Thursday, September 18, 2008

കടല്‍.

കടല്‍ കാറ്റേറ്റ് നിന്ന ആ സന്ധ്യാ സമയത്താണ് അയാള്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! യുവസാഹിത്യകാരി. കുറേ നാള്‍ മുന്‍പാണ് അവളുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. "സ്നേഹപൂര്‍വ്വം". നല്ല കുറേ കവിതകള്‍. എങ്കിലും എല്ലാത്തിലും ഒരുതരം ദു:ഖഭാവം നിഴലിച്ചു കാണാം. ഒന്നു പരിചയപ്പെട്ടാലോ? അയാള്‍ അവളുടെ അടുത്തു ചെന്നു. "മീരാകൃഷ്ണയല്ലേ"? അവള്‍ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. പിന്നെ ചെറുതായൊന്നു തലയാട്ടി. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വായിച്ചിരിന്നു താങ്കളുടെ കവിതാ സമാഹാരം". നന്നായിട്ടുണ്ട്. അയാള്‍ പതുക്കെ പതുക്കെ അവളുടെ കവിതകളിലേക്കിറങ്ങി ചെല്ലുകയായിരിന്നു. കുറേ നേരത്തേക്കു അവള്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായി. "താന്‍ പോലും തന്റ്റെ കവിതകളെ ഇത്രയധികം വിലയിരുത്തിയിട്ടുണ്ടോ? ഇല്ല. അവള്‍ സ്വയം ആലോചിക്കുകയായിരിന്നു. വീണ്ടും കാണാം എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നപ്പോഴാണ് അവള്‍ ഓര്‍ത്തത് അയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന്.

മറ്റൊരു വൈകുന്നേരം അതേ കടല്‍ തീരത്ത് സൂര്യാസ്തമനത്തിന്റ്റെ ഭംഗി കണ്ട് മതി മറന്നു നില്ക്കുകയായിരിന്നു അയാള്‍. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം. "ഹലോ, ഓര്‍മ്മയുണ്ടോ"? അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയുമായി അവള്‍, "ഹേയ്, മീരാ..താനോ.. ഇവിടെ..? അയാളുടെ സ്വരം ആ കടല്‍ കാറ്റിലമര്‍ന്നു പോയി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനിവിടെ എന്നും വരാറുണ്ട്. ഈ കടലും തിരയും സൂര്യോദയവും അസ്തമനവും ഒക്കെയാണ് എന്റ്റെ ലോകം. സൂര്യാസ്തമനം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കാറുണ്ട്. മറ്റൊരു ഉദയത്തിനായി ഏറെ പ്രതീക്ഷയോടെ അസ്മിക്കുന്ന സൂര്യന്‍. അസ്തമനം പ്രതീക്ഷകളുടേയും ദു:ഖത്തിന്റ്റേയും പ്രതീകമാകുമ്പോള്‍ ഉദയം സന്തോഷത്തിന്റ്റെ പ്രതീകമാകുന്നു. അവള്‍ വാചാലയാകുകയായിരിന്നു. "എന്തു പറ്റി, ഇന്നു നല്ല മൂഡിലാണല്ലോ"? ആകെ ഒരു സാഹിത്യ ഭാഷ... അയാളുടെ ചിരിക്കൊപ്പം അവളും ചിരികുകയായിരിന്നു.


പിന്നെ പിന്നെ അവിടം അവരുടെ സംഗമ കേന്ദ്രമായി മാറി. കണ്ടുമുട്ടുമ്പോഴൊക്കെയും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാചാലമാകുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും വിഷയ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല. കാണാത്തപ്പോള്‍ ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു മെസേജ്... പതുക്കെ പതുക്കെ അവര്‍ പരസ്പരം അറിയുകയായിരിന്നു.


