Friday, December 25, 2009

ഈഡന്‍ ഗാര്‍ഡനില്‍ ഒരു ദിവസം.

ഡിസംബര്‍ 22.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍.

ഇന്‍ഡ്യാ - ശ്രീലങ്കാ നാലാം ഏകദിനം.


സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദ്ര സേവാംഗും ഈഡന്‍ ഗാര്‍ഡണ്ടെ പിച്ചിലേക്ക് നടന്നിറങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ "ഇന്‍ഡ്യ റിക്വേര്‍ഡ് 316 റ്റു വിന്‍" എന്നത് എല്ലാ ഇന്‍ഡ്യന്‍ ആരാധകരേയും നിരാശയിലാഴ്ത്തിയിരിക്കാം. കാരണം 315 എന്നത് ആ ഗ്രൗണ്ടിലെ ഏറ്റവും വലിയ ഏകദിന സ്കോറായിരിന്നു. അതിനെ മറികടക്കുക എന്നത് മറ്റൊരു എവറസ്റ്റ് കീഴടക്കല്‍ മാത്രമാണല്ലോ?

പെരേരയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിക്കൊണ്ട് സേവാംങ് ഇന്‍ഡ്യന്‍ ഇന്നിംങ്സ് ആരംഭിച്ചപ്പോള്‍ ഒരുപക്ഷേ നഷ്ടപ്പെട്ട ആവേശം കാണികള്‍ക്കുണ്ടായത് സ്വാഭാവികം മാത്രം. ആദ്യ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 12. ലക്മല്‍ എറിഞ്ഞ രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്ത് ഉയര്‍ന്നു പൊങ്ങി സേവാംങ്ങിനു നേരേ. പിന്നെ ആ ബാറ്റില്‍ നിന്നും നേരേ ദില്‍ഷന്‍റെ കൈകളിലേക്ക്. ഒരു നിമിഷത്തെ പാളിച്ചയ്ക്ക് പകരം നല്‍കേണ്ടി വന്നത് ഒരു ഇന്‍ഡ്യന്‍ വിക്കറ്റ്. ആ ഒരു നിമിഷം ഇന്‍ഡ്യയുടെ പതനം ശ്രീലങ്കക്കാരെ പോലെ തന്നെ നമ്മളീല്‍ പലരും സ്വപ്നം കണ്ടൂ എന്നത് സത്യം മാത്രം.

മൂന്നാമത്തെ ഓവറിലെ ആദ്യ പന്ത് സച്ചിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. നാല്‌ റണ്‍സ്. ഇന്‍ഡ്യന്‍ കാണികളുടെ ആവേശ തിരയിളക്കം ഈഡന്‍ ഗാര്‍ഡന്‍റെ പവലിയനുകളില്‍ അലയിളകി. ലക്മലിന്‍റെ നാലാമത്തെ ഓവറിന്‍റെ മൂന്നാമത്തെ പന്ത് വീണ്ടൂം സച്ചിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. അതിണ്ടെ ആവേശം കെട്ടടങ്ങുനതിനു മുന്‍പ് തന്നെ ലക്മല്‍ തന്‍റെ നാലാമത്തെ പന്ത് എറിഞ്ഞിരുന്നു. നേരേ വന്ന പന്തിനെ കവര്‍ പോയിന്‍റിലേക്ക് ആഞ്ഞടിക്കുന്ന സച്ചിന്‍. ആരവം അടങ്ങി എങ്ങും നിശബ്ദത. സച്ചിന്‍ ആഞ്ഞടിച്ച ആ പന്ത് രണ്ടീവിന്‍റെ കൈയ്യില്‍ ഇരുന്ന് നമ്മെ നോക്കി ചിരിച്ചുവോ?

നാലാം ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 28 / 2.

ക്രീസില്‍ ഗൗതം ഗംഭീറും വിരാട് കോഹ്ലിയും. ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചിരിന്നു. ഒരിക്കലും മറികടക്കാനാകില്ലെന്ന് ആദ്യം തന്നെ കരുതിയ ആ അതിവിശാലമായ സ്കോറിനു മുന്നില്‍ ഇന്‍ഡ്യ പതറുന്ന സമയം. ഗംഭീറും കോഹ്ലിയും ഒന്നും രണ്ടും റണ്ണുകളുമായി ഇന്‍ഡ്യയുടെ സ്കോര്‍ മുന്നോട്ടു കൊണ്ടു പോയപ്പോഴും ഇന്‍ഡ്യന്‍ ആരാധകര്‍ക്ക് വിശ്വാസമില്ലായിരിന്നു കളീയുടെ അവസാനം സന്തോഷമാകുമെന്ന്.

മലിംഗയുടെ ഒന്‍പതാമത്തെ ഓവര്‍. മൂന്നാമത്തെ പന്ത് കോഹ്ലിക്കു നേരേ. വി വി എസ് ലക്ഷ്മണിനെ ഓര്‍മിപ്പിക്കുന്ന, അല്ലെങ്കില്‍ അസ്‌ഹറുദ്ദീനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഷോട്ട്. പന്ത് ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. ആഞ്ഞടിച്ച നാലാമത്തെ പന്ത് കവറിനും പോയിന്‍റിനും ഇടയിലൂടെ വീണ്ടും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. കാണികള്‍ക്കിടയില്‍ ഒരു ചെറു തിരയിളക്കം. എല്ലാവരും ഒന്നാശ്വസിച്ചു, ഇത് ഇന്‍ഡ്യയുടെ തിരിച്ചു വരവോ? അഞ്ചാമത്തെ പന്ത്. ഒരു സ്ലോ ബാള്‍. അത് ബാറ്റില്‍ നിന്നും പാഡിലേക്ക്, പാഡില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. ആര്‍ത്തു വിളീയ്ക്കുന്ന ജനക്കൂട്ടം. അതേ, ഇതൊരു തിരിച്ചു വരവാണ്‌. ഇന്ന് ഇന്‍ഡ്യ വിജയിക്കും. ഏവരുടേയും മനസ്സ് മന്ത്രിച്ചിരിക്കാം. അവസാന പന്ത്. തേര്‍ഡ് മാനിലേക്ക് പന്ത് തട്ടിയിട്ട് അതിനെ നോക്കി നില്‍ക്കുന്ന കോഹ്ലി. പന്ത് ആ ഓവറില്‍ നാലാം തവണ തുടര്‍ച്ചയായി ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. മലിംഗയ്ക്ക് അത്ര ഭീകരമായ മറ്റൊരനുഭവമുണ്ടായി കാണുമോ? എന്തായാലും കാണികള്‍ ആര്‍ത്തു വിളിച്ചു. ഇന്‍ഡ്യ കളിയിലേക്ക് തിരിച്ചു വരുന്നു.

പിന്നീട് പന്ത് എറിയാനായി കളീക്കാര്‍ മാറി മാറി വന്നു. പക്ഷേ അവരാര്‍ക്കും മറ്റൊരു ഇന്‍ഡ്യന്‍ വിക്കറ്റ് നേടാനായില്ല. ഒന്നില്‍ നിന്നും രണ്ടിലേക്കും രണ്ടില്‍ നിന്നും നാലിലേക്കും സ്കോര്‍ മാറി മറിഞ്ഞു. കളി ഇന്‍ഡ്യയുടെ പക്ഷം. ശ്രീലങ്കയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സമയം. ജയിക്കണമെങ്കില്‍ ഇവരില്‍ ഒരാളെ എത്രയും പെട്ടെന്ന് പുറത്താക്കണം. ആവനാഴിയിലെ എല്ലാ ആയുധങ്ങളൂം എടുത്തു പ്രയോഗിക്കുന്ന ശ്രീലങ്കന് ക്യാപ്ടന്‍ ‍സംഗക്കര. പക്ഷേ എല്ലാ ആയുധങ്ങളും അദൃശ്യമായ ഒരു ഭിത്തിയില്‍ തട്ടി മടങ്ങുന്നു.

മുപ്പത്തി എട്ടാം ഓവറിന്‍റെ അഞ്ചാമത്തെ പന്ത്. ദില്‍ഷന്‍റെ പന്ത് മിഡ് വിക്കറ്റിനു നേരേ തട്ടിയിട്ട് അന്തരീക്ഷത്തിലേക്ക് കൈകള്‍ ചുരുട്ടിയെറിഞ്ഞ് ഹെല്‍മറ്റൂരുന്ന വിരാട് കോഹ്ലി. ആദ്യ ഏകദിന സെഞ്ചൊറി. തൊട്ടടുത്ത പന്ത്‌ ബാക്‌വേഡ് പോയണ്ടിലേക്ക് അടിച്ചിട്ട് ഓടുന്നതിനിടയില്‍ മുകളീലേക്ക് നോക്കി അദൃശ്യനായ ദൈവത്തിനു നന്ദി പറയുന്ന ഗൗതം ഗംഭീര്‍. ഗംഭീറിന്‍റെ ഏഴാം ഏകദിന സെന്ചൊറി. ഒരോവറില്‍ രണ്ട് സെഞ്ചൊറി. അപ്പോള്‍ ഇന്‍ഡ്യ വിജയം മണക്കുന്നുണ്ടായിരിന്നു. സുനിശ്ചിതമായ വിജയം.

മുപ്പത്തി ഒന്‍പതാം ഓവറിന്‍റെ അവസാന പന്ത്. പെരേര കോഹ്ലീക്കു നേരേ. ആഞ്ഞടിച്ച പന്ത് ഉയര്‍ന്നുയര്‍ന്ന് അവസാനം ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിനു സമീപം ബൗണ്ടറിക്കു പുറത്ത്. സിക്സ്. ആരവം അടങ്ങിയില്ല. അടുത്ത ഓവറിന്‍റെ രണ്ടാമത്തെ പന്ത്. രണ്ടീവ് കോഹ്ലീക്കു നേരേ. ഒരു കൂറ്റനടി. ആകാശത്തോളമുയര്‍ന്ന പന്ത് ബൗണ്ടറിയോട് ചേര്‍ന്ന് പുഷപ്പകുമാര കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ കൈയ്യടിയുടെ പിന്‍‌ബലത്തോടെ കോഹ്ലിയെ ഈഡന്‍ ഗാര്‍ഡന്‍ പവലിയനിലേക്ക് സ്വീകരിക്കുകയായിരിന്നു.

ഇന്‍ഡ്യയുടെ സ്കോര്‍ നാല്പ്പത് ഓവറില്‍ 251 / 3. വിജയിക്കാന്‍ 10 ഓവറില്‍ 65.

ദിനേശ് കാര്‍ത്തിക് ക്രീസില്‍. പിന്നെയെല്ലാം ഒരു ചടങ്ങു മാത്രമായിരിന്നു. നാല്പ്പത്തിയെട്ട് ഓവറില്‍ ഇന്‍ഡ്യയുടെ സ്കോര്‍ 313 / 3. വിജയിക്കാന്‍ 12 പന്തില്‍ നിന്നും 3 റണ്‍സ്. 136 പന്തില്‍ നിന്നും 146 റണ്‍സുമായി ഗംഭീര്‍ ക്രീസില്‍. മലിംഗയുടെ ആദ്യ പന്ത്. ഓഫ് സ്റ്റംമ്പിന്‌ പുറത്തെറിഞ്ഞ ആ പന്തിനെ രണ്ട് ഫീല്‍ഡര്‍‌മാര്‍ക്കിടയിലൂടെ ബൗണ്ടറീ കടത്തിയപ്പോള്‍ ഈഡന്‍ ഗാര്‍ഡനിലെ കാണികള്‍ മാത്രമല്ല; ലോകത്തിന്‍റെ ഓരോ കോണിലും ടെലിവിഷനിലൂടെ കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിനാള്‍ക്കാരും ഒരു നിമിഷം ആവേശം കൊണ്ട് എണീറ്റ് നിന്നിട്ടുണ്ടാകാം. ഇന്‍ഡ്യയുടെ സ്കോര്‍ 48.1 ഓവറില്‍ 3 ന്‌ 317. അപ്പോഴും 137 പന്തില്‍ നിന്നും 150 റണ്‍ നേടി ഗൗതം ഗംഭീര്‍ അചഞ്ചലനായി ക്രീസില്‍ നിന്ന്‌ പുഞ്ചിരിക്കുന്നുണ്ടായിരിന്നു.

ഫലം ഇന്‍ഡ്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. കൂടെ കപ്പ് ഇന്‍ഡ്യയുടെ കൈയ്യില്‍.

Sunday, November 15, 2009

സച്ചിന്‍ - ഒരത്ഭുത പ്രതിഭ.

സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ - ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാള്‍.

ബ്രയന്‍ ലാറയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ - “ സച്ചിന്‍ ഒരു ജീനിയസാണ്. ഞാനൊരു സാധാരണ മനുഷ്യനും.

പക്ഷേ നമ്മളില്‍ പലര്‍ക്കും സച്ചിന്‍ വെറുമൊരു ക്രിക്കറ്ററാണ്‌. അദ്ദേഹം നേടുന്ന ഓരോ റണ്ണും ലോക റിക്കോര്‍ഡ് ആകുമ്പോഴും നാം പറയുന്നു, സച്ചിന്‍, നീയൊരു പല്ലുകൊഴിഞ്ഞ സിംഹമാണ്‌. പലതും പറയുന്ന നമുക്കെന്തും പറയാം. കാരണം പറയുക എന്നുള്ളത് നമ്മുടെ സ്വഭാവമാണ്‌. പക്ഷേ അപ്പോഴും ഒന്നോര്‍ക്കുക, ഒന്ന് ചിന്തിക്കുക; നമുക്ക് ആരാണ്‌ സച്ചിന്‍?

സച്ചിന്റെ ആരാധകരുടെ പ്രശസ്തമായ ഒരു വാചകമുണ്ട്- "ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിന്‍ എന്റെ ദൈവവും". നിങ്ങള്‍ സച്ചിനെ ദൈവമായി കരുതി ആ വാക്കുകള്‍ വിശ്വസിക്കണ്ട; കാരണം അത് വിശ്വസിക്കുവാന്‍ ദൈവത്തെ നിങ്ങള്‍ നേരിട്ടു കണ്ടില്ലല്ലോ?

സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല. കാരണം മാച്ച് വിന്നര്‍ ആവാന്‍ മാച്ച് ജയിക്കണം. അതിന് 10 മണ്ടന്മാര്‍ കൂടെ ഉണ്ടായിട്ടു കാര്യമില്ല. 10 കളിക്കാര്‍ വേണം. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്. പക്ഷേ ഭാരതം കളി തോല്‍ക്കുമ്പോഴെല്ലാം നാം പറയുന്നു, സച്ചിന്‍, നീയുണ്ടായിട്ടും ഇന്‍ഡ്യ .......?

സച്ചിന്‍ ഔട്ട് ആയാല്‍ ഇന്ത്യ തോറ്റു എന്ന അവസ്ഥ ഇനിയും മാറിയിട്ടില്ല. ഈ കഴിഞ്ഞ പരമ്പരയില്‍ അതല്ലേ കാണിക്കുന്നത്?

സച്ചിന്‍ 40 ല്‍ നില്‍ക്കുമ്പോള്‍ അശോക ഡിസില്‍വ ലെഗ് സ്ടംമ്പിന് ഒരുപാടു പുറത്തു കൂടി പോയ പന്തില്‍ സച്ചിനെ എല്‍ ബി ഡബ്ല്യൂ വിളിച്ചു ഔട്ട് ആക്കി. സച്ചിനെതിരെ ഉള്ള അറുപതിമൂന്നാമത്തെ തെറ്റായ തീരുമാനം. ഡിസില്‍വ എന്ന അമ്പയറുടെ സച്ചിനെതിരെയുള്ള അഞ്ചാമത്തെ തെറ്റായ തീരുമാനം. അതോടെ യുവരക്തങ്ങളുടെ ഘോഷയാത്രയായി പവനിയനിലേക്ക്, ഫലം ഇന്ത്യയുടെ തോല്‍‌വിയും. അപ്പോഴും നാം പറഞ്ഞു; സച്ചിന്‍... നീയുണ്ടായിട്ടും......?

1999 ലെ ഇന്ത്യ - പാക്‌ ചെന്നൈ ടെസ്റ്റ്‌.

നടുവേദനയുമായാണ് സച്ചിന്‍ ചെന്നൈ ടെസ്റ്റ്‌ കളിക്കാന്‍ ഇറങ്ങിയത്‌. മുതുകില്‍ ഐസ് കട്ടകള്‍ കെട്ടി വച്ചു, വേദന കടിച്ചമര്‍ത്തി, വേദന സംഹാരികള്‍ പ്രയോഗിച്ച്‌. ഇടയ്ക്ക് സച്ചിന്‍ വേദന കൊണ്ടു പുളയുന്നത് കാണാമായിരുന്നു.

ഇന്ത്യയ്ക്ക്‌ ജയിക്കാന്‍ വേണ്ടിയിരുന്നത് 271 റണ്‍സ്. സച്ചിന്‍ 136 റണ്‍സ് എടുത്തു. വേദന സഹിക്കാന്‍ വയ്യാതെ, കളി പെട്ടെന്ന് തീര്‍ക്കാന്‍ ആവാം അദ്ദേഹം ഒരു വലിയ ഷോട്ടിനു ശ്രമിച്ചു ഔട്ട് ആയി. അപ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് വെറും 16 റണ്‍സ്. 3 വിക്കറ്റുകള്‍ ബാക്കി. അത് ഒരു ടെസ്റ്റ്‌ മത്സരം ആണെന്ന് ഓര്‍ക്കുക. ഇന്ത്യ 12 റണ്‍സ് നു തോറ്റു. അതായത്‌ ബാക്കിയുള്ള മഹാന്മാര്‍ ചേര്‍ന്ന് 4 റണ്‍സ് എടുത്തു. അന്നും നമ്മള്‍ പറഞ്ഞു. സച്ചിന്‍... നീയുണ്ടായിട്ടും.....!!

മുന്‍ ബി സി സി ഐ പ്രസിഡന്റ് രാജ് സിംഗ് ദുര്‍ഗാപൂര്‍ ആ ഇന്നിങ്സിനെ പറ്റി പിന്നീട് പറഞ്ഞത് ഇതാണ്:

" In my life time being in and out of Indian Dressing Room in various capacities I have never seen a man half as patriotic as He is[Sachin Tendulkar]. He opens his bag and there is Ganpati and there is flag of India."

പിന്നീട് സഞ്ജയ്‌ മന്‍‌ജരേക്കര്‍ പറഞ്ഞിരുന്നു: ആ കളി കഴിഞ്ഞ് 6-7 വര്‍ഷങ്ങള്‍ക്കു ശേഷവും സച്ചിന്‍ തന്നെ കാണുമ്പോള്‍ പറയുമായിരുന്നു, "ചെന്നൈ ടെസ്റ്റില്‍ ഞാന്‍ ആ ഷോട്ട് കളിച്ചില്ലായിരുന്നെങ്കില്‍ നമുക്കു ജയിക്കാമായിരുന്നു അല്ലെ" എന്ന്...! അങ്ങനെയെങ്കില്‍ ഈ കളി സച്ചിനെ എത്ര മാത്രം തളര്‍ത്തിയിട്ടുണ്ടാവണം...? അപ്പോഴും നമ്മള്‍ പറഞ്ഞു, സച്ചിന്‍ നീയുണ്ടായിട്ടും.....!!

1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റില്‍ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന്‍ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടി ആ തീരുമാനം ശരിയാണെന്ന് സച്ചിന്‍ തെളിയിച്ചു. 1994 സെപ്റ്റംബര്‍ 9-ന് ശ്രീലങ്കയിലെ കൊളംബോയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.

“ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ സച്ചിന്‍ തന്നെ" എന്ന സ്റ്റീവ് വോയുടെ അഭിപ്രായം സച്ചിന്‍ മുന്‍‌കൂട്ടീ കണ്ടിരുന്നുവോ?

1996-ലെ ലോകകപ്പില്‍ (വില്‍സ് കപ്പ്) 523 റണ്‍സുമായി സച്ചിന്‍ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തന്നെയായിരുന്നു ഏറ്റവും ഉയര്‍ന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോകകപ്പിലെ ശ്രീലങ്കക്കെതിരെ നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ചവച്ചത് സച്ചിന്‍ മാത്രമാണ്. 65 റണ്‍സുമായി സച്ചിന്‍ പുറത്തായതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ്ങ് നിര തകര്‍ന്നടിഞ്ഞു. നിരാശരായ കാണികള്‍ അക്രമാസക്തരാവുകയും കളി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. അന്നും നമ്മള്‍ പറഞ്ഞില്ലേ, സച്ചിന്‍, നീയുണ്ടായിട്ടും........!!

1996-ല്‍ സച്ചിന്‍ ക്യാപ്റ്റനായി. 1997 ആയപ്പോഴേക്കും ടീമിന്റെ പ്രകടനം വളരെ മോശമായി. സച്ചിന്‍ ക്യാപ്ടനായതില്‍ പിന്നെ കൂടെയുള്ള പലരും കളി മറന്നു. മറന്നതോ അതോ മറന്നതായി നടിച്ചതോ? അപ്പോഴും സച്ചിന്‍ ശാന്തനായിരിന്നു. ഒരുപക്ഷേ സച്ചിന്‍ മനസ്സിലാക്കിയിട്ടുണ്ടാവണം ചിലരുടെ പിന്നാമ്പുറത്തെ ആ വൃത്തികെട്ട മറവിയെ പറ്റി. അതിനേപ്പറ്റി അസ്‌ഹറുദ്ദീന്‍ ഇങ്ങനെ പറഞ്ഞു, "അദ്ദേഹം ജയിക്കുകയില്ല. ആ ചെറിയവന്റെ വിധിയില്‍ ജയമില്ല". യഥാര്‍ത്ഥത്തില്‍ എന്താണ്‌ അസ്‌ഹറുദ്ദീന്‍ ഉദ്ദേശ്ശിച്ചതെന്ന് ഇന്നും അദ്ദേഹത്തിനു മാത്രമറിയാവുന്ന രഹസ്യമാണ്‌.

1998-ല്‍ ധാക്കയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ഐ.സി.സി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തില്‍ സച്ചിന്‍ 128 പന്തില്‍ നിന്ന് 141 റണ്‍സും 4 വിക്കറ്റും നേടി.

പി. ബാലചന്ദ്രന്‍ പറയുന്നത് "ഇത്രയും ഫൂട്ട് വര്‍ക്കുകളുള്ള ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല" എന്നാണ്‌.

സച്ചിന്‍റെ നേട്ടങ്ങള്‍ കാണാന്‍ നമുക്ക് കണ്ണുണ്ടായിട്ടില്ല. കാരണം നല്ലതൊന്നും നാം കാണാറില്ലല്ലോ?

1996 ലോകകപ്പിനിടയില്‍ സച്ചിന്റെ പിതാവ് പ്രൊഫസര്‍ രമേശ് തെന്‍ഡുല്‍ക്കര്‍ അന്തരിച്ചു. കെനിയക്കെതിരെ ബ്രിസ്റ്റളില്‍ നടന്ന അടുത്ത മത്സരത്തില്‍ ഒരു മിന്നല്‍ സെഞ്ച്വറിയുമായി സച്ചിന്‍ മടങ്ങിയെത്തി. വെറും 101 പന്തുക്കളില്‍നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമര്‍പ്പിച്ചു.

പ്രീയപ്പെട്ട പിതാവേ, നിനക്കഭിമാനിക്കാം, നിന്‍റെ മകനെയോര്‍ത്ത്. സ്വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിനക്കനുവദനീയമായിരിക്കും, കാരണം നീ ജന്മം നല്‍കിയത് വെറുമൊരു മനുഷ്യനല്ല. കാരണം അവതാരങ്ങള്‍ എല്ലായിപ്പോഴും ഉണ്ടാകുന്നതല്ലല്ലോ?

പാക്കിസ്ഥാനുമായി നടന്ന പരമ്പരയില്‍ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ പുറത്താകാതെ 194 റണ്‍സുമായി സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നു. ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ ക്യാപ്ടന്‍ രാഹുല്‍ ദ്രാവിഡ് ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. അന്ന് കുനിഞ്ഞ ശിരസ്സുമായി പവലിയനിലേക്ക് മടങ്ങിയ സച്ചിന്‍റെ രൂപം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്‌. അന്ന് നടന്ന പത്രസമ്മേളനത്തില്‍ ഇരട്ട സെഞ്ച്വറി നഷ്ടമായത് തന്നെ നിരാശനാക്കിയെന്നും ഡിക്ലയറിങ്ങ് തീരുമാനം തന്നെ അമ്പരപ്പിച്ചെന്നും സച്ചിന്‍ പറഞ്ഞു. പല മുന്‍ക്രിക്കറ്റര്‍മാരും ദ്രാവിഡിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഡിക്ലയറിങ്ങ് തീരുമാനം സൗരവ് ഗാംഗുലിയുടേതായിരുന്നുവെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. താനെടുത്ത തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് ഗാംഗുലി പിന്നീട് സമ്മതിക്കുകയും ചെയ്തു. ക്യാപ്ടനായ ദ്രാവിഡിനെ മറികടന്ന് അങ്ങനെയൊരു തീരുമാനം എടുക്കാന്‍ എന്തായിരിന്നു ഗാംഗുലിയെ പ്രേരിപ്പിച്ചത്? ആര്‍ക്കുമറിയില്ല.....!!

2006. സച്ചിന്‍ ഫോമില്ലാതെ കഴിയുന്ന കാലം. ഫോം വീണ്ടെടുക്കുന്നതിനും ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനുമായി ലാഷിങ്സ് ലോക ഇലവണിനുവേണ്ടി 5 മത്സരങ്ങള്‍ കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മിന്നല്‍ പ്രകടനം നടത്തിയ സച്ചിന്റെ 5 മത്സരങ്ങളിലെ സ്കോറുകള്‍ യഥാക്രം 155, 147(retired), 98, 101(retired), 105 എന്നിങ്ങനെയായൊരുന്നു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്റെ സ്ട്രൈക്ക് റേറ്റ് 100 നും വളരെ മുകളിലായിരുന്നു. ഒരു അന്താരാഷ്ട്ര ടീമിനെതിരേയുള്ള തന്റെ ആദ്യ ട്വെന്റി20 മത്സരത്തില്‍ സച്ചിന്റെ വെറും 21 പന്തുകളില്‍നിന്നുള്ള അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്റര്‍നാഷ്ണല്‍ XI ടീം വെറും 10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 123 എന്ന ഉയര്‍ന്ന സ്കോറിലെത്തി. പാക്കിസ്ഥാന്‍ XIന് എതിരെയായിരുന്നു ആ മത്സരം. അപ്പോഴും നാം പറഞ്ഞു, സച്ചിന്‍റെ കാലം കഴിഞ്ഞിരിക്കുന്നു.......!!

