നെ പരാതീം.. പിന്നെ സ്വന്തം ചിലവ് മാത്രമാണേല്‍ കുഴപ്പമില്യാ.. ഇതിപ്പോ അങ്ങിനെയാണോ? ഇടയ്ക്കിടെ അമ്മയ്ക്കും തരണില്ലേ അഞ്ഞൂറും ആയിരമൊക്കെ. ല്ലാം അധിക ചിലവല്ലേ? പിന്നെ അവള്‍ക്കാണെങ്കില്‍ പ്പോ നല്ല സുഖോല്യാ.. ഒരു കുഞ്ഞുണ്ടാകാന്‍ പോണൂത്രേ... അതും ഒരു ചിലവല്ലേ? ന്നാലോ ജോലി ചെയ്യാന്‍ ഞാന്‍ മാത്രം. ന്താ ചെയ്ക.. ല്ലാരും കൂടി ന്നെ ഭ്രാന്തു പിടിപ്പിക്കും. എന്തിനാണ് മനസ്സൊന്ന് വിങ്ങിയതെന്നും കണ്ണുകള്‍ നിറഞ്ഞ് തുടങ്ങിയതെന്നും അപ്പോഴും തനിക്കറിയില്ലായിരിന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അമ്മയ്ക്ക് അഞ്ഞൂറോ ആയിമോ തരുന്നത് അവന് ഒരധിക ചിലവാണെന്ന്. അന്നാദ്യമായ് ആ മകനെ ഓര്‍ത്ത് താന്‍ കരഞ്ഞു. അതല്ലാതെ ന്താ എനിക്ക് ചെയ്യാന്‍ കഴിയ്യാ...
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയ ആളും ഗള്‍ഫില്‍ നിന്നും വന്നിരിന്നു. ഈ നാട്ടിലെ തന്നെ ഒരു പുതു പണക്കാരന്‍റ്റെ മകളുമായി അവന്‍റ്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹവും കഴിപ്പിച്ചു. കല്യാണശേഷം പെണ്ണും ചെക്കനും പെണ്ണിന്‍റ്റെ വീട്ടിലായി താമസം. അവള്‍ക്ക് ഈ പഴയ വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്ന്. ഇന്നലെ പൈസ കാണാന്‍ തുടങ്ങിയ അവള്‍ക്കും ഇതാണവസ്ഥ. അതിനൊത്ത് തുള്ളാന്‍ അവനും. രണ്ടു മാസത്തിനു ശേഷം രണ്ടാളും ഗള്‍ഫിനു മടങ്ങി. പോകുന്നതിനു മുന്‍പ് വന്നിരിന്നു യാത്ര ചോദിക്കാന്‍. തലയില്‍ കൈവച്ച് അനുഗ്രഹിച്ചു രണ്ടാളേയും. ന്താ പ്പോ അപ്പൂന് കൊടുക്കുക.. ന്‍റ്റെ കയ്യില്‍ ഒന്നുല്ലാല്ലോ.. പിന്നെ അടുക്കളയില്‍ നിന്നും അവന്‍റ്റെ പ്രീയപ്പെട്ട മാങ്ങാ അച്ചാര്‍ എടുത്തു കൊടുത്തു. അതു കാണൂമ്പോള്‍ അവന്‍റ്റെ കണ്ണുകളിലെ സന്തോഷം താന്‍ മനസ്സാല്‍ കാണുന്നുണ്ടായിരിന്നു. എന്നാല്‍ അതു വാങ്ങും മുന്‍പ് അവന്‍ അവളെ ഒന്നു നോക്കി. അവളോ എന്തോ ഒരു ഗോഷ്ടി കാട്ടി മുഖം തിരിച്ചു കളഞ്ഞു. പിന്നെ ആ മാങ്ങാ അച്ചാര്‍ വാങ്ങാതെ അവന്‍ തിരിഞ്ഞു നടന്നതും വിറങ്ങലിച്ച മനസ്സും വിറയ്ക്കുന്ന കൈകളുമായി അവിടെ തന്നെ നിന്നപ്പോഴേക്കും ഒരു കണ്ണുനീര്‍ പാട വന്ന് അവരുടെ യാത്ര തന്നില്‍ നിന്നും മറച്ചിരുന്നല്ലോ. സ്വന്തം മകന്‍റ്റെ ഇഷ്ടങ്ങള്‍ മാറി തുടങ്ങിയത് അറിയാതെ പോയത് അവന്‍റ്റെ പെറ്റമ്മയായ തന്‍റ്റെ തെറ്റല്ലേ?
