Thursday, October 02, 2008

ചന്തുവിന്‍‌റ്റെ തോല്‍വികള്‍.

മുക്കാല...മുക്കാബലാ....ലൈല....ഓ...

പണ്ടാരമടങ്ങാന്‍, പാട്ടു പാടാന്‍ കണ്ട സമയം. മനുഷ്യന്‍ കിടന്നുറങ്ങാനും സമ്മതിക്കില്ലേ? ദേഷ്യത്തോടാണ്‌ ചന്തു കണ്ണു തുറന്നത്.

ഇന്നലെ സ്ഥിരം ഡോസില്‍ നിന്നും രണ്ടെണ്ണം കൂടുതല്‍ അടിച്ചതിന്‍‌റ്റെ ഒരു ക്ഷീണം. നോക്കിയപ്പോല്‍ മൊബൈല്‍ ഫോണ്‍ കിടന്നു തുള്ളുന്നു. ഇതിനെന്തു പറ്റി... ഇവനും ഫിറ്റ് വിട്ടില്ലേ? അതു ശരി ആരോ വിളിക്കുകയാണല്ലോ..

ഹലോ... അതേ.. ചന്തുവാണല്ലോ...

......................

ഏതു ചന്തുവാണെന്നോ? എടാ മൈഗുണാപ്പാ, ഞാനാണ്‌ ചതിയന്‍ ചന്തു.

.........................

ഹ... നീയായിരുന്നോ ഉണ്ണിനീലി. എന്താ കാര്യം...

..........................

അപ്പോയിന്മെന്‍‌റ്റോ?? എനിക്കോ?? നീ തമാശ പറയല്ലെ എന്‍‌റ്റെ ഉണ്ണിനീലി. ഈ വന്ന കാലത്ത് എന്‍‌റ്റെ അങ്കമൊക്കെ ആര്‍ക്കാ വേണ്ടത്... ഇപ്പോള്‍ എല്ലാവരും കരാട്ടയുടേയും കുംങ്ഫൂവിന്‍‌റ്റേയും ഒക്കെ പുറകെ അല്ലേ?

........................

ശരി..ശരി.. എന്താ ടൈം.. മൂന്നു മണിയോ?? ഓക്കെ....

ഹോ... കാലം കുറേ കൂടിയാണിന്നൊരു അപ്പോയിന്മെന്‍‌റ്റ് കിട്ടുന്നത്... പരദേവതകളെ... കളരി പരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ...

പെട്ടെന്നു തന്നെ പ്രഭാത കൃത്യങ്ങള്‍ ഒക്കെ നിര്‍വ്വഹിച്ച് താഴെ വന്ന് ടൈനിംങ് ടേബിളില്‍ നോക്കിയപ്പോല്‍ ദേ ആ സ്ഥിരം പഴങ്കഞ്ഞി.

ഉണ്ണിനീലി........ ശബ്ദത്തില്‍ അല്പം പ്രൗഢി വന്നോ എന്നൊരു സംശയം.

ഉണ്ണിനീലി പാഞ്ഞെത്തി.... എന്താ മനുഷ്യാ കിടന്നു തൊള്ള തുറക്കുന്നേ.......

എന്താ ഇത്.. നമ്മുടെ അമൃതേത്തിന്‌ പഴങ്കഞ്ഞിയോ? നിനക്കു നാണമാകുന്നില്ലേ ഉണ്ണിനീലി നമുക്കിതു തരാന്‍...

ഇഷ്ടമുള്ളതുണ്ടാക്കി തരാന്‍ എനിക്ക് മാസാമാസം ശമ്പള്ളമൊന്നും എണ്ണി തരുന്നില്ലല്ലോ.. അപ്പോള്‍ പിന്നെ ഇതൊക്കെയോ പറ്റൂ... വേണേല്‍ കഴിക്ക്.. ഇല്ലേല്‍ എണീറ്റു പോകാന്‍ നോക്ക്.....

പരദേവതകളെ.. കണ്ടില്ലേ ഒരു ജോലിക്കാരിയുടെ നെഗളിപ്പ്.... നിന്നെ ഞാന്‍.........