അന്നൊരിക്കല്‍ ആ കടപ്പുറത്തിരിക്കുമ്പോഴാണ് ആദ്യമായി അവളില്‍ ഒരു തരം നിശബ്ദത അയാള്‍ കണ്ടത്. ആകാംക്ഷയോടെ അയാള്‍ തിരക്കി. "എന്തുപറ്റി, ആകെ ഒരു നിശബ്ദതയാണല്ലോ"...പെട്ടെന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു "എന്നെ കുറിച്ചെല്ലാം നിനക്കറിയാമല്ലോ. എനിക്ക് ഒരമ്മ മാത്രം. അമ്മയ്ക്ക് ഞാനും. എങ്കിലും ചോദിക്കട്ടെ, നമുക്ക് രണ്ടുപേര്‍ക്കും ഒന്നായിക്കൂടെ...." പക്ഷേ സ്ത്രീധനമൊന്നും കിട്ടില്ല, പറഞ്ഞേക്കാം.. അവള്‍ ഒരു ചിരിയോടെ പറഞ്ഞു. തന്റ്റെ മനസ്സില്‍ താന്‍ താഴിട്ടു പൂട്ടി വച്ചിരുന്ന കാര്യം അവളില്‍ നിന്നും കേട്ടപ്പോള്‍ അയാള്‍ക്കെന്തു പറയണമെന്നറിയില്ലായിരിന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരിന്നു, കൂടുതല്‍ ആഡംഭരങ്ങളില്ലാതെ ഒരു വിവാഹം. പിന്നെ പിന്നെ അവള്‍ എഴുതിയ എല്ലാ കഥകളിലും കവിതകളിലും ആ സൂര്യനോടും ആ കടലിനോടുമൊപ്പം അയാളുമുണ്ടായിരിന്നു. ദൈവത്തിനു പോലും അസൂയ തോന്നിയിരുന്നുവോ അവരുടെ സ്നേഹത്തില്‍...?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ആരോ ശരീരത്തില്‍ പിടിച്ച് ശക്തിയായി കുലുക്കിയപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. "അച്ഛാ, ഉറങ്ങുവാണോ?" ആ അഞ്ചു വയസ്സുകാരന്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. "ഹൂം... മോന്‍ ഉറങ്ങിയില്ലേ", മുഖത്തെ താടി രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. "ഹൂം... മോന്‍ ഉറങ്ങിയല്ലോ?" അവന്‍ ഒന്നുകൂടി ശരീരത്തേക്ക് ചേര്‍ന്നിരുന്നു. "ഇതെവിടെയെത്തി". എത്താറായി സാര്‍, ഒരഞ്ചു മിനിട്ടു കൂടി" ഡ്രൈവറുടെ മറുപടി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ വാച്ചിലേക്ക് നോക്കി. സമയം 4.30. ഉദ്ദേശിച്ചതിലും നേരത്തെ എത്തി. രാത്രി പെയ്ത മഴ കാരണമാകാം, നല്ല തണുപ്പുണ്ട്. അവന്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉറങ്ങിയാല്‍ പിന്നെ ഉണര്‍ത്താന്‍ പ്രയാസമാകും. "മോനേ, അപ്പൂ, ഉറങ്ങല്ലേ, നമ്മള്‍ എത്താറായി......എണീറ്റേ... ഉറക്കച്ചെവിടോടെ അവന്‍ ഒന്നു കൂടി മടിയിലേക്ക് ചുരുണ്ടു കൂടി. അപ്പോള്‍ കാര്‍ ആ കടല്‍ക്കരയോട് അടുക്കുകയായിരിന്നു.


