ആ മുറിയ്ക്കൊരു പ്രത്യേകതയുണ്ടായിരിന്നു. മൂന്നു വശത്തും വലിയ, ഇരുമ്പു കമ്പികള്‍ പിടിപ്പിച്ച ആ ജനലുകളില്‍ കൂടി നോക്കിയാല്‍ ഒരു വശം നഗരത്തിന്‍റ്റെ പ്രതീകമായ ആ തിര്‍ക്കാര്‍ന്ന നാഷണല്‍ ഹൈവെയും, മറു വശത്ത് ഗ്രാമത്തിന്‍റ്റെ പ്രതീകമായ ആ നീണ്ട പാടശേഖരങ്ങളൂം അതിനുമപ്പുറത്ത് വിശാലമായ ആ മാവിന്‍ തോട്ടവും, മൂന്നാമത്തെ ജനലില്‍ കൂടിയുള്ള നോട്ടമെത്തുന്നത് അതിരാവിലെ എല്ലാവരേയും സുപ്രഭാതം കേള്‍പ്പിച്ച് വിളിച്ചുണര്‍ത്തുന്ന ആ ക്ഷേത്രവും അതിന്‍റ്റെ ഗോപുരവുമായിരിന്നു. പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച പോലുള്ള ആ മുറിയില്‍ താന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു, അറിയില്ല. ആകെ ആ മുറിയിലുണ്ടായിരുന്ന ആ മേശയും കിടക്കയും മാത്രമായിരുന്നല്ലോ.
അന്ന് പതിവു പോലെ ആ പുറം കാഴ്ചകളില്‍ നോക്കിയിരിക്കവേ മനസ്സു മടുത്തിട്ടോ അതോ ശരീരം മടുത്തിട്ടോ എന്നറിയാതെ ആ കിടക്കയിലേക്ക് ചായുമ്പോഴാണ് ആ മേശപ്പുറത്തിരുന്ന ആ പഴയ ഡയറി അവര്‍ കണ്ടത്. കാലത്തിന്‍റ്റെ കുത്തൊഴുക്കില്‍ പെട്ട് നിറം മങ്ങിയ ആ ഡയറിയുടെ പുറം ചട്ട പോലെ തന്നെ ഉള്‍പ്പേജുകള്‍ക്കും പ്രായാധിക്യം മൂലം നരകള്‍ വീണു തുടങ്ങിയിരിന്നു. ആ നരച്ചു തുടങ്ങിയ മഞ്ഞ കടലാസുകളിലെ ആ നീല മഷി കൊണ്ടെഴുതിയ വരികള്‍ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ അവരുടെ യൗവ്വനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരിന്നു. ഇന്ന് ആ യൗവ്വനം മഴി പടര്‍ന്ന് വികൃതമാകാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ അറിയാതെ ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നു.
ആദ്യ പേജിലൂടെ അവരുടെ ആ ക്ഷീണിച്ച്, കുഴിഞ്ഞ് താണ കണ്ണുകള്‍ സഞ്ചരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അത് വായിക്കുകയല്ലായിരിന്നു, അത് അനുഭവിക്കുകയായിരിന്നു, അത് നേരില്‍ കാണുകയായിരിന്നു. ആ ഡയറി കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ ആയിരിന്നു: ഇന്ന് 1995 ജനുവരി 18. എന്‍റ്റെ കേസിന്‍റ്റെ വിധി പറയുന്ന ദിവസം. ഈ ലോകത്തിനാകെ സംശമുണ്ടെങ്കിലും എനിക്കറിയാം കോടതി എന്നെ ശിക്ഷിക്കില്ല, പകരം വെറുതെ വിടുമെന്ന്. പക്ഷേ........
