സച്ചിന് രമേഷ് ടെന്‍ഡുല്‍ക്കര്‍ - ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാള്‍.
ബ്രയന്‍ ലാറയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ - “ സച്ചിന്‍ ഒരു ജീനിയസാണ്. ഞാനൊരു സാധാരണ മനുഷ്യനും.
പക്ഷേ നമ്മളില്‍ പലര്‍ക്കും സച്ചിന്‍ വെറുമൊരു ക്രിക്കറ്ററാണ്. അദ്ദേഹം നേടുന്ന ഓരോ റണ്ണും ലോക റിക്കോര്‍ഡ് ആകുമ്പോഴും നാം പറയുന്നു, സച്ചിന്‍, നീയൊരു പല്ലുകൊഴിഞ്ഞ സിംഹമാണ്. പലതും പറയുന്ന നമുക്കെന്തും പറയാം. കാരണം പറയുക എന്നുള്ളത് നമ്മുടെ സ്വഭാവമാണ്. പക്ഷേ അപ്പോഴും ഒന്നോര്‍ക്കുക, ഒന്ന് ചിന്തിക്കുക; നമുക്ക് ആരാണ് സച്ചിന്‍?
സച്ചിന്റെ ആരാധകരുടെ പ്രശസ്തമായ ഒരു വാചകമുണ്ട്- "ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിന്‍ എന്റെ ദൈവവും". നിങ്ങള്‍ സച്ചിനെ ദൈവമായി കരുതി ആ വാക്കുകള്‍ വിശ്വസിക്കണ്ട; കാരണം അത് വിശ്വസിക്കുവാന്‍ ദൈവത്തെ നിങ്ങള്‍ നേരിട്ടു കണ്ടില്ലല്ലോ?
സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല. കാരണം മാച്ച് വിന്നര്‍ ആവാന്‍ മാച്ച് ജയിക്കണം. അതിന് 10 മണ്ടന്മാര്‍ കൂടെ ഉണ്ടായിട്ടു കാര്യമില്ല. 10 കളിക്കാര്‍ വേണം. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്. പക്ഷേ ഭാരതം കളി തോല്‍ക്കുമ്പോഴെല്ലാം നാം പറയുന്നു, സച്ചിന്‍, നീയുണ്ടായിട്ടും ഇന്‍ഡ്യ .......?
സച്ചിന്‍ ഔട്ട് ആയാല്‍ ഇന്ത്യ തോറ്റു എന്ന അവസ്ഥ ഇനിയും മാറിയിട്ടില്ല. ഈ കഴിഞ്ഞ പരമ്പരയില്‍ അതല്ലേ കാണിക്കുന്നത്?
സച്ചിന്‍ 40 ല്‍ നില്‍ക്കുമ്പോള്‍ അശോക ഡിസില്‍വ ലെഗ് സ്ടംമ്പിന് ഒരുപാടു പുറത്തു കൂടി പോയ പന്തില്‍ സച്ചിനെ എല്‍ ബി ഡബ്ല്യൂ വിളിച്ചു ഔട്ട് ആക്കി. സച്ചിനെതിരെ ഉള്ള അറുപതിമൂന്നാമത്തെ തെറ്റായ തീരുമാനം. ഡിസില്‍വ എന്ന അമ്പയറുടെ സച്ചിനെതിരെയുള്ള അഞ്ചാമത്തെ തെറ്റായ തീരുമാനം. അതോടെ യുവരക്തങ്ങളുടെ ഘോഷയാത്രയായി പവനിയനിലേക്ക്, ഫലം ഇന്ത്യയുടെ തോല്‍വിയും. അപ്പോഴും നാം പറഞ്ഞു; സച്ചിന്‍... നീയുണ്ടായിട്ടും......?
1999 ലെ ഇന്ത്യ - പാക് ചെന്നൈ ടെസ്റ്റ്.
നടുവേദനയുമായാണ് സച്ചിന്‍ ചെന്നൈ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയത്. മുതുകില്‍ ഐസ് കട്ടകള്‍ കെട്ടി വച്ചു, വേദന കടിച്ചമര്‍ത്തി, വേദന സംഹാരികള്‍ പ്രയോഗിച്ച്. ഇടയ്ക്ക് സച്ചിന്‍ വേദന കൊണ്ടു പുളയുന്നത് കാണാമായിരുന്നു.
ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 271 റണ്‍സ്. സച്ചിന്‍ 136 റണ്‍സ് എടുത്തു. വേദന സഹിക്കാന്‍ വയ്യാതെ, കളി പെട്ടെന്ന് തീര്‍ക്കാന്‍ ആവാം അദ്ദേഹം ഒരു വലിയ ഷോട്ടിനു ശ്രമിച്ചു ഔട്ട് ആയി. അപ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് വെറും 16 റണ്‍സ്. 3 വിക്കറ്റുകള്‍ ബാക്കി. അത് ഒരു ടെസ്റ്റ് മത്സരം ആണെന്ന് ഓര്‍ക്കുക. ഇന്ത്യ 12 റണ്‍സ് നു തോറ്റു. അതായത് ബാക്കിയുള്ള മഹാന്മാര്‍ ചേര്‍ന്ന് 4 റണ്‍സ് എടുത്തു. അന്നും നമ്മള്‍ പറഞ്ഞു. സച്ചിന്‍... നീയുണ്ടായിട്ടും.....!!
മുന്‍ ബി സി സി ഐ പ്രസിഡന്റ് രാജ് സിംഗ് ദുര്‍ഗാപൂര്‍ ആ ഇന്നിങ്സിനെ പറ്റി പിന്നീട് പറഞ്ഞത് ഇതാണ്:
" In my life time being in and out of Indian Dressing Room in various capacities I have never seen a man half as patriotic as He is[Sachin Tendulkar]. He opens his bag and there is Ganpati and there is flag of India."
