ആ
പാതിരാത്രിയില്‍ ഞാന്‍ ആ വാതിലില്‍ മുട്ടുമ്പോള്‍ ആരാവും അത് തുറക്കുക
എന്ന് സംശയമുണ്ടായിരിന്നു. അച്ഛനാകുമോ? എങ്കില്‍ പ്രശ്നം രൂക്ഷമാകും.
വാതില്‍ തുറന്ന് ഉറക്കച്ചവിടോടെ "നീയെന്താ ഇത്ര താമസിച്ചേ" എന്ന
ചോദ്യവുമായി അമ്മ. ഞാന്‍ അല്പം വെളിച്ചത്തേയ്ക്ക് നീങ്ങി നിന്നു.
ഉറക്കച്ചവിടില്‍ നിന്നും മാറി അമ്മയുടെ കണ്ണൂകളില്‍ ഒരത്ഭുത ഭാവം. "ആരാ
മോനേ കൂടെയുള്ളത്, എന്തായാലും അകത്തേയ്ക്ക് വാ" എന്ന് പറഞ്ഞ് അമ്മ തിരിഞ്ഞു
നടക്കാന്‍ തുടങ്ങി. "അമ്മേ, ഇത് പ്രീയ; ഒരു ജീവിതം രക്ഷിക്കുവാന്‍ വേണ്ടി
ഞാനിവളെ എന്‍റെ കൂടെ കൂട്ടിക്കൊണ്ട് പോരുന്നു. അമ്മ ക്ഷമിക്കണം". എങ്ങനേയോ
ഞാനത് പറഞ്ഞൊപ്പിച്ചു എങ്കിലും ആ ശബ്ദത്തിനൊരു വിറയലുണ്ടായിരിന്നു. അമ്മ
ഒരു നിമിഷം ഒന്ന് തിരിഞ്ഞ് നോക്കി. എന്താണാ കണ്ണൂകളീലെ ഭാവം എന്ന് അറിയാന്‍
കഴിയുന്നില്ല. അമ്മയുടെ മുഖം അപ്പോഴും ഇരുട്ടിലായിരുന്നു. പിന്നെ ഒന്നും
പറയാതെ അമ്മ അകത്തേയ്ക്ക് പോയി. എനിക്കറിയാം, അമ്മയുടെ മനസ്സ്
എരിയുകയാണിപ്പോള്‍. ഒറ്റ മകന്‍റെ വിവാഹം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട്
കുറേ കാലമായിരിക്കുന്നു ആ വൃദ്ധമനസ്സ്. അതേ സ്വപ്നവുമായി അകത്തെ മുറിയില്‍
ഒരു പുസ്തകവും മാറില്‍ അമര്‍ത്തി ഒരു വൃദ്ധന്‍ ആ ചാരു കസേരയില്‍
കിടപ്പുണ്ടാകും ഇപ്പോള്‍. പുറത്തു നിന്നും ഹാളിലേയ്ക്ക് കയറി, വലതു കാല്‍
വച്ച്. അകത്തെ മുറിയില്‍ വെട്ടം പരന്നു. സാവധാനം, തലമുടിയൊക്കെ നരച്ച ഒരു
രൂപം ഹാളിലേയ്ക്ക് വന്നു. അച്ഛന്‍. കൂടെ അമ്മയുമുണ്ട്. ഞാന്‍ കാണാന്‍
തുടങ്ങിയപ്പോള്‍ മുതല്‍ അച്ഛന്‍റെ നിഴലായി അമ്മയുമുണ്ടല്ലോ? തലയുയര്‍ത്തി
രണ്ട് പേരേയും ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ വീണ്ടും അകത്തേയ്ക്ക്.
എന്തു ചെയ്യണമെന്നറിയാതെ ആ സോഫയില്‍ ഇരുന്നു. പിന്നീടെപ്പോഴാണ് രണ്ടു
പേരും മയക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല. ഉറക്കം ഉണരുമ്പോള്‍ ഒരു
പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട് ശരീരം. അമ്മയാകും.
അടുക്കളയില്‍
പാത്രങ്ങളുടെ വര്‍ത്തമാനം കേള്‍ക്കാം. "കുളിച്ച് വരൂ, പ്രാതല്‍ കഴിക്കാം".
