പെയ്തു തീരാത്തോരാ മഴ പോലെയോര്‍മ്മകള്‍
ഉള്ളിന്‍റെയുള്ളിലൊരു നദിയായൊഴുകുന്നു.
മഴയില്‍ നനഞ്ഞൊരാ ചെറുബാലനോടുന്നു;
പിറകേ കുടയുമായമ്മയുമുണ്ടല്ലോ.
നനയല്ലേ മോനെയെന്നോതിയെന്നമ്മ; പിന്നെ
മാറോടു ചേര്‍ത്തെന്‍ തലയൊന്നു തോര്‍ത്തുന്നു.
മറ്റൊരു മഴയിലാ അമ്മയുണ്ടായില്ല
തലയൊന്നു തുവര്‍ത്തുവാന്‍;
മാറോട് ചേര്‍ക്കുവാന്‍.,.
മഴയെ പ്രണയിച്ചെന്നമ്മ കടന്നു പോയ്
മഴയായി, കാറ്റായി നിശ്വാസവായുവായ്.
ഇന്നും ഞാന്‍ നനയുന്നു അന്നത്തെയാ മഴ,
പിറകേ ഓടുവാന്‍ അമ്മയില്ലാതെ.
എങ്കിലും ഞാന്‍ കേള്‍ക്കുന്നാ പിന്‍വിളി
നനയല്ലേ മോനേയെന്നുള്ള സ്നേഹത്തിന്‍., .
ആ മഴക്കെകളാലെന്നെ പുല്‍കുന്നു,
തലയൊന്നു തുവര്‍ത്തുന്നു;മാറോടു ചേര്‍ക്കുന്നു;
മഴമാറില്‍ ചേര്‍ന്നൊന്നു നില്‍ക്കവേ ഞാനിന്നാ
അമ്മയെ നനയിക്കും ചെറുബാലനാകുന്നു.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?