സച്ചിന്റെ മടങ്ങിവരവ് നാം കണ്ടത് മലേഷ്യയില്‍ നടന്ന ഡി.എല്‍.എഫ് കപ്പിലാണ്. ആ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങാനായത് സച്ചിന് മാത്രമാണ്. മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ത്തന്നെ (2006 സെപ്റ്റംബര്‍ 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ) സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങിവരാനാവാത്തതുപോലെ വഴുതിപ്പോവുകയാണെന്ന് വിശ്വസിച്ച വിമര്‍ശകര്‍ക്ക് അദ്ദേഹം തന്റെ 40 ആം ഏകദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നല്‍കി. സച്ചിന്‍ പുറത്താകാതെ 141 റണ്‍സ് നേടിയെങ്കിലും മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ് രീതിയിലൂടെ വെസ്റ്റ് ഇന്‍ഡീസ് വിജയികളായി. അന്നും നമ്മള്‍ പറഞ്ഞിരുന്നുവോ, സച്ചിന്‍, നീയുണ്ടായിട്ടും.........!!

2007-08 ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ മികച്ച ഫോമിലായിരുന്ന സച്ചിന്‍ 4 ടെസ്റ്റുകളില്‍ നിന്ന് 493 റണ്‍സുമായി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി. ഏകദിനത്തില്‍ ഒരു വര്‍ഷം 1000 റണ്‍സ് എന്ന നാഴികക്കല്ല് സച്ചിന്‍ 7 തവണ മറികടന്നു. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റേക്കോര്‍ഡും സച്ചിനാണ്. 1894 റണ്‍സ്.

അപ്പോഴും നമ്മള്‍ പറഞ്ഞു, സച്ചിന്‍ യുഗം അവസാനിച്ചിരിക്കുന്നു..........!!

സച്ചിന്‍ ഒരിക്കല്‍ "റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഇലവന്‍" ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ക്രിക്കറ്റിന്റെ പിതാമഹനായി അറിയപ്പെടുന്ന ഡബ്ലിയു.ജി. ഗ്രേസിന്റെ 150 ആം ജന്മദിനത്തില്‍ നടന്ന ആ മത്സരം അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണക്കായാണ് സംഘടിക്കപ്പെട്ടത്. ലോര്‍ഡ്സില്‍ എം.സി.സി ഇലവനെതിരേയായിരുന്നു മത്സരം. 125 റണ്‍സ് നേടിക്കൊണ്ട് സച്ചിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

കളിച്ച ആദ്യ രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയ സച്ചിന്‍, കവിയായ പിതാവ്‌ രമേഷ് ടെന്‍ഡുല്‍ക്കറുടെ കവിതകളെ തന്‍റെ ബാറ്റിലേക്ക് അവാഹിച്ചിരിക്കുന്നുവോ? അങ്ങനെ വേണം നാം കരുതുവാന്‍. കാരണം 436 ഏകദിനങ്ങളില്‍ നിന്നും 45 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 17,138 റണ്‍സുകളും, 159 ടെസ്റ്റുകളില്‍ നിന്നുമായി 42 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 12,873 റണ്‍സുകളും ഇന്‍ഡ്യയ്ക്കു വേണ്ടി കൈക്കലാക്കി ഇപ്പോഴും ഒരു തുടക്കക്കാരന്‍റെ മനസ്സോടെ ബാറ്റു വീശുന്ന സച്ചിന്‍ എന്ന പ്രതിഭാസത്തെ നാം എന്താണ്‌ പറയുക? സെഞ്ച്വറികളുടെ സെഞ്ച്വറി അടിക്കുവാന്‍ ഇനി 13 സെഞ്ച്വറികള്‍ ബാക്കി. അപ്പോഴും നാം പറയുന്നു, സച്ചിന്‍ ബാറ്റു വീശുന്നത് സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി മാത്രമാണെന്ന്.....!!

സച്ചിന്‍റെ ബാറ്റില്‍ നിന്നും മനോഹരമായ ആ സ്ക്വയര്‍ കട്ട്, അല്ലെങ്കില്‍ ആ സ്ട്രൈറ്റ് ഡ്രൈവ് പിറക്കുമ്പോള്‍ പിന്നെ അവിടെ മലയാളിയോ തമിഴനോ മറാത്തിയോ ബംഗാളിയോ ഇല്ല; പകരം ഇന്‍ഡ്യാക്കാര്‍ മാത്രം. അതാണാ ബാറ്റിന്‍റെ ശക്തി.

2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായി ടെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്.

2003-ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉള്‍‍പ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ "രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്" നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ "പത്മ വിഭൂഷണ്‍" നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടുകയുണ്ടായി.

അപ്പോഴൊക്കെ നേട്ടങ്ങളൂടെ ലഹരി തലയ്ക്കു പിടിയ്ക്കാതെ നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരിന്നു സച്ചിന്‍. വിജയത്തിന്‍റെ, പ്രശസ്തിയുടെ മുകളില്‍ നില്‍ക്കുമ്പോഴും സച്ചിന്‍ മറ്റൊരു മുഹമ്മദലിയോ, മറഡോണയോ ആയില്ല. കളിയുടെ ഇടവേളകളില്‍, കളിയുടെ തലേ ദിവസങ്ങളില്‍, വിജയ-പരാജയങ്ങളില്‍ സച്ചിനെ നമുക്ക് നിശാക്ലബ്ബുകളില്‍ കാണാന്‍ കഴിഞ്ഞില്ല. സച്ചിന്‍ അന്നും ഇന്നും ആ പഴയ സച്ചിനാണ്‌.

ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ആ കളിയില്‍ സച്ചിന്‍റെ നേട്ടങ്ങളെ മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് "രാജീവ് ഗാന്ധി ഖേല്‍ രത്ന", "അര്‍ജുന അവാര്‍ഡ്", "പത്മശ്രീ", "പത്മവിഭൂഷണ്‍" എന്നിവ നല്‍കിയിട്ടുണ്ട്. 1997 ലെ "വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍" ആയി തിരഞ്ഞെടുക്കപ്പെട്ടു. വിസ്ഡന്‍റെ ഒബ്ജെക്‍റ്റ് സ്കോറിങ്ങ് രീതിയനുസരിച്ച് സച്ചിനെ "ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനാ"യും "ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാ"യും തിരഞ്ഞെടുത്തു.

അപ്പോഴുന്‍ നമ്മള്‍ പറഞ്ഞു, സച്ചിന്‍, നീ ക്രിക്കറ്റുപേക്ഷിക്കുക, കാരണം നിന്‍റെ കാലം കഴിഞ്ഞിരിക്കുന്നു.

സച്ചിന്റെ ക്രിക്കറ്റ് ജീവിതം ആസ്പദമാക്കി പലരും സച്ചിന്‍റെ ജീവചരിത്രങ്ങള്‍ എഴുതി.

ഗുലു ഇസേകൈല്‍, "സച്ചിന്‍:ദ സ്റ്റോറി ഓഫ് ദ വേള്‍‌ഡ്‌സ് ഗ്രേറ്റസ്റ്റ് ബാറ്റ്സ്മാന്‍" എന്ന പേരിലും "ദ എ ടു സെഡ് ഓഫ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍" എന്ന പേരിലും രണ്ട് ജീവചരിത്രം എഴിയിട്ടുണ്ട്.

വൈഭവ് പുരന്തരേ, "സച്ചിന്‍ ടെണ്ടുല്‍ക്കര്‍-എ ഡെഫനിറ്റീവ് ബയോഗ്രഫി" എന്ന പേരിലും പീറ്റര്‍ മുറേ ,ആശിഷ് ശുക്ല എന്നിവര്‍ ചേര്‍ന്ന്, "സച്ചിന്‍ ടെണ്ടുല്‍ക്കര്‍-മാസ്റ്റര്‍ഫുള്‍" എന്ന പേരിലും ജീവചരിത്രം എഴിയിട്ടുണ്ട്.

പക്ഷേ നമുക്കിത് വായിക്കുവാനോ അറിയുവാനോ സമയമില്ല. കാരണം നമുക്ക് സച്ചിന്‍ എന്ന വ്യക്തിയുടെ നല്ല വശങ്ങളേക്കാള്‍ അറിയേണ്ടത് മോശവശങ്ങളാണല്ലോ?

സച്ചിനെ പറ്റി പ്രശസ്തരായ ആളൂകളുടെ അഭിപ്രായം നമുക്ക് നോക്കാം. ഒരുപക്ഷേ അവരും നമ്മളെ പോലെയാണെങ്കിലോ?

“ ഞാന്‍ കളിച്ചിരുന്നതു പോലെ തന്നെയാണ് സച്ചിനും കളിക്കുന്നത് -സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍.

“ സച്ചിന്‍ ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദിപ്പിക്കുന്ന കളി പുറത്തെടുക്കുന്ന ആളാണ്. ഞാന്‍ പ്രധാനമായി കാണുന്നത് അതാണ്. -ബാരി റിച്ചാഡ്സ്.

“ സച്ചിന്‍ ഒരു സ്റ്റമ്പുമായി ബാറ്റ് ചെയ്യുന്നതുകാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. അപ്പോഴും അദ്ദേഹം മികച്ച സ്കോര്‍ നേടുമെന്നതില്‍ സംശയമില്ല. സച്ചിന്റെ നേട്ടങ്ങള്‍ മനക്കരുത്തിന്റേതാണ്. -ഗ്രെഗ് ചാപ്പല്‍.

“ രാജ്യാന്തര രംഗത്ത് ഇത്രയും പരിചയസമ്പന്നനാണെങ്കിലും ഓരോ മത്സരവും ആദ്യമത്സരം കളിക്കുന്നത്ര സൂക്ഷ്മതയോടെയാണ് സച്ചിന്‍ കളിക്കുന്നത്. അദ്ദേഹം ഒരു ഇതിഹാസമാണ്. -സൗരവ് ഗാംഗുലി.

“ എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണ്‌ സച്ചിന്‍. ഞാന്‍ ഏറ്റവും നന്നായി പന്തെറിഞ്ഞിരുന്ന കാലത്ത് സച്ചിനെതിരെ കളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്. പുതിയ തലമുറയ്ക്ക് ഈ യുവാവില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. -വസീം അക്രം.

“ സച്ചിന്‍ എത്ര റണ്‍സ് നേടും എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. അദ്ദേഹം ഇതിഹാസമാണെന്നതില്‍ സംശയമേയില്ല. -സുനില്‍ ഗവാസ്കര്‍.

“ ഓരോ പന്തിനും കൃത്യമായ ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സച്ചിനറിയാം. എല്ലാം കൊണ്ടും സച്ചിന്‍ ഒരു മാതൃകാ ക്രിക്കറ്ററാണെന്ന് ഞാന്‍ പറയും. -അലന്‍ ഡൊണാള്‍ഡ്.

“ ലോകത്തില്‍ രണ്ടുതരം ക്രിക്കറ്റര്‍മാരേയുള്ളൂ: സച്ചിന്‍ തെന്‍ഡുല്‍ക്കറും മറ്റുള്ളവരും. - ആന്‍ഡി ഫ്ലവര്‍.

“ സച്ചിന്റെ കളി ഒരുവട്ടം കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും - മുഹമ്മദ് അസ്‌ഹറുദ്ദീന്‍.

“ സച്ചിന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. സ്റ്റീവ്‌വോയെപ്പോലെ - ഗ്ലെന്‍ മക്ഗ്രാത്ത്.

“ എനിക്ക് ഉറങ്ങാനേ കഴിയുന്നില്ല . കണ്ണടക്കുമ്പോഴെല്ലാം സച്ചിന്‍ പന്ത് അടിച്ചു പറത്തുന്നതാണ് തെളിയുന്നത്.ഷെയിന്‍ വോണ്‍.

“ ക്രിക്കറ്റിലെ ഏതു രീതിയിലുള്ള കളികള്‍ക്കും അനുയോജ്യനാണ് സച്ചിന്‍. ഏതു തലമുറയിലും കളിക്കാനാകുന്ന ചുരുക്കം കളിക്കാരിലൊരാള്‍. ആദ്യ പന്തുമുതല്‍ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാന്‍ സച്ചിനു കഴിയും. - വിവിയന്‍ റിച്ചാര്‍ഡ്സ്.

“ എന്റെ പന്തുകള്‍ ഏറ്റവും നനന്നായി കളിച്ചിട്ടുള്ളത് സച്ചിനാണ്. ഞാന്‍ ബ്രാഡ്മാനെതിരേ പന്തെറിഞ്ഞിട്ടില്ല. ബ്രാഡ്മാന്‍ സ്ഥിരമായി സച്ചിനേക്കാള്‍ നന്നായി കളിച്ചിരുന്ന ആളാണെങ്കില്‍, അദ്ദേഹം ഓസ്ട്രേലിയക്കാരനായതില്‍ ഞാനഭിമാനിക്കുന്നു. - ഷെയിന്‍ വോണ്‍.

“ സച്ചിന്റെ പോലെ ഒരു ഇന്നിംഗ്സ് എനിക്ക് സ്വപ്നം കാണാന്‍ പോലുമാകില്ല. - അജയ് ജഡേജ.

“ സച്ചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഞാന്‍ സ്റ്റെയര്‍കേസിലൂടെ കയറാനാണ് ശ്രമിച്ചത്. (സച്ചിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയെപ്പറ്റി) - വിനോദ് കാംബ്ലി.

“ സച്ചിന്റെ കാലത്ത് കളിക്കാന്‍ കഴിഞ്ഞു എന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു, ഉള്ളിന്റെ ഉള്ളില്‍ സച്ചിന്‍ ഏറ്റവും എളിമയുള്ള മനുഷ്യനാണ്. - രാഹുല്‍ ദ്രാവിഡ്.

“ സച്ചിന്റെ മനസ് ഒരു കമ്പ്യൂട്ടറിന് തുല്യമാണ്. ബൗളര്‍ പന്ത് എവിടെ പിച്ച് ചെയ്യിക്കുമെന്ന് സച്ചിന് മുന്‍‌കൂട്ടി കാണാനാകുന്നു. - നവജ്യോത് സിങ് സിദ്ദു.

“ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാനായ ക്രിക്കറ്റ് താരമാണെന്ന് നമുക്കറിയാം. 1998ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിലെ ബാറ്റിങ്ങ് പ്രകടനം സച്ചിനെ ഇതിഹാസ തുല്യനാക്കുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിനുശേഷം ഒരു ടീമിന്റെ വിജയത്തിനായി ഇത്രയും നന്നായി കളിച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല. - രവിശാസ്ത്രി.

“ പതിനൊന്നാമത് ബാറ്റിങ്ങിനിറങ്ങിയാലും ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ സച്ചിന്‍ വിജയലക്ഷ്യം നേടിയിരിക്കും. - അലന്‍ ബോര്‍ഡര്‍.

“ ചിലപ്പോള്‍ തോന്നും തന്റെ പ്രതിഭയെ വെല്ലുവിളിക്കാനുള്ള എതിരാളികളെ സച്ചിന് കിട്ടിയിട്ടില്ലെന്ന്. കഴിഞ്ഞ തലമുറയിലെ മഹാരഥന്മായ ക്രിക്കറ്റര്‍മാരെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആ പ്രതിഭ കുറേക്കൂടി തെളിഞ്ഞുകണ്ടേനെ - ബിഷന്‍ സിങ് ബേദി.

“ ഞാന്‍ ഓരോ തവണ കാണുമ്പോളും സച്ചിന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു. സച്ചിന്റെ ഏകാഗ്രത ഗവാസ്കറിന്റേതിന് തുല്യമാണ്. - ഇയാന്‍ ബോതം.

“ സച്ചിനെതിരെ പന്തെറിയേണ്ടി വന്നാല്‍ ഞാന്‍ ഹെല്‍മറ്റ് ധരിക്കും. അത്ര ശക്തിയിലാണ് സച്ചിന്‍ പന്തടിച്ച് തെറിപ്പിക്കുന്നത്. - ഡെന്നിസ് ലിലി.

“ ഒരോവറില്‍ ആറു തരത്തില്‍ പന്തെറിയാന്‍ എനിക്കു കഴിയും. പക്ഷെ, അതു മുഴുവന്‍ കളിച്ചുകഴിഞ്ഞാല്‍ സച്ചിന്‍ പതുക്കെവന്ന് എന്നേയൊന്ന് നോക്കും. മറ്റൊന്നുകൂടി എറിയാമോ എന്ന് ചോദിക്കുന്നതുപോലെ! - ആദം ഹോളിയാക്ക്.

“ ഓഫ് സ്റ്റമ്പില്‍ പന്ത് പിച്ച് ചെയ്യിച്ച്, നല്ല ഒരു പന്തെറിഞ്ഞു എന്നു വിചാരിക്കുന്ന നേരത്തായിരിക്കും സച്ചിന്‍ വലത്തോട്ട് മറി ആ പന്ത് മിഡ് വിക്കറ്റിനുനേരെ അടിച്ച് രണ്ട് റണ്‍സ് എടുക്കുന്നത്! സച്ചിന്റേതു കനമുള്ള ബാറ്റാണെന്ന് കണ്ടാല്‍തന്നെ അറിയാം. എന്നാല്‍ വിക്കറ്റിനു ചുറ്റും സച്ചിന്‍ അത് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ് - ബ്രെറ്റ് ലീ.

ഇനി കപില്‍ ദേവ് പറയുന്നത് കേള്‍ക്കുക. ഒരുപക്ഷേ അതുതന്നെയാണ്‌ സച്ചിനെ പറ്റിയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും.

“ ഏറ്റവും മികച്ചതിലും ഏതെങ്കിലു കുറ്റം കണ്ടെത്തുന്നവരുണ്ട്. ക്രിക്കറ്റില്‍ പതിനായിരക്കണക്കിനാണ് സച്ചിന്റെ റണ്‍ നേട്ടം. എന്നിട്ടും സച്ചിന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. - കപില്‍ദേവ്.

നമുക്കിനിയും പറഞ്ഞുകൊണ്ടിരിക്കാം. സച്ചിന്‍ പല്ലു കൊഴിഞ്ഞ ഒരു സിംഹമാണ്‌. സച്ചിന്‍ വെറുമൊരു ക്രിക്കറ്റര്‍ മാത്രമാണ്‌. സച്ചിന്‍ ഒരിക്കലുമൊരു മാച്ച് വിന്നറല്ല.

നമുക്ക് പറയാം, സച്ചിന്‍, നീ ക്രിക്കറ്റ് വിട്ടു പോകുക. കാരണം നിന്‍റെ സ്വരം മാറി തുടങ്ങിയിരിക്കുന്നു. പക്ഷേ ഒന്നോര്‍ക്കുക, മാറിയത് സച്ചിന്‍റെ സ്വരമാണെങ്കില്‍ പിന്നെ ഇന്‍ഡ്യന്‍ ടീമില്‍ സ്വരത്തിനിമ്പമുള്ള എത്ര കളിക്കാരുണ്ട്? നമുക്ക് ശ്രീശാന്തിനു വേണ്ടി വാദിക്കാം, സേവാംങിനു വേണ്ടി വാദിക്കാം, ധോനിക്കു വേണ്ടി വാദിക്കാം. പക്ഷേ നമുക്കൊരിക്കലും സച്ചിനു വേണ്ടി വാദിക്കാന്‍ കഴിയില്ല.

സച്ചിന്‍, നീ ഔട്ടാകുമ്പോള്‍ ടെലിവിഷന്‍ നിര്‍ത്തുന്ന ക്രിക്കറ്റ് ഭ്രാന്തന്‍‌മാരുണ്ട്. പവലിയനിലേക്കു മടങ്ങുന്ന നിന്നെ കണ്ണുനീരോടെ നോക്കി നില്‍ക്കുന്ന ഒരു ജനതയുണ്ട്. നിനക്കെതിരെയുള്ള ഏതൊരു തീരുമാനത്തേയും സ്വന്തം മനസ്സിലേറ്റി വേദനിക്കുന്ന ഒരു രാജ്യമുണ്ട്, ആ തീരുമാനമെടുക്കുന്നവരുടെ അച്ഛന്‌ വിളീക്കുന്ന സാധാരണക്കാരായ ആള്‍ക്കാരുണ്ട്. പിന്നെ നീയെന്തിനീ വാക്കുകള്‍ കേള്‍ക്കണം... അവര്‍ പറയട്ടെ..... കാരണം ദൈവത്തെ അധിക്ഷേപിക്കുന്നവരുടെ കാലമല്ലേയിത്.......!!

സച്ചിന്‍, നിനക്കായ് ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കയറിയിറങ്ങുന്ന പാവങ്ങളുണ്ട്. നീ സ്വന്തം മകനായ് പിറന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കുന്ന മാതാപിതാക്കളുണ്ട്. സ്വന്തം സഹോദരനായി ജനിച്ചില്ലല്ലോ എന്നു കരുതുന്ന സഹോദരങ്ങളൂണ്ട്. എന്നാല്‍ നീ എല്ലാവര്‍ക്കും എല്ലാമായി മാറിയത് നിന്നിലെ നിന്നെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടല്ലേ....

നീയുള്ള ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ ഈ ജനതയുടെ ഭാഗ്യമാണ്‌.

സച്ചിന്‍, നീയാരാണെന്നെനിക്കറിയില്ല.

നീ ബ്രാഡ്മാന്‌ തുല്യനാണോ അതോ അതിലും മുകളിലാണോ?

നീ ക്രിക്കറ്റിന്‍റെ അവസാന വാക്കാണോ, അല്ലയോ?

എനിക്കറിയില്ല. പക്ഷേ എനിക്കറിയുന്ന ഒന്നുണ്ട്.....

സച്ചിന്‍, നീ ഒരുപാടാളുകളുടെ പ്രതീക്ഷയാണ്‌; സ്വപ്നമാണ്‌; സ്വപ്നസാക്ഷാത്ക്കാരമാണ്‌.

കടപ്പാട്: വിക്കീപീഡിയ.

Sunday, October 18, 2009

രാത്രി മഴ.

ഒരു രാത്രി മഴയിലായിരിന്നു ഞാന്‍ ആദ്യമായി അവളെ കണ്ടത്. ഒരു കുടക്കീഴില്‍ നടക്കുമ്പോഴും പരസ്പ്പരം സ്പര്‍ശിക്കാതിരിക്കാന്‍ രണ്ടു പേരും ശ്രദ്ധിച്ചിരിന്നു. അതിനു ശേഷം പലപ്പോഴും രാത്രി മഴ വന്നു, പോയി... ഇടയിലെപ്പോഴോ പെയ്ത രാത്രി മഴയില്‍ അവളേയും ചേര്‍ത്തു പിടിച്ച് ഞാന്‍ നടന്നു തുടങ്ങി. പിന്നെ അന്ന് രാത്രി പെയ്ത ആ കര്‍ക്കിടക മഴയില്‍ ഞാന്‍ എല്ലാം ഉപേക്ഷിച്ച്, സ്വന്തം മാതാപിതാക്കളേയും ജനിച്ചു വളര്‍ന്ന വീടിനേയും എല്ലാം, ഇറങ്ങുമ്പോഴും അവളെ ചേര്‍ത്തു പിടിച്ചു നടന്ന ആ രാത്രി മഴ മാത്രമായിരിന്നു കൂട്ടിന്‌. തകര്‍ത്തു പെയ്യുന്ന ആ മഴയില്‍ പോലും അവളുടെ ശരീരത്തിന്‍റെ ചൂട് എന്നിലേക്ക് പകര്‍ന്നത് അവള്‍ അറിഞ്ഞിരിന്നു, ഞാന്‍ പറഞ്ഞിരിന്നു പലപ്പോഴും. അവസാനം എല്ലാം നഷ്ടപ്പെടുത്തി ഞാന്‍ അവളെ തേടിയെത്തിയപ്പോഴും അവള്‍ അരയില്‍ കൈചുറ്റി ആ രാത്രി മഴകള്‍ ആസ്വദിക്കാനായി മറ്റൊരു പണക്കാരന്‍റെ അരക്കെട്ട് തേടുകയായിരിന്നു.


അപ്പോഴും എന്‍റെ പ്രണയത്തെ തോല്‍പ്പിച്ച പോലെ ആ രാത്രിമഴ അലറി പെയ്യുന്നുണ്ടായിരിന്നു.

Saturday, October 17, 2009

അവളെനിക്കാരായിരിന്നു?

അവളെനിക്കാരായിരിന്നു?
അത് നിങ്ങള്‍ പറയുക.
കാരണം അവള്‍ക്കിന്നുമറിയില്ല
ഞാനവള്‍ക്കാരായിരുന്നെന്ന്.


അവളുടെ സന്തോഷത്തില്‍
ഞാന്‍ പുഞ്ചിരിച്ചിരുന്നു.
അവളുടെ ദു:ഖത്തില്‍
ഞാന്‍ വേദനിച്ചിരുന്നു.


അവളുടെ സാമാപ്യമെന്‍റെ
ഹൃദയ ചലനം കൂട്ടിയിരുന്നു.
സത്യം എനിക്കിന്നുമറിയില്ല
ഞാനവളെ സ്നേഹിച്ചിരുന്നുവോ?


അവളറിഞ്ഞില്ലവളകന്നു
പോകുമ്പോഴെന്‍റെ ഹൃദയം
അവളെ മാടിവിളിച്ചിരുന്നെന്ന്,
അത് വിലപിച്ചിരുന്നുവെന്ന്.


ഞങ്ങളൊന്നിച്ചുള്ളയാ യാത്രയിലെന്‍റെ
സ്വപ്നങ്ങള്‍ക്ക് തീപിടിച്ചിരുന്നുവോ?
ഒരുമാത്രയെപ്പോഴോ കരുതിയിരുന്നുവോ
അവളെന്‍റെ മാത്രമായ് മാറുമെന്ന്.


സ്വപ്നത്തിന്‍ തീ കെട്ടടങ്ങിയതും
ചിന്തകള്‍ തന്‍ ചിറകറ്റു പോയതും,
ഒക്കെ ഞാനിന്നറിയുന്നു മറ്റൊരു
ദു:സ്വപ്നം കണ്ട പുലരിപോലെ.


എന്‍റെ ചിന്തകളില്‍, സ്വപ്നങ്ങളില്‍,
പിന്നെയെന്‍റെ ജീവിത ചര്യകളില്‍
ഞാനിന്നേകനാണെന്‍റെ മനസ്സു കൊണ്ട്,
ഞാനിന്നേകനാണെന്‍റെ ഹൃദയം കൊണ്ട്.


പറയൂ,അവളെനിക്കാരായിരിന്നു?
അവളതറിയാതെ പോയതോ,
അതോ പറയാതെ പോയതോ?
പറയൂ, അവളെനിക്കാരായിരിന്നു?

Sunday, September 27, 2009

നാളെയുടെ ചോദ്യങ്ങള്‍.