പിന്നീട് സഞ്ജയ് മന്‍ജരേക്കര്‍ പറഞ്ഞിരുന്നു: ആ കളി കഴിഞ്ഞ് 6-7 വര്‍ഷങ്ങള്‍ക്കു ശേഷവും സച്ചിന്‍ തന്നെ കാണുമ്പോള്‍ പറയുമായിരുന്നു, "ചെന്നൈ ടെസ്റ്റില്‍ ഞാന്‍ ആ ഷോട്ട് കളിച്ചില്ലായിരുന്നെങ്കില്‍ നമുക്കു ജയിക്കാമായിരുന്നു അല്ലെ" എന്ന്...! അങ്ങനെയെങ്കില്‍ ഈ കളി സച്ചിനെ എത്ര മാത്രം തളര്‍ത്തിയിട്ടുണ്ടാവണം...? അപ്പോഴും നമ്മള്‍ പറഞ്ഞു, സച്ചിന്‍ നീയുണ്ടായിട്ടും.....!!
1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റില്‍ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന്‍ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടി ആ തീരുമാനം ശരിയാണെന്ന് സച്ചിന്‍ തെളിയിച്ചു. 1994 സെപ്റ്റംബര്‍ 9-ന് ശ്രീലങ്കയിലെ കൊളംബോയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.
“ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ സച്ചിന്‍ തന്നെ" എന്ന സ്റ്റീവ് വോയുടെ അഭിപ്രായം സച്ചിന്‍ മുന്‍കൂട്ടീ കണ്ടിരുന്നുവോ?
1996-ലെ ലോകകപ്പില്‍ (വില്‍സ് കപ്പ്) 523 റണ്‍സുമായി സച്ചിന്‍ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തന്നെയായിരുന്നു ഏറ്റവും ഉയര്‍ന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോകകപ്പിലെ ശ്രീലങ്കക്കെതിരെ നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ചവച്ചത് സച്ചിന്‍ മാത്രമാണ്. 65 റണ്‍സുമായി സച്ചിന്‍ പുറത്തായതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ്ങ് നിര തകര്‍ന്നടിഞ്ഞു. നിരാശരായ കാണികള്‍ അക്രമാസക്തരാവുകയും കളി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. അന്നും നമ്മള്‍ പറഞ്ഞില്ലേ, സച്ചിന്‍, നീയുണ്ടായിട്ടും........!!
1996-ല്‍ സച്ചിന്‍ ക്യാപ്റ്റനായി. 1997 ആയപ്പോഴേക്കും ടീമിന്റെ പ്രകടനം വളരെ മോശമായി. സച്ചിന്‍ ക്യാപ്ടനായതില്‍ പിന്നെ കൂടെയുള്ള പലരും കളി മറന്നു. മറന്നതോ അതോ മറന്നതായി നടിച്ചതോ? അപ്പോഴും സച്ചിന്‍ ശാന്തനായിരിന്നു. ഒരുപക്ഷേ സച്ചിന്‍ മനസ്സിലാക്കിയിട്ടുണ്ടാവണം ചിലരുടെ പിന്നാമ്പുറത്തെ ആ വൃത്തികെട്ട മറവിയെ പറ്റി. അതിനേപ്പറ്റി അസ്‌ഹറുദ്ദീന്‍ ഇങ്ങനെ പറഞ്ഞു, "അദ്ദേഹം ജയിക്കുകയില്ല. ആ ചെറിയവന്റെ വിധിയില്‍ ജയമില്ല". യഥാര്‍ത്ഥത്തില്‍ എന്താണ് അസ്‌ഹറുദ്ദീന്‍ ഉദ്ദേശ്ശിച്ചതെന്ന് ഇന്നും അദ്ദേഹത്തിനു മാത്രമറിയാവുന്ന രഹസ്യമാണ്.
1998-ല്‍ ധാക്കയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ഐ.സി.സി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തില്‍ സച്ചിന്‍ 128 പന്തില്‍ നിന്ന് 141 റണ്‍സും 4 വിക്കറ്റും നേടി.
പി. ബാലചന്ദ്രന്‍ പറയുന്നത് "ഇത്രയും ഫൂട്ട് വര്‍ക്കുകളുള്ള ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല" എന്നാണ്.
സച്ചിന്‍റെ നേട്ടങ്ങള്‍ കാണാന്‍ നമുക്ക് കണ്ണുണ്ടായിട്ടില്ല. കാരണം നല്ലതൊന്നും നാം കാണാറില്ലല്ലോ?
1996 ലോകകപ്പിനിടയില്‍ സച്ചിന്റെ പിതാവ് പ്രൊഫസര്‍ രമേശ് തെന്‍ഡുല്‍ക്കര്‍ അന്തരിച്ചു. കെനിയക്കെതിരെ ബ്രിസ്റ്റളില്‍ നടന്ന അടുത്ത മത്സരത്തില്‍ ഒരു മിന്നല്‍ സെഞ്ച്വറിയുമായി സച്ചിന്‍ മടങ്ങിയെത്തി. വെറും 101 പന്തുക്കളില്‍നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമര്‍പ്പിച്ചു.
പ്രീയപ്പെട്ട പിതാവേ, നിനക്കഭിമാനിക്കാം, നിന്‍റെ മകനെയോര്‍ത്ത്. സ്വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിനക്കനുവദനീയമായിരിക്കും, കാരണം നീ ജന്മം നല്‍കിയത് വെറുമൊരു മനുഷ്യനല്ല. കാരണം അവതാരങ്ങള്‍ എല്ലായിപ്പോഴും ഉണ്ടാകുന്നതല്ലല്ലോ?
