Friday, October 24, 2008

മതില്‍.

എന്‍‌റ്റെ പശു നിന്റെ മുറ്റത്ത് കയറിയില്ല,
എന്‍‌റ്റെ കുട്ടികള്‍ നിന്‍‌റ്റെ മാം പൂ പറിച്ചില്ല.
പച്ചവെള്ളം കുടിച്ചുറങ്ങിയപ്പോഴും-
ഒരു നാഴി അരി പോലും ചോദിച്ചില്ല.


കര്‍ക്കിടക മഴ എന്‍‌റ്റെ വീടെടുത്തപ്പോഴും-
നിന്‍‌റ്റെ തിണ്ണയില്‍ ഒരിടം തേടിയില്ല.
നിന്‍‌റ്റെ വസ്തുവിന്‍‌റ്റതിരു ഞാന്‍ മാന്തിയില്ല,
നിനക്കെതിരായി ഞാന്‍ നിന്നുമില്ല.


എന്നിട്ടും നീ കെട്ടിയുയര്‍ത്തിയില്ലേ-
ഈ മതില്‍, എന്തിനു വേണ്ടിയാണോ?
ഒരു മതിലാല്‍ കെട്ടി മറയ്ക്കാന്‍ കഴിയുമോ
എന്‍‌റ്റെയും നിന്‍‌റ്റെയും മനസ്സുകളെ.


മറയ്ക്കാന്‍ കഴിയില്ല മനസ്സുകളെയെങ്കിലോ-
പിന്നെന്തിനു വേണ്ടിയീ മറ കെട്ടുന്നു.

(ഈ വരികള്‍ ശ്രീ പവിത്രന്‍ പൂക്കുനിയുടെ "മതില്‍" എന്ന കവിതയുടെ വരികളില്‍ നിന്നും കടമെടുത്തവയാണ്‌.)

Wednesday, October 08, 2008

സൗഹൃദത്തിന്‍‌റ്റെ യാത്ര.

ആ വലിയ കെട്ടിടത്തിന്‍‌റ്റെ ഏഴാം നിലയിലെ തന്‍‌റ്റെ കിടപ്പു മുറിയിലിരുന്നു കൊണ്ട് ഓര്‍മ്മകളുടെ കിളിവാതില്‍ തുറക്കുകയായിരുന്നു ദേവപ്രീയ എന്ന ദേവു. ഓര്‍മ്മകളുടെ ചായക്കൂട്ടുകളില്‍ കുറേ ഇരുണ്ട രൂപങ്ങള്‍ ആ റോഡിലൂടെ ഏതോ അറബിയെ തെറിയും വിളിച്ചു കൊണ്ട് തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരിന്നു. അതിലൊരു ഇരുണ്ട മുഖത്തിന്‌ നിറങ്ങള്‍ നല്‍കിയപ്പോള്‍ അവിടേക്കു കടന്നു വന്നത് എല്ലാവരും ഇക്കാക്ക എന്നു വിളിക്കുന്ന ഹംസാക്ക ആയിരിന്നു. അപ്പേട്ടന്‍‌റ്റെ കൂടെ പിറപ്പ്. ഇക്കാക്ക എല്ലാവര്‍ക്കും അങ്ങനെ തന്നെ ആയിരിന്നു. പരിചപ്പെടുന്നവര്‍ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിത്വം.


ഒരു ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇക്കാക്ക നാട്ടിലുള്ള അമ്മയ്ക്കും സഹോദരിമാര്‍ക്കും ആവശ്യത്തിനുള്ള ദിര്‍ഹം അയക്കാന്‍ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ഗതികെട്ട് ദൈവം ചോദിക്കും, "എന്തേ ഇക്കാക്ക, കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുവോ?. ഒന്നും അങ്ങട് പറ്റണില്ല, അല്ലേ?". അപ്പോള്‍ ആരോടും ദേഷ്യപ്പെടാത്ത, വഴക്കടിക്കാത്ത ഇക്കാക്ക ദൈവത്തോട് വഴക്കടിക്കും. "പണ്ടാറടങ്ങാന്‍ എല്ലാം അറിഞ്ഞു വച്ചിട്ട് ഇയ്യ് ചോദിക്കണ കേട്ടില്ലേ, കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുവോന്ന്. ഒരു തല തെറിച്ച ഏജന്‍‌റ്റ് വിസ തന്നത് കൊണ്ട് ഈ നാട്ടിലെത്തി. ജോലിക്കൊരു കുറവും ഇല്ല. പക്ഷേ മാസാവസാനം ആകുമ്പോള്‍ ഓന്‍‌റ്റെ മുഖം കറുക്കും, സ്വഭാവം മാറും. അല്ല, ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ, എന്നെ എന്തിനാ ഈ നാട്ടിലേക്ക് കെട്ടിയെടുത്തത്. ഞാന്‍ എന്തേലും ജോലി ചെയ്ത്‌ അവിടെ പണ്ടാറടങ്ങില്ലായിരുന്നോ". ഇതൊക്കെ കേള്‍ക്കുമ്പോള്‍ ദൈവം നല്ലൊരു ശമരിയാക്കാരനായിട്ടു പറയും "ഒക്കെ ശരിയാകും ഇക്കാക്ക, സംഭവിക്കുന്നതൊക്കെ നല്ലതിനാണെന്നങ്ങോട്ട് കരുതുക". പിന്നേ എല്ലാം നല്ലതിനല്ലേ?? അവിടേം ഇവിടേം ബോംബ് പൊട്ടിച്ച് എത്രയോ ആള്‍ക്കാരേ കൊല്ലുന്നു, അത്‌ നല്ലതിനാണല്ലേ.... പിന്നെ വെള്ളപ്പൊക്കമായും തണുപ്പായും ചൂടായും ഒക്കെ അങ്ങനെ കുറേ മരിക്കുന്നു.. അതും നല്ലതിനാണല്ലേ.....? ങ്ങള്‌ പോയി വേറേ പണി നോക്കപ്പാ.. ന്നെ ഉപദേശിക്കാന്‍ നോക്കണ്ട. ഉപദേശിച്ചിട്ട് കാര്യോല്ലാ... എല്ലാം നല്ലതിനാണു പോലും....". അവിടേയും ദൈവം ഇക്കാക്കയോട് തോറ്റു പിന്മാറുകയേ ഉള്ളൂ.


