Friday, April 19, 2013

ഓര്‍മ്മകള്‍.

ഈ ദുര്‍ഘട ജീവിതപാതയിലെന്നോ 
സ്വപ്നം കാണാന്‍ മറന്നവനാണു ഞാന്‍.. 
ഒടുവിലെ നിദ്രയെപുല്‍‌കും മുന്‍പ് 
ഒരു നല്ല സ്വപ്നം കണ്ടിടട്ടേ?

അവസാനയാത്രക്ക് മുമ്പെനിക്ക്
നിറങ്ങളുള്ളൊരു ലോകത്തു പോകണം. 
പോകുന്ന യാത്രയില്‍ കൂട്ടായുള്ളത് 
ഒരിക്കലും തീരാത്തയാശകളാണല്ലോ.

വര്‍ണ്ണങ്ങളന്യമായ് തീര്‍ന്നവനിന്നെന്ത്
കുഞ്ഞു സ്വപ്നത്തിന്‍റെ ചില്ലുകൂട്.?
ഇനിയൊന്നു മൂടിപ്പുതച്ചു കിടക്കണം,
സ്വപ്നത്തെ പുല്‍കി സുഖമായുറങ്ങണം.

നിങ്ങളുണരുമ്പോള്‍ എന്നെ വിളിയ്ക്കുക,
ഉണരാത്തയെന്നെ കുലുക്കി വിളിയ്ക്കുക.
ഉണര്‍ന്നില്ലയെങ്കില്‍ നിങ്ങളറിയുക
ഏതുവിളിക്കുമുണര്‍ത്താന്‍ കഴിയാത്ത
ശാശ്വതമായൊരു ലോകത്തിലാണെന്ന്.

കരുതുകയൊരുതുണ്ടം തുണി നിന്‍റെ കൈയ്യില്‍
എന്‍റെ കാല്‍‌വിരല്‍ കെട്ടുക;
കണ്ണു നിറയാതെ പുഞ്ചിരിയോടെന്‍റെ
കണ്ണുകളടയ്ക്കുക.

ഒരു വാഴയിലയിലിറക്കി കിടത്തുക;
വെള്ളപുതപ്പിച്ച് കണ്ണുകളടപ്പിച്ച്.
തേങ്ങാമുറിയാല്‍ ദീപം കൊളുത്തുക
സാമ്പ്രാണി ഗന്ധം പരക്കട്ടെയെങ്ങും.

റീത്തുകള്‍ വേണ്ട; കരച്ചിലും വേണ്ടാ
ഓര്‍മ്മിക്കാനായൊരു കല്ലറയും.
എന്നെയോര്‍മ്മിക്കാന്‍ പാടില്ലയാരും
ഓര്‍മ്മത്തെറ്റായി ഞാന്‍ വേണ്ടയെങ്ങും.

ആറടി നീളത്തിന്‍ കുഴിയിലിറക്കുക,
മണ്ണിട്ടു മൂടുക എന്നോര്‍മ്മകളെ.
നീളാതിരിക്കട്ടെയെന്നോര്‍മ്മകള്
ഈ രാവിന്നുമപ്പുറം നിന്നോടൊപ്പം.

വേശ്യാത്തെരുവുകള്‍.

പീഢിപ്പിക്കുന്നവന്‍റാക്രോശവും 
പീഢിതര്‍ തന്‍ ഞരക്കങ്ങളും 
കൂട്ടിക്കൊടുപ്പിന്‍റെ കഥയും കേട്ടത്രേ 
ദൈവങ്ങളിന്നുറക്കമുണരുന്നത്. 

കര്‍ത്താവിനെയിന്നു ക്രൂശിച്ചിരുന്നെങ്കില്‍ 
കുരിശില്‍ കിടന്നു പൊട്ടിച്ചിരിച്ചേനേ. 
കൃഷ്ണനിന്നാ അമ്പേറ്റിരുന്നെങ്കില്‍ 
വേടനോടൊരു നന്ദി പറഞ്ഞേനേ.
കല്ലെറിഞ്ഞോടിച്ചിരുന്നെങ്കിലള്ള,
സ്നേഹമോടാകല്ലിനെ പുണര്‍ന്നേനേ.

അധ:പതനത്തിന്‍റെ വാരിക്കുഴിയില്‍
ഉയരുന്നു കൊച്ചുകുഞ്ഞിന്‍റെ രോദനം.
പ്രതിവിധിയോതുവാനാര്‍ക്കുമാകില്ല;
കാമത്താലന്ധനായവനാണിവന്‍..