പാക്കിസ്ഥാനുമായി നടന്ന പരമ്പരയില്‍ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ പുറത്താകാതെ 194 റണ്‍സുമായി സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നു. ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ ക്യാപ്ടന്‍ രാഹുല്‍ ദ്രാവിഡ് ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. അന്ന് കുനിഞ്ഞ ശിരസ്സുമായി പവലിയനിലേക്ക് മടങ്ങിയ സച്ചിന്‍റെ രൂപം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്. അന്ന് നടന്ന പത്രസമ്മേളനത്തില്‍ ഇരട്ട സെഞ്ച്വറി നഷ്ടമായത് തന്നെ നിരാശനാക്കിയെന്നും ഡിക്ലയറിങ്ങ് തീരുമാനം തന്നെ അമ്പരപ്പിച്ചെന്നും സച്ചിന്‍ പറഞ്ഞു. പല മുന്‍ക്രിക്കറ്റര്‍മാരും ദ്രാവിഡിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഡിക്ലയറിങ്ങ് തീരുമാനം സൗരവ് ഗാംഗുലിയുടേതായിരുന്നുവെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. താനെടുത്ത തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് ഗാംഗുലി പിന്നീട് സമ്മതിക്കുകയും ചെയ്തു. ക്യാപ്ടനായ ദ്രാവിഡിനെ മറികടന്ന് അങ്ങനെയൊരു തീരുമാനം എടുക്കാന്‍ എന്തായിരിന്നു ഗാംഗുലിയെ പ്രേരിപ്പിച്ചത്? ആര്‍ക്കുമറിയില്ല.....!!
2006. സച്ചിന്‍ ഫോമില്ലാതെ കഴിയുന്ന കാലം. ഫോം വീണ്ടെടുക്കുന്നതിനും ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനുമായി ലാഷിങ്സ് ലോക ഇലവണിനുവേണ്ടി 5 മത്സരങ്ങള്‍ കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മിന്നല്‍ പ്രകടനം നടത്തിയ സച്ചിന്റെ 5 മത്സരങ്ങളിലെ സ്കോറുകള്‍ യഥാക്രം 155, 147(retired), 98, 101(retired), 105 എന്നിങ്ങനെയായൊരുന്നു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്റെ സ്ട്രൈക്ക് റേറ്റ് 100 നും വളരെ മുകളിലായിരുന്നു. ഒരു അന്താരാഷ്ട്ര ടീമിനെതിരേയുള്ള തന്റെ ആദ്യ ട്വെന്റി20 മത്സരത്തില്‍ സച്ചിന്റെ വെറും 21 പന്തുകളില്‍നിന്നുള്ള അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്റര്‍നാഷ്ണല്‍ XI ടീം വെറും 10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 123 എന്ന ഉയര്‍ന്ന സ്കോറിലെത്തി. പാക്കിസ്ഥാന്‍ XIന് എതിരെയായിരുന്നു ആ മത്സരം. അപ്പോഴും നാം പറഞ്ഞു, സച്ചിന്‍റെ കാലം കഴിഞ്ഞിരിക്കുന്നു.......!!
സച്ചിന്റെ മടങ്ങിവരവ് നാം കണ്ടത് മലേഷ്യയില്‍ നടന്ന ഡി.എല്‍.എഫ് കപ്പിലാണ്. ആ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങാനായത് സച്ചിന് മാത്രമാണ്. മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ത്തന്നെ (2006 സെപ്റ്റംബര്‍ 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ) സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങിവരാനാവാത്തതുപോലെ വഴുതിപ്പോവുകയാണെന്ന് വിശ്വസിച്ച വിമര്‍ശകര്‍ക്ക് അദ്ദേഹം തന്റെ 40 ആം ഏകദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നല്‍കി. സച്ചിന്‍ പുറത്താകാതെ 141 റണ്‍സ് നേടിയെങ്കിലും മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ് രീതിയിലൂടെ വെസ്റ്റ് ഇന്‍ഡീസ് വിജയികളായി. അന്നും നമ്മള്‍ പറഞ്ഞിരുന്നുവോ, സച്ചിന്‍, നീയുണ്ടായിട്ടും.........!!
2007-08 ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ മികച്ച ഫോമിലായിരുന്ന സച്ചിന്‍ 4 ടെസ്റ്റുകളില്‍ നിന്ന് 493 റണ്‍സുമായി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി. ഏകദിനത്തില്‍ ഒരു വര്‍ഷം 1000 റണ്‍സ് എന്ന നാഴികക്കല്ല് സച്ചിന്‍ 7 തവണ മറികടന്നു. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റേക്കോര്‍ഡും സച്ചിനാണ്. 1894 റണ്‍സ്.
അപ്പോഴും നമ്മള്‍ പറഞ്ഞു, സച്ചിന്‍ യുഗം അവസാനിച്ചിരിക്കുന്നു..........!!
സച്ചിന്‍ ഒരിക്കല്‍ "റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഇലവന്‍" ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ക്രിക്കറ്റിന്റെ പിതാമഹനായി അറിയപ്പെടുന്ന ഡബ്ലിയു.ജി. ഗ്രേസിന്റെ 150 ആം ജന്മദിനത്തില്‍ നടന്ന ആ മത്സരം അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണക്കായാണ് സംഘടിക്കപ്പെട്ടത്. ലോര്‍ഡ്സില്‍ എം.സി.സി ഇലവനെതിരേയായിരുന്നു മത്സരം. 125 റണ്‍സ് നേടിക്കൊണ്ട് സച്ചിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
കളിച്ച ആദ്യ രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയ സച്ചിന്‍, കവിയായ പിതാവ് രമേഷ് ടെന്‍ഡുല്‍ക്കറുടെ കവിതകളെ തന്‍റെ ബാറ്റിലേക്ക് അവാഹിച്ചിരിക്കുന്നുവോ? അങ്ങനെ വേണം നാം കരുതുവാന്‍. കാരണം 436 ഏകദിനങ്ങളില്‍ നിന്നും 45 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 17,138 റണ്‍സുകളും, 159 ടെസ്റ്റുകളില്‍ നിന്നുമായി 42 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 12,873 റണ്‍സുകളും ഇന്‍ഡ്യയ്ക്കു വേണ്ടി കൈക്കലാക്കി ഇപ്പോഴും ഒരു തുടക്കക്കാരന്‍റെ മനസ്സോടെ ബാറ്റു വീശുന്ന സച്ചിന്‍ എന്ന പ്രതിഭാസത്തെ നാം എന്താണ് പറയുക? സെഞ്ച്വറികളുടെ സെഞ്ച്വറി അടിക്കുവാന്‍ ഇനി 13 സെഞ്ച്വറികള്‍ ബാക്കി. അപ്പോഴും നാം പറയുന്നു, സച്ചിന്‍ ബാറ്റു വീശുന്നത് സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി മാത്രമാണെന്ന്.....!!