അപ്പോഴേക്കും ഓര്‍മ്മകളുടെ കിളിവാതില്‍ കൊട്ടിയടച്ചു കൊണ്ട് ഡോര്‍ ബെല്ലിന്‍‌റ്റെ ശബ്ദം മുഴങ്ങി. ഓ.. സമയം ആറു കഴിഞ്ഞിരിക്കുന്നു. വാതില്‍ തുറന്നപ്പോള്‍ അപ്പേട്ടനാണ്‌. "എന്തു പറ്റി ദേവു, മുഖത്തൊരു വാട്ടം." "ഹേയ് ഒന്നൂല്ല... വേറുതേ ഓരോന്ന് ഓര്‍ക്കുകയായിരിന്നു". ഒരു പാത്രത്തില്‍ ഉണ്ടും ഒരേ കിടക്കയില്‍ കിടന്ന്‌ ഉറങ്ങുകയും ചെയ്തവര്‍. ഇപ്പോള്‍ പരസ്പരം മിണ്ടിയിട്ട് വര്‍ഷങ്ങളാകുന്നു. രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ദേവൂന്‍‌റ്റെ മനസ്സില്‍ നിന്നും ഇക്കാക്ക പോയിരുന്നില്ല. മുറിയില്‍ ഇരുട്ടായിരുന്നിട്ടും ജനലില്‍ കൂടി കടന്നു വന്ന നിലാവ്‌ അവരെ ചൂഴ്ന്ന് നിന്നു. "എന്തിനാ അപ്പേട്ടാ നിങ്ങള്‍ തമ്മില്‍ പിണങ്ങിയേ"? "ആരു തമ്മില്‍"? "അപ്പേട്ടനും ഇക്കാക്കയും തമ്മില്‍..എന്തിനു വേണ്ടിയായിരിന്നു"? "എനിക്കിന്നും അറിയില്ല ദേവൂ ഞങ്ങള്‍ക്കിടയില്‍ എന്താ സംഭവിച്ചതെന്ന്. ഒരു പക്ഷേ ഞാന്‍ അറിയാതെ എന്തേലും പറഞ്ഞിട്ടുണ്ടാകും. അത് ഇക്കാക്കയെ വേദനിപ്പിച്ചു കാണും".


അവരെ ചൂഴ്ന്നു നിന്ന ആ നിലാവില്‍ ഇക്കാക്കയും അപ്പേട്ടനും അവരവരുടെ കഷ്ടപ്പാടുകള്‍ പറയുകയായിരിന്നു അപ്പോള്‍. "അപ്പുവേ, മ്മടെ വാസുദേവനെന്തു പറ്റീ... ഇപ്പോ കാണാറേ ഇല്ലല്ലോ? എവിടെയാണെന്നറിയ്യോ ഓന്‍"? "എന്താ പറയ്യാ ഇക്കാക്ക, കഷ്ടപ്പാടും വിഷമങ്ങളും ഒകെ കാരണം പുള്ളിക്കാരന്‍ എങ്ങോട്ടോ പോയി.. ആര്‍ക്കുമറിയില്ല എവിടെയാണെന്ന്". "എന്നാലും ഓന്‌ ഒന്നു പറയാമായിരുന്നിലേ അപ്പുവേ? ഇത്രേം ചൂടുള്ള മണല്‍ തരികള്‍ ഇവിടെ ജീവിക്കുന്നില്ലേ.. അപ്പോള്‍ പിന്നെ മനസ്സിനെ തണുപ്പിക്കാന്‍ കഴിവുള്ള മനുഷ്യനാണോ ജീവിക്കാന്‍ കഴിയാത്തെ.. ഒരാള്‍ മറ്റൊരാളെ കൊല്ലാത്ത കാലത്തോളം ഒരാള്‍ക്ക് ജീവിക്കാനുള്ള വഴിയുണ്ടാകും... പിന്നെന്തിനാ അപ്പുവേ എല്ലാവരും ഈ ജീവിതത്തെ പേടിച്ചോടണെ. ഓടിയാല്‍ എവിടെ വരെ ഓടും.. എല്ലാവര്‍ക്കും ഒളിക്കാന്‍ പറ്റിയ കാടുണ്ടോ അപ്പുവേ എവിടേലും"? "പോയവര്‍ പോയി ഇക്കാക്ക, ഇനി ഇപ്പോള്‍ അവരെ പറ്റി അന്വേഷിച്ചിട്ടെന്താ കാര്യം..."? "മ്മളെല്ലാം മനുഷ്യരല്ലേ അപ്പുവേ? അപ്പോള്‍ ആരൊക്കെ എവിടുന്നു വന്നു അങ്ങോട്ടു പോയി എന്നൊക്കെ നമ്മള്‍ അറിയണ്ടേ? ചിലപ്പോള്‍ അവര്‍ക്ക് മ്മളെ കൊണ്ട് വല്ല പ്രയോജനവും ണ്ടായാലോ"?


