Friday, February 22, 2013

മരണത്തിലേക്കുള്ള യാത്ര.

ചിലതങ്ങനെയാണ്‌, 
അണയും മുന്‍പാളിക്കത്തും. 
ചിലര്‍ ആളിക്കത്തിക്കും; 
പിന്നെ 
പെയ്യുന്ന മഴയെ പറ്റി, 
പൊള്ളൂന്ന ചൂടിനെ പറ്റി, 
നോക്കാത്ത നോട്ടത്തെ പറ്റി, 
പറയാത്ത വാക്കിനെ പറ്റി
കുറ്റം പറഞ്ഞ്‌ പരിഭവിക്കും.

എന്നിലെവിടെയോ കത്തുന്ന
മാംസത്തിന്‍റെ ഗന്ധം.
നീയെറിഞ്ഞ കുറ്റത്തിന്‍റെ തീപ്പന്തം
എന്നെ എവിടെയോ
പൊള്ളിക്കുന്നുണ്ട്.

ഞാനൊരഗ്നികുണ്ഡമാകും മുന്‍പേ
നീയൊരു മഞ്ഞുമലയാകുക;
പിന്നെയെന്നിലേക്കുരികിയിറങ്ങുക,
അങ്ങനെയാ തീയണയ്ക്കുക.

എനിക്കൊരു നിമിഷത്തിലെ
മരണമാണിഷ്ടം.
വേദനിക്കാതെ, കരയാതെ
ചിരിച്ചുകൊണ്ടുള്ള മരണം.

നേതാവ്...

അച്ഛനില്ലാതെയൊരു 
കുഞ്ഞു കരയുന്നു; 
ഭിത്തിയിലിരുന്നച്ഛന്‍ 
ചിരിക്കുന്നു. 

നാല്‍ക്കവലയിലെ 
പ്രതിമയ്ക്ക് താഴെ 
അഴുകി തുടങ്ങിയ
രക്തഹാരങ്ങള്‍.,.
പ്രതിമയെ തിരിച്ചറിയാന്‍
വെട്ടേറ്റു കിടക്കുന്നവന്‍റെ
ബഹുവര്‍ണ്ണ പോസ്റ്റര്‍.,.

അപ്പുറത്തെ നാല്‍ക്കവലയില്‍
നേതാവിന്‍റെ ചാരിത്ര്യപ്രസംഗം.
എണ്ണിയും എണ്ണാതെയും
വെട്ടി കൊന്നവരുടെ
കണക്കെടുക്കാതെ
ഗാസയിലെയക്രമത്തെ
അപലപിക്കുന്നവന്‍., .

അവനൊരു യാത്രയിലാണ്‌;
നാളത്തെ പ്രതിമയ്ക്ക് വേണ്ടി,
മറ്റൊരു കുട്ടിയ്ക്കച്ഛനില്ലാതാക്കി
ബഹുവര്‍ണ്ണ പോസ്റ്ററടിക്കാനുള്ള
വിശ്രമമില്ലാത്ത യാത്രയില്‍.,.

നാളത്തെ ദൈവങ്ങള്‍.

നിങ്ങളുടെ നാളത്തെ 
ദൈവങ്ങളെപറ്റി 
ചിന്തിക്കുമ്പോള്‍ 
ഭയമാണെനിക്കുള്ളില്‍.,. 

ഇരുട്ടാണെന്‍റെ മുറിയില്‍; 
എണ്ണയില്ലാതെ 
കരിംതിരികള്‍ കത്തുന്നു,
കാറ്റിനോട് അണയില്ലെന്ന്
വാശിപിടിക്കുന്ന വിളക്കുകള്‍..,.

നിന്‍റെ മുന്നില്‍
ഉരുകുന്ന മെഴുകാണല്ലോ?
വര്‍ണ്ണപ്രകാശത്താല്‍
നിനക്ക് തടവറ തീര്‍ത്തവര്‍.
നിനക്കായ് കരുതി വച്ചത്.

