Tuesday, June 19, 2012

മഴ..

ആദ്യമായി കണ്ടപ്പോഴും


അവളോട് ഞാനെന്‍റെ

പ്രണയം പറഞ്ഞപ്പോഴും

മഴയുണ്ടായിരിന്നു,

മുഖം മറയ്ക്കാനെന്ന പോലെ.



പിന്നെയൊരിക്കല്‍

അവള്‍ തിരിഞ്ഞു നോക്കാതെ,

തലകുനിച്ച് പോയപ്പോഴും

ആ മഴ തന്നെ സാക്ഷിയായി.

... അവള്‍ കരഞ്ഞിരുന്നോ,

കണ്ണുനീര്‍ വന്നിരുന്നോ,

എല്ലാം ആ മഴ മറച്ചിരുന്നു,

പിന്നെ പതുക്കെ അവളെയും.

അപ്പോഴാ മഴയ്ക്ക്

രൗദ്രഭാവമായിരിന്നു.

അമ്മ..

എന്‍റെ ഓര്‍മ്മയിലെ അമ്മ


നനഞ്ഞ വിറകൂതി കത്തിച്ച്

പുകയടിച്ച് കണ്ണുകലങ്ങി

തലയില്‍ ചാരം‌പേറി നടക്കുന്നു.

കത്താത്ത വിറകിനോട്

കഥ പടയുന്ന അമ്മ.

അന്നെന്നെ നോക്കി

അമ്മ കണ്ണുതുടച്ചിരിന്നു;

പിന്നെ പുകഞ്ഞു കത്തുന്ന

അടുപ്പിലേക്ക് നോക്കി നില്‍ക്കും.

... അപ്പോഴമ്മയുടെ കണ്ണുകള്‍ക്ക്

കത്താന്‍ തുടങ്ങുന്ന

അഗ്നിയുടെ നിറമായിരിന്നു.

ഇന്ന് ഊതിക്കത്തിക്കാന്‍

ആ കത്താത്ത വിറകില്ല.

തലയിലേറി നടക്കാന്‍

ആ ചാരവുമില്ല.

പക്ഷേയിപ്പോഴും കണ്ണുകളില്‍

ആ കണ്ണുനീരുണ്ട്;

ഇനിയുമെനിക്ക് കെടുത്താന്‍

കഴിയാത്ത മറ്റൊരഗ്നിയായ്.

സദാചാരക്കാഴ്ച.

മണ്ണിലേക്കാഴ്ന്നിറങ്ങുന്ന


വൃക്ഷത്തിന്‍ വേരുകള്‍.

ആ ഇക്കിളിയുന്മാദത്തില്‍

എല്ലാം മറക്കുന്ന മണ്ണ്.

പിന്നെയൊരു കാറ്റായ്

സദാചാരപ്പോലീസ്.

മണ്ണില്‍ നിന്നും പറിച്ചെ-

റിയപ്പെടുന്ന വേരുകള്‍.

തമ്മിലകറ്റപ്പെട്ട ഹൃദയങ്ങള്‍;

പൊട്ടിച്ചിരിക്കുന്ന കാറ്റ്.

ഇതിന്നിന്‍റെ കാഴ്ച;

സദാചാര കാഴ്ച.

അസ്ഥികൂടം.

എന്‍റെ പ്രണയത്തിന്‍റെ വാതിലില്‍


ഒരു ഗുല്‍മോഹറുണ്ടായിരിന്നു.

തണല്‍ വിരിച്ച്, തണലായി

എന്നോടൊപ്പമുണ്ടായിരിന്നു.

ഇന്നിന്‍റെ പ്രണയവാതിലില്‍

ഇലപൊഴിഞ്ഞ, വാടിക്കരിഞ്ഞ

ഗുല്‍മോഹറിന്‍റെ അസ്ഥികൂടം.

പഴയ തണല്‍ നല്‍കാന്‍

സ്വന്തമായിട്ടിലകളില്ലാത്ത,

ചവിട്ടി നടക്കാനാ ഇലകളെ

പട്ടുമെത്തയാക്കി തന്നവന്‍.

Thursday, May 10, 2012

ദീര്‍ഘനിശ്വാസം.

സ്ക്രീനില്‍ രാഷ്ട്രീയ-


കൊലപാതകത്തിന്‍റെ

ലൈവ് ടെലികാസ്റ്റ്.

ശീല്‍ക്കാരത്തോടെ

ഉയര്‍ന്നു താഴുന്ന

വടിവാളുകള്‍.

ആക്രോശങ്ങളും

അട്ടഹാസങ്ങളും.

പശ്ചാത്തലത്തിന്‌

രക്തവര്‍ണ്ണം.

സ്ക്രീനിനു പുറത്ത്

ആ ചോര കുടിക്കാന്‍

കാത്തു നില്‍ക്കുന്ന

രാഷ്ട്രീയ കഴുകന്‍‌മാര്‍.

കുറ്റിക്കാടുകളില്‍

മറഞ്ഞിരിക്കുന്ന

കുറുനരികള്‍.

എല്ലാം കണ്ട്

ഷണ്ഡമാരായി പോയ

ഒരു ജനതയുടെ

ദീര്‍ഘനിശ്വാസങ്ങള്‍.



Wednesday, April 25, 2012

അര്‍ദ്ധവിരാമം.

ഞാനൊരര്‍ദ്ധവിരാമം,


പൂര്‍ണ്ണമല്ലാത്ത ഒന്ന്.