കഷ്ടപ്പാടു നിറഞ്ഞ ആ ജീവിതത്തിനു മിന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുന്ന ഇക്കാക്ക എപ്പോഴും അപ്പേട്ടന്‌ ഒരത്ഭുതം തന്നെ ആയിരിന്നു. ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ, ഏതു മതസ്ഥനായാലും, ഏതു രാജ്യക്കാരനായാലും, ഏതു നിറക്കാരനായാലും തളര്‍ന്നു വീഴാന്‍ പോകുന്നവന് ഒരു താങ്ങായി, ദാഹിക്കുന്നവന്‌ ഒരിറ്റു വെള്ളമായി, ഒരു ചെറു കാറ്റായി ഇക്കാക്ക എല്ലാവരോടും ഒപ്പം ഉണ്ടാകും. ഒരു മനുഷ്യന്‌ ഇങ്ങനെയും ആകാന്‍ കഴിയുമോ? "ആവശ്യക്കാര്‍ ആരായാലും വരുന്നവന്‌ ജീവനുണ്ട്, അവനു പിന്നില്‍ ഒരുപാട് ജീവനുകള്‍ കടിച്ചു തൂങ്ങി കിടപ്പുണ്ടാകാം, അപ്പോള്‍ ആ വരുന്നയാള്‍ തളര്‍ന്നു വീണാല്‍ യഥാര്‍ത്ഥത്തില്‍ വീഴുന്നത് ഒരുപാട് ജീവനുകളാകാം. അപ്പോല്‍ അയാളെ നോക്കെണ്ടത് നമ്മുടെ കടമയല്ലേ അപ്പുവേ.. ഒന്ന് ചീഞ്ഞ് മറ്റൊനിന്‌ വളമാകുന്നത് പ്രകൃതി നിയമം, പക്ഷേ ചീയുന്നതു വരെ പ്രകൃതിക്ക് കൊടുക്കാതെ നോക്കണ്ടേ... നോക്കണം.... അതിന്‌ നമ്മളാകണം കാവല്‍ക്കാര്‍ അപ്പുവേ.....".


കഷ്ടപ്പാട് മുറ്റി നിന്ന നേരത്ത് അപ്പേട്ടന്‍ പറഞ്ഞു, "അല്ല ഇക്കാക്ക, എന്തിനാ ഇങ്ങനെയൊരു ജന്മം. സ്വന്തം ജീവിതം നിലനിര്‍ത്താന്‍ കഴിയാതെ നേട്ടോട്ടമോടുകയല്ലേ ഇപ്പോള്‍.. എന്തിനാ അവരെന്നെ ജനിപ്പിച്ചത്... അച്ഛന്‌ അങ്ങനെ ഒരാഗ്രഹം തോന്നിയപ്പോള്‍ "ഇന്നു വേണ്ട മനുഷ്യാ എന്നും പറഞ്ഞ് അമ്മക്ക് തിരിഞ്ഞു കിടന്നുറങ്ങാമായിരുന്നില്ലേ". എങ്കില്‍ ഈ അപ്പൂന്‌ ഈ കഷ്ടപ്പാട് വരുമായിരിന്നോ ഇക്കാക്ക...." "അന്നല്ലെങ്കില്‍ മറ്റൊരിക്കല്‍ ആ കര്‍മ്മം നടക്കുക തന്നെ ചെയ്യും അപ്പുവേ... അന്ന് ഈ നിനക്കു പകരം മറ്റൊരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ജനിച്ചേനേ.. അപ്പോള്‍ ഇന്ന് നീ അനുഭവിക്കുന്ന ഈ കഷ്ടപ്പാടുകള്‍ അവരനുഭവിക്കേണ്ടി വന്നേനേ.... അതൊരു കഷ്ടമല്ലേ അപ്പുവേ, നമ്മള്‍ അനുഭവികേണ്ട ദു:ഖം മറ്റൊരാള്‍ അനുഭവിക്കുക എന്നത്... നന്നായി നമ്മള്‍ തന്നെ ജനിച്ചത്....". ഇക്കാക്കയുടെ വാക്കുകളിലും ഒരു ദു:ഖ ഭാവം നിഴലിച്ചിരുന്നുവോ? "എല്ലാം ശരിയാകും. അല്ലേ ഇക്കാക്ക. എല്ലാം മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ടല്ലോ....". "പിന്നേ.... കാണുന്നുണ്ട്.... അവനവനില്‍ വിശ്വാസം വേണം അപ്പുവേ, ജീവിക്കാന്‍ അതാണത്യാവശ്യം വേണ്ടത്. പിന്നെ നീ ആര്‍ക്കെങ്കിലും ഉപകാരം ചെയ്താല്‍ നന്ദി ഒരിക്കലും പ്രതീക്ഷിക്കരുത്. ഉപകരിക്കപ്പെട്ടവന്‍‌റ്റെ നിസ്സഹായവസ്ഥയെ ഒരിക്കലും ചൂഷണം ചെയ്യരുത്. എന്നാലും ചിപ്പോള്‍ ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ തോന്നും ആര്‍ക്കും ഒരിക്കലും പണ്ടാറടങ്ങാന്‍ ഒരു ഉപകാരവും ചെയ്യാന്‍ പാടില്ലാന്ന്‌. പക്ഷേ എന്താ ചെയ്യാ... ".


പിറ്റേന്ന് ഇക്കാക്കയെ കണ്ടപ്പോഴാണ്‌ പറഞ്ഞത്, "ഒന്ന് ആശുപത്രി വരെ പോകണം. ഇന്നലെ ഒരാള്‍ക്ക് ഒരപകടം പറ്റി. കുറച്ച് ബ്ലഡ് കൊടുക്കണം". "അതിന്‌ രണ്ടു ദിവസം മുന്‍പല്ലേ ഇക്കാക്ക മറ്റാര്‍ക്കോ ബ്ലഡ് കൊടുത്തത്. ഇനിയും ഈ ശരീരത്തില്‍ ഉണ്ടോ പിഴിയാന്‍"? "ഒന്ന് ആഞ്ഞ് ഞെക്കിയാല്‍ കിട്ടും അപ്പുവേ... ബലം പിടിച്ചൊന്ന് ഞെക്കിയാല്‍ ചിലപ്പോ ഒരു അര ലിറ്റര്‍ പാല്‌ കൂടുതല്‍ തരില്ലേ ചില പശുക്കള്. കാരണം നമ്മുടെ കഷ്ടപ്പാടുകള്‍ ആ അമര്‍ത്തലിലൂടെ പശുവിന്‌ മനസ്സിലാകും. അപ്പോല്‍ നമ്മൂടെ ദുരിതം കണ്ട് പശുവും നമ്മോടൊപ്പം ഒന്നമര്‍ത്തും. അങ്ങനെ ഒന്നമര്‍ത്തി നോക്കാന്ന് വച്ചു".