പിന്നെ.. ഇയാളെന്നെ ഒരു പിണ്ണാക്കും ചെയ്യില്ല... എന്‍‌റ്റെ ശരീരത്തെങ്ങാനും തൊട്ടാലുണ്ടല്ലോ.......

എന്തു ചെയ്യുമെടീ തൊട്ടാല്‍..... ഒരിക്കല്‍ എന്തിനും തയ്യാറായി നീ എന്‍‌റ്റെ പുറകെ നടന്ന ഒരു സമയം ഉണ്ടായിരിന്നു.... അതു നീ മറക്കണ്ട....

അത് അന്ന്. അന്നു നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിറയെ കാശുണ്ടായിരിന്നു.. ഇന്നോ.. പിന്നെ എന്നെ തൊട്ടാല്‍ എന്തു ചെയ്യുമെന്ന്..... വനിതാ കമ്മീഷനുകള്‍ ഉള്ള കാലമാണിത്... കോടതി കയറ്റും ഞാന്‍... പറഞ്ഞില്ലെന്നു വേണ്ടാ.... ഹാ.... ഒരുപാട് നിരപരാധികള്‍ കോടതി കയറി ഇറങ്ങുന്നത് ദിവസവും പത്രത്തില്‍ വായികുന്നതാണല്ലോ?? അതോര്‍മ്മയുണ്ടായാല്‍ നന്ന്....ഹും....

ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല,... കാലം മാറി പോയിരിക്കുന്നു.. ഹാ... എന്തു ചെയ്യാം....

മൂന്നു മണിയായപ്പോഴേക്കും പഴയ അങ്ക വസ്ത്രങ്ങളൊക്കെ എടുത്ത് പൊടി തട്ടി ആ ആള്‍ കണ്ണാടിക്കു മുന്നില്‍ നിന്നും ശരിയായി ധരിച്ചു. ഒരു മുഷിഞ്ഞ മണം. മുഖത്തെ ആ പഴയ കളറൊക്കെ പോയിരിക്കുന്നു. കുറച്ചു ഫെയര്‍ & ലവ്‌ലി എടുത്തു തേച്ചൂ. എന്നാലും കാണാന്‍ വരുന്നവര്‍ക്ക് ഒരു സുഖം തോന്നണമല്ലോ?...

മണി മൂന്നായി.. അവരെ കാണുന്നില്ലല്ലോ??? പര ദേവതകളേ.... അവരും ചതിക്കുമോ??...

അപ്പോഴേക്കും ഒരു കറുത്ത സ്കോര്‍പ്പിയോ മുറ്റത്തേക്കിരച്ചു കയറി നിന്നു.

സാറേ... ദേ അവര്‍ കാണാന്‍ വന്നിരിക്കുന്നു.... ഉണ്ണിനീലിയാണ്‌.

അവിടെയിരിക്കട്ടെ കുറച്ചു നേരം. പെട്ടെന്നു ചെന്നാല്‍ അതൊരു വിലക്കുറവല്ലേ? നമ്മുടെ മന്ത്രിമാരുടെ കൂട്ട് എവിടേയും ലേറ്റ് ആയി പോകുന്നതാണ്‌ നല്ലത്.

എങ്കിലും ഇരുന്നിട്ട് ഒരു മന:സമാധാനം കിട്ടുന്നില്ല. അവരെങ്ങാനും പോയാലോ? വയറ്റി പിഴപ്പിന്‍‌റ്റെ കാര്യമല്ലേ? എന്തായാലും പോയി നോക്കാം.

ഉണ്ണിനീലി, ഇതാരാണ്‌ അകത്തിരുന്ന ആ ആള്‍ക്കണ്ണാടി ഇവിടെ കൊണ്ടു വച്ചത്? ....

ആള്‍ക്കണ്ണാടിയോ?? എവിടെ?? ഇങ്ങേര്‍ക്കിതെന്തു പറ്റി..... അതു ആള്‍ക്കണ്ണാടിയൊന്നുമല്ല. അതു നിങ്ങളെ കാണാന്‍ വന്നതില്‍ ഒരാളാ...