ആ കണ്ണു മൂടിക്കെട്ടിയ നിയമത്തിന്‍റ്റെ തുലാസില്‍ ആടാന്‍ പോകുന്നത് ഒരാളുടെ ജീവന്‍. ആ ജീവന്‍ വച്ച് അമ്മാനമാടുന്നത് കറുത്ത കോട്ടിട്ട നിയമത്തിന്‍റ്റെ കാവല്‍ ഭടന്മാര്‍ എന്ന് ജനം അംഗീകരിച്ച് കൊടുത്തിട്ടുള്ളവര്‍. ഒരേ നിയമത്തിന്‍റ്റെ രണ്ടു വശങ്ങള്‍ പറഞ്ഞ്, പരസ്പ്പരം വാക്പയറ്റ് നടത്തുന്ന, ഒരേ നിയമ സംഹിത വച്ച് സത്യത്തിനു വേണ്ടിയും അസത്യത്തിനു വേണ്ടിയും ഘോരഘോരം വാദിക്കുന്ന ജീവിക്കുന്ന പ്രവാചകന്മാര്‍. അവര്‍ക്കു മുന്നില്‍ തെളിവുകളും സാക്ഷി മൊഴികളും നോക്കി ജീവന്‍റ്റെ വില പറയുന്ന ധര്‍മ്മരാജന്‍.
കോടതിയില്‍ പതിവിലും കവിഞ്ഞ ആള്‍ക്കൂട്ടം. പത്രങ്ങളുടെയെല്ലാം മുന്‍ പേജില്‍ പറയാന്‍ പോകുന്ന വിധിയെ പറ്റിയുള്ള ആശങ്കകള്‍. അന്ന് പതിവിലേറെ നിശബ്ദമായിരിന്നു ആ കോടതി മുറി. സമയമായി. കേസു വിളിച്ചു. എല്ലാ കണ്ണുകളും യമരാജന്‍റ്റെ ചുണ്ടനക്കത്തിനായി കാതോര്‍ത്തു. ഒടുവില്‍ കറുത്ത കോട്ടിട്ട ആ യമധര്‍മ്മന്‍റ്റെ ശബ്ദമുയര്‍ന്നു.
കുറ്റം ആരോപിക്കപ്പെട്ട പ്രതി കൊലപാതകം ചെയ്തു എന്ന് കോടതിയ്ക്ക് ഉത്തമ ബോധ്യം ആയിട്ടുണ്ട്; പക്ഷേ സ്വബുദ്ധ്യാ ഒരമ്മയും തന്‍റ്റെ സ്വന്തം മകനെ, അതും തന്‍റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തില്ല എന്നുള്ളത് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിയുടെ മാനസിക നില തകരാറിലായിരിന്നുവെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുള്ളതിനാലും അത് കോടതിയ്ക്ക് ബോധ്യം വന്നതിനാലും ഒരു മാനസിക രോഗിക്ക് കിട്ടേണ്ട എല്ലാ പരിഗണനയും ഈ പ്രതിക്കും ലഭിക്കേണ്ടതു തന്നെയാണെന്നും ഈ കോടതി മനസ്സിലാക്കുന്നു. അതിനാല്‍ ഈ പ്രതിയെ കോടതി വെറുതെ വിടുന്നതിനോടൊപ്പം തന്നെ ഇവരുടെ തുടര്‍ ചികിത്സക്കായി ബന്ധുക്കളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും കോടതി അഭ്യര്‍ത്ഥിക്കുന്നു.
വിവാദമായ ആ കേസില്‍ തന്‌റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ വെറുതെ വിട്ടു കൊണ്ടൂള്ള കോടതി ഉത്തരവ്... അപ്പോഴും ആ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ തന്‍റ്റെ ലോക്കറിലെ രഹസ്യ അറയില്‍ ആ നോട്ടു കെട്ടുകള്‍ അടുക്കി വയ്ക്കുന്ന തിരക്കിലായിരിന്നു. ആ വക്കീല്‍ തുലാസിലിടാന്‍ പറ്റിയ മറ്റൊരു ജീവനു വേണ്ടിയുള്ള തിരച്ചിലിലായിരിന്നു. ആ യമധര്‍മ്മന്‍ തെളിവുകളും സാക്ഷി മൊഴികളും ഇല്ലാത്ത ഒരു പ്രതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരിന്നു, തന്‍റ്റെ കീശ വീര്‍പ്പിക്കാന്‍.
