Sunday, June 21, 2009

മനുഷ്യന്‍‌റ്റെ മാറ്റം.

അന്നവിടെയാ ചെറു വൃക്ഷങ്ങള്‍
തന്‍ മനോഹര ഛായയില്‍
പങ്കുവയ്ക്കപ്പെട്ടതവരുടെ
ഹൃദയങ്ങളായിരിന്നു,
പകര്‍ന്നു നല്‍കിയതോ
സ്നേഹത്തിന്‍ മന്ത്രങ്ങളായിരിന്നു.


ഇന്നവിടെയാ ചെറു വൃക്ഷങ്ങള്‍ തന്‍
ഛായയില്ലിരിക്കുവാന്‍,
പകരം ശീതീകരിച്ച മുറിക്കുള്ളില്‍
ആ വര്‍ണ്ണ നിബിഢമാം ഇന്‍‌റ്റര്‍-
നെറ്റിന്‍ കഫേയുണ്ടാ തണുപ്പു
ബാധിച്ച ഹൃദയങ്ങള്‍ക്കിരിക്കുവാന്‍.


വൃക്ഷത്തലപ്പുകളുടെ ഛായയില്‍
നിന്നും പ്രേമം ഇന്നാ ശീതീകരിച്ച
കഫയിലെ ഇരുണ്ട ചുവരുകള്‍-
ക്കിടയിലേക്ക് പോയിരിക്കുന്നു.
വിലയിടിഞ്ഞത് പ്രേമത്തിനോ അതോ
ഇരുട്ടിലേക്കൊതുങ്ങുന്ന മനുഷ്യനോ?

Sunday, May 03, 2009

എന്‍‌റ്റ അമ്മ.

അമ്മതന്‍ വയറ്റില്‍ കിടന്നു ഞാനൊരു
മഹാരാജാവിനെ പോലെ പത്തുമാസം.
പിന്നെയാ നോവിന്‍ അവസാനം അമ്മ തന്‍
പുഞ്ചിരിയായ് വന്നു ഞാന്‍ കരച്ചിലൊടെ.


ആ അമ്മ തന്‍ പ്രതീക്ഷയായ്, താങ്ങായ്,
തണലായ്, സ്വപ്നമായ് എന്നെ കണ്ടൂ.
വിശപ്പിന്‍‌റ്റെ വിളിയാല്‍ അമ്മതന്‍
അടിവയര്‍ ആര്‍ത്തു കരഞ്ഞപ്പോഴും, ഒരു
പുഞ്ചിരിയോടെന്നെ മുലയൂട്ടിയ എന്‍‌റ്റെ അമ്മ.


എന്‍‌റ്റെ സുഖങ്ങളില്‍ അവള്‍ മറന്നതവള്‍
തന്‍ മനം പൊട്ടും ദു:ഖങ്ങളായിരിന്നു.


മോനേ ഓര്‍ക്കുക നമ്മളനാഥരാണെന്നോ-
ര്‍ക്കുക നമുക്കായ് നാം മാത്രമെന്ന്;
പലവുരു ഉരുവിട്ടു, ക്ഷമിക്കുക നീ
നിന്നെ ദ്രോഹിക്കും ജനങ്ങളോടും.


സ്നേഹത്തിന്‍ നിറകുടമാം, ശാന്ത
സ്വരൂപിയാമെന്നമ്മയ്ക്കായ്, മനസ്സു
നിറയെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അമ്മേ,
ഇനിയുള്ള ജന്മങ്ങളിലെല്ലാം നീ
തന്നെയെന്‍ മാതാവായ് വന്നിടണേ.

Sunday, April 12, 2009

ഈസ്റ്റര്‍.

മനുഷ്യനായ് അവതരിച്ചു ഭൂമിയില്‍,
പിന്നെയാ യേശുദേവനും മരിച്ചു വീണു
ആ ഗാഗുല്‍ത്താ മലതന്‍ ഉയരങ്ങളില്‍.
കിടന്നു ദേവനാ കല്ലറയില്‍ മൂന്നു നാള്‍,
വിശ്വാസത്താലുയര്‍ത്തെഴുന്നേറ്റു മൂന്നാംനാള്‍.

നമ്മള്‍ ചെയ്ത പാങ്ങള്‍ക്കായ്
കുരിശിലേറി, ക്രൂശിതനായി.
അനാഥരാം ജനങ്ങള്‍ക്കായ്
സ്വന്തം രക്തം നല്‍കി യേശു.

പകരം നമ്മള്‍ നല്‍കിയാ
ചാട്ടവാറിന്‍ ശീല്‍ക്കാരങ്ങള്‍.
തലയില്‍ വെച്ച മുള്‍ക്കിരീടം,
വാര്‍ന്നെടുത്തു രക്തവര്‍ണ്ണം.
ആ ചമ്മട്ടിതന്‍ ലോഹഗോളങ്ങള്‍
പറിച്ചെടുത്തു പച്ചമാംസങ്ങള്‍.
പിന്നെ ആഞ്ഞടിച്ചു ആണികള്‍
ആ മരക്കുരിശില്‍ ചേര്‍ത്തു വച്ച
യേശുവിന്‍ കൈകാലുകളില്‍
നിഷ്ഠൂരമാം മനുഷ്യര്‍ തന്നെ.

നമുക്കാഘോഷിക്കാം ഈ ഈസ്റ്റര്‍,
സ്നേഹത്തിന്‍ സമാധാനത്തിന്‍ ആശയം
പകരാം, വെറുക്കാം നമുക്ക് ശത്രുതയെ,
പരസ്പ്പരം സ്നേഹിക്കാം, നമുക്ക്
പരസ്പ്പരം സ്നേഹിക്കാം....


Sunday, April 05, 2009

അഭിമുഖം - ശ്രീ എം. കെ. ഖരീം.

"പാഥേയ"ത്തിനു വേണ്ടി മലയാളിയുടെ പ്രീയപ്പെട്ട കഥാകാരനുമായി ഞാന്‍ നടത്തിയ അഭിമുഖം)

എം.കെ. ഖരീം.
ജനനം : 1966 ആഗസ്റ്റ്‌ 15.
സ്ഥലം: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍.
നോവലുകള്‍:
ഗുല്‍മോഹര്‍.
ഗോലുവിന്റ്റെ റേഡിയോ പറയാതെ വിടുന്നത്.
ദുരൈലാല്‍ മദിഭ്രമ ഏടുകള്‍.
മരിച്ചവര്‍ സംസാരിക്കുന്നത്.
പുരുഷ ദേശങ്ങളുടെ ഉടല്‍

നോവലെറ്റുകള്‍:
രാ.
നഗ്ന ചിത്രം.
അലി ഒരു പുനര്‍വായന .

കഥകള്‍:
കോട്ടയം ബസ്സില്‍ ഓ.വി.വിജയന്‍.
ഗാട്ടിനു ശേഷം.
മരണം ചാറി നില്ക്കുന്നു.
ക്രൂരതയുടെ ഫലിത നിഘണ്ടൂ.
സെന്‍സര്‍ കിട്ടാതെ പോയ സിനിമയിലെ ഏതാനും ഭാഗങ്ങള്‍.
വഴിവെട്ടുകാര്‍.
ശ്മശാനം.
അസ്ഥികളുടെ രാജ്യാന്തര യാത്രകള്‍.
ആഗോളീകരണ കാഴ്ചകള്‍.
അഭിരാമി.
ഇരുണ്ട നൂലുകളില്‍.
നരക നിര്‍മ്മിതികള്‍.
സൂര്യന്‍ കരിയുന്നു.

അവാര്‍ഡുകള്‍.
1989 ല്‍ ബീം അവാര്‍ഡ് ചെറുകഥക്ക് .
2007 ല്‍ "മരിച്ചവര്‍ സംസാരിക്കുന്നത് "എന്ന നോവലിന്, അറ്റ്ലസ് കൈരളി അവാര്‍ഡ്.
2008 ല്‍ "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍ "എന്ന നോവലിന് ഓ.വി.വിജയന്‍ സ്മാരക പുരസ്കാരം.
ഇപ്പോള്‍ "രാതെളിമയുടെ കുളമ്പടികള്‍ " എന്ന നോവലിന്റെ പണിപ്പുരയില്‍.

എഴുത്തുകാരുടെ ലോകത്ത് ഒരു കേറിട്ട ശബ്ദം. അതാണ്‌ ശ്രീ എം കെ. ഖരീം. സ്വാതന്ത്ര്യ ദിവസത്തില്‍ പിറന്നതു കൊണ്ടെന്ന് തോന്നിപ്പിക്കുന്ന പോലെ വേറിട്ട സ്വതന്ത്ര ചിന്തകളുടെ, എന്തും പറയാന്‍ ചങ്കുറ്റം കാട്ടുന്ന എഴുത്തുകാരന്‍. അതുകൊണ്ടൊക്കെ തന്നെ കഴിവിനനുച്ചുള്ള അംഗീകാരം അദ്ദേഹത്തിന്‌ ലഭിച്ചുവോ എന്നത് വെറുമൊരു ചോദ്യമായി മാറുന്നു.

തന്‍‌റ്റെ ജീവിത യാത്രയില്‍ കാണുന്ന മുഖങ്ങള്‍, ചിലപ്പോള്‍ തന്‍‌റ്റെ തന്നെ പ്രതി രൂപങ്ങള്‍, താന്‍ കാണുന്ന കാഴ്ചകള്‍ ഒക്കെ കഥാപാത്രങ്ങളായി മാറ്റാനുള്ള അസാധാരണമായ കഴിവു കൊണ്ടാകാം അദ്ദേഹത്തിന്‍‌റ്റെ പല കഥാപാത്രങ്ങളും എല്ലായിപ്പോഴും നമ്മോടൊപ്പം തന്നെ കുടികൊള്ളൂന്നതും. സൂഫിയും ദുരൈലാലും വെറും കഥാപാത്രമായി നമുക്ക് കാണാന്‍ കഴിയാതെ പോകുന്നതും ഇവരില്‍ നമ്മളുടെ ഒക്കെ പ്രതി രൂപങ്ങള്‍ കാണുന്നതു കൊണ്ടു തന്നെയാണ്‌.

നമുക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം...

ഹരി വില്ലൂര്‍ : നമസ്ക്കാരം.

എം.കെ. ഖരീം: നമസ്തേ.

ഹരി വില്ലൂര്‍ : ഞാന്‍ പാഥേയത്തിനു വേണ്ടി ഹരി വില്ലൂര്‍.

എം.കെ. ഖരീം: ഞാന്‍ എം.കെ. ഖരീം.

ഹരി വില്ലൂര്‍ : വിദ്യാഭ്യാസം എവിടെയായിരിന്നു?

എം.കെ. ഖരീം: എറണാകുളം ജില്ലയില്‍.

ഹരി വില്ലൂര്‍ : സ്കൂള്‍, കോളജുകള്‍?

എം.കെ. ഖരീം: സൈന്റ് ജോസഫ് എല്‍. പി. സ്കൂള്‍, തൃക്കാക്കര; എം. എ. എച്ച്. എസ്., കാക്കനാട്; ഐ.ടി.ഐ.കളമശ്ശേരി; കൊച്ചിന്‍ ആര്‍ട്സ് കോളേജ്, എറണാകുളം.

ഹരി വില്ലൂര്‍ : "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". ഇതൊന്ന് വിശദീകരിക്കുമൊ?

എം.കെ. ഖരീം: കച്ചവടക്കാരനായ പിതാവ്. അറിയപ്പെടുന്ന തറവാട്. ബന്ധുക്കളും പരിചയക്കാരും കയറിയിറങ്ങിയത്‌ ഒരു മങ്ങിയ ഓര്‍മയായി എന്നും എന്നിലുണ്ട്‌. കച്ചവടം തകര്‍ന്നതോടെ വീടും സ്ഥലവും വിറ്റത്. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്ന് ആ സഞ്ചാരം ദാരിദ്ര്യത്തിലേക്കുള്ള യാത്ര എന്നറിയാതെ ആ അംബാസിഡര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആവേശത്തോടെ ഇരുന്നത്. പിന്നീടങ്ങോട്ട് ഇല്ലായ്മയുടെയും അവഗണനയുടെയും നാളുകള്‍. അന്നാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത്; തറവാട് മഹിമയിലോ, ബന്ധങ്ങളിലോ അര്‍ത്ഥമില്ലെന്ന്. അക്കാലത്ത് ബന്ധുക്കളുടെ വീടുകളില്‍ കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ നാലാം തരം പൗരനെ പോലെ ഒതുങ്ങി പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നില്‍ വല്ലാത്ത വെറുപ്പും പകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വലിയ ആള്‍ ആകണം എന്നും അന്ന് എന്നെ അവഗണിച്ചവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കണം എന്നും. എന്‍റെ തരക്കാരൊക്കെ നല്ല വസ്ത്രം അണിഞ്ഞ്, നല്ല ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകുക. അവിടെയും ഇല്ലായ്മയുടെ പേരില്‍ അവഗണന. എന്തിനു ഒത്തു പള്ളിയില്‍ പോലും ആ അവഗണന. അതിനിടയില്‍ ഞാന്‍ അറിഞ്ഞത് പണമാണ് എന്നാണ്‌ . ജാതി - മതങ്ങളോ തറവാട്ടു മഹിമയോ അല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നത്.പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ ... തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു. അദ്യം ആ തീവണ്ടിയില്‍ ഒന്ന് കയറിയാല്‍ മതി എന്ന ചിന്ത, പിന്നീടത്‌ ദീര്‍ഘ ദൂര സഞ്ചാരത്തിലേക്ക്... സഞ്ചാരമാണ് മനുഷ്യനെ പരുവപ്പെടുത്തുക. കെട്ടികിടക്കുന്ന ജലത്തില്‍ മാത്രമേ അഴുക്കുണ്ടാകൂ.. അതുകൊണ്ട് ഒഴുകി പരക്കാനുള്ള ആ ആവേശം ഇപ്പോഴും കെടാതെ....

ഹരി വില്ലൂര്‍ : എന്‍‌റ്റെ ചോദ്യം ഇതായിരിന്നു: "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". അതിനെ പറ്റി പറയൂ?

എം.കെ. ഖരീം: ഇരുപത്താറു ദിനങ്ങള്‍ , കടന്നു പോന്ന ആ നാളുകള്‍. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അലകള്‍ കണക്കെ അതെന്നിലേക്ക്. പിതൃവിയോഗംപകര്‍ന്ന ശൂന്യത. ആ ഞായറാഴ്ച, അന്ന് എന്‍റെ വാപ്പ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തണുത്ത കാലുകള്‍. പലവട്ടം ഞാന്‍ അതില്‍ പിടിച്ചു നോക്കി. മടിയില്‍ കിടത്തി അങ്ങിനെ ആ മങ്ങിയ കണ്ണിലേക്കും കാലുകളിലെക്കും നോക്കുമ്പോള്‍ പഴയ ഒരോര്‍മ എന്നിലേക്ക്‌ ഇരമ്പുന്നുണ്ടായിരുന്നു. അന്നെനിക്ക് അഞ്ചു വയസ്സ്. ഒന്നാം ക്ലാസ്സിലേക്ക് ഉമ്മയുടെ കൈ പിടിച്ചു പോയത്. ഓടു മേഞ്ഞ ആ സ്കൂള്‍ വരാന്തയില്‍ കയറുമ്പോഴുണ്ട് എങ്ങു നിന്നോ പാഞ്ഞു വന്ന വാപ്പ. വേഗം വീട് പൂട്ടാനും അടുത്ത വീട്ടില്‍ പൊയ് ഇരിക്കാനും. യാതൊന്നും അറിയാത്ത ആ കാലത്തു ഞാന്‍ കേട്ടത് എന്‍റെ വീട് ജപ്തി ചെയ്യാന്‍ പോലീസുകാര്‍ എത്തുന്നു എന്ന്. കുബേര പുത്രനായി ജനിച്ചു ദാരിദ്രത്തിലേക്ക് എടുത്തെറിഞ്ഞ നാളുകള്‍. പോലീസിന്‍റെ ആ കാക്കി ട്രൌസറും കൂര്‍ത്ത തൊപ്പിയും ഇന്നും എന്നില്‍ ഭീതി വിതച്ചുകൊണ്ട്. വാപ്പയുടെ കാലിലെ തണവു ഉള്‍കൊള്ളൂമ്പോള്‍ ഞാന്‍ ഓര്‍ത്തു ഒരിക്കല്‍ എത്ര വേഗത്തില്‍ സഞ്ചരിച്ച ആള്‍, ഇതാ ഇനി എവിടേയ്ക്കും നടക്കാനാവാതെ എന്‍റെ മടിയില്‍.... ഒരിക്കല്‍ ഞാനും അങ്ങിനെ എത്തുമല്ലോ...

ഹരി വില്ലൂര്‍ : താങ്കളുടെ "ബോംബെ" ജീവിതത്തെ പറ്റി ഒന്നു പറയാമോ?