സച്ചിന്‍റെ ബാറ്റില്‍ നിന്നും മനോഹരമായ ആ സ്ക്വയര്‍ കട്ട്, അല്ലെങ്കില്‍ ആ സ്ട്രൈറ്റ് ഡ്രൈവ് പിറക്കുമ്പോള്‍ പിന്നെ അവിടെ മലയാളിയോ തമിഴനോ മറാത്തിയോ ബംഗാളിയോ ഇല്ല; പകരം ഇന്‍ഡ്യാക്കാര്‍ മാത്രം. അതാണാ ബാറ്റിന്‍റെ ശക്തി.
2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായി ടെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്.
2003-ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉള്‍പ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ "രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്" നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ "പത്മ വിഭൂഷണ്‍" നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടുകയുണ്ടായി.
അപ്പോഴൊക്കെ നേട്ടങ്ങളൂടെ ലഹരി തലയ്ക്കു പിടിയ്ക്കാതെ നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരിന്നു സച്ചിന്‍. വിജയത്തിന്‍റെ, പ്രശസ്തിയുടെ മുകളില്‍ നില്‍ക്കുമ്പോഴും സച്ചിന്‍ മറ്റൊരു മുഹമ്മദലിയോ, മറഡോണയോ ആയില്ല. കളിയുടെ ഇടവേളകളില്‍, കളിയുടെ തലേ ദിവസങ്ങളില്‍, വിജയ-പരാജയങ്ങളില്‍ സച്ചിനെ നമുക്ക് നിശാക്ലബ്ബുകളില്‍ കാണാന്‍ കഴിഞ്ഞില്ല. സച്ചിന്‍ അന്നും ഇന്നും ആ പഴയ സച്ചിനാണ്.
ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ആ കളിയില്‍ സച്ചിന്‍റെ നേട്ടങ്ങളെ മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് "രാജീവ് ഗാന്ധി ഖേല്‍ രത്ന", "അര്‍ജുന അവാര്‍ഡ്", "പത്മശ്രീ", "പത്മവിഭൂഷണ്‍" എന്നിവ നല്‍കിയിട്ടുണ്ട്. 1997 ലെ "വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍" ആയി തിരഞ്ഞെടുക്കപ്പെട്ടു. വിസ്ഡന്‍റെ ഒബ്ജെക്‍റ്റ് സ്കോറിങ്ങ് രീതിയനുസരിച്ച് സച്ചിനെ "ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനാ"യും "ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാ"യും തിരഞ്ഞെടുത്തു.
അപ്പോഴുന്‍ നമ്മള്‍ പറഞ്ഞു, സച്ചിന്‍, നീ ക്രിക്കറ്റുപേക്ഷിക്കുക, കാരണം നിന്‍റെ കാലം കഴിഞ്ഞിരിക്കുന്നു.
സച്ചിന്റെ ക്രിക്കറ്റ് ജീവിതം ആസ്പദമാക്കി പലരും സച്ചിന്‍റെ ജീവചരിത്രങ്ങള്‍ എഴുതി.
ഗുലു ഇസേകൈല്‍, "സച്ചിന്‍:ദ സ്റ്റോറി ഓഫ് ദ വേള്‍ഡ്‌സ് ഗ്രേറ്റസ്റ്റ് ബാറ്റ്സ്മാന്‍" എന്ന പേരിലും "ദ എ ടു സെഡ് ഓഫ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍" എന്ന പേരിലും രണ്ട് ജീവചരിത്രം എഴിയിട്ടുണ്ട്.
വൈഭവ് പുരന്തരേ, "സച്ചിന്‍ ടെണ്ടുല്‍ക്കര്‍-എ ഡെഫനിറ്റീവ് ബയോഗ്രഫി" എന്ന പേരിലും പീറ്റര്‍ മുറേ ,ആശിഷ് ശുക്ല എന്നിവര്‍ ചേര്‍ന്ന്, "സച്ചിന്‍ ടെണ്ടുല്‍ക്കര്‍-മാസ്റ്റര്‍ഫുള്‍" എന്ന പേരിലും ജീവചരിത്രം എഴിയിട്ടുണ്ട്.
പക്ഷേ നമുക്കിത് വായിക്കുവാനോ അറിയുവാനോ സമയമില്ല. കാരണം നമുക്ക് സച്ചിന്‍ എന്ന വ്യക്തിയുടെ നല്ല വശങ്ങളേക്കാള്‍ അറിയേണ്ടത് മോശവശങ്ങളാണല്ലോ?
സച്ചിനെ പറ്റി പ്രശസ്തരായ ആളൂകളുടെ അഭിപ്രായം നമുക്ക് നോക്കാം. ഒരുപക്ഷേ അവരും നമ്മളെ പോലെയാണെങ്കിലോ?
“ ഞാന്‍ കളിച്ചിരുന്നതു പോലെ തന്നെയാണ് സച്ചിനും കളിക്കുന്നത് -സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍.
“ സച്ചിന്‍ ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദിപ്പിക്കുന്ന കളി പുറത്തെടുക്കുന്ന ആളാണ്. ഞാന്‍ പ്രധാനമായി കാണുന്നത് അതാണ്. -ബാരി റിച്ചാഡ്സ്.