കഴിച്ചിരുന്ന ഗുളികയുടെ ശക്തി ക്ഷയിച്ച് ആ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് നോക്കിയത് മച്ചില്‍ കറങ്ങാതെ കിടക്കുന്ന പങ്കയിലേക്കാണ്. ഗള്‍ഫില്‍ നിന്നും ആദ്യമായി വന്നപ്പോള്‍ അമ്മയ്ക്ക് മകന്‍ കൊടുത്ത സമ്മാനം. ഒരനക്കവും കേല്‍ക്കുനില്ലല്ലോ? അവള്‍ ഇല്ലേ ഇവിടെ? ടി.വി. കാണുകയായിരിക്കും. അല്ലാണ്ടെന്താ അവള്‍ ചെയ്ക. സമയം കൊല്ലാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ? കുട്ട്യേയ്... എവിടെയാ നീയ്യ്.... ഞാന്‍ വിളീക്കണത് നീ കേള്‍ക്കണൂണ്ടോ? കുട്ട്യേയ്... ആ സാധനം തൂറന്ന് ഇരുന്നാല്‍ പിന്നെ ഇവിടെ കിടന്ന് മനുഷ്യന്‍ ചാകാറായി വിളിച്ചാല്‍ പോലും കേള്‍ക്കില്ലല്ലോ.. ന്താ ചെയ്ക.... കുട്ട്യേയ്.......
രണ്ട് മാസം ആയിട്ടുണ്ടാകും. ഒരു ദിവസം "അമ്മേ" എന്നുള്ള വിളികേട്ട് പുറത്തിറങ്ങി നോക്കിയപ്പോല്‍ ദേ നില്‍ക്കുന്നു അനിയനും ചേട്ടനും കൂടി. രണ്ടാളും ഒരുമിച്ച്.. ന്‍റ്റെ ഗുരുവായൂരപ്പാ.. ഞാന്‍ എന്തായീ കാണണത്... എനിക്കങ്ങട് വിശ്വസിക്കാന്‍ വയ്യാട്ടോ... ഇനീ പ്പോ ചത്താലും വേണ്ടീല്ല ന്‍റ്റെ ദേവീ... വൈകുന്നേരമാണ് അവര്‍ കാര്യത്തിലേക്ക് കടന്നത്. ഈ പട്ടിക്കാട്ടില്‍ ഇങ്ങനെ ഒരു വീടും കുറേ സ്ഥലവും ഉണ്ടായിട്ടെന്തു കാര്യം. വിലയും കിട്ടില്ലാ, ഇവിടൊട്ടാരും താമസിക്കാനും പോണില്ല. അതുകൊണ്ട് നമുക്കീ വീടും പുരയിടവും വിറ്റ് കിട്ടുന്ന കാശ് മറ്റെന്തിനെങ്കിലും ഉപയോഗിക്കാമല്ലോ? അപ്പോള്‍ അതാണ് കാര്യം. ഇത് വില്‍ക്കണം. അപ്പോ അതാണല്ലേ ന്‍റ്റെ മക്കള്‍ രണ്ടാളും കൂടി... നന്നായി... ഇനീപ്പോ ഇതു മാത്രമായിട്ടെന്തിനാ ഈ പട്ടിക്കാട്ടില്‍ ഒരു ബന്ധം ബാക്കി വയ്ക്കുന്നതല്ലേ? നന്നായീ... ന്നാലും ഒരു കാര്യം ന്‍റ്റെ മക്കള്‍ ഈ അമ്മയോട് പറയുമോ? ഇത് വിറ്റു കിട്ടുന്നത് പകുത്തെടുത്ത് നിങ്ങള്‍ രണ്ടാളും രണ്ടു വഴിക്ക് പോകുമ്പോള്‍ ഈ അമ്മ എങ്ങോട്ടു പോകണം ന്ന് കൂടി പറയ്യോ? അതോ ഈ അമ്മയേയും നിങ്ങള്‍ വീതം വെയ്ക്കുമോ ന്‍റ്റെ കുട്ടികളേ?