ആ നിലാവിന്‍‌റ്റെ അരണ്ട വെളിച്ചത്തില്‍ എവിടെയോ നോക്കി നിശബ്ദയായ് കിടന്ന ദേവു ചോദിച്ചു; "എങ്കിലും എന്തിനാ അപ്പേട്ടാ നിങ്ങള്‍ തമ്മില്‍ പിണങ്ങിയത്." അതിനേ കുറിച്ച് അപ്പേട്ടന്‍ ആദ്യമായ് സംസാരിച്ചത് അപ്പോഴായിരിന്നു. "ഞങ്ങള്‍ തമ്മില്‍ പിണങ്ങി എന്നാരാ പറഞ്ഞെ. ഇല്ല, പിണങ്ങിയിട്ടില്ല, എങ്കിലും പരസ്പരം മിണ്ടിയിട്ട് വര്‍ഷങ്ങളാകുന്നു. ദേവൂ, നമ്മളെല്ലാം ഒരേ ഭാഷയാണ്‌ സംസാരിക്കുന്നതെങ്കിലും പലരും കേള്‍ക്കുന്നതിന്‌ പല അര്‍ത്ഥം കൊടുക്കുന്നു. പിന്നെ കേട്ട വാക്കുകള്‍ മോശമാണെന്നു പറഞ്ഞ് കേട്ടയാള്‍ പറഞ്ഞയാളുടെ കുത്തിന്‌ പിടിക്കും, പറഞ്ഞയാളോ താന്‍ പറഞ്ഞത് നല്ലതാണെന്നു പറഞ്ഞ് തിരിച്ചു പിടിക്കും. പിന്നെ വാക്കുകളുടെ കര്‍ത്താവും കര്‍മ്മവും ക്രീയയും വേര്‍തിരിച്ച് പരസ്പരം പ്രയോഗിക്കുന്നു. ഇടക്കെപ്പോഴെങ്കിലും മനസ്സുകള്‍ മുറിയും. മനസ്സുകള്‍ മുറിയുമ്പോള്‍ ശബ്ദം തനിയെ നില്‍ക്കും. പിന്നെ ദിവസം പോകും തോറും അതൊരു ലഹരിയായ് മാറും. മഹാന്മാരില്‍ മഹാന്മാര്‍ മുതല്‍ അര്‍ദ്ധപട്ടിണിക്കാര്‍ വരെ ഈ കൂട്ടിയിടിയില്‍ കിടന്നു പിടയും. ഇങ്ങനെയൊക്കെ ജീവിതത്തില്‍ പലര്‍ക്കും പലരോടും സംഭവിക്കാറൂണ്ട്. അതുപോലെ എന്നെങ്കിലും ഞങ്ങളുടേയും വാക്കുകള്‍ പരസ്പരം കൂട്ടിയിടിക്കപ്പെട്ടതാകാം കാരണം. ഒരു പക്ഷേ ഞാന്‍ എന്തെങ്കിലും അതിര്‍ത്തു പറഞ്ഞിട്ടുണ്ടാകാം, അല്ലെങ്കില്‍ എന്‍‌റ്റെ കാര്യത്തില്‍ ഇക്കാക്ക ഇടപെടണ്ടാ എന്നു പറഞ്ഞിട്ടുണ്ടാകാം, അതുമല്ലെങ്കില്‍ അധികാര പൂര്‍വ്വമായ എന്‍‌റ്റെ ഏതെങ്കിലും വാക്കുകള്‍ ഇക്കാക്കയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല." ദേവൂന്‌ പിന്നെ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, അപ്പേട്ടന്‌ പറയാനും. ഒരു വണ്ട് വന്ന് പൂവിലെ മധു കുടിക്കുന്നതു പോലെ ദേവൂ അപ്പേട്ടനിലേക്കമര്‍ന്നു കിടന്നു.


ആ ആപ്പിളിന്‍‌റ്റേയും മുന്തിരിയുടേയും പൊതിക്കെട്ടുകള്‍ ഇക്കാക്കയുടെ മുന്നിലേക്ക് നീ വച്ചിട്ട് അപ്പേട്ടനും ദേവുവും ആ കട്ടിലിനോട് ചേര്‍ന്നു കിടന്ന കസേരയിലേക്കിരുന്നു. അപ്പോഴെക്കും ഇക്കാക്കയുടെ ബീവി പരാതിയുമായി വന്നു. "ന്‍‌റ്റെ അപ്പുവേ, ഇവിടെ ഒരാള്‍ മഴ നനഞ്ഞ് ഒരാഴ്ചയായി പനി പിടിച്ച് കിടപ്പിലാണ്‌. കഷായം വച്ചു കൊടുത്തിട്ട് കുടിക്കുന്നുമില്ല. പറഞ്ഞാല്‍ കേള്‍ക്കണ്ടേ... എന്തേലും പറഞ്ഞാല്‍ അപ്പോ ഉടക്കും. പിന്നെ മിണ്ടാട്ടമില്ല.. ഞാനെന്താ ചെയ്യാ എന്‍‌റ്റെ ദേവൂ". "യ്യ് മിണ്ടാണ്ടിരിക്കണൂണ്ടോ... ആരോടും ഒന്നും മിണ്ടാതിരിക്കാ ഭേദം. അല്ലേല്‍ വാക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കും, അപ്പോള്‍ മനസ്സുകള്‍ മുറിയും, മനസ്സു മുറിഞ്ഞാല്‍ പിന്നെ ശബ്ദം നിലയ്ക്കും...പിന്നെ അതൊരി ലഹരിയായ് മാറും., പക്ഷേ... പക്ഷെ നഷ്ടമാകുന്നത് നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലമായിരിക്കും എന്ന് ആരും ഓര്‍ക്കാറില്ല... ആരും...".