കാറില്‍ വച്ചിരുന്ന ആ ചെറിയ സഞ്ചിയും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ കടല്‍ക്കരയിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ആണ്. എങ്കിലും അവിടവിടെയായി ആള്‍ക്കാരെ കാണാം. അയാള്‍ ഓര്‍ക്കുകയായിരിന്നു " ഇതു മൂന്നാം തവണയാണ് അവളില്ലാതെ ഈ കടപ്പുറത്ത് വരുന്നത്". കഴിഞ്ഞ രണ്ടു തവണയും താന്‍ വന്നത് മകനോടൊപ്പം ഇതേ ദിവസമായിരുന്നല്ലോ? "അച്ഛാ.. അച്ഛാ.. നിക്കു തണുക്കുന്നു. "അച്ഛന്‍ പിന്നെ മോന്‌ കാപ്പി വാങ്ങി തരാട്ടോ". അച്ഛാ.... എന്താ അച്ഛാ.. ഈ സഞ്ചിയില്‍..... അവന്‍ തുള്ളീച്ചാടി കൊണ്ട് ചോദിച്ചു. അപ്പോഴേക്കും അയാളുടെ കണ്ണുകള്‍ ചോര്‍ന്നൊലിച്ചുതുടങ്ങിയിരിന്നു. "വീണ്ടുമൊരു ഉദയത്തിന്റ്റെ പ്രതീക്ഷകളില്ലാതെ എന്നെന്നേക്കുമായി അസ്തമിച്ച അവന്റ്റെ അമ്മയുടെ ചിതാഭസ്മമാണ്‌ ആ സഞ്ചിയിലെന്ന് അവനറിയില്ലായിരുന്നല്ലോ"?....

Wednesday, September 03, 2008

മനുഷ്യര്‍.

താരാട്ടു പാടി ഉറക്കിയ മകളുടെ
മടിക്കുത്തില്‍ കടന്നു പിടിക്കുന്നൊരച്ഛന്‍.
പൊന്നുമ്മ നല്‍കി ഉറക്കമുണര്‍ത്തിയ
മകളുടെ കവിളുകളിലാഞ്ഞടിക്കുന്നൊരച്ഛന്‍.
താന്‍ തന്നെ നട്ടു വളെര്‍ത്തിയൊരാ മാവിന്‍‌റ്റെ
കൊമ്പുകള്‍ ഒന്നൊന്നായ് വെട്ടിയുടിക്കുന്നൊരച്ഛന്‍.

പുത്ര വധുവിനെ സ്ത്രീധന ബാക്കിക്കായ്
ഓടിച്ചു തല്ലുന്ന അമ്മായി അമ്മമാര്‍.
ഒരു ദിവസം ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുന്നു,
പാവം പുത്ര വധുവോ മരണത്തെ പുണരുന്നു.
ഞാനുമൊരു പെണ്ണാണ്‌, അമ്മയാണെന്നോര്‍-
ക്കുന്നുണ്ടാകുമോ ഈ അമ്മായി അമ്മമാര്‍.

അധ:പതനത്തിന്‍‌റ്റെ വാരിക്കുഴിയിലേക്കാ -
ര്‍ത്ത നാദത്തോടെ വീഴുന്ന മനുഷ്യരേ.....
കൊല്ലയും കൊല്ലപ്പെടുകയും മാത്രമല്ലീ,
ജീവിത ലക്‌ഷ്യമെന്നോര്‍ക്കുക നീ.
പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കൂ,
ഹൃദയത്തിന്‍ സ്നേഹം വീതിച്ചു നല്‍കുവിന്‍.

Monday, August 25, 2008

ഹര്‍ത്താല്‍.

ഇന്ന് ഹര്‍ത്താല്‍ ദിനം,
ജനജീവിതം സ്തംഭിപ്പിക്കാനൊരു ദിനം.
ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടിയെന്നാര്‍ക്കുമറിയില്ല,
എങ്കിലും ആരോ പ്രഖ്യാപിച്ചിന്നു ഹര്‍ത്താല്‍.

റോഡില്‍ കൂടി പാലൊഴുകി നടക്കുന്നു,
വായുവില്‍ കൂടി ദിനപ്പത്രങ്ങള്‍ പാറി നടക്കുന്നു.
രോഗിയുമായ് പോയരാ ആംബുലന്‍സിന്‍‌റ്റെ
ടയറുകള്‍ കുത്തി കീറുന്നു പാര്‍ട്ടിക്കാര്‍.

