Thursday, September 27, 2012

കടല്‍.


കടല്‍ ഇന്നുമാ
പഴയ കടലാണ്‌.
കടലമ്മ കള്ളിയെന്നെഴുതിയാല്‍
അത് മായിച്ച് കളയുന്ന കടല്‍.
ഒരു കുസൃതിയില്‍ ഞാനെഴുതി,
കടലച്ഛന്‍ കള്ളനെന്ന്.
അടുത്ത തിരയില്‍ അതുമായിച്ച്
വീണ്ടുമെന്നെയെഴുതാന്‍
പ്രേരിപ്പിക്കുന്ന കടല്‍.
വീണ്ടുമെന്തൊക്കെയോ എഴുതി,
അതൊക്കെയൊരോര്‍മ്മയാക്കി ആ തിരയും.
ഒടുവില്‍ ഞാനെഴുതി,
എനിക്ക് നിന്നോട് പ്രണയമാണെന്ന്.
അതാ തിര മായിക്കും മുന്‍പേ
കാലടികളാല്‍ ആരോ ചതച്ചരച്ച്
ദാഹജലത്തിനായ് കേഴുന്ന പ്രണയം.
പിന്നെയാ തിരയെ പ്രണയിച്ച്
അതിലലിഞ്ഞൊന്നായൊരു യാത്ര.
 

ഡോണോപോളാ...

പകര്‍ത്താന്‍ കഴിയാത്ത 
പ്രണയത്തിന്നോര്‍മ്മയാണീ 
ഡോണോപോളാ ബീച്ച്, 
ഇന്നാ ഓര്‍മ്മയ്ക്കായൊരു 
വെള്ള പ്രതിമ മാത്രം. 
പിന്നെ ചുവന്ന പാറക്കിടയിലേ-
ക്കടിച്ചു കയറുന്ന തിരകളും, 
പ്രണയസല്ലാപത്തിലേര്‍പ്പെടുന്ന 
ആധുനിക പ്രണയരൂപങ്ങളും. 
ആ പ്രതിമയ്ക്ക് ചലിയ്ക്കാന്‍ 
കഴിഞ്ഞെങ്കില്‍
ആ സൂയിസൈഡ് പോയന്‍റില്‍
നിന്നൊന്നുകൂടി ചാടിയേനേ
ആ പാവം ഡോണയും പോളയും.

എമര്‍ജിംഗ് കേരള.

പ്രീയപ്പെട്ടവളേ, 
നീയറിഞ്ഞില്ലേ 
കേരളം 
എമര്‍ജിംഗാകുന്നു. 
ഇനി നമുക്ക് 
നമ്മുടെ പ്രണയം 
ആ മരങ്ങള്‍ക്കിടയില്‍ നിന്നും 
പാര്‍ക്കിലെ സിമന്‍റ് ബഞ്ചില്‍ നിന്നും 
കടല്‍ തീരങ്ങളില്‍ നിന്നും 
പറിച്ചു നടാം, 
ആ എമര്‍ജിംഗ്
ഡാന്‍സ് ബാറുകളിലേയ്ക്ക്,
ഡിസ്ക്കോ സെന്‍ററുകളിലേയ്ക്ക്,
പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്ക്ക്.
നമുക്കവിടെ
അര്‍ദ്ധനഗ്ന വേഷങ്ങളില്‍
ആടി തിമിര്‍ക്കാം,
അതിനൊടുവില്‍
കെട്ടിപ്പുണര്‍ന്നൊന്നാകാം,
പിന്നെ രതിയുടെ
അത്യന്നതങ്ങളില്‍
നമുക്ക് നന്ദിപറയാം;
സദാചാരപോലീന്‍റെ മുന്നില്‍
തുണിയഴിച്ചാടനാക്കിയ,
മുതലാളിത്തത്തിന്‍റെ
ആ എമര്‍ജിംഗിനൊട്.

മരിച്ചവന്‍.