ചവറ്റു കൂനകള്‍ക്കരുകില്‍
പിടയ്ക്കുന്നു ജന്മങ്ങള്‍.
കാക്കക്കള്‍ കൊത്തി വലിക്കുന്നു
പിന്നെ പുഴുക്കളരിച്ചു നടക്കുന്നു.


ഇതാരുടെ കര്‍മ്മഫലം?
കാമാഗ്നി കെടുത്തുവാന്‍
കഴിയാതെ പോയൊരാ ജനത-
തന്‍ ബാക്കി പത്രങ്ങളാണിവര്‍.


പേരിനു വേണ്ടി പ്രശസ്തിക്കു
വേണ്ടി, ഉടുതുണിയില്ലാതെ
മേനി പ്രദര്‍ശനം ചെയ്യുന്നവര്‍.
കാശുകള്‍ കാറുകള്‍ കൂടി വന്നീടുന്നു;
ആ വഴിയോരങ്ങളില്‍ വീണ്ടൂം
പാഴ് ജീവനുകള്‍ തുടിയ്ക്കുന്നു.


ലക്ഷോപലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടാ
ഉന്നതരെ കൊണ്ട് വിളിച്ച് പറയിച്ച്,
തന്നെ ജനിപ്പിച്ച മാതാപിതാക്കള്‍ക്കായ്
വൃദ്ധസദനങ്ങളൊരുക്കുന്ന മക്കള്‍.


"സ്നേഹം" പരസ്പ്പരം മനസ്സിലാക്കുന്നവര്‍
മറ്റൊരാധുനിക ശാകുന്തളം രചിക്കുന്നു.
നാളുകള്‍ നാളുകള്‍ കാത്തിരുന്നീടവേ
ആ ക്ലോസറ്റിന്‍ പൈപ്പിലൂടൊഴുകി പോകുന്നു
മറ്റൊരു പ്രണയത്തില്‍ പാപജന്മം.


ആ ചവറ്റുകൂനകള്‍ക്കാ വഴിയോരങ്ങള്‍ക്ക്
ജാതി മത വര്‍ണ്ണമില്ലാ കൊടിക്കൂറകളില്ല.
അവിടെ പൊലിയുന്ന ജന്മങ്ങളില്‍
രാമന്‍ യേശു മുഹമ്മദുണ്ട്.
അവരുടെയവകാശവാദങ്ങള്‍ക്കായ്
മതമേലാധിപന്‍‌മാര്‍ വരാത്തതെന്തേ?


ആ അനാഥ ജന്മങ്ങള്‍ ഇവിടെ
ഇപ്പോളമ്മത്തൊട്ടിലുകളായ് മാറുന്നു.
ആരുടെയൊക്കെയോ കാമാഗ്നിയില്‍
ഉയര്‍ത്തെഴുന്നേറ്റൊരാ പ്രാണനുകള്‍
ഇവിടെ ഈ തൊട്ടിലുകളിലാടുന്നു.


നാളെകള്‍ നമ്മിലേക്കീ ചോദ്യങ്ങളുയര്‍ത്തിടാം
എന്തിനു വേണ്ടിയീ വൃദ്ധസദനങ്ങള്‍?
എന്തുകൊണ്ടീ അമ്മത്തൊട്ടിലുകള്‍?
കരുതി വയ്ക്കാം ഇതിനുള്ളുത്തരങ്ങള്‍
നമ്മുടെ നാളെകള്‍ക്കുത്തരം നല്‍കുവാന്‍.

Friday, September 25, 2009

ഓര്‍മ്മകള്‍.

കടല്‍ കാറ്റേറ്റ് നിന്ന ആ സന്ധ്യാസമയത്താണ് അയാള്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! യുവസാഹിത്യകാരി. കുറേ നാള്‍ മുന്‍പാണ് അവളുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. "സ്നേഹപൂര്‍വ്വം". നല്ല കുറേ കവിതകള്‍. എങ്കിലും എല്ലാത്തിലും ഒരുതരം ദു:ഖഭാവം നിഴലിച്ചു കാണാം. ഒന്നു പരിചയപ്പെട്ടാലോ? അയാള്‍ അവളുടെ ചെന്നു. "മീരാകൃഷ്ണയല്ലേ"? അവള്‍ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. പിന്നെ ചെറുതായൊന്നു തലയാട്ടി. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വായിച്ചിരിന്നു താങ്കളുടെ കവിതാ സമാഹാരം". നന്നായിട്ടുണ്ട്. അയാള്‍ പതുക്കെ പതുക്കെ അവളുടെ കവിതകളിലേക്കിറങ്ങി ചെല്ലുകയായിരിന്നു. കുറേ നേരത്തേക്കു അവള്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായി. "താന്‍ പോലും തന്റ്റെ കവിതകളെ ഇത്രയധികം വിലയിരുത്തിയിട്ടുണ്ടോ? ഇല്ല. അവള്‍ സ്വയം ആലോചിക്കുകയായിരിന്നു. വീണ്ടും കാണാം എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നപ്പോഴാണ് അവള്‍ ഓര്‍ത്തത് അയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന്.

മറ്റൊരു വൈകുന്നേരം അതേ കടല്‍ തീരത്ത് സൂര്യാസ്തമനത്തിന്റ്റെ ഭംഗി കണ്ട് മതി മറന്നു നില്ക്കുകയായിരിന്നു അയാള്‍. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം. "ഹലോ, ഓര്‍മ്മയുണ്ടോ"? അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയുമായി അവള്‍, "ഹേയ്, മീരാ..താനോ.. ഇവിടെ..? അയാളുടെ സ്വരം ആ കടല്‍ കാറ്റിലമര്‍ന്നു പോയി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനിവിടെ എന്നും വരാറുണ്ട്. ഈ കടലും തിരയും സൂര്യോദയവും അസ്തമനവും ഒക്കെയാണ് എന്റ്റെ ലോകം. സൂര്യാസ്തമനം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കാറുണ്ട്. മറ്റൊരു ഉദയത്തിനായി ഏറെ പ്രതീക്ഷയോടെ അസ്മിക്കുന്ന സൂര്യന്‍. അസ്തമനം പ്രതീക്ഷകളുടേയും ദു:ഖത്തിന്റ്റേയും പ്രതീകമാകുമ്പോള്‍ ഉദയം സന്തോഷത്തിന്റ്റെ പ്രതീകമാകുന്നു. അവള്‍ വാചാലയാകുക ആയിരിന്നു. "എന്തു പറ്റി, ഇന്നു നല്ല മൂഡിലാണല്ലോ"? ആകെ ഒരു സാഹിത്യ ഭാഷ...ആപ്പോള്‍ രണ്ടു പേരും ചിരിക്കുകയായിരിന്നു.

പിന്നെ പിന്നെ അവിടം അവരുടെ സംഗമ കേന്ദ്രമായി മാറി. കണ്ടുമുട്ടുമ്പോഴൊക്കെയും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാചാലമാകുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും വിഷയ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല. കാണാത്തപ്പോള്‍ ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു മെസേജ്... പതുക്കെ പതുക്കെ അവര്‍ പരസ്പരം അറിയുകയായിരിന്നു.

അന്നൊരിക്കല്‍ ആ കടപ്പുറത്തിരിക്കുമ്പോഴാണ് ആദ്യമായി അവളില്‍ ഒരു തരം നിശബ്ദത അയാള്‍ കണ്ടത്. ആകാംക്ഷയോടെ അയാള്‍ തിരക്കി. "എന്തുപറ്റി, ആകെ ഒരു നിശബ്ദതയാണല്ലോ"...പെട്ടെന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു "എന്നെ കുറിച്ചെല്ലാം നിനക്കറിയാമല്ലോ. എനിക്ക് ഒരമ്മ മാത്രം. അമ്മയ്ക്ക് ഞാനും. എങ്കിലും ചോദിക്കട്ടെ, നമുക്ക് രണ്ടുപേര്‍ക്കും ഒന്നായിക്കൂടെ...." പക്ഷേ സ്ത്രീധനമൊന്നും കിട്ടില്ല, പറഞ്ഞേക്കാം.. അവള്‍ ഒരു ചിരിയോടെ പറഞ്ഞു. തന്റ്റെ മനസ്സില്‍ താന്‍ താഴിട്ടു പൂട്ടി വച്ചിരുന്ന കാര്യം അവളില്‍ നിന്നും കേട്ടപ്പോള്‍ അയാള്‍ക്കെന്തു പറയണമെന്നറിയില്ലായിരിന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരിന്നു, കൂടുതല്‍ ആഡംഭരങ്ങളില്ലാതെ ഒരു വിവാഹം. പിന്നെ അവള്‍ എഴുതിയ എല്ലാ കഥകളിലും കവിതകളിലും ആ സൂര്യനോടും ആ കടലിനോടുമൊപ്പം അയാളുമുണ്ടായിരിന്നു. ദൈവത്തിനു പോലും അസൂയ തോന്നിയിരുന്നുവോ അവരുടെ സ്നേഹത്തില്‍...?

ആരോ ശരീരത്തില്‍ ശക്തിയായി കുലുക്കിയപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. "അച്ഛാ, ഉറങ്ങുവാണോ?" ആ അഞ്ചു വയസ്സുകാരന്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. "ഹൂം... മോന്‍ ഉറങ്ങിയില്ലേ", മുഖത്തെ താടി രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. "ഹൂം... മോന് ഉറങ്ങിയല്ലോ?" അവന്‍ ഒന്നുകൂടി ശരീരത്തേക്ക് ചേര്‍ന്നിരുന്നു.
"ഇതെവിടെയെത്തി"?. എത്താറായി സാര്‍, ഒരഞ്ചു മിനിട്ടു കൂടി" ഡ്രൈവറുടെ മറുപടി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ വാച്ചിലേക്ക് നോക്കി. സമയം 4.30. ഉദ്ദേശിച്ചതിലും നേരത്തെ എത്തി. രാത്രി പെയ്ത മഴ കാരണമാകാം, നല്ല തണുപ്പുണ്ട്. അവന്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉറങ്ങിയാല്‍ പിന്നെ ഉണര്‍ത്താന് പ്രയാസമാകും. "മോനേ, അപ്പൂ, ഉറങ്ങല്ലേ, നമ്മള്‍ എത്താറായി......എണീറ്റേ... ഉറക്കച്ചെവിടോടെ അവന്‍ ഒന്നു കൂടി മടിയിലേക്ക് ചുരുണ്ടു കൂടി. അപ്പോള്‍ കാര്‍ ആ കടല്‍ക്കരയോട് അടുക്കുകയായിരിന്നു.

കാറില്‍ വച്ചിരുന്ന ആ ചെറിയ സഞ്ചിയും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ കടല്‍ക്കരയിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ആണ്. എങ്കിലും അവിടവിടെയായി ആള്‍ക്കാരെ കാണാം. അയാള്‍ ഓര്‍ക്കുകയായിരിന്നു " ഇതു മൂന്നാം തവണയാണ് അവളില്ലാതെ ഈ കടപ്പുറത്ത് വരുന്നത്". കഴിഞ്ഞ രണ്ടു തവണയും താന്‍ വന്നത് മകനോടൊപ്പം ഇതേ ദിവസമായിരുന്നല്ലോ?

"അച്ഛാ.. അച്ഛാ.. നിക്കു തണുക്കുന്നു.
സാരല്യാട്ടോ... തണുപ്പ് ഇപ്പോ മാറൂട്ടോ....
അച്ഛാ.... എന്താ അച്ഛാ.. അച്ഛാ ഈ സഞ്ചിയില്‍..... അവന്‍ തുള്ളീച്ചാടി കൊണ്ട് ചോദിച്ചു. അപ്പോഴും അയാളുടെ കണ്ണുകള്‍ ചോര്‍ന്നൊലിക്കുകയായിരിന്നു. "വീണ്ടുമൊരു ഉദയത്തിന്റ്റെ പ്രതീക്ഷകളില്ലാതെ എന്നെന്നേക്കുമായി അസ്തമിച്ച അവന്റ്റെ അമ്മയുടെ ചിതാഭസ്മമാണ്‌ ആ സഞ്ചിയിലെന്ന് ആ പാവം അഞ്ചു വയസ്സുകാരനറിയില്ലായിരുന്നല്ലോ......

Friday, September 11, 2009

വീടു വെയ്പ്.

ഓട്മേഞ്ഞ കൂരയ്ക്കുള്ളിലേക്കാ
വെള്ളത്തുള്ളികള്‍ വരാറുണ്ടായിരിന്നു;
ആ ഓട് മാറ്റുവാന്‍ സമയമായി
എന്നോര്‍മ്മിപ്പിക്കുന്നതു പോലെ.


പിന്നെ ഞാന്‍ കയറിയിറങ്ങിയാ
സഹകരണ ബാങ്കിന്‍‌റ്റെയകത്തളങ്ങള്‍.
വീടിന്‌ വായ്പ വേണമെന്ന് കേട്ടതും
കൈപിടിച്ചകത്തിരുത്തി, പിന്നെ
തണുത്ത വെള്ളവും കുടിപ്പിച്ചു.

എന്തൊരത്ഭുതം ഒരാഴ്ചകൊണ്ടാ
വായ്പാ തുക എന്‍‌റ്റെ കൈയ്യില്‍.
എന്തു കണ്ടിട്ടാണാ വായ്പ തന്ന -
തെന്നെനിക്കപ്പോഴും മനസ്സിലായില്ല.

ഒരു ലക്ഷം വായ്പയായ് കിട്ടി,
മൂന്നു ലക്ഷം ചിലവാക്കി.

പിന്നെ ഞാനാ ഓടുമേഞ്ഞ
ചോരുന്ന കൂര മാറ്റി, പകരം
സിമന്‍‌റ്റും മണലും പിന്നെ
തേക്കിന്‍‌റ്റെ തടിയും കൊണ്ടൊരു
കൊട്ടാരം വച്ചു, നിറമടിച്ചു.

ഇനി കേറി താമസിക്കണം,
അതിനായൊരു ദിവസം കുറിപ്പിച്ചു.
നാട്ടുകാരെ വിളിച്ചു കൂട്ടി,
സദ്യയൊരുക്കി, കൊട്ടാരമല്ലേ
പിന്നെന്തിനു കുറയ്ക്കണം!!

പാലുകാച്ചല്‍ പത്തു മണിയ്ക്ക്,
പക്ഷേ കാച്ചും മുന്‍പേ
'പോസ്റ്റെ'ന്ന വിളികേട്ടു, ഓ
ആ കാക്കിയിട്ട പോസ്റ്റുമാന്‍.

കൈയ്യിലിരുന്ന കടലാസ് വിറച്ചു,
കൊട്ടാരം പോലും കറങ്ങുന്ന പോലെ.
തളര്‍ച്ചയോടാ വെറും തറയിലേക്കിരുന്നു,
കാച്ചാനെടുത്ത പാലവിടൊഴുകി നടന്നു.

ആരോ കടലാസ് ഉറക്കെ വായിച്ചു,
ബാങ്കിന്‍‌റ്റെ നോട്ടിസാണു പോലും.
എത്രയും പെട്ടെന്ന് പണമടയ്ക്കണം,
ഇല്ലെങ്കില്‍ കൊട്ടാരം ബാങ്കിന്‍‌റ്റെ സ്വന്തം.

സദ്യയുണ്ണാന്‍ വന്നവരാര്‍ത്തു ചിരിക്കുന്നു,
ആ കൊട്ടാരം പോലും പൊട്ടി ചിരിക്കുന്നു.
ആ ബാങ്കിന്‍‌റ്റെ ലോക്കറിലിരുന്നാ പാവം
വസ്തുവിന്‍‌റ്റെ പ്രമാണം പൊട്ടിക്കരയുന്നു.

Sunday, August 23, 2009

ഹേ താജ്മഹലേ....




ഹേ താജ്മഹലേ,
നീയാണെന്‍‌റ്റെ പ്രണയത്തിന്‍
അടയാളമെങ്കില്‍, ക്ഷമിക്കുക
ഹൃദയമില്ലാത്ത മാര്‍ബിളുകളെ,
എനിക്കു നിന്നെ പ്രണയിക്കാനാകില്ല.



ഹേ താജ്മഹലേ,
നീയാണെന്‍‌റ്റെ സ്നേഹത്തിന്‍
നിഴലെങ്കില്‍, നീയാണെന്‍‌റ്റെ
മനസ്സും പിന്നെയെന്‍ സ്നേഹവും,
കഴിയില്ല നിന്നെ സ്നേഹിക്കാതിരിക്കുവാന്‍.



ഹേ താജ്മഹലേ,
നീയൊരു ലോകാത്ഭുതമായതാണ്‌
നിന്‍ പ്രശസ്തിയ്ക്ക് കാരണമെങ്കില്‍;
പൊറുക്കുക കല്‍ചീളുകളെ,
എനിക്കു നിന്നെ വെറുപ്പാണ്‌.



ഹേ താജ്മഹലേ,
നീയെന്‍‌റ്റെ പ്രണയത്തിന്‍ മാതൃകയല്ല,
നീയെന്‍‌റ്റെ സ്നേഹത്തിന്‍ കൂടാരമാണ്‌.
നിന്‍‌റ്റെ പ്രശസ്തി ലോകാത്ഭുതമായതിനാലല്ല,
എന്‍‌റ്റെ സ്നേഹത്തിന്‍ മാര്‍ബിളുകളായതിനാലാണ്‌.



ഹേ താജ്മഹലേ,
നീ ഇങ്ങനെ തന്നെയെന്നും നിലനില്‍ക്കുക,
ഈ ഭൂലോകം കറങ്ങി തിരിയുന്ന കാലത്തോളം;
പക്ഷേ അത് പ്രണയത്തിന്‍ ഓര്‍മ്മതെറ്റായിട്ടാകരുത്,
പകരം ശാശ്വത സ്നേഹത്തിന്‍ നിധികുംഭമായിട്ടാകണം.

Friday, July 31, 2009

ഡയറി കുറിപ്പ്.

ആ മുറിയ്ക്കൊരു പ്രത്യേകതയുണ്ടായിരിന്നു. മൂന്നു വശത്തും വലിയ, ഇരുമ്പു കമ്പികള്‍ പിടിപ്പിച്ച ആ ജനലുകളില്‍ കൂടി നോക്കിയാല്‍ ഒരു വശം നഗരത്തിന്‍‌റ്റെ പ്രതീകമായ ആ തിര്‍ക്കാര്‍ന്ന നാഷണല്‍ ഹൈവെയും, മറു വശത്ത് ഗ്രാമത്തിന്‍‌റ്റെ പ്രതീകമായ ആ നീണ്ട പാടശേഖരങ്ങളൂം അതിനുമപ്പുറത്ത് വിശാലമായ ആ മാവിന്‍ തോട്ടവും, മൂന്നാമത്തെ ജനലില്‍ കൂടിയുള്ള നോട്ടമെത്തുന്നത് അതിരാവിലെ എല്ലാവരേയും സുപ്രഭാതം കേള്‍പ്പിച്ച് വിളിച്ചുണര്‍ത്തുന്ന ആ ക്ഷേത്രവും അതിന്‍‌റ്റെ ഗോപുരവുമായിരിന്നു. പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച പോലുള്ള ആ മുറിയില്‍ താന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു, അറിയില്ല. ആകെ ആ മുറിയിലുണ്ടായിരുന്ന ആ മേശയും കിടക്കയും മാത്രമായിരുന്നല്ലോ.

അന്ന് പതിവു പോലെ ആ പുറം കാഴ്ചകളില്‍ നോക്കിയിരിക്കവേ മനസ്സു മടുത്തിട്ടോ അതോ ശരീരം മടുത്തിട്ടോ എന്നറിയാതെ ആ കിടക്കയിലേക്ക് ചായുമ്പോഴാണ്‌ ആ മേശപ്പുറത്തിരുന്ന ആ പഴയ ഡയറി അവര്‍ കണ്ടത്. കാലത്തിന്‍‌റ്റെ കുത്തൊഴുക്കില്‍ പെട്ട് നിറം മങ്ങിയ ആ ഡയറിയുടെ പുറം ചട്ട പോലെ തന്നെ ഉള്‍പ്പേജുകള്‍ക്കും പ്രായാധിക്യം മൂലം നരകള്‍ വീണു തുടങ്ങിയിരിന്നു. ആ നരച്ചു തുടങ്ങിയ മഞ്ഞ കടലാസുകളിലെ ആ നീല മഷി കൊണ്ടെഴുതിയ വരികള്‍ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ അവരുടെ യൗവ്വനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരിന്നു. ഇന്ന് ആ യൗവ്വനം മഴി പടര്‍ന്ന് വികൃതമാകാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ അറിയാതെ ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നു.

ആദ്യ പേജിലൂടെ അവരുടെ ആ ക്ഷീണിച്ച്, കുഴിഞ്ഞ് താണ കണ്ണുകള്‍ സഞ്ചരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അത് വായിക്കുകയല്ലായിരിന്നു, അത് അനുഭവിക്കുകയായിരിന്നു, അത് നേരില്‍ കാണുകയായിരിന്നു. ആ ഡയറി കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ ആയിരിന്നു: ഇന്ന് 1995 ജനുവരി 18. എന്‍‌റ്റെ കേസിന്‍‌റ്റെ വിധി പറയുന്ന ദിവസം. ഈ ലോകത്തിനാകെ സംശമുണ്ടെങ്കിലും എനിക്കറിയാം കോടതി എന്നെ ശിക്ഷിക്കില്ല, പകരം വെറുതെ വിടുമെന്ന്. പക്ഷേ........

ആ കണ്ണു മൂടിക്കെട്ടിയ നിയമത്തിന്‍‌റ്റെ തുലാസില്‍ ആടാന്‍ പോകുന്നത് ഒരാളുടെ ജീവന്‍. ആ ജീവന്‍ വച്ച് അമ്മാനമാടുന്നത് കറുത്ത കോട്ടിട്ട നിയമത്തിന്‍‌റ്റെ കാവല്‍ ഭടന്മാര്‍ എന്ന് ജനം അംഗീകരിച്ച് കൊടുത്തിട്ടുള്ളവര്‍. ഒരേ നിയമത്തിന്‍‌റ്റെ രണ്ടു വശങ്ങള്‍ പറഞ്ഞ്, പരസ്പ്പരം വാക്പയറ്റ് നടത്തുന്ന, ഒരേ നിയമ സംഹിത വച്ച് സത്യത്തിനു വേണ്ടിയും അസത്യത്തിനു വേണ്ടിയും ഘോരഘോരം വാദിക്കുന്ന ജീവിക്കുന്ന പ്രവാചകന്മാര്‍. അവര്‍ക്കു മുന്നില്‍ തെളിവുകളും സാക്ഷി മൊഴികളും നോക്കി ജീവന്‍‌റ്റെ വില പറയുന്ന ധര്‍മ്മരാജന്‍.

കോടതിയില്‍ പതിവിലും കവിഞ്ഞ ആള്‍ക്കൂട്ടം. പത്രങ്ങളുടെയെല്ലാം മുന്‍ പേജില്‍ പറയാന്‍ പോകുന്ന വിധിയെ പറ്റിയുള്ള ആശങ്കകള്‍. അന്ന് പതിവിലേറെ നിശബ്ദമായിരിന്നു ആ കോടതി മുറി. സമയമായി. കേസു വിളിച്ചു. എല്ലാ കണ്ണുകളും യമരാജന്‍‌റ്റെ ചുണ്ടനക്കത്തിനായി കാതോര്‍ത്തു. ഒടുവില്‍ കറുത്ത കോട്ടിട്ട ആ യമധര്‍മ്മന്‍‌റ്റെ ശബ്ദമുയര്‍ന്നു.

കുറ്റം ആരോപിക്കപ്പെട്ട പ്രതി കൊലപാതകം ചെയ്തു എന്ന് കോടതിയ്ക്ക് ഉത്തമ ബോധ്യം ആയിട്ടുണ്ട്; പക്ഷേ സ്വബുദ്ധ്യാ ഒരമ്മയും തന്‍‌റ്റെ സ്വന്തം മകനെ, അതും തന്‍‌റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തില്ല എന്നുള്ളത് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിയുടെ മാനസിക നില തകരാറിലായിരിന്നുവെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുള്ളതിനാലും അത് കോടതിയ്ക്ക് ബോധ്യം വന്നതിനാലും ഒരു മാനസിക രോഗിക്ക് കിട്ടേണ്ട എല്ലാ പരിഗണനയും ഈ പ്രതിക്കും ലഭിക്കേണ്ടതു തന്നെയാണെന്നും ഈ കോടതി മനസ്സിലാക്കുന്നു. അതിനാല്‍ ഈ പ്രതിയെ കോടതി വെറുതെ വിടുന്നതിനോടൊപ്പം തന്നെ ഇവരുടെ തുടര്‍ ചികിത്സക്കായി ബന്ധുക്കളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും കോടതി അഭ്യര്‍ത്ഥിക്കുന്നു.

വിവാദമായ ആ കേസില്‍ തന്‌റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ വെറുതെ വിട്ടു കൊണ്ടൂള്ള കോടതി ഉത്തരവ്... അപ്പോഴും ആ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ തന്‍‌റ്റെ ലോക്കറിലെ രഹസ്യ അറയില്‍ ആ നോട്ടു കെട്ടുകള്‍ അടുക്കി വയ്ക്കുന്ന തിരക്കിലായിരിന്നു. ആ വക്കീല്‍ തുലാസിലിടാന്‍ പറ്റിയ മറ്റൊരു ജീവനു വേണ്ടിയുള്ള തിരച്ചിലിലായിരിന്നു. ആ യമധര്‍മ്മന്‍ തെളിവുകളും സാക്ഷി മൊഴികളും ഇല്ലാത്ത ഒരു പ്രതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരിന്നു, തന്‍‌റ്റെ കീശ വീര്‍പ്പിക്കാന്‍.

അന്ന് ഇവിടെ കൊണ്ടാക്കിയിട്ട് അവരെല്ലാം പോയതു മുതല്‍ ഈ മുറിയില്‍ താന്‍ തനിച്ചായിരുന്നല്ലോ? കുടുംബത്തിനു പേരുദോഷം ഉണ്ടാക്കിയവളെന്ന് മുദ്ര കുത്തി ഒരിക്കല്‍ പോലും അവരാരും ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ ആഹാരം വച്ചു തരാനും വസ്ത്രങ്ങള്‍ അലക്കാനും ഒരു പാവം സ്ത്രീ മാത്രമാണല്ലോ തന്നെ കൂടാതെ ഈ വീട്ടില്‍ വേറേ ഉള്ളത്.