എം.കെ. ഖരീം: ബോംബെ...ആകാശം മുട്ടെ കുഴലുകള്‍... കൂറ്റന്‍ കെട്ടിടങ്ങള്‍, തേരട്ട കണക്കെ സബര്‍ബന്‍ വണ്ടികള്‍... ബോംബെ... മുംബെയ് എന്ന് പറയാന്‍ വയ്യ. പേരു മാറിയത് കൊണ്ടു പട്ടിണികോലങ്ങളുടെ വിശപ്പ്‌ അടങ്ങില്ലല്ലോ! തീവണ്ടി മുറിയില്‍ വാതില്‍ക്കല്‍ നിന്നു എടുത്താല്‍ പൊങ്ങാത്ത ബാഗുമായി. സ്വപ്നത്തിലേക്കുള്ള കവാടം ആ നഗരത്തില്‍ തുറക്കപ്പെടും. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി , തലേന്നാള്‍ കഴിച്ച ബീഫും പൊറോട്ടയും മലച്ചു കിടക്കുന്ന അയാളുടെ വയറ്റില്‍ കുത്തി മറിയുന്നുണ്ടാവും, ദഹിക്കാതെ.... ആരാന്‍റെ പണം എന്ന് കരുതി വെട്ടി വിഴുങ്ങുകയായിരുന്നില്ലേ. ഏജന്റ്, എല്ലാ ഗള്‍ഫുകാരനും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കഥാപാത്രം. അയാളുടെ കയ്യില്‍ തൂങ്ങിയാണ് കൊച്ചിയില്‍ നിന്നും ഞാന്‍.... ഗള്‍ഫിലേക്ക്....പാളങ്ങള്‍... ഓരത്ത് വെളുപ്പാന്‍ കാലത്തു കുന്തിചിരിക്കുന്നവര്‍. അവരെ മനുഷ്യരായി ലോകം അഗീകരിചില്ലെങ്കിലും... അവരും ഈ ലോകത്തുണ്ട്, നമ്മെ പോലെ വായു ശ്വസിച്ചു... പെട്ടെന്ന് ഓടിക്കയറിയ ശൂന്യത. മടങ്ങിയാലോ! എത്രയോ അകലെയാണ് എന്‍റെ വീട്. ആ കല്‍പ്പൊടി മണം. എന്‍റെ കാല്‍പ്പാടുകള്‍... ചിലപ്പോള്‍ കപ്പലിന്‍റെ സൈറന്‍ മുഴങ്ങുന്ന മറൈന്‍ ഡ്രൈവ്... എനിക്ക് ഗള്‍ഫ് വേണ്ട. തിരിച്ചു പോകുക... ഫ്ലാറ്റ്ഫോമില്‍ കാലു കുത്തുമ്പോള്‍ ഒരു തകര്‍ന്ന ജീവി കണക്കെ. അതെ എന്‍റെ ഭാവി അവിടെയാണ് എഴുതപ്പെടുക എന്നൊരു തോന്നല്‍. ഒരിക്കല്‍ കൂടി ഓര്‍ത്തു പാസ്പോര്‍ട്ടും പണവും.. ഇല്ല ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. മടങ്ങിയാലോ! ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ആരോ കലമ്പല്‍ കൂട്ടി, പോകരുത്, പോകരുത്... ഭയങ്കരമായൊരു പിടിവലി. ആ സഞ്ചാരമാണ്‌ പിന്നീട് " മരിച്ചവര്‍ സംസാരിക്കുന്നത് " എന്ന നോവല്‍ രൂപപ്പെടാന്‍ കാരണം. ബാധ്യതയുടെ ഭാണ്ഡം മുറുക്കി എണ്ണപ്പാടം തേടുന്നവന്‍. അവന്‍റെ സ്വപ്‌നങ്ങള്‍...

ഹരി വില്ലൂര്‍ : ഓണ്‍ ലൈന്‍ രംഗത്ത് എത്തിയിട്ട് എത്ര കാലമാകുന്നു?

എം.കെ. ഖരീം: അഞ്ചു വര്‍ഷത്തിലേറെയായി...

ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന കമ്മ്യൂണിറ്റി തുടങ്ങാന്‍ കാരണം?

എം.കെ. ഖരീം: ഞാന്‍ തുടങ്ങിയതല്ല, മറ്റൊരാള്‍ എന്നെ ഏല്‍പ്പിച്ചതാണ്‌.

ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന ആ കമ്യൂണിറ്റിയുടെ ലക്‌ഷ്യം എന്താണ്‌?

എം.കെ. ഖരീം: പുതിയ എഴുത്തുകാര്‍ക്ക് വഴി തുറക്കുക.

ഹരി വില്ലൂര്‍ : ആ ലക്‌ഷ്യത്തില്‍ എത്ര ശാതമാനത്തോളം വിജയിക്കാന്‍ കഴിഞ്ഞു?

എം.കെ. ഖരീം: ഒട്ടും വിജയിച്ചില്ല. നിരാശാജനകം.

ഹരി വില്ലൂര്‍ : വിശ്വസിക്കുന്ന രാഷ്ട്രിയം.

എം.കെ. ഖരീം: കമ്മ്യൂണിസം.

ഹരി വില്ലൂര്‍ : രാഷ്ട്രീയത്തെ പറ്റി? വിശദമാക്കാമോ?

എം.കെ. ഖരീം: ഞാന്‍ കമ്മ്യൂണിസ്റ്റ്. ഇന്നത്തെ കമ്യൂണിസമല്ല. ഭൂരിപക്ഷ - ന്യൂന പക്ഷമെന്ന വേര്‍തിരിവില്ലാതെ, ജാതി മതങ്ങളുടെ തിണ്ണ നിരങ്ങാത്ത രാഷ്ട്രീയം. ഭരിക്കാന്‍ വേണ്ടിയല്ലാത്ത ജന സേവനം ലക്ഷ്യമാക്കി രാഷ്ട്രീയ കക്ഷികള്‍ വളരുക.

ഹരി വില്ലൂര്‍ : "ഈ തിരഞ്ഞെടുടുപ്പും പതിവ് പോലെ കുതിര കച്ചവടത്തില്‍ ചെന്ന് ചേരും. ദില്ലിയില്‍ അവര്‍ ഇടതു എന്നോ വലതോ എന്നില്ലാതെ ഒത്തു ചേരും. നാം വിഡ്ഢികള്‍. വെറും കീടങ്ങള്‍". ഇതിനെന്താണൊരു പ്രതിവിധി?

എം.കെ. ഖരീം: നാം ഉണരുക. നല്ലത് തിരിച്ചറിയുക. മതങ്ങളുടെ തിണ്ണ നിരങ്ങുന്നവരെ ഒറ്റപ്പെടുത്തുക.

ഹരി വില്ലൂര്‍ : "നമുക്ക് പട്ടിണി മാറുന്നതിനേക്കാള്‍ അത്യാവശ്യം ജാതി മത രാഷ്ട്രീയം കളിക്കുന്ന ഈ കുട്ടി തേവാങ്കുകളെ പടിയടച്ചു പിണ്ഡം വയ്ക്കുകയാണ്." ഇതിനെ പറ്റി?

എം.കെ. ഖരീം: അഴിമതി എങ്ങനെയും സഹിക്കാം. പക്ഷെ ജാതി - മതം കൊണ്ടുള്ള ഈ കളി അവസാനിപ്പിച്ചേ തീരൂ.. നമ്മെ സാമ്രാജ്യത്വത്തിന് പണയം വയ്ക്കുന്നവരെ തൂത്തെറിയുക, നാം ഇന്ത്യാക്കാര്‍. ആ ചിന്തയിലേക്ക് നാം എത്തിയെങ്കിലേ രാജ്യം നന്നാവൂ. കാന്‍സര്‍ പുറ്റുകളായ രാഷ്ട്രീയക്കാരെ അകറ്റുക. പട്ടിണി വന്നാല്‍ എന്തെങ്കിലും കടിച്ചു പറിച്ചു തിന്നു ചുരുണ്ട് കൂടാം. വര്‍ഗീയ കലാപം വന്നാലോ? വര്‍ഗീയ വിഭാഗീയത നമുക്ക് വേണ്ട.

ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയാണ്‌ നമ്മുടെ രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ശാപം. ഇതിനെപറ്റി?

എം.കെ. ഖരീം: ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നമ്മെ അവര്‍ ജാതി - മത കെണികളില്‍ തളച്ചിടുന്നു. പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്ത, ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം തുടരുന്നിടത്തോളം നമുക്ക് രക്ഷയില്ല.

ഹരി വില്ലൂര്‍ : താങ്കളുടെ ഇന്ത്യാ എങ്ങനെയുള്ളതാവണം?

എം.കെ. ഖരീം: ഇന്ത്യ ഒരു കാര്‍ഷീക രാജ്യം. ആ വഴിക്കുള്ള വികസനം ഉണ്ടാവണം. കുറെ പാലങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ ഒക്കെ വന്നാല്‍ വികസനം ആയില്ല. പാലം, റോഡുകള്‍ കൊണ്ടു സ്ഥലങ്ങളെ തമ്മില്‍ അടുപ്പിക്കാം, മനുഷ്യമനസ്സുകള്‍ തമ്മിലോ? എന്‍റെ ഇന്ത്യ എങ്ങിനെ ആകണം?ആദ്യമേ രാഷ്ട്രീയവും മതങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുക. രാഷ്ട്രീയക്കാരന്‍ ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങരുത്. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല. മതപ്രീണനം അവസാനിപ്പിച്ചു ഇന്ത്യക്കാര്‍ ആയി കാണുക. വിദ്യാകച്ചവടം നിര്‍ത്തുക.ഒരേ നിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ കൊടുക്കുക. പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് നിര്‍ബന്ധിത സൈനീക സേവനം. ഒരു വര്‍ഷത്തേക്ക്.... ആ വേളയില്‍ പൊതു സ്ഥലം, പൊതു കക്കൂസ് ഒക്കെ വൃത്തിയാക്കാന്‍ പരിശീലിപ്പിക്കുക. തുടര്‍ന്ന് അഭിരുചിക്കൊത്തു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. അങ്ങിനെ നമുക്കു നല്ല തലമുറയെ വാര്‍ത്തെടുക്കാം. പ്രജകള്‍ നന്നായില്ലെങ്കില്‍ രാജ്യം നന്നാവില്ല.

ഹരി വില്ലൂര്‍ : കേരളത്തെ പറ്റി എന്താണ്‌ താങ്കളുടെ കാഴ്ചപ്പാട്?

എം.കെ. ഖരീം: കേരളം ഇന്നും ഭ്രാന്താലയം. കപടഭക്തി, പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍, അണുകുടുംബങ്ങള്‍.... മാതാ പിതാക്കളെ പോലും തഴഞ്ഞുകൊണ്ട്... മലയാളിയെ പോലെ അഹങ്കാരികള്‍ മറ്റെങ്ങുമില്ല. ലക്ഷങ്ങള്‍ ഒരുമിച്ചു കൈയ്യില്‍ എത്തിയാല്‍ ഈശ്വരനെ പോലും വെല്ലു വിളിക്കും...

ഹരി വില്ലൂര്‍ : നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങള്‍ പലതും വിഴുങ്ങുന്നു എന്ന് താങ്കള്‍ പറയുകയുണ്ടായി. അതായത് "മംഗലാപുരത്ത് നടന്നത് സത്യത്തില്‍ എന്താണ്? ഞാന്‍ അത് ഇങ്ങനെ വായിക്കുന്നു " ലോക സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബി.ജെ.പി സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ അങ്ങിനെ ഒരു സംഭവം കൊണ്ഗ്രസ്സുകാര്‍ ആസൂത്രണം ചെയ്തത് ആയികൂടെ?". അപ്പോള്‍ ഒരു സാധാരണക്കാരന്‍ എന്താണ്‌ വിശ്വസിക്കേണ്ടത്?

എം.കെ. ഖരീം: പത്ര ദൃശ്യ മാധ്യമങ്ങള്‍ ചില അജണ്ടകള്‍ നടപ്പാക്കുന്നു. സാംസ്കാരീക അധിനിവേശം അ‌തുവഴി കടന്നു വരുന്നു. ചില അജണ്ടകള്‍ നടപ്പാക്കുന്നു.

ഹരി വില്ലൂര്‍ : എഴുത്തിലേക്കുള്ള പ്രവേശം എങ്ങനെ ആയിരിന്നു?

എം.കെ. ഖരീം: പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യഥേഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. ഒരു നേരം കഷ്ടിച്ച് ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ അതെല്ലാം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...

ഹരി വില്ലൂര്‍ : താങ്കളുടെ ഗുരു "സഞ്ചാരം" ആണെന്ന് പറയുന്നു. അതിനെ പറ്റി?

എം.കെ. ഖരീം: സഞ്ചാരമാണ് ഗുരു. സഞ്ചാരം മനുഷ്യന്‍ അല്ലാത്തത് കൊണ്ട്. മനുഷ്യന്‍ അഹന്തയുടെ, സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ പര്യായം... പണ്ട് ഏകലവ്യനു തള്ളവിരല്‍ നഷ്ടമായെങ്കില്‍ ഇക്കാലത്ത് തല തന്നെ ഗുരു പിഴുതെടുക്കാം. സഞ്ചാരം അങ്ങനെയല്ലല്ലോ. മാതാ, പിതാ, ഗുരു ദൈവം ... പിതാവ് കാട്ടി തന്ന ഗുരുവിനെ മറികടന്നു ഞാന്‍ സഞ്ചാരം എന്നാ ഗുരുവില്‍ എത്തി ചേര്‍ന്നു. അതാണ്‌ അക്ഷരലോകത്തേക്കുള്ള, എന്തിനു ഈശ്വരനിലേക്കുള്ള പാത വെട്ടുക. പണം എന്താണ്? വെറും കടലാസ്. അത് വേണ്ട എന്നല്ല പറയുന്നത്. കോടി കണക്കിന് ഉറുപ്പിക കയ്യിലുണ്ടെങ്കിലും കാല്‍ തട്ടി ഒന്ന് വീണാല്‍ ആ പണം നമ്മെ രക്ഷിക്കില്ല. തൊണ്ട കുഴിയില്‍ നിന്നും ലേശം വെള്ളം ഇറങ്ങണം എങ്കില്‍ പണം ഉണ്ടായത് കൊണ്ടായില്ല. പണം ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അത് ശരിയായി കാണുമ്പോഴും പണാദിഷ്ടമായ ഒരു ജീവിതം അല്ല എന്റേത്. പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്.

ഹരി വില്ലൂര്‍ : എഴുത്തില്‍ താങ്കള്‍ പിന്തുടരുന്ന ആരെങ്കിലും?

എം.കെ. ഖരീം: എഴുത്തില്‍ മാതൃകകള്‍ ഇല്ല. ഞാന്‍ എന്റെ വഴി വെട്ടുന്നു.

ഹരി വില്ലൂര്‍ : "എഴുത്ത്" എന്നതിനെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?

എം.കെ. ഖരീം: എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്. എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി. അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്. കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...

ഹരി വില്ലൂര്‍ : "എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല. വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല. എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു..." എഴുതാതിരിക്കുക എന്നാല്‍ അത് എന്‍‌റ്റെ മരണമാണെന്ന് താങ്കള്‍ പറഞ്ഞല്ലോ? അതിനെ പറ്റി?

എം.കെ. ഖരീം: എന്തോ...സ്നേഹവും സംഘട്ടനങ്ങളും;വെറുപ്പും വിദ്വേഷവും ആത്യന്തികമായ നിസ്സംഗതയും...കാണാമറയത്തെ ശത്രുവോട് യുദ്ധം. എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല.വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല.എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു...

ഹരി വില്ലൂര്‍ : "എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്". വിശദീകരിക്കാമോ?

എം.കെ. ഖരീം: എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, മറ്റെന്തിന്റെയും ആകട്ടെ സാമ്രാജ്യത്വം മനുഷ്യര്‍ക്ക്‌ മാത്രമല്ല സാഹിത്യത്തിനും എതിരാണ്‌. എല്ലാ യുദ്ധവും, യുദ്ധം നടത്താനുള്ള ഗൂഢാലോചന പോലും എഴുത്തിനെതിരെയുള്ള യുദ്ധമാണ്. എല്ലാ ഗ്യാസ് ചേംബറുകളൂം ശ്വാസം മുട്ടിക്കുന്നത്‌ സാഹിത്യകാരനെയാണ്‌. എല്ലാ തൂക്കുമരങ്ങളും ഞെരിക്കുന്നത്‌ എഴുത്തുകാരന്റെ തുറന്ന കണ്ടനാളത്തെ. ഓരോ ഹിംസയും അനീതിയും ലോകത്ത് പറയുന്ന ഓരോ നുണയും എഴുത്തിനെതിര്...

ഹരി വില്ലൂര്‍ : പ്രണയത്തെ പറ്റി താങ്കള്‍ ഒരുപാടെഴുതിയിട്ടുണ്ട്? താങ്കളുടെ യഥാര്‍ത്ത പ്രണയത്തെ പറ്റി?

എം.കെ. ഖരീം: എന്‍റെ പ്രണയം ഉടലുകളുടെ ആഘോഷമല്ല. ആത്മാവില്‍ ആത്മാവ് കലരുന്നതാണ്‌.

ഹരി വില്ലൂര്‍ : "പാതിരാവിലെ പ്രണയം, നട്ടുച്ചയിലെ പ്രണയം... ഭാവം രണ്ടെങ്കിലും ഒന്നല്ലേ." പ്രണയത്തിന്‌ അങ്ങനെ ഒരു വേര്‍തിരിവുണ്ടോ??

എം.കെ. ഖരീം: പ്രണയത്തിനു വേര്‍തിരിവുണ്ട്. നമ്മുടെ ആഗ്രഹം പോലിരിക്കും അതിന്റെ മാറ്റവും. ഞാന്‍ പ്രണയത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.

ഹരി വില്ലൂര്‍ : "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍" എന്ന നോവലിലെ കുട്ടിയായ ദുരൈലാലില്‍ താങ്കളൂണ്ട്, വള്ളി നിക്കറും ഇട്ടു കളിക്കൂട്ടുകാരിയോടൊപ്പം..." ആ ദുരൈലാലിനേയും ആ കളിക്കൂട്ടുകാരിയേയും പറ്റി ഒന്നു പറയുമോ?

എം.കെ. ഖരീം: എന്‍റെ ബാല്യം, ദാരിദ്ര്യത്തിന്റെ ഏകാന്തതകള്‍. ഒന്നാം ക്ലാസ്സില്‍ ഒറ്റ ബെഞ്ചില്‍ ഇരുന്നു പഠിച്ചവള്‍. ഇന്ന് ആ മുഖമോ പേരോ ഓര്‍മയില്ല. എങ്കിലും ആ ഭാവം, മറക്കാനാവാതെ...

ഹരി വില്ലൂര്‍ : താങ്കളുടെ ഗള്‍ഫ് ജീവിതത്തെ പറ്റിയാണ്‌ "മരിച്ചവര്‍ സംസാരിക്കുന്നത്" എന്ന നോവല്‍ എഴുതിയിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്‌. അതിനെ പറ്റി?

എം.കെ. ഖരീം: പ്രവാസം. ഒരു തരം അസ്ഥി വേവിച്ച് പണം നേടുന്നത്.

ഹരി വില്ലൂര്‍ :"ഉഷണരോഗത്തെരുവില്‍ അലയുമ്പോള്‍
ഒരു കുപ്പി ചാരായത്തില്‍ മയങ്ങി
പ്രതികരണ ശേഷിയില്ലാതെ
കാമിനിയെ, പുസ്തകത്തെയോര്‍ത്ത്..." ഒരു തരം ദു:ഖഭാവം നിഴലിക്കുന്നില്ലേ ഈ വരികളീല്‍?