രണ്ടാളും കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ മുഖാമുഖം നോക്കി, എന്തോ പറയാന്‍ വന്നിട്ട് അത് നാവിന്‍ തുമ്പില്‍ തടയുന്ന പോലെ. ന്താ ഒരു മൗനം ന്‍റ്റെ കുട്ടികളേ.. ന്താച്ചാല്‍ പറയ്ക... ന്തായാലും ഈ അമ്മയ്ക്ക് സമ്മതാ... ന്‍റ്റെ കുട്ടികളല്ലേ.. അപ്പോ പിന്നെ ഈ അമ്മയ്ക്ക് ദോഷം വരുന്ന ഒന്നും നിങ്ങള്‍ ചെയ്യില്ലാന്നറിയാം.. മൂത്തയാള്‍ പതുക്കെ പറഞ്ഞു: അമ്മ പേടിക്കണ്ട. ഈ പട്ടിക്കാട്ടില്‍ ജീവിച്ച് വളര്‍ന്ന അമ്മ ന്‍റ്റെ കൂടെ നഗരത്തില്‍ താമസിക്കില്യാന്നറിയാം. അമ്മയ്ക്കതിഷ്ടവുമല്ലല്ലോ? ആതുകൊണ്ട് തന്നെ അമ്മ ഇവന്‍റ്റേയും കൂടെ പോകില്ലല്ലോ? അപ്പോ പിന്നെ ന്താ ചെയ്ക? അതുകൊണ്ട് ഞങ്ങള്‍ ഒരു കാര്യം ങ്ങട് തീരുമാനിച്ചു. അമ്മയുടെ ആഗ്രഹം പോലെ ജീവിതാവസാനം വരെ ഗ്രാമത്തിന്‍റ്റെ ഗന്ധവും നിഷ്ക്കളങ്കതയുമൊക്കെയുള്ള ഒരു സ്ഥലം; അമ്മയ്ക്ക് അവിടെ കഴിയാം. വൃദ്ധസദനമെന്നാണ് അതിനെ അറിയപ്പെടുന്നതെങ്കിലും അവിടെ അമ്മയ്ക്ക് യാതൊരു കുറവും വരില്ലാ.. അവിടെയാകുമ്പോള്‍ എനിക്കും ഇടയ്ക്കിടെ വന്ന അമ്മയെ കാണുകയും ചെയ്യാം. അപ്പോള്‍ തന്‍റ്റെ കണ്ണുകള്‍ നിറഞ്ഞുവോ? മനമൊന്ന് പിടഞ്ഞുവോ? കൈകലുകള്‍ വിറച്ചുവോ? പാദത്തിനടിയിലെ മണ്ണ് ചോര്‍ന്നൊലിക്കുന്ന പോലെ തോന്നിയോ? ഒരു കൊടുംങ്കാറ്റടികുന്നുവോ? ഇല്ല, ആ കാറ്റ് തന്‍റ്റെ മനസ്സിലാണ് ആഞ്ഞാഞ്ഞ് വീശുന്നത്, എന്തൊക്കെയോ തകര്‍ക്കാനുള്ളതു പോലെ.....