അപ്പേട്ടന്‍ ഇക്കാക്കയുടെ കൈവിരല്‍ അമര്‍ത്തി പിടിച്ചു. ആ നനുത്ത കൈവിരലുകള്‍ നഷ്ടകാലങ്ങളുടെ കഥ പറയുന്നതായി അപ്പേട്ടന്‌ തോന്നി. അപ്പോള്‍ രണ്ടു പേരുടേയും കണ്ണുകള്‍ കണ്ണുനീരാല്‍ മൂടപ്പെട്ടിരിന്നു. "ഇക്കാക്ക, എപ്പോഴോ ഞാന്‍ എന്തോ പറഞ്ഞു, ഇക്കാക്ക എന്തോ കേട്ടു. അപ്പോള്‍ നമ്മുടെ മനസ്സു മുറിഞ്ഞതും ശബ്ദം നിന്നതും മൗനം ലഹരിയായ് മാറിയതമൊക്കെ എന്തിനായിരിന്നു. അറിയില്ല.. നമുക്ക് നഷ്ടമായത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ആ സൗഹൃദത്തിന്‍‌റ്റെ ആ കാലമല്ലേ? എല്ലാം മറക്കാം ഇക്കാക്ക നമുക്ക്... എന്നോട് ക്ഷമിക്കൂ....".


എന്തോ അന്നത്തെ പ്രഭാതത്തിന്‌ ഒരു നനവാര്‍ന്ന ശാന്തതയുണ്ടായിരിന്നു, മഴ പെയ്തു തോര്‍ന്ന, കാറും കോളു കെട്ടടങ്ങിയ ഒരു സുപ്രഭാതം പോലെ.

Thursday, October 02, 2008

ചന്തുവിന്‍‌റ്റെ തോല്‍വികള്‍.

മുക്കാല...മുക്കാബലാ....ലൈല....ഓ...

പണ്ടാരമടങ്ങാന്‍, പാട്ടു പാടാന്‍ കണ്ട സമയം. മനുഷ്യന്‍ കിടന്നുറങ്ങാനും സമ്മതിക്കില്ലേ? ദേഷ്യത്തോടാണ്‌ ചന്തു കണ്ണു തുറന്നത്.

ഇന്നലെ സ്ഥിരം ഡോസില്‍ നിന്നും രണ്ടെണ്ണം കൂടുതല്‍ അടിച്ചതിന്‍‌റ്റെ ഒരു ക്ഷീണം. നോക്കിയപ്പോല്‍ മൊബൈല്‍ ഫോണ്‍ കിടന്നു തുള്ളുന്നു. ഇതിനെന്തു പറ്റി... ഇവനും ഫിറ്റ് വിട്ടില്ലേ? അതു ശരി ആരോ വിളിക്കുകയാണല്ലോ..

ഹലോ... അതേ.. ചന്തുവാണല്ലോ...

......................

ഏതു ചന്തുവാണെന്നോ? എടാ മൈഗുണാപ്പാ, ഞാനാണ്‌ ചതിയന്‍ ചന്തു.

.........................

ഹ... നീയായിരുന്നോ ഉണ്ണിനീലി. എന്താ കാര്യം...

..........................

അപ്പോയിന്മെന്‍‌റ്റോ?? എനിക്കോ?? നീ തമാശ പറയല്ലെ എന്‍‌റ്റെ ഉണ്ണിനീലി. ഈ വന്ന കാലത്ത് എന്‍‌റ്റെ അങ്കമൊക്കെ ആര്‍ക്കാ വേണ്ടത്... ഇപ്പോള്‍ എല്ലാവരും കരാട്ടയുടേയും കുംങ്ഫൂവിന്‍‌റ്റേയും ഒക്കെ പുറകെ അല്ലേ?

........................

ശരി..ശരി.. എന്താ ടൈം.. മൂന്നു മണിയോ?? ഓക്കെ....

ഹോ... കാലം കുറേ കൂടിയാണിന്നൊരു അപ്പോയിന്മെന്‍‌റ്റ് കിട്ടുന്നത്... പരദേവതകളെ... കളരി പരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ...

പെട്ടെന്നു തന്നെ പ്രഭാത കൃത്യങ്ങള്‍ ഒക്കെ നിര്‍വ്വഹിച്ച് താഴെ വന്ന് ടൈനിംങ് ടേബിളില്‍ നോക്കിയപ്പോല്‍ ദേ ആ സ്ഥിരം പഴങ്കഞ്ഞി.

ഉണ്ണിനീലി........ ശബ്ദത്തില്‍ അല്പം പ്രൗഢി വന്നോ എന്നൊരു സംശയം.

ഉണ്ണിനീലി പാഞ്ഞെത്തി.... എന്താ മനുഷ്യാ കിടന്നു തൊള്ള തുറക്കുന്നേ.......

എന്താ ഇത്.. നമ്മുടെ അമൃതേത്തിന്‌ പഴങ്കഞ്ഞിയോ? നിനക്കു നാണമാകുന്നില്ലേ ഉണ്ണിനീലി നമുക്കിതു തരാന്‍...

ഇഷ്ടമുള്ളതുണ്ടാക്കി തരാന്‍ എനിക്ക് മാസാമാസം ശമ്പള്ളമൊന്നും എണ്ണി തരുന്നില്ലല്ലോ.. അപ്പോള്‍ പിന്നെ ഇതൊക്കെയോ പറ്റൂ... വേണേല്‍ കഴിക്ക്.. ഇല്ലേല്‍ എണീറ്റു പോകാന്‍ നോക്ക്.....