എം.കെ. ഖരീം: ഉഷ്ണരോഗത്തെരുവ് ... സിനിമയില്‍ ഒക്കെ കണ്ട ആ ഇടം ഒന്നു നേരില്‍ കാണുക. ദാദറില്‍ വണ്ടിയിറങ്ങുമ്പോള്‍ അതായിരുന്നു ചിന്ത. ദാദര്‍ ഏതോ ഗുണ്ടയുടെ നാമവും പേറി അങ്ങിനെ മലച്ചു കിടന്നു. നടക്കുമ്പോള്‍ അറിയാത്ത ആ ഗുണ്ടയും ആനന്ദിന്‍റെ ആള്‍കൂട്ടം എന്ന നോവലും കലമ്പല്‍ കൂട്ടി കൊണ്ടിരുന്നു. ഇടയ്ക്ക് ഓര്‍ക്കാതെയല്ല കൂട്ടിനു ഒരാളെ വേണം. പക്ഷെ പറ്റിയ ഒരാള്‍, അതും ആ തെരുവിലേക്ക് ധൈര്യമായി പോരാന്‍ പറ്റിയ ഒരാള്‍. അങ്ങിനെ ഒരാള്‍, റഷീദ് ഉണ്ട്. പക്ഷെ അയാളെ വിശ്വസിക്കരുതെന്ന് ലോഡ്ജില്‍ നിന്നും കിട്ടിയ അറിവ്. അയാള്‍ കള്ളനാണ്. ഞാനും അത് ശിരസാ വഹിച്ചു. എങ്കിലും ലോഡ്ജില്‍ സഹായി ആയി എത്തുന്ന ആ ആളെ ആര്‍ക്കും അങ്ങിനെ അവഗണിക്കാന്‍ ആവില്ല. നഗരത്തെ കലക്കികുടിച്ച ആള്‍ . വിശാലമായ നിരത്തും കൂറ്റന്‍ കെട്ടിടവും. ചുവന്ന തെരുവ്. ഇടം വലം നോക്കാതെയാണ്‌ നടപ്പ്. വരാന്തയില്‍ പേന്‍ നുള്ളി ആള്‍കൂട്ടത്തെ മാടി വിളിച്ചു വേശ്യകള്‍. നേരെ നോക്കിയാല്‍ അവര്‍ ഓടി വന്നു വലിച്ചു കൊണ്ടു പോകും. ആ ഭീതിയോടെ. ഏതോ കുടുംബത്തില്‍ അല്ലലില്ലാതെ വളര്‍ന്നവര്‍ ആ കൂട്ടത്തില്‍ എത്ര വേണമെങ്കിലും കണ്ടേക്കും. ആരുടെയെല്ലാമോ ചതിയില്‍ പെട്ട് അങ്ങിനെ മുഷിഞ്ഞ കൊലങ്ങളായി അവസാനിക്കാന്‍...നേരെ നടന്നു. എല്ലാ വഴിയും ഒരു പോലെ. ഇടയ്ക്ക് മുകുന്ദന്‍ കഥാപാത്രങ്ങള്‍ ഇരമ്പി കയറി. അരവിന്ദനും മറ്റും... മനസ്സില്‍ കുറിച്ചു നാളേക്ക് ഓര്‍മിക്കാന്‍ ഒരു സഞ്ചാരം.....

ഹരി വില്ലൂര്‍ : 'മരിച്ചവര്‍ സംസാരിക്കുന്നത്' എന്ന നോവലിലെ സൂഫി കഥാപാത്രം താങ്കള്‍ മരുഭൂമിയില്‍ വച്ച് കണ്ട ഒരാളാണെന്ന് പറഞ്ഞല്ലോ? എന്തായിരിന്നു ആ സംഭവം?

എം.കെ. ഖരീം: ഏതോ ഒരു വെളുപ്പാന്‍ കാലത്ത് ഇറങ്ങി നടന്നു. നിരത്തുകള്‍ ഏറെക്കുറെ വിജനം. അറബികള്‍ ഒഴിവു ദിനത്തിന്റെ ലഹരിയില്‍ ഉറക്കത്തിലാകണം. നടന്നു. എവിടേക്ക്, അറിയില്ല. ദമ്മാമില്‍ പോയാലോ, കോബാറില്‍... അങ്ങനെ ചില ചിന്തകള്‍ ഉണ്ടാകാതെയല്ല. തെല്ലു ദൂരം ചെന്നപ്പോള്‍ അതു വഴി വന്ന മഞ്ഞ ടാക്സിയില്‍ കയറി. അത് അല്‍ ഹസ്സയിലെക്കുള്ളത്. വണ്ടിയിലേക്ക് ഓളം വെട്ടി തുടങ്ങിയ മരുക്കാറ്റ് . വിജനമായ ആ നാല് വരി പാതയില്‍ വണ്ടി നിര്‍ത്തിച്ചു ഇറങ്ങി. ഏകാന്തമായ മരുഭൂമിയിലെ ഞൊറിവുകള്‍. ഒട്ടു ദൂരം ചെന്നപ്പോഴാണ് ഒരാളെ കണ്ടത്. ആടുകളെ മേയ്ച്ചുകൊണ്ട് ഒരു കാട്ടറബി. അവര്‍ എന്നും രണ്ടാം തരം പൗരന്മാര്‍. വെളുത്തവന്റെ കീഴടക്കലില്‍ അങ്ങനെ നരകിച്ച്‌. ലോകം മുഴുവന്‍ അങ്ങനെ എന്ന് ധരിച്ചു , എങ്ങും കീഴ്പ്പെടുത്തലിന്റെ ഗാഥകള്‍. അയാളില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു, തീ വാങ്ങി സിഗരട്ട് കത്തിച്ചു. പിന്നീട് ഒന്നും മിണ്ടാതെ സഞ്ചാരം. കാക്കക്ക് ഇരിക്കാന്‍ പോലും തണല്‍ ഇല്ലാതെ. ദിക്കുകള്‍ നഷ്ട്ടപ്പെടുകയായിരുന്നു പെരുംകാറ്റില്‍ ഭ്രാന്തമായി ആ മണല്‍ തരികള്‍. ദൂരെ കാറ്റ് കൂമ്പാരം ഏറ്റിയ മണല്‍. അതിന്റെ നിഴലില്‍ തെല്ലു വിശ്രമിക്കാം എന്ന് കരുതാതെയല്ല. അപ്പോഴേക്ക് ഭീതിയോടെ ഓര്‍ത്തു. ഇനി എവിടെക്കാണ്‌ നടക്കുക? തിരിഞ്ഞു നടക്കണമെങ്കില്‍ ദിക്ക് അറിയണ്ടേ? എങ്ങനെയാണ് മടങ്ങുക. ആകെ കൂടി തളര്‍ച്ച. അപ്പോള്‍ പണ്ട് കണ്ട സിനിമയിലെ രംഗം ഓര്‍ത്തു. മരുഭൂമിയിലൂടെ വഴി തെറ്റി മേയുന്നവര്‍. ഇത് അവസാന യാത്ര. നേരം ഇരുളും മുമ്പ് എങ്ങനെയാണ് നിരത്തില്‍ എത്തുക. നിരത്ത് കണ്ടെത്തിയാല്‍ പിന്നെ സഞ്ചാരം എളുപ്പമാകും. ഒരു നിലവിളി ഉള്ളില്‍ കെട്ടി മറിഞ്ഞു. ദാഹവും വിശപ്പും. എത്രയോ അകലെയാണ് താമസിക്കുന്ന ഇടം. അതിനും എത്രയോ അകലെ എന്‍റെ വീട്. വയ്യ. എന്തും വരട്ടെ എന്ന് കരുതി നടന്നു. നേരത്തെ കണ്ട ആ സഞ്ചാരിയെ കണ്ടെത്തുക. അയാള്‍ വഴി പറഞ്ഞു തരും. പക്ഷെ എത്തിയത് മറ്റൊരിടത്ത്. അവിടെ ഒരു തമ്പ് കാണായി. ആശ്വാസത്തോടെ അവിടേക്ക്... മുത്തുമാല ജപിച്ചുകൊണ്ട്‌ ഒരാള്‍. മങ്ങിയ അറബി വേഷം, നീണ്ട ദീക്ഷ. പണ്ട് വായിച്ച സൂഫി കഥാപാത്രത്തെ ഓര്‍ത്തുകൊണ്ട്‌... അയാള്‍ക്ക് ആട് മേയ്ക്കല്‍ ആണ് തൊഴില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊണ്ടോട്ടിയില്‍ നിന്നും ഉരുവില്‍ കയറിക്കൂടിയ ഒരാള്‍. പാസ്പോര്‍ട്ടും വിസയും നഷ്ട്ടപെട്ടിരുന്നു. അയാള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. എനിക്ക് ഉണങ്ങിയ കുബ്ബൂസും സുലയ്മാനിയും തന്നു. കൂട്ടത്തില്‍ ഏതാനും ഈന്തപ്പഴവും അകത്തു ചെന്നപ്പോള്‍ തളര്‍ച്ച ...

ഹരി വില്ലൂര്‍ : "ഗിനിപന്നി വാചാലമാകുന്നു..." എന്ന താങ്കളുടെ കവിതയെ പലരും വിമര്‍ശിച്ചു കണ്ടൂ. അതിലെ വാക്കുകള്‍ അല്പം മോശമായി പോയി എന്നും കണ്ടു. അതിനെ പറ്റി?

എം.കെ. ഖരീം: പുതുകാല കവിതകള്‍ ഒരുതരം പച്ചയായ ആവിഷ്കാരം ആണ്. ഗിനിപന്നി എന്നത് നാലാം ലോകവും. അത് ഒന്നാം ലോകത്തിന്റെ അടിച്ചമര്‍ത്തലില്‍ മരിച്ചു കൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടി നാം എന്ന കാഴ്ചപാടും നമ്മെ ഒറ്റ് കൊടുക്കുന്ന ആധൂനീക രാഷ്ട്രീയവും.

ഹരി വില്ലൂര്‍ : താങ്കള്‍ക്ക് ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് എന്ന് കരുതുന്ന അവാര്‍ഡ്?

എം.കെ. ഖരീം: രണ്ടായിരത്തി എട്ടിന്റെ അന്ത്യ രാവില്‍ എന്‍റെ നാട്ടില്‍ ഏറ്റു വാങ്ങിയ സ്വീകരണം... കസേരയില്‍ ഇരിക്കുമ്പോള്‍ ആ പഴയ ഇന്നലെകളെ ഓര്‍ത്തു പോയി. ഒരു പഴയ പയ്യന്‍റെ നിസ്സഹായതയും, ഒറ്റപ്പെടലും അങ്ങിനെ പലതും. അക്കാലത്ത് എന്നില്‍ ചൊരിയപ്പെട്ട പരിഹാസങ്ങള്‍. പുതിയ വേദിയില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അഭിമാനമോ ഒരു തരം നിര്‍വൃതിയോ? അവര്‍ അണിയിച്ച പൊന്നാട, വച്ചു തന്ന ട്രോഫി... എന്‍റെ സ്വരത്തിനായി കാതോര്‍ത്തവര്‍. ഒരിക്കല്‍ എന്നെ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ! എല്ലാം കഴിഞ്ഞു വേദിക്ക് പുറത്തു കടന്നപ്പോള്‍ എങ്ങു നിന്നോ ഒരു മുഷിഞ്ഞ കോലം എന്‍റെ കൈ പിടിച്ചു. ചെരുപ്പ് കുത്തി. അയാള്‍, ആ തമിഴന്‍ വല്ലാത്ത ആവേശത്തോടെ അയാളുടെ പണിപ്പുരയിലേക്ക് കൈ ചൂണ്ടി. ഞാന്‍ പറഞ്ഞു പിന്നീട് വരാം. മടങ്ങുമ്പോള്‍ അറിഞ്ഞു എന്‍റെ കഥാപാത്രം. ഏതൊരു അവാര്‍ഡിനെക്കാളും വലുത് നിഷ്കളങ്കമായ ആ സംസാരം...

ഹരി വില്ലൂര്‍ : ഒരു കഥയോ കവിതയോ എഴുതി കഴിഞ്ഞാല്‍ പിന്നെ അതിനെ പറ്റി കഥാകാരന്‍ എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്?

എം.കെ. ഖരീം: കവിത നന്നോ ചീത്തയോ എന്ന് കവി ചോദിക്കരുത്. അത് വായനക്കാര്‍ തീരുമാനിക്കട്ടെ. എഴുതി പേന എടുക്കുന്നിടത്ത് മറ്റൊരു രചന നടക്കുന്നുണ്ട്. ഒരു കൃതി എഴുതിയാല്‍ കവിക്ക്‌ ആ കവിത ഏറ്റവും മോശമായി അനുഭവപ്പെടനം. എങ്കിലേ അടുത്ത സൃഷ്ടി മെച്ചപെടൂ. അങ്ങനെ മെച്ചമായ ഒന്നിന് വേണ്ടി തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുക. എഴുത്തുകാര്‍ അങ്ങനെ വേണം. താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്. എന്റെ കവിത താങ്കള്‍ക്ക് നല്ലത് ആകുമ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ആകണം എന്നില്ല. മൂന്നാമതോരാള്‍ക്ക് മറ്റൊരു വിധം ആകും. എന്‍റെ ഈ ചെറിയ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്, കവിയോ നോവലിസ്റ്റോ സ്വന്തം കൃതി എന്തെന്ന് വിശദീകരിക്കാന്‍ തുനിയരുത്. സത്യത്തില്‍ എന്‍റെ നോവല്‍ എങ്ങനെ ആണെന്ന്, അതിന്റെ വായനാസുഖം എന്തെന്ന്, അങ്ങനെ എല്ലാം ഞാന്‍ മനസിലാക്കിയത് വായനക്കാരില്‍ നിന്നുമാണ്. എന്‍റെ നോവല്‍ വായിച്ചവരൊട് ഞാന്‍ ചോദിക്കാറുണ്ട് അതിന്‍റെ കുറ്റവും കുറവുകളും. അത് അടുത്ത നോവലില്‍ ഉപകരിക്കും. ഒരു സൃഷ്ടിയുടെ ആസ്വാദനം ഒരിക്കലും എഴുത്തുകാരനില്‍ അല്ല. എന്‍റെ സൃഷ്ടികളെ ആര്‍ക്കും കല്ലെറിയാം. ഞാനത് സന്തോഷം സ്വീകരിക്കും. കാരണം ഏറുകൊള്ളുമ്പോള്‍, ചോര വാര്‍ന്നൊലിക്കുമ്പോള്‍, ഹൃദയം കത്തുമ്പോള്‍m എഴുത്തിനു കരുത്തു ലഭിക്കുന്നു.

ഹരി വില്ലൂര്‍ : ജനുവരി പതിനാറാം തീയതി, അതായത് താങ്കളുടെ വാപ്പ മരിച്ചിട്ട് ആറാം നാള്‍, താങ്കള്‍ക്കായി ഒരുക്കിയ ആ വേദിയില്‍ നിന്നപ്പോള്‍ താങ്കള്‍ താങ്കളുടെ വാപയെ പറ്റിയാണ്‌ പറഞ്ഞത് :"" ദളിതന്റെ പിഞ്ഞാണത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച വാപ്പ. അത് തന്നെയാണ് ഞാനും... ഒരിക്കല്‍ മാറ്റിയുടുക്കാന്‍ ഉടുപ്പില്ലാതെ, ആ സ്കൂള്‍ മുറ്റത്തു കൂടെ കരിമ്പന്‍ കയറിയ ട്രൌസറും ഷര്‍ട്ടും അണിഞ്ഞു നടന്നവന്‍.... അത് തന്നെയാണ് ഞാന്‍ ഇപ്പോഴും... ഈ നാട്ടുകാരന്‍ ആകുമ്പോഴും, ഒരു മലയാളി എഴുത്തുകാരന്‍ ആകുമ്പോഴും ഞാനൊരു ഇന്ത്യക്കാരന്‍ എന്നറിയപ്പെടാന്‍, ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു..." ഇപ്പോള്‍ ഇതിനെ പറ്റി എന്ത് തോന്നുന്നു?

എം.കെ. ഖരീം: അന്ന് വാപ്പ തെളിച്ച വഴി തന്നെ നല്ലത്. എനിക്ക് ഏതു പിച്ചക്കാരന്റെയും തോളില്‍ കയ്യിടാന്‍ കഴിയുന്നു.

ഹരി വില്ലൂര്‍ : "ഉത്തരാധുനിക കവിത" എന്നതിനെ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: ഉത്തരാധൂനീകത നാളത്തെ തലമുറയെ ഉന്നം വച്ച് എഴുതുന്നത്‌. ബഷീറിന്റെ, എം.ടി യുടെ വായനക്കാരല്ലല്ലോ അവര്‍.

ഹരി വില്ലൂര്‍ : "താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്." പക്ഷേ ഇന്നത്തെ എഴുതുകാരെല്ലാവരും ഇത്തരക്കാരാണോ?

ഹരി വില്ലൂര്‍: ആധുനിക കവിതകളെ പറ്റി എന്താണഭിപ്രായം?

എം.കെ. ഖരീം: ആധൂനീക കവിതകള്‍... നാം പുതിയ തലമുറകളെ നോക്കി എഴുതുന്നതിനെ അല്ലെ അങ്ങനെ പറയുക. വള്ളത്തോളും മറ്റും അക്കാലത്തെ തലമുറയ്ക്ക് വേണ്ടി എഴുതി. ചുള്ളിക്കാട് എന്റെയൊക്കെ തലമുറയെ നോക്കി എഴുതി. ഞാനോ അടുത്ത തലമുറയെ ലക്‌ഷ്യം വയ്ക്കുകയാണ്... എങ്കിലും ആധൂനീകത എന്ന രീതിയില്‍ പടച്ചു വിടുന്ന സാധനങ്ങള്‍ ജനകീയം ആകുന്നില്ല. അത് വായനക്കാരെ അകറ്റുകയാണ്.

ഹരി വില്ലൂര്‍: "വൃത്തം, താളം" എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു എന്നുള്ള അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

എം.കെ. ഖരീം: വൃത്തം, താളം എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നുണ്ട് . പക്ഷെ വായില്‍ കൊള്ളാത്ത പദങ്ങള്‍ കൊണ്ട് അത് വായനക്കാരെ ഉപദ്രവിക്കുന്നു.

