Tuesday, October 23, 2012

സ്വാതന്ത്ര്യം.




ഷാപ്പിലെ കോഴിക്കറിയില്‍ വീണ
അഞ്ഞൂറിന്‍റെ നോട്ടു
നിവര്‍ത്തിയപ്പോഴാണയാള്‍
ആ വട്ടക്കണ്ണാടിയുള്ള
അപ്പൂപ്പനെ കാണുന്നത്.

നാല്‍ക്കവലയിലെ ആ
കാക്കതൂറിയ, നീണ്ട വടിയുള്ള
കാവല്‍ക്കാരനും
ഇതേ ഛായ, ഇതേ കണ്ണാടി.

രാജ്യദ്രോഹിയായ നേതാവിന്‍റെ
ഖദര്‍ പോക്കറ്റിലിരുന്ന്
ശ്വാസംമുട്ടി മരിച്ചതും
ഇതേ കണ്ണാടിക്കാരന്‍ തന്നെ.

സ്വാതന്ത്ര്യം നേടിത്തന്ന കുറ്റത്താല്‍
ഇന്നുമാരൊക്കെയോ പീഢിപ്പിക്കുന്നു,
ഹേ റാം, ഈ വടിയ്ക്ക്
പകരമൊരു തോക്ക് നല്‍കൂ;
മരിച്ചവനെങ്കിലും ഞാനുമൊന്ന്
സ്വതന്ത്രമാകട്ടെ.

സ്വപ്നങ്ങള്‍.




സ്വപ്നങ്ങളുണ്ടെനിക്കും
നിങ്ങള്‍ക്കും; പക്ഷേ
നിറമുള്ളതുമില്ലാത്തതു-
മെന്ന വ്യത്യാസം മാത്രം.

കുപ്പത്തൊട്ടിയിലെ
നാറുന്ന ഭക്ഷണം,
തെരുവു ചാലിലെ
കറുത്ത വിഷവെള്ളം,
വിശപ്പടക്കാന്‍ നായ്ക്കളോട്
മത്സരിക്കുന്ന കുരുന്നു ജന്മങ്ങള്‍..

ഇന്നാരുടെ മുന്നില്‍
സ്വ വസ്ത്രമുരിഞ്ഞാല്‍,
ഒട്ടിയ മുലക്കണ്ണുകളിലേയ്ക്ക്
ആര്‍ത്തിയോടെ നോക്കുന്ന
മകന്‍റെ ദാഹമകറ്റാമെന്ന്
ചിന്തിക്കുന്ന അമ്മ.

തണുത്ത മുറിക്കുള്ളിലിരിക്കുന്ന
വിലകൂടിയ മരുന്നിനെ കാണാതെ
ആറടി മണ്ണിലേക്കുള്ള പാവപ്പെട്ടവന്‍റെ
ദൃശ്യവത്ക്കരിക്കപ്പെടാത്ത യാത്ര.

നാം പഠിക്കേണ്ടിയിരിക്കുന്നു;
സ്വപ്നം കാണാനവകാശമില്ലാത്തവന്‍റെ
ഇരുണ്ട സ്വപ്നങ്ങളെ പറ്റി,
ജീവിക്കാനവകാശമില്ലാത്തവരുടെ
നിറം‌മങ്ങിയ ജീവിതങ്ങളെ പറ്റി.

അതിനു ശേഷം നമുക്ക്
ചൊവ്വയിലെ വെള്ളം കണ്ടെത്താം,
ന്യൂട്രിനോയുടെ വേഗത കണ്ടെത്താം,
സൂര്യനിലേക്കുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കാം.

പട്ടിയും ശ്വാനനും.




സര്‍‌വ്വേക്കല്ലില്‍ ഒരുകാല്‍ പൊക്കി
മൂത്രമൊഴിക്കുന്ന പട്ടിയല്ല ഞാന്‍...
ഞാന്‍ ശ്വാനവര്‍‌ഗ്ഗത്തിന്‍റെ
അന്തസ്സുയര്‍ത്തി അന്തപ്പു-
രങ്ങളില്‍ വസിക്കുന്നവന്‍.....

കുളിപ്പിച്ച്, ചീകി
വിദേശപരിമളത്തോടെ
കൊച്ചമ്മമാരുടെ
പൊങ്ങച്ച ചര്‍ച്ചകളിലെ
അഭിമാനമാകുന്നവന്‍.

നമ്മുടെ വംശമൊന്നാണ്‌,
ജാതിയും മതവുമൊന്നാണ്‌.
എന്നിട്ടും നീ വെറും ചാവാലി-
പട്ടിയും ഞാനൊരു ശ്വാനനും.