ഞാനൊന്നു പറയട്ടെ തള്ളാനും കൊള്ളാനും;
വേശ്യാത്തെരുവുകളുയരട്ടെ നാട്ടില്‍.,.
തീര്‍ക്കട്ടെ കാമത്തിന്‍ പൂരണമവിടെ;
കുട്ടികളോടിക്കളിക്കട്ടെ പൂമ്പാറ്റയായ്.

പഠിക്കേണ്ടവ.

ഹൃദയം മുറിഞ്ഞ് രക്തം വരുന്നുണ്ട്, 
കണ്ണുകളില്‍ കണ്ണുനീരും. 
ചുണ്ടില്‍ വിതുമ്പുന്നുണ്ടൊരു വേദന 
നിശബ്ദമായ് കരയുന്ന മനസ്സ്. 

ചിലപ്പോള്‍ അങ്ങനെയാണ്‌, 
ചിലര്‍ തരുന്ന വേദനകള്‍ 
ആരുമറിയാതെ,
ആരോടും പറയാതെ
നൂല്‍ പൊട്ടിയ പട്ടം പോലെ
കാറ്റിനൊപ്പം, ദിശയറിയാതെ
പറന്നു നടക്കും; പിന്നെ
ഒരു തരുശാഖയില്‍ കുരുങ്ങി
ജീവനൊടുക്കും.

ഇനിയും പഠിക്കേണ്ടിയിരിക്കുന്നു
മുറിയാത്ത ഹൃദയവും
വിതുമ്പാത്ത ചുണ്ടുകളൂം
കരയാത്ത മനസ്സും, പിന്നെ
പൊട്ടാത്ത പട്ടത്തിന്നൊരു
ചരടും വാങ്ങുവാന്‍...

എന്‍റെ കാമുകിയ്ക്ക്.

ഇതെന്‍റെ കാമുകിയ്ക്ക്; 
പറയാതെ പോയ എന്‍റെ 
പ്രണയത്തെ പറ്റി 
നിന്നോട് പറയുവാന്‍.,. 

അറിയാതെ പോയ 
നിന്‍റെ മനസ്സിലെയെന്നെ 
ഞാന്‍ കാണുന്നുണ്ടിപ്പോള്‍
നിന്‍റെ കണ്ണുകളില്‍ കൂടി.

നീയെന്‍റെ ലഹരിയാണെന്ന്;
സ്വപ്നമാണെന്നറിയുമോ?
നിന്‍റെ വഴക്കിലും വാക്കിലും
എനിക്കു കിട്ടുന്ന ലഹരി.

മിണ്ടാത്ത ദിനങ്ങളില്‍ നീ-
യൊഴിഞ്ഞൊരു കുപ്പിപോലെ;
മിണ്ടുംദിനങ്ങളോ നീ
പതഞ്ഞുയരുമൊരമൃതം പോലെ.

എനിക്കു നില്‍ക്കണം
നിന്നോട് ചേര്‍ന്ന്;
നിന്‍റെ നിശ്വാസമെന്‍റെ
മുഖത്തു തട്ടുന്നയകലത്തില്‍.,.

നിന്‍റെ കണ്ണുകളില്‍ ഞാന്‍
പ്രതിഫലിക്കണം;
പിന്നെയാ തിളക്കം
എന്‍റേതാക്കണം.

പിന്നിടുന്ന വഴികളില്‍
നിന്നോര്‍മ്മയാകണം;
നാളെകളിലേക്കുള്ള
കൂട്ടാകണം.

നാളെ;
ഉണങ്ങിയ മരങ്ങളേയും,
വിണ്ടുകീറിയ നദികളേയും
കാണാനാകാതെ ഓടണം
നിന്‍റെ കയ്യും പിടിച്ച്; ആ
കാലത്തിനപ്പുറത്തേയ്ക്ക്.

നഷ്ടപ്പെടലുകള്‍

സ്വന്തമാകാത്തയൊന്നിന്‍റെ നഷ്ടപ്പെ-
ടലിനെ പറ്റിയോര്‍ക്കാറുണ്ടോ? 
ചിരി വരുന്നുണ്ടല്ലേ, സ്വന്തമാകാത്ത-
തെങ്ങനെ നഷ്ടപ്പെടുമെന്നോര്‍ത്ത്. 

എനിക്ക് നഷ്ടമായതില്‍ കൂടുതലും 
സ്വന്തമാകാതെ പോയവയാണ്‌. 
സ്വന്തമെന്ന് കരുതി വരുമ്പോഴേക്കും
നഷ്ടപ്പെടലിന്‍റെ അഗ്നി നല്‍കി പോയത്.