ഹരി വില്ലൂര്‍: വള്ളത്തോളിന്‌ ശേഷം വന്ന കവികളില്‍ താങ്കളെ ഏറ്റവും സ്വാധീനിച്ച കവി ആരാണ്‌?

എം.കെ. ഖരീം: നല്ല സൃഷ്ടികള്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ ആരും സ്വാധീനിച്ചിട്ടില്ല.

ഹരി വില്ലൂര്‍: "ആധുനീകത" എന്നത് എന്തിനേയാണ്‌ ലക്ഷ്യം വയ്ക്കുന്നത്?

എം.കെ. ഖരീം: ലക്‌ഷ്യം വയ്ക്കുക എന്നതില്‍ അപകടം ഒളിഞ്ഞു കിടപ്പുണ്ട്. ഒരുതരം സാംസ്കാരീക അധിനിവേശം അതില്‍ നിഴലിക്കുന്നു.

ഹരി വില്ലൂര്‍: ഒരു കഥയുടേയോ കവിതയുടേയോ "തന്തു" മനസ്സില്‍ രൂപപ്പെട്ടതിന്‌ ശേഷം അത് എഴുതി തീരുന്നതു വരെ താങ്കളുടെ മാനസികാവസ്ഥ എന്തായിരിക്കും?

എം.കെ. ഖരീം: കവിതയും കഥയും പെട്ടെന്ന് എഴുതി തീര്‍ക്കുന്നു. ചിലപ്പോള്‍ ഒരു കീറ് മേഘം ആകാം. മണ്ണിന്‍റെ മണം ആകാം. അല്ലെങ്കില്‍ ഉള്ളില്‍ ആണ്ടിറങ്ങുന്ന ഭീതിയോ ആശങ്കയോ... അങ്ങനെ എന്തുമാകാം അത്. നോവലില്‍ ഒരു യുദ്ധം തന്നെയാണ്. എല്ലാത്തരം വികാരങ്ങളുടെയും ഏറ്റിറക്കങ്ങളില്‍ നഷ്ട്ടപ്പെട്ട്... ചിലപ്പോള്‍ ലോകത്തോട്‌ മുഴുവന്‍ വെറുപ്പ്‌. എഴുത്തുകാരന്‍ ആകുക എന്നത് ഒരു ശാപം ആയി പോലും തോന്നിയിട്ടുണ്ട്...

എം.കെ. ഖരീം : കലാ സാഹിത്യകാരന്മാര്‍ അസൂയയുടെ കുനിഷ്ട്ടിന്റെ കേന്ദ്രം എന്ന് വി.കെ.എന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പിക്കാന്‍ കൊള്ളില്ല.

ഹരി വില്ലൂര്‍ : എഴുത്തുകാരില്‍ താങ്കളുടെ അടുത്ത മിത്രം?

എം.കെ. ഖരീം: എഴുത്തില്‍ അടുത്ത മ‌ിത്രമില്ല. ഞാന്‍ ഒറ്റയാന്‍.

ഹരി വില്ലൂര്‍ : താങ്കളുടേതൊഴിച്ച് മറ്റാരുടെ കൃതികള്‍ വായിക്കാനാണ്‌ ഇഷ്ടം.

എം.കെ. ഖരീം: ഓ.വി.വിജയന്‍ കൃതികള്‍.

ഹരി വില്ലൂര്‍ : ഓര്‍ക്ക്യൂട്ട് പോലുള്ള പൊതു സ്ഥലങ്ങളില്‍ മിക്കവരും തങ്ങളുടെ കഥകളും കവിതകളും പ്രസിദ്ധീകരിക്കുവാന്‍ വിമുഖത കാട്ടുന്നു. കാരണം?

എം.കെ. ഖരീം: ഓര്‍ക്ക്യൂട്ടില്‍ നല്ല കവിതകള്‍ ആകാം, അത് പുറത്തു വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചത് എങ്കില്‍.... ഓര്‍ക്ക്യൂട്ടില്‍ മാത്രം അവസാനിക്കുന്ന ഒരു ആവിഷ്കാരം എങ്കില്‍ അതാവാം. ഓര്‍ക്ക്യൂട്ടില്‍ കാര്യമായ മോഷണം നടക്കുന്നത് കൊണ്ടാണ് നല്ല കവിതകള്‍ ഇടരുത് എന്ന് പറയുന്നത്....

ഹരി വില്ലൂര്‍ : "ഒരു പ്രസാധന കേന്ദ്രം" ആരംഭിക്കുന്നതിനെ പറ്റി ചര്‍ച്ച ഉണ്ടായല്ലോ? എന്തായി ആ ചര്‍ച്ചകള്‍?

എം.കെ. ഖരീം: ചര്‍ച്ച പുരോഗമിക്കുന്നു. അത് കഴിയും.

ഹരി വില്ലൂര്‍ : നിരീശ്വര വാദിയായിരുന്ന താങ്കള്‍ ഒരു ദിവസം പെട്ടെന്ന് ദൈവത്തെ തേടാന്‍ തുടങ്ങി. കാരണം?

എം.കെ. ഖരീം: കാലം ഇന്നും എന്നെ തുറിച്ചു നോക്കുന്നു. ആ നോട്ടം എന്നെ വിഡ്ഢിയാക്കി കണ്ടു. എത്രമേല്‍ അറിയാന്‍ ശ്രമിച്ചാലും എങ്ങും എത്താത്ത ചിന്ത. ഒരു പഴയ ഓര്‍മയാണ്. അനുഭവിച്ചത്. അന്നെനിക്ക് ഇരുപതു വയസ്സാണെന്ന് തോന്നുന്നു. തനി നിരീശ്വരവാദിയായി നടന്ന കാലം. ഒരു സായാഹ്നത്തില്‍ വായനയില്‍ അറിഞ്ഞ നിരീശ്വരവാദത്തെ ചിന്തയില്‍ കൊണ്ടുവന്നത്. പാറമുകളില്‍ കിടന്നു ആകാശം നോക്കി. എന്‍റെ മനസ്സു ഒഴുകാന്‍ തുടങ്ങി, ഏറെ ചോദ്യങ്ങളോടെ. ഞാന്‍, എനിക്ക് മുമ്പ്‌ , അതിന് മുമ്പ്‌.. ഭൂമി ഉണ്ടാകുന്നതിനു മുമ്പ്‌.... അങ്ങിനെ എല്ലാത്തിനും മുമ്പ്‌.? ആ ചോദ്യം എന്നെ എത്തിച്ചത് ഭീകരമായ ഒരു ശൂന്യതയില്‍ ആണ്. എന്‍റെ മനസ്സു മറിയുന്നതായി ഞാന്‍ അറിഞ്ഞു. ഭയവും. അതോടെ ആ ചിന്ത അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് തോന്നി. സന്ധ്യയില്‍ മടങ്ങുമ്പോള്‍ ഓര്‍ത്തു നിരീശ്വര വാദത്തിലേക്ക് എടുത്തെറിഞ്ഞ കോവൂരിനെ. അക്കാലത്ത് കോവൂരിന്റെ പുസ്തകങ്ങള്‍ ഒരു ഹരം ആയിരുന്നു. അപ്പോള്‍ എന്‍റെ ചോദ്യം ഇങ്ങിനെയായി... നൂറ്റാണ്ടുകള്‍ക്കു മുമ്പു ഈശ്വരനെ കാട്ടി തന്ന പ്രവാചകര്‍... അതത്രയും നുണയെന്നു കോവൂര്‍. കോവൂര്‍ പറയുന്നതു മാത്രം സത്യം. എങ്കില്‍ ഞാന്‍ എന്തിന് കോവൂരിനെ വിശ്വസിക്കണം? അങ്ങനെയാണ് ഞാന്‍ ഈശ്വരനെ തേടാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നും ഞാന്‍ എങ്ങും എത്തിയില്ല എന്നത് സത്യം. ഇപ്പോള്‍ ഇങ്ങിനെ കുറിക്കാന്‍ തോന്നിയത് ഈ അടുത്ത് എഴുതിയ ഒരു കവിതയാണ്. തുടര്‍ന്ന് വന്ന അഭിപ്രായവും.

ഹരി വില്ലൂര്‍ : "എന്നില്‍ ഈശ്വരന്‍ ഇല്ല എങ്കിലും... ഞാന്‍ അന്വേഷിക്കുന്നു, കണ്ടിട്ടില്ല. കാണുമോ എന്തോ...". താങ്കള്‍ ഒരു ഈശ്വര വിശ്വാസിയാണോ?

എം.കെ. ഖരീം: ഞാന്‍ ഈശ്വര വിശ്വാസി ആണ്. എന്ന് വച്ച് എന്റേതായ കാഴ്ചപാടിലൂടെ...

ഹരി വില്ലൂര്‍ : ഇതിനേ പറ്റി..

എം.കെ. ഖരീം: ഈശ്വരനെ കാണുകയോ കേള്‍ക്കുകയോ അല്ല. അനുഭവിക്കയാണ് വേണ്ടത്. സംഗീതം അനുഭവിക്കുന്നത് പോലെ. ഞാന്‍ അന്നും ഇന്നും അന്വേഷകന്‍ ആണ്. അന്വേഷണം ആണ് ജീവിതം . മറ്റൊരു തരത്തില്‍ അതൊരു സഞ്ചാരവും കൂടിയാണ്. നാം എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നിടത്ത് നമ്മുടെ അസ്തിത്വം നഷ്ട്ടപെടുന്നു. നാം ഏതെങ്കിലും ഒന്നില്‍ കുരുങ്ങുമ്പോള്‍ പിന്നെ അന്വേഷണം അസാധുവാകുന്നു. അവിടെ എല്ലാ സൃഷ്ടിയും അവസാനിക്കുന്നു..

ഹരി വില്ലൂര്‍ : ആരാധനയെ പറ്റി എന്ത് പറയുന്നു?

എം.കെ. ഖരീം: ആരാധന എന്നാല്‍ ആത്മാവിനുള്ള ഭക്ഷണം. ശരീരം നിലനില്‍ക്കാന്‍ ഭക്ഷിക്കുന്നത് പോലെ ആത്മാവിന് ഭക്തി. ഇക്കാലത്തെ ആരാധന ഈശ്വര ആരാധനയല്ല. നമ്മള്‍ ആരാധിച്ചില്ലെങ്കിലും ഈശ്വരന്‍ നിലനില്‍ക്കും. നമ്മുടെ ആരാധന ഒന്നും അവന് / അവള്‍ക്കു വേണ്ടാ. നാം ആരാധിക്കുന്നു എങ്കില്‍ ഈശ്വരന്‍റെ സഹായി ആകുക. എന്ന് പറയുമ്പോള്‍ നമുക്കു താഴെയുള്ളവരെ സഹായിക്കുക. കണ്ണില്ലാത്തവനെ വഴിമുറിച്ച്‌ കടക്കാന്‍ സഹായിക്കുക. അറിവില്ലാത്തവന് അറിവ് പകരുക. അതൊന്നും ചെയ്യാത്തവന്‍ പള്ളിയിലോ അമ്പലത്തിലോ പോയിട്ട് കാര്യമില്ല. പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ പണത്തിന്റെ പുറത്തു തഴച്ചു വളരുന്നു.. നാം നല്ലൊരു ഈശ്വര വിശ്വാസി ആയില്ലെങ്കിലും ഒരു അഹങ്കാരി ആകാതിരിക്കുക. മുന്നില്‍ കൈ നീട്ടുന്നവന് ഒന്നും കൊടുത്തില്ലെങ്കിലും ചീത്ത പറയാതിരിക്കുക. ഇന്ന് നാം ഈശ്വരനെ കച്ചവടത്തിന് വച്ചിരിക്കുന്നു....

ഹരി വില്ലൂര്‍ : കുടുംബം എന്ന കൊണ്‍സെപ്റ്റിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: കുടുംബം എന്നത് സത്യത്തില്‍ എന്താണ്? ഭാര്യ, മക്കള്‍, വീട്... നാം മക്കളെ വളര്‍ത്തുന്നു. നാം വളര്‍ത്തിയില്ലെങ്കിലും അവര്‍ വളരുന്നുണ്ട്‌.... ഒരാള്‍ ജനിക്കുന്നത് ആ ആളുടെ ഇഷ്ടം കൊണ്ടല്ല. ഞാന്‍ പണം മുടക്കി പണിതത് ആണെങ്കിലും എന്‍റെ വീട് എന്ന് തോന്നുന്നില്ല. ഞാന്‍ എന്ന് ചിന്തിക്കുന്നിടത് എന്നെ കാണുന്നില്ല. എന്‍റെ കൈകാലുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ എങ്ങോ ഞാന്‍ ഉണ്ട്. അതെ ചിന്തകള്‍ നമ്മെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് എടുത്തെറിയുന്നു. നാം എന്തിനാണ് ജനിക്കുന്നത്? മരിക്കാന്‍ വേണ്ടിയോ? മകന്‍ പിറക്കുമ്പോള്‍ നാം അവന്‍റെ കൈ കാലുകളില്‍ നോക്കും, ആ കാലുകള്‍ വളര്‍ന്നു കാണാന്‍. നടന്നു കാണാന്‍... ഓടി കളിച്ചു കാണാന്‍... സത്യത്തില്‍ ഓരോ വളര്‍ച്ചയും മരണത്തിലേക്ക്. അതെ നാം ഒരാളെ വളര്‍ത്തുന്നു എന്ന് പറയുമ്പോള്‍ നാം ആ ആളെ മരണത്തിലേക്ക് വളര്‍ത്തുകയാണ്. ആത്മീയവും അല്ലാതെയും ഉള്ള സഞ്ചാരം അതാണ്‌ എന്നെ പഠിപ്പിച്ചത്. ഇതു ഒരു സൂഫി ചിന്ത ആണോ എന്ന് പോലും അറിയില്ല. നേരത്തെ പറഞ്ഞതു പോലെ എന്‍റെ ഉള്ളിലുള്ള ആ ഞാന്‍ എന്‍റെ കൈ പിടിച്ചു സഞ്ചരിക്കുന്നു.
ഹരി വില്ലൂര്‍ : ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം... ഇതില്‍ ഏതാണുത്തമം? എം.കെ. ഖരീം: മനുഷ്യന്‍ എന്നാല്‍ ഈശ്വരന്റെയും മൃഗത്തിന്റെയും സങ്കലനം. ആ മൃഗീയത വെടിയാനുള്ള സഞ്ചാരം , അല്ലെങ്കില്‍ മൃഗീയത ഊരി കളയുക.. അങ്ങിനെ ഒക്കെ ആകാം... ജീവിതത്തെ അങ്ങനെയും വായിക്കാം. ഗൃഹാശ്രമം , ബ്രഹ്മാശ്രമം... എന്‍റെ അഭിപ്രായം ആവില്ല താങ്കളുടെത്. നമ്മുടെ രണ്ടാളുടെയും ആകില്ല മറ്റൊരാളുടെത്. ഓരോരുത്തരും അവരവരുടെ കാഴ്ചപാടില്‍ നിന്നും കണ്ടെത്തേണ്ടതാണ്‌. എന്‍റെ പാതയിലൂടെ അല്ല താങ്കളുടെ യാത്ര. അങ്ങയുടെ വീഥി അങ്ങ് തന്നെ കണ്ടെത്തുക. അതാണ്‌ അതിന്‍റെ സത്യം. ഒരു അന്വേഷകന്‍ എപ്പോഴും അങ്ങനെ ആകണം. അല്ലെങ്കില്‍ മറ്റൊരാളുടെ പാതയെ ധിക്കരിക്കുക. അതിലാണ് നാം പുതിയത് കണ്ടെത്തുക. നാം ഒരു അന്വേഷകന്‍ ആണെങ്കില്‍ നിലവില്‍ ഉള്ളതില്‍ നിന്നും വിട്ടു പോകുക. ഈശ്വരന്‍ അതാണ്‌ എന്നുള്ള കാഴ്ച്ചയെ മറികടക്കുക. ഈശ്വരനെ കണ്ടു എന്ന് ചിലര്‍, കേട്ടു എന്ന്, തൊട്ടു എന്ന്... അതെല്ലാം നുണ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്‍റെ കാഴ്ചപാടില്‍ ഈശ്വരനെ നാം അനുഭവിക്കുകയാണ് വേണ്ടത്. സംഗീതം എങ്ങനെയാണോ നാം അനുഭവിക്കുക അത് പോലെ. പ്രണയം എങ്ങിനെയാണോ അനുഭവിക്കുക അത് പോലെ... ഇതു മറ്റൊരാള്‍ക്ക് മറ്റൊരു വീക്ഷണം ആകാം... അങ്ങനെയേ ആകാവൂ...

ഹരി വില്ലൂര്‍ : പണമില്ലാത്തവന്‍ പിണം എന്നതിനെ പറ്റി എന്താണഭിപ്രായം?

എം.കെ. ഖരീം: നമ്മുടെ ലോക കാഴ്ച അങ്ങനെ പണം ഇല്ലാത്തവന്‍ പിണം. ശരിയെന്നു വിശ്വസിച്ചു നാം. പണം വെറും കടലാസ്സു. ഒന്ന് കാല്‍ തട്ടി വീണു തളര്‍ന്നു കിടക്കുമ്പോള്‍ പണം കൊണ്ട് ഒന്നിനും കഴിഞ്ഞെന്നു വരില്ല.

ഹരി വില്ലൂര്‍ : മതങ്ങളെല്ലാം നന്മകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നതിനെ പറ്റി?

എം.കെ. ഖരീം: നന്‍മകള്‍ മതങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കള്ളന്‍ വരുമ്പോള്‍ കരഞ്ഞുണര്‍ത്തുന്ന കാവല്‍നായ ഏത് മതമാണ്‌ അനുഷ്ടിക്കുക...? പൂവ് കാറ്റിനു ചാഞ്ഞു കൊടുക്കുന്നത്, കാറ്റില്‍ പരാഗം നടക്കുന്നത് ഏത് മതം അനുഷ്ഠിച്ചിട്ടാണ്? മതമോ ഈശ്വരനോ അല്ല പ്രശ്നം... ഈ ലോകത്തെ നശിപ്പിക്കുന്ന മനുഷ്യന്‍ തന്നെ...

