Sunday, August 28, 2011

ഞയാറാഴ്ച.

ഞയാറാഴ്ച. അവധിയുടെ ആലസ്യത്തിലമര്‍ന്നു കിടക്കുമ്പോഴും അയാളുടെ ഓര്‍മ്മയില്‍ അവളായിരിന്നു. അവള്‍ വരില്ലേ? കാണാന്‍ എങ്ങനെയിരിക്കും? വെളുത്തിട്ടാകുമോ? അതോ........?? ഏയ്, അങ്ങനെയാകാന്‍ വഴിയില്ല. നല്ല മുടിയുണ്ടാകുമോ? ഇല്ല, ഉറക്കം എങ്ങോ പോയിരിക്കുന്നു. ഇനി കിടന്നിട്ടും കാര്യമില്ല. എണീറ്റ് പെട്ടെന്നു തന്നെ തയ്യാറാകണം. ഇനി താമസിച്ചിട്ടാണ്‌ കാണാന്‍ പറ്റാതെ പോയതെന്ന് പറയരുതല്ലോ? എന്നും പോകുന്ന ബസ് കിട്ടിയാല്‍ കുഴപ്പമില്ല. സമയത്തു തന്നെ അവിടെ എത്താം. പതിവിലും നേരത്തേ ബസ് സ്റ്റാന്‍റിലെത്തി. സമയം പോകുന്നില്ലേ, അതോ വാച്ച് ഓടുന്നില്ലേ? ബസ്സിലിരിക്കുമ്പോഴും അവളെപ്പറ്റി മാത്രമായിരിന്നു ഓര്‍മ്മ. അതിനിടയിലെപ്പോഴോ ആ ചെറു മയക്കം കടന്നു വന്നത് അറിഞ്ഞില്ല.


ഒരു ഞെട്ടലിലാണ്‌ കണ്ണു തുറന്നത്, ദൈവമേ, ഞാന്‍ ബസ്സിലല്ലേ? അവള്‍... അവളെ കാണണ്ടേ.... ഇല്ല, ബസ്സ് അനങ്ങുന്നില്ലല്ലോ? എന്തേ, എവിടെയെങ്കിലും നിര്‍ത്തിയിട്ടിരിക്കുകയാണോ? പതുക്കെ പതുക്കെ കണ്മുന്നില്‍ രൂപങ്ങള്‍ വ്യക്തമായി തുടങ്ങി. ബസ്സിലല്ല, എവിടെയോ കിടക്കുകയാണ്‌ താന്‍. മുകളീല്‍ പങ്ക നല്ല വേഗതയില്‍ കറങ്ങുന്നുണ്ട്. ആരൊക്കെയോ ചുറ്റുമിരുന്ന് ശബ്ദം താഴ്ത്തി കാര്യം പറയുന്നുണ്ട്. ഒരു വെളുത്ത രൂപം അടുത്തേയ്ക്ക് വരുന്നുണ്ട്. മുഖം വ്യക്തമല്ല. കയ്യിലേക്ക് തുളച്ചു കയറുന്ന ആ സൂചിയുടെ വേദനയ്ക്കൊപ്പം അയാള്‍ വീണ്ടും ഉറക്കത്തിന്‍റെ ആഴക്കടലിലേക്ക് ഊളിയിടുകയായി......

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?