പൂര്‍ണ്ണതയ്ക്കുമ-

പൂര്‍ണ്ണതയ്ക്കുമിടയില്‍

കോമയെന്ന തടസ്സം മാത്രം.




കാഴ്ചക്കപ്പുറത്തേയ്ക്ക്

രൂപം മാഞ്ഞപ്പോള്‍

ഓര്‍മ്മകള്‍ക്കിടയിലൊരു കോമയി-

ട്ടവളെന്നെയകറ്റി നിര്‍ത്തി.

കേള്‍‌വിക്കുള്ളിലാ ശബ്മുണ്ടായിട്ടും

ഞാനിന്നുമൊരപൂര്‍ണ്ണന്‍.




പട്ടുടയാടയുടുത്തവള്‍ നില്‍ക്കുന്നു,

പരിമളം പടര്‍ത്തും വിദേശഗന്ധം.

പക്ഷേയാ നിഴലിനു പോലുമാ

വാടിയ മുല്ലപ്പൂമണം;

ആരെയോ കാത്തിരിക്കുന്നൊരു

വേശ്യയെപ്പോല്‍.

അവളുമപൂര്‍ണ്ണയാണാ കാത്തിരിപ്പില്‍,

പൂര്‍ണ്ണതയ്ക്കായാ കോമയെ മാറ്റണം.




ഞാനൊരര്‍ദ്ധവിരാമം,

അവസാനിക്കുന്നതിനു

തൊട്ടുമുന്‍പുള്ളത്.

എന്‍റെ കോമയെ നിനക്കെടുക്കാം,

അങ്ങനെ നിനക്കെന്നെയവസാനിപ്പിക്കാം.

Monday, March 26, 2012

ഗുല്‍‌പാല.

ഗുല്‍മോഹര്‍...


പ്രണയത്തിന്‍റേയും

പ്രണയനൈരാശ്യത്തിന്‍റേയും

അടയാളം....



പാലമരം...

യക്ഷിക്കഥകളിലെ

അട്ടഹസിക്കുന്ന

ഭീകരരൂപം.



ഞാനിന്നിവയെ രണ്ടിനേയും

ഒന്നാക്കി മറ്റൊരു

ഗുല്‍‌പാലയെന്നൊരു

മരമുണ്ടാക്കുന്നു.

Saturday, January 28, 2012

പ്രസവം.

ഈ മുറിയില്‍
ഞാനൊറ്റയ്ക്കാണിന്ന്.
ഏകാന്തത തേടി
അവള്‍ അപ്പുറത്തുണ്ട്.
ആ ചെറുമയക്കത്തില്‍
അവളുടെ ഞരക്കങ്ങളും
മൂളലുകളും കേട്ടു ഞാന്‍.
ഓ, ഞാനത് മറന്നു.
ഇന്നവളുടെ പ്രസവമാണല്ലോ. 
ഇങ്ങനെ ഒറ്റയ്ക്കുള്ള രാത്രികള്‍
അവള്‍ക്ക് പ്രസവത്തിനേതാണ്‌.
ആ ഞരക്കങ്ങള്‍ക്കും
മൂളലുകള്‍ക്കുമവസാനം; 
നാളെ താരാട്ടുപാടാനും
തൊട്ടിലാട്ടാനുമായ്‌
ഒരു കുഞ്ഞു ജനിക്കും; 
ഒരു കുഞ്ഞു കവിത.
അതവളുടെ കുഞ്ഞാണ്‌,
ആത്മസംഘര്‍ഷങ്ങളുടെ കുഞ്ഞ്.

Monday, December 19, 2011

അടിയന്തിരം.

ഈ അടിയന്തിരത്തിന്‌
നിങ്ങളെത്തണം. 
വിളിക്കില്ല നിങ്ങളാരെയും 
പക്ഷേ കേട്ടറിഞ്ഞെത്തണം.

ഇവിടെയിന്നിഡലിയും
സാമ്പാറുമില്ല; 
ഇലയില്‍ വിളമ്പാന്‍
പ്രഥമനില്ല.

കാരണമിതെന്‍റെ...
ഇതെന്‍റെ.....
പ്രണയത്തിന്നടിയന്തിരം;
എന്നാത്മാവിന്നടിയന്തിരം.

Friday, December 16, 2011

കാലത്തിന്‍റെ പോക്ക്!!!!

ഒരു മിസ്ഡ് കോളായി,
പിന്നെയൊരു സന്ദേശമായി,
ഒരു ശബ്ദസാന്നിധ്യമായി,
അവനെന്നില്‍ ചേക്കേറി.

അങ്ങനെ കുറേകാലം
ഒരേ ചില്ലയില്‍ കഴിയാന്‍
വിധിക്കപ്പെട്ട വെറുമൊരു
കിളിയായ്‌ മാറിയവന്‍.

പിന്നെപ്പോഴോ ചില്ലമാറി,
ചോദിച്ചപ്പോഴാണറിഞ്ഞത്
അവന്‍റെയതേ നെറ്റ്‌വര്‍ക്കില്‍
ഔട്ട്ഗോയിംഗ് ഫ്രീയാണത്രേ.

എന്തുകൊണ്ടോ എന്‍റെ സിമ്മിന്‌
മഞ്ഞ നിറവും
അവന്‍റേതിന്‌ ചുവന്ന നിറവും.
കാലത്തിന്‍റെ പോക്ക് നോക്കണേ.... ...