എന്ത്... എന്നെ പോലെ തന്നെ മറ്റൊരു പയ്യനോ? ഇവനാര്‌?

മകനേ... എല്ലാവരോടും ഞാന്‍ അവരുടെ അച്ഛനെ പറ്റിയാണ്‌ ചോദിക്കാറുള്ളത്. പക്ഷേ നമ്മുടെ ഈ രൂപ സാദൃശ്യം കാരണം ഞാന്‍ ചോദിക്കുന്നു... നിന്റെ അമ്മയാര്‌?

ഹ..ഹ.ഹ. അപ്പോള്‍ എന്നെ കണ്ടിട്ടും താങ്കള്‍ക്ക് മനസ്സിലായില്ല അല്ലേ? എങ്കില്‍ പറയാം. ഞാന്‍ തച്ചോളി വീട്ടില്‍ ഉണ്ണി ആര്‍ച്ചയുടെ മകനാണ്‌. എന്‍‌റ്റെ കൂടെ ഉള്ളത് നിങ്ങള്‍ ചതിച്ചു കൊന്ന ആരോമല്‍ ചേകവരുടെ മകനും.

അതാണ്‌ നിന്നെ കണ്ടപ്പോഴെ എനിക്ക് തോന്നിയിരിന്നു ഞാനെന്നോ എടുത്ത എന്‍‌റ്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്‌ നീയെന്ന്... അതിരിക്കട്ടെ ആ ഫോട്ടോസ്റ്റാറ്റ് മെഷീന്‍, അതായത് നിന്‍‌റ്റെ അമ്മ ഇപ്പോള്‍ എങ്ങനെയുണ്ട്..???

അപ്പോള്‍ ഒന്നും മറന്നിട്ടില്ല അല്ലേ? നന്നായി... ഇനി അതു പറഞ്ഞ് വേറുതേ സമയം കളയണ്ടാല്ലോ?

അപ്പോള്‍ അമ്മ പറഞ്ഞിട്ടാണോ നിങ്ങള്‍ വന്നത്.. ഈ അച്ഛനെ കൂട്ടി കൊണ്ട് ചെല്ലാന്‍... ?

അതേ, അമ്മ പറഞ്ഞിട്ടു തന്നെയാണ്‌ വന്നത് കൂട്ടിക്കൊണ്ടു പോകാന്‍... പക്ഷേ അതു ജീവനേടെയല്ല എന്നു മാത്രം. നിങ്ങളേ കുറിച്ച് ഏറെ കേട്ടിരിക്കുന്നു... ചതിയില്‍ വിരുതനാണെന്ന്. പക്ഷേ ഞങ്ങളുടെ മുന്നില്‍ താങ്കള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല ചതിയന്‍ ചന്തൂ.... ഹൂം.. അങ്കത്തിന്‌ തയാറാകൂ..

മക്കളേ.... വേണ്ടാ... പ്രായം കൊണ്ടും പരിചയം കൊണ്ടും ഈ ചന്തുവിനെ തോല്പ്പിക്കാന്‍ നിങ്ങള്‍ക്കാകില്ല. അതുകൊണ്ടു തന്നെ പറയുന്നു.. മടങ്ങി പോകൂ...

നിര്‍ത്തൂ നിന്‍‌റ്റെ ജല്പനങ്ങള്‍.... തോല്‍വിയെ ഭയക്കാതെ ഞങ്ങളോടേറ്റു മുട്ടു...