ഹരി വില്ലൂര്‍ : എന്താണ്‌ മതങ്ങളുടെയെല്ലാം യഥാര്‍ത്ഥ ധര്‍മ്മം?

എം.കെ. ഖരീം: മതങ്ങള്‍ ഉണ്ടായത് മനുഷ്യനെ അന്ധകാരത്തില്‍ നിന്നും ഉയര്‍ത്താന്‍. എന്നാല്‍ അധികാര മോഹികള്‍ തലപ്പത്ത്‌ കയറി അന്ധകാരത്തില്‍ കിടക്കുന്നവരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളുന്ന ധീനമായ കാഴ്ച.

ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയെ പറ്റി?

എം.കെ. ഖരീം: മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധം മാത്രമല്ല വര്‍ഗീയതയുടെ ഉറവിടം. മത, ജാതി വര്‍ഗീയത പോലെ രാഷ്ട്രീയ സാമ്പത്തീക വര്‍ഗീയതയും. മതത്തിനുള്ളില്‍ മതം, ജാതിക്കുള്ളില്‍ ജാതി, രാഷ്ട്രീയത്തിനുള്ളില്‍ രാഷ്ട്രീയം... അതിനൊക്കെ പിന്നില്‍ അധികാരം അല്ലെ? നാം ഒരു മതത്തിനുള്ളില്‍ ആകുമ്പോഴും സാമ്പത്തികമായ അസമത്വം, ചേരി തിരിവ് അനുഭവിക്കുന്നു. രാഷ്ട്രീയത്തിലും അങ്ങനെ. കുടുംബത്തില്‍ പോലും ആ അസമത്വം ഉണ്ടല്ലോ.... എന്‍റെ മതം ശരി, നിന്റേതു തെറ്റ്, എന്‍റെ അഭിപ്രായം ശരി, നിന്റേതു തെറ്റ്, അവിടെ തര്‍ക്കങ്ങള്‍ ഉണ്ട്, സംഘട്ടനങ്ങളും...

ഹരി വില്ലൂര്‍ : പാഥേയം എന്ന കമ്മ്യുണിറ്റിയെ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: പാഥേയം നല്ലൊരു സംരംഭം ആണ്. മറ്റു കമ്മ്യൂണിറ്റികളേക്കാള്‍ വ്യത്യസ്തം. നല്ല രചനകള്‍ സ്വീകരിക്കപ്പെടുന്നു.

ഹരി വില്ലൂര്‍ : പാഥേയം ഓണ്‍ലൈന്‍ മാഗസീനെ പറ്റി?

എം.കെ. ഖരീം: ഒരു വാരിക പോലെ ശ്രദ്ധിക്കപ്പെടുന്നത്. കൂടുതല്‍ വളരട്ടെ.

ഹരി വില്ലൂര്‍ : പാഥേയം അംഗങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?

എം.കെ. ഖരീം: അക്ഷരങ്ങളെ സ്നേഹിക്കുക. എന്തെല്ലാം നഷ്ട്ടപെട്ടാലും അക്ഷരം വഞ്ചിക്കില്ല. നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം അത് മടക്കി തരും.

ഹരി വില്ലൂര്‍ : നന്ദി. താങ്കളുടെ വിലയേറിയ സമയത്തില്‍ കുറച്ച് സമയം പാഥേയത്തിനായി പങ്കു വയ്ച്ചതിന്‌.

എം.കെ. ഖരീം: നന്ദി, നിങ്ങളില്‍ ഒരാളായി ഞാനുമുണ്ട്. ആശംസകള്‍...

ഈ അഭുമുഖം പാഥേയം മാഗസീനില്‍ കാണുവാന്‍ [link=http://www.paadheyam.com/Portal/Article.aspx?mid=17&lid=april2009]ഇവിടെ ക്ലിക്കുക.

Wednesday, March 25, 2009

ലേഖനം - "ആറാമത്തെ പെണ്‍കുട്ടി".

സേതുവിന്‍‌റ്റെ "ആറാമത്തെ പെണ്‍കുട്ടി".

അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്‍‌റ്റെ ആറാമത്തെ പൂവായി അവള്‍, കാദംബരി വന്നു. തന്നെ പ്രസവിക്കാത്ത അമ്മയുടെ മടിയില്‍ കിടന്നു വളര്‍ന്ന കാദംബരി ആ മക്കളില്ലാത്ത ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും ജീവിതമാകെ സൗരഭ്യം വിതറി. സ്വന്തമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്ന്, തലയ്ക്കു മുകളില്‍ ഇളകി പറക്കുന്ന വവ്വാലുകള്‍ക്കൊപ്പം ഭാര്യയുടെ അടിവയറിലെ ചലനങ്ങളും നിശബ്ദമാകുന്നത് പല തവണ കണ്ടറിഞ്ഞ്, അവസാനം ഉത്സവ പറമ്പില്‍ നിന്നും കിട്ടിയ കുട്ടിയെ സ്വന്തമാക്കി കൂടെ കൂട്ടി, കാദംബരിയെന്ന പേരും നല്‍കി, വളര്‍ത്തി വലുതാക്കി, ഒടുവില്‍ മറ്റേതോ പൂക്കാരന്‍‌റ്റെ ചായ്പ്പിലെ ആറാമത്തെ പൂവായി അവള്‍ പോയപ്പോള്‍ അറിയാവുന്ന വിലാസങ്ങളിലേക്കെല്ലാം അവള്‍ക്കായ് കത്തുകള്‍ എഴുതുന്ന ശങ്കരരാമനെന്ന അച്ഛനില്‍ നിന്നും സേതു "ആറാമത്തെ പെണ്‍കുട്ടി"യുടെ കഥ ആരംഭിക്കുന്നു.

ഒരു സാധാരണ പെണിന്‌ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി സേതു ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. നൃത്തവും പാട്ടും പഠിപ്പിക്കുന്ന അധ്യാപകന്മാര്‍ മുതല്‍ സ്കൂളില്‍ ചരിത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ കാദംബരിയിലെ 'വിദ്യാര്‍ത്ഥി'യേക്കാള്‍ അവളിലെ 'സ്ത്രീ' എന്ന രൂപത്തിനാണ്‌ പ്രാധാന്യം കൊടുത്തത്. ഇന്നത്തെ ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന അധ്യാപക - വിദ്യാര്‍ത്ഥി ബന്ധങ്ങളെ ഇതിലൂടെ കഥാകൃത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും കുടുംബത്തിന്‍‌റ്റെ എല്ലാ നിര്‍ണ്ണായക നിമിഷത്തിലും ആ വവ്വാലുകള്‍ തലയ്ക്കു മുകളില്‍ ചിറകടിച്ചുയരാറുണ്ട്. ഉത്സവ പറമ്പില്‍ നിന്നും കണ്ടു കിട്ടിയ കുട്ടിയെ സ്വന്തം മകളായി കാണാന്‍ ഗോമതിയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, ശങ്കരരാമന്‍ വീട്ടിലില്ലാത്ത ഒരു സമയത്ത് കാദംബരിയ്ക്ക് പനി വരുന്നതും അപ്പോള്‍ ആ വവ്വാലുകള്‍ പറന്നുയരുന്നതും പിന്നെ ഗോമതി അവളെ സന്തം മകളായി അംഗീകരിക്കുന്നതും എല്ലാം ഒരുപക്ഷേ വെറും നിമിത്തങ്ങള്‍ മാത്രമാകാം.

ഒരു പൂക്കടക്കാരന്‍‌റ്റെ മനസ്സ് പൂവ് പോലെ നൈര്‍മ്മല്യം ഉണ്ടായിരിക്കണം. അതുകൊണ്ടാകാം ശങ്കരരാമന്‍ തന്‍‌റ്റെ ചായ്പ്പില്‍ പൂവ് കെട്ടാന്‍ വരുന്ന അനാഥരായ ആ അഞ്ച് പെണ്‍കുട്ടികളേയും അഞ്ച് പൂവുകളുടെ പേരുകള്‍ നല്‍കിയതും. ഈ കഥയിലൂടെ ആധുനികതയുടെ ഒരു വ്യക്തമായ രൂപം കഥാകൃത്ത് വരച്ച് കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. സ്കൂളിലെ "ആദ്യത്തെ റാങ്ക്" കാദംബരിയിലൂടെ സ്വപ്നം കാണുന്ന സ്കൂള്‍ അധികൃതര്‍, തന്‍‌റ്റെ മകള്‍ റാങ്കോടെ പാസ്സായിട്ട് അവളെ ഒരു ഡോക്ടര്‍ ആക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍, ഇന്നത്തെ ആധുനിക വിദ്യാര്‍ത്ഥിയുടെ - ഇന്‍‌റ്റെര്‍നെറ്റ് ലോകത്തിന്‍‌റ്റെ രൂപം വരച്ചു കാട്ടുന്ന പവിഴം, ചാറ്റിംങ് പോലുള്ള ഇന്‍‌റ്റെര്‍നെറ്റ് മാധ്യമങ്ങളിലെ ശുദ്ധമായ പൊള്ളത്തരങ്ങള്‍ പവിഴം എന്ന കഥാപാത്രത്തിലൂടെ സേതു വരച്ചു കാട്ടുന്നു.

പണ്ടത്തെ അധ്യാപക - വിദ്യാര്‍ത്ഥി ബന്ധത്തിനൊരു ശാപമായി മാറുന്ന ഇന്നത്തെ അധ്യാപകരുടെ ഒരു പ്രതിരൂപം മാത്രമാണ്‌ ഇതില്‍ "വേദ നായകം" എന്ന കഥാപാത്രം. സ്വന്തം വിദ്യാര്‍ത്ഥിയെ കാമത്തിന്‍‌റ്റെ കണ്ണുകള്‍ കൊണ്ട് മാത്രം കാണാന്‍ കഴിയുന്ന വേദനായകത്തിലൂടെ സേതു ഇന്നത്തെ പലരുടേയും പേരുകള്‍ വിളിച്ചോതുന്നു.

കാദംബരി കാണുന്ന അല്ലെങ്കില്‍ പരിചപ്പെടുന്ന ആണൂങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമായത് തികച്ചും യാദൃശ്ചികമാകാം. അവള്‍ക്ക് ഈ ആണെന്ന് പറയുന്നത് "തുളച്ചു കയറുന്ന ഒരു നോട്ടമാകുന്നു; ഓര്‍ക്കാപ്പുറത്ത് തോളത്ത് വന്നു വീഴുന്ന ഒരു ചൂടുള്ള കൈപ്പത്തി ആകുന്നു; വിറകൊള്ളുന്ന ചുണ്ടുകളാകുന്നു; സെന്‍‌റ്റിന്‍‌റ്റെ,പുകയിലയുടെ തീഷ്ണമായ ഗന്ധമാകുന്നു; കവിളിലുരയുന്ന കൂര്‍ത്ത കുറ്റി രോമങ്ങളാകുന്നു, പിന്നെ അമര്‍ത്തി കീഴ്പ്പെടുത്തുന്ന ചുണ്ടുകളാകുന്നു". അതുമൂലം അവള്‍ക്ക് ആണിനെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറി പോകുന്നുണ്ടോ എന്നൊരു സംശയം ഇപ്പോഴും ശേഷിക്കുന്നു.

കഥയില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയുടെ പ്രതീകമായി അച്ചാ ശാസ്ത്രിയേയും അദ്ദേഹത്തിന്‍‌റ്റെ ഡോക്ടര്‍മാരായ രണ്ട് പെണ്മക്കളേയും കഥാകാരന്‍ വരച്ചു കാട്ടുന്നു. എല്ലാവരും റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കാദംബരിക്ക് കിട്ടിയ ഫസ്റ്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റുമായി അച്ചാ ശാസ്ത്രിയെ കാണാന്‍ വരുന്ന ശങ്കരരാമനോട്, കണ്ണുകളില്‍ ഒരു അമര്‍ത്തിയ ചിരിയോടെ, ഊര്‌, പേര്‌, കുലം, ഗോത്രം എന്നിവയൊക്കെ വിശദീകരിച്ച്, റാങ്കും ഡോക്ടര്‍ പദവിയും ഉയര്‍ന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ താഴ്ന്നു പോകുന്നത് ശങ്കരരാമന്‍‌റ്റെ തലയോടൊപ്പം അതൊക്കെ ഇപ്പോഴും ആഗ്രഹിക്കുന്ന സാധാരണക്കാരന്‍‌റ്റെ തല കൂടിയാണെന്ന് വേദനയോടെ നാം ഓര്‍ത്തു പോകുന്നത് സ്വാഭാവികം മാത്രം. അച്ചാ ശാസ്ത്രിയും അദ്ദേഹത്തിന്‍‌റ്റെ പെണ്മക്കളും ശങ്കരരാമന്‍‌റ്റെ മനസ്സിലേക്ക് സംശയത്തിന്‍‌റ്റെ ഒരായിരം തീക്കനലുകള്‍ കൂടി കോരിയിടുന്നിടത്തു വച്ച് കഥയുടെ വഴിത്തിരിവാകുന്നു.

ആ സംഭവത്തിനു ശേഷം കഥാകാരന്‍ ശങ്കരരാമനെ ഒരു ഭ്രാന്തമായ അവസ്ഥയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ പതുക്കെ പതുക്കെ പൂക്കച്ചവടം തകരുന്നതും, പിന്നെ ചായ്പിലെ പൂവുകള്‍ അപ്രത്യക്ഷമാകുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ശങ്കരരാമന്‍ ചിന്തകളുടെ മറ്റൊരു ലോകത്തായിരിന്നു.

നാല്‌ വയസ് മുതല്‍, തന്നെ എടുത്ത് വളര്‍ത്തുന്ന ശങ്കരരാമനെ "അപ്പ" എന്നതിനു പകരം "മാമ" എന്ന് വിളിച്ചിരുന്ന കാദംബരി ഒരു ദിവസം പെട്ടെന്ന് ഒരു ദിവസം അയാളെ "അപ്പ" എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നു. 'ആണെ'ന്ന രീതിയില്‍ സ്വന്തം അപ്പയെ പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നിയതു കൊണ്ടാകാം "മാമാ" എന്ന വിളീ "അപ്പാ" യിലേക്ക് തിരിഞ്ഞത്.

പിന്നീട് ഒരു ദിവസം കോളേജില്‍ പോയ കാദംബരിയെ കാണാതാകുന്നു. ആ സംഭവത്തിനു ശേഷം ഗോമതി അസുഖ ബാധിതയാകുന്നതും പിന്നീട് മകളെ കാണാതെ മരിക്കുകയും ചെയ്യുന്നു. അങ്ങനെ ഒറ്റക്കായ ശങ്കരരാമനെ തേടി ഒരു സന്ധ്യയില്‍ സ്വന്തം വിലാസം വയ്ക്കാത്ത കാദംബരിയുടെ കത്ത് വരുന്നു. അതില്‍ അവള്‍ എഴുതിയിരിക്കുന്നു: "ഞാനിപ്പോള്‍ ദൂരെ ഒരു ദേശത്ത്, മറ്റൊരു പൂക്കച്ചവടക്കാരന്‍‌റ്റെ ചായ്പ്പില്‍ ആറാമത്തെ പെണ്‍കുട്ടിയായി, ആറാമത്തെ കാട്ടുപൂവായി ജോലി ചെയ്യുന്നു. എന്നോടൊപ്പം ഉള്ള മറ്റ് അഞ്ച് പേര്‍ക്കും ഇവിടുത്തെ മാമനും മാമിയും പൂക്കളുടെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഒടുവില്‍ വന്നതു കൊണ്ടാകാം എനിക്കുള്ള പേര്‌ കണ്ടു പിടിക്കുന്നതില്‍ മാമനും മാമിയും തമ്മില്‍ തര്‍ക്കത്തിലാണ്‌. കാരണം മിടുക്കിയായ എനിക്ക് ഒരു നല്ല പേര്‌ നല്‍കണ്ടേ? പിന്നെ അമ്മയെ മറക്കാന്‍ ശ്രമിക്കുകയാണ്‌ ഞാന്‍, അപ്പാവിനേയും. അങ്ങനെ നിങ്ങള്‍ രണ്ടു പേരിലൂടെ, എനിക്ക് സ്നേഹം തന്ന എല്ലാവരേയും. നന്ദികേടുകളിലൂടെ ശിക്ഷിക്കാന്‍ നോക്കുന്നത് ആദ്യം എന്നെ തന്നെ, പിന്നെ എന്നിലൂടെ ആരൊയൊക്കെയോ ഒക്കെ". അപ്പോഴും ശങ്കരരാമന്‍‌റ്റെ തലയ്ക്കു മുകളില്‍ വവ്വാലുകള്‍ പറന്ന് തുടങ്ങിയത് ഒരുതരം യാദൃശ്ചികതയാകാം.

എല്ലാം മറക്കുന്നതിലൂടെ, നന്ദികേടുകളിലൂടെ കാദംബരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മളെയൊക്കെ തന്നെയാണ്‌... നമ്മുടെ ഇന്നത്തെ സമൂഹത്തെ തന്നെയാണ്‌... ഇന്നത്തെ വ്യക്തി ബന്ധങ്ങളെ തന്നെയാണ്‌.... മനുഷ്യന്‍‌റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി.

ഈ ലേഖനം "പാഥേയം മാഗസീനില്‍" വായിക്കുവാന്‍ ഈ ലിങ്ക് നോക്കുക: http://www.paadheyam.com/Portal/Article.aspx?mid=14&lid=april2009

Wednesday, February 18, 2009

മനുഷ്യര്‍.

എന്തിനീ യാത്ര, ഹേ മനുജാ
ഈ വര്‍ത്തമാനകാലത്തിന്‍
വിഴുപ്പു ചുമന്നുകെണ്ടെ -
ന്തിനീ യാത്ര, എങ്ങോട്ടീ യാത്ര.

തുച്ഛമാം പൈസക്കു വേണ്ടി സ്വന്തം
മാതാപിതാക്കളെ കൊല്ലുന്ന മനുഷ്യര്‍,
രക്ത ബന്ധങ്ങള്‍ മറക്കുന്നു, പിന്നെ
വ്യക്തി ബന്ധങ്ങളും മറക്കുന്നു.

