Tuesday, September 27, 2011

ഞാന്‍ ആരായിരിന്നു?

ഇനി ഞാന്‍ പറയാന്‍ പോകുന്നത് എന്‍റെ കഥയാണ്‌. അതില്‍ നിങ്ങള്‍ക്ക് ചോദിക്കാന്‍ ഒരുപാടുണ്ടാകും. തെറ്റുകളും ശരികളൂം ചൂണ്ടിക്കാണിക്കാം, ആക്ഷേപിക്കാം, കല്ലെറിയാം, നല്ലതെന്ന് തോന്നിയാല്‍ അനുമോദിക്കാം. പക്ഷേ അതിനു മുന്‍പ് ഒന്നോര്‍ക്കുക. ഞാനും നിങ്ങളെ പോലെ വികാര-വിചാരങ്ങളൂള്ള മനുഷ്യരാണെന്ന്. നിങ്ങളില്‍ തെറ്റു ചെയ്യാത്തവര്‍ എന്നെ കല്ലെറിയൂ എന്ന് ഞാന്‍ പറയില്ല, കാരണം തെറ്റു ചെയ്യാത്തവരായി ആരുണ്ട്? എന്നെപ്പറ്റി ഞാന്‍ നിങ്ങളോട് പറയുന്നതിനു മുന്‍പേ നിങ്ങള്‍ നിങ്ങള്‍ക്കറിയാവുന്ന എന്നെ നിങ്ങളോര്‍ക്കുക. ഞാന്‍ പറയുന്ന എന്നേയും നിങ്ങള്‍ക്കറിയാവുന്ന എന്നേയും ഒരിക്കലും ഒരു താരതമ്യം ചെയ്യാതിരിക്കുക. നിങ്ങളെന്നോട് ചെയ്യുന്ന ഒരു കാരുണ്യമാകുമത്. എനിക്കറിയാം. നിങ്ങള്‍ ബോറടിച്ച് തുടങ്ങിയിരിക്കുന്നു. ഇവന്‍ വെറുതേ കാര്യങ്ങള്‍ വലിച്ചു നീട്ടി കൊണ്ട് പോകുന്നു. അടുത്ത ചൂടന്‍ രംഗം കാണാന്‍ ഇരിക്കുന്ന പ്രേക്ഷകന്‍റെ മനസ്സാണ് നിങ്ങള്‍ക്കിപ്പോള്‍. ഒന്നോര്‍ക്കുക, ഇതൊരു സിനിമയല്ല. എന്‍റെ പച്ചയായ ജീവിതമാണ്‌ പറയാന്‍ പോകുന്നത്. അതില്‍ തകര്‍ന്നടിയുന്നത് ഒരുപക്ഷേ പല ജീവിതങ്ങളാകാം; അല്ലെങ്കില്‍ ഞാന്‍ തന്നെയാകാം. നാളെ ഒരുപക്ഷേ എന്ന് കണ്ടെന്ന് വരില്ല. ഒരു സുനാമി പോലെ എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞെന്ന് വരാം. ചിലപ്പോള്‍ അതില്‍ നിന്നും രക്ഷപെട്ട ഒരു കുഞ്ഞ് വഞ്ചിയെപ്പോലെ ഞാന്‍ ഉയര്‍ത്തെഴുന്നേറ്റെന്നും വരാം. ഒന്നിനും ഒരുറപ്പില്ലാത്ത ജീവിതം. വീണ്ടും നിങ്ങള്‍ക്ക് ബോറടിച്ച് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ കണ്ണുകളീലെ മയക്കം അതാണ്‌ കാണിക്കുന്നത്. ഇല്ല, ഇനി താമസിപ്പിക്കുന്നില്ല. ഞാന്‍ പറയട്ടെ എന്നേപ്പറ്റി....


എന്‍റെ പേര്‌..... പേര്‌........ പേരെന്തായിരിന്നു? സ്ഥലം..... ഇല്ല, അതും ഓര്‍മ്മയില്ല. എനിക്കെന്തോ സംഭവിച്ചിരിക്കുന്നു. ഇല്ലാ, എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. അയ്യോ, എന്‍റെ ഇന്നലെകള്‍ എന്നെ വിട്ട് പോയിരിക്കുന്നു. എനിക്കറിയാം. നിങ്ങളുടെ ക്ഷമ കൈവിട്ടു പോയിരിക്കുന്നു. ആ ചൂടന്‍ രംഗം കട്ട് ചെയ്തവന്‍റെ അച്ഛന്‌ വിളിക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ഇന്നലെകളില്ലാത്ത ഞാന്‍ ഇനി എന്ത് പറയുവാന്‍. ഇനി എന്നെ ഞാനറിയുവാന്‍  നിങ്ങള്‍ പറയൂ, ആരായിരിന്നു നിങ്ങളറിയുന്ന ഈ ഞാന്‍?

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?