മകനെ വെട്ടിക്കൊന്ന അമ്മ. എല്ലാവരും അതു പറഞ്ഞ് മുഖത്ത് കാര്‍ക്കിച്ചു തുപ്പിയപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും ഒരിക്കലും തനിക്ക് താന്‍ ചെയ്ത പ്രവൃത്തിയെ പറ്റി ഓര്‍ത്ത് കുറ്റബോധം തോന്നിയിട്ടില്ല. തെറ്റു ചെയ്തവര്‍ക്കല്ലേ കുറ്റബോധം തോന്നേണ്ടത്. നോട്ടുകെട്ടുകളുടെ ബലത്തില്‍ താനൊരു മാനസിക രോഗിയായിയാണെന്ന് ഡോക്ടര്‍ സ്ഥിതീകരിച്ചു. അത് വിശ്വസിച്ച ആ കറുത്ത കോട്ടിട്ട ധര്‍മ്മ പാലകരും. ഏക മകന്‍, തന്‍‌റ്റെ അവസാന നാളുകളില്‍ ഒരു തുള്ളി വെള്ളം തരേണ്ടവന്‍, അവന്‍ കൊല്ലപ്പെടേണ്ടവനായിരിന്നു; തന്‍‌റ്റെ കൈകള്‍ കൊണ്ടല്ലെങ്കില്‍ മറ്റൊരു കൈ കൊണ്ട്. താന്‍ ജനിപ്പിച്ച അവനെ എന്തിന്‌ മറ്റുള്ളവര്‍ കൊല്ലണം. ആ കര്‍മ്മവും താന്‍ തന്നെയല്ലേ ചെയ്യേണ്ടത്.

അന്ന് രാത്രി ഏറെ വൈകിയാണ്‌ അവന്‍ വന്നത്. വാതില്‍ തുറന്നപ്പോള്‍ തന്നെ മദ്യത്തിന്‍‌റ്റെ രൂക്ഷഗന്ധം. ആ ലഹരിയില്‍ നില്‍ക്കുന്ന അവന്‍‌റ്റെ ശരീരത്തോട് ഒട്ടി ചേര്‍ന്നു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. സ്വന്തം അമ്മയ്ക്കു മുന്നില്‍ മകന്‍‌റ്റെ കാമലീല. ആദ്യമൊക്കെ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു. പക്ഷേ നാട്ടുകാരുടെ പരാതി കുടി കൂടി വന്നു. വഴിയിലെങ്ങും പെണ്‍കുട്ടികള്‍ക്ക് നടക്കാന്‍ വയ്യത്രേ. പിന്നൊരിക്കില്‍ നാട്ടുകാരൊക്കെ കൂടി പിടിച്ചു കെട്ടിയിട്ട് തല്ലി. ഒരമ്മയുടെ സ്ഥാനത്തു നിനും പറയാന്‍ പറ്റുന്നതെല്ലാം പറഞ്ഞു. പക്ഷേ....? ഇനി വയ്യ. എന്തിനിങ്ങനെ ഒരു മകന്‍. അമ്മയുടെ കണ്ണൂനീര്‍ തുടയ്ക്കേണ്ട മകന്‍ കാരണം ഇന്ന് അതേ അമ്മയ്ക്ക് കണ്ണുനീര്‍ ഒഴിഞ്ഞ നേരമില്ല. അവസാനം മാനഹാനി കാരണം ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലും അവന്‍‌റ്റെ കൈകള്‍ ഉണ്ടെന്നറിഞ്ഞു. ഇനി എന്ത്...?? പോലീസ്.... കോടതി....ജയില്‍....... വേണ്ട, പാടില്ല, അവന്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല, അത് കുടുംബത്തിനു നാണക്കേടല്ലേ....

രാത്രിയില്‍ കുടിച്ച് മദോന്മത്തനായി ഒരു പെണ്ണിന്‍‌റ്റെ കൂടെ കയറി വന്ന സ്വന്തം മകനെ നിര്‍ന്നിമേഷയായി നോക്കി നിന്ന് പിന്നീട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ ആ അമ്മയുടെ മനസ്സില്‍ മറ്റൊരു സുനാമി ആര്‍ത്തലയ്ക്കുകയായിരുന്നു എന്ന് അവനെങ്ങനെ അറിയാന്‍. ആ ലഹരിയുടെ മറവില്‍ കൂടെ കിടന്ന പെണ്ണ് ഇറങ്ങി പോയതോ സ്വന്തം അമ്മ തനിയ്ക്കു വേണ്ടി ഒരു കത്തി മൂര്‍ച്ച വരുത്തുന്നുതോ അവന്‍ അറിഞ്ഞിരുന്നില്ല. പിറ്റേന്ന് നേരം വെളുത്തതും തന്‍‌റ്റെ അമ്മ ആ മൂര്‍ച്ച വരുത്തിയ കത്തിയുമായി ആ പോലീസ് സ്റ്റേഷനിലെത്തിയതൊന്നും അവന്‍ അറിഞ്ഞിരുന്നില്ല. കാരണം അതിനൊക്കെ മണിക്കൂറുകള്‍ മുന്‍പ് തന്നെ ആ കത്തിയുടെ മൂര്‍ച്ച സ്വന്തം മകന്‍‌റ്റെ ശരീരത്ത് ആ അമ്മ പ്രയോഗിച്ചു നോക്കിയിരുന്നല്ലോ.

പിന്നീട് കുറേ വര്‍ഷങ്ങള്‍. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിരുന്ന തനിക്ക് ഇന്ന് ആകെയുള്ളത് ഈ മുറി മാത്രം. എന്നും രാവിലെ ആ ജനലില്‍ കൂടി ആ ക്ഷേത്രത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും നോക്കിയിരിക്കും. ആ പാടശേഖരങ്ങളില്‍ പണിയെടുക്കുന്നവരെ നോക്കിയിരിക്കും. ആ മാവിന്‍ തോപ്പ് കാണൂമ്പോള്‍ പണ്ട് മാമ്പഴം പറിച്ചു നടന്നിരുന്ന ആ കുട്ടിക്കാലത്തേക്ക് മനസ്സൊരു പ്രദക്ഷിണം വയ്ക്കും. ആ നാഷണല്‍ ഹൈവയിലേക്ക് നോക്കാന്‍ തന്നെ പേടിയാണ്‌. എപ്പോഴും തിരക്കാണ്‌. എല്ലാവര്‍ക്കും ധൃതിയാണ്‌, എന്തിനും ഏതിനും.

ഇന്ന് തനിക്കെന്തു പറ്റി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഓര്‍ക്കാത്ത, ഓര്‍ക്കാന്‍ ഇഷ്ടമില്ലത്ത കാര്യങ്ങള്‍ ഒരു തിരശ്ശീലയിലെന്ന പോലെ മനസ്സിലേക്ക് കടന്നു വന്നു. ഇന്ന് എനിക്കെന്തെങ്കിലും എഴുതണം ആ ഡയറിയുടെ അവസാന പേജുകളില്‍. പഴയതെല്ലാം ഓര്‍ത്ത് മനസ്സ് വിങ്ങുകയാണ്‌ ഒരിക്കലും വിട്ടു പോകാത്ത ആ ഓര്‍മ്മകള്‍ പോലെ. ആ മേശ വലിപ്പില്‍ നിന്നും ആ പഴയ പേന എടുത്ത് ആ ഡയറിയുടെ അവസാന പേജില്‍ അവര്‍ എഴുതി തുടങ്ങി.

ഇന്ന് ജൂലൈ 15. മറക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന പല കാര്യങ്ങളും ഇന്നീ ഡയറി എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ശരീരത്തെ ബാധിച്ച ക്യാന്‍സര്‍ പോലെ അത് എന്നെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു. ഇത്രയും നാളിനു ശേഷം വീണ്ടും ഈ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങുവാന്‍ മനസ്സിനെ ആരോ തള്ളി വിടുന്നതു പോലെ. ആ ക്ഷേത്രത്തില്‍ പോകണമെന്ന് മനസ്സ്‌ പറയുന്നു. ആ കൃഷിക്കാരോടൊപ്പം ആ പാടശേഖരങ്ങളില്‍ ഓടി നടക്കുവാന്‍ ഹൃദയം പറയുന്ന പോലെ. ഒരിക്കല്‍ കൂടി ആ മാന്തോപ്പില്‍ പാറി നടന്ന് ആ മാമ്പഴം പറക്കുവാന്‍ പറയുന്നു.

പെട്ടെന്ന് മനസ്സിന്‍‌റ്റെ ആ ആഗ്രഹത്തിനു മുന്നില്‍ ഒരു നിമിഷം എല്ലാം മറന്ന് ചാടി എണീറ്റപ്പോഴും ആ കാലുകളില്‍ കൂച്ചു വിലങ്ങായി ആ ഇരുമ്പു വളയങ്ങള്‍ അവിടെയുണ്ടായിരിന്നു. വര്‍ഷങ്ങളായുള്ള അവയുടെ സ്നേഹ സ്പര്‍ശനം കാലുകളില്‍ വൃണങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള്‍ ആ വൃണങ്ങള്‍ പൊട്ടി രക്തവും പഴുപ്പും പുറത്തേയ്ക്ക് ഒലിച്ചു തുടങ്ങിയിരിക്കുന്നു, മനസ്സിന്‍‌റ്റെ വേദന പോലെ. ആ ചങ്ങലയുടെ കിലുക്കം പോലും എന്തൊക്കെയോ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ. ആ ചങ്ങലയേയും ഇരുമ്പു വളയങ്ങളേയും ചേര്‍ത്ത് ബന്ധിച്ച ആ ഗോദറേജ് പൂട്ട് ഇപ്പോഴും തന്നെ നോക്കി പുഞ്ച്ചിരിക്കുന്നു.

ഒരു തളര്‍ച്ചയോടെ ആ കിടക്കയിലേക്ക് വീഴുമ്പോള്‍ കൈയ്യിലെ പേന എവിടെയോ വീണ്‌ അതിന്‍‌റ്റെ ചലന ശേഷി നശിച്ചിരുന്നു. ആ ഹൃദയത്തിന്‍‌റ്റെ ചലനം പതിവിലും കൂടുതലായി മാറിയപ്പോഴും ആ ചങ്ങലകള്‍ തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നു, പരസ്പ്പരം വിട്ടു പിരിയാനാകാത്ത ദേഹവും ദേഹിയും പോലെ. അപ്പോള്‍ ആ ഹൈവയിലെവിടെയോ ഒരു ആംബുലന്‍സ് അതിന്‍‌റ്റെ നിലവിളി ശബ്ദവുമായി പാഞ്ഞു പോകുകയായിരിന്നു. അപ്പോഴും ആ മുറിയിലെ ഇളം കാറ്റില്‍ ആ ഡയറിയുടെ അവസാന പേജ് ഇളകിയാടുന്നുണ്ടായിരിന്നു, അണയാന്‍ പോകുന്ന ദീപം പോലെ.

Sunday, July 19, 2009

സമയമില്ല. (ഒരു മൊഴിമാറ്റ കവിത).

എന്‍‌റ്റെയുള്ളിലുണ്ടെല്ലാ സന്തോഷവും,
പക്ഷേ ഒന്നു ചിരിക്കുവാനെനിക്ക് സമയമില്ല.
രാത്രി പകലെന്നില്ലാതോടുന്നയീ ഭൂമിയില്‍,
ഒന്ന് ജീവിക്കാനെനിക്ക് സമയമില്ല.

അമ്മയുടെ മടിത്തട്ടിന്‍ ചൂടറിയുന്നു ഞാന്‍, പക്ഷേ
അമ്മയെ അമ്മയെന്നു വിളിക്കുവാന്‍ സമയമില്ല.
അച്ഛന്‍‌റ്റെ തലോടലറിയുന്നു ഞാന്‍, പക്ഷേ
അച്ഛനെ അച്ഛായെന്നു വിളിയ്ക്കുവാന്‍ സമയമില്ല.

ബന്ധങ്ങളെല്ലാം കൊന്നു കൊലവിളിച്ചിരിക്കുന്നു ഞാന്‍,
പക്ഷേ അവയെല്ലാം ആ പെട്ടിയിലാക്കുവാന്‍ സമയമില്ല.
ദു:ഖത്താലെന്‍‌റ്റെ ഹൃദയം കരകവിഞ്ഞൊഴുകുന്നു,
പക്ഷേ ഒന്നു കരയുവാന്‍ പോലുമെനിക്ക് സമയമില്ല.

പൈസ തന്‍ ലോകത്തു ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു,
പക്ഷേ ഒന്ന് തളരുവാന്‍ പോലും സമയമില്ല.

എന്‍‌റ്റെ കണ്ണുകളിലുറക്കം തലോടുന്നു,
പക്ഷേ ഉറങ്ങുവാനെനിക്ക് സമയമില്ല.
എന്തിനധികം ഞാന്‍ പറയണമെന്നേ പറ്റി,
സ്വപ്നം കാണാന്‍ പോലും സമയമില്ല.

എന്‍‌റ്റെ ജീവിതമേ. നീ തന്നെ പറയൂ,
ഈ ജീവിതത്തിന്‍‌റ്റന്ത്യമെന്നാണെന്ന്.
ഓരോ നിമിഷത്തിലും മരിക്കുന്നവര്‍ക്ക്‌,
ഒന്നു ജീവിക്കുവാന്‍ പോലും സമയമില്ല.

Saturday, July 11, 2009

മറവി...

മറവി......

അത് മരണമാണെനാരോ,
അല്ല,
പുനര്‍ ജനനമാണെന്നാരോ,
ഇല്ലെനിക്കു പറയുവാന്‍
ആ മറവിയെപറ്റി.


എന്‍ മരണവുമല്ലാ മറവി,
എന്‍ ജനനവുമല്ലാ മറവി.


കാരണം ഞാനെന്നെ മറന്നപ്പോ-
ഴെനിക്കായ് ചിതയൊരുങ്ങിയില്ല,
ഞാന്‍ ജനിച്ചപ്പോഴാകട്ടെയാ കത്തിയ
ചിതകള്‍ കെട്ടടങ്ങിയില്ല.


പിന്നെ നിന്നെ മറന്നുവെന്ന്...
ഹാ. നിന്നെയും മറന്നില്ല, മറക്കുകില്ല
കാരണം നിന്നെ മറക്കുവാന്‍
പോലും മറന്നുപോകുന്നു ഞാന്‍.

Sunday, June 21, 2009

മനുഷ്യന്‍‌റ്റെ മാറ്റം.

അന്നവിടെയാ ചെറു വൃക്ഷങ്ങള്‍
തന്‍ മനോഹര ഛായയില്‍
പങ്കുവയ്ക്കപ്പെട്ടതവരുടെ
ഹൃദയങ്ങളായിരിന്നു,
പകര്‍ന്നു നല്‍കിയതോ
സ്നേഹത്തിന്‍ മന്ത്രങ്ങളായിരിന്നു.


ഇന്നവിടെയാ ചെറു വൃക്ഷങ്ങള്‍ തന്‍
ഛായയില്ലിരിക്കുവാന്‍,
പകരം ശീതീകരിച്ച മുറിക്കുള്ളില്‍
ആ വര്‍ണ്ണ നിബിഢമാം ഇന്‍‌റ്റര്‍-
നെറ്റിന്‍ കഫേയുണ്ടാ തണുപ്പു
ബാധിച്ച ഹൃദയങ്ങള്‍ക്കിരിക്കുവാന്‍.


വൃക്ഷത്തലപ്പുകളുടെ ഛായയില്‍
നിന്നും പ്രേമം ഇന്നാ ശീതീകരിച്ച
കഫയിലെ ഇരുണ്ട ചുവരുകള്‍-
ക്കിടയിലേക്ക് പോയിരിക്കുന്നു.
വിലയിടിഞ്ഞത് പ്രേമത്തിനോ അതോ
ഇരുട്ടിലേക്കൊതുങ്ങുന്ന മനുഷ്യനോ?

Sunday, May 03, 2009

എന്‍‌റ്റ അമ്മ.

അമ്മതന്‍ വയറ്റില്‍ കിടന്നു ഞാനൊരു
മഹാരാജാവിനെ പോലെ പത്തുമാസം.
പിന്നെയാ നോവിന്‍ അവസാനം അമ്മ തന്‍
പുഞ്ചിരിയായ് വന്നു ഞാന്‍ കരച്ചിലൊടെ.


ആ അമ്മ തന്‍ പ്രതീക്ഷയായ്, താങ്ങായ്,
തണലായ്, സ്വപ്നമായ് എന്നെ കണ്ടൂ.
വിശപ്പിന്‍‌റ്റെ വിളിയാല്‍ അമ്മതന്‍
അടിവയര്‍ ആര്‍ത്തു കരഞ്ഞപ്പോഴും, ഒരു
പുഞ്ചിരിയോടെന്നെ മുലയൂട്ടിയ എന്‍‌റ്റെ അമ്മ.


എന്‍‌റ്റെ സുഖങ്ങളില്‍ അവള്‍ മറന്നതവള്‍
തന്‍ മനം പൊട്ടും ദു:ഖങ്ങളായിരിന്നു.


മോനേ ഓര്‍ക്കുക നമ്മളനാഥരാണെന്നോ-
ര്‍ക്കുക നമുക്കായ് നാം മാത്രമെന്ന്;
പലവുരു ഉരുവിട്ടു, ക്ഷമിക്കുക നീ
നിന്നെ ദ്രോഹിക്കും ജനങ്ങളോടും.


സ്നേഹത്തിന്‍ നിറകുടമാം, ശാന്ത
സ്വരൂപിയാമെന്നമ്മയ്ക്കായ്, മനസ്സു
നിറയെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അമ്മേ,
ഇനിയുള്ള ജന്മങ്ങളിലെല്ലാം നീ
തന്നെയെന്‍ മാതാവായ് വന്നിടണേ.

Sunday, April 12, 2009

ഈസ്റ്റര്‍.

മനുഷ്യനായ് അവതരിച്ചു ഭൂമിയില്‍,
പിന്നെയാ യേശുദേവനും മരിച്ചു വീണു
ആ ഗാഗുല്‍ത്താ മലതന്‍ ഉയരങ്ങളില്‍.
കിടന്നു ദേവനാ കല്ലറയില്‍ മൂന്നു നാള്‍,
വിശ്വാസത്താലുയര്‍ത്തെഴുന്നേറ്റു മൂന്നാംനാള്‍.

നമ്മള്‍ ചെയ്ത പാങ്ങള്‍ക്കായ്
കുരിശിലേറി, ക്രൂശിതനായി.
അനാഥരാം ജനങ്ങള്‍ക്കായ്
സ്വന്തം രക്തം നല്‍കി യേശു.

പകരം നമ്മള്‍ നല്‍കിയാ
ചാട്ടവാറിന്‍ ശീല്‍ക്കാരങ്ങള്‍.
തലയില്‍ വെച്ച മുള്‍ക്കിരീടം,
വാര്‍ന്നെടുത്തു രക്തവര്‍ണ്ണം.
ആ ചമ്മട്ടിതന്‍ ലോഹഗോളങ്ങള്‍
പറിച്ചെടുത്തു പച്ചമാംസങ്ങള്‍.
പിന്നെ ആഞ്ഞടിച്ചു ആണികള്‍
ആ മരക്കുരിശില്‍ ചേര്‍ത്തു വച്ച
യേശുവിന്‍ കൈകാലുകളില്‍
നിഷ്ഠൂരമാം മനുഷ്യര്‍ തന്നെ.

നമുക്കാഘോഷിക്കാം ഈ ഈസ്റ്റര്‍,
സ്നേഹത്തിന്‍ സമാധാനത്തിന്‍ ആശയം
പകരാം, വെറുക്കാം നമുക്ക് ശത്രുതയെ,
പരസ്പ്പരം സ്നേഹിക്കാം, നമുക്ക്
പരസ്പ്പരം സ്നേഹിക്കാം....


Sunday, April 05, 2009

അഭിമുഖം - ശ്രീ എം. കെ. ഖരീം.

"പാഥേയ"ത്തിനു വേണ്ടി മലയാളിയുടെ പ്രീയപ്പെട്ട കഥാകാരനുമായി ഞാന്‍ നടത്തിയ അഭിമുഖം)

എം.കെ. ഖരീം.
ജനനം : 1966 ആഗസ്റ്റ്‌ 15.
സ്ഥലം: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍.
നോവലുകള്‍:
ഗുല്‍മോഹര്‍.
ഗോലുവിന്റ്റെ റേഡിയോ പറയാതെ വിടുന്നത്.
ദുരൈലാല്‍ മദിഭ്രമ ഏടുകള്‍.
മരിച്ചവര്‍ സംസാരിക്കുന്നത്.
പുരുഷ ദേശങ്ങളുടെ ഉടല്‍

നോവലെറ്റുകള്‍:
രാ.
നഗ്ന ചിത്രം.
അലി ഒരു പുനര്‍വായന .

കഥകള്‍:
കോട്ടയം ബസ്സില്‍ ഓ.വി.വിജയന്‍.
ഗാട്ടിനു ശേഷം.
മരണം ചാറി നില്ക്കുന്നു.
ക്രൂരതയുടെ ഫലിത നിഘണ്ടൂ.
സെന്‍സര്‍ കിട്ടാതെ പോയ സിനിമയിലെ ഏതാനും ഭാഗങ്ങള്‍.
വഴിവെട്ടുകാര്‍.
ശ്മശാനം.
അസ്ഥികളുടെ രാജ്യാന്തര യാത്രകള്‍.
ആഗോളീകരണ കാഴ്ചകള്‍.
അഭിരാമി.
ഇരുണ്ട നൂലുകളില്‍.
നരക നിര്‍മ്മിതികള്‍.
സൂര്യന്‍ കരിയുന്നു.

അവാര്‍ഡുകള്‍.
1989 ല്‍ ബീം അവാര്‍ഡ് ചെറുകഥക്ക് .
2007 ല്‍ "മരിച്ചവര്‍ സംസാരിക്കുന്നത് "എന്ന നോവലിന്, അറ്റ്ലസ് കൈരളി അവാര്‍ഡ്.
2008 ല്‍ "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍ "എന്ന നോവലിന് ഓ.വി.വിജയന്‍ സ്മാരക പുരസ്കാരം.
ഇപ്പോള്‍ "രാതെളിമയുടെ കുളമ്പടികള്‍ " എന്ന നോവലിന്റെ പണിപ്പുരയില്‍.

എഴുത്തുകാരുടെ ലോകത്ത് ഒരു കേറിട്ട ശബ്ദം. അതാണ്‌ ശ്രീ എം കെ. ഖരീം. സ്വാതന്ത്ര്യ ദിവസത്തില്‍ പിറന്നതു കൊണ്ടെന്ന് തോന്നിപ്പിക്കുന്ന പോലെ വേറിട്ട സ്വതന്ത്ര ചിന്തകളുടെ, എന്തും പറയാന്‍ ചങ്കുറ്റം കാട്ടുന്ന എഴുത്തുകാരന്‍. അതുകൊണ്ടൊക്കെ തന്നെ കഴിവിനനുച്ചുള്ള അംഗീകാരം അദ്ദേഹത്തിന്‌ ലഭിച്ചുവോ എന്നത് വെറുമൊരു ചോദ്യമായി മാറുന്നു.

തന്‍‌റ്റെ ജീവിത യാത്രയില്‍ കാണുന്ന മുഖങ്ങള്‍, ചിലപ്പോള്‍ തന്‍‌റ്റെ തന്നെ പ്രതി രൂപങ്ങള്‍, താന്‍ കാണുന്ന കാഴ്ചകള്‍ ഒക്കെ കഥാപാത്രങ്ങളായി മാറ്റാനുള്ള അസാധാരണമായ കഴിവു കൊണ്ടാകാം അദ്ദേഹത്തിന്‍‌റ്റെ പല കഥാപാത്രങ്ങളും എല്ലായിപ്പോഴും നമ്മോടൊപ്പം തന്നെ കുടികൊള്ളൂന്നതും. സൂഫിയും ദുരൈലാലും വെറും കഥാപാത്രമായി നമുക്ക് കാണാന്‍ കഴിയാതെ പോകുന്നതും ഇവരില്‍ നമ്മളുടെ ഒക്കെ പ്രതി രൂപങ്ങള്‍ കാണുന്നതു കൊണ്ടു തന്നെയാണ്‌.

നമുക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം...

ഹരി വില്ലൂര്‍ : നമസ്ക്കാരം.

എം.കെ. ഖരീം: നമസ്തേ.

ഹരി വില്ലൂര്‍ : ഞാന്‍ പാഥേയത്തിനു വേണ്ടി ഹരി വില്ലൂര്‍.

എം.കെ. ഖരീം: ഞാന്‍ എം.കെ. ഖരീം.

ഹരി വില്ലൂര്‍ : വിദ്യാഭ്യാസം എവിടെയായിരിന്നു?

എം.കെ. ഖരീം: എറണാകുളം ജില്ലയില്‍.

ഹരി വില്ലൂര്‍ : സ്കൂള്‍, കോളജുകള്‍?

എം.കെ. ഖരീം: സൈന്റ് ജോസഫ് എല്‍. പി. സ്കൂള്‍, തൃക്കാക്കര; എം. എ. എച്ച്. എസ്., കാക്കനാട്; ഐ.ടി.ഐ.കളമശ്ശേരി; കൊച്ചിന്‍ ആര്‍ട്സ് കോളേജ്, എറണാകുളം.

ഹരി വില്ലൂര്‍ : "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". ഇതൊന്ന് വിശദീകരിക്കുമൊ?

എം.കെ. ഖരീം: കച്ചവടക്കാരനായ പിതാവ്. അറിയപ്പെടുന്ന തറവാട്. ബന്ധുക്കളും പരിചയക്കാരും കയറിയിറങ്ങിയത്‌ ഒരു മങ്ങിയ ഓര്‍മയായി എന്നും എന്നിലുണ്ട്‌. കച്ചവടം തകര്‍ന്നതോടെ വീടും സ്ഥലവും വിറ്റത്. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്ന് ആ സഞ്ചാരം ദാരിദ്ര്യത്തിലേക്കുള്ള യാത്ര എന്നറിയാതെ ആ അംബാസിഡര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആവേശത്തോടെ ഇരുന്നത്. പിന്നീടങ്ങോട്ട് ഇല്ലായ്മയുടെയും അവഗണനയുടെയും നാളുകള്‍. അന്നാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത്; തറവാട് മഹിമയിലോ, ബന്ധങ്ങളിലോ അര്‍ത്ഥമില്ലെന്ന്. അക്കാലത്ത് ബന്ധുക്കളുടെ വീടുകളില്‍ കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ നാലാം തരം പൗരനെ പോലെ ഒതുങ്ങി പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നില്‍ വല്ലാത്ത വെറുപ്പും പകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വലിയ ആള്‍ ആകണം എന്നും അന്ന് എന്നെ അവഗണിച്ചവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കണം എന്നും. എന്‍റെ തരക്കാരൊക്കെ നല്ല വസ്ത്രം അണിഞ്ഞ്, നല്ല ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകുക. അവിടെയും ഇല്ലായ്മയുടെ പേരില്‍ അവഗണന. എന്തിനു ഒത്തു പള്ളിയില്‍ പോലും ആ അവഗണന. അതിനിടയില്‍ ഞാന്‍ അറിഞ്ഞത് പണമാണ് എന്നാണ്‌ . ജാതി - മതങ്ങളോ തറവാട്ടു മഹിമയോ അല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നത്.പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ ... തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു. അദ്യം ആ തീവണ്ടിയില്‍ ഒന്ന് കയറിയാല്‍ മതി എന്ന ചിന്ത, പിന്നീടത്‌ ദീര്‍ഘ ദൂര സഞ്ചാരത്തിലേക്ക്... സഞ്ചാരമാണ് മനുഷ്യനെ പരുവപ്പെടുത്തുക. കെട്ടികിടക്കുന്ന ജലത്തില്‍ മാത്രമേ അഴുക്കുണ്ടാകൂ.. അതുകൊണ്ട് ഒഴുകി പരക്കാനുള്ള ആ ആവേശം ഇപ്പോഴും കെടാതെ....