“ സച്ചിന്‍ ഒരു സ്റ്റമ്പുമായി ബാറ്റ് ചെയ്യുന്നതുകാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. അപ്പോഴും അദ്ദേഹം മികച്ച സ്കോര്‍ നേടുമെന്നതില്‍ സംശയമില്ല. സച്ചിന്റെ നേട്ടങ്ങള്‍ മനക്കരുത്തിന്റേതാണ്. -ഗ്രെഗ് ചാപ്പല്‍.
“ രാജ്യാന്തര രംഗത്ത് ഇത്രയും പരിചയസമ്പന്നനാണെങ്കിലും ഓരോ മത്സരവും ആദ്യമത്സരം കളിക്കുന്നത്ര സൂക്ഷ്മതയോടെയാണ് സച്ചിന്‍ കളിക്കുന്നത്. അദ്ദേഹം ഒരു ഇതിഹാസമാണ്. -സൗരവ് ഗാംഗുലി.
“ എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണ് സച്ചിന്‍. ഞാന്‍ ഏറ്റവും നന്നായി പന്തെറിഞ്ഞിരുന്ന കാലത്ത് സച്ചിനെതിരെ കളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്. പുതിയ തലമുറയ്ക്ക് ഈ യുവാവില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. -വസീം അക്രം.
“ സച്ചിന്‍ എത്ര റണ്‍സ് നേടും എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. അദ്ദേഹം ഇതിഹാസമാണെന്നതില്‍ സംശയമേയില്ല. -സുനില്‍ ഗവാസ്കര്‍.
“ ഓരോ പന്തിനും കൃത്യമായ ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സച്ചിനറിയാം. എല്ലാം കൊണ്ടും സച്ചിന്‍ ഒരു മാതൃകാ ക്രിക്കറ്ററാണെന്ന് ഞാന്‍ പറയും. -അലന്‍ ഡൊണാള്‍ഡ്.
“ ലോകത്തില്‍ രണ്ടുതരം ക്രിക്കറ്റര്‍മാരേയുള്ളൂ: സച്ചിന്‍ തെന്‍ഡുല്‍ക്കറും മറ്റുള്ളവരും. - ആന്‍ഡി ഫ്ലവര്‍.
“ സച്ചിന്റെ കളി ഒരുവട്ടം കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും - മുഹമ്മദ് അസ്‌ഹറുദ്ദീന്‍.
“ സച്ചിന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. സ്റ്റീവ്‌വോയെപ്പോലെ - ഗ്ലെന്‍ മക്ഗ്രാത്ത്.
“ എനിക്ക് ഉറങ്ങാനേ കഴിയുന്നില്ല . കണ്ണടക്കുമ്പോഴെല്ലാം സച്ചിന്‍ പന്ത് അടിച്ചു പറത്തുന്നതാണ് തെളിയുന്നത്.ഷെയിന്‍ വോണ്‍.
“ ക്രിക്കറ്റിലെ ഏതു രീതിയിലുള്ള കളികള്‍ക്കും അനുയോജ്യനാണ് സച്ചിന്‍. ഏതു തലമുറയിലും കളിക്കാനാകുന്ന ചുരുക്കം കളിക്കാരിലൊരാള്‍. ആദ്യ പന്തുമുതല്‍ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാന്‍ സച്ചിനു കഴിയും. - വിവിയന്‍ റിച്ചാര്‍ഡ്സ്.
“ എന്റെ പന്തുകള്‍ ഏറ്റവും നനന്നായി കളിച്ചിട്ടുള്ളത് സച്ചിനാണ്. ഞാന്‍ ബ്രാഡ്മാനെതിരേ പന്തെറിഞ്ഞിട്ടില്ല. ബ്രാഡ്മാന്‍ സ്ഥിരമായി സച്ചിനേക്കാള്‍ നന്നായി കളിച്ചിരുന്ന ആളാണെങ്കില്‍, അദ്ദേഹം ഓസ്ട്രേലിയക്കാരനായതില്‍ ഞാനഭിമാനിക്കുന്നു. - ഷെയിന്‍ വോണ്‍.
“ സച്ചിന്റെ പോലെ ഒരു ഇന്നിംഗ്സ് എനിക്ക് സ്വപ്നം കാണാന്‍ പോലുമാകില്ല. - അജയ് ജഡേജ.
“ സച്ചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഞാന്‍ സ്റ്റെയര്‍കേസിലൂടെ കയറാനാണ് ശ്രമിച്ചത്. (സച്ചിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയെപ്പറ്റി) - വിനോദ് കാംബ്ലി.
“ സച്ചിന്റെ കാലത്ത് കളിക്കാന്‍ കഴിഞ്ഞു എന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു, ഉള്ളിന്റെ ഉള്ളില്‍ സച്ചിന്‍ ഏറ്റവും എളിമയുള്ള മനുഷ്യനാണ്. - രാഹുല്‍ ദ്രാവിഡ്.
“ സച്ചിന്റെ മനസ് ഒരു കമ്പ്യൂട്ടറിന് തുല്യമാണ്. ബൗളര്‍ പന്ത് എവിടെ പിച്ച് ചെയ്യിക്കുമെന്ന് സച്ചിന് മുന്‍കൂട്ടി കാണാനാകുന്നു. - നവജ്യോത് സിങ് സിദ്ദു.
“ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാനായ ക്രിക്കറ്റ് താരമാണെന്ന് നമുക്കറിയാം. 1998ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിലെ ബാറ്റിങ്ങ് പ്രകടനം സച്ചിനെ ഇതിഹാസ തുല്യനാക്കുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിനുശേഷം ഒരു ടീമിന്റെ വിജയത്തിനായി ഇത്രയും നന്നായി കളിച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല. - രവിശാസ്ത്രി.
“ പതിനൊന്നാമത് ബാറ്റിങ്ങിനിറങ്ങിയാലും ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ സച്ചിന്‍ വിജയലക്ഷ്യം നേടിയിരിക്കും. - അലന്‍ ബോര്‍ഡര്‍.
