ചവറ്റു കൂനകള്‍ക്കരുകില്‍
പിടയ്ക്കുന്നു ജന്മങ്ങള്‍.
കാക്കക്കള്‍ കൊത്തി വലിക്കുന്നു
പിന്നെ പുഴുക്കളരിച്ചു നടക്കുന്നു.
ഇതാരുടെ കര്‍മ്മഫലം?
കാമാഗ്നി കെടുത്തുവാന്‍
കഴിയാതെ പോയൊരാ ജനത-
തന്‍ ബാക്കി പത്രങ്ങളാണിവര്‍.
പേരിനു വേണ്ടി പ്രശസ്തിക്കു
വേണ്ടി, ഉടുതുണിയില്ലാതെ
മേനി പ്രദര്‍ശനം ചെയ്യുന്നവര്‍.
കാശുകള്‍ കാറുകള്‍ കൂടി വന്നീടുന്നു;
ആ വഴിയോരങ്ങളില്‍ വീണ്ടൂം
പാഴ് ജീവനുകള്‍ തുടിയ്ക്കുന്നു.
ലക്ഷോപലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടാ
ഉന്നതരെ കൊണ്ട് വിളിച്ച് പറയിച്ച്,
തന്നെ ജനിപ്പിച്ച മാതാപിതാക്കള്‍ക്കായ്
വൃദ്ധസദനങ്ങളൊരുക്കുന്ന മക്കള്‍.
"സ്നേഹം" പരസ്പ്പരം മനസ്സിലാക്കുന്നവര്‍
മറ്റൊരാധുനിക ശാകുന്തളം രചിക്കുന്നു.
നാളുകള്‍ നാളുകള്‍ കാത്തിരുന്നീടവേ
ആ ക്ലോസറ്റിന്‍ പൈപ്പിലൂടൊഴുകി പോകുന്നു
മറ്റൊരു പ്രണയത്തില്‍ പാപജന്മം.
ആ ചവറ്റുകൂനകള്‍ക്കാ വഴിയോരങ്ങള്‍ക്ക്
ജാതി മത വര്‍ണ്ണമില്ലാ കൊടിക്കൂറകളില്ല.
അവിടെ പൊലിയുന്ന ജന്മങ്ങളില്‍
രാമന്‍ യേശു മുഹമ്മദുണ്ട്.
അവരുടെയവകാശവാദങ്ങള്‍ക്കായ്
മതമേലാധിപന്‍മാര്‍ വരാത്തതെന്തേ?
ആ അനാഥ ജന്മങ്ങള്‍ ഇവിടെ
ഇപ്പോളമ്മത്തൊട്ടിലുകളായ് മാറുന്നു.
ആരുടെയൊക്കെയോ കാമാഗ്നിയില്‍
ഉയര്‍ത്തെഴുന്നേറ്റൊരാ പ്രാണനുകള്‍
ഇവിടെ ഈ തൊട്ടിലുകളിലാടുന്നു.
നാളെകള്‍ നമ്മിലേക്കീ ചോദ്യങ്ങളുയര്‍ത്തിടാം
എന്തിനു വേണ്ടിയീ വൃദ്ധസദനങ്ങള്‍?
എന്തുകൊണ്ടീ അമ്മത്തൊട്ടിലുകള്‍?
കരുതി വയ്ക്കാം ഇതിനുള്ളുത്തരങ്ങള്‍
നമ്മുടെ നാളെകള്‍ക്കുത്തരം നല്‍കുവാന്‍.
Sunday, September 27, 2009
Friday, September 25, 2009
ഓര്‍മ്മകള്‍.