ഇവിടെ വിളക്കണഞ്ഞിരിക്കുന്നു,
നിനക്കവിടെ പവര്‍‌കട്ടും.
വരൂ, ഈ ഇരുട്ടിന്‍ മറ പറ്റി,
ഭക്തരുടെ കണ്ണുവെട്ടിച്ച്
നമുക്കോടിയൊളിക്കാം;
നമ്മെ ദൈവങ്ങളാക്കാത്തിടത്തേക്ക്.

വിശക്കുമ്പോള്‍ ഭക്ഷണം കഴിച്ച്,
സ്വാതന്തൃത്തിന്‍ വായു ശ്വസിച്ച്,
വികാര-വിചാരങ്ങളുള്ള
മനുഷ്യനെ സ്നേഹിക്കുന്ന
വെറും മനുഷ്യനായി ജീവിക്കാം.

അന്ത്യയാത്ര.

ശുഭ്രവസ്ത്രം പുതച്ചു കിടക്കവേ
ഉള്ളിലാര്‍ത്തു ചിരിച്ചു കരഞ്ഞു ഞാന്‍.
എന്തിനെന്നാര്‍ക്കും സംശയം വേണ്ട, 
ഹാ കഷ്ടം എന്നല്ലാതെന്തു ചൊല്ലുവാന്‍.

നാലു ചുറ്റും കരയുന്ന ബന്ധുക്കള്‍, അതി -
നിടയില്‍ കുമിഞ്ഞു കത്തും വിളക്കുകള്‍.
ഈ കരയുന്നോരെല്ലാം എന്‍റെ ബന്ധുക്കളോ,
അത്ഭുതത്തോടെ നോക്കി കിടന്നു ഞാന്‍.

സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍
സ്നേഹ ബന്ധങ്ങള്‍ കാട്ടിലെറിഞ്ഞവര്‍.
ഇപ്പോള്‍ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളാറായി
ഉള്ള മക്കളോ സ്വ സുഖം തേടുന്നു.

ഇല്ല, കാണാനില്ലാ മുഖങ്ങള്‍ ഇവര്‍ക്കിടെ
വന്നു കാണില്ലവരുടെ അച്ഛനെ കാണുവാന്‍.
സ്വത്തും സമ്പത്തും വീതിച്ചു നല്‍കി ഞാന്‍
പിന്നവര്‍ക്കച്ഛനെ കാണാനവധി കിട്ടില്ലല്ലോ.

ഈ അന്ത്യയാത്രയില്‍ ചന്ദന ഗന്ധവും പേറി-
ഞാനാ ചിതയിലേക്ക് നടന്നു നീങ്ങീടവേ.
കണ്ടു ഞാനാ കരഞ്ഞ ബന്ധുക്കളെ, പിന്നവര്‍
എന്‍റെ കോടിപ്പണം പിരിച്ചെടുക്കുന്നതും.

ഹാ കഷ്ടം, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍,
ഈ ഭൂലോകമെന്നെ വളര്‍ത്താതിരുന്നെങ്കില്‍.
വളര്‍ന്നു വളര്‍ന്നു ഞാന്‍ വാനോളം
വളര്‍ന്നെങ്കിലും,
ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍.,..

ഷണ്ഡന്‍‌മാരുടെ തൊഴി

വിളപ്പിന്‍ശാലയിലെ 
മാലിന്യം; 
മുല്ലപ്പെരിയാര്‍ ഡാമിലെ 
വിള്ളലുകള്‍; 
കൂടം‌കുളത്തുണ്ടാക്കും 
ആണവോര്‍ജ്ജം...
കെട്ടിയ പന്തല്‍ പൊളിച്ച് 
തൊഴുതുണ്ടാക്കിയവര്‍.................

