Sunday, August 28, 2011

ദൈവം: എന്‍റെ കാഴ്ച്ചപ്പാടില്‍.

ദൈവം: അദ്ദേഹം പരിമിതികളില്ലാത്തവനാണ്‌. പക്ഷേ മതങ്ങളുടെ മതില്‍ക്കെട്ടില്‍ ബന്ധിക്കപ്പെടുകയാണിപ്പോള്‍ ആ ദൈവം. മതങ്ങള്‍ ഗ്രന്ഥങ്ങളും വിശ്വാസങ്ങളും കൊണ്ട് അവനെ പരിമിതനാക്കുന്നു ഇപ്പോള്‍. അതുകൊണ്ട് തന്നെ ആ മതില്‍ക്കെട്ടുകള്‍‌ക്കുള്ളീല്‍ നിന്നും നാം, മനുഷ്യര്‍ പുറത്തു വരണം. എന്നിട്ട് നോക്കൂ ആ പരിമിതികളില്ലാത്ത ദൈവത്തെ. ഈ ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍‌വ്വമയനായ അവനെ പല പേരുകളില്‍, പല രൂപത്തില്‍ നാം വിളിയ്ക്കുന്നു, കാണുന്നു; അവനെ ആരാധിക്കുന്നു. അവന്‍ നം കാണുന്ന ഗ്രന്ഥങ്ങള്‍ക്കും പ്രതിഷ്ഠകള്‍ക്കും രൂപങ്ങള്‍ക്കും അപ്പുറമാണ്‌.

നമ്മളില്‍ നാസ്തികര്‍ എന്നു പറയപ്പെടുന്ന ഒരു കൂട്ടര്‍ ചോദിക്കാറുണ്ട് "എന്തിന്‌ നിങ്ങള്‍ പശുവിനെ ആരാധിക്കുന്നു, എന്തിന്‌ മൃഗങ്ങള്‍ക്ക് പോലും ദൈവീക പരിവേഷം നല്‍കുന്നു" എന്ന്. പ്രപഞ്ചത്തിലെ സര്‍‌വ്വ ചരാചരങ്ങളേയും ദൈവമായി കാണുന്ന, ഭൂമിയിലെ ഏവരും (അത് മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ജീവനുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ) തുല്യരാണെന്ന സമദര്‍ശനത്തില്‍ നിന്നാണ്‌ ഈശ്വരന്‍ എന്ന ചിന്തയുണ്ടാകുന്നത്. എത്ര മഹത്തായ ഒന്നാണത്. ക്ഷേത്രം എന്ന സങ്കല്പ്പം പ്രകൃതിയും പ്രപഞ്ചവും മനുഷ്യനുമായുള്ള പരസ്പരബന്ധത്തില്‍ അധിഷ്ഠിതമാണ്. ശബരി മലയ്ക്കു പോകുന്നവര്‍ കാവി/കറുപ്പുടുത്ത് ലളിത ജീവിതം നയിച്ച് 41 ദിവസം വൃതമെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണിത് സൂചിപ്പിക്കുന്നത്? ഇത്രയും ദിവസമെങ്കിലും എല്ലാ ചരാചരങ്ങളേയും സ്വാമിയായി കാണുക എന്ന സമദര്‍ശനഭാവമാണത്, അവന്‍റെ ദുഷിച്ച ചിന്തകള്‍ക്ക് പോലും ഒരു ഇടവേള നല്‍കുകയാണത് ചെയ്യുന്നത്, അവന്‍റെ ആഹാരക്രമങ്ങളെ നിയന്ത്രിക്കുകയാണത് ചെയ്യുന്നത്. അവന്‍ പോലും അറിയാതെ അവനെ നിയന്ത്രിക്കുകയാണവിടെ. ശബരിമല എന്ന ക്ഷേത്രത്തില്‍ നിന്നും വര്‍ഷാവര്‍ഷം എത്ര കോടി രൂപ ലഭിക്കുന്നുണ്ട്? ആ പൈസ മുഴുവന്‍ ഇവിടെയുള്ള വിശ്വാസികളുടെ പോക്കറ്റിലേക്കാണോ പോകുന്നത്? അതോ ഇവിടെയുള്ള നാനാജാതി മതസ്ഥരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുവോ? ദൈവം എന്നാല്‍ നിങ്ങള്‍ എന്താണ്‌ മനസ്സിലാക്കുന്നത്? ഈ കാണുന്ന ക്ഷേത്രങ്ങളും വിശ്വാസങ്ങളുമാണോ? അതോ ഇന്ന് കാണുന്ന കപട സന്യാസിമാരോണോ? ഈ കപട സന്യാസിമാരെ നിങ്ങള്‍ എന്തുകൊണ്ട് വിശ്വാസികളുടെ കൂട്ടത്തില്‍ കൂട്ടുന്നു? അവര്‍ ഉടുത്തിരിക്കുന്നത് കാവിയായതു കൊണ്ടോ? കാവി ഹിന്ദുവിന്‌ മാത്രം പറഞ്ഞിട്ടുള്ള ഒന്നാണോ? അങ്ങനെയാണെങ്കില്‍ നാളെ മറ്റൊരു അന്യമതസ്ഥന്‍ കാവിയുടൂത്താല്‍ അവനെയും നിങ്ങള്‍ ഹിന്ദു വിശ്വാസിയായി കണക്കാക്കുമോ?