പേരിനു വേണ്ടി, പ്രശസ്തിക്കു വേണ്ടി
കൂടെപ്പിറപ്പിനെ ഒറ്റിക്കൊടുക്കുന്നു.
ഹാ, എന്തിനേറെ പറയുന്നു, അവന്‍
സ്ഥാനലബ്ധിക്കായ് ഭാര്യയെ വില്‍ക്കുന്നു.

പൈസ്ക്കു വേണ്ടി എല്ലാം മറക്കുന്നു,
ലക്ഷങ്ങള്‍ കോടികള്‍ കുട്ടി വച്ചീടുന്നു.
നാളെ ഒരിറ്റു ദാഹജലത്തിനായ് കേഴുമ്പോള്‍
ഈ കോടികള്‍ പോലുമാര്‍ത്തു ചിരിച്ചിടും.

ഒന്നുമില്ലാതെയീ ഭൂമിയില്‍ വന്നു ഞാന്‍,
അതു പോലെ തന്നെ തിരിച്ചു പോകുന്നതും.
കരയുന്ന കണ്ണലാദ്യമായി ഭൂമിയെ കണ്ടു ഞാന്‍,
ചിരിച്ചു കൊണ്ടീ മടക്കയാത്ര തുടരാന്‍ കഴിയുമോ?

Sunday, January 18, 2009

വൃദ്ധസദനത്തിലേക്കുള്ള യാത്ര.

അതൊരു വിമാനത്തിന്‍‌റ്റെ ഒച്ചയല്ലേ കുട്ട്യേയ്... ന്‍‌റ്റെ അപ്പു അതിലുണ്ടാവുമോ ആവോ? അമ്മയെ കാണാന്‍ വരുന്നുണ്ടെന്ന് കഴിഞ്ഞ മാസം വിളിച്ചപ്പോഴും അവന്‍ പറഞ്ഞിരിന്നു. എപ്പോഴും അമ്മയെ കാണണം ന്ന് ണ്ടെന്ന്.. പക്ഷേ അവധി കിട്ടണ്ടേ? ന്താ ചെയ്യാല്ലേ? എല്ലാവര്‍ക്കും അവരവരുടെ ജോലിയല്ലേ വലുത്. ന്താ ചെയ്യാന്‍‌റ്റെ കുട്ട്യേയ്... അല്ല, ഞാന്‍ നിന്നോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം, ല്ലേ? നീയാരാ..ന്നെ നോക്കാന്‍ നില്‍ക്കണ ഹോം നേഴ്സ്. ന്നാലും അറിയാണ്ട് ങ്ങ്‌ പറഞ്ഞു പോണതാ കുട്ട്യേയ്... മനസ്സിലുള്ളത് ആരോടെങ്കിലും പറഞ്ഞാല്‍ ഒരാശ്വാസമാണേ... ഇവിടെയിപ്പോ നീയല്ലാണ്ട് ആരാ എനിക്കുള്ളത്..


ഒരു മിനിട്ടിന്‍‌റ്റെ വ്യത്യാസത്തില്‍ രണ്ടാണ്‍കുട്ടികള്‍ ഉണ്ടായപ്പോള്‍ ല്ലാവരും എന്തൊക്കെയാ പറഞ്ഞേ.. "ന്തായാലും മേലേടത്തെ ദേവകി രക്ഷപെട്ടൂട്ടോ. രണ്ടാണ്‍കുട്ടികളല്ലേ. ഇനീപ്പോ അവല്‍ക്കൊരു സുഖമൊക്കെ ണ്ടാകും"ന്ന്. എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിപ്പിക്കും പോലെ ജീവിതം മുന്നോട്ട് നീങ്ങി. അതിനിടയില്‍ എപ്പോഴോ മക്കള്‍ വളര്‍ന്നു. അച്ഛനില്ലാത്ത ദു:ഖം അറിയിക്കാതെ അവരെ തന്നാലാകും വിധം വളര്‍ത്തി. ഒന്നിനും ഒരു കുറവും ണ്ടാകാതെ നോക്കി. അടിവസ്ത്രം മുറുക്കിയുടുത്ത് അവരെ പഠിപ്പിച്ചു. അപ്പോഴൊക്കെ എനിക്കും രണ്ടാണ്‍കുട്ടികളാണെന്നതില്‍ മനസ്സാല്‍ ഞാനും അഹങ്കരിച്ചിരുന്നുവോ? എനിക്കും ഒരു നല്ല ദിവസം വരും എന്ന് വിശ്വസിച്ചിരുന്നുവോ?


രണ്ടാളുടേയും പഠിത്തം കഴിഞ്ഞു. ഇനി ജോലിയ്ക്കുള്ള ഓട്ടമാണ്‌. വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. കയ്യില്‍ പൈസയും പിടിപാടുമില്ലാത്തവന്‌ എവിടെ ജോലി? ആരുടെയൊക്കെയോ സഹായത്താല്‍ മൂത്തയാള്‍ക്ക് ഒരു ജോലി കിട്ടി. പക്ഷേ അത് വീട്ടില്‍ നിന്നും കുറേ ദൂരെയാണ്‌. അങ്ങനെ അവന്‍ ആ വീട് വിട്ട് നഗരത്തിലേക്ക് കുടിയേറി. ഇളയ ആള്‍ക്ക് ഗള്‍ഫില്‍ പോകണം ന്ന് പറഞ്ഞ് പാസ്പോര്‍ട്ടൊക്കെ എടുത്ത് വച്ചിരിക്കന്നു. അപ്പോഴൊക്കെ ഞാന്‍ പറയുമായിരിന്നു "എന്തായാലും പിന്നെയും ഞാന്‍ മാത്രം ഇവിടെ ബാക്കിയാകും ല്ലേ"ന്ന്. എന്താ ചെയ്ക.. ജീവിക്കണ്ടേ.. കുറച്ച് ഭൂമി കൊടുത്ത് കിട്ടിയ പൈസ കൊടുത്ത് വാങ്ങിയ വിസയുമായി അവനും തന്നെ തനിച്ചാക്കി പറന്നകന്നു. അത് എന്നന്നേക്കുമായുള്ള തന്‍‌റ്റെ ഒറ്റപ്പെടലിന്‍‌റ്റെ തുടക്കമായിരിന്നുവോ?


ഹോം നേഴ്സിന്‍‌റ്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ കൊടുത്ത മരുന്നും ഗുളികയും കഴിച്ച് ഒരു തളര്‍ച്ചയോടെ ദേവകിയമ്മ അവളോട് പറഞ്ഞു: ന്തിനാ ന്‍റ്റെ കുട്ട്യേയ് ഇങ്ങനെ ഞാന്‍ ജീവിക്കണെ. ഇതൊക്കെ നിര്‍ത്താറായില്ലേ? ഈ ഗുളിക കഴിക്കുമ്പോഴേക്കും കണ്ണുകളങ്ങ് അടഞ്ഞു പോകാണേയ്.. ന്നാ പിന്നെ സ്ഥിരായിട്ട് ങ്ങ്‌ അടയുവോ? അതും ഇല്യാ.. ന്താ ചെയ്യാ... ആ ഗുളികയുടെ ശക്തിയില്‍ ഉറക്കത്തിലേക്ക് മടങ്ങുമ്പോഴും അവരുടെ മനസ്സ് വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിക്കുകയായിരിന്നു.


വിവാഹ പ്രായമെത്തിയ, ഒന്നിനൊന്ന് വളര്‍ന്നു നില്‍കുന്ന രണ്ടാണ്‍മക്കള്‍. രണ്ടാള്‍‍ക്കും ആലോചനകളൊക്കെ ഷ്ടം പോലെ വരുന്നുണ്ട്. ഒടുവില്‍ മൂത്തയാള്‍ പറഞ്ഞു; ന്‍‌റ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുണ്ട്. എനിക്കവളെ ഇഷ്ടമാണ്‌. അവള്‍ക്ക് ന്നേയും. അമ്മ അത് നടത്തി തരണം. എനിക്ക് മറ്റൊരു വിവാഹം വേണ്ട.. ന്താ പറയ്ക.. കുട്ടികളൂടെ ഷ്ടമല്ലേ.. അപ്പോള്‍ പിന്നെ അതല്ലേ നടക്കേണ്ടത്. അങ്ങനെ ആര്‍ഭാടമായി ആ വിവാഹം നടന്നു. അതിനു ശേഷം ചെക്കനും പെണ്ണും ഒരാഴ്ച വീട്ടില്‍ ണ്ടായിരിന്നു. അതിനു ശേഷം രണ്ടാളും ജോലി സ്ഥലത്തേക്ക് പോയി. അവധി ഇല്ലാത്രേ.


പിന്നെ പിന്നെ അവന്‍‌റ്റെ ഫോണ്‍ വിളീകള്‍ കുറഞ്ഞു തുടങ്ങി. പണ്ടൊക്കെ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരാറുണ്ടായിരുന്നവന്‍ ഇപ്പോ മാസത്തിലൊരിക്കല്‍ പോലും വരാണ്ടാതായിരിക്കുന്നു. "അമ്മയെ കാണാന്‍ പോലും നിനക്ക് ഇപ്പോള്‍ സമയമില്ലാണ്ടായോ മോനേ" എന്ന് ചോദിച്ചു ഒരിക്കല്‍. അമ്മയ്ക്കിതൊക്കെ പറയാം. ഒരു ദിവസം അവധി എടുത്താല്‍ രൂപാ എത്രയാണ്‌ നഷ്ടം ന്ന് അമ്മയ്ക്കറിയ്യോ? ഈ പട്ടിക്കാട് പോലല്ലാ, നഗരത്തില്‍ രണ്ടാള്‍ക്ക് ജീവിക്കണമെങ്കില്‍ എന്താ പാടെന്ന് അമ്മയ്ക്കറിയ്യോ? ല്യാ.. പിന്നെ പരാതീം.. പിന്നെ സ്വന്തം ചിലവ്‌ മാത്രമാണേല്‍ കുഴപ്പമില്യാ.. ഇതിപ്പോ അങ്ങിനെയാണോ? ഇടയ്ക്കിടെ അമ്മയ്ക്കും തരണില്ലേ അഞ്ഞൂറും ആയിരമൊക്കെ. ല്ലാം അധിക ചിലവല്ലേ? പിന്നെ അവള്‍ക്കാണെങ്കില്‍ പ്പോ നല്ല സുഖോല്യാ.. ഒരു കുഞ്ഞുണ്ടാകാന്‍ പോണൂത്രേ... അതും ഒരു ചിലവല്ലേ? ന്നാലോ ജോലി ചെയ്യാന്‍ ഞാന്‍ മാത്രം. ന്താ ചെയ്ക.. ല്ലാരും കൂടി ന്നെ ഭ്രാന്തു പിടിപ്പിക്കും. എന്തിനാണ്‌ മനസ്സൊന്ന് വിങ്ങിയതെന്നും കണ്ണുകള്‍ നിറഞ്ഞ് തുടങ്ങിയതെന്നും അപ്പോഴും തനിക്കറിയില്ലായിരിന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അമ്മയ്ക്ക് അഞ്ഞൂറോ ആയിമോ തരുന്നത് അവന്‌ ഒരധിക ചിലവാണെന്ന്. അന്നാദ്യമായ് ആ മകനെ ഓര്‍ത്ത് താന്‍ കരഞ്ഞു. അതല്ലാതെ ന്താ എനിക്ക് ചെയ്യാന്‍ കഴിയ്യാ...


നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയ ആളും ഗള്‍ഫില്‍ നിന്നും വന്നിരിന്നു. ഈ നാട്ടിലെ തന്നെ ഒരു പുതു പണക്കാരന്‍‌റ്റെ മകളുമായി അവന്‍‌റ്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹവും കഴിപ്പിച്ചു. കല്യാണശേഷം പെണ്ണും ചെക്കനും പെണ്ണിന്‍‌റ്റെ വീട്ടിലായി താമസം. അവള്‍ക്ക് ഈ പഴയ വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്ന്. ഇന്നലെ പൈസ കാണാന്‍ തുടങ്ങിയ അവള്‍ക്കും ഇതാണവസ്ഥ. അതിനൊത്ത് തുള്ളാന്‍ അവനും. രണ്ടു മാസത്തിനു ശേഷം രണ്ടാളും ഗള്‍ഫിനു മടങ്ങി. പോകുന്നതിനു മുന്‍പ് വന്നിരിന്നു യാത്ര ചോദിക്കാന്‍. തലയില്‍ കൈവച്ച് അനുഗ്രഹിച്ചു രണ്ടാളേയും. ന്താ പ്പോ അപ്പൂന്‌ കൊടുക്കുക.. ന്‍‌റ്റെ കയ്യില്‍ ഒന്നുല്ലാല്ലോ.. പിന്നെ അടുക്കളയില്‍ നിന്നും അവന്‍‌റ്റെ പ്രീയപ്പെട്ട മാങ്ങാ അച്ചാര്‍ എടുത്തു കൊടുത്തു. അതു കാണൂമ്പോള്‍ അവന്‍‌റ്റെ കണ്ണുകളിലെ സന്തോഷം താന്‍ മനസ്സാല്‍ കാണുന്നുണ്ടായിരിന്നു. എന്നാല്‍ അതു വാങ്ങും മുന്‍പ് അവന്‍ അവളെ ഒന്നു നോക്കി. അവളോ എന്തോ ഒരു ഗോഷ്ടി കാട്ടി മുഖം തിരിച്ചു കളഞ്ഞു. പിന്നെ ആ മാങ്ങാ അച്ചാര്‍ വാങ്ങാതെ അവന്‍ തിരിഞ്ഞു നടന്നതും വിറങ്ങലിച്ച മനസ്സും വിറയ്ക്കുന്ന കൈകളുമായി അവിടെ തന്നെ നിന്നപ്പോഴേക്കും ഒരു കണ്ണുനീര്‍ പാട വന്ന് അവരുടെ യാത്ര തന്നില്‍ നിന്നും മറച്ചിരുന്നല്ലോ. സ്വന്തം മകന്‍‌റ്റെ ഇഷ്ടങ്ങള്‍ മാറി തുടങ്ങിയത് അറിയാതെ പോയത് അവന്‍‌റ്റെ പെറ്റമ്മയായ തന്‍‌റ്റെ തെറ്റല്ലേ?


കഴിച്ചിരുന്ന ഗുളികയുടെ ശക്തി ക്ഷയിച്ച് ആ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് നോക്കിയത് മച്ചില്‍ കറങ്ങാതെ കിടക്കുന്ന പങ്കയിലേക്കാണ്‌. ഗള്‍ഫില്‍ നിന്നും ആദ്യമായി വന്നപ്പോള്‍ അമ്മയ്ക്ക് മകന്‍ കൊടുത്ത സമ്മാനം. ഒരനക്കവും കേല്‍ക്കുനില്ലല്ലോ? അവള്‍ ഇല്ലേ ഇവിടെ? ടി.വി. കാണുകയായിരിക്കും. അല്ലാണ്ടെന്താ അവള്‍ ചെയ്ക. സമയം കൊല്ലാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ? കുട്ട്യേയ്... എവിടെയാ നീയ്യ്.... ഞാന്‍ വിളീക്കണത് നീ കേള്‍ക്കണൂണ്ടോ? കുട്ട്യേയ്... ആ സാധനം തൂറന്ന് ഇരുന്നാല്‍ പിന്നെ ഇവിടെ കിടന്ന് മനുഷ്യന്‍ ചാകാറായി വിളിച്ചാല്‍ പോലും കേള്‍ക്കില്ലല്ലോ.. ന്താ ചെയ്ക.... കുട്ട്യേയ്.......


രണ്ട് മാസം ആയിട്ടുണ്ടാകും. ഒരു ദിവസം "അമ്മേ" എന്നുള്ള വിളികേട്ട് പുറത്തിറങ്ങി നോക്കിയപ്പോല്‍ ദേ നില്‍ക്കുന്നു അനിയനും ചേട്ടനും കൂടി. രണ്ടാളും ഒരുമിച്ച്.. ന്‍‌റ്റെ ഗുരുവായൂരപ്പാ.. ഞാന്‍ എന്തായീ കാണണത്... എനിക്കങ്ങട് വിശ്വസിക്കാന്‍ വയ്യാട്ടോ... ഇനീ പ്പോ ചത്താലും വേണ്ടീല്ല ന്‍റ്റെ ദേവീ... വൈകുന്നേരമാണ്‌ അവര്‍ കാര്യത്തിലേക്ക് കടന്നത്. ഈ പട്ടിക്കാട്ടില്‍ ഇങ്ങനെ ഒരു വീടും കുറേ സ്ഥലവും ഉണ്ടായിട്ടെന്തു കാര്യം. വിലയും കിട്ടില്ലാ, ഇവിടൊട്ടാരും താമസിക്കാനും പോണില്ല. അതുകൊണ്ട് നമുക്കീ വീടും പുരയിടവും വിറ്റ് കിട്ടുന്ന കാശ് മറ്റെന്തിനെങ്കിലും ഉപയോഗിക്കാമല്ലോ? അപ്പോള്‍ അതാണ്‌ കാര്യം. ഇത് വില്‍ക്കണം. അപ്പോ അതാണല്ലേ ന്‍‌റ്റെ മക്കള്‍ രണ്ടാളും കൂടി... നന്നായി... ഇനീപ്പോ ഇതു മാത്രമായിട്ടെന്തിനാ ഈ പട്ടിക്കാട്ടില്‍ ഒരു ബന്ധം ബാക്കി വയ്ക്കുന്നതല്ലേ? നന്നായീ... ന്നാലും ഒരു കാര്യം ന്‍‌റ്റെ മക്കള്‍ ഈ അമ്മയോട് പറയുമോ? ഇത് വിറ്റു കിട്ടുന്നത് പകുത്തെടുത്ത് നിങ്ങള്‍ രണ്ടാളും രണ്ടു വഴിക്ക് പോകുമ്പോള്‍ ഈ അമ്മ എങ്ങോട്ടു പോകണം ന്ന് കൂടി പറയ്യോ? അതോ ഈ അമ്മയേയും നിങ്ങള്‍ വീതം വെയ്ക്കുമോ ന്‍‌റ്റെ കുട്ടികളേ?