ആ തൊഴുത്തില്‍ നിറയെ
പശുക്കളാണിന്ന്,
കറവയുള്ളതുമില്ലാത്തതും;
പിന്നെ ഷണ്ഡന്‍‌മാരായ
കുറേ കാളകളും.

കറവക്കാരാ നീ സൂക്ഷിക്കുക;
ആണും‌പെണ്ണും കെട്ടവന്‍റെ
അമര്‍ഷമൊരുപക്ഷേ
തീര്‍ക്കുന്നതൊരു തൊഴിയിലാകും...

ശ്രദ്ധിച്ചു കേള്‍ക്കൂ,
ദൂരെയെവിടെയോ ഒരു
മലാല പൊട്ടിച്ചിരിക്കുന്നു,
അധികാരത്തിന്‍റെ
വെടിയുണ്ടയേല്‍ക്കുമ്പോഴും.

നരകത്തിന്‍റെ കാവല്‍ക്കാര്‍.

അച്ഛനെന്നു വിളിച്ചയാളാല്‍ 
തിരസ്ക്കരിക്കപ്പെട്ടതയാളുടെ 
ബീജങ്ങള്‍ക്കിത്ര ശക്തിയുണ്ടാ-
കില്ലെന്നറിയാഞ്ഞിട്ടാകുമോ? 

അവിടെ നിരന്നു നില്‍ക്കുന്നവരുടെ 
ഇടയില്‍ നിന്നൊരമ്മയെ കണ്ടെത്തണം, 
വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കിയ,
പ്രസവിച്ചിട്ടുമമ്മയാകാത്ത അമ്മയെ.

ഇന്നീ കടത്തിണ്ണയില്‍ കിടക്കുമ്പോള്‍
കൂട്ടിനുള്ളതീ ബീഡികുറ്റികള്‍ മാത്രം.
അകലെയെവിടെയോ കേള്‍ക്കുന്നുണ്ട്
ദൈവവചനത്തിന്‍റെ ഗീര്‍‌വ്വാണം.

മരിച്ചിട്ടുയര്‍ത്തെഴുന്നേറ്റവനും
മരിക്കാതെ സ്വര്‍‌ഗ്ഗത്തില്‍ പോയവനും
ഒരമ്പിനാല്‍ ജഡമായവനും
ഇന്ന് നരകത്തിന്‍ കാവല്‍ക്കാര്‍.

ഒരു സുഖസുഷുബ്ധിയില്‍
എന്നിലെ പ്രാണനകലുമ്പോള്‍
കാണാന്‍ കൊതിച്ച ദൈവം
അരികിലേക്ക് വന്നതാകുമോ?

വഴികാട്ടികളുടെ വഴികാട്ടി

മുന്നോട്ടു പോകുവാനേറെയുണ്ട്; 
വഴിയറിയാതലയുന്ന മര്‍ത്യന്‌ 
വഴികാട്ടുവാനായിട്ടാരുമില്ല, 
ഇന്ന് നേര്‍‌വഴികാട്ടാനാരുമില്ല. 

ഒരു ജാതിയൊരുമതമൊരു 
ദൈവം മനുഷ്യനെന്നോതിയ 
ഗുരുവിനെ കണ്ണാടിക്കൂട്ടില-
ടച്ചിട്ട് പൂജ ചെയ്യുന്നവര്‍.

നിന്നേപ്പോലെ നിന്‍റയല്‍ക്കാരനെ
സ്നേഹിക്കാന്‍ പറഞ്ഞവനെയി-
ന്നൊറ്റയ്ക്കാക്കിയാ കവലയിലെ
മാര്‍ബിള്‍ പതിച്ച സ്വര്‍ഗ്ഗലോകത്തില്‍.

പണക്കാരന്‍റെ ഔദാര്യമല്ല
സക്കാത്തെന്ന് പറഞ്ഞവന്‌
കോടികള്‍ മുടക്കുന്നു ആ
കൊച്ചു ദര്‍ഗ്ഗ പണിയാനായ്.