കടല്‍ കാറ്റേറ്റ് നിന്ന ആ സന്ധ്യാസമയത്താണ് അയാള്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! യുവസാഹിത്യകാരി. കുറേ നാള്‍ മുന്‍പാണ് അവളുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. "സ്നേഹപൂര്‍വ്വം". നല്ല കുറേ കവിതകള്‍. എങ്കിലും എല്ലാത്തിലും ഒരുതരം ദു:ഖഭാവം നിഴലിച്ചു കാണാം. ഒന്നു പരിചയപ്പെട്ടാലോ? അയാള്‍ അവളുടെ ചെന്നു. "മീരാകൃഷ്ണയല്ലേ"? അവള്‍ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. പിന്നെ ചെറുതായൊന്നു തലയാട്ടി. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വായിച്ചിരിന്നു താങ്കളുടെ കവിതാ സമാഹാരം". നന്നായിട്ടുണ്ട്. അയാള്‍ പതുക്കെ പതുക്കെ അവളുടെ കവിതകളിലേക്കിറങ്ങി ചെല്ലുകയായിരിന്നു. കുറേ നേരത്തേക്കു അവള്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായി. "താന്‍ പോലും തന്റ്റെ കവിതകളെ ഇത്രയധികം വിലയിരുത്തിയിട്ടുണ്ടോ? ഇല്ല. അവള്‍ സ്വയം ആലോചിക്കുകയായിരിന്നു. വീണ്ടും കാണാം എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നപ്പോഴാണ് അവള്‍ ഓര്‍ത്തത് അയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന്.
മറ്റൊരു വൈകുന്നേരം അതേ കടല്‍ തീരത്ത് സൂര്യാസ്തമനത്തിന്റ്റെ ഭംഗി കണ്ട് മതി മറന്നു നില്ക്കുകയായിരിന്നു അയാള്‍. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം. "ഹലോ, ഓര്‍മ്മയുണ്ടോ"? അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയുമായി അവള്‍, "ഹേയ്, മീരാ..താനോ.. ഇവിടെ..? അയാളുടെ സ്വരം ആ കടല്‍ കാറ്റിലമര്‍ന്നു പോയി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനിവിടെ എന്നും വരാറുണ്ട്. ഈ കടലും തിരയും സൂര്യോദയവും അസ്തമനവും ഒക്കെയാണ് എന്റ്റെ ലോകം. സൂര്യാസ്തമനം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കാറുണ്ട്. മറ്റൊരു ഉദയത്തിനായി ഏറെ പ്രതീക്ഷയോടെ അസ്മിക്കുന്ന സൂര്യന്‍. അസ്തമനം പ്രതീക്ഷകളുടേയും ദു:ഖത്തിന്റ്റേയും പ്രതീകമാകുമ്പോള്‍ ഉദയം സന്തോഷത്തിന്റ്റെ പ്രതീകമാകുന്നു. അവള്‍ വാചാലയാകുക ആയിരിന്നു. "എന്തു പറ്റി, ഇന്നു നല്ല മൂഡിലാണല്ലോ"? ആകെ ഒരു സാഹിത്യ ഭാഷ...ആപ്പോള്‍ രണ്ടു പേരും ചിരിക്കുകയായിരിന്നു.
പിന്നെ പിന്നെ അവിടം അവരുടെ സംഗമ കേന്ദ്രമായി മാറി. കണ്ടുമുട്ടുമ്പോഴൊക്കെയും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാചാലമാകുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും വിഷയ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല. കാണാത്തപ്പോള്‍ ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു മെസേജ്... പതുക്കെ പതുക്കെ അവര്‍ പരസ്പരം അറിയുകയായിരിന്നു.