ഹരി വില്ലൂര്‍ : എന്‍‌റ്റെ ചോദ്യം ഇതായിരിന്നു: "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". അതിനെ പറ്റി പറയൂ?

എം.കെ. ഖരീം: ഇരുപത്താറു ദിനങ്ങള്‍ , കടന്നു പോന്ന ആ നാളുകള്‍. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അലകള്‍ കണക്കെ അതെന്നിലേക്ക്. പിതൃവിയോഗംപകര്‍ന്ന ശൂന്യത. ആ ഞായറാഴ്ച, അന്ന് എന്‍റെ വാപ്പ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തണുത്ത കാലുകള്‍. പലവട്ടം ഞാന്‍ അതില്‍ പിടിച്ചു നോക്കി. മടിയില്‍ കിടത്തി അങ്ങിനെ ആ മങ്ങിയ കണ്ണിലേക്കും കാലുകളിലെക്കും നോക്കുമ്പോള്‍ പഴയ ഒരോര്‍മ എന്നിലേക്ക്‌ ഇരമ്പുന്നുണ്ടായിരുന്നു. അന്നെനിക്ക് അഞ്ചു വയസ്സ്. ഒന്നാം ക്ലാസ്സിലേക്ക് ഉമ്മയുടെ കൈ പിടിച്ചു പോയത്. ഓടു മേഞ്ഞ ആ സ്കൂള്‍ വരാന്തയില്‍ കയറുമ്പോഴുണ്ട് എങ്ങു നിന്നോ പാഞ്ഞു വന്ന വാപ്പ. വേഗം വീട് പൂട്ടാനും അടുത്ത വീട്ടില്‍ പൊയ് ഇരിക്കാനും. യാതൊന്നും അറിയാത്ത ആ കാലത്തു ഞാന്‍ കേട്ടത് എന്‍റെ വീട് ജപ്തി ചെയ്യാന്‍ പോലീസുകാര്‍ എത്തുന്നു എന്ന്. കുബേര പുത്രനായി ജനിച്ചു ദാരിദ്രത്തിലേക്ക് എടുത്തെറിഞ്ഞ നാളുകള്‍. പോലീസിന്‍റെ ആ കാക്കി ട്രൌസറും കൂര്‍ത്ത തൊപ്പിയും ഇന്നും എന്നില്‍ ഭീതി വിതച്ചുകൊണ്ട്. വാപ്പയുടെ കാലിലെ തണവു ഉള്‍കൊള്ളൂമ്പോള്‍ ഞാന്‍ ഓര്‍ത്തു ഒരിക്കല്‍ എത്ര വേഗത്തില്‍ സഞ്ചരിച്ച ആള്‍, ഇതാ ഇനി എവിടേയ്ക്കും നടക്കാനാവാതെ എന്‍റെ മടിയില്‍.... ഒരിക്കല്‍ ഞാനും അങ്ങിനെ എത്തുമല്ലോ...

ഹരി വില്ലൂര്‍ : താങ്കളുടെ "ബോംബെ" ജീവിതത്തെ പറ്റി ഒന്നു പറയാമോ?

എം.കെ. ഖരീം: ബോംബെ...ആകാശം മുട്ടെ കുഴലുകള്‍... കൂറ്റന്‍ കെട്ടിടങ്ങള്‍, തേരട്ട കണക്കെ സബര്‍ബന്‍ വണ്ടികള്‍... ബോംബെ... മുംബെയ് എന്ന് പറയാന്‍ വയ്യ. പേരു മാറിയത് കൊണ്ടു പട്ടിണികോലങ്ങളുടെ വിശപ്പ്‌ അടങ്ങില്ലല്ലോ! തീവണ്ടി മുറിയില്‍ വാതില്‍ക്കല്‍ നിന്നു എടുത്താല്‍ പൊങ്ങാത്ത ബാഗുമായി. സ്വപ്നത്തിലേക്കുള്ള കവാടം ആ നഗരത്തില്‍ തുറക്കപ്പെടും. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി , തലേന്നാള്‍ കഴിച്ച ബീഫും പൊറോട്ടയും മലച്ചു കിടക്കുന്ന അയാളുടെ വയറ്റില്‍ കുത്തി മറിയുന്നുണ്ടാവും, ദഹിക്കാതെ.... ആരാന്‍റെ പണം എന്ന് കരുതി വെട്ടി വിഴുങ്ങുകയായിരുന്നില്ലേ. ഏജന്റ്, എല്ലാ ഗള്‍ഫുകാരനും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കഥാപാത്രം. അയാളുടെ കയ്യില്‍ തൂങ്ങിയാണ് കൊച്ചിയില്‍ നിന്നും ഞാന്‍.... ഗള്‍ഫിലേക്ക്....പാളങ്ങള്‍... ഓരത്ത് വെളുപ്പാന്‍ കാലത്തു കുന്തിചിരിക്കുന്നവര്‍. അവരെ മനുഷ്യരായി ലോകം അഗീകരിചില്ലെങ്കിലും... അവരും ഈ ലോകത്തുണ്ട്, നമ്മെ പോലെ വായു ശ്വസിച്ചു... പെട്ടെന്ന് ഓടിക്കയറിയ ശൂന്യത. മടങ്ങിയാലോ! എത്രയോ അകലെയാണ് എന്‍റെ വീട്. ആ കല്‍പ്പൊടി മണം. എന്‍റെ കാല്‍പ്പാടുകള്‍... ചിലപ്പോള്‍ കപ്പലിന്‍റെ സൈറന്‍ മുഴങ്ങുന്ന മറൈന്‍ ഡ്രൈവ്... എനിക്ക് ഗള്‍ഫ് വേണ്ട. തിരിച്ചു പോകുക... ഫ്ലാറ്റ്ഫോമില്‍ കാലു കുത്തുമ്പോള്‍ ഒരു തകര്‍ന്ന ജീവി കണക്കെ. അതെ എന്‍റെ ഭാവി അവിടെയാണ് എഴുതപ്പെടുക എന്നൊരു തോന്നല്‍. ഒരിക്കല്‍ കൂടി ഓര്‍ത്തു പാസ്പോര്‍ട്ടും പണവും.. ഇല്ല ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. മടങ്ങിയാലോ! ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ആരോ കലമ്പല്‍ കൂട്ടി, പോകരുത്, പോകരുത്... ഭയങ്കരമായൊരു പിടിവലി. ആ സഞ്ചാരമാണ്‌ പിന്നീട് " മരിച്ചവര്‍ സംസാരിക്കുന്നത് " എന്ന നോവല്‍ രൂപപ്പെടാന്‍ കാരണം. ബാധ്യതയുടെ ഭാണ്ഡം മുറുക്കി എണ്ണപ്പാടം തേടുന്നവന്‍. അവന്‍റെ സ്വപ്‌നങ്ങള്‍...

ഹരി വില്ലൂര്‍ : ഓണ്‍ ലൈന്‍ രംഗത്ത് എത്തിയിട്ട് എത്ര കാലമാകുന്നു?

എം.കെ. ഖരീം: അഞ്ചു വര്‍ഷത്തിലേറെയായി...

ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന കമ്മ്യൂണിറ്റി തുടങ്ങാന്‍ കാരണം?

എം.കെ. ഖരീം: ഞാന്‍ തുടങ്ങിയതല്ല, മറ്റൊരാള്‍ എന്നെ ഏല്‍പ്പിച്ചതാണ്‌.

ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന ആ കമ്യൂണിറ്റിയുടെ ലക്‌ഷ്യം എന്താണ്‌?

എം.കെ. ഖരീം: പുതിയ എഴുത്തുകാര്‍ക്ക് വഴി തുറക്കുക.

ഹരി വില്ലൂര്‍ : ആ ലക്‌ഷ്യത്തില്‍ എത്ര ശാതമാനത്തോളം വിജയിക്കാന്‍ കഴിഞ്ഞു?

എം.കെ. ഖരീം: ഒട്ടും വിജയിച്ചില്ല. നിരാശാജനകം.

ഹരി വില്ലൂര്‍ : വിശ്വസിക്കുന്ന രാഷ്ട്രിയം.

എം.കെ. ഖരീം: കമ്മ്യൂണിസം.

ഹരി വില്ലൂര്‍ : രാഷ്ട്രീയത്തെ പറ്റി? വിശദമാക്കാമോ?

എം.കെ. ഖരീം: ഞാന്‍ കമ്മ്യൂണിസ്റ്റ്. ഇന്നത്തെ കമ്യൂണിസമല്ല. ഭൂരിപക്ഷ - ന്യൂന പക്ഷമെന്ന വേര്‍തിരിവില്ലാതെ, ജാതി മതങ്ങളുടെ തിണ്ണ നിരങ്ങാത്ത രാഷ്ട്രീയം. ഭരിക്കാന്‍ വേണ്ടിയല്ലാത്ത ജന സേവനം ലക്ഷ്യമാക്കി രാഷ്ട്രീയ കക്ഷികള്‍ വളരുക.

ഹരി വില്ലൂര്‍ : "ഈ തിരഞ്ഞെടുടുപ്പും പതിവ് പോലെ കുതിര കച്ചവടത്തില്‍ ചെന്ന് ചേരും. ദില്ലിയില്‍ അവര്‍ ഇടതു എന്നോ വലതോ എന്നില്ലാതെ ഒത്തു ചേരും. നാം വിഡ്ഢികള്‍. വെറും കീടങ്ങള്‍". ഇതിനെന്താണൊരു പ്രതിവിധി?

എം.കെ. ഖരീം: നാം ഉണരുക. നല്ലത് തിരിച്ചറിയുക. മതങ്ങളുടെ തിണ്ണ നിരങ്ങുന്നവരെ ഒറ്റപ്പെടുത്തുക.

ഹരി വില്ലൂര്‍ : "നമുക്ക് പട്ടിണി മാറുന്നതിനേക്കാള്‍ അത്യാവശ്യം ജാതി മത രാഷ്ട്രീയം കളിക്കുന്ന ഈ കുട്ടി തേവാങ്കുകളെ പടിയടച്ചു പിണ്ഡം വയ്ക്കുകയാണ്." ഇതിനെ പറ്റി?

എം.കെ. ഖരീം: അഴിമതി എങ്ങനെയും സഹിക്കാം. പക്ഷെ ജാതി - മതം കൊണ്ടുള്ള ഈ കളി അവസാനിപ്പിച്ചേ തീരൂ.. നമ്മെ സാമ്രാജ്യത്വത്തിന് പണയം വയ്ക്കുന്നവരെ തൂത്തെറിയുക, നാം ഇന്ത്യാക്കാര്‍. ആ ചിന്തയിലേക്ക് നാം എത്തിയെങ്കിലേ രാജ്യം നന്നാവൂ. കാന്‍സര്‍ പുറ്റുകളായ രാഷ്ട്രീയക്കാരെ അകറ്റുക. പട്ടിണി വന്നാല്‍ എന്തെങ്കിലും കടിച്ചു പറിച്ചു തിന്നു ചുരുണ്ട് കൂടാം. വര്‍ഗീയ കലാപം വന്നാലോ? വര്‍ഗീയ വിഭാഗീയത നമുക്ക് വേണ്ട.

ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയാണ്‌ നമ്മുടെ രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ശാപം. ഇതിനെപറ്റി?

എം.കെ. ഖരീം: ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നമ്മെ അവര്‍ ജാതി - മത കെണികളില്‍ തളച്ചിടുന്നു. പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്ത, ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം തുടരുന്നിടത്തോളം നമുക്ക് രക്ഷയില്ല.

ഹരി വില്ലൂര്‍ : താങ്കളുടെ ഇന്ത്യാ എങ്ങനെയുള്ളതാവണം?

എം.കെ. ഖരീം: ഇന്ത്യ ഒരു കാര്‍ഷീക രാജ്യം. ആ വഴിക്കുള്ള വികസനം ഉണ്ടാവണം. കുറെ പാലങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ ഒക്കെ വന്നാല്‍ വികസനം ആയില്ല. പാലം, റോഡുകള്‍ കൊണ്ടു സ്ഥലങ്ങളെ തമ്മില്‍ അടുപ്പിക്കാം, മനുഷ്യമനസ്സുകള്‍ തമ്മിലോ? എന്‍റെ ഇന്ത്യ എങ്ങിനെ ആകണം?ആദ്യമേ രാഷ്ട്രീയവും മതങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുക. രാഷ്ട്രീയക്കാരന്‍ ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങരുത്. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല. മതപ്രീണനം അവസാനിപ്പിച്ചു ഇന്ത്യക്കാര്‍ ആയി കാണുക. വിദ്യാകച്ചവടം നിര്‍ത്തുക.ഒരേ നിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ കൊടുക്കുക. പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് നിര്‍ബന്ധിത സൈനീക സേവനം. ഒരു വര്‍ഷത്തേക്ക്.... ആ വേളയില്‍ പൊതു സ്ഥലം, പൊതു കക്കൂസ് ഒക്കെ വൃത്തിയാക്കാന്‍ പരിശീലിപ്പിക്കുക. തുടര്‍ന്ന് അഭിരുചിക്കൊത്തു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. അങ്ങിനെ നമുക്കു നല്ല തലമുറയെ വാര്‍ത്തെടുക്കാം. പ്രജകള്‍ നന്നായില്ലെങ്കില്‍ രാജ്യം നന്നാവില്ല.

ഹരി വില്ലൂര്‍ : കേരളത്തെ പറ്റി എന്താണ്‌ താങ്കളുടെ കാഴ്ചപ്പാട്?

എം.കെ. ഖരീം: കേരളം ഇന്നും ഭ്രാന്താലയം. കപടഭക്തി, പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍, അണുകുടുംബങ്ങള്‍.... മാതാ പിതാക്കളെ പോലും തഴഞ്ഞുകൊണ്ട്... മലയാളിയെ പോലെ അഹങ്കാരികള്‍ മറ്റെങ്ങുമില്ല. ലക്ഷങ്ങള്‍ ഒരുമിച്ചു കൈയ്യില്‍ എത്തിയാല്‍ ഈശ്വരനെ പോലും വെല്ലു വിളിക്കും...

ഹരി വില്ലൂര്‍ : നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങള്‍ പലതും വിഴുങ്ങുന്നു എന്ന് താങ്കള്‍ പറയുകയുണ്ടായി. അതായത് "മംഗലാപുരത്ത് നടന്നത് സത്യത്തില്‍ എന്താണ്? ഞാന്‍ അത് ഇങ്ങനെ വായിക്കുന്നു " ലോക സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബി.ജെ.പി സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ അങ്ങിനെ ഒരു സംഭവം കൊണ്ഗ്രസ്സുകാര്‍ ആസൂത്രണം ചെയ്തത് ആയികൂടെ?". അപ്പോള്‍ ഒരു സാധാരണക്കാരന്‍ എന്താണ്‌ വിശ്വസിക്കേണ്ടത്?

എം.കെ. ഖരീം: പത്ര ദൃശ്യ മാധ്യമങ്ങള്‍ ചില അജണ്ടകള്‍ നടപ്പാക്കുന്നു. സാംസ്കാരീക അധിനിവേശം അ‌തുവഴി കടന്നു വരുന്നു. ചില അജണ്ടകള്‍ നടപ്പാക്കുന്നു.

ഹരി വില്ലൂര്‍ : എഴുത്തിലേക്കുള്ള പ്രവേശം എങ്ങനെ ആയിരിന്നു?

എം.കെ. ഖരീം: പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യഥേഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. ഒരു നേരം കഷ്ടിച്ച് ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ അതെല്ലാം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...

ഹരി വില്ലൂര്‍ : താങ്കളുടെ ഗുരു "സഞ്ചാരം" ആണെന്ന് പറയുന്നു. അതിനെ പറ്റി?

എം.കെ. ഖരീം: സഞ്ചാരമാണ് ഗുരു. സഞ്ചാരം മനുഷ്യന്‍ അല്ലാത്തത് കൊണ്ട്. മനുഷ്യന്‍ അഹന്തയുടെ, സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ പര്യായം... പണ്ട് ഏകലവ്യനു തള്ളവിരല്‍ നഷ്ടമായെങ്കില്‍ ഇക്കാലത്ത് തല തന്നെ ഗുരു പിഴുതെടുക്കാം. സഞ്ചാരം അങ്ങനെയല്ലല്ലോ. മാതാ, പിതാ, ഗുരു ദൈവം ... പിതാവ് കാട്ടി തന്ന ഗുരുവിനെ മറികടന്നു ഞാന്‍ സഞ്ചാരം എന്നാ ഗുരുവില്‍ എത്തി ചേര്‍ന്നു. അതാണ്‌ അക്ഷരലോകത്തേക്കുള്ള, എന്തിനു ഈശ്വരനിലേക്കുള്ള പാത വെട്ടുക. പണം എന്താണ്? വെറും കടലാസ്. അത് വേണ്ട എന്നല്ല പറയുന്നത്. കോടി കണക്കിന് ഉറുപ്പിക കയ്യിലുണ്ടെങ്കിലും കാല്‍ തട്ടി ഒന്ന് വീണാല്‍ ആ പണം നമ്മെ രക്ഷിക്കില്ല. തൊണ്ട കുഴിയില്‍ നിന്നും ലേശം വെള്ളം ഇറങ്ങണം എങ്കില്‍ പണം ഉണ്ടായത് കൊണ്ടായില്ല. പണം ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അത് ശരിയായി കാണുമ്പോഴും പണാദിഷ്ടമായ ഒരു ജീവിതം അല്ല എന്റേത്. പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്.

ഹരി വില്ലൂര്‍ : എഴുത്തില്‍ താങ്കള്‍ പിന്തുടരുന്ന ആരെങ്കിലും?

എം.കെ. ഖരീം: എഴുത്തില്‍ മാതൃകകള്‍ ഇല്ല. ഞാന്‍ എന്റെ വഴി വെട്ടുന്നു.

ഹരി വില്ലൂര്‍ : "എഴുത്ത്" എന്നതിനെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?

എം.കെ. ഖരീം: എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്. എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി. അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്. കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...

ഹരി വില്ലൂര്‍ : "എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല. വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല. എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു..." എഴുതാതിരിക്കുക എന്നാല്‍ അത് എന്‍‌റ്റെ മരണമാണെന്ന് താങ്കള്‍ പറഞ്ഞല്ലോ? അതിനെ പറ്റി?

എം.കെ. ഖരീം: എന്തോ...സ്നേഹവും സംഘട്ടനങ്ങളും;വെറുപ്പും വിദ്വേഷവും ആത്യന്തികമായ നിസ്സംഗതയും...കാണാമറയത്തെ ശത്രുവോട് യുദ്ധം. എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല.വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല.എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു...

ഹരി വില്ലൂര്‍ : "എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്". വിശദീകരിക്കാമോ?

എം.കെ. ഖരീം: എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, മറ്റെന്തിന്റെയും ആകട്ടെ സാമ്രാജ്യത്വം മനുഷ്യര്‍ക്ക്‌ മാത്രമല്ല സാഹിത്യത്തിനും എതിരാണ്‌. എല്ലാ യുദ്ധവും, യുദ്ധം നടത്താനുള്ള ഗൂഢാലോചന പോലും എഴുത്തിനെതിരെയുള്ള യുദ്ധമാണ്. എല്ലാ ഗ്യാസ് ചേംബറുകളൂം ശ്വാസം മുട്ടിക്കുന്നത്‌ സാഹിത്യകാരനെയാണ്‌. എല്ലാ തൂക്കുമരങ്ങളും ഞെരിക്കുന്നത്‌ എഴുത്തുകാരന്റെ തുറന്ന കണ്ടനാളത്തെ. ഓരോ ഹിംസയും അനീതിയും ലോകത്ത് പറയുന്ന ഓരോ നുണയും എഴുത്തിനെതിര്...

ഹരി വില്ലൂര്‍ : പ്രണയത്തെ പറ്റി താങ്കള്‍ ഒരുപാടെഴുതിയിട്ടുണ്ട്? താങ്കളുടെ യഥാര്‍ത്ത പ്രണയത്തെ പറ്റി?

എം.കെ. ഖരീം: എന്‍റെ പ്രണയം ഉടലുകളുടെ ആഘോഷമല്ല. ആത്മാവില്‍ ആത്മാവ് കലരുന്നതാണ്‌.

ഹരി വില്ലൂര്‍ : "പാതിരാവിലെ പ്രണയം, നട്ടുച്ചയിലെ പ്രണയം... ഭാവം രണ്ടെങ്കിലും ഒന്നല്ലേ." പ്രണയത്തിന്‌ അങ്ങനെ ഒരു വേര്‍തിരിവുണ്ടോ??

എം.കെ. ഖരീം: പ്രണയത്തിനു വേര്‍തിരിവുണ്ട്. നമ്മുടെ ആഗ്രഹം പോലിരിക്കും അതിന്റെ മാറ്റവും. ഞാന്‍ പ്രണയത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.

ഹരി വില്ലൂര്‍ : "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍" എന്ന നോവലിലെ കുട്ടിയായ ദുരൈലാലില്‍ താങ്കളൂണ്ട്, വള്ളി നിക്കറും ഇട്ടു കളിക്കൂട്ടുകാരിയോടൊപ്പം..." ആ ദുരൈലാലിനേയും ആ കളിക്കൂട്ടുകാരിയേയും പറ്റി ഒന്നു പറയുമോ?

എം.കെ. ഖരീം: എന്‍റെ ബാല്യം, ദാരിദ്ര്യത്തിന്റെ ഏകാന്തതകള്‍. ഒന്നാം ക്ലാസ്സില്‍ ഒറ്റ ബെഞ്ചില്‍ ഇരുന്നു പഠിച്ചവള്‍. ഇന്ന് ആ മുഖമോ പേരോ ഓര്‍മയില്ല. എങ്കിലും ആ ഭാവം, മറക്കാനാവാതെ...

ഹരി വില്ലൂര്‍ : താങ്കളുടെ ഗള്‍ഫ് ജീവിതത്തെ പറ്റിയാണ്‌ "മരിച്ചവര്‍ സംസാരിക്കുന്നത്" എന്ന നോവല്‍ എഴുതിയിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്‌. അതിനെ പറ്റി?

എം.കെ. ഖരീം: പ്രവാസം. ഒരു തരം അസ്ഥി വേവിച്ച് പണം നേടുന്നത്.

ഹരി വില്ലൂര്‍ :"ഉഷണരോഗത്തെരുവില്‍ അലയുമ്പോള്‍
ഒരു കുപ്പി ചാരായത്തില്‍ മയങ്ങി
പ്രതികരണ ശേഷിയില്ലാതെ
കാമിനിയെ, പുസ്തകത്തെയോര്‍ത്ത്..." ഒരു തരം ദു:ഖഭാവം നിഴലിക്കുന്നില്ലേ ഈ വരികളീല്‍?

എം.കെ. ഖരീം: ഉഷ്ണരോഗത്തെരുവ് ... സിനിമയില്‍ ഒക്കെ കണ്ട ആ ഇടം ഒന്നു നേരില്‍ കാണുക. ദാദറില്‍ വണ്ടിയിറങ്ങുമ്പോള്‍ അതായിരുന്നു ചിന്ത. ദാദര്‍ ഏതോ ഗുണ്ടയുടെ നാമവും പേറി അങ്ങിനെ മലച്ചു കിടന്നു. നടക്കുമ്പോള്‍ അറിയാത്ത ആ ഗുണ്ടയും ആനന്ദിന്‍റെ ആള്‍കൂട്ടം എന്ന നോവലും കലമ്പല്‍ കൂട്ടി കൊണ്ടിരുന്നു. ഇടയ്ക്ക് ഓര്‍ക്കാതെയല്ല കൂട്ടിനു ഒരാളെ വേണം. പക്ഷെ പറ്റിയ ഒരാള്‍, അതും ആ തെരുവിലേക്ക് ധൈര്യമായി പോരാന്‍ പറ്റിയ ഒരാള്‍. അങ്ങിനെ ഒരാള്‍, റഷീദ് ഉണ്ട്. പക്ഷെ അയാളെ വിശ്വസിക്കരുതെന്ന് ലോഡ്ജില്‍ നിന്നും കിട്ടിയ അറിവ്. അയാള്‍ കള്ളനാണ്. ഞാനും അത് ശിരസാ വഹിച്ചു. എങ്കിലും ലോഡ്ജില്‍ സഹായി ആയി എത്തുന്ന ആ ആളെ ആര്‍ക്കും അങ്ങിനെ അവഗണിക്കാന്‍ ആവില്ല. നഗരത്തെ കലക്കികുടിച്ച ആള്‍ . വിശാലമായ നിരത്തും കൂറ്റന്‍ കെട്ടിടവും. ചുവന്ന തെരുവ്. ഇടം വലം നോക്കാതെയാണ്‌ നടപ്പ്. വരാന്തയില്‍ പേന്‍ നുള്ളി ആള്‍കൂട്ടത്തെ മാടി വിളിച്ചു വേശ്യകള്‍. നേരെ നോക്കിയാല്‍ അവര്‍ ഓടി വന്നു വലിച്ചു കൊണ്ടു പോകും. ആ ഭീതിയോടെ. ഏതോ കുടുംബത്തില്‍ അല്ലലില്ലാതെ വളര്‍ന്നവര്‍ ആ കൂട്ടത്തില്‍ എത്ര വേണമെങ്കിലും കണ്ടേക്കും. ആരുടെയെല്ലാമോ ചതിയില്‍ പെട്ട് അങ്ങിനെ മുഷിഞ്ഞ കൊലങ്ങളായി അവസാനിക്കാന്‍...നേരെ നടന്നു. എല്ലാ വഴിയും ഒരു പോലെ. ഇടയ്ക്ക് മുകുന്ദന്‍ കഥാപാത്രങ്ങള്‍ ഇരമ്പി കയറി. അരവിന്ദനും മറ്റും... മനസ്സില്‍ കുറിച്ചു നാളേക്ക് ഓര്‍മിക്കാന്‍ ഒരു സഞ്ചാരം.....