തോല്‌വികള്‍.. അത് ചന്തുവിനൊരു പുത്തരിയല്ല മക്കളേ... ചന്തുവിനെ പലരും തോല്പ്പിച്ചിട്ടുണ്ട്, പലവട്ടം. ആദ്യം ജന്മം തന്ന അമ്മ എന്‍‌റ്റെ മുഖം കണ്ട അന്നു തന്നെ ആത്മഹത്യ ചെയ്ത്‌ എന്നെ തോല്പ്പിച്ചു. പിന്നെ നാലാം ക്ലാസ്സില്‍ ലീലാമ്മ ടീച്ചര്‍ സാമൂഹ്യപാഠം പരീക്ഷയ്ക്ക് വട്ടപ്പൂജ്യം നല്‍കി എന്നെ തോല്പ്പിച്ചു. പിന്നെ ഏഴാം ക്ലാസ്സില്‍ കൂടെ പഠിച്ച കൂട്ടുകാരിക്ക് പ്രേമലേഖനം നല്‍കി എന്ന കാരണം പറഞ്ഞ്‌ സ്കൂളില്‍ നിന്നും പുറത്താക്കിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ ശങ്കരപ്പിള്ള സാറും എന്നെ തോല്പ്പിച്ചു.

പിന്നെ ആര്‍ച്ച, നിന്‍‌റ്റെ അമ്മ, ചന്തു ആങ്ങളേ, ചന്തു ആങ്ങളേ എന്നും പറഞ്ഞ് പിറകേ നടന്ന് എന്നെ കൊതിപ്പിച്ചു. അവള്‍ക്കു വേണ്ടി പലരോടും പലവട്ടം ഞാന്‍ വഴക്കു കൂടി. എന്‍‌റ്റെ പുറകെ നടന്ന ഈ ഉണ്ണിനീലിയെ അടക്കം പലരേയും ഞാന്‍ ഉപേക്ഷിച്ചു.. എന്നിട്ട് അവസാനം മറ്റൊരാളെ കല്യാണം കഴിച്ച് അവള്‍ അവളുടെ സിംകാര്‍ഡ് ലൈഫ് ടൈം ആക്കിയപ്പോള്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ നഷ്ടപ്പെട്ടത് എന്‍‌റ്റെ സിംകാര്‍ഡ് ആയിരിന്നു. അങ്ങനെ ഫ്രീ ടോക് ടൈം ഉണ്ടായിരുന്ന ആ സിംകാര്‍ഡ് ഇല്ലാതാക്കി അവളും എന്നെ തോല്പ്പിച്ചു. അങ്ങനെ... അങ്ങനെ... തോല്‍വികള്‍ ഒരുപാട്.... തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പിന്നെയും ചന്തു മാത്രം ബാക്കി....

പക്ഷേ ഇനിയാര്‍ക്കും ഈ ചന്തുവിനെ തോല്‍‌പ്പിക്കാനാകില്ല മക്കളേ, ആകില്ല... കാരണം ചന്തുവിനിപ്പോള്‍ എല്ലാ വിഷയത്തിലും ട്യൂഷന്‍ ഉണ്ടെടാ.. സ്പെഷ്യല്‍ ട്യൂഷന്‍... അതു കൊണ്ട് വീണ്ടും ഞാന്‍ പറയുന്നു.. മടങ്ങി പോ.... നിങ്ങള്‍ക്ക് ഈ ചന്തുവിനെ തോല്പ്പിക്കാനാകില്ല....

ഹേ ഭീരൂ... ഞാനും ആ വടക്കന്‍ വീരഗാഥ സിനിമ നാലു തവണ കണ്ടതാണ്‌ .... നിന്നു സിനിമാ ഡയലോഗ് പറയാതെ വന്ന് നേരിടാന്‍ നോക്കു....

നിങ്ങളെ പറഞ്ഞിട്ടു കാര്യമില്ല... കൊള്ളേണ്ടതു കൊള്ളാതെ എനിക്കുറക്കം വരില്ല... ക്ഷമിക്കണം നിങ്ങള്‍ക്കുറക്കം വരില്ല.... നിങ്ങളുടെ പ്രായം അങ്ങനെയാണ്‌. ശരി മക്കളേ.... ഞാനിതാ വരുന്നു... നിങ്ങള്‍ തയ്യാറായി കൊള്ളൂ...

