Tuesday, July 31, 2012

വിശുദ്ധരായവര്‍

ആണ്‍ദൈവത്തിനെന്തുമാകാം;

പരസ്ത്രീ കുളിക്കുന്നത്

ഒളിഞ്ഞു നോക്കാം,

ആരും കാണാതവളുടെ

കിടക്കമുറിയില്‍ കയറാം,

പിന്നെയവളുമായാ

കിടക്ക പങ്കിടാം.

പിന്നെയവിവാഹിതയ്ക്ക്

... ഗര്‍ഭമുണ്ടായാലത്

വിശുദ്ധ കന്യാഗര്‍ഭം.



പെണ്‍ദൈവങ്ങള്‍

മനുഷ്യനായ ആണിന്‍റെ

അടുത്തു പോയത് കേട്ടിട്ടില്ല.

പോയിരുന്നെങ്കിലതും

വിശുദ്ധഗര്‍ഭം.....??



അപ്പോഴീ പുരുഷ മേധാവിത്വം;

അത് പണ്ടേയുള്ളതാണ്‌;

മനുഷ്യനുണ്ടാകും മുന്‍പേ.



ഈ പീഢനവും വാണിഭവും

അന്നുമുണ്ടായിരുന്നെങ്കില്‍

ഇന്ന് ദൈവങ്ങളെ കാണാന്‍

ജയിലില്‍ പോകാമായിരിന്നു.



പക്ഷേ എന്തുകൊണ്ടോ,

ദൈവം തൊട്ട്

മാനം പോയവരെല്ലാം

വിശുദ്ധരായതാണ്‌ ചരിത്രം.

മോഹങ്ങള്‍.

ഒന്ന് കാണണം, ഒന്ന് മിണ്ടണം,


പിന്നെയാ കൈപിടിച്ചാ

ഓരത്തുകൂടി നടക്കണം.

ഒരുമിച്ചൊരു കാപ്പി കുടിക്കണം,

ആ ഇളം‌വെയിലിലിരുന്നാ

കടുംവെയിലിനെപ്പറ്റി പറയണം,

തീരത്തിരുന്നാ തിരയുടെ

അഹങ്കാരത്തെപറ്റി പറയണം,

ആ കടല വാങ്ങി രുചിച്ചിട്ട-

തിലെ ഉപ്പിനെ കുറ്റം പറയണം,

അലറിയടിക്കുന്ന തിരയില്പ്പെട്ട

ഞണ്ടിനെയോര്‍ത്ത് വ്യസനിക്കണം,

വെയിലിനു പകരം ചുവപ്പ്

പരവതാനി വിരിയ്ക്കുന്ന

അസ്തമയസൂര്യനെ നോക്കി

വേവലാതിപ്പെടണം.

തോളോട് തോള്‍ ചേര്‍ത്ത്

തലകള്‍ കൂട്ടിമുട്ടിക്കണം,

പിന്നെ കണ്ണുനീര്‍ മറച്ച

കാഴ്ചയില്‍ ഒന്നും പറയാതെ,

തിരിഞ്ഞു നോക്കതെ

അവസാന ബസ്സില്‍ കയറണം,

കാഴ്ചകളെ പിന്നിലേക്കാക്കി

എനിക്ക് മുന്നോട്ട് പോകണം.

തെരുവ് തെണ്ടി.

തെരുവിലാരോ മരിച്ചു കിടക്കുന്നു,

തെരുവ് തെണ്ടിയാണത്രേ!!

വെട്ടും കുത്തുമില്ലാത്തതു കൊണ്ട്

തിരിഞ്ഞു നോക്കാനും

അവകാശികളാകാനും

"ബന്ധു"ക്കളിലത്രേ..!!

മുഖം.

എന്നെ കടന്നു പോയ


ഒരു മുഖമാണ്‌ നിനക്ക്.

എപ്പോഴോ മനസ്സില്‍

പതിഞ്ഞ രൂപം.

നിന്‍റെ ചുരുണ്ട

മുടിയിഴകള്‍

നാഗങ്ങളെപ്പോലെയെന്ന്

ചുറ്റിപ്പുണരാറുണ്ട്.

ആ കണ്ണുകളിലെ

രൂക്ഷമായ നോട്ടത്തിനപ്പുറം

സ്നേഹത്തിന്‍റെ കണികയുണ്ട്.

നിന്നെ ഞാനറിയുന്നു,

ഇന്നലെകള്‍ക്കും

നാളെകള്‍ക്കുമപ്പുറം

ഇന്നിലെ നിന്നെയറിയുന്നു.

മഴ..

തെരുവിലെ മേല്‍ക്കൂരയില്ലാത്ത


വീടിന്‍റെയുള്ളിലേക്കെത്തുന്ന മഴ,

അപ്പോള്‍ മഴയൊരാവേശമല്ല,

ചിലരുടെ കണ്ണുനീരാണത്.



മാളികയുടെ കണ്ണാടികൂട്ടിന്‌

പുറത്താര്‍ത്തു പെയ്യുന്ന മഴ,

നനയാതെ കിടന്നുറങ്ങാനുണ്ട്;

അതുകൊണ്ടൊരാവേശമാണത്.



... വീടിന്‍റെ ഉമ്മറത്തിരുന്നാ

നനയാത്ത മഴയെപ്പറ്റി

എഴുതുന്നവനൊരു പുതു

ഹര്‍ഷമാണാ മഴ നല്‍കുന്നത്.