“ ചിലപ്പോള്‍ തോന്നും തന്റെ പ്രതിഭയെ വെല്ലുവിളിക്കാനുള്ള എതിരാളികളെ സച്ചിന് കിട്ടിയിട്ടില്ലെന്ന്. കഴിഞ്ഞ തലമുറയിലെ മഹാരഥന്മായ ക്രിക്കറ്റര്‍മാരെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആ പ്രതിഭ കുറേക്കൂടി തെളിഞ്ഞുകണ്ടേനെ - ബിഷന്‍ സിങ് ബേദി.
“ ഞാന്‍ ഓരോ തവണ കാണുമ്പോളും സച്ചിന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു. സച്ചിന്റെ ഏകാഗ്രത ഗവാസ്കറിന്റേതിന് തുല്യമാണ്. - ഇയാന്‍ ബോതം.
“ സച്ചിനെതിരെ പന്തെറിയേണ്ടി വന്നാല്‍ ഞാന്‍ ഹെല്‍മറ്റ് ധരിക്കും. അത്ര ശക്തിയിലാണ് സച്ചിന്‍ പന്തടിച്ച് തെറിപ്പിക്കുന്നത്. - ഡെന്നിസ് ലിലി.
“ ഒരോവറില്‍ ആറു തരത്തില്‍ പന്തെറിയാന്‍ എനിക്കു കഴിയും. പക്ഷെ, അതു മുഴുവന്‍ കളിച്ചുകഴിഞ്ഞാല്‍ സച്ചിന്‍ പതുക്കെവന്ന് എന്നേയൊന്ന് നോക്കും. മറ്റൊന്നുകൂടി എറിയാമോ എന്ന് ചോദിക്കുന്നതുപോലെ! - ആദം ഹോളിയാക്ക്.
“ ഓഫ് സ്റ്റമ്പില്‍ പന്ത് പിച്ച് ചെയ്യിച്ച്, നല്ല ഒരു പന്തെറിഞ്ഞു എന്നു വിചാരിക്കുന്ന നേരത്തായിരിക്കും സച്ചിന്‍ വലത്തോട്ട് മറി ആ പന്ത് മിഡ് വിക്കറ്റിനുനേരെ അടിച്ച് രണ്ട് റണ്‍സ് എടുക്കുന്നത്! സച്ചിന്റേതു കനമുള്ള ബാറ്റാണെന്ന് കണ്ടാല്‍തന്നെ അറിയാം. എന്നാല്‍ വിക്കറ്റിനു ചുറ്റും സച്ചിന്‍ അത് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ് - ബ്രെറ്റ് ലീ.
ഇനി കപില്‍ ദേവ് പറയുന്നത് കേള്‍ക്കുക. ഒരുപക്ഷേ അതുതന്നെയാണ് സച്ചിനെ പറ്റിയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും.
“ ഏറ്റവും മികച്ചതിലും ഏതെങ്കിലു കുറ്റം കണ്ടെത്തുന്നവരുണ്ട്. ക്രിക്കറ്റില്‍ പതിനായിരക്കണക്കിനാണ് സച്ചിന്റെ റണ്‍ നേട്ടം. എന്നിട്ടും സച്ചിന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. - കപില്‍ദേവ്.
നമുക്കിനിയും പറഞ്ഞുകൊണ്ടിരിക്കാം. സച്ചിന്‍ പല്ലു കൊഴിഞ്ഞ ഒരു സിംഹമാണ്. സച്ചിന്‍ വെറുമൊരു ക്രിക്കറ്റര്‍ മാത്രമാണ്. സച്ചിന്‍ ഒരിക്കലുമൊരു മാച്ച് വിന്നറല്ല.
നമുക്ക് പറയാം, സച്ചിന്‍, നീ ക്രിക്കറ്റ് വിട്ടു പോകുക. കാരണം നിന്‍റെ സ്വരം മാറി തുടങ്ങിയിരിക്കുന്നു. പക്ഷേ ഒന്നോര്‍ക്കുക, മാറിയത് സച്ചിന്‍റെ സ്വരമാണെങ്കില്‍ പിന്നെ ഇന്‍ഡ്യന്‍ ടീമില്‍ സ്വരത്തിനിമ്പമുള്ള എത്ര കളിക്കാരുണ്ട്? നമുക്ക് ശ്രീശാന്തിനു വേണ്ടി വാദിക്കാം, സേവാംങിനു വേണ്ടി വാദിക്കാം, ധോനിക്കു വേണ്ടി വാദിക്കാം. പക്ഷേ നമുക്കൊരിക്കലും സച്ചിനു വേണ്ടി വാദിക്കാന്‍ കഴിയില്ല.
സച്ചിന്‍, നീ ഔട്ടാകുമ്പോള്‍ ടെലിവിഷന്‍ നിര്‍ത്തുന്ന ക്രിക്കറ്റ് ഭ്രാന്തന്‍മാരുണ്ട്. പവലിയനിലേക്കു മടങ്ങുന്ന നിന്നെ കണ്ണുനീരോടെ നോക്കി നില്‍ക്കുന്ന ഒരു ജനതയുണ്ട്. നിനക്കെതിരെയുള്ള ഏതൊരു തീരുമാനത്തേയും സ്വന്തം മനസ്സിലേറ്റി വേദനിക്കുന്ന ഒരു രാജ്യമുണ്ട്, ആ തീരുമാനമെടുക്കുന്നവരുടെ അച്ഛന് വിളീക്കുന്ന സാധാരണക്കാരായ ആള്‍ക്കാരുണ്ട്. പിന്നെ നീയെന്തിനീ വാക്കുകള്‍ കേള്‍ക്കണം... അവര്‍ പറയട്ടെ..... കാരണം ദൈവത്തെ അധിക്ഷേപിക്കുന്നവരുടെ കാലമല്ലേയിത്.......!!