പരദേവതകളെ.. കണ്ടില്ലേ ഒരു ജോലിക്കാരിയുടെ നെഗളിപ്പ്.... നിന്നെ ഞാന്‍.........

പിന്നെ.. ഇയാളെന്നെ ഒരു പിണ്ണാക്കും ചെയ്യില്ല... എന്‍‌റ്റെ ശരീരത്തെങ്ങാനും തൊട്ടാലുണ്ടല്ലോ.......

എന്തു ചെയ്യുമെടീ തൊട്ടാല്‍..... ഒരിക്കല്‍ എന്തിനും തയ്യാറായി നീ എന്‍‌റ്റെ പുറകെ നടന്ന ഒരു സമയം ഉണ്ടായിരിന്നു.... അതു നീ മറക്കണ്ട....

അത് അന്ന്. അന്നു നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിറയെ കാശുണ്ടായിരിന്നു.. ഇന്നോ.. പിന്നെ എന്നെ തൊട്ടാല്‍ എന്തു ചെയ്യുമെന്ന്..... വനിതാ കമ്മീഷനുകള്‍ ഉള്ള കാലമാണിത്... കോടതി കയറ്റും ഞാന്‍... പറഞ്ഞില്ലെന്നു വേണ്ടാ.... ഹാ.... ഒരുപാട് നിരപരാധികള്‍ കോടതി കയറി ഇറങ്ങുന്നത് ദിവസവും പത്രത്തില്‍ വായികുന്നതാണല്ലോ?? അതോര്‍മ്മയുണ്ടായാല്‍ നന്ന്....ഹും....

ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല,... കാലം മാറി പോയിരിക്കുന്നു.. ഹാ... എന്തു ചെയ്യാം....

മൂന്നു മണിയായപ്പോഴേക്കും പഴയ അങ്ക വസ്ത്രങ്ങളൊക്കെ എടുത്ത് പൊടി തട്ടി ആ ആള്‍ കണ്ണാടിക്കു മുന്നില്‍ നിന്നും ശരിയായി ധരിച്ചു. ഒരു മുഷിഞ്ഞ മണം. മുഖത്തെ ആ പഴയ കളറൊക്കെ പോയിരിക്കുന്നു. കുറച്ചു ഫെയര്‍ & ലവ്‌ലി എടുത്തു തേച്ചൂ. എന്നാലും കാണാന്‍ വരുന്നവര്‍ക്ക് ഒരു സുഖം തോന്നണമല്ലോ?...

മണി മൂന്നായി.. അവരെ കാണുന്നില്ലല്ലോ??? പര ദേവതകളേ.... അവരും ചതിക്കുമോ??...

അപ്പോഴേക്കും ഒരു കറുത്ത സ്കോര്‍പ്പിയോ മുറ്റത്തേക്കിരച്ചു കയറി നിന്നു.

സാറേ... ദേ അവര്‍ കാണാന്‍ വന്നിരിക്കുന്നു.... ഉണ്ണിനീലിയാണ്‌.

അവിടെയിരിക്കട്ടെ കുറച്ചു നേരം. പെട്ടെന്നു ചെന്നാല്‍ അതൊരു വിലക്കുറവല്ലേ? നമ്മുടെ മന്ത്രിമാരുടെ കൂട്ട് എവിടേയും ലേറ്റ് ആയി പോകുന്നതാണ്‌ നല്ലത്.

എങ്കിലും ഇരുന്നിട്ട് ഒരു മന:സമാധാനം കിട്ടുന്നില്ല. അവരെങ്ങാനും പോയാലോ? വയറ്റി പിഴപ്പിന്‍‌റ്റെ കാര്യമല്ലേ? എന്തായാലും പോയി നോക്കാം.

ഉണ്ണിനീലി, ഇതാരാണ്‌ അകത്തിരുന്ന ആ ആള്‍ക്കണ്ണാടി ഇവിടെ കൊണ്ടു വച്ചത്? ....

ആള്‍ക്കണ്ണാടിയോ?? എവിടെ?? ഇങ്ങേര്‍ക്കിതെന്തു പറ്റി..... അതു ആള്‍ക്കണ്ണാടിയൊന്നുമല്ല. അതു നിങ്ങളെ കാണാന്‍ വന്നതില്‍ ഒരാളാ...

എന്ത്... എന്നെ പോലെ തന്നെ മറ്റൊരു പയ്യനോ? ഇവനാര്‌?

മകനേ... എല്ലാവരോടും ഞാന്‍ അവരുടെ അച്ഛനെ പറ്റിയാണ്‌ ചോദിക്കാറുള്ളത്. പക്ഷേ നമ്മുടെ ഈ രൂപ സാദൃശ്യം കാരണം ഞാന്‍ ചോദിക്കുന്നു... നിന്റെ അമ്മയാര്‌?

ഹ..ഹ.ഹ. അപ്പോള്‍ എന്നെ കണ്ടിട്ടും താങ്കള്‍ക്ക് മനസ്സിലായില്ല അല്ലേ? എങ്കില്‍ പറയാം. ഞാന്‍ തച്ചോളി വീട്ടില്‍ ഉണ്ണി ആര്‍ച്ചയുടെ മകനാണ്‌. എന്‍‌റ്റെ കൂടെ ഉള്ളത് നിങ്ങള്‍ ചതിച്ചു കൊന്ന ആരോമല്‍ ചേകവരുടെ മകനും.

അതാണ്‌ നിന്നെ കണ്ടപ്പോഴെ എനിക്ക് തോന്നിയിരിന്നു ഞാനെന്നോ എടുത്ത എന്‍‌റ്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്‌ നീയെന്ന്... അതിരിക്കട്ടെ ആ ഫോട്ടോസ്റ്റാറ്റ് മെഷീന്‍, അതായത് നിന്‍‌റ്റെ അമ്മ ഇപ്പോള്‍ എങ്ങനെയുണ്ട്..???