ഹേ പരദേവതകളേ....കളരി പരമ്പര ദൈവങ്ങളെ .....എന്‍‌റ്റെ മക്കളുടെ പ്രായമുള്ള രണ്ടു പേര്‍... അവരോടെങ്ങാനും ഞാന്‍ പരാജയപ്പെട്ടാല്‍..... ഇല്ല.... അതോര്‍ക്കാന്‍ കൂടി വയ്യ... ഇത്രയും നാള്‍ എന്നെ കുറിച്ച് ഭയത്തോടു മാത്രം ആള്‍ക്കാര്‍ നാളെ എന്നെ കാര്‍ക്കിച്ചു തുപ്പും.... അതുമല്ല.... ആ ആര്‍ച്ച... അവള്‍ ജയിക്കരുത്..... അതിനൊരേ ഒരു വഴിയേ ഉള്ളൂ.... ഒരു അറ്റ കൈ... അതു തന്നെ പ്രയോഗിക്കാം....

അങ്ക കച്ച ഉടുത്ത്‌ അങ്ക തട്ടില്‍ കയറി. അപ്പോഴേക്കും ഉണ്ണിനീലി നിലവിളക്ക് തെളിയിച്ചിരുന്നു. ഇവള്‍ക്കു എന്‍‌റ്റെ പരാജയം കാണാന്‍ ഇത്ര കൊതിയോ? പിന്നെ നീണ്ട ഒരു പ്രാര്‍ത്ഥനയ്ക്കൊടുവില്‍ അറ്റ കൈയ്യായി ആ ഭിത്തില്‍ തൂക്കിയിട്ടിരുന്ന ലൈസന്‍സ് ഇല്ലാത്ത, ഉണ്ട ഇല്ലാത്ത ആ ഡബിള്‍ ബാരല്‍ തോക്കെടുത്ത് മുന്നില്‍ നിന്നവനെ ഉന്നം വച്ചു.

ചന്തൂ.... ഇത് യുദ്ധ ധര്‍മ്മമല്ല... ചുണയുണ്ടെങ്കില്‍ വാളെടുത്ത് യുദ്ധം ചെയ്യൂ....

വേണ്ടാ... നിങ്ങളെന്നെ യുദ്ധ ധര്‍മ്മം പഠിപ്പിക്കണ്ടാ... യുദ്ധ ധര്‍മ്മമെല്ലാം പാലിച്ചിട്ടും ചതിയനെന്നു വിളിപ്പേരു കിട്ടിയവനാണീ ചന്തു. അതു കൊണ്ട് ജീവന്‍ വേണേല്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ചു പോകാന്‍ നോക്ക്.... ഇല്ലെങ്കില്‍ ഒറ്റ ഉണ്ടയാല്‍ രണ്ടിന്‍‌റ്റേയും കച്ചവടം തീര്‍ക്കും ഞാന്‍..... പറഞ്ഞേക്കാം.. പലതരം യുദ്ധ ധര്‍മ്മങ്ങളില്‍ ഒന്നു മാത്രമാണിത്. വേണേല്‍ കണ്ടു പഠിച്ചിട്ട് പൊക്കോ?? ഫീസൊന്നും തരണ്ടാ...

രണ്ടു പേരും ഒരു നിമിഷം മുഖാമുഖം നോക്കി. പിന്നെ ഒരു പോലെ ആ കാല്‍ക്കലേക്ക് വീണൂ.

ഗുരോ.. നിങ്ങളുടെ ഗഡ്സ് ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ഇന്നു മുതല്‍ അവിടുന്നാണ്‌ ഞങ്ങളുടെ ഗുരു. ഉണ്ടയില്ലാത്ത തോക്കും ചൂണ്ടി ഞങ്ങളെ ഭീഷണിപ്പെടുത്തിയ അങ്ങാണ്‌ ഇന്നു മുതല്‍ ഞങ്ങളുടെ ഗുരു.

ഉണ്ടയില്ലാത്ത തോക്കോ?? (ഒരു നിമിഷത്തിനു ശേഷം) ഹി..ഹി.. ഉണ്ടയില്ലാത്ത തോക്കാണെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി മക്കളേ?