സച്ചിന്‍, നിനക്കായ് ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കയറിയിറങ്ങുന്ന പാവങ്ങളുണ്ട്. നീ സ്വന്തം മകനായ് പിറന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കുന്ന മാതാപിതാക്കളുണ്ട്. സ്വന്തം സഹോദരനായി ജനിച്ചില്ലല്ലോ എന്നു കരുതുന്ന സഹോദരങ്ങളൂണ്ട്. എന്നാല്‍ നീ എല്ലാവര്‍ക്കും എല്ലാമായി മാറിയത് നിന്നിലെ നിന്നെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടല്ലേ....
നീയുള്ള ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ ഈ ജനതയുടെ ഭാഗ്യമാണ്.
സച്ചിന്‍, നീയാരാണെന്നെനിക്കറിയില്ല.
നീ ബ്രാഡ്മാന് തുല്യനാണോ അതോ അതിലും മുകളിലാണോ?
നീ ക്രിക്കറ്റിന്‍റെ അവസാന വാക്കാണോ, അല്ലയോ?
എനിക്കറിയില്ല. പക്ഷേ എനിക്കറിയുന്ന ഒന്നുണ്ട്.....
സച്ചിന്‍, നീ ഒരുപാടാളുകളുടെ പ്രതീക്ഷയാണ്; സ്വപ്നമാണ്; സ്വപ്നസാക്ഷാത്ക്കാരമാണ്.
കടപ്പാട്: വിക്കീപീഡിയ.
Sunday, November 15, 2009
സച്ചിന് - ഒരത്ഭുത പ്രതിഭ.
Subscribe to:
Post Comments (Atom)
എന്റെ മനസ്സിലുള്ളത് ഹരിയേട്ടന്‍ പറഞ്ഞു....ചിലയിടത്ത് കണ്ണ് നനഞ്ഞോ എന്റെ..അറിയില്ല....ഷെയ്ന്‍ വാണ്‍ ഒരിക്കല്പറഞ്ഞു.:-''ഞാന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ബാറ്സ്മാന്‍ സച്ചിന്‍ തന്നെ...മറ്റു സ്ഥിരമായി പറയുന്ന ഒരാളും ഉണ്ട്..പക്ഷെ അതിലും മികച്ചത് സച്ചിന്‍ തന്നെ...ഒരു രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ ഈ ചെറിയ വലിയ മനുഷ്യന്‍ ബാറ്റുമായി ഇറങ്ങുന്നത് കാണാന്‍ മാത്രം ഇരിക്കുന്നു...ടീ വെയിലും നേരിട്ടും രേടിയോയിലൂടെയും മറ്റും...ഈ മനുഷ്യന്‍ ഔട്ട് ആയാല്‍ ഗാലറി ഒഴിയും....സ്വന്തം രാജ്യം തോല്‍ക്കും...പകല്‍ രാത്രി മലസരമാനെങ്കില്‍ ഇലക്ട്രിക് പവര്‍ യൂസ് കുത്തനെ കുറയും...നിശബ്ദത പകരും....സെന്ച്ച്വരിയോടടുക്കുംപോള്‍ ആവേശത്താല്‍ ജനങ്ങള്‍ ഉറക്കെ ശബ്ദിക്കും.... നൂറു കോടി ജനങളുടെ പ്രതീക്ഷ മുഴുവന്‍ നെഞ്ചിലേറ്റി ടെന്‍ഷന്‍ എന്നാ ഒരു സാധനത്തിന്റെ മാക്സിമത്തില്‍ , മാക്സിമം ഏകാഗ്രത വേണ്ട ഒരു കായിക ഇനത്തില്‍ ഒരു പക്ഷെ കളിക്കാന്‍ ഇറങ്ങുന്നത് ഈ ലോകത്തില്‍ സച്ചിന്‍ മാത്രമായിരിക്കും....അപ്പൊ സച്ചിനല്ലേ മഹാന്‍.....''(shane warne)
ReplyDeleteഹരിയേട്ടാ...ഹൃദയത്തില്‍ തട്ടുന്ന ഈ എഴുത്തിനു നന്ദി...
നന്ദി സുജിത്,
ReplyDeleteസച്ചിന്‍ എന്ന പ്രതിഭയെ പറ്റി പറഞ്ഞാല്‍ സഹിക്കാത്തവരുണ്ടാകുമോ? ഇതൊന്നു നോക്കൂ..