അപ്പോള്‍ ഒന്നും മറന്നിട്ടില്ല അല്ലേ? നന്നായി... ഇനി അതു പറഞ്ഞ് വേറുതേ സമയം കളയണ്ടാല്ലോ?

അപ്പോള്‍ അമ്മ പറഞ്ഞിട്ടാണോ നിങ്ങള്‍ വന്നത്.. ഈ അച്ഛനെ കൂട്ടി കൊണ്ട് ചെല്ലാന്‍... ?

അതേ, അമ്മ പറഞ്ഞിട്ടു തന്നെയാണ്‌ വന്നത് കൂട്ടിക്കൊണ്ടു പോകാന്‍... പക്ഷേ അതു ജീവനേടെയല്ല എന്നു മാത്രം. നിങ്ങളേ കുറിച്ച് ഏറെ കേട്ടിരിക്കുന്നു... ചതിയില്‍ വിരുതനാണെന്ന്. പക്ഷേ ഞങ്ങളുടെ മുന്നില്‍ താങ്കള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല ചതിയന്‍ ചന്തൂ.... ഹൂം.. അങ്കത്തിന്‌ തയാറാകൂ..

മക്കളേ.... വേണ്ടാ... പ്രായം കൊണ്ടും പരിചയം കൊണ്ടും ഈ ചന്തുവിനെ തോല്പ്പിക്കാന്‍ നിങ്ങള്‍ക്കാകില്ല. അതുകൊണ്ടു തന്നെ പറയുന്നു.. മടങ്ങി പോകൂ...

നിര്‍ത്തൂ നിന്‍‌റ്റെ ജല്പനങ്ങള്‍.... തോല്‍വിയെ ഭയക്കാതെ ഞങ്ങളോടേറ്റു മുട്ടു...

തോല്‌വികള്‍.. അത് ചന്തുവിനൊരു പുത്തരിയല്ല മക്കളേ... ചന്തുവിനെ പലരും തോല്പ്പിച്ചിട്ടുണ്ട്, പലവട്ടം. ആദ്യം ജന്മം തന്ന അമ്മ എന്‍‌റ്റെ മുഖം കണ്ട അന്നു തന്നെ ആത്മഹത്യ ചെയ്ത്‌ എന്നെ തോല്പ്പിച്ചു. പിന്നെ നാലാം ക്ലാസ്സില്‍ ലീലാമ്മ ടീച്ചര്‍ സാമൂഹ്യപാഠം പരീക്ഷയ്ക്ക് വട്ടപ്പൂജ്യം നല്‍കി എന്നെ തോല്പ്പിച്ചു. പിന്നെ ഏഴാം ക്ലാസ്സില്‍ കൂടെ പഠിച്ച കൂട്ടുകാരിക്ക് പ്രേമലേഖനം നല്‍കി എന്ന കാരണം പറഞ്ഞ്‌ സ്കൂളില്‍ നിന്നും പുറത്താക്കിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ ശങ്കരപ്പിള്ള സാറും എന്നെ തോല്പ്പിച്ചു.

പിന്നെ ആര്‍ച്ച, നിന്‍‌റ്റെ അമ്മ, ചന്തു ആങ്ങളേ, ചന്തു ആങ്ങളേ എന്നും പറഞ്ഞ് പിറകേ നടന്ന് എന്നെ കൊതിപ്പിച്ചു. അവള്‍ക്കു വേണ്ടി പലരോടും പലവട്ടം ഞാന്‍ വഴക്കു കൂടി. എന്‍‌റ്റെ പുറകെ നടന്ന ഈ ഉണ്ണിനീലിയെ അടക്കം പലരേയും ഞാന്‍ ഉപേക്ഷിച്ചു.. എന്നിട്ട് അവസാനം മറ്റൊരാളെ കല്യാണം കഴിച്ച് അവള്‍ അവളുടെ സിംകാര്‍ഡ് ലൈഫ് ടൈം ആക്കിയപ്പോള്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ നഷ്ടപ്പെട്ടത് എന്‍‌റ്റെ സിംകാര്‍ഡ് ആയിരിന്നു. അങ്ങനെ ഫ്രീ ടോക് ടൈം ഉണ്ടായിരുന്ന ആ സിംകാര്‍ഡ് ഇല്ലാതാക്കി അവളും എന്നെ തോല്പ്പിച്ചു. അങ്ങനെ... അങ്ങനെ... തോല്‍വികള്‍ ഒരുപാട്.... തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പിന്നെയും ചന്തു മാത്രം ബാക്കി....

പക്ഷേ ഇനിയാര്‍ക്കും ഈ ചന്തുവിനെ തോല്‍‌പ്പിക്കാനാകില്ല മക്കളേ, ആകില്ല... കാരണം ചന്തുവിനിപ്പോള്‍ എല്ലാ വിഷയത്തിലും ട്യൂഷന്‍ ഉണ്ടെടാ.. സ്പെഷ്യല്‍ ട്യൂഷന്‍... അതു കൊണ്ട് വീണ്ടും ഞാന്‍ പറയുന്നു.. മടങ്ങി പോ.... നിങ്ങള്‍ക്ക് ഈ ചന്തുവിനെ തോല്പ്പിക്കാനാകില്ല....

ഹേ ഭീരൂ... ഞാനും ആ വടക്കന്‍ വീരഗാഥ സിനിമ നാലു തവണ കണ്ടതാണ്‌ .... നിന്നു സിനിമാ ഡയലോഗ് പറയാതെ വന്ന് നേരിടാന്‍ നോക്കു....