നാലുവയസ്സുള്ള മകന്‍‌റ്റെ മരണമറിഞ്ഞാ -
തീവണ്ടിയാഫീസിലെത്തിയ അമ്മയറിയുന്നു
ഇന്ന് ഹര്‍ത്താല്‍, തീവണ്ടിയുമില്ല ബസ്സുമില്ല,
കരയാനല്ലാതാ അമ്മയ്ക്കെന്തു പറ്റും.

പത്രക്കാര്‍ ചോദിച്ചു - ഇത് നീതിയോ മനുഷ്യത്വമില്ലായ്മയോ..
ഇതു കേട്ട നേതാവിന്‍ രക്തം തിളയ്ക്കുന്നു.
വന്നു പ്രസ്താവന ഒന്നൊന്നായിട്ട്,
കേട്ടവര്‍ കേട്ടവര്‍ നാണിച്ചു നില്‍ക്കുന്നു.

"ഞങ്ങളറിഞ്ഞില്ല ആ മകനിന്നു മരിക്കുമെന്ന്,
അതിനാലിതൊന്നുമെന്‍ പാര്‍ട്ടിയുടെ കുറ്റമല്ല,
കുറ്റപ്പെടുത്തുന്നതാണ്‌ മനുഷ്യത്വമില്ലായ്മ -
യെന്നോര്‍ക്കുക ജനങ്ങളെ പത്രക്കാരേ".

ഇതാണ്‌ നമ്മുടെ നേതാക്കന്‍മാര്‍,
നമ്മുടെ നാട് ഭരിച്ചു മുടിക്കുവാന്‍,
നമ്മുടെ ജീവിതം താറുമാറാക്കുവാന്‍,
നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍.

Saturday, August 23, 2008

Let Love Begin.

Take my hand and lead the way,
Tell me all you want to say.
Whisper softly in my ear,
All those things I want to hear.
Kiss my lips and touch my skin,
Bring our passion deep within.
Pull me close and hold me near,
Take away my fear and pain.

In the darkness of the night
Be my beacon, shine your light.
In the brightness of the sun,
Show me that you are the one.
Give me wings, so I can fly,
For I can, so as when you are near by.

Enter my heart, break down the wall,
It is the time for me to watch it fall.
I ‘ve been a prisoner can’t you see,
Break my chains and set me free.
Strip of my arms tight, You ‘ll find
I won’t put up a fight.
Release my soul held deep with in,
I am ready now, let Love begin.

Thursday, August 21, 2008

അത്താണി.