നീയുമൊന്നു ശ്രമിക്കുക,
പണത്തില്‍ വളരുക,
പിന്നെ ഉറക്കെ പറയുക,
ഞാനൊരു മനുഷ്യനോ
ചാവാലിപ്പട്ടിയോയല്ല,
ഞാനുമൊരു ശ്വാനനാണെന്ന്.

മനുഷ്യന്‍.




മനുഷ്യാ, നിന്നിലെ
ദൈവത്തെ ഞാന്‍ കണ്ടത്
ശൂന്യതയില്‍ നിന്നെടുത്ത
ഒരുപിടി ഭസ്മത്തിലല്ല.

പകരം,
നീ നല്‍കിയ ചോറുണ്ട
പട്ടിണിക്കാരന്‍റെ
വാക്കുകളില്‍ നിന്നാണ്‌..

മനുഷ്യാ, നിന്നിലെ
പിശാചിനെ ഞാന്‍ കണ്ടത്
കെട്ടുകഥകളിലെ
വികൃത രൂപത്തില്‍ നിന്നല്ല.

പകരം,
ആര്‍ത്തലച്ചു കരയുന്ന,
മാനം നഷ്ടപ്പെട്ട ആ
പെണ്ണിന്‍റെ കരച്ചിലിലാണ്‌..

മനുഷ്യാ, നിന്നിലെ
മനുഷ്യനെ ഞാന്‍ കണ്ടത്
പട്ടു കുപ്പായത്തിലോ
മണിമന്ദിരത്തിലോ അല്ല.

പകരം,
അന്യന്‍റെ ദു:ഖം കേട്ട്
ഒരു തുള്ളി കണ്ണുനീര്‍
പൊഴിച്ച നിന്‍റെ മനസ്സിലാണ്‌.

പ്രായം.




പ്രായം, അതൊരു
കണക്കെടുപ്പാണ്‌.....,
കണ്ടതും കേട്ടതും പിന്നെ
പിന്നെ കാണാതെ പോയതും.

കളിക്കൂട്ടുകാരിയോടെന്നില്‍ നിന്നകന്നു
നില്‍ക്കാന്‍ പറഞ്ഞതമ്മയാണ്‌;
കാരണം അവള്‍ പോലുമറിയാതെ
അവള്‍:ക്ക് പ്രായമായത്രേ!

എനിക്ക് പ്രായമായെന്നോര്‍മ്മിപ്പിച്ചത്
ആ ഫോട്ടോയിലിരുന്ന് ചിരിച്ചവളാണ്‌.
അച്ഛനാകാനും ഒരു പ്രായമുണ്ടത്രേ,
അത് കൂട്ടുകാര്‍ പഠിപ്പിച്ചത്.

പ്രായത്തിന്‍റെ കളിയില്‍
കറുത്ത തലമുടി തോറ്റു,
തൊലിപ്പുറത്തെ ചുളിവുകള്‍
എന്തോ പറയാതെ പറയുന്നു.

പ്രായമായാല്‍ അടങ്ങിയിരിക്കണ-
മെന്നോര്‍മ്മിപ്പിച്ചത് മകനാണ്‌.
മരുമകളോ, കിടക്കയൊഴിയാത്ത
ഒരസ്ത്ഥികൂടത്തെ പറ്റിയും.

അവസാനശ്വാസത്തിനും
കണ്ണടച്ചീലോകമിരുട്ടാക്കാനും
പ്രായമുണ്ടെന്ന് തെളിയിച്ചതാ
കഴുത്തില്‍ ചുറ്റിയ കൈകളാണ്‌...

പ്രായം; അതൊരു
ഓര്‍മ്മപ്പെടുത്തലാണ്‌,
ചെറുപ്പത്തില്‍ നിന്നും
വാര്‍ദ്ധക്യത്തിലേക്കുള്ള
ജീവിത യാത്രയുടെ.

മലാലമാര്‍.




മാറുമറയ്ക്കാന്‍,
നടുമുറ്റത്തിറങ്ങാന്‍,
സ്കൂളില്‍ പോകാന്‍,
സ്വന്തമായിട്ടൊരു
ജോലി ചെയ്യാന്‍
സമരം ചെയ്ത
ഒരായിരം സ്ത്രീകള്‍.;..
അതിലാരുമറിയാതെ
കൊല്ലപ്പെട്ടവരെത്രയോ?

മരണത്തെ പുല്‍കിയ
പ്രീയപ്പെട്ടവരെ,
നിങ്ങള്‍ മരിച്ച കാലം,
സമയം തെറ്റായിരിന്നു.
നിങ്ങളിന്നു മരിക്കേണ്ടിയിരിന്നു,
എങ്കില്‍ നിങ്ങളുമിന്നൊരു
മലാലയായേനേ.
മുഖപുസ്തകത്തില്‍
പാറി നടന്നേനെ....