ആദ്യമായ് കൈപിടിച്ചു നടത്തിയ
അമ്മയെയിന്നെനിക്കോര്‍മ്മയുണ്ട്.
ആദ്യമായൊരു നല്ല പെന്‍സില്‍ തന്ന-
യെന്‍റെയച്ഛനെയിന്നെനിക്കോര്‍മ്മയുണ്ട്.
ആദ്യമായരിയില്‍ ഹരിശ്രയെഴുതിച്ച
ഗുരുവിനെയന്നെനിക്കോര്‍മ്മയുണ്ട്.
ആദ്യമായ് സ്കൂളിലേക്കൊരുമിച്ചു നട-
ന്നൊരാ കളിക്കൂട്ടുകാരിയേ ഓര്‍മ്മയുണ്ട്.
ആദ്യമായ് ഒരുതുണ്ടു കടലാസിലെഴുതിയ
പ്രണയത്തിന്‍ വരികളെനിക്കോര്‍മ്മയുണ്ട്.
ആദ്യമായ് നല്‍കിയ മധുചുംബനത്തിന്‍റെ
കോരിത്തരിപ്പെനിക്കോര്‍മ്മയുണ്ട്.
ആദ്യമായ് ഞങ്ങളൊന്നായ് മാറിയ
മധുവിധുരാവെനിക്കോര്‍മ്മയുണ്ട്.
ആദ്യമായച്ഛായെന്നു വിളിച്ചൊരു കൊച്ചു-
കുഞ്ഞിന്‍റെ മുഖമെനിക്കോര്‍മ്മയുണ്ട്.
ആദ്യമായപ്പൂപ്പായെന്നു വിളിച്ചൊരാ
കുഞ്ഞിന്‍റെമുഖവുമെനിക്കോര്‍മ്മയുണ്ട്.
പക്ഷേ,
ആദ്യമായെന്നെയെതിര്‍ത്തൊരാ
മക്കള്‍ മുഖമെനിക്കോര്‍മ്മയില്ല.
അച്ചടി താളില്‍ കൈവിരല്‍ പതിപ്പിച്ച
മക്കളേയുമെനിക്കിന്നോര്‍മ്മയില്ല.
കൂരിരുള്‍ മുറിയിലെ അഴികളിലേക്കെനെ
ബന്ധിച്ച മക്കളെയിന്നെനിക്കോര്‍മ്മയില്ല.
കൂരിരുള്‍ മുറിയിലെന്നോര്‍മ്മകള്‍ തിളയ്ക്കുന്നു
ഇരുട്ടിനെ കൊല്ലുന്ന കിരണം പോലെ.
ആദ്യമായെന്നെ പുണര്‍ന്നു കിടന്നൊരാ
കുഞ്ഞു കൈകളെനിക്കിന്നോര്‍മ്മയുണ്ട്.
ആദ്യമായെന്‍ വിരലെണ്ണി പഠിച്ചൊരാ
കുഞ്ഞു മുഖമെനിക്കിന്നോര്‍മ്മയുണ്ട്.