അന്നവള്‍ കുറച്ച് നിശബ്ദ ആയതു പോലെ. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. ഓ.. ഞാന്‍ അവളെ പരിചയപ്പെടുത്താന്‍ മറന്നു. ഇവള്‍ അഖില. എന്‍‌റ്റെ സുഹ്രത്താണ്‌. അല്ല, ഒരു സുഹ്രത്തിനേക്കാള്‍ അധികം സ്വാതന്ത്ര്യം ഉണ്ടായിരിന്നു ഞങ്ങള്‍ക്കിടയില്‍. ഞങ്ങളുടെ ഇടയില്‍ ഒരു രഹസ്യവും ഉണ്ടാകാറില്ല. അന്നൊരു അവധി ദിവസമായിരിന്നു. അതാണീ സമയത്ത് അവള്‍ എന്നെ കാണാന്‍ വന്നത്, അതും എന്‍‌റ്റെ മുറിയില്‍. അവള്‍ക്കെന്തോ സീരിയസായി സംസാരിക്കാനുണ്ട്, അതാണീ നിശബ്ദത. അവള്‍ എന്‍‌റ്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുകയായിരിന്നു. പെട്ടെന്ന് അവള്‍ ചോദിച്ചു, ഹരീ, നിനക്ക്‌ പ്രണയത്തെ പറ്റി എന്താണഭിപ്രായം. ഞാനൊന്നമ്പരന്നു. കാരണം ഞങ്ങളുടെ നീണ്ട കാലത്തെ ഈ സുഹ്രദ് ബന്ധത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രണയം എന്നത് ഒരു ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ ഇപ്പോള്‍... നിനക്കിതെന്തു പറ്റി അഖില. വാട്ട് ഹപ്പന്‍ഡ് റ്റു യു. അതു കേള്‍ക്കാത്ത പോലെ അവളുടെ അടുത്ത ചോദ്യം വന്നു; ഹരീ, നീ എപ്പോഴെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? സത്യം പറയണം. ഞാനതിനൊരു തമാശ പോലെയാണ്‌ മറുപടി പറഞ്ഞത്. അതേല്ലോ.. ഞാന്‍ ഒരുപാടു പേരേ സ്നേഹിക്കുന്നുണ്ട്. എന്‍‌റ്റെ അച്ഛനെ, അമ്മയെ, ചങ്ങാതിമാരേ പിന്നെ മഴയെ അങ്ങനെ....അങ്ങനെ.... ഒരുപാടു പേരേ.. പക്ഷേ അവള്‍ക്കത് തമാശയായി തോന്നിയില്ല. അവള്‍ തുടര്‍ന്നു. എനിക്കറിയാം നിന്നെ, നിന്‍‌റ്റെ മനസ്സില്‍ ആരുമില്ലാ എന്നെനിക്കറിയാം. പക്ഷേ ഒരുപാട് നാളായി ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചു നടന്ന ഒരു ചോദ്യമാണിത് ഹരീ. നീ ഇതെപ്പോഴെങ്കിലും എന്നോടീ ചോദ്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരിന്നു ഞാന്‍. പക്ഷേ നീ അതൊരിക്കലും ചോദിച്ചില്ല. ഹരീ, എനിക്കൊരാളെ ഇഷ്ടമാണ്‌, അത് നിനക്കറിയാം എന്നെനിക്കറിയാം. പക്ഷേ നീ ഒരിക്കല്‍ പോലും അതിനെ കുറിച്ചെന്നോട് ചോദിച്ചിട്ടില്ല. നീ എന്തിനെന്നെ ഇങ്ങനെ അവോയിഡ് ചെയ്യുന്നെഡാ.. ഞാനൊന്നു ഞെട്ടി. പാടില്ല. ഇതു തെറ്റാണ്‌. അവള്‍ സമ്പന്നതയില്‍ വളരുന്നവളാണ്‌, അവളെ എന്‍‌റ്റെ ദു:ഖങ്ങളിലേക്ക് ഒരിക്കലും കൊണ്ടു വരരുത്. അത്‌ ഞാന്‍ അവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും. ഒരു ധാര്‍ഷ്ട്യം എന്‍‌റ്റെ വാക്കുകളീല്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അവിടെ പരാജയപ്പെട്ടു. അഖിലാ, നീ ക്ഷമിക്കണം. മറ്റൊന്നും എന്നോട് ചോദിക്കരുത്, എന്‍‌റ്റെ മനസ്സില്‍ മറ്റൊരു പെണ്‍കുട്ടിയുണ്ട്. അവളുടെ മുഖത്തേക്കൊന്നു നോക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം എനിക്കില്ലായിരിന്നു. ജീവിതത്തിലാദ്യമായി അവളോട് ഞാന്‍ ഒരു കള്ളം, അതും ഇത്രയും വലിയ ഒരു കള്ളം പറഞ്ഞിരിക്കുന്നു. കുറച്ചു നേരത്തേക്ക് അവളില്‍ നിന്നും യാതൊരു അനക്കവും ഉണ്ടായില്ല. പിന്നെ അവളില്‍ നിന്നുള്ള പൊട്ടിക്കരച്ചിലിന്‍‌റ്റെ ഒരു ചീള്‌ എന്‍‌റ്റെ മനസ്സില്‍ വീണു. അവളെ എങ്ങനെ നേരിടണം എന്നെനിക്കറിയില്ലായിരിന്നു. അവള്‍ എപ്പോള്‍ ആ മുറി വിട്ടു പോയെന്ന് ഞാനറിഞ്ഞിരുന്നില്ല. അപ്പോഴും എന്‍‌റ്റെ മനസില്‍ ആ ചീള്‌ കിടന്ന് ആളി കത്തുകയായിരിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളെ ഇപ്പോള്‍ ഇവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. ഇതിനു മുന്‍പു രണ്ടു തവണ അവളെ കണ്ടിരിന്നു അന്നത്തെ ആ സംഭവത്തിന്‌ ശേഷം. ഒന്ന്‌ അവളുടെ വിവാഹക്ഷണ കത്തുമായി അവള്‍ വന്നിരിന്നു. അന്നും ഒന്നും മിണ്ടാതെ കുറച്ചു നേരം അവള്‍ എന്തോ പ്രതീക്ഷിച്ചെന്ന പോലെ എന്‍‌റ്റെ മുഖത്തേക്ക് നോക്കിയിരുന്നു. കണ്ണുനീര്‍ പാടകള്‍ അവളുടെ കാഴ്ച മറച്ചിരിന്നു അപ്പോള്‍. കല്യാണത്തിന്‌ വരണമെന്നോ വരരുതെന്നോ ഒന്നും അവള്‍ പറഞ്ഞില്ല. ഞാന്‍ വീണ്ടും വീണ്ടും ആ പേരുകള്‍ വായിച്ചു കൊണ്ടിരിന്നു. അഖില വെഡ്സ് ആനന്ദ്. പിന്നെ രണ്ടാമത് കാണൂന്നത് അവളുടെ വിവാഹത്തിന്‍‌റ്റെ അന്ന് ആ അലങ്കരിച്ച കാറില്‍ അയാളോടൊപ്പം പോകുന്നതാണ്‌. അതിന്‌ ശേഷം ഇപ്പോള്‍, ഈ തിരക്കു പിടിച്ച നഗരത്തില്‍. അവളുടെ കയ്യില്‍ തൂങ്ങി നാലോ അഞ്ചോ വയസ്സ് പ്രായം തോനിക്കുന്ന ഒരു ചുണക്കുട്ടന്‍. ഞാനവനെ സുക്ഷിച്ചു നോക്കുന്നത് കണ്ടാകണം അവള്‍ പറഞ്ഞു, എന്‍‌റ്റെ മകനാണ്‌. എന്താ മോന്‍‌റ്റെ പേര്‌? ഞാനാ ചുണക്കുട്ടനോട് ചോദിച്ചു. അവന്‍ അമ്മയെ നോക്കി. മോന്‍‌റ്റെ പേര്‌ അങ്കിളിനോട് പറഞ്ഞേ, അമ്മയോടെ തങ്ക കുട്ടനല്ലേ? എന്നിട്ടാ പല്ലടര്‍ന്ന മോണകാട്ടി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു.. മൈ നയിം ഈസ് ഹരി. ഹരി ആനന്ദ്. എന്തോ വന്ന് ശക്തിയായി എന്‍‌റ്റെ തലക്കടിച്ച പോലെ. എന്‍‌റ്റെ കണ്ണുകള്‍ അറിയാതെ അവളുടെ മുഖത്തേക്ക് നീങ്ങി. അപ്പോള്‍ അവിടെ ഒരു പുഞ്ചിരി ഉണ്ടായിരിന്നുവോ, ഒരു പ്രതികാരം പോലെ... ഇപ്പോള്‍ കണ്ണുനീര്‍ പാടകള്‍ മറച്ചത് എന്‍‌റ്റെ കാഴ്ചയായിരിന്നു. ഒന്നും വ്യക്തമാകുന്നില്ല. എതിരെ വന്നവരെയൊക്കെ അറിയാതെ തട്ടി. അവരൊക്കെ എന്തൊക്കെയോ പിറിപിറുത്തു കൊണ്ട് കടന്നു പോകുന്നു. എവിടെയങ്കിലും ഒന്നിരിക്കണം. ശരീരമാകെ തളരുന്ന പോലെ... ഏതോ ഒരു ബസിന്‍‌റ്റെ ബ്രേക്കുകളുടെ അലറി കരച്ചില്‍. ഞാന്‍ എവിടെയോ തട്ടി നില്‍ക്കുകയാണല്ലോ? വീടെത്തിയോ? കണ്ണുകള്‍ വലിച്ചു തുറന്നു. അല്ല. വീടല്ല. ചുറ്റും ആരൊക്കെയോ എന്തൊക്കെയോ പറയുനുണ്ട്. ഞാനപ്പോഴും ആ ബസില്‍ ചാരി നില്‍ക്കുകയായിരിന്നു. അപ്പോഴും ഒരത്താണിക്കായി ഞാന്‍ പരതുകയായിരിന്നു.