അന്നൊരിക്കല്‍ ആ കടപ്പുറത്തിരിക്കുമ്പോഴാണ് ആദ്യമായി അവളില്‍ ഒരു തരം നിശബ്ദത അയാള്‍ കണ്ടത്. ആകാംക്ഷയോടെ അയാള്‍ തിരക്കി. "എന്തുപറ്റി, ആകെ ഒരു നിശബ്ദതയാണല്ലോ"...പെട്ടെന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു "എന്നെ കുറിച്ചെല്ലാം നിനക്കറിയാമല്ലോ. എനിക്ക് ഒരമ്മ മാത്രം. അമ്മയ്ക്ക് ഞാനും. എങ്കിലും ചോദിക്കട്ടെ, നമുക്ക് രണ്ടുപേര്‍ക്കും ഒന്നായിക്കൂടെ...." പക്ഷേ സ്ത്രീധനമൊന്നും കിട്ടില്ല, പറഞ്ഞേക്കാം.. അവള്‍ ഒരു ചിരിയോടെ പറഞ്ഞു. തന്റ്റെ മനസ്സില്‍ താന്‍ താഴിട്ടു പൂട്ടി വച്ചിരുന്ന കാര്യം അവളില്‍ നിന്നും കേട്ടപ്പോള്‍ അയാള്‍ക്കെന്തു പറയണമെന്നറിയില്ലായിരിന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരിന്നു, കൂടുതല്‍ ആഡംഭരങ്ങളില്ലാതെ ഒരു വിവാഹം. പിന്നെ അവള്‍ എഴുതിയ എല്ലാ കഥകളിലും കവിതകളിലും ആ സൂര്യനോടും ആ കടലിനോടുമൊപ്പം അയാളുമുണ്ടായിരിന്നു. ദൈവത്തിനു പോലും അസൂയ തോന്നിയിരുന്നുവോ അവരുടെ സ്നേഹത്തില്‍...?
ആരോ ശരീരത്തില്‍ ശക്തിയായി കുലുക്കിയപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. "അച്ഛാ, ഉറങ്ങുവാണോ?" ആ അഞ്ചു വയസ്സുകാരന്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. "ഹൂം... മോന്‍ ഉറങ്ങിയില്ലേ", മുഖത്തെ താടി രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. "ഹൂം... മോന് ഉറങ്ങിയല്ലോ?" അവന്‍ ഒന്നുകൂടി ശരീരത്തേക്ക് ചേര്‍ന്നിരുന്നു.
"ഇതെവിടെയെത്തി"?. എത്താറായി സാര്‍, ഒരഞ്ചു മിനിട്ടു കൂടി" ഡ്രൈവറുടെ മറുപടി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ വാച്ചിലേക്ക് നോക്കി. സമയം 4.30. ഉദ്ദേശിച്ചതിലും നേരത്തെ എത്തി. രാത്രി പെയ്ത മഴ കാരണമാകാം, നല്ല തണുപ്പുണ്ട്. അവന്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉറങ്ങിയാല്‍ പിന്നെ ഉണര്‍ത്താന് പ്രയാസമാകും. "മോനേ, അപ്പൂ, ഉറങ്ങല്ലേ, നമ്മള്‍ എത്താറായി......എണീറ്റേ... ഉറക്കച്ചെവിടോടെ അവന്‍ ഒന്നു കൂടി മടിയിലേക്ക് ചുരുണ്ടു കൂടി. അപ്പോള്‍ കാര്‍ ആ കടല്‍ക്കരയോട് അടുക്കുകയായിരിന്നു.
കാറില്‍ വച്ചിരുന്ന ആ ചെറിയ സഞ്ചിയും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ കടല്‍ക്കരയിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ആണ്. എങ്കിലും അവിടവിടെയായി ആള്‍ക്കാരെ കാണാം. അയാള്‍ ഓര്‍ക്കുകയായിരിന്നു " ഇതു മൂന്നാം തവണയാണ് അവളില്ലാതെ ഈ കടപ്പുറത്ത് വരുന്നത്". കഴിഞ്ഞ രണ്ടു തവണയും താന്‍ വന്നത് മകനോടൊപ്പം ഇതേ ദിവസമായിരുന്നല്ലോ?
"അച്ഛാ.. അച്ഛാ.. നിക്കു തണുക്കുന്നു.
സാരല്യാട്ടോ... തണുപ്പ് ഇപ്പോ മാറൂട്ടോ....