എതോ കേട്ടതൊന്നും ങ്ങട് വ്യക്തമാകുന്നില്ല. അപ്പോള്‍ ഈ വീടും സ്ഥലവും വിറ്റ് അവര്‍ക്ക് പണം കിട്ടിയാല്‍ പിന്നെ തന്‍റ്റെ ജീവിതം ആ വൃദ്ധസദനത്തില്‍. തന്നെ പോലെ ഏറെ പ്രതീക്ഷകളോട് കൂടി വളര്‍ത്തി വലുതാക്കിയ മക്കള്‍ അതിനുള്ള കൂലിയായ് സ്വന്തം മാതാപിതാക്കള്‍ക്ക് നല്‍കുന്ന സമ്മാനം - അവസാന സമയത്ത് ജീവിക്കാന്‍ ഒരു വൃദ്ധസദനം. മുണ്ട് മുറുക്കിയുടുത്ത് മക്കള്‍ക്കു വേണ്ടി സമ്പാദിച്ചു കൂട്ടിയതിന് മക്കള്‍ നല്‍കുന്ന പ്രതിഫലം - വൃദ്ധസദനം. അരവയര്‍ ഭക്ഷണം കഴിച്ച് ബാക്കിയുള്ള ഭക്ഷണം സ്വന്തം മക്കള്‍ക്കു വേണ്ടി മാറ്റി വയ്ക്കുന്ന അച്ഛനമ്മമാര്‍ക്ക് മക്കളുടെ സമ്മാനം - വൃദ്ധസദനം. എന്തൊക്കെയോ പറയാനുണ്ടായിട്ടും, ഹൃദയം മുറിഞ്ഞ് രക്തം വമിക്കുകയായിരുന്നിട്ടും, വായ് തുറക്കാന്‍ പറ്റാത്ത അവസ്ഥ. അവസാനം ഇത്രമാത്രം പറഞ്ഞതോര്‍മ്മയുണ്ട്. "ന്‍റ്റെ മക്കളെ, ഈ ചെറിയ കാര്യത്തിന് വേണ്ടി ല്ലാത്ത അവധിയും എടുത്ത്, കാശും ചിലവാക്കി ഇത്രടം വരെ വരേണ്ട കാര്യമുണ്ടായിരിന്നോ? ഒന്ന് വിളിച്ചു പറഞ്ഞാല്‍ പോരായിരിന്നോ? ന്തായാലും വില്‍ക്കാനുള്ള കാര്യങ്ങള്‍ നടക്കട്ടെ. എവിടെ എന്ന് ഒപ്പിടണം എന്നു മാത്രം പറഞ്ഞാല്‍ മതി, ഞാന്‍ ഒപ്പിട്ടു തരാം. പിന്നൊരപേക്ഷയുണ്ട് രണ്ടാളോടും. ഈ വീടും സ്ഥലവും വിറ്റ് ഞാന്‍ ആ വൃദ്ധസദനത്തില്‍ പോകുന്നതോടെ എന്‍റ്റെ ഈ ജന്മത്തുള്ള എല്ലാ ബന്ധങ്ങളും തീരുകയാണ്. ല്ലെങ്കില്‍ ഞാന്‍ തീര്‍ക്കുകയാണ്. പിന്നെ സ്വന്തത്തിന്‍റ്റേയും ബന്ധത്തിന്‍റ്റേയും പേരും പറഞ്ഞ് രണ്ടാളും ആ വഴിക്ക് വന്നു പോകരുത്. അവിടെ ഞാന്‍ സുഖിച്ച് ജീവിക്കുമ്പോള്‍ അതിനിടയ്ക്ക് എനിയ്ക്കൊരു ബുദ്ധിമുട്ടായി ആ വഴിക്ക് കണ്ടു പോകരുത്. അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ഠമിടറീയോ? വാക്കുകളില്‍ ഒരു വിറയല്‍ ബാധിച്ചുവോ? പിന്നെ ഒരക്ഷരം പോലും മിണ്ടാനാകാതെ അകത്തേക്ക് വന്ന് ഈ കട്ടിലില്‍ കിടന്ന കിടപ്പാണ്. പിന്നെ എപ്പോഴോ കണ്ണു തുറന്നപ്പോള്‍ കൂട്ടിന് ഈ ഹോം നേഴ്സ് മാത്രം.