"ഏകം സത്യം വിപ്രാബഹുധാവദന്തി" അതായത് ഒരേ സത്യത്തെ പല രീതിയിലറിയുന്നവര്‍ പല രീതിയില്‍ വ്യാഖാനിക്കുന്നു. അതു കൊണ്ട് തന്നെ ദൈവത്തിന്‌ പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു. മതമേതായാലും, വിശ്വാസമേതായാലും അതിലെ നല്ലതിനെ സ്വീകരിക്കൂ. അതിന്‌ നിങ്ങള്‍ക്കെന്തു കൊണ്ട് കഴിയുന്നില്ല. ഒരു നാസ്തികനെഴുതിയ പുസ്തകം വച്ച് ദൈവത്തെ കുറ്റം പറയുമ്പോള്‍ മൂഢനാകുന്നത് അവനവന്‍ തന്നെയാണെന്ന് മറക്കാതിരിക്കുക. ഈ പറയുന്ന ആള്‍ക്കാരില്‍ എത്ര പേര്‍ ഉപനിഷത്തുകള്‍ വായിച്ചിട്ടുണ്ട്, എത്ര പേര്‍ ഭഗവദ്ഗീത വായിച്ചിട്ടുണ്ട്. അഥവാ വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതില്‍ നിന്നും മനസ്സിലാക്കിയത് എന്താണ്‌. അതില്‍ നിന്നും അവര്‍ എന്താണ്‌ ഉള്‍ക്കൊണ്ടത്? ബന്ധിക്കപ്പെട്ട വിശ്വാസങ്ങളില്‍ നിന്നും മതപരിവേഷങ്ങളീല്‍ നിന്നും പുറത്തു വന്ന് ദൈവം എന്ന ശക്തിയെ പറ്റി പഠിക്കൂ.


ഭഗവദ്ഗീതയില്‍ യുദ്ധക്കളത്തില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ പറയുന്നത്
"യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ
സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ" എന്നാണ്‌. അതായത് "ജയാപചയങ്ങളോടുള്ള മമത വെടിഞ്ഞ് സമചിത്തതയോടെ നിന്റെ കര്‍മം അനുഷ്ഠിയ്ക്കുക.ഈ സമചിത്തതയാണ്‌ യോഗം" എന്നാണ്‌. ഇതിനെ നാം മനസ്സിലാക്കുന്നത് "നമ്മുടെ കര്‍മ്മം നാം ചെയ്യണം" എന്നാണ്‌. അല്ലാതെ നീ പോയി നിന്‍റെ ബന്ധുക്കളെ കൊല്ലണം എന്നല്ല. പക്ഷേ സാന്ദര്‍ഭികവശാല്‍ അവിടെ അര്‍ജ്ജുനന്‍റെ കര്‍മ്മം യുദ്ധം ചെയ്യുക എന്നാണെന്ന് മാത്രം. അതേ അര്‍ജ്ജുനന്‍ ചോദിക്കുന്നു "ഫലകാംക്ഷയൊടെ ചെയ്യുന കര്‍മ്മത്തെക്കാള്‍ ശ്രേഷ്ഠമാണ്‌ ബുദ്ധി എന്നു കരുതുന്നുവെങ്കില്‍ അങ്ങ് എന്തിനാണ്‌ എന്നെ ക്രൂരമായ ഈ യുദ്ധത്തിന്‌ പ്രേരിപ്പിയ്ക്കുന്നത്" എന്ന്. അപ്പോള്‍ കൃഷ്ണന്‍ പറയുന്നു "കര്‍മ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കര്‍മഫലങ്ങളില്‍ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാള്‍ പൂര്‍ണത നേടുന്നില്ല. ഭൗതികപ്രകൃതയുടെ ത്രിഗുണങ്ങളില്‍ നിന്നുളവാകുന്ന വാസനകള്‍ക്കനുസരിച്ച് ഓരോ മനുഷ്യനും കര്‍മം ചെയ്യാന്‍ നിര്‍ബന്ധിതനാണ്‌. ആര്‍ക്കും ഒരൊറ്റനിമിഷം പോലും കര്‍മത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാവില്ല". എത്ര മഹത്തരമായ ഒരു സന്ദേശമാണത് നല്‍കുന്നത്.