രണ്ടാളും കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ മുഖാമുഖം നോക്കി, എന്തോ പറയാന്‍ വന്നിട്ട് അത് നാവിന്‍ തുമ്പില്‍ തടയുന്ന പോലെ. ന്താ ഒരു മൗനം ന്‍‌റ്റെ കുട്ടികളേ.. ന്താച്ചാല്‍ പറയ്ക... ന്തായാലും ഈ അമ്മയ്ക്ക് സമ്മതാ... ന്‍‌റ്റെ കുട്ടികളല്ലേ.. അപ്പോ പിന്നെ ഈ അമ്മയ്ക്ക് ദോഷം വരുന്ന ഒന്നും നിങ്ങള്‍ ചെയ്യില്ലാന്നറിയാം.. മൂത്തയാള്‍ പതുക്കെ പറഞ്ഞു: അമ്മ പേടിക്കണ്ട. ഈ പട്ടിക്കാട്ടില്‍ ജീവിച്ച് വളര്‍ന്ന അമ്മ ന്‍‌റ്റെ കൂടെ നഗരത്തില്‍ താമസിക്കില്യാന്നറിയാം. അമ്മയ്ക്കതിഷ്ടവുമല്ലല്ലോ? ആതുകൊണ്ട് തന്നെ അമ്മ ഇവന്‍‌റ്റേയും കൂടെ പോകില്ലല്ലോ? അപ്പോ പിന്നെ ന്താ ചെയ്ക? അതുകൊണ്ട് ഞങ്ങള്‍ ഒരു കാര്യം ങ്ങട് തീരുമാനിച്ചു. അമ്മയുടെ ആഗ്രഹം പോലെ ജീവിതാവസാനം വരെ ഗ്രാമത്തിന്‍‌റ്റെ ഗന്ധവും നിഷ്ക്കളങ്കതയുമൊക്കെയുള്ള ഒരു സ്ഥലം; അമ്മയ്ക്ക് അവിടെ കഴിയാം. വൃദ്ധസദനമെന്നാണ്‌ അതിനെ അറിയപ്പെടുന്നതെങ്കിലും അവിടെ അമ്മയ്ക്ക് യാതൊരു കുറവും വരില്ലാ.. അവിടെയാകുമ്പോള്‍ എനിക്കും ഇടയ്ക്കിടെ വന്ന അമ്മയെ കാണുകയും ചെയ്യാം. അപ്പോള്‍ തന്‍‌റ്റെ കണ്ണുകള്‍ നിറഞ്ഞുവോ? മനമൊന്ന് പിടഞ്ഞുവോ? കൈകലുകള്‍ വിറച്ചുവോ? പാദത്തിനടിയിലെ മണ്ണ് ചോര്‍ന്നൊലിക്കുന്ന പോലെ തോന്നിയോ? ഒരു കൊടുംങ്കാറ്റടികുന്നുവോ? ഇല്ല, ആ കാറ്റ് തന്‍‌റ്റെ മനസ്സിലാണ്‌ ആഞ്ഞാഞ്ഞ് വീശുന്നത്, എന്തൊക്കെയോ തകര്‍ക്കാനുള്ളതു പോലെ.....


എതോ കേട്ടതൊന്നും ങ്ങട് വ്യക്തമാകുന്നില്ല. അപ്പോള്‍ ഈ വീടും സ്ഥലവും വിറ്റ് അവര്‍ക്ക് പണം കിട്ടിയാല്‍ പിന്നെ തന്‍‌റ്റെ ജീവിതം ആ വൃദ്ധസദനത്തില്‍. തന്നെ പോലെ ഏറെ പ്രതീക്ഷകളോട് കൂടി വളര്‍ത്തി വലുതാക്കിയ മക്കള്‍ അതിനുള്ള കൂലിയായ് സ്വന്തം മാതാപിതാക്കള്‍ക്ക് നല്‍കുന്ന സമ്മാനം - അവസാന സമയത്ത് ജീവിക്കാന്‍ ഒരു വൃദ്ധസദനം. മുണ്ട് മുറുക്കിയുടുത്ത് മക്കള്‍ക്കു വേണ്ടി സമ്പാദിച്ചു കൂട്ടിയതിന്‌ മക്കള്‍ നല്‍കുന്ന പ്രതിഫലം - വൃദ്ധസദനം. അരവയര്‍ ഭക്ഷണം കഴിച്ച് ബാക്കിയുള്ള ഭക്ഷണം സ്വന്തം മക്കള്‍ക്കു വേണ്ടി മാറ്റി വയ്ക്കുന്ന അച്ഛനമ്മമാര്‍ക്ക് മക്കളുടെ സമ്മാനം - വൃദ്ധസദനം. എന്തൊക്കെയോ പറയാനുണ്ടായിട്ടും, ഹൃദയം മുറിഞ്ഞ് രക്തം വമിക്കുകയായിരുന്നിട്ടും, വായ് തുറക്കാന്‍ പറ്റാത്ത അവസ്ഥ. അവസാനം ഇത്രമാത്രം പറഞ്ഞതോര്‍മ്മയുണ്ട്. "ന്‍‌റ്റെ മക്കളെ, ഈ ചെറിയ കാര്യത്തിന്‌ വേണ്ടി ല്ലാത്ത അവധിയും എടുത്ത്, കാശും ചിലവാക്കി ഇത്രടം വരെ വരേണ്ട കാര്യമുണ്ടായിരിന്നോ? ഒന്ന് വിളിച്ചു പറഞ്ഞാല്‍ പോരായിരിന്നോ? ന്തായാലും വില്‍ക്കാനുള്ള കാര്യങ്ങള്‍ നടക്കട്ടെ. എവിടെ എന്ന് ഒപ്പിടണം എന്നു മാത്രം പറഞ്ഞാല്‍ മതി, ഞാന്‍ ഒപ്പിട്ടു തരാം. പിന്നൊരപേക്ഷയുണ്ട് രണ്ടാളോടും. ഈ വീടും സ്ഥലവും വിറ്റ് ഞാന്‍ ആ വൃദ്ധസദനത്തില്‍ പോകുന്നതോടെ എന്‍‌റ്റെ ഈ ജന്മത്തുള്ള എല്ലാ ബന്ധങ്ങളും തീരുകയാണ്‌. ല്ലെങ്കില്‍ ഞാന്‍ തീര്‍ക്കുകയാണ്‌. പിന്നെ സ്വന്തത്തിന്‍‌റ്റേയും ബന്ധത്തിന്‍‌റ്റേയും പേരും പറഞ്ഞ് രണ്ടാളും ആ വഴിക്ക് വന്നു പോകരുത്. അവിടെ ഞാന്‍ സുഖിച്ച് ജീവിക്കുമ്പോള്‍ അതിനിടയ്ക്ക്‌ എനിയ്ക്കൊരു ബുദ്ധിമുട്ടായി ആ വഴിക്ക് കണ്ടു പോകരുത്. അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ഠമിടറീയോ? വാക്കുകളില്‍ ഒരു വിറയല്‍ ബാധിച്ചുവോ? പിന്നെ ഒരക്ഷരം പോലും മിണ്ടാനാകാതെ അകത്തേക്ക് വന്ന് ഈ കട്ടിലില്‍ കിടന്ന കിടപ്പാണ്‌. പിന്നെ എപ്പോഴോ കണ്ണു തുറന്നപ്പോള്‍ കൂട്ടിന്‌ ഈ ഹോം നേഴ്സ് മാത്രം.


എവിടെയോ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം. ആരോ ഫോണ്‍ എടുത്തല്ലോ. അപ്പു ആയിരിക്കും? എടുത്തു കൊണ്ട് നടക്കാവുന്ന ഫോണുമായി അവള്‍ വന്നു. അപ്പുവാണ്‌. റിസീവര്‍ ചെവിയോട് ചേര്‍ത്തു വച്ചതല്ലാതെ ഒന്നും പറയാന്‍ തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍. അടുത്ത ആഴ്ച വസ്തുവിന്‍റ്റെ പ്രമാണമാണെന്ന്. ഒന്നും പറയാതെ തന്നെ റിസീവര്‍ തിരികെ അവളുടെ കയ്യില്‍ കൊടുത്തു. ഒരാഴ്ച കൂടി ഈ വീട്ടില്‍ താമസിക്കാം. അതു കഴിഞ്ഞാല്‍ പിന്നെ വൃദ്ധസദനം. എന്തോ അതുവരെ ഇല്ലാതിരിന്ന ഒരു വേദന.... ഒരു നൊമ്പരം.. ഈ വിടിനോട് വിടപറയാന്‍ പോകുന്നു. ഈ വീട്ടില്‍ കിടന്ന് മരിക്കണമെന്ന് സ്വപ്നം കണ്ടിരിന്നു. പക്ഷേ ഇപ്പോള്‍..?? സ്നേഹിച്ച് വളര്‍ത്തി വലുതാക്കിയ മക്കള്‍, രണ്ടാളും അവരവരുടെ സുഖം തേടി പോയിരിക്കുന്നു. ഇന്ന് സ്വന്തം അമ്മ അവര്‍ക്കൊരു ഭാരമായിരിക്കുന്നു. ഇതുവരെയുള്ള ജീവിതം മുഴുവനും ഒരു തിരശ്ശീലയിലെന്ന പോലെ മുന്നില്‍ മിന്നി മറയുന്നു. ഈ വീട്ടിലേക്ക് വലതു കാല്‍ വച്ച്‌ കയറി വന്നതും, പിന്നെ സ്നേഹം മാത്രം അറിഞ്ഞ, അനുഭവിച്ച കാലം, പിന്നെ അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം, ഗര്‍ഭിണിയായി ആറുമാസം ആയപ്പോഴേക്കും തന്നെ എന്നെന്നേക്കുമായി വിട്ട് പോയ ഭര്‍ത്താവ്, പിന്നെ കുട്ടികളുടെ ജനനം, അവരുടെ വളര്‍ച്ച, വിവാഹം, കുട്ടികള്‍... പിന്നെ ഇതാ ഇപ്പോള്‍...... വൃദ്ധസദനം വരെ.....


എന്തോ ശരീരമാകെ തളരുന്ന പോലെ..... ഒരു വിറയല്‍..... നെഞ്ചില്‍ ഒരായിരം സൂചികള്‍ ഒന്നിച്ച് കുത്തിയിറക്കുന്നതു പോലെ....... പിന്നെ പതുക്കെ പതുക്കെ ആ കഴിക്കാത്ത ഗുളികയുടെ ശക്തിയില്‍ കണ്ണുകള്‍ അടച്ച് ആ അമ്മ ആരാലും ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത ആ ഉറക്കത്തിലേക്ക്, അവരുടെ മാത്രമായ ആ വൃദ്ധസദനത്തിലേക്ക് യാത്ര തുടങ്ങി കഴിഞ്ഞിരുന്നു.

(ഈ കഥ കണിക്കൊന്ന.കോം ല്‍... എല്ലാവരും അവിടേയും കമന്‍‌റ്റ് എഴുതുമല്ലോ? നന്ദി.
കഥ കാണാന്‍ ഇതു വഴി പോകുക.: http://www.kanikkonna.com/index.php?option=com_content&view=article&id=294:2009-02-17-13-40-23&catid=25:2008-09-29-07-23-53&Itemid=11&comment_id=739#josc739 കണിക്കൊന്ന.കോം.

Sunday, January 11, 2009

ഒരു വിവാഹ സമ്മാനം.

എന്‍‌റ്റെ പ്രീയപ്പെട്ട അശ്വതിക്കുട്ടിയ്ക്ക് ,

നിന്നെ സംബന്ധിച്ച് ഈ "പ്രീയപ്പെട്ട" എന്ന് എഴുതുന്നത് തെറ്റാണെന്നറിയാം; കാരണം ഞാന്‍ നിനക്ക് പ്രീയപ്പെട്ടവനല്ലല്ലോ? ഒരിക്കലെങ്കിലും അങ്ങനെ ആയിരിന്നുവോ? അതും അറിയില്ല. നിനക്ക് സുഖം തന്നെയല്ലേ? ഇന്നലെ നമ്മുടെ "അഭി" വിളിച്ചിരുന്നു. നിനക്കോര്‍മ്മയുണ്ടോ അവനെ? നമ്മുടെ കൂടെ ഡിഗ്രിക്ക് പഠിച്ചിരുന്ന "അഭി". അവന്‍‌റ്റെ സഹോദരിയുടെ വിവാഹമാണ്‌ അടുത്ത മാസം. അവനാണ്‌ വീണ്ടും ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെ പഴയ ആ ഓര്‍മ്മകളിലേക്ക് എന്നെ കൊണ്ടു പോയത്.

നിനക്കോര്‍മ്മയുണ്ടോ അച്ചൂട്ടി ഒരിക്കല്‍ നമ്മള്‍ കോളേജില്‍ നിന്നും എല്ലാവരും കൂടി കടല്‍ കാണാന്‍ പോയത്. ആര്‍ത്തലച്ചു വരുന്ന തിരമാലകളെ കണ്ട് നീ ഓടി അകന്നത്. എല്ലാവരും ആ കടല്‍ തിരയില്‍ ഇറങ്ങി കളിച്ചു രസിച്ചപ്പോള്‍ നീ മാത്രം ആ വന്യമായ തിരമാലകളില്‍ നിന്നും അകന്നു നിന്നത്. പിന്നെ നിനക്ക് കൂട്ടായി നിന്നോടൊപ്പം ഞാന്‍ വന്നതും പിന്നീട് അതിനേ കുറിച്ച് കുട്ടുകാര്‍ കളിയാക്കി ഓരോന്ന് പറഞ്ഞതും അതു കേട്ട് നമ്മള്‍ മുഖാമുഖം നോക്കി ചിരിച്ചതും എല്ലാം. എല്ലാവരുടേയും കളീയാക്കലുകള്‍ക്കിടയിലും നമ്മള്‍ നല്ല കൂട്ടുകാരായി കഴിഞ്ഞതും, പരസ്പ്പരം അറിഞ്ഞതും ഒക്കെ. പരസ്പരം പറയാത്ത ഒരു രഹസ്യവും നമുക്കിടയില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ പോലും "എനിക്ക്‌, നിനക്ക്" എന്നീ വക്കുകള്‍ നമ്മുടെ സംസാരത്തില്‍ കടന്നു വരുമായിരിന്നില്ല. പിന്നീടെപ്പോഴോ പരസ്പ്പരം പിരിയാന്‍ പറ്റില്ലെന്ന് മനസ്സിലായതും അത് അങ്ങോട്ടുമിങ്ങോട്ടും പറയാന്‍ പറ്റാതെ നിന്നതും പിന്നെ ഒന്നും പറയാതെ തന്നെ മനസ്സിലാക്കിയതും, കോളേജ് അവധി ദിവസങ്ങള്‍ ഓരോ യുഗങ്ങളായി മാറിയതും ഒക്കെ.

പിന്നീടെപ്പോഴോ നമ്മള്‍ തമ്മിലുള്ള ഈ സ്നേഹ ബന്ധം നിന്‍‌റ്റെ വീട്ടില്‍ അറിഞ്ഞു. സാമ്പത്തിക ശേഷി ഇല്ലാത്ത അവനെ മാത്രമേ നിനക്ക് പ്രേമിക്കാന്‍ കിട്ടിയുള്ളൂ എന്ന് നിന്‍‌റ്റെ അച്ഛന്‍‌റ്റെ ചോദ്യം. സ്വന്തം വിലയും നിലയും നീ മറന്നുവോ എന്ന് നിന്‍‌റ്റെ അമ്മയുടെ ചോദ്യം. എന്നില്‍ നിന്നും സാമ്പത്തികമായി ഉയര്‍ന്ന നീ. എല്ലാവരുടേയും മുന്നില്‍ എല്ലാ കാര്യങ്ങളിലേയും പോലെ പാവപ്പെട്ടവനായ ഈ ഞാന്‍ കുറ്റക്കാരനായി. പാവപ്പെട്ടവന്‌ സ്നേഹിക്കാന്‍ എന്തവകാശം? ശരിയല്ലേ, ഞാന്‍ എന്‍‌റ്റെ നിലയും വിലയും മറന്ന്‌ നിന്നെ സ്നേഹിച്ചത് എന്‍‌റ്റെ തെറ്റല്ലേ? എന്‍‌റ്റെ മാത്രം!! പിന്നെ നിന്നെ കാണാത്ത കുറേ ദിനങ്ങള്‍. ഭ്രാന്തു പിടിക്കുമെന്ന് കരുതിയ ആ ദിവസങ്ങളില്‍ ഞാനറിഞ്ഞു "നീയും നിന്‍‌റ്റെ നിലയേയും വിലയേയും കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന്. പാവപ്പെട്ടവനെ സ്നേഹിച്ചത് തെറ്റാണെന്ന് നിന്‍‌റ്റെ അച്ഛനെ പോലെ നീയും മനസ്സിലാക്കി തുടങ്ങിയെന്ന്. എന്തോ അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാന്‍ തോന്നിയില്ല, കേട്ടതെല്ലാം സത്യമാകരുതേയെന്ന് പ്രാര്‍ത്ഥിച്ചു.

ആ സംഭവത്തിന്‍‌റ്റെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നീ ആദ്യമായ് കോളേജില്‍ വന്ന ദിവസം നിനക്കോര്‍മ്മയുണ്ടോ? രണ്ടാം വര്‍ഷ ഹിസ്റ്ററീ ക്ലാസിന്‍‌റ്റെ വരാന്തയില്‍ നിന്നു കൊണ്ട് നീ വരുന്നത് കണ്ട ഞാന്‍ ഓടി താഴെ നിന്‍‌റ്റെ അടുത്ത് അണച്ചണച്ച് നിന്നത്. എന്തൊക്കെയോ പറയാന്‍ ഉണ്ടായിട്ടും ഒന്നും പറയാന്‍ കഴിയാതെ നിന്നത്. നിന്‍‌റ്റെ കൂടെയുണ്ടായിരിന്ന കുട്ടി "ഇതാരാണെ"ന്ന്‌ ചോദിച്ചപ്പോള്‍ മുഖമുയര്‍ത്താതെ "എനിക്കറിയില്ലെ"ന്ന് പറഞ്ഞ് നീ നടന്നകന്നതും പക്ഷേ ആ പോക്കില്‍ ഒരു തവണയെങ്കിലും നീ തിരിഞ്ഞു നോക്കുമെന്ന് കരുതി അവിടെ തന്നെ നിന്ന ഞാന്‍ എത്രയോ വലിയ ഒരു മണ്ടനാണെന്ന് ആദ്യമായി നീ എന്നെ പഠിപ്പിച്ച, എനിക്ക് മനസിലാക്കി തന്ന ആ ദിവസം. പിന്നീട് ഞാന്‍ ഓടുകയായിരിന്നു നിന്‍‌റ്റെ നിഴല്‍വെട്ടത്തു പോലും കടന്നു വരാതിരിക്കാന്‍. ആ ഓട്ടത്തിനിടയില്‍ എപ്പോഴോ ഞാന്‍ അറിഞ്ഞു "എന്‍‌റ്റെ കൈവിട്ടു പോയ എന്‍‌റ്റെ മനസ്സിനെ തേടിയുള്ള ഓട്ടമാണിതെന്ന്". ആ ദിക്കറിയാതുള്ള യാത്രയില്‍ ഞാനും ആ കല്‍ക്കട്ട നഗരത്തിന്‍‌റ്റെ സന്തതിയായി.