ഹരി വില്ലൂര്‍ : 'മരിച്ചവര്‍ സംസാരിക്കുന്നത്' എന്ന നോവലിലെ സൂഫി കഥാപാത്രം താങ്കള്‍ മരുഭൂമിയില്‍ വച്ച് കണ്ട ഒരാളാണെന്ന് പറഞ്ഞല്ലോ? എന്തായിരിന്നു ആ സംഭവം?

എം.കെ. ഖരീം: ഏതോ ഒരു വെളുപ്പാന്‍ കാലത്ത് ഇറങ്ങി നടന്നു. നിരത്തുകള്‍ ഏറെക്കുറെ വിജനം. അറബികള്‍ ഒഴിവു ദിനത്തിന്റെ ലഹരിയില്‍ ഉറക്കത്തിലാകണം. നടന്നു. എവിടേക്ക്, അറിയില്ല. ദമ്മാമില്‍ പോയാലോ, കോബാറില്‍... അങ്ങനെ ചില ചിന്തകള്‍ ഉണ്ടാകാതെയല്ല. തെല്ലു ദൂരം ചെന്നപ്പോള്‍ അതു വഴി വന്ന മഞ്ഞ ടാക്സിയില്‍ കയറി. അത് അല്‍ ഹസ്സയിലെക്കുള്ളത്. വണ്ടിയിലേക്ക് ഓളം വെട്ടി തുടങ്ങിയ മരുക്കാറ്റ് . വിജനമായ ആ നാല് വരി പാതയില്‍ വണ്ടി നിര്‍ത്തിച്ചു ഇറങ്ങി. ഏകാന്തമായ മരുഭൂമിയിലെ ഞൊറിവുകള്‍. ഒട്ടു ദൂരം ചെന്നപ്പോഴാണ് ഒരാളെ കണ്ടത്. ആടുകളെ മേയ്ച്ചുകൊണ്ട് ഒരു കാട്ടറബി. അവര്‍ എന്നും രണ്ടാം തരം പൗരന്മാര്‍. വെളുത്തവന്റെ കീഴടക്കലില്‍ അങ്ങനെ നരകിച്ച്‌. ലോകം മുഴുവന്‍ അങ്ങനെ എന്ന് ധരിച്ചു , എങ്ങും കീഴ്പ്പെടുത്തലിന്റെ ഗാഥകള്‍. അയാളില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു, തീ വാങ്ങി സിഗരട്ട് കത്തിച്ചു. പിന്നീട് ഒന്നും മിണ്ടാതെ സഞ്ചാരം. കാക്കക്ക് ഇരിക്കാന്‍ പോലും തണല്‍ ഇല്ലാതെ. ദിക്കുകള്‍ നഷ്ട്ടപ്പെടുകയായിരുന്നു പെരുംകാറ്റില്‍ ഭ്രാന്തമായി ആ മണല്‍ തരികള്‍. ദൂരെ കാറ്റ് കൂമ്പാരം ഏറ്റിയ മണല്‍. അതിന്റെ നിഴലില്‍ തെല്ലു വിശ്രമിക്കാം എന്ന് കരുതാതെയല്ല. അപ്പോഴേക്ക് ഭീതിയോടെ ഓര്‍ത്തു. ഇനി എവിടെക്കാണ്‌ നടക്കുക? തിരിഞ്ഞു നടക്കണമെങ്കില്‍ ദിക്ക് അറിയണ്ടേ? എങ്ങനെയാണ് മടങ്ങുക. ആകെ കൂടി തളര്‍ച്ച. അപ്പോള്‍ പണ്ട് കണ്ട സിനിമയിലെ രംഗം ഓര്‍ത്തു. മരുഭൂമിയിലൂടെ വഴി തെറ്റി മേയുന്നവര്‍. ഇത് അവസാന യാത്ര. നേരം ഇരുളും മുമ്പ് എങ്ങനെയാണ് നിരത്തില്‍ എത്തുക. നിരത്ത് കണ്ടെത്തിയാല്‍ പിന്നെ സഞ്ചാരം എളുപ്പമാകും. ഒരു നിലവിളി ഉള്ളില്‍ കെട്ടി മറിഞ്ഞു. ദാഹവും വിശപ്പും. എത്രയോ അകലെയാണ് താമസിക്കുന്ന ഇടം. അതിനും എത്രയോ അകലെ എന്‍റെ വീട്. വയ്യ. എന്തും വരട്ടെ എന്ന് കരുതി നടന്നു. നേരത്തെ കണ്ട ആ സഞ്ചാരിയെ കണ്ടെത്തുക. അയാള്‍ വഴി പറഞ്ഞു തരും. പക്ഷെ എത്തിയത് മറ്റൊരിടത്ത്. അവിടെ ഒരു തമ്പ് കാണായി. ആശ്വാസത്തോടെ അവിടേക്ക്... മുത്തുമാല ജപിച്ചുകൊണ്ട്‌ ഒരാള്‍. മങ്ങിയ അറബി വേഷം, നീണ്ട ദീക്ഷ. പണ്ട് വായിച്ച സൂഫി കഥാപാത്രത്തെ ഓര്‍ത്തുകൊണ്ട്‌... അയാള്‍ക്ക് ആട് മേയ്ക്കല്‍ ആണ് തൊഴില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊണ്ടോട്ടിയില്‍ നിന്നും ഉരുവില്‍ കയറിക്കൂടിയ ഒരാള്‍. പാസ്പോര്‍ട്ടും വിസയും നഷ്ട്ടപെട്ടിരുന്നു. അയാള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. എനിക്ക് ഉണങ്ങിയ കുബ്ബൂസും സുലയ്മാനിയും തന്നു. കൂട്ടത്തില്‍ ഏതാനും ഈന്തപ്പഴവും അകത്തു ചെന്നപ്പോള്‍ തളര്‍ച്ച ...

ഹരി വില്ലൂര്‍ : "ഗിനിപന്നി വാചാലമാകുന്നു..." എന്ന താങ്കളുടെ കവിതയെ പലരും വിമര്‍ശിച്ചു കണ്ടൂ. അതിലെ വാക്കുകള്‍ അല്പം മോശമായി പോയി എന്നും കണ്ടു. അതിനെ പറ്റി?

എം.കെ. ഖരീം: പുതുകാല കവിതകള്‍ ഒരുതരം പച്ചയായ ആവിഷ്കാരം ആണ്. ഗിനിപന്നി എന്നത് നാലാം ലോകവും. അത് ഒന്നാം ലോകത്തിന്റെ അടിച്ചമര്‍ത്തലില്‍ മരിച്ചു കൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടി നാം എന്ന കാഴ്ചപാടും നമ്മെ ഒറ്റ് കൊടുക്കുന്ന ആധൂനീക രാഷ്ട്രീയവും.

ഹരി വില്ലൂര്‍ : താങ്കള്‍ക്ക് ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് എന്ന് കരുതുന്ന അവാര്‍ഡ്?

എം.കെ. ഖരീം: രണ്ടായിരത്തി എട്ടിന്റെ അന്ത്യ രാവില്‍ എന്‍റെ നാട്ടില്‍ ഏറ്റു വാങ്ങിയ സ്വീകരണം... കസേരയില്‍ ഇരിക്കുമ്പോള്‍ ആ പഴയ ഇന്നലെകളെ ഓര്‍ത്തു പോയി. ഒരു പഴയ പയ്യന്‍റെ നിസ്സഹായതയും, ഒറ്റപ്പെടലും അങ്ങിനെ പലതും. അക്കാലത്ത് എന്നില്‍ ചൊരിയപ്പെട്ട പരിഹാസങ്ങള്‍. പുതിയ വേദിയില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അഭിമാനമോ ഒരു തരം നിര്‍വൃതിയോ? അവര്‍ അണിയിച്ച പൊന്നാട, വച്ചു തന്ന ട്രോഫി... എന്‍റെ സ്വരത്തിനായി കാതോര്‍ത്തവര്‍. ഒരിക്കല്‍ എന്നെ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ! എല്ലാം കഴിഞ്ഞു വേദിക്ക് പുറത്തു കടന്നപ്പോള്‍ എങ്ങു നിന്നോ ഒരു മുഷിഞ്ഞ കോലം എന്‍റെ കൈ പിടിച്ചു. ചെരുപ്പ് കുത്തി. അയാള്‍, ആ തമിഴന്‍ വല്ലാത്ത ആവേശത്തോടെ അയാളുടെ പണിപ്പുരയിലേക്ക് കൈ ചൂണ്ടി. ഞാന്‍ പറഞ്ഞു പിന്നീട് വരാം. മടങ്ങുമ്പോള്‍ അറിഞ്ഞു എന്‍റെ കഥാപാത്രം. ഏതൊരു അവാര്‍ഡിനെക്കാളും വലുത് നിഷ്കളങ്കമായ ആ സംസാരം...

ഹരി വില്ലൂര്‍ : ഒരു കഥയോ കവിതയോ എഴുതി കഴിഞ്ഞാല്‍ പിന്നെ അതിനെ പറ്റി കഥാകാരന്‍ എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്?

എം.കെ. ഖരീം: കവിത നന്നോ ചീത്തയോ എന്ന് കവി ചോദിക്കരുത്. അത് വായനക്കാര്‍ തീരുമാനിക്കട്ടെ. എഴുതി പേന എടുക്കുന്നിടത്ത് മറ്റൊരു രചന നടക്കുന്നുണ്ട്. ഒരു കൃതി എഴുതിയാല്‍ കവിക്ക്‌ ആ കവിത ഏറ്റവും മോശമായി അനുഭവപ്പെടനം. എങ്കിലേ അടുത്ത സൃഷ്ടി മെച്ചപെടൂ. അങ്ങനെ മെച്ചമായ ഒന്നിന് വേണ്ടി തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുക. എഴുത്തുകാര്‍ അങ്ങനെ വേണം. താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്. എന്റെ കവിത താങ്കള്‍ക്ക് നല്ലത് ആകുമ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ആകണം എന്നില്ല. മൂന്നാമതോരാള്‍ക്ക് മറ്റൊരു വിധം ആകും. എന്‍റെ ഈ ചെറിയ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്, കവിയോ നോവലിസ്റ്റോ സ്വന്തം കൃതി എന്തെന്ന് വിശദീകരിക്കാന്‍ തുനിയരുത്. സത്യത്തില്‍ എന്‍റെ നോവല്‍ എങ്ങനെ ആണെന്ന്, അതിന്റെ വായനാസുഖം എന്തെന്ന്, അങ്ങനെ എല്ലാം ഞാന്‍ മനസിലാക്കിയത് വായനക്കാരില്‍ നിന്നുമാണ്. എന്‍റെ നോവല്‍ വായിച്ചവരൊട് ഞാന്‍ ചോദിക്കാറുണ്ട് അതിന്‍റെ കുറ്റവും കുറവുകളും. അത് അടുത്ത നോവലില്‍ ഉപകരിക്കും. ഒരു സൃഷ്ടിയുടെ ആസ്വാദനം ഒരിക്കലും എഴുത്തുകാരനില്‍ അല്ല. എന്‍റെ സൃഷ്ടികളെ ആര്‍ക്കും കല്ലെറിയാം. ഞാനത് സന്തോഷം സ്വീകരിക്കും. കാരണം ഏറുകൊള്ളുമ്പോള്‍, ചോര വാര്‍ന്നൊലിക്കുമ്പോള്‍, ഹൃദയം കത്തുമ്പോള്‍m എഴുത്തിനു കരുത്തു ലഭിക്കുന്നു.

ഹരി വില്ലൂര്‍ : ജനുവരി പതിനാറാം തീയതി, അതായത് താങ്കളുടെ വാപ്പ മരിച്ചിട്ട് ആറാം നാള്‍, താങ്കള്‍ക്കായി ഒരുക്കിയ ആ വേദിയില്‍ നിന്നപ്പോള്‍ താങ്കള്‍ താങ്കളുടെ വാപയെ പറ്റിയാണ്‌ പറഞ്ഞത് :"" ദളിതന്റെ പിഞ്ഞാണത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച വാപ്പ. അത് തന്നെയാണ് ഞാനും... ഒരിക്കല്‍ മാറ്റിയുടുക്കാന്‍ ഉടുപ്പില്ലാതെ, ആ സ്കൂള്‍ മുറ്റത്തു കൂടെ കരിമ്പന്‍ കയറിയ ട്രൌസറും ഷര്‍ട്ടും അണിഞ്ഞു നടന്നവന്‍.... അത് തന്നെയാണ് ഞാന്‍ ഇപ്പോഴും... ഈ നാട്ടുകാരന്‍ ആകുമ്പോഴും, ഒരു മലയാളി എഴുത്തുകാരന്‍ ആകുമ്പോഴും ഞാനൊരു ഇന്ത്യക്കാരന്‍ എന്നറിയപ്പെടാന്‍, ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു..." ഇപ്പോള്‍ ഇതിനെ പറ്റി എന്ത് തോന്നുന്നു?

എം.കെ. ഖരീം: അന്ന് വാപ്പ തെളിച്ച വഴി തന്നെ നല്ലത്. എനിക്ക് ഏതു പിച്ചക്കാരന്റെയും തോളില്‍ കയ്യിടാന്‍ കഴിയുന്നു.

ഹരി വില്ലൂര്‍ : "ഉത്തരാധുനിക കവിത" എന്നതിനെ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: ഉത്തരാധൂനീകത നാളത്തെ തലമുറയെ ഉന്നം വച്ച് എഴുതുന്നത്‌. ബഷീറിന്റെ, എം.ടി യുടെ വായനക്കാരല്ലല്ലോ അവര്‍.

ഹരി വില്ലൂര്‍ : "താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്." പക്ഷേ ഇന്നത്തെ എഴുതുകാരെല്ലാവരും ഇത്തരക്കാരാണോ?

ഹരി വില്ലൂര്‍: ആധുനിക കവിതകളെ പറ്റി എന്താണഭിപ്രായം?

എം.കെ. ഖരീം: ആധൂനീക കവിതകള്‍... നാം പുതിയ തലമുറകളെ നോക്കി എഴുതുന്നതിനെ അല്ലെ അങ്ങനെ പറയുക. വള്ളത്തോളും മറ്റും അക്കാലത്തെ തലമുറയ്ക്ക് വേണ്ടി എഴുതി. ചുള്ളിക്കാട് എന്റെയൊക്കെ തലമുറയെ നോക്കി എഴുതി. ഞാനോ അടുത്ത തലമുറയെ ലക്‌ഷ്യം വയ്ക്കുകയാണ്... എങ്കിലും ആധൂനീകത എന്ന രീതിയില്‍ പടച്ചു വിടുന്ന സാധനങ്ങള്‍ ജനകീയം ആകുന്നില്ല. അത് വായനക്കാരെ അകറ്റുകയാണ്.

ഹരി വില്ലൂര്‍: "വൃത്തം, താളം" എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു എന്നുള്ള അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

എം.കെ. ഖരീം: വൃത്തം, താളം എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നുണ്ട് . പക്ഷെ വായില്‍ കൊള്ളാത്ത പദങ്ങള്‍ കൊണ്ട് അത് വായനക്കാരെ ഉപദ്രവിക്കുന്നു.

ഹരി വില്ലൂര്‍: വള്ളത്തോളിന്‌ ശേഷം വന്ന കവികളില്‍ താങ്കളെ ഏറ്റവും സ്വാധീനിച്ച കവി ആരാണ്‌?

എം.കെ. ഖരീം: നല്ല സൃഷ്ടികള്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ ആരും സ്വാധീനിച്ചിട്ടില്ല.

ഹരി വില്ലൂര്‍: "ആധുനീകത" എന്നത് എന്തിനേയാണ്‌ ലക്ഷ്യം വയ്ക്കുന്നത്?

എം.കെ. ഖരീം: ലക്‌ഷ്യം വയ്ക്കുക എന്നതില്‍ അപകടം ഒളിഞ്ഞു കിടപ്പുണ്ട്. ഒരുതരം സാംസ്കാരീക അധിനിവേശം അതില്‍ നിഴലിക്കുന്നു.

ഹരി വില്ലൂര്‍: ഒരു കഥയുടേയോ കവിതയുടേയോ "തന്തു" മനസ്സില്‍ രൂപപ്പെട്ടതിന്‌ ശേഷം അത് എഴുതി തീരുന്നതു വരെ താങ്കളുടെ മാനസികാവസ്ഥ എന്തായിരിക്കും?

എം.കെ. ഖരീം: കവിതയും കഥയും പെട്ടെന്ന് എഴുതി തീര്‍ക്കുന്നു. ചിലപ്പോള്‍ ഒരു കീറ് മേഘം ആകാം. മണ്ണിന്‍റെ മണം ആകാം. അല്ലെങ്കില്‍ ഉള്ളില്‍ ആണ്ടിറങ്ങുന്ന ഭീതിയോ ആശങ്കയോ... അങ്ങനെ എന്തുമാകാം അത്. നോവലില്‍ ഒരു യുദ്ധം തന്നെയാണ്. എല്ലാത്തരം വികാരങ്ങളുടെയും ഏറ്റിറക്കങ്ങളില്‍ നഷ്ട്ടപ്പെട്ട്... ചിലപ്പോള്‍ ലോകത്തോട്‌ മുഴുവന്‍ വെറുപ്പ്‌. എഴുത്തുകാരന്‍ ആകുക എന്നത് ഒരു ശാപം ആയി പോലും തോന്നിയിട്ടുണ്ട്...

എം.കെ. ഖരീം : കലാ സാഹിത്യകാരന്മാര്‍ അസൂയയുടെ കുനിഷ്ട്ടിന്റെ കേന്ദ്രം എന്ന് വി.കെ.എന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പിക്കാന്‍ കൊള്ളില്ല.

ഹരി വില്ലൂര്‍ : എഴുത്തുകാരില്‍ താങ്കളുടെ അടുത്ത മിത്രം?

എം.കെ. ഖരീം: എഴുത്തില്‍ അടുത്ത മ‌ിത്രമില്ല. ഞാന്‍ ഒറ്റയാന്‍.

ഹരി വില്ലൂര്‍ : താങ്കളുടേതൊഴിച്ച് മറ്റാരുടെ കൃതികള്‍ വായിക്കാനാണ്‌ ഇഷ്ടം.

എം.കെ. ഖരീം: ഓ.വി.വിജയന്‍ കൃതികള്‍.

ഹരി വില്ലൂര്‍ : ഓര്‍ക്ക്യൂട്ട് പോലുള്ള പൊതു സ്ഥലങ്ങളില്‍ മിക്കവരും തങ്ങളുടെ കഥകളും കവിതകളും പ്രസിദ്ധീകരിക്കുവാന്‍ വിമുഖത കാട്ടുന്നു. കാരണം?

എം.കെ. ഖരീം: ഓര്‍ക്ക്യൂട്ടില്‍ നല്ല കവിതകള്‍ ആകാം, അത് പുറത്തു വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചത് എങ്കില്‍.... ഓര്‍ക്ക്യൂട്ടില്‍ മാത്രം അവസാനിക്കുന്ന ഒരു ആവിഷ്കാരം എങ്കില്‍ അതാവാം. ഓര്‍ക്ക്യൂട്ടില്‍ കാര്യമായ മോഷണം നടക്കുന്നത് കൊണ്ടാണ് നല്ല കവിതകള്‍ ഇടരുത് എന്ന് പറയുന്നത്....

ഹരി വില്ലൂര്‍ : "ഒരു പ്രസാധന കേന്ദ്രം" ആരംഭിക്കുന്നതിനെ പറ്റി ചര്‍ച്ച ഉണ്ടായല്ലോ? എന്തായി ആ ചര്‍ച്ചകള്‍?

എം.കെ. ഖരീം: ചര്‍ച്ച പുരോഗമിക്കുന്നു. അത് കഴിയും.

ഹരി വില്ലൂര്‍ : നിരീശ്വര വാദിയായിരുന്ന താങ്കള്‍ ഒരു ദിവസം പെട്ടെന്ന് ദൈവത്തെ തേടാന്‍ തുടങ്ങി. കാരണം?

എം.കെ. ഖരീം: കാലം ഇന്നും എന്നെ തുറിച്ചു നോക്കുന്നു. ആ നോട്ടം എന്നെ വിഡ്ഢിയാക്കി കണ്ടു. എത്രമേല്‍ അറിയാന്‍ ശ്രമിച്ചാലും എങ്ങും എത്താത്ത ചിന്ത. ഒരു പഴയ ഓര്‍മയാണ്. അനുഭവിച്ചത്. അന്നെനിക്ക് ഇരുപതു വയസ്സാണെന്ന് തോന്നുന്നു. തനി നിരീശ്വരവാദിയായി നടന്ന കാലം. ഒരു സായാഹ്നത്തില്‍ വായനയില്‍ അറിഞ്ഞ നിരീശ്വരവാദത്തെ ചിന്തയില്‍ കൊണ്ടുവന്നത്. പാറമുകളില്‍ കിടന്നു ആകാശം നോക്കി. എന്‍റെ മനസ്സു ഒഴുകാന്‍ തുടങ്ങി, ഏറെ ചോദ്യങ്ങളോടെ. ഞാന്‍, എനിക്ക് മുമ്പ്‌ , അതിന് മുമ്പ്‌.. ഭൂമി ഉണ്ടാകുന്നതിനു മുമ്പ്‌.... അങ്ങിനെ എല്ലാത്തിനും മുമ്പ്‌.? ആ ചോദ്യം എന്നെ എത്തിച്ചത് ഭീകരമായ ഒരു ശൂന്യതയില്‍ ആണ്. എന്‍റെ മനസ്സു മറിയുന്നതായി ഞാന്‍ അറിഞ്ഞു. ഭയവും. അതോടെ ആ ചിന്ത അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് തോന്നി. സന്ധ്യയില്‍ മടങ്ങുമ്പോള്‍ ഓര്‍ത്തു നിരീശ്വര വാദത്തിലേക്ക് എടുത്തെറിഞ്ഞ കോവൂരിനെ. അക്കാലത്ത് കോവൂരിന്റെ പുസ്തകങ്ങള്‍ ഒരു ഹരം ആയിരുന്നു. അപ്പോള്‍ എന്‍റെ ചോദ്യം ഇങ്ങിനെയായി... നൂറ്റാണ്ടുകള്‍ക്കു മുമ്പു ഈശ്വരനെ കാട്ടി തന്ന പ്രവാചകര്‍... അതത്രയും നുണയെന്നു കോവൂര്‍. കോവൂര്‍ പറയുന്നതു മാത്രം സത്യം. എങ്കില്‍ ഞാന്‍ എന്തിന് കോവൂരിനെ വിശ്വസിക്കണം? അങ്ങനെയാണ് ഞാന്‍ ഈശ്വരനെ തേടാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നും ഞാന്‍ എങ്ങും എത്തിയില്ല എന്നത് സത്യം. ഇപ്പോള്‍ ഇങ്ങിനെ കുറിക്കാന്‍ തോന്നിയത് ഈ അടുത്ത് എഴുതിയ ഒരു കവിതയാണ്. തുടര്‍ന്ന് വന്ന അഭിപ്രായവും.

ഹരി വില്ലൂര്‍ : "എന്നില്‍ ഈശ്വരന്‍ ഇല്ല എങ്കിലും... ഞാന്‍ അന്വേഷിക്കുന്നു, കണ്ടിട്ടില്ല. കാണുമോ എന്തോ...". താങ്കള്‍ ഒരു ഈശ്വര വിശ്വാസിയാണോ?

എം.കെ. ഖരീം: ഞാന്‍ ഈശ്വര വിശ്വാസി ആണ്. എന്ന് വച്ച് എന്റേതായ കാഴ്ചപാടിലൂടെ...

ഹരി വില്ലൂര്‍ : ഇതിനേ പറ്റി..

എം.കെ. ഖരീം: ഈശ്വരനെ കാണുകയോ കേള്‍ക്കുകയോ അല്ല. അനുഭവിക്കയാണ് വേണ്ടത്. സംഗീതം അനുഭവിക്കുന്നത് പോലെ. ഞാന്‍ അന്നും ഇന്നും അന്വേഷകന്‍ ആണ്. അന്വേഷണം ആണ് ജീവിതം . മറ്റൊരു തരത്തില്‍ അതൊരു സഞ്ചാരവും കൂടിയാണ്. നാം എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നിടത്ത് നമ്മുടെ അസ്തിത്വം നഷ്ട്ടപെടുന്നു. നാം ഏതെങ്കിലും ഒന്നില്‍ കുരുങ്ങുമ്പോള്‍ പിന്നെ അന്വേഷണം അസാധുവാകുന്നു. അവിടെ എല്ലാ സൃഷ്ടിയും അവസാനിക്കുന്നു..

ഹരി വില്ലൂര്‍ : ആരാധനയെ പറ്റി എന്ത് പറയുന്നു?

എം.കെ. ഖരീം: ആരാധന എന്നാല്‍ ആത്മാവിനുള്ള ഭക്ഷണം. ശരീരം നിലനില്‍ക്കാന്‍ ഭക്ഷിക്കുന്നത് പോലെ ആത്മാവിന് ഭക്തി. ഇക്കാലത്തെ ആരാധന ഈശ്വര ആരാധനയല്ല. നമ്മള്‍ ആരാധിച്ചില്ലെങ്കിലും ഈശ്വരന്‍ നിലനില്‍ക്കും. നമ്മുടെ ആരാധന ഒന്നും അവന് / അവള്‍ക്കു വേണ്ടാ. നാം ആരാധിക്കുന്നു എങ്കില്‍ ഈശ്വരന്‍റെ സഹായി ആകുക. എന്ന് പറയുമ്പോള്‍ നമുക്കു താഴെയുള്ളവരെ സഹായിക്കുക. കണ്ണില്ലാത്തവനെ വഴിമുറിച്ച്‌ കടക്കാന്‍ സഹായിക്കുക. അറിവില്ലാത്തവന് അറിവ് പകരുക. അതൊന്നും ചെയ്യാത്തവന്‍ പള്ളിയിലോ അമ്പലത്തിലോ പോയിട്ട് കാര്യമില്ല. പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ പണത്തിന്റെ പുറത്തു തഴച്ചു വളരുന്നു.. നാം നല്ലൊരു ഈശ്വര വിശ്വാസി ആയില്ലെങ്കിലും ഒരു അഹങ്കാരി ആകാതിരിക്കുക. മുന്നില്‍ കൈ നീട്ടുന്നവന് ഒന്നും കൊടുത്തില്ലെങ്കിലും ചീത്ത പറയാതിരിക്കുക. ഇന്ന് നാം ഈശ്വരനെ കച്ചവടത്തിന് വച്ചിരിക്കുന്നു....