അന്ന് ഇവിടെ കൊണ്ടാക്കിയിട്ട് അവരെല്ലാം പോയതു മുതല്‍ ഈ മുറിയില്‍ താന്‍ തനിച്ചായിരുന്നല്ലോ? കുടുംബത്തിനു പേരുദോഷം ഉണ്ടാക്കിയവളെന്ന് മുദ്ര കുത്തി ഒരിക്കല്‍ പോലും അവരാരും ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ ആഹാരം വച്ചു തരാനും വസ്ത്രങ്ങള്‍ അലക്കാനും ഒരു പാവം സ്ത്രീ മാത്രമാണല്ലോ തന്നെ കൂടാതെ ഈ വീട്ടില്‍ വേറേ ഉള്ളത്.
മകനെ വെട്ടിക്കൊന്ന അമ്മ. എല്ലാവരും അതു പറഞ്ഞ് മുഖത്ത് കാര്‍ക്കിച്ചു തുപ്പിയപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും ഒരിക്കലും തനിക്ക് താന്‍ ചെയ്ത പ്രവൃത്തിയെ പറ്റി ഓര്‍ത്ത് കുറ്റബോധം തോന്നിയിട്ടില്ല. തെറ്റു ചെയ്തവര്‍ക്കല്ലേ കുറ്റബോധം തോന്നേണ്ടത്. നോട്ടുകെട്ടുകളുടെ ബലത്തില്‍ താനൊരു മാനസിക രോഗിയായിയാണെന്ന് ഡോക്ടര്‍ സ്ഥിതീകരിച്ചു. അത് വിശ്വസിച്ച ആ കറുത്ത കോട്ടിട്ട ധര്‍മ്മ പാലകരും. ഏക മകന്‍, തന്‍റ്റെ അവസാന നാളുകളില്‍ ഒരു തുള്ളി വെള്ളം തരേണ്ടവന്‍, അവന്‍ കൊല്ലപ്പെടേണ്ടവനായിരിന്നു; തന്‍റ്റെ കൈകള്‍ കൊണ്ടല്ലെങ്കില്‍ മറ്റൊരു കൈ കൊണ്ട്. താന്‍ ജനിപ്പിച്ച അവനെ എന്തിന് മറ്റുള്ളവര്‍ കൊല്ലണം. ആ കര്‍മ്മവും താന്‍ തന്നെയല്ലേ ചെയ്യേണ്ടത്.
അന്ന് രാത്രി ഏറെ വൈകിയാണ് അവന്‍ വന്നത്. വാതില്‍ തുറന്നപ്പോള്‍ തന്നെ മദ്യത്തിന്‍റ്റെ രൂക്ഷഗന്ധം. ആ ലഹരിയില്‍ നില്‍ക്കുന്ന അവന്‍റ്റെ ശരീരത്തോട് ഒട്ടി ചേര്‍ന്നു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. സ്വന്തം അമ്മയ്ക്കു മുന്നില്‍ മകന്‍റ്റെ കാമലീല. ആദ്യമൊക്കെ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു. പക്ഷേ നാട്ടുകാരുടെ പരാതി കുടി കൂടി വന്നു. വഴിയിലെങ്ങും പെണ്‍കുട്ടികള്‍ക്ക് നടക്കാന്‍ വയ്യത്രേ. പിന്നൊരിക്കില്‍ നാട്ടുകാരൊക്കെ കൂടി പിടിച്ചു കെട്ടിയിട്ട് തല്ലി. ഒരമ്മയുടെ സ്ഥാനത്തു നിനും പറയാന്‍ പറ്റുന്നതെല്ലാം പറഞ്ഞു. പക്ഷേ....? ഇനി വയ്യ. എന്തിനിങ്ങനെ ഒരു മകന്‍. അമ്മയുടെ കണ്ണൂനീര്‍ തുടയ്ക്കേണ്ട മകന്‍ കാരണം ഇന്ന് അതേ അമ്മയ്ക്ക് കണ്ണുനീര്‍ ഒഴിഞ്ഞ നേരമില്ല. അവസാനം മാനഹാനി കാരണം ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലും അവന്‍റ്റെ കൈകള്‍ ഉണ്ടെന്നറിഞ്ഞു. ഇനി എന്ത്...?? പോലീസ്.... കോടതി....ജയില്‍....... വേണ്ട, പാടില്ല, അവന്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല, അത് കുടുംബത്തിനു നാണക്കേടല്ലേ....