കല്‍ക്കട്ടാ നഗരം. ആധുനിക മെട്രോ സംസ്ക്കാരത്തിന്‍‌റ്റെ നഗരം. ആ നഗരം പോലെ തന്നെയാണിവിടുത്തെ ജനങ്ങളും. പല ഭാഗത്തു നിന്നും വന്ന്‌ പല ജോലികള്‍ ചെയ്യുന്ന ആള്‍ക്കാര്‍. ആരും ആരുടേയുമല്ലാത്ത, അവരവരുടെ കാര്യസാധ്യത്തിനായി മാത്രം മറ്റുള്ളവരെ ആശ്രയിക്കുന്ന ഈ നഗരത്തിന്‍‌റ്റെ തിരക്കില്‍ ഞാനും ഒരാളായി. എല്ലാം മറന്നൊരു ജീവിതം. അതായിരിന്നു എന്‍‌റ്റെ ലക്‌ഷ്യം. പൈസകൊണ്ട് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാന്‍ ഒരു ശ്രമം. എങ്കിലും ഒരിക്കല്‍ പോലും ഞാന്‍ പൈസയുടെ മാസ്മരികമായ ആ ശക്തിക്ക് പുറകേ പോയില്ല. പക്ഷേ എനിക്കറിയാമായിരിന്നു എനിക്ക് നഷ്ടപ്പെട്ടതൊന്നും ഈ പൈസകൊണ്ട് നേടിയെടുക്കാന്‍ കഴിയില്ല എന്ന്. കാരണം സ്നേഹമെന്നത്, മറ്റെന്തിനും അതീതമാണെന്ന് ഞാന്‍ വിശ്വസിച്ചിരിന്നു, ഇപ്പോഴും വിശ്വസിക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട കല്‍ക്കട്ടാ ജീവിതം എനിക്ക് സമ്മാനിച്ചത് സ്വന്തമായി കുറേ വ്യവസായ ശാലകള്‍ മാത്രം. പക്ഷേ അപ്പോഴും ഞാന്‍ ഏകനായിരിന്നു. പൈസ കൊടുത്താല്‍ കിട്ടുന്ന ഒന്നാണ്‌ യഥാര്‍ത്ഥ സ്നേഹം എങ്കില്‍ ഞാന്‍ അതിനു വേണ്ടി പൈസ കൊണ്ടൊരു തുലാഭാരം നടത്തുമായിരിന്നു. പക്ഷേ പൈസ എന്നത് ഒന്നിനും ഒരു പരിഹാരമല്ല എന്നതാണ്‌ സത്യം. ഇതൊക്കെ എഴുതി ഞാന്‍ നിന്നെ ബോറടിപ്പിക്കുന്നു.അല്ലേ? ക്ഷമിക്കണം, ജീവിതം കൈയ്യെത്തി പിടിക്കാനുള്ള ഈ നെട്ടോട്ടത്തിനിടയില്‍ മനസ്സുകൊണ്ട് എപ്പോഴോ ഞാനും ഒരു ബോറനായി.

പിന്നെ എന്‍‌റ്റെ നാടും വീടും. ഈ നെട്ടോട്ടങ്ങള്‍ക്കിടയിലും എന്നെ മാത്രം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന എന്‍‌റ്റെ അച്ഛനും അമ്മയും. അവരിപ്പോഴും എന്‍‌റ്റെ വീട്ടില്‍ തന്നെയുണ്ട്. നിനക്കോര്‍മ്മയുണ്ടോ ആ പഴയ, ഓല മേഞ്ഞ എന്‍‌റ്റെ വീട്. എന്നും അതിരാവിലെ കിഴക്കു നിന്നും മേലില ഭദ്രകാളിയുടേയും അയ്യപ്പന്‍‌റ്റേയും ക്ഷേത്രങ്ങളില്‍ നിന്നുള്ള സുപ്രഭാതവും, പടിഞ്ഞാറ് വില്ലൂര്‍ ശ്രീ വൈകുണ്‌ഠപുരം ക്ഷേത്രത്തില്‍ നിന്നുള്ള കൃഷ്ണ സ്തുതികളും, തൊട്ട് താഴെ കൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിന്‍‌റ്റെ കളകള ശബ്ദവും കേട്ടുണരുന്ന എന്‍‌റ്റെ വീട്. ഒരുപാടൊരുപാട് തവണ നീ വന്നിട്ടുള്ള, നിന്നെ സ്വന്തം മകളായി കരുതിയിരുന്ന എന്‍‌റ്റെ അച്ഛനും അമ്മയും താമസിക്കുന്ന എന്‍‌റ്റെ ആ പഴയ വീട്.

മലയാള മാസം ഒന്നാം തീയതികളില്‍ ക്ഷേത്രത്തിലേക്കെന്ന പേരും പറഞ്ഞ് അതിരാവിലെ എന്‍‌റ്റെ വീട്ടിലെത്തി എന്‍‌റ്റെ അച്ഛന്‍‌റ്റെ കൈയ്യില്‍ നിന്നും എന്നേക്കാള്‍ മുന്‍പേ കൈനീട്ടം വാങ്ങാറുണ്ടായിരുന്ന നീ, പിന്നെ ആ ചെമ്മണ്ണ് നിറഞ്ഞ റോഡും കഴിഞ്ഞ്, ആ തോടിന്‍‌റ്റെ കരയിലെ ആ വയല്‍ വരമ്പില്‍ കൂടി നമ്മളൊന്നിച്ചുള്ള ക്ഷേത്രത്തിലേക്കുള്ള യാത്രകള്‍. ഇന്നും ആ തോടും വയലും വരമ്പുകളും അവിടെയുണ്ട്. ഇല്ലാത്തത് നമ്മളും നമ്മുടെ യാത്രകളും മാത്രം.

ആ ചെമ്മണ്ണ് നിറഞ്ഞ റോഡും, തോടും, വയലും, വരമ്പുകളും നമുക്ക് ഇതിനൊക്കെ മുന്‍പേ പരിചിതമായിരുന്നല്ലോ, നമ്മുടെ സ്കൂളിലേക്കുള്ള യാത്രകളീല്‍. ജൂണ്‍ മാസത്തിലെ മഴയില്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോട്. വരമ്പേത്, വയലേത് എന്നറിയാന്‍ വയ്യാത്ത അവസ്ഥ. പുസ്തകം ഒരു പ്ലാസ്റ്റിക് കവറിലാക്കി നെഞ്ചോട് ചേര്‍ത്തു വച്ച് വഴിയരികിലെ ചേമ്പിന്‍‌റ്റെ ഇലയെ കുടയാക്കി പിടിച്ച് സ്കൂളില്‍ പോയ ദിനങ്ങള്‍. ആ വെള്ളപാച്ചിലില്‍ നിനക്ക് വഴികാട്ടിയായ് നിന്‍‌റ്റെ മുന്നില്‍ നടന്ന് സ്കൂളില്‍ ചെല്ലുമ്പോള്‍ വൃത്തിയുള്ള വസ്ത്രം ധരിച്ച നിന്നെ എന്നും ക്ലാസിനകത്തും വെള്ളത്തില്‍ വീണ്‌ ശരീരം മുഴുവന്‍ ചെളിയുമായി നില്‍ക്കുന്ന എന്നെ ക്ലാസിന്‌ പുറത്തും ആക്കി ടീച്ചര്‍മാര്‍ നമ്മളെ ആദ്യമായി വേര്‍തിരിച്ചിരിന്നു.

സ്കൂള്‍ വിട്ട് വൈകുന്നേരങ്ങളില്‍ വീട്ടിലേക്കുള്ള യാത്രകളീല്‍ നമ്മള്‍ കൂട്ടുകാര്‍ ഒക്കെ ചേര്‍ന്ന്
"ഒരു കുട്ട പൊന്നും തരാം,
പൊന്നിട്ട പെട്ടകം പൂട്ടിം തരാം,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും തരാം,
പെണ്ണിനെ തരുമോടി നാത്തൂനേ" എന്ന്‌ എന്‍‌റ്റെ ഗ്രൂപ്പും
അതിനുള്ള മറുപടിയായി
"ഒരു കുട്ട പൊന്നും വേണ്ടാ,
പൊന്നിട്ട പെട്ടകം പൂട്ടിം വേണ്ടാ,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും വേണ്ടാ,
പെണ്ണിനെ തരില്ലെടീ നാത്തൂനേ"എന്ന് നിന്‍‌റ്റെ ഗ്രൂപ്പും വഴിനീളെ മത്സരിച്ചു പാടി അവസാനം ബലപരീക്ഷണത്തില്‍ എത്രയോ തവണ നിന്നെ ഞാന്‍ സ്വന്തമാക്കുകയും ചെയ്തു. അതെല്ലാം ഒരു പഴയ കഥ. അല്ലേ? ഇപ്പോള്‍..............?

ഇന്ന് പതിനൊന്നാം തീയതി. ഈ കുറിപ്പ് നിന്‍‌റ്റെ കൈയ്യില്‍ കിട്ടുന്നതിന്‍‌റ്റെ പിറ്റേന്നിന്‍‌റ്റെ പിറ്റേന്ന് നിന്‍‌റ്റെ വിവാഹമാണെന്നെനിക്കറിയാം. നീ കരുതുന്നുണ്ടാകും ഞാനിതെങ്ങനെ അറിഞ്ഞുവെന്ന്. അല്ലേ? എന്തായാലും നീയും നിന്‍‌റ്റെ അച്ഛനും കരുതിയ പോലെ തന്നെ നിനക്ക് പണക്കാരനായ ഒരാളെ തന്നെ കിട്ടിയല്ലോ? നന്നായീ... നിന്‍‌റ്റെ ആഗ്രഹമെങ്കിലും നടക്കട്ടെ. എങ്കിലും എനിക്ക് നിന്നോടവസാനമായി ഒരപേക്ഷയുണ്ട്. കഴിയുമെങ്കില്‍ ആ പഴയ തോടിന്‍‌റ്റെ കരയിലൂടെ, ആ വയല്‍ വരമ്പുകളിക് കൂടി, ആ ചെമ്മണ്ണ് നിറഞ്ഞ റോഡില്‍ കൂടി നീ ഒരിക്കലും പോകാതാരിക്കുക. അല്ലെങ്കില്‍ ഒരുപക്ഷേ അവ നിന്നോട് ചോദിച്ചേക്കാം "ഇന്നലെ വരെ നിന്‍‌റ്റെ ഈ കാലടികളോടൊപ്പം പതിഞ്ഞത് മറ്റൊരു കാലടികളായിരുന്നല്ലോ എന്ന്"; ആ കാളീ ദേവിയേയും അയ്യപ്പനേയും കാണാന്‍ നീ പോകാതിരിക്കുക, അല്ലെങ്കില്‍ അവരും പറഞ്ഞേക്കാം "ഒന്നാം തീയതിയിലെ കൈനീട്ടമെന്ന ഒരു കുടുംബത്തിന്‍‌റ്റെ ഐശ്വര്യം നേടിയെടുത്ത്‌ അവസാനം നീയും അവരെ കൈവിട്ടു കളഞ്ഞില്ലേ"യെന്ന്. ഒരിക്കലും എന്‍‌റ്റെ മുന്നില്‍ കടന്നു വരാതിരിക്കുക, അല്ലെങ്കില്‍ ഒരുപക്ഷേ ഈ ഞാനും ചോദിച്ചു പോയേക്കാം "ഒരിക്കലെങ്കിലും നീയെന്നെ സ്നേഹിച്ചിരിന്നുവോ എന്ന്, പൈസക്കു പകരം സ്നേഹം കിട്ടുമോ എന്ന്".


നിനക്കായ് എല്ലാവിധ മംഗളാശംസകളും നേര്‍ന്നു കൊണ്ട് :

ഒരിക്കലും നീ സ്നേഹിച്ചിട്ടില്ലാത്ത നിന്‍‌റ്റെ ഒരു കൂട്ടുകാരന്‍;
ശ്രീഹരി.

Saturday, December 06, 2008

ആധുനീകത.

ആ വെളുത്ത ക്യാന്‍വാസിലേക്ക് തട്ടി
മറിഞ്ഞു വീണയാ ചായക്കൂട്ടുകള്‍
ചിതറി തെറിച്ചപ്പോള്‍ ആരോ പറഞ്ഞു,
ഇവന്‍ ആധുനിക ചിത്രകാരന്‍.

അവിടെയും ഇവിടെയും കോറിയിട്ട-
ക്ഷരങ്ങള്‍ തന്‍ അര്‍ത്ഥം മനസ്സിലാ-
കാതെ ഉറക്കെ ചൊല്ലിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക കവിയെന്ന്.

ഒന്നുമൊന്നും രണ്ടെന്നതിനു പകരം
രണ്ടില്‍ നിന്നൊന്ന് പോയാല്‍ ബാക്കി-
യൊന്നെന്നു പറഞ്ഞപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക ഗുരുവെന്ന്. .

ആരൊക്കെയോ വച്ചിട്ടു പോയൊരാ
പഴയ വീഞ്ഞൊരു പുതിയ കുപ്പയിലാക്കി
നാട്ടാര്‍ക്ക് ഘോരഘോരം വിളമ്പിയപ്പോള്‍
ആരോ പറഞ്ഞു, ഇവന്‍ ആധുനിക നേതാവ്.

സ്ത്രീ പീഢനക്കേസില്‍ വാദിയായ പെണ്ണി-
നോടാര്‌, എപ്പോള്‍, എവിടെ വച്ച്, എന്തു-
ചെയ്തു എന്നുറക്കെ പറഞ്ഞവളെ വീണ്ടും
നിയമത്താല്‍ നഗ്നയാക്കിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക വക്കീലെന്ന്.

മുട്ടറ്റം നീണ്ട മുടി മുഷ്ടിയോളം ചുരുക്കി
ഒരു മുഴം തുണിയാല്‍ അവയവങ്ങള്‍ പൊതിഞ്ഞ്
ഒരു പ്രദര്‍ശന വസ്തുവായ് മാറിയപ്പോള്‍
ആരോ പറഞ്ഞു, ഇവളാണാധുനിക സ്ത്രീയെന്ന്.

അച്ഛനെന്നുമമ്മയെന്നും ജനമധ്യത്തില്‍ വിളിച്ച
സ്വന്തം കുഞ്ഞിനെ ഞങ്ങളറിയില്ലെന്നു
പറഞ്ഞവരെ നോക്കി ആരോ പറഞ്ഞു,
ഇവര്‍ ആധുനിക പപ്പയും മമ്മിയും.

ഒടുവില്‍ ഈ ആധുനിക ലോകത്തിന്‍
കപട മുഖത്തിലേക്കുറ്റു നോക്കി നിന്ന
എന്നെ നോക്കിയും ആരോ പറഞ്ഞു
ഇവന്‍, ഇവനും ഒരാധുനിക മനുഷ്യന്‍.

Monday, December 01, 2008

മുംബെയ് സ്മരണാഞ്ജലി.

ഇത് മുംബെയ് താജ്, ഭാരതത്തിന്‍‌റ്റഭിമാനം
ആ കറുത്ത ബുധനാഴ്ച ഇവിടെയുയര്‍ന്ന വെടിയൊച്ചകള്‍
തകര്‍ത്തെറിഞ്ഞതൊരായിരം സ്വപ്നങ്ങളെ,
തകര്‍ന്നു വീണതോ നമ്മുടെ ആത്മാഭിമാനവും.

അവര്‍ തീവ്രവാദികള്‍, മനുഷ്യത്വം
ചേര്‍ക്കാതെ ദൈവം സൃഷ്ടിച്ചവര്‍.
മൃഗീയതക്കപ്പുറം ക്രൂരരാം മൃഗങ്ങള്‍
ആര്‍ക്കോ വേണ്ടി ബലിയാടാകുന്നൊരു കൂട്ടര്‍.

അവരാല്‍ നശിപ്പിക്കപ്പെട്ടതാ താജ്മഹലല്ലാ,
ഒരു കൂട്ടം ജനതയുടെ വിശ്വാസങ്ങളെ.
പിടഞ്ഞു വീണതോ വെറും മനുഷ്യരല്ല,
ഈ ഗതികെട്ട ജനങ്ങള്‍ തന്‍ ആത്മാക്കളാകുന്നു.

അശോക് കാംണ്ടെയും വിജയ് സലാസ്ക്കറും
ഹേമന്ദ് കര്‍ക്കറെയും സന്ദീപ് ഉണ്ണികൃഷ്ണനും,
പിന്നെ പിടഞ്ഞു വീണോരോ ജീവനു മുന്നിലും
തലതാഴ്ത്തി നില്‍ക്കുന്നു ഭാരതാംബ.

ഒരിക്കല്‍ ഞാന്‍ വീണേക്കാം ഒരു വെടിയൊച്ചയില്‍,
ഒരു സ്ഫോടനത്തിലോ ഒരു കത്തി മുനയിലോ.
അവസാന ശ്വാസം വരെ പൊരുതി നിന്നീടും ഞാന്‍
എന്‍ അമ്മതന്‍ മാനത്തെ കാത്തു രക്ഷിക്കുവാന്‍.

ഓരോ മരണവും തന്‍‌റ്റെ വോട്ടു ബാങ്കായ്
മാറ്റാന്‍ ശ്രമിക്കുന്ന നെറികെട്ട നേതാക്കളെ,
വിലപറയരുതന്നന്‌റ്റെ ജീവന്‌, നാണം കെടുത്ത-
രുതെന്നെ ആ പുഷ്പചക്രത്താല്‍ പോലും.