ഹരി വില്ലൂര്‍ : കുടുംബം എന്ന കൊണ്‍സെപ്റ്റിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: കുടുംബം എന്നത് സത്യത്തില്‍ എന്താണ്? ഭാര്യ, മക്കള്‍, വീട്... നാം മക്കളെ വളര്‍ത്തുന്നു. നാം വളര്‍ത്തിയില്ലെങ്കിലും അവര്‍ വളരുന്നുണ്ട്‌.... ഒരാള്‍ ജനിക്കുന്നത് ആ ആളുടെ ഇഷ്ടം കൊണ്ടല്ല. ഞാന്‍ പണം മുടക്കി പണിതത് ആണെങ്കിലും എന്‍റെ വീട് എന്ന് തോന്നുന്നില്ല. ഞാന്‍ എന്ന് ചിന്തിക്കുന്നിടത് എന്നെ കാണുന്നില്ല. എന്‍റെ കൈകാലുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ എങ്ങോ ഞാന്‍ ഉണ്ട്. അതെ ചിന്തകള്‍ നമ്മെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് എടുത്തെറിയുന്നു. നാം എന്തിനാണ് ജനിക്കുന്നത്? മരിക്കാന്‍ വേണ്ടിയോ? മകന്‍ പിറക്കുമ്പോള്‍ നാം അവന്‍റെ കൈ കാലുകളില്‍ നോക്കും, ആ കാലുകള്‍ വളര്‍ന്നു കാണാന്‍. നടന്നു കാണാന്‍... ഓടി കളിച്ചു കാണാന്‍... സത്യത്തില്‍ ഓരോ വളര്‍ച്ചയും മരണത്തിലേക്ക്. അതെ നാം ഒരാളെ വളര്‍ത്തുന്നു എന്ന് പറയുമ്പോള്‍ നാം ആ ആളെ മരണത്തിലേക്ക് വളര്‍ത്തുകയാണ്. ആത്മീയവും അല്ലാതെയും ഉള്ള സഞ്ചാരം അതാണ്‌ എന്നെ പഠിപ്പിച്ചത്. ഇതു ഒരു സൂഫി ചിന്ത ആണോ എന്ന് പോലും അറിയില്ല. നേരത്തെ പറഞ്ഞതു പോലെ എന്‍റെ ഉള്ളിലുള്ള ആ ഞാന്‍ എന്‍റെ കൈ പിടിച്ചു സഞ്ചരിക്കുന്നു.
ഹരി വില്ലൂര്‍ : ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം... ഇതില്‍ ഏതാണുത്തമം? എം.കെ. ഖരീം: മനുഷ്യന്‍ എന്നാല്‍ ഈശ്വരന്റെയും മൃഗത്തിന്റെയും സങ്കലനം. ആ മൃഗീയത വെടിയാനുള്ള സഞ്ചാരം , അല്ലെങ്കില്‍ മൃഗീയത ഊരി കളയുക.. അങ്ങിനെ ഒക്കെ ആകാം... ജീവിതത്തെ അങ്ങനെയും വായിക്കാം. ഗൃഹാശ്രമം , ബ്രഹ്മാശ്രമം... എന്‍റെ അഭിപ്രായം ആവില്ല താങ്കളുടെത്. നമ്മുടെ രണ്ടാളുടെയും ആകില്ല മറ്റൊരാളുടെത്. ഓരോരുത്തരും അവരവരുടെ കാഴ്ചപാടില്‍ നിന്നും കണ്ടെത്തേണ്ടതാണ്‌. എന്‍റെ പാതയിലൂടെ അല്ല താങ്കളുടെ യാത്ര. അങ്ങയുടെ വീഥി അങ്ങ് തന്നെ കണ്ടെത്തുക. അതാണ്‌ അതിന്‍റെ സത്യം. ഒരു അന്വേഷകന്‍ എപ്പോഴും അങ്ങനെ ആകണം. അല്ലെങ്കില്‍ മറ്റൊരാളുടെ പാതയെ ധിക്കരിക്കുക. അതിലാണ് നാം പുതിയത് കണ്ടെത്തുക. നാം ഒരു അന്വേഷകന്‍ ആണെങ്കില്‍ നിലവില്‍ ഉള്ളതില്‍ നിന്നും വിട്ടു പോകുക. ഈശ്വരന്‍ അതാണ്‌ എന്നുള്ള കാഴ്ച്ചയെ മറികടക്കുക. ഈശ്വരനെ കണ്ടു എന്ന് ചിലര്‍, കേട്ടു എന്ന്, തൊട്ടു എന്ന്... അതെല്ലാം നുണ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്‍റെ കാഴ്ചപാടില്‍ ഈശ്വരനെ നാം അനുഭവിക്കുകയാണ് വേണ്ടത്. സംഗീതം എങ്ങനെയാണോ നാം അനുഭവിക്കുക അത് പോലെ. പ്രണയം എങ്ങിനെയാണോ അനുഭവിക്കുക അത് പോലെ... ഇതു മറ്റൊരാള്‍ക്ക് മറ്റൊരു വീക്ഷണം ആകാം... അങ്ങനെയേ ആകാവൂ...

ഹരി വില്ലൂര്‍ : പണമില്ലാത്തവന്‍ പിണം എന്നതിനെ പറ്റി എന്താണഭിപ്രായം?

എം.കെ. ഖരീം: നമ്മുടെ ലോക കാഴ്ച അങ്ങനെ പണം ഇല്ലാത്തവന്‍ പിണം. ശരിയെന്നു വിശ്വസിച്ചു നാം. പണം വെറും കടലാസ്സു. ഒന്ന് കാല്‍ തട്ടി വീണു തളര്‍ന്നു കിടക്കുമ്പോള്‍ പണം കൊണ്ട് ഒന്നിനും കഴിഞ്ഞെന്നു വരില്ല.

ഹരി വില്ലൂര്‍ : മതങ്ങളെല്ലാം നന്മകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നതിനെ പറ്റി?

എം.കെ. ഖരീം: നന്‍മകള്‍ മതങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കള്ളന്‍ വരുമ്പോള്‍ കരഞ്ഞുണര്‍ത്തുന്ന കാവല്‍നായ ഏത് മതമാണ്‌ അനുഷ്ടിക്കുക...? പൂവ് കാറ്റിനു ചാഞ്ഞു കൊടുക്കുന്നത്, കാറ്റില്‍ പരാഗം നടക്കുന്നത് ഏത് മതം അനുഷ്ഠിച്ചിട്ടാണ്? മതമോ ഈശ്വരനോ അല്ല പ്രശ്നം... ഈ ലോകത്തെ നശിപ്പിക്കുന്ന മനുഷ്യന്‍ തന്നെ...

ഹരി വില്ലൂര്‍ : എന്താണ്‌ മതങ്ങളുടെയെല്ലാം യഥാര്‍ത്ഥ ധര്‍മ്മം?

എം.കെ. ഖരീം: മതങ്ങള്‍ ഉണ്ടായത് മനുഷ്യനെ അന്ധകാരത്തില്‍ നിന്നും ഉയര്‍ത്താന്‍. എന്നാല്‍ അധികാര മോഹികള്‍ തലപ്പത്ത്‌ കയറി അന്ധകാരത്തില്‍ കിടക്കുന്നവരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളുന്ന ധീനമായ കാഴ്ച.

ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയെ പറ്റി?

എം.കെ. ഖരീം: മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധം മാത്രമല്ല വര്‍ഗീയതയുടെ ഉറവിടം. മത, ജാതി വര്‍ഗീയത പോലെ രാഷ്ട്രീയ സാമ്പത്തീക വര്‍ഗീയതയും. മതത്തിനുള്ളില്‍ മതം, ജാതിക്കുള്ളില്‍ ജാതി, രാഷ്ട്രീയത്തിനുള്ളില്‍ രാഷ്ട്രീയം... അതിനൊക്കെ പിന്നില്‍ അധികാരം അല്ലെ? നാം ഒരു മതത്തിനുള്ളില്‍ ആകുമ്പോഴും സാമ്പത്തികമായ അസമത്വം, ചേരി തിരിവ് അനുഭവിക്കുന്നു. രാഷ്ട്രീയത്തിലും അങ്ങനെ. കുടുംബത്തില്‍ പോലും ആ അസമത്വം ഉണ്ടല്ലോ.... എന്‍റെ മതം ശരി, നിന്റേതു തെറ്റ്, എന്‍റെ അഭിപ്രായം ശരി, നിന്റേതു തെറ്റ്, അവിടെ തര്‍ക്കങ്ങള്‍ ഉണ്ട്, സംഘട്ടനങ്ങളും...

ഹരി വില്ലൂര്‍ : പാഥേയം എന്ന കമ്മ്യുണിറ്റിയെ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: പാഥേയം നല്ലൊരു സംരംഭം ആണ്. മറ്റു കമ്മ്യൂണിറ്റികളേക്കാള്‍ വ്യത്യസ്തം. നല്ല രചനകള്‍ സ്വീകരിക്കപ്പെടുന്നു.

ഹരി വില്ലൂര്‍ : പാഥേയം ഓണ്‍ലൈന്‍ മാഗസീനെ പറ്റി?

എം.കെ. ഖരീം: ഒരു വാരിക പോലെ ശ്രദ്ധിക്കപ്പെടുന്നത്. കൂടുതല്‍ വളരട്ടെ.

ഹരി വില്ലൂര്‍ : പാഥേയം അംഗങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?

എം.കെ. ഖരീം: അക്ഷരങ്ങളെ സ്നേഹിക്കുക. എന്തെല്ലാം നഷ്ട്ടപെട്ടാലും അക്ഷരം വഞ്ചിക്കില്ല. നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം അത് മടക്കി തരും.

ഹരി വില്ലൂര്‍ : നന്ദി. താങ്കളുടെ വിലയേറിയ സമയത്തില്‍ കുറച്ച് സമയം പാഥേയത്തിനായി പങ്കു വയ്ച്ചതിന്‌.

എം.കെ. ഖരീം: നന്ദി, നിങ്ങളില്‍ ഒരാളായി ഞാനുമുണ്ട്. ആശംസകള്‍...

ഈ അഭുമുഖം പാഥേയം മാഗസീനില്‍ കാണുവാന്‍ [link=http://www.paadheyam.com/Portal/Article.aspx?mid=17&lid=april2009]ഇവിടെ ക്ലിക്കുക.

Wednesday, March 25, 2009

ലേഖനം - "ആറാമത്തെ പെണ്‍കുട്ടി".

സേതുവിന്‍‌റ്റെ "ആറാമത്തെ പെണ്‍കുട്ടി".

അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്‍‌റ്റെ ആറാമത്തെ പൂവായി അവള്‍, കാദംബരി വന്നു. തന്നെ പ്രസവിക്കാത്ത അമ്മയുടെ മടിയില്‍ കിടന്നു വളര്‍ന്ന കാദംബരി ആ മക്കളില്ലാത്ത ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും ജീവിതമാകെ സൗരഭ്യം വിതറി. സ്വന്തമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്ന്, തലയ്ക്കു മുകളില്‍ ഇളകി പറക്കുന്ന വവ്വാലുകള്‍ക്കൊപ്പം ഭാര്യയുടെ അടിവയറിലെ ചലനങ്ങളും നിശബ്ദമാകുന്നത് പല തവണ കണ്ടറിഞ്ഞ്, അവസാനം ഉത്സവ പറമ്പില്‍ നിന്നും കിട്ടിയ കുട്ടിയെ സ്വന്തമാക്കി കൂടെ കൂട്ടി, കാദംബരിയെന്ന പേരും നല്‍കി, വളര്‍ത്തി വലുതാക്കി, ഒടുവില്‍ മറ്റേതോ പൂക്കാരന്‍‌റ്റെ ചായ്പ്പിലെ ആറാമത്തെ പൂവായി അവള്‍ പോയപ്പോള്‍ അറിയാവുന്ന വിലാസങ്ങളിലേക്കെല്ലാം അവള്‍ക്കായ് കത്തുകള്‍ എഴുതുന്ന ശങ്കരരാമനെന്ന അച്ഛനില്‍ നിന്നും സേതു "ആറാമത്തെ പെണ്‍കുട്ടി"യുടെ കഥ ആരംഭിക്കുന്നു.

ഒരു സാധാരണ പെണിന്‌ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി സേതു ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. നൃത്തവും പാട്ടും പഠിപ്പിക്കുന്ന അധ്യാപകന്മാര്‍ മുതല്‍ സ്കൂളില്‍ ചരിത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ കാദംബരിയിലെ 'വിദ്യാര്‍ത്ഥി'യേക്കാള്‍ അവളിലെ 'സ്ത്രീ' എന്ന രൂപത്തിനാണ്‌ പ്രാധാന്യം കൊടുത്തത്. ഇന്നത്തെ ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന അധ്യാപക - വിദ്യാര്‍ത്ഥി ബന്ധങ്ങളെ ഇതിലൂടെ കഥാകൃത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും കുടുംബത്തിന്‍‌റ്റെ എല്ലാ നിര്‍ണ്ണായക നിമിഷത്തിലും ആ വവ്വാലുകള്‍ തലയ്ക്കു മുകളില്‍ ചിറകടിച്ചുയരാറുണ്ട്. ഉത്സവ പറമ്പില്‍ നിന്നും കണ്ടു കിട്ടിയ കുട്ടിയെ സ്വന്തം മകളായി കാണാന്‍ ഗോമതിയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, ശങ്കരരാമന്‍ വീട്ടിലില്ലാത്ത ഒരു സമയത്ത് കാദംബരിയ്ക്ക് പനി വരുന്നതും അപ്പോള്‍ ആ വവ്വാലുകള്‍ പറന്നുയരുന്നതും പിന്നെ ഗോമതി അവളെ സന്തം മകളായി അംഗീകരിക്കുന്നതും എല്ലാം ഒരുപക്ഷേ വെറും നിമിത്തങ്ങള്‍ മാത്രമാകാം.

ഒരു പൂക്കടക്കാരന്‍‌റ്റെ മനസ്സ് പൂവ് പോലെ നൈര്‍മ്മല്യം ഉണ്ടായിരിക്കണം. അതുകൊണ്ടാകാം ശങ്കരരാമന്‍ തന്‍‌റ്റെ ചായ്പ്പില്‍ പൂവ് കെട്ടാന്‍ വരുന്ന അനാഥരായ ആ അഞ്ച് പെണ്‍കുട്ടികളേയും അഞ്ച് പൂവുകളുടെ പേരുകള്‍ നല്‍കിയതും. ഈ കഥയിലൂടെ ആധുനികതയുടെ ഒരു വ്യക്തമായ രൂപം കഥാകൃത്ത് വരച്ച് കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. സ്കൂളിലെ "ആദ്യത്തെ റാങ്ക്" കാദംബരിയിലൂടെ സ്വപ്നം കാണുന്ന സ്കൂള്‍ അധികൃതര്‍, തന്‍‌റ്റെ മകള്‍ റാങ്കോടെ പാസ്സായിട്ട് അവളെ ഒരു ഡോക്ടര്‍ ആക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍, ഇന്നത്തെ ആധുനിക വിദ്യാര്‍ത്ഥിയുടെ - ഇന്‍‌റ്റെര്‍നെറ്റ് ലോകത്തിന്‍‌റ്റെ രൂപം വരച്ചു കാട്ടുന്ന പവിഴം, ചാറ്റിംങ് പോലുള്ള ഇന്‍‌റ്റെര്‍നെറ്റ് മാധ്യമങ്ങളിലെ ശുദ്ധമായ പൊള്ളത്തരങ്ങള്‍ പവിഴം എന്ന കഥാപാത്രത്തിലൂടെ സേതു വരച്ചു കാട്ടുന്നു.

പണ്ടത്തെ അധ്യാപക - വിദ്യാര്‍ത്ഥി ബന്ധത്തിനൊരു ശാപമായി മാറുന്ന ഇന്നത്തെ അധ്യാപകരുടെ ഒരു പ്രതിരൂപം മാത്രമാണ്‌ ഇതില്‍ "വേദ നായകം" എന്ന കഥാപാത്രം. സ്വന്തം വിദ്യാര്‍ത്ഥിയെ കാമത്തിന്‍‌റ്റെ കണ്ണുകള്‍ കൊണ്ട് മാത്രം കാണാന്‍ കഴിയുന്ന വേദനായകത്തിലൂടെ സേതു ഇന്നത്തെ പലരുടേയും പേരുകള്‍ വിളിച്ചോതുന്നു.

കാദംബരി കാണുന്ന അല്ലെങ്കില്‍ പരിചപ്പെടുന്ന ആണൂങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമായത് തികച്ചും യാദൃശ്ചികമാകാം. അവള്‍ക്ക് ഈ ആണെന്ന് പറയുന്നത് "തുളച്ചു കയറുന്ന ഒരു നോട്ടമാകുന്നു; ഓര്‍ക്കാപ്പുറത്ത് തോളത്ത് വന്നു വീഴുന്ന ഒരു ചൂടുള്ള കൈപ്പത്തി ആകുന്നു; വിറകൊള്ളുന്ന ചുണ്ടുകളാകുന്നു; സെന്‍‌റ്റിന്‍‌റ്റെ,പുകയിലയുടെ തീഷ്ണമായ ഗന്ധമാകുന്നു; കവിളിലുരയുന്ന കൂര്‍ത്ത കുറ്റി രോമങ്ങളാകുന്നു, പിന്നെ അമര്‍ത്തി കീഴ്പ്പെടുത്തുന്ന ചുണ്ടുകളാകുന്നു". അതുമൂലം അവള്‍ക്ക് ആണിനെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറി പോകുന്നുണ്ടോ എന്നൊരു സംശയം ഇപ്പോഴും ശേഷിക്കുന്നു.

കഥയില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയുടെ പ്രതീകമായി അച്ചാ ശാസ്ത്രിയേയും അദ്ദേഹത്തിന്‍‌റ്റെ ഡോക്ടര്‍മാരായ രണ്ട് പെണ്മക്കളേയും കഥാകാരന്‍ വരച്ചു കാട്ടുന്നു. എല്ലാവരും റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കാദംബരിക്ക് കിട്ടിയ ഫസ്റ്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റുമായി അച്ചാ ശാസ്ത്രിയെ കാണാന്‍ വരുന്ന ശങ്കരരാമനോട്, കണ്ണുകളില്‍ ഒരു അമര്‍ത്തിയ ചിരിയോടെ, ഊര്‌, പേര്‌, കുലം, ഗോത്രം എന്നിവയൊക്കെ വിശദീകരിച്ച്, റാങ്കും ഡോക്ടര്‍ പദവിയും ഉയര്‍ന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ താഴ്ന്നു പോകുന്നത് ശങ്കരരാമന്‍‌റ്റെ തലയോടൊപ്പം അതൊക്കെ ഇപ്പോഴും ആഗ്രഹിക്കുന്ന സാധാരണക്കാരന്‍‌റ്റെ തല കൂടിയാണെന്ന് വേദനയോടെ നാം ഓര്‍ത്തു പോകുന്നത് സ്വാഭാവികം മാത്രം. അച്ചാ ശാസ്ത്രിയും അദ്ദേഹത്തിന്‍‌റ്റെ പെണ്മക്കളും ശങ്കരരാമന്‍‌റ്റെ മനസ്സിലേക്ക് സംശയത്തിന്‍‌റ്റെ ഒരായിരം തീക്കനലുകള്‍ കൂടി കോരിയിടുന്നിടത്തു വച്ച് കഥയുടെ വഴിത്തിരിവാകുന്നു.

ആ സംഭവത്തിനു ശേഷം കഥാകാരന്‍ ശങ്കരരാമനെ ഒരു ഭ്രാന്തമായ അവസ്ഥയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ പതുക്കെ പതുക്കെ പൂക്കച്ചവടം തകരുന്നതും, പിന്നെ ചായ്പിലെ പൂവുകള്‍ അപ്രത്യക്ഷമാകുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ശങ്കരരാമന്‍ ചിന്തകളുടെ മറ്റൊരു ലോകത്തായിരിന്നു.

നാല്‌ വയസ് മുതല്‍, തന്നെ എടുത്ത് വളര്‍ത്തുന്ന ശങ്കരരാമനെ "അപ്പ" എന്നതിനു പകരം "മാമ" എന്ന് വിളിച്ചിരുന്ന കാദംബരി ഒരു ദിവസം പെട്ടെന്ന് ഒരു ദിവസം അയാളെ "അപ്പ" എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നു. 'ആണെ'ന്ന രീതിയില്‍ സ്വന്തം അപ്പയെ പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നിയതു കൊണ്ടാകാം "മാമാ" എന്ന വിളീ "അപ്പാ" യിലേക്ക് തിരിഞ്ഞത്.

പിന്നീട് ഒരു ദിവസം കോളേജില്‍ പോയ കാദംബരിയെ കാണാതാകുന്നു. ആ സംഭവത്തിനു ശേഷം ഗോമതി അസുഖ ബാധിതയാകുന്നതും പിന്നീട് മകളെ കാണാതെ മരിക്കുകയും ചെയ്യുന്നു. അങ്ങനെ ഒറ്റക്കായ ശങ്കരരാമനെ തേടി ഒരു സന്ധ്യയില്‍ സ്വന്തം വിലാസം വയ്ക്കാത്ത കാദംബരിയുടെ കത്ത് വരുന്നു. അതില്‍ അവള്‍ എഴുതിയിരിക്കുന്നു: "ഞാനിപ്പോള്‍ ദൂരെ ഒരു ദേശത്ത്, മറ്റൊരു പൂക്കച്ചവടക്കാരന്‍‌റ്റെ ചായ്പ്പില്‍ ആറാമത്തെ പെണ്‍കുട്ടിയായി, ആറാമത്തെ കാട്ടുപൂവായി ജോലി ചെയ്യുന്നു. എന്നോടൊപ്പം ഉള്ള മറ്റ് അഞ്ച് പേര്‍ക്കും ഇവിടുത്തെ മാമനും മാമിയും പൂക്കളുടെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഒടുവില്‍ വന്നതു കൊണ്ടാകാം എനിക്കുള്ള പേര്‌ കണ്ടു പിടിക്കുന്നതില്‍ മാമനും മാമിയും തമ്മില്‍ തര്‍ക്കത്തിലാണ്‌. കാരണം മിടുക്കിയായ എനിക്ക് ഒരു നല്ല പേര്‌ നല്‍കണ്ടേ? പിന്നെ അമ്മയെ മറക്കാന്‍ ശ്രമിക്കുകയാണ്‌ ഞാന്‍, അപ്പാവിനേയും. അങ്ങനെ നിങ്ങള്‍ രണ്ടു പേരിലൂടെ, എനിക്ക് സ്നേഹം തന്ന എല്ലാവരേയും. നന്ദികേടുകളിലൂടെ ശിക്ഷിക്കാന്‍ നോക്കുന്നത് ആദ്യം എന്നെ തന്നെ, പിന്നെ എന്നിലൂടെ ആരൊയൊക്കെയോ ഒക്കെ". അപ്പോഴും ശങ്കരരാമന്‍‌റ്റെ തലയ്ക്കു മുകളില്‍ വവ്വാലുകള്‍ പറന്ന് തുടങ്ങിയത് ഒരുതരം യാദൃശ്ചികതയാകാം.

എല്ലാം മറക്കുന്നതിലൂടെ, നന്ദികേടുകളിലൂടെ കാദംബരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മളെയൊക്കെ തന്നെയാണ്‌... നമ്മുടെ ഇന്നത്തെ സമൂഹത്തെ തന്നെയാണ്‌... ഇന്നത്തെ വ്യക്തി ബന്ധങ്ങളെ തന്നെയാണ്‌.... മനുഷ്യന്‍‌റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി.

ഈ ലേഖനം "പാഥേയം മാഗസീനില്‍" വായിക്കുവാന്‍ ഈ ലിങ്ക് നോക്കുക: http://www.paadheyam.com/Portal/Article.aspx?mid=14&lid=april2009

Wednesday, February 18, 2009

മനുഷ്യര്‍.

എന്തിനീ യാത്ര, ഹേ മനുജാ
ഈ വര്‍ത്തമാനകാലത്തിന്‍
വിഴുപ്പു ചുമന്നുകെണ്ടെ -
ന്തിനീ യാത്ര, എങ്ങോട്ടീ യാത്ര.

തുച്ഛമാം പൈസക്കു വേണ്ടി സ്വന്തം
മാതാപിതാക്കളെ കൊല്ലുന്ന മനുഷ്യര്‍,
രക്ത ബന്ധങ്ങള്‍ മറക്കുന്നു, പിന്നെ
വ്യക്തി ബന്ധങ്ങളും മറക്കുന്നു.

പേരിനു വേണ്ടി, പ്രശസ്തിക്കു വേണ്ടി
കൂടെപ്പിറപ്പിനെ ഒറ്റിക്കൊടുക്കുന്നു.
ഹാ, എന്തിനേറെ പറയുന്നു, അവന്‍
സ്ഥാനലബ്ധിക്കായ് ഭാര്യയെ വില്‍ക്കുന്നു.

പൈസ്ക്കു വേണ്ടി എല്ലാം മറക്കുന്നു,
ലക്ഷങ്ങള്‍ കോടികള്‍ കുട്ടി വച്ചീടുന്നു.
നാളെ ഒരിറ്റു ദാഹജലത്തിനായ് കേഴുമ്പോള്‍
ഈ കോടികള്‍ പോലുമാര്‍ത്തു ചിരിച്ചിടും.

ഒന്നുമില്ലാതെയീ ഭൂമിയില്‍ വന്നു ഞാന്‍,
അതു പോലെ തന്നെ തിരിച്ചു പോകുന്നതും.
കരയുന്ന കണ്ണലാദ്യമായി ഭൂമിയെ കണ്ടു ഞാന്‍,
ചിരിച്ചു കൊണ്ടീ മടക്കയാത്ര തുടരാന്‍ കഴിയുമോ?

Sunday, January 18, 2009

വൃദ്ധസദനത്തിലേക്കുള്ള യാത്ര.

അതൊരു വിമാനത്തിന്‍‌റ്റെ ഒച്ചയല്ലേ കുട്ട്യേയ്... ന്‍‌റ്റെ അപ്പു അതിലുണ്ടാവുമോ ആവോ? അമ്മയെ കാണാന്‍ വരുന്നുണ്ടെന്ന് കഴിഞ്ഞ മാസം വിളിച്ചപ്പോഴും അവന്‍ പറഞ്ഞിരിന്നു. എപ്പോഴും അമ്മയെ കാണണം ന്ന് ണ്ടെന്ന്.. പക്ഷേ അവധി കിട്ടണ്ടേ? ന്താ ചെയ്യാല്ലേ? എല്ലാവര്‍ക്കും അവരവരുടെ ജോലിയല്ലേ വലുത്. ന്താ ചെയ്യാന്‍‌റ്റെ കുട്ട്യേയ്... അല്ല, ഞാന്‍ നിന്നോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം, ല്ലേ? നീയാരാ..ന്നെ നോക്കാന്‍ നില്‍ക്കണ ഹോം നേഴ്സ്. ന്നാലും അറിയാണ്ട് ങ്ങ്‌ പറഞ്ഞു പോണതാ കുട്ട്യേയ്... മനസ്സിലുള്ളത് ആരോടെങ്കിലും പറഞ്ഞാല്‍ ഒരാശ്വാസമാണേ... ഇവിടെയിപ്പോ നീയല്ലാണ്ട് ആരാ എനിക്കുള്ളത്..