പിന്നെ നമ്മള്‍ ബഹുദൈവവിശ്വാസത്തെ പറ്റി പറയുന്നു.
ഒരു മനുഷ്യന്‍റെ ജീവിതം നമുക്ക് ഉദാഹരണമായെടുക്കാം. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അതിനെ കുഞ്ഞേ എന്നോ മോളേ എന്നോ അല്ലെങ്കില്‍ മോനേ എന്നോ വിളീയ്ക്കുന്നു. കുറച്ചു കൂടി കഴിയുമ്പോള്‍ ആ കുഞ്ഞിന്‌ ഒരു പേരിടുന്നു. അതേ കുഞ്ഞിനെ അച്ഛന്‍ വിളീക്കുന്നത് ഒരു പേരിലാകാം, അമ്മ വിളീക്കുന്നത് മറ്റൊരു പേരിലും. അങ്ങനെ ആ കുട്ടി പല പേരില്‍ വിളീക്കപ്പെടുന്നു. ആ കുഞ്ഞ് വളര്‍ന്ന് വിവാഹം കഴിയുമ്പോള്‍ ഭാര്യ വിളീയ്ക്കുന്നത് മറ്റൊന്നാകും. പിന്നെ അഛനാകും, അപ്പൂപ്പനാകും. അപ്പോഴെല്ലാം ഓരോരുത്തരും വിളിക്കുന്നത് വ്യത്യസ്ഥമാകും. എന്നു കരുതി ആ വ്യക്തി മാറുന്നുണ്ടോ? പേരുകള്‍ മാറുന്നുണ്ടാകാം, രൂപം മാറുന്നുണ്ടാകാം; പക്ഷേ ആ വ്യക്തി ഒന്നുതന്നെയല്ലേ? ഇതു തന്നെയല്ലേ ഈ ബഹുദൈവമെന്ന് പറയുന്നതിലും സംഭവിക്കുന്നത്?

പിന്നെ ശാസ്ത്രം മാത്രമേ വിശ്വസിക്കൂ എന്ന് പറയുന്നു. ആ പറയുന്നവര്‍ ഒരു പുനര്‍ വിചിന്തനം നടത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഭൂമിയില്‍ എന്താണ്‌ ആദ്യമുണ്ടായത് എന്ന് ഏതു ശാസ്ത്രമാണ്‌ തെളിയിച്ചിട്ടുള്ളത്? മനുഷ്യന്‍ എങ്ങനെയുണ്ടായി? ആരില്‍ നിന്നുണ്ടായി? നമ്മുടെ പൂര്‍‌വ്വികര്‍ വാനരന്‍‌മാരായിരിന്നു എന്ന് ശാസ്ത്രം പറയുന്നു. എങ്കില്‍ പറയൂ ഈ വാനരന്‍‌മാര്‍ എങ്ങനെയുണ്ടായി? എവിടെ നിന്നുണ്ടായി? പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും എവിടെ നിന്നുണ്ടായി? എവിടെയാണതിന്‍റെ ഉത്പ്പത്തി? ആരില്‍ നിന്നാണതിന്‍റെ ആരംഭം? ഏതു ശാസ്ത്രമാണത് തെളിയിച്ചിട്ടുള്ളത്? അങ്ങനെ തെളിയിക്കാത്ത ഏതൊക്കെ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുന്നു?

മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ അവന്‍ ശാസ്ത്ര സത്യം തേടി പോകാറില്ല. അമ്മ പറയുന്നവനാണവന്‍റെ അച്ഛന്‍. അതല്ലതെ ഈ പറയുന്നവരില്‍ എത്ര പേര്‍ തന്‍റെ പിതൃത്വം തെളിയിച്ചിട്ടുണ്ട്? അപ്പോള്‍ അമ്മ പറയുന്നതാണവന്‌ വിശ്വാസം. അതാണ്‌ തെളിവ്. കോടതികളില്‍ പോലും അമ്മയുടെ വാക്കാണ്‌ സത്യം. സ്വന്തം ഭാര്യയുടെ കുട്ടി സ്വന്തം കുട്ടിയാകുന്നത് ആ ഭാര്യ ഇത് തന്‍റെ കുട്ടിയാണെന്ന് പറയുമ്പോഴാണ്‌. അല്ലാതെ തെളിയിച്ച എത്രപേര്‍ ഉണ്ട്? അപ്പോള്‍ അവിടെ ഭാര്യയുടെ വാക്കാണ്‌ വിശ്വാസം. അവിടെ നമുക്ക് ശാസ്ത്രം വേണ്ട. വിശ്വാസം മാത്രം മതി. എന്തുകൊണ്ട്?