സ്റ്റീവ് വോയേക്കാളും ബ്രയാന്‍ ലാറയെക്കാളും മുകളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ്് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് : ഗ്ലെന്‍ മക്ഗ്രാത്ത്
ഞാന്‍ ദൈവത്തെക്കണ്ടിട്ടുണ്ട്, ദൈവം ഇന്ത്യക്ക് വേണ്ടി നാലാമനായി ബാറ്റ് ചെയ്യാനിറങ്ങുന്നു : മാത്യു ഹെയ്ഡന്‍
സച്ചിന്‍ കളിക്കുന്നത് ഞാന്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ അയാള്‍ പുറത്തെടുത്ത ശൈലി ഞാന്‍ ശ്രദ്ധിച്ചു. അതുകാണാന്‍ എന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. എന്റെ കളി ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, എനിക്ക് തോന്നി ഈ ചെറുപ്പക്കാരന്‍ ഏതാണ്ട് എന്റെ രീതിയില്‍ തന്നെയാണല്ലോ കളിക്കുന്നത്. എന്റെ ഭാര്യ ടിവിയില്‍ നോക്കി പറഞ്ഞു, അതേ, രണ്ട് പേരും തമ്മില്‍ ഒരുപാട് സാദൃശ്യമുണ്ട്. നല്ല ഒതുക്കം, ശൈലി, സ്‌ട്രോക്ക് പ്രൊഡക്ഷന്‍. ഇതെല്ലാം ചേര്‍ന്നതാണ് സച്ചന്‍ തെണ്ടുല്‍ക്കര്‍ : ഡോണാള്‍ഡ് ബ്രാഡ്മാന്‍
സച്ചിന്‍ പലപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കുന്നത് നെഞ്ചത്ത് നിറയെ മെഡലുകളുള്ള പരിചയസമ്പന്നനായ ഒരു ആര്‍മി കേണലിനെയാണ്. എങ്ങനെയാണ് ലോകം മുഴുവനുമുള്ള ബൗളര്‍മാരെ കീഴ്‌പ്പെടുത്തിയത് എന്നതിന്റെ തെളിവുകളായ മെഡലുകള്‍: അലന്‍ ഡൊണാള്‍ഡ്
സച്ചിന്‍ ക്രിക്കറ്റിനെ അത്ഭുതകരമായും കുറ്റമറ്റതായും നിര്‍വചിച്ചു. ഷെയ്ന്‍ വോണ്‍ പന്തെറിയുന്നത് പോലെയാണ് സച്ചിന്‍ ബാറ്റ് ചെയ്യുന്നത് : റിച്ചി ബെനഡ്
സാങ്കേതികമായി നിങ്ങള്‍ക്ക് സച്ചിനെ കബളിപ്പിക്കാനാവില്ല. സീമോ സ്പിന്നേ ഫാസ്റ്റോ സ്ലോവോ ആകട്ടെ. സച്ചിന് ഒന്നും ഒരു പ്രശ്‌നമല്ല : ജെഫ് ബോയ്‌ക്കോട്ട്
സച്ചിന്‍ പൂര്‍ണ്ണമായും സന്തുലിതമായും കളിക്കുന്ന ബാറ്റ്‌സ്മാനാണ്. എപ്പോള്‍ പ്രതിരോധിക്കണമെന്നും ആക്രമിച്ചുകളിക്കണമെന്നും സച്ചിന് നന്നായറിയാം. ലോകത്തെ ഏത് ബൗളറേയും തൃണവല്‍ഗണിക്കാനും അവരുടെ ഏത്് ആക്രമണത്തേയും എളുപ്പം തകര്‍ക്കാനുള്ള കഴിവും സച്ചിനുണ്ട് : ഗ്രേഗ് ചാപ്പല്‍
സച്ചിന്റെ ബാറ്റിന്റെ പ്രഹരം പല രാത്രികളിലും ദു:സ്വപ്‌നങ്ങളായി എന്നെ വേട്ടയാടാറുണ്ട്. തടഞ്ഞുനിര്‍ത്താനാകാത്ത പ്രതിഭയാണ് സച്ചിന്‍. ഡോണ്‍ ബ്രാഡ്മാനൊഴികെ, സച്ചിന്റെ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു കളിക്കാരനുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. സച്ചിന്‍ ഒരു വിസ്മയമാണ് : ഷെയ്ന്‍ വോണ്‍
സച്ചിന്‍ മനോഹരമാണ്. ഇതുവരെ കളിച്ചിട്ടുള്ള ക്രിക്കറ്റിന്റെ ഏത് വിഭാഗത്തില്‍ പെടുത്താനും സച്ചിന്‍ പൂര്‍ണ്ണമായും യോഗ്യനാണ്. ഏത് യുഗത്തിലും, ഏത് തലത്തിലും സച്ചിന് കളിക്കാനാവും. ഞാവന്‍ പറയുന്നു; സച്ചിന്‍ 99.5 % പെര്‍ഫെക്ടാണ്: വിവിയന്‍ റിച്ചാഡ്‌സ്
ഇന്ത്യന്‍ പ്രധാനമന്ത്രിയെ തടഞ്ഞുനിര്‍ത്താന്‍ പറയൂ...എനിക്ക് കഴിഞ്ഞേക്കും. പക്ഷേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നേരെ വിരലുയര്‍ത്താന്‍ കഴിയില്ല : നവജ്യോത് സിംങ് സിദ്ദു
ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് പരിശീലനത്തിനിടെ മാത്രമേ സച്ചിനെതിരെ പന്തെറിയേണ്ടിവന്നിട്ടുള്ളൂ : അനില്‍ കുംബ്ലെ
ഞങ്ങള്‍ തോറ്റത് ഇന്ത്യയോടല്ല, സച്ചിനോടാണ് : മാര്‍ക്ക് ടെയ്‌ലര്‍ (1997ലെ ചെന്നൈ ടെസ്റ്റിനുശേഷം)
സച്ചിന്‍ ദൈവത്തെപ്പോലെയാണ്, ഒരിക്കലും തോല്‍ക്കില്ല. സച്ചിന്‍ ജയിക്കുമെന്ന് ജനക്കൂട്ടം എപ്പോഴും പ്രതീക്ഷിക്കുന്നു. അതാണ് സച്ചിന്റെ ഏറ്റവും വലിയ സമ്മര്‍ദ്ദം : മാര്‍ക്ക് വോ
സിംലയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു ട്രയിന്‍ യാത്ര. ഇടക്കെവിടെയോ അല്‍പസമയത്തേക്ക് വണ്ടി ഒരു സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. സച്ചിന്‍ സെഞ്ച്വറിയോടടുക്കുകയായിരുന്നു. യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍..., സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേ... ഈ പ്രതിഭക്ക്് ഇന്ത്യയിലെ സമയം പോലും പിടിച്ചുനിര്‍ത്താനാകും : പീറ്റര്‍ റീബക്ക് (ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍)
സച്ചിന്‍ - ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു തപസ്യയാണ്.
പോസ്റ്റ് നന്നായി, മാഷേ.
ReplyDeleteസച്ചിനെ പറ്റി എത്ര പറഞ്ഞാലാണ് മതിയാകുക?
ഇതൊന്ന് നോക്കിക്കോളൂ...
ക്രിക്കറ്റിലെ അവസാന വാക്കിന് അഭിനന്ദനം
ReplyDelete