Thursday, September 27, 2012

എമര്‍ജിംഗ് കേരള.

പ്രീയപ്പെട്ടവളേ, 
നീയറിഞ്ഞില്ലേ 
കേരളം 
എമര്‍ജിംഗാകുന്നു. 
ഇനി നമുക്ക് 
നമ്മുടെ പ്രണയം 
ആ മരങ്ങള്‍ക്കിടയില്‍ നിന്നും 
പാര്‍ക്കിലെ സിമന്‍റ് ബഞ്ചില്‍ നിന്നും 
കടല്‍ തീരങ്ങളില്‍ നിന്നും 
പറിച്ചു നടാം, 
ആ എമര്‍ജിംഗ്
ഡാന്‍സ് ബാറുകളിലേയ്ക്ക്,
ഡിസ്ക്കോ സെന്‍ററുകളിലേയ്ക്ക്,
പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്ക്ക്.
നമുക്കവിടെ
അര്‍ദ്ധനഗ്ന വേഷങ്ങളില്‍
ആടി തിമിര്‍ക്കാം,
അതിനൊടുവില്‍
കെട്ടിപ്പുണര്‍ന്നൊന്നാകാം,
പിന്നെ രതിയുടെ
അത്യന്നതങ്ങളില്‍
നമുക്ക് നന്ദിപറയാം;
സദാചാരപോലീന്‍റെ മുന്നില്‍
തുണിയഴിച്ചാടനാക്കിയ,
മുതലാളിത്തത്തിന്‍റെ
ആ എമര്‍ജിംഗിനൊട്.

മരിച്ചവന്‍.

ഞാനെത്രയോ തവണ 
മരിച്ചിരിക്കുന്നു; 

എന്‍റെയാദ്യപ്രണയത്തിന്‍റെ 
കണ്ണുകളില്‍ അവളുടെ 
സീമന്തരേഖയിലെ മറ്റൊരു 
കുങ്കുമപ്പൊട്ട് പടര്‍ന്നപ്പോള്‍, 

ഒരു കിടക്കയിലാണെങ്കിലും 
മനസ്സുകള്‍ മൈലുകള്‍ക്കപ്പുറ-
മാണെന്ന് തെളിയിച്ചവളാ
കുട്ടിയുടെ കൈയ്യും‌പിടിച്ചാ
പടികളിറങ്ങിയപ്പോള്‍,

അങ്ങനെയങ്ങനെ
എത്രയോ തവണ
ഞാന്‍ മരിച്ചിരിക്കുന്നു.

ശ്വസിക്കുന്നതും ചലിക്കുന്നതും
സംസാരിക്കുന്നതുമാണ്‌
ജീവന്‍റെ അടയാളങ്ങളെങ്കില്‍
ഞാനും മരിച്ച് ജീവിക്കുന്നുണ്ട്.

ഒരവസാന മരണം കൂടിയെനിക്ക്
ബാക്കിയുണ്ടീ ജീവിതത്തില്‍,
ശ്വസിക്കാതെ, ചലിക്കാതെ
സംസാരിക്കാതെയുള്ള മരണം.

അപ്പോഴെനിക്കായ് കരയരുത്,
കിടക്കാന്‍ വാഴയില വെട്ടരുത്,
തേങ്ങാമുറിയൊരു വിളക്കാക്കരുത്,
വെള്ള പുതപ്പിക്കരുത്.

പകരം സ്നേഹത്തോടെന്നെയാ
കുഴിയിലിട്ടു മൂടുക.
ആസ്നേഹ്ം, അതുമതിയെനിക്കാ
പ്രകാശമില്ലാത്ത, വായുവില്ലാത്ത
മരണത്തിന്‍റെ ഗന്ധമുള്ള ആ
ഇരുട്ടറയില്‍ ജീവിക്കുവാന്‍......

മറവി.

ഓരോരോ കാലത്തായിട്ടെ-
നിക്കോരോരോ പേരുകള്‍. 
എല്ലാം ആരാലോ നല്‍കപ്പെട്ടവ, 
അടിച്ചേല്പ്പിക്കപ്പെട്ടവ. 

എന്‍റെ അമ്മയിലേക്കാഴ്ന്നിറങ്ങി, 
എന്നെ ജനിപ്പിച്ചവനാണച്ഛനെങ്കില്‍ 
എനിക്കുമുണ്ടെന്നെ വേണ്ടാത്തൊരച്ഛന്‍, 
എന്നിട്ടുമെനിക്കു പേര്‍ 
തന്തയില്ലാത്തവനെന്ന്. 

സ്കൂളിലെ ഗണിതശാസ്ത്രക്ലാസ്സില്‍
ഗുണിത-ഹരണങ്ങളോട് മല്ലിടുമ്പോള്‍,
ജീവതന്ത്രത്തില്‍ പരാഗവും
പരാഗരേണുക്കളും പഠിക്കുമ്പോള്‍
എനിക്കു സംശയങ്ങളായിരിന്നു.
സംശയങ്ങള്‍ ചോദിക്കുന്നവനന്നുമിന്നും
അഹങ്കാരികള്‍ തന്നെ.

