ഷാപ്പിലെ കോഴിക്കറിയില്‍ വീണ
അഞ്ഞൂറിന്‍റെ നോട്ടു
നിവര്‍ത്തിയപ്പോഴാണയാള്‍
ആ വട്ടക്കണ്ണാടിയുള്ള
അപ്പൂപ്പനെ കാണുന്നത്.
നാല്‍ക്കവലയിലെ ആ
കാക്കതൂറിയ, നീണ്ട വടിയുള്ള
കാവല്‍ക്കാരനും
ഇതേ ഛായ, ഇതേ കണ്ണാടി.
രാജ്യദ്രോഹിയായ നേതാവിന്‍റെ
ഖദര്‍ പോക്കറ്റിലിരുന്ന്
ശ്വാസംമുട്ടി മരിച്ചതും
ഇതേ കണ്ണാടിക്കാരന്‍ തന്നെ.
സ്വാതന്ത്ര്യം നേടിത്തന്ന കുറ്റത്താല്‍
ഇന്നുമാരൊക്കെയോ പീഢിപ്പിക്കുന്നു,
ഹേ റാം, ഈ വടിയ്ക്ക്
പകരമൊരു തോക്ക് നല്‍കൂ;
മരിച്ചവനെങ്കിലും ഞാനുമൊന്ന്
സ്വതന്ത്രമാകട്ടെ.