അമ്മയുടെ ശബ്ദം. എങ്ങനെ അവരെ അഭിമുഖീകരിക്കും എന്നതായിരിന്നു എന്‍റെ
പ്രശ്നം. ഞാന്‍ കുളിച്ചിറങ്ങിയപ്പോള്‍ അവള്‍ എന്ത് ചെയ്യണമെന്നറിയാതെ
നില്‍ക്കുകയായിരിന്നു. കുളീച്ചിട്ട് മാറിയുടുക്കാന്‍ വസ്ത്രമില്ല.
തല്‍ക്കാലം എന്‍റെ ഒരു പൈജാമയും ജുബ്ബയും കൊടുക്കാം. അവള്‍ കുളീച്ച്
തോര്‍ത്തിയിട്ട് നോക്കിയപ്പോള്‍ കുളിമുടിയുടെ വാതിലില്‍ ഒരു സാരി.
അമ്മയാകും. അല്ലാതാര്? പ്രാതല്‍ കഴിക്കാനിരുന്നപ്പോഴാണ് ആദ്യമായി
അവളെപ്പറ്റി അച്ഛന്‍ ശബ്ദിച്ചത്. അമ്മ ഒരു നിശബ്ദ സിനിമയിലെ കഥാപാത്രം പോലെ
ഇടയ്ക്കിടയ്ക്ക് അവളെ നോക്കുന്നുണ്ടായിരിന്നു. "ഇ പെണ്‍കുട്ടി ആരാണെന്നോ
ഏതാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഇവളുടെ ജാതിയേതെന്നോ മതമേതെന്നോ
എനിക്കറിയില്ല. പക്ഷേ ഒന്ന് ഞാന്‍ പറയാം; ഇവളെ അന്വേഷിച്ച് ഇവിടേയ്ക്ക്
ആരും വരില്ലെങ്കില്‍, അങ്ങനെ ആരുമില്ലെങ്കില്‍ നിനക്കിവളെ വിവാഹം കഴിക്കാം,
ഇന്നു തന്നെ. അഥവാ ആരെങ്കിലും അങ്ങനെ വരാനുണ്ടെങ്കില്‍ അവരെ
വിവരമറിയിക്കുക. വിവാഹം അവരുടെ സാന്നിധ്യത്തില്‍ ആകണം. മനസ്സിലായോ നിനക്ക്
ഞാന്‍ പറഞ്ഞത്"? ഉവ്വ് എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. പിന്നീടാണ്
ഞാന്‍ അമ്മയോടെല്ലാ വിവരവും അവളെപ്പറ്റി പറയുന്നത്. അനാഥയായ, തെരുവില്‍
വളര്‍ന്ന അവളെ അന്വേഷിച്ച് ആരുവരാന്‍? പിറ്റേന്നു തന്നെ നല്ലൊരു
മുഹൂര്‍ത്തം നോക്കി ആ വിവാഹം നടന്നു.
വര്‍ഷങ്ങള്‍ പലത് കടന്നു
പോയിരിക്കുന്നു. ആ സന്ധ്യാ നേരത്ത് ഡോര്‍ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍
അവള്‍ പറഞ്ഞു. അത് അവനാകും. നാടാകെ തെണ്ടിത്തിരിഞ്ഞ് എപ്പോഴെങ്കിലും വന്ന്
കയറിയാല്‍ മതിയല്ലോ? ചോദിക്കാനും പറയാനും ആരുമില്ലല്ലോ?
പിറുപിറുപ്പോടെയാണ് വാതില്‍ തുറന്നത്. എന്തോ പറയാന്‍ തുറന്ന വായ് അതേ പോലെ
നിന്നു പോയ്. അവനോടൊപ്പം ഒരു പെണ്‍കുട്ടി. കൈയ്യില്‍ ഒരു ചെറിയ
ബാഗുമുണ്ട്. കുറച്ചു കഴിഞ്ഞ് അവനൊടൊപ്പം ആ പെണ്‍കുട്ടി ആ വീടിന്‍റെ
പടിയിറങ്ങുമ്പോഴും അകത്ത് നിന്നും അട്ടഹാസങ്ങള്‍ ഉയരുന്നുണ്ടായിരിന്നു.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?