രാത്രിയില്‍ കുടിച്ച് മദോന്മത്തനായി ഒരു പെണ്ണിന്‍റ്റെ കൂടെ കയറി വന്ന സ്വന്തം മകനെ നിര്‍ന്നിമേഷയായി നോക്കി നിന്ന് പിന്നീട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ ആ അമ്മയുടെ മനസ്സില്‍ മറ്റൊരു സുനാമി ആര്‍ത്തലയ്ക്കുകയായിരുന്നു എന്ന് അവനെങ്ങനെ അറിയാന്‍. ആ ലഹരിയുടെ മറവില്‍ കൂടെ കിടന്ന പെണ്ണ് ഇറങ്ങി പോയതോ സ്വന്തം അമ്മ തനിയ്ക്കു വേണ്ടി ഒരു കത്തി മൂര്‍ച്ച വരുത്തുന്നുതോ അവന്‍ അറിഞ്ഞിരുന്നില്ല. പിറ്റേന്ന് നേരം വെളുത്തതും തന്‍റ്റെ അമ്മ ആ മൂര്‍ച്ച വരുത്തിയ കത്തിയുമായി ആ പോലീസ് സ്റ്റേഷനിലെത്തിയതൊന്നും അവന്‍ അറിഞ്ഞിരുന്നില്ല. കാരണം അതിനൊക്കെ മണിക്കൂറുകള്‍ മുന്‍പ് തന്നെ ആ കത്തിയുടെ മൂര്‍ച്ച സ്വന്തം മകന്‍റ്റെ ശരീരത്ത് ആ അമ്മ പ്രയോഗിച്ചു നോക്കിയിരുന്നല്ലോ.
പിന്നീട് കുറേ വര്‍ഷങ്ങള്‍. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിരുന്ന തനിക്ക് ഇന്ന് ആകെയുള്ളത് ഈ മുറി മാത്രം. എന്നും രാവിലെ ആ ജനലില്‍ കൂടി ആ ക്ഷേത്രത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും നോക്കിയിരിക്കും. ആ പാടശേഖരങ്ങളില്‍ പണിയെടുക്കുന്നവരെ നോക്കിയിരിക്കും. ആ മാവിന്‍ തോപ്പ് കാണൂമ്പോള്‍ പണ്ട് മാമ്പഴം പറിച്ചു നടന്നിരുന്ന ആ കുട്ടിക്കാലത്തേക്ക് മനസ്സൊരു പ്രദക്ഷിണം വയ്ക്കും. ആ നാഷണല്‍ ഹൈവയിലേക്ക് നോക്കാന്‍ തന്നെ പേടിയാണ്. എപ്പോഴും തിരക്കാണ്. എല്ലാവര്‍ക്കും ധൃതിയാണ്, എന്തിനും ഏതിനും.
ഇന്ന് തനിക്കെന്തു പറ്റി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഓര്‍ക്കാത്ത, ഓര്‍ക്കാന്‍ ഇഷ്ടമില്ലത്ത കാര്യങ്ങള്‍ ഒരു തിരശ്ശീലയിലെന്ന പോലെ മനസ്സിലേക്ക് കടന്നു വന്നു. ഇന്ന് എനിക്കെന്തെങ്കിലും എഴുതണം ആ ഡയറിയുടെ അവസാന പേജുകളില്‍. പഴയതെല്ലാം ഓര്‍ത്ത് മനസ്സ് വിങ്ങുകയാണ് ഒരിക്കലും വിട്ടു പോകാത്ത ആ ഓര്‍മ്മകള്‍ പോലെ. ആ മേശ വലിപ്പില്‍ നിന്നും ആ പഴയ പേന എടുത്ത് ആ ഡയറിയുടെ അവസാന പേജില്‍ അവര്‍ എഴുതി തുടങ്ങി.