തെമ്മാടി ആഭാസന്‍ ശുംഭന്‍ കുലംകുത്തി
കൊഞ്ഞണം കാട്ടുന്ന പേരികളിന്നേറെ.
പഴയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റൊന്ന് തപ്പട്ടെ,
സ്വന്തം പേര്‌ മറന്നവനാണ്‌ ഞാന്‍.............1.........

Tuesday, July 31, 2012

കോപ്പിറൈറ്റ്.

എന്‍റെ പ്രണയത്തിനൊരു


മുഖം നല്‍കി,

മനസ്സിലെ ഫോട്ടോഷോപ്പില്‍

എഡിറ്റ് ചെയ്ത്

സുന്ദരിയാക്കി,

ഒരു പേരു നല്‍കി.

ഒടുവില്‍ സ്വന്തമാക്കാന്‍

ചെന്നപ്പോള്‍

ഓണര്‍ഷിപ്പ് മാറിയ

ഗ്രുപ്പ് പോലെ

മറ്റാരോ കൈവശപ്പെടുത്തിയ

കോപ്പിറൈറ്റുമായിട്ടവള്‍.

മതില്‍

എനിക്ക് നിന്നോടെന്തോ

പറയാനുണ്ടായിരിന്നു.

പക്ഷേ നമുക്കിടയില്‍

ഉയര്‍ത്തിയ മതില്‍....?

നീ പറയുമോ, ആ

മതില്‍ നീ കെട്ടിയത്

ഏത് സിമന്‍റും

മണലുമുപയോഗിച്ചെന്ന്.

ഇനിയെനിക്കൊരു

മതില്‍ കെട്ടണം;

ആറടി നീളത്തില്‍

മൂന്നടി വീതിയില്‍.

ശാസ്ത്രങ്ങള്‍.

പ്രണയം:

രണ്ട് മനസ്സുകളുടെ

രസതന്ത്രം.



സെക്സ്:

രണ്ട് ശരീരങ്ങളുടെ

ഭൂമിശാസ്ത്രം.



ജീവിതം:

ഒരുപാട് പേരുടെ

തെറ്റിപ്പോയ

ഗണിതശാസ്ത്രം.

നിറങ്ങള്‍.

പച്ച അള്ളാ കൊടുത്തത്,


ചുവപ്പ് ലെനിന്‍ കൊടുത്തത്,

നീല നെഹ്റു കൊടുത്തത്,

കാവി അദ്വാനി കൊടുത്തത്.

ഞാനിപോള്‍ തിരയുകയാണ്‌

അവകാശികളില്ലാത്ത ഒരു നിറത്തെ.

ഇരുട്ട്

പ്രാവിന്‍റെ കുറുകല്‍

ഇന്ന് മൗനത്താല്‍

ബന്ധിച്ചിരിക്കുന്നു.



കുയിലിന്‍റെ പാട്ട്

ഇന്ന് നിശബ്ദമായ

രാഗാലാപനം.



നിന്‍റെ പ്രണയം

കുഴിമാടത്തിലെ

ഇരുട്ടു പോലെ;

മരിച്ചവനെ ഭയ-

പ്പെടുത്തുന്നയിരുട്ട്.

നശിച്ച മഴ

ഹോ! ഈ നശിച്ച മഴ!!


അടുപ്പില്‍ തീ പുകയില്ല,

വയറ്റില്‍ തീ പടരുന്നു,

വീടിന്നകമോ മറ്റൊരു

കുളമാകുന്നു.



മഴ നിനക്ക് നല്ലത്,

ഇരുന്നുണ്ണാനുള്ളവന്‌,

വിശപ്പിന്‍ വിലയറിയാത്തവന്‌,

ചോര്‍ച്ചയില്ലാ കൂരയുള്ളവന്‌,

ഞാനോ ഇതൊന്നുമില്ലാത്തവനും.

പിന്നെങ്ങനെ ഞാനീ

മഴയെ പ്രണയിക്കും!!

ഹോ, ഈ നശിച്ച മഴ...!

പ്രണയവും മഴയും.

മഴയ്ക്കു മുന്‍പ്


കാര്‍മേഘങ്ങളുണ്ടാകും;

രണ്ട് മനസ്സുകളുടെ

പ്രണയത്തിന്‍റെ

കാര്‍മേഘങ്ങള്‍.



പിന്നെ ആര്‍ത്തലച്ചു

പെയ്യുന്ന മഴ;

പ്രണയത്തിന്‍റെ

ഉച്ചസ്ഥായി പോലെ.



പതുക്കെ പെയ്ത്

തോരുകയാണാ

ആര്‍ത്തലച്ചു

പെയ്ത മഴ;

പ്രണയിച്ചൊന്നായവര്‍

അകലുകയാണാ

വെയിലിനു മുന്നിലെ

മഴ പോലെ.



ഇനി പെയ്യാന്‍

കാര്‍മേഘങ്ങളില്ല,

നല്‍കാന്‍ കുളിരുമില്ല;

പ്രണയിക്കാന്‍ നീയില്ല,

അതേറ്റുവാങ്ങാന്‍ ഞാനും.



ഇപ്പോള്‍ ശാന്തമാണാ

തെളിഞ്ഞയാകാശം;

പ്രണയം നഷ്ടപ്പെട്ട

രണ്ട് മനസ്സുപോലെ.