അച്ഛാ.... എന്താ അച്ഛാ.. അച്ഛാ ഈ സഞ്ചിയില്‍..... അവന്‍ തുള്ളീച്ചാടി കൊണ്ട് ചോദിച്ചു. അപ്പോഴും അയാളുടെ കണ്ണുകള്‍ ചോര്‍ന്നൊലിക്കുകയായിരിന്നു. "വീണ്ടുമൊരു ഉദയത്തിന്റ്റെ പ്രതീക്ഷകളില്ലാതെ എന്നെന്നേക്കുമായി അസ്തമിച്ച അവന്റ്റെ അമ്മയുടെ ചിതാഭസ്മമാണ് ആ സഞ്ചിയിലെന്ന് ആ പാവം അഞ്ചു വയസ്സുകാരനറിയില്ലായിരുന്നല്ലോ......
Friday, September 11, 2009
വീടു വെയ്പ്.
ഓട്മേഞ്ഞ കൂരയ്ക്കുള്ളിലേക്കാ
വെള്ളത്തുള്ളികള്‍ വരാറുണ്ടായിരിന്നു;
ആ ഓട് മാറ്റുവാന്‍ സമയമായി
എന്നോര്‍മ്മിപ്പിക്കുന്നതു പോലെ.
പിന്നെ ഞാന്‍ കയറിയിറങ്ങിയാ
സഹകരണ ബാങ്കിന്‍റ്റെയകത്തളങ്ങള്‍.
വീടിന് വായ്പ വേണമെന്ന് കേട്ടതും
കൈപിടിച്ചകത്തിരുത്തി, പിന്നെ
തണുത്ത വെള്ളവും കുടിപ്പിച്ചു.
എന്തൊരത്ഭുതം ഒരാഴ്ചകൊണ്ടാ
വായ്പാ തുക എന്‍റ്റെ കൈയ്യില്‍.
എന്തു കണ്ടിട്ടാണാ വായ്പ തന്ന -
തെന്നെനിക്കപ്പോഴും മനസ്സിലായില്ല.
ഒരു ലക്ഷം വായ്പയായ് കിട്ടി,
മൂന്നു ലക്ഷം ചിലവാക്കി.
പിന്നെ ഞാനാ ഓടുമേഞ്ഞ
ചോരുന്ന കൂര മാറ്റി, പകരം
സിമന്‍റ്റും മണലും പിന്നെ
തേക്കിന്‍റ്റെ തടിയും കൊണ്ടൊരു
കൊട്ടാരം വച്ചു, നിറമടിച്ചു.
ഇനി കേറി താമസിക്കണം,
അതിനായൊരു ദിവസം കുറിപ്പിച്ചു.
നാട്ടുകാരെ വിളിച്ചു കൂട്ടി,
സദ്യയൊരുക്കി, കൊട്ടാരമല്ലേ
പിന്നെന്തിനു കുറയ്ക്കണം!!
പാലുകാച്ചല്‍ പത്തു മണിയ്ക്ക്,
പക്ഷേ കാച്ചും മുന്‍പേ
'പോസ്റ്റെ'ന്ന വിളികേട്ടു, ഓ
ആ കാക്കിയിട്ട പോസ്റ്റുമാന്‍.
കൈയ്യിലിരുന്ന കടലാസ് വിറച്ചു,
കൊട്ടാരം പോലും കറങ്ങുന്ന പോലെ.
തളര്‍ച്ചയോടാ വെറും തറയിലേക്കിരുന്നു,
കാച്ചാനെടുത്ത പാലവിടൊഴുകി നടന്നു.
ആരോ കടലാസ് ഉറക്കെ വായിച്ചു,
ബാങ്കിന്‍റ്റെ നോട്ടിസാണു പോലും.
എത്രയും പെട്ടെന്ന് പണമടയ്ക്കണം,
ഇല്ലെങ്കില്‍ കൊട്ടാരം ബാങ്കിന്‍റ്റെ സ്വന്തം.
സദ്യയുണ്ണാന്‍ വന്നവരാര്‍ത്തു ചിരിക്കുന്നു,
ആ കൊട്ടാരം പോലും പൊട്ടി ചിരിക്കുന്നു.
ആ ബാങ്കിന്‍റ്റെ ലോക്കറിലിരുന്നാ പാവം
വസ്തുവിന്‍റ്റെ പ്രമാണം പൊട്ടിക്കരയുന്നു.
Subscribe to:
Posts (Atom)