ഒരു മിനിട്ടിന്‍‌റ്റെ വ്യത്യാസത്തില്‍ രണ്ടാണ്‍കുട്ടികള്‍ ഉണ്ടായപ്പോള്‍ ല്ലാവരും എന്തൊക്കെയാ പറഞ്ഞേ.. "ന്തായാലും മേലേടത്തെ ദേവകി രക്ഷപെട്ടൂട്ടോ. രണ്ടാണ്‍കുട്ടികളല്ലേ. ഇനീപ്പോ അവല്‍ക്കൊരു സുഖമൊക്കെ ണ്ടാകും"ന്ന്. എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിപ്പിക്കും പോലെ ജീവിതം മുന്നോട്ട് നീങ്ങി. അതിനിടയില്‍ എപ്പോഴോ മക്കള്‍ വളര്‍ന്നു. അച്ഛനില്ലാത്ത ദു:ഖം അറിയിക്കാതെ അവരെ തന്നാലാകും വിധം വളര്‍ത്തി. ഒന്നിനും ഒരു കുറവും ണ്ടാകാതെ നോക്കി. അടിവസ്ത്രം മുറുക്കിയുടുത്ത് അവരെ പഠിപ്പിച്ചു. അപ്പോഴൊക്കെ എനിക്കും രണ്ടാണ്‍കുട്ടികളാണെന്നതില്‍ മനസ്സാല്‍ ഞാനും അഹങ്കരിച്ചിരുന്നുവോ? എനിക്കും ഒരു നല്ല ദിവസം വരും എന്ന് വിശ്വസിച്ചിരുന്നുവോ?


രണ്ടാളുടേയും പഠിത്തം കഴിഞ്ഞു. ഇനി ജോലിയ്ക്കുള്ള ഓട്ടമാണ്‌. വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. കയ്യില്‍ പൈസയും പിടിപാടുമില്ലാത്തവന്‌ എവിടെ ജോലി? ആരുടെയൊക്കെയോ സഹായത്താല്‍ മൂത്തയാള്‍ക്ക് ഒരു ജോലി കിട്ടി. പക്ഷേ അത് വീട്ടില്‍ നിന്നും കുറേ ദൂരെയാണ്‌. അങ്ങനെ അവന്‍ ആ വീട് വിട്ട് നഗരത്തിലേക്ക് കുടിയേറി. ഇളയ ആള്‍ക്ക് ഗള്‍ഫില്‍ പോകണം ന്ന് പറഞ്ഞ് പാസ്പോര്‍ട്ടൊക്കെ എടുത്ത് വച്ചിരിക്കന്നു. അപ്പോഴൊക്കെ ഞാന്‍ പറയുമായിരിന്നു "എന്തായാലും പിന്നെയും ഞാന്‍ മാത്രം ഇവിടെ ബാക്കിയാകും ല്ലേ"ന്ന്. എന്താ ചെയ്ക.. ജീവിക്കണ്ടേ.. കുറച്ച് ഭൂമി കൊടുത്ത് കിട്ടിയ പൈസ കൊടുത്ത് വാങ്ങിയ വിസയുമായി അവനും തന്നെ തനിച്ചാക്കി പറന്നകന്നു. അത് എന്നന്നേക്കുമായുള്ള തന്‍‌റ്റെ ഒറ്റപ്പെടലിന്‍‌റ്റെ തുടക്കമായിരിന്നുവോ?


ഹോം നേഴ്സിന്‍‌റ്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ കൊടുത്ത മരുന്നും ഗുളികയും കഴിച്ച് ഒരു തളര്‍ച്ചയോടെ ദേവകിയമ്മ അവളോട് പറഞ്ഞു: ന്തിനാ ന്‍റ്റെ കുട്ട്യേയ് ഇങ്ങനെ ഞാന്‍ ജീവിക്കണെ. ഇതൊക്കെ നിര്‍ത്താറായില്ലേ? ഈ ഗുളിക കഴിക്കുമ്പോഴേക്കും കണ്ണുകളങ്ങ് അടഞ്ഞു പോകാണേയ്.. ന്നാ പിന്നെ സ്ഥിരായിട്ട് ങ്ങ്‌ അടയുവോ? അതും ഇല്യാ.. ന്താ ചെയ്യാ... ആ ഗുളികയുടെ ശക്തിയില്‍ ഉറക്കത്തിലേക്ക് മടങ്ങുമ്പോഴും അവരുടെ മനസ്സ് വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിക്കുകയായിരിന്നു.


വിവാഹ പ്രായമെത്തിയ, ഒന്നിനൊന്ന് വളര്‍ന്നു നില്‍കുന്ന രണ്ടാണ്‍മക്കള്‍. രണ്ടാള്‍‍ക്കും ആലോചനകളൊക്കെ ഷ്ടം പോലെ വരുന്നുണ്ട്. ഒടുവില്‍ മൂത്തയാള്‍ പറഞ്ഞു; ന്‍‌റ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുണ്ട്. എനിക്കവളെ ഇഷ്ടമാണ്‌. അവള്‍ക്ക് ന്നേയും. അമ്മ അത് നടത്തി തരണം. എനിക്ക് മറ്റൊരു വിവാഹം വേണ്ട.. ന്താ പറയ്ക.. കുട്ടികളൂടെ ഷ്ടമല്ലേ.. അപ്പോള്‍ പിന്നെ അതല്ലേ നടക്കേണ്ടത്. അങ്ങനെ ആര്‍ഭാടമായി ആ വിവാഹം നടന്നു. അതിനു ശേഷം ചെക്കനും പെണ്ണും ഒരാഴ്ച വീട്ടില്‍ ണ്ടായിരിന്നു. അതിനു ശേഷം രണ്ടാളും ജോലി സ്ഥലത്തേക്ക് പോയി. അവധി ഇല്ലാത്രേ.


പിന്നെ പിന്നെ അവന്‍‌റ്റെ ഫോണ്‍ വിളീകള്‍ കുറഞ്ഞു തുടങ്ങി. പണ്ടൊക്കെ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരാറുണ്ടായിരുന്നവന്‍ ഇപ്പോ മാസത്തിലൊരിക്കല്‍ പോലും വരാണ്ടാതായിരിക്കുന്നു. "അമ്മയെ കാണാന്‍ പോലും നിനക്ക് ഇപ്പോള്‍ സമയമില്ലാണ്ടായോ മോനേ" എന്ന് ചോദിച്ചു ഒരിക്കല്‍. അമ്മയ്ക്കിതൊക്കെ പറയാം. ഒരു ദിവസം അവധി എടുത്താല്‍ രൂപാ എത്രയാണ്‌ നഷ്ടം ന്ന് അമ്മയ്ക്കറിയ്യോ? ഈ പട്ടിക്കാട് പോലല്ലാ, നഗരത്തില്‍ രണ്ടാള്‍ക്ക് ജീവിക്കണമെങ്കില്‍ എന്താ പാടെന്ന് അമ്മയ്ക്കറിയ്യോ? ല്യാ.. പിന്നെ പരാതീം.. പിന്നെ സ്വന്തം ചിലവ്‌ മാത്രമാണേല്‍ കുഴപ്പമില്യാ.. ഇതിപ്പോ അങ്ങിനെയാണോ? ഇടയ്ക്കിടെ അമ്മയ്ക്കും തരണില്ലേ അഞ്ഞൂറും ആയിരമൊക്കെ. ല്ലാം അധിക ചിലവല്ലേ? പിന്നെ അവള്‍ക്കാണെങ്കില്‍ പ്പോ നല്ല സുഖോല്യാ.. ഒരു കുഞ്ഞുണ്ടാകാന്‍ പോണൂത്രേ... അതും ഒരു ചിലവല്ലേ? ന്നാലോ ജോലി ചെയ്യാന്‍ ഞാന്‍ മാത്രം. ന്താ ചെയ്ക.. ല്ലാരും കൂടി ന്നെ ഭ്രാന്തു പിടിപ്പിക്കും. എന്തിനാണ്‌ മനസ്സൊന്ന് വിങ്ങിയതെന്നും കണ്ണുകള്‍ നിറഞ്ഞ് തുടങ്ങിയതെന്നും അപ്പോഴും തനിക്കറിയില്ലായിരിന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അമ്മയ്ക്ക് അഞ്ഞൂറോ ആയിമോ തരുന്നത് അവന്‌ ഒരധിക ചിലവാണെന്ന്. അന്നാദ്യമായ് ആ മകനെ ഓര്‍ത്ത് താന്‍ കരഞ്ഞു. അതല്ലാതെ ന്താ എനിക്ക് ചെയ്യാന്‍ കഴിയ്യാ...


നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയ ആളും ഗള്‍ഫില്‍ നിന്നും വന്നിരിന്നു. ഈ നാട്ടിലെ തന്നെ ഒരു പുതു പണക്കാരന്‍‌റ്റെ മകളുമായി അവന്‍‌റ്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹവും കഴിപ്പിച്ചു. കല്യാണശേഷം പെണ്ണും ചെക്കനും പെണ്ണിന്‍‌റ്റെ വീട്ടിലായി താമസം. അവള്‍ക്ക് ഈ പഴയ വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്ന്. ഇന്നലെ പൈസ കാണാന്‍ തുടങ്ങിയ അവള്‍ക്കും ഇതാണവസ്ഥ. അതിനൊത്ത് തുള്ളാന്‍ അവനും. രണ്ടു മാസത്തിനു ശേഷം രണ്ടാളും ഗള്‍ഫിനു മടങ്ങി. പോകുന്നതിനു മുന്‍പ് വന്നിരിന്നു യാത്ര ചോദിക്കാന്‍. തലയില്‍ കൈവച്ച് അനുഗ്രഹിച്ചു രണ്ടാളേയും. ന്താ പ്പോ അപ്പൂന്‌ കൊടുക്കുക.. ന്‍‌റ്റെ കയ്യില്‍ ഒന്നുല്ലാല്ലോ.. പിന്നെ അടുക്കളയില്‍ നിന്നും അവന്‍‌റ്റെ പ്രീയപ്പെട്ട മാങ്ങാ അച്ചാര്‍ എടുത്തു കൊടുത്തു. അതു കാണൂമ്പോള്‍ അവന്‍‌റ്റെ കണ്ണുകളിലെ സന്തോഷം താന്‍ മനസ്സാല്‍ കാണുന്നുണ്ടായിരിന്നു. എന്നാല്‍ അതു വാങ്ങും മുന്‍പ് അവന്‍ അവളെ ഒന്നു നോക്കി. അവളോ എന്തോ ഒരു ഗോഷ്ടി കാട്ടി മുഖം തിരിച്ചു കളഞ്ഞു. പിന്നെ ആ മാങ്ങാ അച്ചാര്‍ വാങ്ങാതെ അവന്‍ തിരിഞ്ഞു നടന്നതും വിറങ്ങലിച്ച മനസ്സും വിറയ്ക്കുന്ന കൈകളുമായി അവിടെ തന്നെ നിന്നപ്പോഴേക്കും ഒരു കണ്ണുനീര്‍ പാട വന്ന് അവരുടെ യാത്ര തന്നില്‍ നിന്നും മറച്ചിരുന്നല്ലോ. സ്വന്തം മകന്‍‌റ്റെ ഇഷ്ടങ്ങള്‍ മാറി തുടങ്ങിയത് അറിയാതെ പോയത് അവന്‍‌റ്റെ പെറ്റമ്മയായ തന്‍‌റ്റെ തെറ്റല്ലേ?


കഴിച്ചിരുന്ന ഗുളികയുടെ ശക്തി ക്ഷയിച്ച് ആ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് നോക്കിയത് മച്ചില്‍ കറങ്ങാതെ കിടക്കുന്ന പങ്കയിലേക്കാണ്‌. ഗള്‍ഫില്‍ നിന്നും ആദ്യമായി വന്നപ്പോള്‍ അമ്മയ്ക്ക് മകന്‍ കൊടുത്ത സമ്മാനം. ഒരനക്കവും കേല്‍ക്കുനില്ലല്ലോ? അവള്‍ ഇല്ലേ ഇവിടെ? ടി.വി. കാണുകയായിരിക്കും. അല്ലാണ്ടെന്താ അവള്‍ ചെയ്ക. സമയം കൊല്ലാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ? കുട്ട്യേയ്... എവിടെയാ നീയ്യ്.... ഞാന്‍ വിളീക്കണത് നീ കേള്‍ക്കണൂണ്ടോ? കുട്ട്യേയ്... ആ സാധനം തൂറന്ന് ഇരുന്നാല്‍ പിന്നെ ഇവിടെ കിടന്ന് മനുഷ്യന്‍ ചാകാറായി വിളിച്ചാല്‍ പോലും കേള്‍ക്കില്ലല്ലോ.. ന്താ ചെയ്ക.... കുട്ട്യേയ്.......


രണ്ട് മാസം ആയിട്ടുണ്ടാകും. ഒരു ദിവസം "അമ്മേ" എന്നുള്ള വിളികേട്ട് പുറത്തിറങ്ങി നോക്കിയപ്പോല്‍ ദേ നില്‍ക്കുന്നു അനിയനും ചേട്ടനും കൂടി. രണ്ടാളും ഒരുമിച്ച്.. ന്‍‌റ്റെ ഗുരുവായൂരപ്പാ.. ഞാന്‍ എന്തായീ കാണണത്... എനിക്കങ്ങട് വിശ്വസിക്കാന്‍ വയ്യാട്ടോ... ഇനീ പ്പോ ചത്താലും വേണ്ടീല്ല ന്‍റ്റെ ദേവീ... വൈകുന്നേരമാണ്‌ അവര്‍ കാര്യത്തിലേക്ക് കടന്നത്. ഈ പട്ടിക്കാട്ടില്‍ ഇങ്ങനെ ഒരു വീടും കുറേ സ്ഥലവും ഉണ്ടായിട്ടെന്തു കാര്യം. വിലയും കിട്ടില്ലാ, ഇവിടൊട്ടാരും താമസിക്കാനും പോണില്ല. അതുകൊണ്ട് നമുക്കീ വീടും പുരയിടവും വിറ്റ് കിട്ടുന്ന കാശ് മറ്റെന്തിനെങ്കിലും ഉപയോഗിക്കാമല്ലോ? അപ്പോള്‍ അതാണ്‌ കാര്യം. ഇത് വില്‍ക്കണം. അപ്പോ അതാണല്ലേ ന്‍‌റ്റെ മക്കള്‍ രണ്ടാളും കൂടി... നന്നായി... ഇനീപ്പോ ഇതു മാത്രമായിട്ടെന്തിനാ ഈ പട്ടിക്കാട്ടില്‍ ഒരു ബന്ധം ബാക്കി വയ്ക്കുന്നതല്ലേ? നന്നായീ... ന്നാലും ഒരു കാര്യം ന്‍‌റ്റെ മക്കള്‍ ഈ അമ്മയോട് പറയുമോ? ഇത് വിറ്റു കിട്ടുന്നത് പകുത്തെടുത്ത് നിങ്ങള്‍ രണ്ടാളും രണ്ടു വഴിക്ക് പോകുമ്പോള്‍ ഈ അമ്മ എങ്ങോട്ടു പോകണം ന്ന് കൂടി പറയ്യോ? അതോ ഈ അമ്മയേയും നിങ്ങള്‍ വീതം വെയ്ക്കുമോ ന്‍‌റ്റെ കുട്ടികളേ?


രണ്ടാളും കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ മുഖാമുഖം നോക്കി, എന്തോ പറയാന്‍ വന്നിട്ട് അത് നാവിന്‍ തുമ്പില്‍ തടയുന്ന പോലെ. ന്താ ഒരു മൗനം ന്‍‌റ്റെ കുട്ടികളേ.. ന്താച്ചാല്‍ പറയ്ക... ന്തായാലും ഈ അമ്മയ്ക്ക് സമ്മതാ... ന്‍‌റ്റെ കുട്ടികളല്ലേ.. അപ്പോ പിന്നെ ഈ അമ്മയ്ക്ക് ദോഷം വരുന്ന ഒന്നും നിങ്ങള്‍ ചെയ്യില്ലാന്നറിയാം.. മൂത്തയാള്‍ പതുക്കെ പറഞ്ഞു: അമ്മ പേടിക്കണ്ട. ഈ പട്ടിക്കാട്ടില്‍ ജീവിച്ച് വളര്‍ന്ന അമ്മ ന്‍‌റ്റെ കൂടെ നഗരത്തില്‍ താമസിക്കില്യാന്നറിയാം. അമ്മയ്ക്കതിഷ്ടവുമല്ലല്ലോ? ആതുകൊണ്ട് തന്നെ അമ്മ ഇവന്‍‌റ്റേയും കൂടെ പോകില്ലല്ലോ? അപ്പോ പിന്നെ ന്താ ചെയ്ക? അതുകൊണ്ട് ഞങ്ങള്‍ ഒരു കാര്യം ങ്ങട് തീരുമാനിച്ചു. അമ്മയുടെ ആഗ്രഹം പോലെ ജീവിതാവസാനം വരെ ഗ്രാമത്തിന്‍‌റ്റെ ഗന്ധവും നിഷ്ക്കളങ്കതയുമൊക്കെയുള്ള ഒരു സ്ഥലം; അമ്മയ്ക്ക് അവിടെ കഴിയാം. വൃദ്ധസദനമെന്നാണ്‌ അതിനെ അറിയപ്പെടുന്നതെങ്കിലും അവിടെ അമ്മയ്ക്ക് യാതൊരു കുറവും വരില്ലാ.. അവിടെയാകുമ്പോള്‍ എനിക്കും ഇടയ്ക്കിടെ വന്ന അമ്മയെ കാണുകയും ചെയ്യാം. അപ്പോള്‍ തന്‍‌റ്റെ കണ്ണുകള്‍ നിറഞ്ഞുവോ? മനമൊന്ന് പിടഞ്ഞുവോ? കൈകലുകള്‍ വിറച്ചുവോ? പാദത്തിനടിയിലെ മണ്ണ് ചോര്‍ന്നൊലിക്കുന്ന പോലെ തോന്നിയോ? ഒരു കൊടുംങ്കാറ്റടികുന്നുവോ? ഇല്ല, ആ കാറ്റ് തന്‍‌റ്റെ മനസ്സിലാണ്‌ ആഞ്ഞാഞ്ഞ് വീശുന്നത്, എന്തൊക്കെയോ തകര്‍ക്കാനുള്ളതു പോലെ.....


എതോ കേട്ടതൊന്നും ങ്ങട് വ്യക്തമാകുന്നില്ല. അപ്പോള്‍ ഈ വീടും സ്ഥലവും വിറ്റ് അവര്‍ക്ക് പണം കിട്ടിയാല്‍ പിന്നെ തന്‍‌റ്റെ ജീവിതം ആ വൃദ്ധസദനത്തില്‍. തന്നെ പോലെ ഏറെ പ്രതീക്ഷകളോട് കൂടി വളര്‍ത്തി വലുതാക്കിയ മക്കള്‍ അതിനുള്ള കൂലിയായ് സ്വന്തം മാതാപിതാക്കള്‍ക്ക് നല്‍കുന്ന സമ്മാനം - അവസാന സമയത്ത് ജീവിക്കാന്‍ ഒരു വൃദ്ധസദനം. മുണ്ട് മുറുക്കിയുടുത്ത് മക്കള്‍ക്കു വേണ്ടി സമ്പാദിച്ചു കൂട്ടിയതിന്‌ മക്കള്‍ നല്‍കുന്ന പ്രതിഫലം - വൃദ്ധസദനം. അരവയര്‍ ഭക്ഷണം കഴിച്ച് ബാക്കിയുള്ള ഭക്ഷണം സ്വന്തം മക്കള്‍ക്കു വേണ്ടി മാറ്റി വയ്ക്കുന്ന അച്ഛനമ്മമാര്‍ക്ക് മക്കളുടെ സമ്മാനം - വൃദ്ധസദനം. എന്തൊക്കെയോ പറയാനുണ്ടായിട്ടും, ഹൃദയം മുറിഞ്ഞ് രക്തം വമിക്കുകയായിരുന്നിട്ടും, വായ് തുറക്കാന്‍ പറ്റാത്ത അവസ്ഥ. അവസാനം ഇത്രമാത്രം പറഞ്ഞതോര്‍മ്മയുണ്ട്. "ന്‍‌റ്റെ മക്കളെ, ഈ ചെറിയ കാര്യത്തിന്‌ വേണ്ടി ല്ലാത്ത അവധിയും എടുത്ത്, കാശും ചിലവാക്കി ഇത്രടം വരെ വരേണ്ട കാര്യമുണ്ടായിരിന്നോ? ഒന്ന് വിളിച്ചു പറഞ്ഞാല്‍ പോരായിരിന്നോ? ന്തായാലും വില്‍ക്കാനുള്ള കാര്യങ്ങള്‍ നടക്കട്ടെ. എവിടെ എന്ന് ഒപ്പിടണം എന്നു മാത്രം പറഞ്ഞാല്‍ മതി, ഞാന്‍ ഒപ്പിട്ടു തരാം. പിന്നൊരപേക്ഷയുണ്ട് രണ്ടാളോടും. ഈ വീടും സ്ഥലവും വിറ്റ് ഞാന്‍ ആ വൃദ്ധസദനത്തില്‍ പോകുന്നതോടെ എന്‍‌റ്റെ ഈ ജന്മത്തുള്ള എല്ലാ ബന്ധങ്ങളും തീരുകയാണ്‌. ല്ലെങ്കില്‍ ഞാന്‍ തീര്‍ക്കുകയാണ്‌. പിന്നെ സ്വന്തത്തിന്‍‌റ്റേയും ബന്ധത്തിന്‍‌റ്റേയും പേരും പറഞ്ഞ് രണ്ടാളും ആ വഴിക്ക് വന്നു പോകരുത്. അവിടെ ഞാന്‍ സുഖിച്ച് ജീവിക്കുമ്പോള്‍ അതിനിടയ്ക്ക്‌ എനിയ്ക്കൊരു ബുദ്ധിമുട്ടായി ആ വഴിക്ക് കണ്ടു പോകരുത്. അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ഠമിടറീയോ? വാക്കുകളില്‍ ഒരു വിറയല്‍ ബാധിച്ചുവോ? പിന്നെ ഒരക്ഷരം പോലും മിണ്ടാനാകാതെ അകത്തേക്ക് വന്ന് ഈ കട്ടിലില്‍ കിടന്ന കിടപ്പാണ്‌. പിന്നെ എപ്പോഴോ കണ്ണു തുറന്നപ്പോള്‍ കൂട്ടിന്‌ ഈ ഹോം നേഴ്സ് മാത്രം.


എവിടെയോ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം. ആരോ ഫോണ്‍ എടുത്തല്ലോ. അപ്പു ആയിരിക്കും? എടുത്തു കൊണ്ട് നടക്കാവുന്ന ഫോണുമായി അവള്‍ വന്നു. അപ്പുവാണ്‌. റിസീവര്‍ ചെവിയോട് ചേര്‍ത്തു വച്ചതല്ലാതെ ഒന്നും പറയാന്‍ തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍. അടുത്ത ആഴ്ച വസ്തുവിന്‍റ്റെ പ്രമാണമാണെന്ന്. ഒന്നും പറയാതെ തന്നെ റിസീവര്‍ തിരികെ അവളുടെ കയ്യില്‍ കൊടുത്തു. ഒരാഴ്ച കൂടി ഈ വീട്ടില്‍ താമസിക്കാം. അതു കഴിഞ്ഞാല്‍ പിന്നെ വൃദ്ധസദനം. എന്തോ അതുവരെ ഇല്ലാതിരിന്ന ഒരു വേദന.... ഒരു നൊമ്പരം.. ഈ വിടിനോട് വിടപറയാന്‍ പോകുന്നു. ഈ വീട്ടില്‍ കിടന്ന് മരിക്കണമെന്ന് സ്വപ്നം കണ്ടിരിന്നു. പക്ഷേ ഇപ്പോള്‍..?? സ്നേഹിച്ച് വളര്‍ത്തി വലുതാക്കിയ മക്കള്‍, രണ്ടാളും അവരവരുടെ സുഖം തേടി പോയിരിക്കുന്നു. ഇന്ന് സ്വന്തം അമ്മ അവര്‍ക്കൊരു ഭാരമായിരിക്കുന്നു. ഇതുവരെയുള്ള ജീവിതം മുഴുവനും ഒരു തിരശ്ശീലയിലെന്ന പോലെ മുന്നില്‍ മിന്നി മറയുന്നു. ഈ വീട്ടിലേക്ക് വലതു കാല്‍ വച്ച്‌ കയറി വന്നതും, പിന്നെ സ്നേഹം മാത്രം അറിഞ്ഞ, അനുഭവിച്ച കാലം, പിന്നെ അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം, ഗര്‍ഭിണിയായി ആറുമാസം ആയപ്പോഴേക്കും തന്നെ എന്നെന്നേക്കുമായി വിട്ട് പോയ ഭര്‍ത്താവ്, പിന്നെ കുട്ടികളുടെ ജനനം, അവരുടെ വളര്‍ച്ച, വിവാഹം, കുട്ടികള്‍... പിന്നെ ഇതാ ഇപ്പോള്‍...... വൃദ്ധസദനം വരെ.....


എന്തോ ശരീരമാകെ തളരുന്ന പോലെ..... ഒരു വിറയല്‍..... നെഞ്ചില്‍ ഒരായിരം സൂചികള്‍ ഒന്നിച്ച് കുത്തിയിറക്കുന്നതു പോലെ....... പിന്നെ പതുക്കെ പതുക്കെ ആ കഴിക്കാത്ത ഗുളികയുടെ ശക്തിയില്‍ കണ്ണുകള്‍ അടച്ച് ആ അമ്മ ആരാലും ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത ആ ഉറക്കത്തിലേക്ക്, അവരുടെ മാത്രമായ ആ വൃദ്ധസദനത്തിലേക്ക് യാത്ര തുടങ്ങി കഴിഞ്ഞിരുന്നു.

(ഈ കഥ കണിക്കൊന്ന.കോം ല്‍... എല്ലാവരും അവിടേയും കമന്‍‌റ്റ് എഴുതുമല്ലോ? നന്ദി.
കഥ കാണാന്‍ ഇതു വഴി പോകുക.: http://www.kanikkonna.com/index.php?option=com_content&view=article&id=294:2009-02-17-13-40-23&catid=25:2008-09-29-07-23-53&Itemid=11&comment_id=739#josc739 കണിക്കൊന്ന.കോം.