ഞാനെത്രയോ തവണ 
മരിച്ചിരിക്കുന്നു; 

എന്‍റെയാദ്യപ്രണയത്തിന്‍റെ 
കണ്ണുകളില്‍ അവളുടെ 
സീമന്തരേഖയിലെ മറ്റൊരു 
കുങ്കുമപ്പൊട്ട് പടര്‍ന്നപ്പോള്‍, 

ഒരു കിടക്കയിലാണെങ്കിലും 
മനസ്സുകള്‍ മൈലുകള്‍ക്കപ്പുറ-
മാണെന്ന് തെളിയിച്ചവളാ
കുട്ടിയുടെ കൈയ്യും‌പിടിച്ചാ
പടികളിറങ്ങിയപ്പോള്‍,

അങ്ങനെയങ്ങനെ
എത്രയോ തവണ
ഞാന്‍ മരിച്ചിരിക്കുന്നു.

ശ്വസിക്കുന്നതും ചലിക്കുന്നതും
സംസാരിക്കുന്നതുമാണ്‌
ജീവന്‍റെ അടയാളങ്ങളെങ്കില്‍
ഞാനും മരിച്ച് ജീവിക്കുന്നുണ്ട്.

ഒരവസാന മരണം കൂടിയെനിക്ക്
ബാക്കിയുണ്ടീ ജീവിതത്തില്‍,
ശ്വസിക്കാതെ, ചലിക്കാതെ
സംസാരിക്കാതെയുള്ള മരണം.

അപ്പോഴെനിക്കായ് കരയരുത്,
കിടക്കാന്‍ വാഴയില വെട്ടരുത്,
തേങ്ങാമുറിയൊരു വിളക്കാക്കരുത്,
വെള്ള പുതപ്പിക്കരുത്.

പകരം സ്നേഹത്തോടെന്നെയാ
കുഴിയിലിട്ടു മൂടുക.
ആസ്നേഹ്ം, അതുമതിയെനിക്കാ
പ്രകാശമില്ലാത്ത, വായുവില്ലാത്ത
മരണത്തിന്‍റെ ഗന്ധമുള്ള ആ
ഇരുട്ടറയില്‍ ജീവിക്കുവാന്‍......

മറവി.

ഓരോരോ കാലത്തായിട്ടെ-
നിക്കോരോരോ പേരുകള്‍. 
എല്ലാം ആരാലോ നല്‍കപ്പെട്ടവ, 
അടിച്ചേല്പ്പിക്കപ്പെട്ടവ. 

എന്‍റെ അമ്മയിലേക്കാഴ്ന്നിറങ്ങി, 
എന്നെ ജനിപ്പിച്ചവനാണച്ഛനെങ്കില്‍ 
എനിക്കുമുണ്ടെന്നെ വേണ്ടാത്തൊരച്ഛന്‍, 
എന്നിട്ടുമെനിക്കു പേര്‍ 
തന്തയില്ലാത്തവനെന്ന്. 

സ്കൂളിലെ ഗണിതശാസ്ത്രക്ലാസ്സില്‍
ഗുണിത-ഹരണങ്ങളോട് മല്ലിടുമ്പോള്‍,
ജീവതന്ത്രത്തില്‍ പരാഗവും
പരാഗരേണുക്കളും പഠിക്കുമ്പോള്‍
എനിക്കു സംശയങ്ങളായിരിന്നു.
സംശയങ്ങള്‍ ചോദിക്കുന്നവനന്നുമിന്നും
അഹങ്കാരികള്‍ തന്നെ.

തെമ്മാടി ആഭാസന്‍ ശുംഭന്‍ കുലംകുത്തി
കൊഞ്ഞണം കാട്ടുന്ന പേരികളിന്നേറെ.
പഴയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റൊന്ന് തപ്പട്ടെ,
സ്വന്തം പേര്‌ മറന്നവനാണ്‌ ഞാന്‍.............1.........