Saturday, September 24, 2011

എന്തിനെന്നറിയാത്ത യാത്ര.

അവളുടെ കൈ പിടിച്ച് നടക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാറില്ലായിരിന്നു. വൈകുന്നേരങ്ങള്‍ ഞങ്ങളൂടേത് മാത്രമായ ദിവസങ്ങളിലൊന്നിലാണവള്‍ എന്നോട് പറഞ്ഞത്; ഹരീ, നമുക്കൊരു യാത്ര പോയാലോ". എങ്ങോട്ടെന്നോ എന്തിനാണെന്നോ ഞാന്‍ ചോദിച്ചില്ല. അവളുടെ ഇഷ്ടങ്ങള്‍ എന്‍റേയും ഇഷ്ടങ്ങള്‍ ആയിരുന്നല്ലോ? മറ്റൊന്നും ഓര്‍ക്കാന്‍ ശ്രമിച്ചില്ല. ആ ട്രയിനിന്‍റെ ജനലഴികളില്‍ കൂടി നോക്കുമ്പോള്‍ കാണൂന്നത് പിന്നിലേക്കൊടി മറയുന്ന പ്രകൃതിയെയാണ്‌. ഏല്ലാം പുറകിലേക്ക് സഞ്ചരിക്കുന്നു. എന്‍റെ തോളില്‍ തല ചായ്ച്ച് അവള്‍ മയങ്ങുകയാണ്‌. അതിരാവിലെ പുറപ്പെട്ടതാണ്‌. വീട്ടില്‍ അമ്മ രാവിലെ തിരക്കിയിട്ടുണ്ടാകും. അവന്‍ ഇന്നലെ വന്നില്ലേ മോളേ എന്ന് പെങ്ങളോട് ചോദിച്ചിട്ടുണ്ടാകും. അവള്‍ എന്താകും മറുപടി പറഞ്ഞിട്ടുണ്ടാകുക. ട്രയില്‍ ഏതോ സ്റ്റേഷനിലേക്ക് അടുക്കുകയാണ്‌. ആ ബഹളം കേട്ടിട്ടാകണം അവള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. സമയം വൈകുന്നേരമാകുന്നു. ആ സ്റ്റേഷന്‍റെ പേര്‌ നോക്കിയിട്ട് ഉറക്കച്ചെവിടോടെ അവള്‍ പറഞ്ഞു; ഇനി ഒരു അര മണിക്കൂര്‍, അതുമതി നമുക്കിറങ്ങാന്‍. അപ്പോഴും ഞാന്‍ ചോദിച്ചില്ല എവിടേയ്ക്കാണീ യാത്രയെന്ന്. 
 
സ്റ്റേഷനില്‍ ഇറങ്ങി അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു. സമയം സന്ധ്യയാകുന്നു. പെട്ടെന്ന് ഒന്ന് കുളിച്ച് ഫ്രഷായേ, നമുക്ക് അമ്പലം വരെ ഒന്നു പോകാം. ഇവിടെ അടുത്ത് ഒരു കാളീക്ഷേത്രമുണ്ട്. തൊഴുതിറങ്ങുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരിന്നു. ഒരേ കിടക്കയുടെ രണ്ടറ്റത്തായി കിടക്കുമ്പോഴും മനസ്സില്‍ ഒരുതരം നിസ്സം‌ഗതയായിരിന്നു. എന്തിനാണിവള്‍ ഇവിടേയ്ക്ക് വന്നത്. അത് മനസ്സിലാക്കിയിട്ടെന്നോണം അവള്‍ വിളിച്ചു. ഹരീ, നീയിപ്പോള്‍ ചിന്തിക്കുന്നത് നമ്മള്‍ എന്തിനാണിവിടേയ്ക്ക് വന്നൂയെന്നല്ലേ. വെറുതേ, വെറുതേ നിന്‍റെ കൂടെ ഒന്ന് യാത്ര ചെയ്യണമെന്ന് തോന്നി. അത്രതന്നെ. നാളെ രാവിലെ നമ്മള്‍ മടങ്ങി പോകുന്നു. ഓക്കെ. ഞാന്‍ എന്‍റെ ഇഷ്ടങ്ങള്‍ ഒരിക്കലും അവളോട് പറഞ്ഞിട്ടില്ലല്ലോ? പിന്നെ.. ഇത്....... ഉറക്കത്തിനിടയ്ക്ക് എപ്പോഴോ ഞങ്ങളുടെ അകലം കുറഞ്ഞ് വന്നു. എന്‍റെ ഉറക്കം എങ്ങോ പോയിരിന്നു. അപ്പോഴും എന്നെ കെട്ടിപ്പിടിച്ച് അവള്‍ സുഖമായി ഉറങ്ങുകയായിരിന്നു. 


തിരികെയുള്ള യാത്രയില്‍ മയക്കം മുഴുവന്‍ എനിക്കായിരിന്നു, അവളുടെ തോളില്‍ തല ചായ്ച്ച്. അതുകൊണ്ട് തന്നെ പിന്നോട്ട് സഞ്ചരിക്കുന്ന പ്രകൃതിയെ ഞാന്‍ കണ്ടില്ല. എന്‍റെ ചിന്തകളെല്ലാം മുന്നോട്ട് തന്നെയായിരുന്നിരിക്കണം. സ്റ്റേഷനില്‍ ഇറങ്ങി ബസ്സിലിരുന്നപ്പോഴും ആ ഉറക്ക ക്ഷീണം എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരിന്നു. അവസാനം ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞപ്പോഴും എന്‍റെയുള്ളില്‍ ഒരേ ഒരു ചോദ്യം മാത്രം അവശേഷിച്ചു. "എന്തിനായിരിന്നു ഈ യാത്ര......."

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?