ഇന്ന് ജൂലൈ 15. മറക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന പല കാര്യങ്ങളും ഇന്നീ ഡയറി എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ശരീരത്തെ ബാധിച്ച ക്യാന്‍സര്‍ പോലെ അത് എന്നെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു. ഇത്രയും നാളിനു ശേഷം വീണ്ടും ഈ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങുവാന്‍ മനസ്സിനെ ആരോ തള്ളി വിടുന്നതു പോലെ. ആ ക്ഷേത്രത്തില്‍ പോകണമെന്ന് മനസ്സ് പറയുന്നു. ആ കൃഷിക്കാരോടൊപ്പം ആ പാടശേഖരങ്ങളില്‍ ഓടി നടക്കുവാന്‍ ഹൃദയം പറയുന്ന പോലെ. ഒരിക്കല്‍ കൂടി ആ മാന്തോപ്പില്‍ പാറി നടന്ന് ആ മാമ്പഴം പറക്കുവാന്‍ പറയുന്നു.
പെട്ടെന്ന് മനസ്സിന്‍റ്റെ ആ ആഗ്രഹത്തിനു മുന്നില്‍ ഒരു നിമിഷം എല്ലാം മറന്ന് ചാടി എണീറ്റപ്പോഴും ആ കാലുകളില്‍ കൂച്ചു വിലങ്ങായി ആ ഇരുമ്പു വളയങ്ങള്‍ അവിടെയുണ്ടായിരിന്നു. വര്‍ഷങ്ങളായുള്ള അവയുടെ സ്നേഹ സ്പര്‍ശനം കാലുകളില്‍ വൃണങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള്‍ ആ വൃണങ്ങള്‍ പൊട്ടി രക്തവും പഴുപ്പും പുറത്തേയ്ക്ക് ഒലിച്ചു തുടങ്ങിയിരിക്കുന്നു, മനസ്സിന്‍റ്റെ വേദന പോലെ. ആ ചങ്ങലയുടെ കിലുക്കം പോലും എന്തൊക്കെയോ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ. ആ ചങ്ങലയേയും ഇരുമ്പു വളയങ്ങളേയും ചേര്‍ത്ത് ബന്ധിച്ച ആ ഗോദറേജ് പൂട്ട് ഇപ്പോഴും തന്നെ നോക്കി പുഞ്ച്ചിരിക്കുന്നു.
ഒരു തളര്‍ച്ചയോടെ ആ കിടക്കയിലേക്ക് വീഴുമ്പോള്‍ കൈയ്യിലെ പേന എവിടെയോ വീണ് അതിന്‍റ്റെ ചലന ശേഷി നശിച്ചിരുന്നു. ആ ഹൃദയത്തിന്‍റ്റെ ചലനം പതിവിലും കൂടുതലായി മാറിയപ്പോഴും ആ ചങ്ങലകള്‍ തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നു, പരസ്പ്പരം വിട്ടു പിരിയാനാകാത്ത ദേഹവും ദേഹിയും പോലെ. അപ്പോള്‍ ആ ഹൈവയിലെവിടെയോ ഒരു ആംബുലന്‍സ് അതിന്‍റ്റെ നിലവിളി ശബ്ദവുമായി പാഞ്ഞു പോകുകയായിരിന്നു. അപ്പോഴും ആ മുറിയിലെ ഇളം കാറ്റില്‍ ആ ഡയറിയുടെ അവസാന പേജ് ഇളകിയാടുന്നുണ്ടായിരിന്നു, അണയാന്‍ പോകുന്ന ദീപം പോലെ.
Friday, July 31, 2009
ഡയറി കുറിപ്പ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?