കുഞ്ഞിന്‍റെ പട്ടിണി മാറ്റാന്‍

സ്വ ശരീരം പകുത്തു നല്‍കുന്നവള്‍;

പാപക്കറകള്‍ കഴുകി കളയുന്ന

പാപനാശിനിയാണാ മഴയവള്‍ക്ക്.



ആര്‍ത്തുപെയ്യുന്ന മഴയിലേക്കിറങ്ങി

പൊട്ടിക്കരയുന്നവരാര്‍ത്തു ചിരിക്കുന്നവര്‍.

ഇതിനിടയില്‍ കരയണോ ചിരിക്കണോ-

യെന്നറിയാതെ ഒരു പാവം മഴ.

Tuesday, June 19, 2012

ജീവിതം.

കൊടുക്കല്‍ വാങ്ങലുകളുടെ,


ലാഭ-നഷ്ടങ്ങളുടെ,

കയറ്റയിറക്കങ്ങളുടെ,

ആകെത്തുക, ജീവിതം.



കണ്ണുനീരിന്‍റെ,

പുഞ്ചിരികളുടെ,

വിടപറഞ്ഞവരുടെ

ഓര്‍മ്മയാണ്‌ ജീവിതം.



ഇനി ഞാനൊന്നോര്‍ത്തെടുക്കട്ടെ

നഷ്ടപ്പെട്ടയെന്‍റെ ജീവിതത്തെ.

മഴ..

ആദ്യമായി കണ്ടപ്പോഴും


അവളോട് ഞാനെന്‍റെ

പ്രണയം പറഞ്ഞപ്പോഴും

മഴയുണ്ടായിരിന്നു,

മുഖം മറയ്ക്കാനെന്ന പോലെ.



പിന്നെയൊരിക്കല്‍

അവള്‍ തിരിഞ്ഞു നോക്കാതെ,

തലകുനിച്ച് പോയപ്പോഴും

ആ മഴ തന്നെ സാക്ഷിയായി.

... അവള്‍ കരഞ്ഞിരുന്നോ,

കണ്ണുനീര്‍ വന്നിരുന്നോ,

എല്ലാം ആ മഴ മറച്ചിരുന്നു,

പിന്നെ പതുക്കെ അവളെയും.

അപ്പോഴാ മഴയ്ക്ക്

രൗദ്രഭാവമായിരിന്നു.

അമ്മ..

എന്‍റെ ഓര്‍മ്മയിലെ അമ്മ


നനഞ്ഞ വിറകൂതി കത്തിച്ച്

പുകയടിച്ച് കണ്ണുകലങ്ങി

തലയില്‍ ചാരം‌പേറി നടക്കുന്നു.

കത്താത്ത വിറകിനോട്

കഥ പടയുന്ന അമ്മ.

അന്നെന്നെ നോക്കി

അമ്മ കണ്ണുതുടച്ചിരിന്നു;

പിന്നെ പുകഞ്ഞു കത്തുന്ന

അടുപ്പിലേക്ക് നോക്കി നില്‍ക്കും.

... അപ്പോഴമ്മയുടെ കണ്ണുകള്‍ക്ക്

കത്താന്‍ തുടങ്ങുന്ന

അഗ്നിയുടെ നിറമായിരിന്നു.

ഇന്ന് ഊതിക്കത്തിക്കാന്‍

ആ കത്താത്ത വിറകില്ല.

തലയിലേറി നടക്കാന്‍

ആ ചാരവുമില്ല.

പക്ഷേയിപ്പോഴും കണ്ണുകളില്‍

ആ കണ്ണുനീരുണ്ട്;

ഇനിയുമെനിക്ക് കെടുത്താന്‍

കഴിയാത്ത മറ്റൊരഗ്നിയായ്.

സദാചാരക്കാഴ്ച.

മണ്ണിലേക്കാഴ്ന്നിറങ്ങുന്ന


വൃക്ഷത്തിന്‍ വേരുകള്‍.

ആ ഇക്കിളിയുന്മാദത്തില്‍

എല്ലാം മറക്കുന്ന മണ്ണ്.

പിന്നെയൊരു കാറ്റായ്

സദാചാരപ്പോലീസ്.

മണ്ണില്‍ നിന്നും പറിച്ചെ-

റിയപ്പെടുന്ന വേരുകള്‍.

തമ്മിലകറ്റപ്പെട്ട ഹൃദയങ്ങള്‍;

പൊട്ടിച്ചിരിക്കുന്ന കാറ്റ്.

ഇതിന്നിന്‍റെ കാഴ്ച;

സദാചാര കാഴ്ച.

അസ്ഥികൂടം.

എന്‍റെ പ്രണയത്തിന്‍റെ വാതിലില്‍


ഒരു ഗുല്‍മോഹറുണ്ടായിരിന്നു.

തണല്‍ വിരിച്ച്, തണലായി

എന്നോടൊപ്പമുണ്ടായിരിന്നു.

ഇന്നിന്‍റെ പ്രണയവാതിലില്‍

ഇലപൊഴിഞ്ഞ, വാടിക്കരിഞ്ഞ

ഗുല്‍മോഹറിന്‍റെ അസ്ഥികൂടം.

പഴയ തണല്‍ നല്‍കാന്‍

സ്വന്തമായിട്ടിലകളില്ലാത്ത,

ചവിട്ടി നടക്കാനാ ഇലകളെ

പട്ടുമെത്തയാക്കി തന്നവന്‍.