വഴികാട്ടിയവരുടെ
നാവടച്ച്, വഴിയടച്ച്
നമ്മളൊരു വഴി വെട്ടുന്നു
അവരെ നടത്താനായ്.

തന്തയില്ലാത്തവന്‍

ഇന്നലെവരെയൊരു 
അച്ഛനുണ്ടായിരിന്നു, 
ഇന്നവര്‍ പറയുന്നു, 
നീയച്ഛനില്ലാത്തവനെന്ന്. 

പഠിച്ചതും പറഞ്ഞതും 
നീയാണെന്‍റച്ഛനെന്നാണ്‌. 
വട്ടക്കണ്ണട വച്ച 
നീണ്ടുമെലിഞ്ഞ അച്ഛന്‍.

ഞാന്‍ കാണാത്ത, കേള്‍ക്കാത്ത
ഭാരതാംബയെന്നൊരമ്മയുണ്ട്,
ഇനി മുതലെനിക്ക് പറഞ്ഞു
പഠിക്കണം; നിങ്ങളെപ്പോലെ
ഞാനുമൊരു തന്തയില്ലാത്തവന്‍.

ആളെ വേണം

പ്രണയത്തെ പറ്റി 
നിനക്കെന്തു തോന്നുന്നു? 
കണ്ണും കാതുമില്ലാത്ത 
വികാരമെന്നോ? 

വിട്ടുകൊടുക്കലിനുമ്മപ്പുറം 
സ്വന്തമാക്കലാണെന്‍റെ പ്രണയം. 
എനിക്ക് വേണ്ടത് നിന്നെയാണ്‌; 
ഓര്‍മ്മകളോ സമ്മാനങ്ങളോയല്ല.

എന്‍റെ പ്രണയത്തിനന്യമാണ്‌
നിന്നിലുണ്ടാകുന്ന നഖക്ഷതങ്ങള്‍....,.
എനിക്ക് പ്രണയിക്കാന്‍ വേണ്ടത്
നിന്‍റെ ശരീരമല്ലല്ലോ?

നീ തെറ്റിധരിച്ചിരിക്കുന്നു.
നെറ്റിയിലെഴുതിയൊട്ടിക്കുക;
ഈ ശരീരം വില്പ്പനയ്ക്ക്,
പ്രണയിക്കാനൊരാളെ വേണം.

സ്വപ്നങ്ങളിലെ മനല്‍ക്കാറ്റ്

എന്‍റെ സ്വപ്നങ്ങള്‍ക്കിപ്പോള്‍ 
അസ്തമയസൂര്യന്‍റെ ചുവപ്പാണ്‌. 
ചിന്തകള്‍ക്ക് മരുഭൂമിയുടെ 
ഉഷ്ണവും. 

ദാഹം തോന്നാറുണ്ട് 
കുടിക്കാന്‍ വെള്ളമില്ലാത്തപ്പോള്‍; 
പ്രണയിക്കാന്‍ നീയില്ലാത്തപ്പോള്‍
പ്രണയവും.

ഒറ്റപ്പെടലിനൊടുവില്‍
വെറുപ്പാണ്‌ ബാക്കി.
വെറുപ്പിനൊടുവില്‍
ഇരുട്ടും.

വെളിച്ചമില്ലാത്ത പാതയോരം;
അനാശ്യാസ്യത്തിന്‍റെ ഓടകള്‍.
പുളയ്ക്കുന്ന കീടങ്ങള്‍ക്കു മീതെ
കാക്കിയിട്ടവന്‍റെ താണ്ഡവം.

രക്തവര്‍ണ്ണം വാരി വിതറി
സൂര്യന്‍ അസ്തമയത്തോടടുക്കുന്നു.
ചിന്തകളിലെവിടെയോ ഒരു
മണല്‍ക്കാറ്റടിച്ചു തുടങ്ങുന്നു.