Wednesday, November 06, 2013

ഉമ്മ.

ഇന്നുവരെ നല്‍കിയതില്‍ 
ഏറ്റവും സ്നേഹം നിറഞ്ഞ, 
കരുണ നിറഞ്ഞ 
ഉമ്മയേതാണെന്ന് പറയാമോ?


ചോദ്യം; മസിലു പെരുപ്പിച്ച്,
എല്ലാം കാലടിയിലൊളിപ്പിക്കാന്‍
ശ്രമിക്കുന്ന പുരുഷനോടല്ല.


പകരം; അമ്മയും, മകളും,
ഭാര്യയും പിന്നെ അമ്മൂമ്മയുമായി
വിരാജിക്കുന്ന സ്ത്രീകളോടാണ്‌.


അന്ന് അച്ഛന്‌ നല്‍കിയ
കുഞ്ഞ് ചുംബനമോ?
അതിനു ശേഷം കാമുകന്‌
നല്‍കിയ പ്രണയ ചുംബനമോ?


പിന്നീട് ഭര്‍ത്താവിനു
നല്‍കിയ സ്നേഹചുംബനമോ?
സ്വന്തം കുട്ടിയ്ക്ക് നല്‍കിയ
കരുതല്‍ ചുംബനമോ?


പിന്നെയൊരുന്നാള്‍
ഒറ്റയ്ക്കാക്കി പോയ
ഭര്‍ത്താവിന്‍റെ ജീവനറ്റ
ചുണ്ടില്‍ നല്‍കിയ
അവസാന ചുംബനമോ?


ഇതിലേതു ചുംബനമാണ്‌
ഏറ്റം സ്നേഹം നിറഞ്ഞത്?
നിങ്ങളുടെയുത്തരമേതെന്നെ-
നിക്കറിയില്ല; എങ്കിലും
ഞാനൊന്നു പറയട്ടെ.


ഗര്‍ഭിണിയായ സ്ത്രീ
തന്‍റെ വയറ്റില്‍ കിടക്കുന്ന
കുഞ്ഞിനു നല്‍കുന്ന
ഓര്‍മ്മ ചുംബനങ്ങളാ-
ണേറ്റവും സ്നേഹമുള്ളത്;
ഏറ്റം കരുണയുള്ളത്.

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?