Thursday, September 27, 2012

മരിച്ചവന്‍.

ഞാനെത്രയോ തവണ 
മരിച്ചിരിക്കുന്നു; 

എന്‍റെയാദ്യപ്രണയത്തിന്‍റെ 
കണ്ണുകളില്‍ അവളുടെ 
സീമന്തരേഖയിലെ മറ്റൊരു 
കുങ്കുമപ്പൊട്ട് പടര്‍ന്നപ്പോള്‍, 

ഒരു കിടക്കയിലാണെങ്കിലും 
മനസ്സുകള്‍ മൈലുകള്‍ക്കപ്പുറ-
മാണെന്ന് തെളിയിച്ചവളാ
കുട്ടിയുടെ കൈയ്യും‌പിടിച്ചാ
പടികളിറങ്ങിയപ്പോള്‍,

അങ്ങനെയങ്ങനെ
എത്രയോ തവണ
ഞാന്‍ മരിച്ചിരിക്കുന്നു.

ശ്വസിക്കുന്നതും ചലിക്കുന്നതും
സംസാരിക്കുന്നതുമാണ്‌
ജീവന്‍റെ അടയാളങ്ങളെങ്കില്‍
ഞാനും മരിച്ച് ജീവിക്കുന്നുണ്ട്.

ഒരവസാന മരണം കൂടിയെനിക്ക്
ബാക്കിയുണ്ടീ ജീവിതത്തില്‍,
ശ്വസിക്കാതെ, ചലിക്കാതെ
സംസാരിക്കാതെയുള്ള മരണം.

അപ്പോഴെനിക്കായ് കരയരുത്,
കിടക്കാന്‍ വാഴയില വെട്ടരുത്,
തേങ്ങാമുറിയൊരു വിളക്കാക്കരുത്,
വെള്ള പുതപ്പിക്കരുത്.

പകരം സ്നേഹത്തോടെന്നെയാ
കുഴിയിലിട്ടു മൂടുക.
ആസ്നേഹ്ം, അതുമതിയെനിക്കാ
പ്രകാശമില്ലാത്ത, വായുവില്ലാത്ത
മരണത്തിന്‍റെ ഗന്ധമുള്ള ആ
ഇരുട്ടറയില്‍ ജീവിക്കുവാന്‍......

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?