നിങ്ങളെ പറഞ്ഞിട്ടു കാര്യമില്ല... കൊള്ളേണ്ടതു കൊള്ളാതെ എനിക്കുറക്കം വരില്ല... ക്ഷമിക്കണം നിങ്ങള്‍ക്കുറക്കം വരില്ല.... നിങ്ങളുടെ പ്രായം അങ്ങനെയാണ്‌. ശരി മക്കളേ.... ഞാനിതാ വരുന്നു... നിങ്ങള്‍ തയ്യാറായി കൊള്ളൂ...

ഹേ പരദേവതകളേ....കളരി പരമ്പര ദൈവങ്ങളെ .....എന്‍‌റ്റെ മക്കളുടെ പ്രായമുള്ള രണ്ടു പേര്‍... അവരോടെങ്ങാനും ഞാന്‍ പരാജയപ്പെട്ടാല്‍..... ഇല്ല.... അതോര്‍ക്കാന്‍ കൂടി വയ്യ... ഇത്രയും നാള്‍ എന്നെ കുറിച്ച് ഭയത്തോടു മാത്രം ആള്‍ക്കാര്‍ നാളെ എന്നെ കാര്‍ക്കിച്ചു തുപ്പും.... അതുമല്ല.... ആ ആര്‍ച്ച... അവള്‍ ജയിക്കരുത്..... അതിനൊരേ ഒരു വഴിയേ ഉള്ളൂ.... ഒരു അറ്റ കൈ... അതു തന്നെ പ്രയോഗിക്കാം....

അങ്ക കച്ച ഉടുത്ത്‌ അങ്ക തട്ടില്‍ കയറി. അപ്പോഴേക്കും ഉണ്ണിനീലി നിലവിളക്ക് തെളിയിച്ചിരുന്നു. ഇവള്‍ക്കു എന്‍‌റ്റെ പരാജയം കാണാന്‍ ഇത്ര കൊതിയോ? പിന്നെ നീണ്ട ഒരു പ്രാര്‍ത്ഥനയ്ക്കൊടുവില്‍ അറ്റ കൈയ്യായി ആ ഭിത്തില്‍ തൂക്കിയിട്ടിരുന്ന ലൈസന്‍സ് ഇല്ലാത്ത, ഉണ്ട ഇല്ലാത്ത ആ ഡബിള്‍ ബാരല്‍ തോക്കെടുത്ത് മുന്നില്‍ നിന്നവനെ ഉന്നം വച്ചു.

ചന്തൂ.... ഇത് യുദ്ധ ധര്‍മ്മമല്ല... ചുണയുണ്ടെങ്കില്‍ വാളെടുത്ത് യുദ്ധം ചെയ്യൂ....

വേണ്ടാ... നിങ്ങളെന്നെ യുദ്ധ ധര്‍മ്മം പഠിപ്പിക്കണ്ടാ... യുദ്ധ ധര്‍മ്മമെല്ലാം പാലിച്ചിട്ടും ചതിയനെന്നു വിളിപ്പേരു കിട്ടിയവനാണീ ചന്തു. അതു കൊണ്ട് ജീവന്‍ വേണേല്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ചു പോകാന്‍ നോക്ക്.... ഇല്ലെങ്കില്‍ ഒറ്റ ഉണ്ടയാല്‍ രണ്ടിന്‍‌റ്റേയും കച്ചവടം തീര്‍ക്കും ഞാന്‍..... പറഞ്ഞേക്കാം.. പലതരം യുദ്ധ ധര്‍മ്മങ്ങളില്‍ ഒന്നു മാത്രമാണിത്. വേണേല്‍ കണ്ടു പഠിച്ചിട്ട് പൊക്കോ?? ഫീസൊന്നും തരണ്ടാ...

രണ്ടു പേരും ഒരു നിമിഷം മുഖാമുഖം നോക്കി. പിന്നെ ഒരു പോലെ ആ കാല്‍ക്കലേക്ക് വീണൂ.

ഗുരോ.. നിങ്ങളുടെ ഗഡ്സ് ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ഇന്നു മുതല്‍ അവിടുന്നാണ്‌ ഞങ്ങളുടെ ഗുരു. ഉണ്ടയില്ലാത്ത തോക്കും ചൂണ്ടി ഞങ്ങളെ ഭീഷണിപ്പെടുത്തിയ അങ്ങാണ്‌ ഇന്നു മുതല്‍ ഞങ്ങളുടെ ഗുരു.

ഉണ്ടയില്ലാത്ത തോക്കോ?? (ഒരു നിമിഷത്തിനു ശേഷം) ഹി..ഹി.. ഉണ്ടയില്ലാത്ത തോക്കാണെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി മക്കളേ?

ഹ.ഹ.ഹ.. ഞാന്‍ അങ്ങയുടെ രക്തമല്ലേ ഗുരോ?? അപ്പോല്‍ പിന്നെ അതിന്‍‌റ്റെ ഗുണം കാണിക്കാതിരിക്കുമോ? ഹ.ഹ.. അമ്മ പറഞ്ഞിരുന്നു സ്വയരക്ഷയാണ്‌ ഏറ്റവും വലിയ ആയുധമെന്ന്‌. ഇവിടെ വന്നയുടനെ ഞങ്ങള്‍ സ്വയരക്ഷയ്ക്കായ് ആയുധം തിരിയുന്നതിനിടയ്ക്ക് ആ തോക്കും നോക്കിയിരുന്നു. ഹ.ഹ.ഹ.

എന്‍‌റ്റെ കളരി പരമ്പര ദൈവങ്ങളെ.... ഈ ചന്തുവിനെ നിങ്ങള്‍ വീണ്ടും തോല്‍പ്പിച്ചല്ലോ മക്കളേ...

പരദേവതകളേ.....ഈ ചന്തുവിന്‍‌റ്റെ ജീവിതം മറ്റൊരു ടെലിവിഷന്‍ സീരിയലോ?? ചന്തുവിന്‍‌റ്റെ തോല്‍‌വികള്‍ക്ക് ഇനിയും എപ്പിസോഡുകള്‍ ബാക്കിയോ?