ഹ.ഹ.ഹ.. ഞാന്‍ അങ്ങയുടെ രക്തമല്ലേ ഗുരോ?? അപ്പോല്‍ പിന്നെ അതിന്‍‌റ്റെ ഗുണം കാണിക്കാതിരിക്കുമോ? ഹ.ഹ.. അമ്മ പറഞ്ഞിരുന്നു സ്വയരക്ഷയാണ്‌ ഏറ്റവും വലിയ ആയുധമെന്ന്‌. ഇവിടെ വന്നയുടനെ ഞങ്ങള്‍ സ്വയരക്ഷയ്ക്കായ് ആയുധം തിരിയുന്നതിനിടയ്ക്ക് ആ തോക്കും നോക്കിയിരുന്നു. ഹ.ഹ.ഹ.

എന്‍‌റ്റെ കളരി പരമ്പര ദൈവങ്ങളെ.... ഈ ചന്തുവിനെ നിങ്ങള്‍ വീണ്ടും തോല്‍പ്പിച്ചല്ലോ മക്കളേ...

പരദേവതകളേ.....ഈ ചന്തുവിന്‍‌റ്റെ ജീവിതം മറ്റൊരു ടെലിവിഷന്‍ സീരിയലോ?? ചന്തുവിന്‍‌റ്റെ തോല്‍‌വികള്‍ക്ക് ഇനിയും എപ്പിസോഡുകള്‍ ബാക്കിയോ?

4 comments:

  1. കാവിലമ്മേ ശക്തി തരൂ ... എന്നാലും എന്റെ ചന്തൂ ........ഇതു കലക്കി കേട്ടോ..... എന്റെ കയിലും പീസൊന്നും ഇല്ല .. ഈ അടവുകളോക്കെ ഒന്നു പടിപ്പിച്ചു തരുമോ? ഹരേ.. എല്ലയിടവും ഒന്നു ടച്ച് ചെയ്തിട്ടുണ്ട് സിമ്പിളായിട്ട് കാര്യം പറഞ്ഞിട്ടുണ്ട് .........

    ReplyDelete
  2. തോല്‍ക്കാനായി മാത്രം പിറന്നവനല്ലേ ചന്തു.....

    ReplyDelete
  3. chandu chekavare ............

    nanayitunde........

    adipoli enter tainer...........

    nice daaaaa.......chandu chettaaaaaaa......

    "പിന്നെ ആര്‍ച്ച, നിന്‍‌റ്റെ അമ്മ, ചന്തു ആങ്ങളേ, ചന്തു ആങ്ങളേ എന്നും പറഞ്ഞ് പിറകേ നടന്ന് എന്നെ കൊതിപ്പിച്ചു. അവള്‍ക്കു വേണ്ടി പലരോടും പലവട്ടം ഞാന്‍ വഴക്കു കൂടി. എന്‍‌റ്റെ പുറകെ നടന്ന ഈ ഉണ്ണിനീലിയെ അടക്കം പലരേയും ഞാന്‍ ഉപേക്ഷിച്ചു.. എന്നിട്ട് അവസാനം മറ്റൊരാളെ കല്യാണം കഴിച്ച് അവള്‍ അവളുടെ സിംകാര്‍ഡ് ലൈഫ് ടൈം ആക്കിയപ്പോള്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ നഷ്ടപ്പെട്ടത് എന്‍‌റ്റെ സിംകാര്‍ഡ് ആയിരിന്നു. അങ്ങനെ ഫ്രീ ടോക് ടൈം ഉണ്ടായിരുന്ന ആ സിംകാര്‍ഡ് ഇല്ലാതാക്കി അവളും എന്നെ തോല്പ്പിച്ചു."

    ithu life alleda chanduuu...........

    vendatooo areyum viswasikanda machuu.....

    ReplyDelete
  4. ഇനീം തോല്‍ക്കാതിരിക്കാന്‍ ചന്തുവിന് ടൂഷന് പോയാപ്പോരേ ?
    (കടപ്പാട് - മിമിക്രിക്കാര്‍ ) :) :)

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?