എവിടെയോ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം. ആരോ ഫോണ്‍ എടുത്തല്ലോ. അപ്പു ആയിരിക്കും? എടുത്തു കൊണ്ട് നടക്കാവുന്ന ഫോണുമായി അവള്‍ വന്നു. അപ്പുവാണ്. റിസീവര്‍ ചെവിയോട് ചേര്‍ത്തു വച്ചതല്ലാതെ ഒന്നും പറയാന്‍ തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍. അടുത്ത ആഴ്ച വസ്തുവിന്‍റ്റെ പ്രമാണമാണെന്ന്. ഒന്നും പറയാതെ തന്നെ റിസീവര്‍ തിരികെ അവളുടെ കയ്യില്‍ കൊടുത്തു. ഒരാഴ്ച കൂടി ഈ വീട്ടില്‍ താമസിക്കാം. അതു കഴിഞ്ഞാല്‍ പിന്നെ വൃദ്ധസദനം. എന്തോ അതുവരെ ഇല്ലാതിരിന്ന ഒരു വേദന.... ഒരു നൊമ്പരം.. ഈ വിടിനോട് വിടപറയാന്‍ പോകുന്നു. ഈ വീട്ടില്‍ കിടന്ന് മരിക്കണമെന്ന് സ്വപ്നം കണ്ടിരിന്നു. പക്ഷേ ഇപ്പോള്‍..?? സ്നേഹിച്ച് വളര്‍ത്തി വലുതാക്കിയ മക്കള്‍, രണ്ടാളും അവരവരുടെ സുഖം തേടി പോയിരിക്കുന്നു. ഇന്ന് സ്വന്തം അമ്മ അവര്‍ക്കൊരു ഭാരമായിരിക്കുന്നു. ഇതുവരെയുള്ള ജീവിതം മുഴുവനും ഒരു തിരശ്ശീലയിലെന്ന പോലെ മുന്നില്‍ മിന്നി മറയുന്നു. ഈ വീട്ടിലേക്ക് വലതു കാല്‍ വച്ച് കയറി വന്നതും, പിന്നെ സ്നേഹം മാത്രം അറിഞ്ഞ, അനുഭവിച്ച കാലം, പിന്നെ അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം, ഗര്‍ഭിണിയായി ആറുമാസം ആയപ്പോഴേക്കും തന്നെ എന്നെന്നേക്കുമായി വിട്ട് പോയ ഭര്‍ത്താവ്, പിന്നെ കുട്ടികളുടെ ജനനം, അവരുടെ വളര്‍ച്ച, വിവാഹം, കുട്ടികള്‍... പിന്നെ ഇതാ ഇപ്പോള്‍...... വൃദ്ധസദനം വരെ.....
എന്തോ ശരീരമാകെ തളരുന്ന പോലെ..... ഒരു വിറയല്‍..... നെഞ്ചില്‍ ഒരായിരം സൂചികള്‍ ഒന്നിച്ച് കുത്തിയിറക്കുന്നതു പോലെ....... പിന്നെ പതുക്കെ പതുക്കെ ആ കഴിക്കാത്ത ഗുളികയുടെ ശക്തിയില്‍ കണ്ണുകള്‍ അടച്ച് ആ അമ്മ ആരാലും ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത ആ ഉറക്കത്തിലേക്ക്, അവരുടെ മാത്രമായ ആ വൃദ്ധസദനത്തിലേക്ക് യാത്ര തുടങ്ങി കഴിഞ്ഞിരുന്നു.
(ഈ കഥ കണിക്കൊന്ന.കോം ല്‍... എല്ലാവരും അവിടേയും കമന്‍റ്റ് എഴുതുമല്ലോ? നന്ദി.
കഥ കാണാന്‍ ഇതു വഴി പോകുക.: http://www.kanikkonna.com/index.php?option=com_content&view=article&id=294:2009-02-17-13-40-23&catid=25:2008-09-29-07-23-53&Itemid=11&comment_id=739#josc739 കണിക്കൊന്ന.കോം.