ഇന്നു കാണൂന്ന സന്യാസിമാരില്‍ നിന്നും മതത്തിന്‍റെ നാലുകെട്ടിനുള്ളീല്‍ നിന്നും പുറത്തു വന്ന് ദൈവത്തെ പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കൂ. അപ്പോഴറിയാം ആ അപരിമിതനായ ശക്തിയുടെ ചൈതന്യം. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളേക്കാളേറെ തെളിയിക്കപ്പെടാത്ത വിശ്വാസങ്ങളാണെന്ന് മനസ്സിലാകും. ശബരിമലയിലെ മകര വിളക്ക് മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിയിക്കാം, അവിടെ പറക്കുന്ന കൃഷ്ണ പരുന്ത് ആ കാട്ടിലെ മരത്തിന്‍റെ മുകളില്‍ നിന്നോ ഏതെങ്കിലും കെട്ടിടത്തിന്‍റെ മുകളില്‍ നിന്നോ പറത്തി വിടൂന്നതാണെന്ന് തെളിയിക്കാം, അല്ലെങ്കില്‍ അത് റിമോട്ടിനാല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്ന് തെളിയിക്കാം. പക്ഷേ അതിനോക്കെ അപ്പുറത്ത് ആ ക്ഷേത്രം കൊണ്ട് പൊതുജനങ്ങള്‍ക്കുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് ചിന്തിക്കണം.

നാം ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളൂടേയും പിറകേ പോകാതെ, മതങ്ങളൂടെ പിറകെ പോകാതെ അതിന്‍റെ അന്ത:സത്ത മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒരാള്‍ക്ക് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചത് കൊണ്ട് അയാളൂടെ കാര്യസാദ്ധ്യം നടക്കുന്നു എങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? ഒരാള്‍ക്ക് ദൈവവിശ്വാസം ആശ്വാസം നല്‍കുന്നെങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? ഒരാള്‍ക്ക് ശാരീരികവും മാനസികവും ആയ സന്തോഷം ദൈവ വിശ്വാസത്തിലൂടെ ലഭിക്കുന്നുണ്ടെങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? പിന്നെ നമ്മള്‍ എന്താണ്‌ ചെയ്യേണ്ടത്? വിശ്വാസത്തിന്‍റെ പേരില്‍ മുതലെടുപ്പു നടത്തുന്നവരെ, അതേതു മതസ്ഥരും ആയിക്കൊള്ളട്ടെ, അവരെ ഒറ്റപ്പെടുത്തുക. അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയും അവിശ്വാസികളേയും ഒരുപോലെ ചൂഷണം ചെയ്യുകയാണ്‌. അവരെ കൊണ്ട് ഈ സമൂഹത്തിനെന്താണ്‌ പ്രയോജനം? അവരെ എതിര്‍ക്കേണ്ടതിനു പകരം ദൈവമാണീ കാണുന്ന സര്‍‌‌വ്വ ദുരിതങ്ങള്‍ക്കും കാരണം എന്നു പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ വയ്യ. ദൈവത്തെ എതിര്‍ക്കാന്‍ ചിലവഴിക്കുന്ന സമയത്തിന്‍റെ പത്തിലൊരു സമയം അതേ ദൈവത്തെ അറിയാന്‍ ശ്രമിക്കൂ. അപ്പോള്‍ നമുക്ക് നമ്മുടെ അമ്മയുടേയും സ്വന്തം ഭാര്യയുടേയും മുന്നില്‍ ജനിതക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇതല്ലേ എന്‍റെ അച്ഛന്‍, ഈ കുട്ടിയുടെ അച്ഛന്‍ ഞാനല്ലേ എന്ന് ചോദിക്കേണ്ട ആ അവസ്ഥ ഒഴിവാക്കാം. നമുക്ക് നമ്മുടെ അമ്മയുടെ വാക്കിനെ ശാസ്തത്തിന്‍റെ തെളിവ് കൊണ്ടല്ലാതെ ആ വാക്കുകളില്‍ കൂടി വിശ്വസിക്കാം.

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?