മയക്കങ്ങളില്‍ സ്വപ്നം വരാറുണ്ട്
കളിച്ച് ചിരിച്ച്; ഉണരുമ്പോഴേക്കും
ഒന്നുമോര്‍ക്കാന്‍ വയ്ക്കാതെയെങ്ങോട്ടോ
ഓടി മറയുന്ന നഷ്ടപ്പെടലുകള്‍..

എന്തിനൊക്കെയോ ശ്രമിച്ച്
എന്തൊക്കെയോ ആയിട്ടും
എന്‍റേതല്ലാതെ പോയ കുറേ
ഇന്നലെകളുണ്ടെനിക്ക്.

എന്‍റേതല്ലാത്ത നിശ്വാസങ്ങളും
മിന്നി മറയുന്ന കാഴ്ചകളും
എന്‍റെയിന്നിന്‍റെ നഷ്ടങ്ങളാക്കി
കടന്നു പോകാന്‍ കാത്തു നില്‍ക്കുന്നുണ്ട്.

നഷ്ടങ്ങളോക്കെയുമെന്നെയോര്‍മ്മിപ്പിക്കുന്നു
സ്വന്തമാക്കാതെയും നഷ്ടപ്പെടാമെന്ന്.
ഓര്‍മ്മകള്‍ പോലും നഷ്ടമായവനീ
ഓര്‍മ്മപ്പെടുത്തലുകളും നഷ്ടമാകുന്നു.

ജീവിതം (മാപ്പിളപ്പാട്ട്).

കൈയ്യില്‍ മൈലാഞ്ചിയും, അത്തറും പൂശി നീ 
ഒരു പുതുപ്പെണ്ണായി നീയന്നു വന്നതും; 
പ്രണയത്തിന്നതിലോല ഭാവങ്ങള്‍ കണ്ടു നാം 
പ്രണയാര്‍ദ്രമായന്നൊ,ന്നായി ചേര്‍ന്നതും 
നിന്‍റെ തൂവെള്ളപ്പല്ലുകളെന്‍ നെഞ്ചില്‍ പതിഞ്ഞതും 
നഖമുനയാല്‍ നീ ചിത്രം വരച്ചതും 
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും 
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

നാലഞ്ച്‌ മാസത്തിന്‍ ശേഷമൊരുനാളില്‍
ഓടിപ്പോയ് നീയൊന്ന് ശര്‍ദ്ദിച്ചു വന്നതും
നാണത്താല്‍ ചുവന്നൊരു മുഖമൊന്നു കണ്ടു ഞാന്‍
ഉമ്മയാകുന്നോരെന്‍ പെണ്ണിനെ കണ്ടു ഞാന്‍
പിന്നെ നിന്‍ വയറ്റിലെന്‍ ചെവിയോര്‍ത്തു കിടന്നിട്ട്
ഉള്ളിലെയനക്കത്താല്‍ കോരിത്തരിച്ചതും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

മാസങ്ങളോരുപാടങ്ങോടി കടന്നുപോയ്
വേദനയാല്‍ നീ പുളയുന്നതു കണ്ടൂ ഞാന്‍
കാലിനു ബലക്കുറവുണ്ടായ പോലെ ഞാന്‍
സിമന്‍റിട്ട തറയിലേക്കറിയാതെയിരുന്നതും
ഉള്ളില്‍ നിന്നൊരു കുഞ്ഞിന്‍ കരച്ചില്‍ ഞാന്‍ കേട്ടതും
പിന്നെ നിന്‍ ക്ഷീണിച്ച മുഖമൊന്നു കണ്ടതും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

വര്‍ഷങ്ങള്‍ക്കൊപ്പമവനും വളര്‍ന്നല്ലോ
തണ്ടൂംതടിയുമുള്ളാണായ് വളര്‍ന്നല്ലോ
ഉമ്മയും ബാപ്പയുമധികപ്പറ്റായല്ലോ
ആട്ടിയിറക്കുവാന്‍ കൈയ്യൊന്നുയര്‍ന്നല്ലോ
ഊട്ടിവളര്‍ത്തിയ ബാപ്പയ്ക്കുമുമ്മയ്ക്കും
പടിപ്പുരകാട്ടി കൊടുത്ത മകനേയും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

തെരുവിലെ യാത്രയില്‍ ഞാനേകനായ് പോയല്ലോ
തളരുമ്പോള്‍ പിടിക്കാനായ് നിന്‍ കയ്യുമെനിക്കില്ല
എങ്കിലും പറയട്ടെ എന്‍പ്രീയ സ്നേഹമേ
ഒരുതുള്ളി കണ്ണുനീരെനിക്കായി കരുതുക
അവസാനയാത്രയില്‍ കൂട്ടായിരിക്കുവാന്‍
മറക്കുവാന്‍ കഴിയില്ല ഒന്നുമൊരിക്കലും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.