Thursday, August 14, 2008

ചില സ്വതന്ത്ര ചിന്തകള്‍.


"സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം തീരുമ്പോഴേക്കും നമ്മളില്‍ എത്രപേര്‍ ബാക്കിയുണ്ടാവുമെന്ന് പറയാന്‍ ആവില്ല, എങ്കിലും ഒരു കാര്യം തീര്‍ത്തു പറയാം.. അന്തിമ വിജയം നമ്മുടെതാണ്‌". നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എന്‍.എ. സമര ഭടന്മാര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ആഹ്വാനം ചെയ്തു. ആ നേതാജിയുടെ തിരോധാനത്തിനു പിന്നില്‍ ആരുടെ ബുദ്ധിയാണ്‌ പ്രവര്‍ത്തിച്ചത്? ഇന്നും ആര്‍ക്കും അറിയാത്ത ചോദ്യം?
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിച്ച, അടിമ ഭാരതത്തിലെ ഗവര്‍ണ്ണര്‍ ആകുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്ര ഭാരതത്തിലെ തൂപ്പുകാരനാകുന്നതില്‍ അഭിമാനം കൊണ്ട ധീര ദേശാഭിമാനിയായിരിന്നു നേതാജി.
1945 ഓഗസ്റ്റില്‍ സെയ്ഗോണില്‍ നിന്ന് ആംഗ്ലോ-അമേരിക്കന്‍ സൈന്യത്തിന്‍‌റ്റെ അറസ്റ്റ് ഭയന്ന് കേണല്‍ ഹബീബ് റഹ്മാനോടൊപ്പം ഒരു ബോംബര്‍ വിമാനത്തില്‍ നേതാജി രക്ഷപ്പെട്ടു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ്‌ ആ വാര്‍ത്ത കേട്ട് ഭാരതം നടുങ്ങി, നേതാജി സഞ്ചരിച്ചിരുന്ന ആ ബോംബര്‍ വിമാനത്തിന്‌ തകരാറുപറ്റി. 1945 ഓഗസ്റ്റ്‌ 24 ന്‌ ടോക്കിയോ റേഡിയോ "നേതാജിയുടെ മരണ വാര്‍ത്ത" ലോകത്തെ അറിയിച്ചു.
നേതാജിയുടെ ഭാര്യയായ എമിലി ഷെങ്കി ബോസിനോട് 1945 ഓഗസ്റ്റിന്‌ ശേഷവും സോവിയറ്റ് യൂണിയനില്‍ നേതാജിയെ കണ്ടതായി ജര്‍മ്മന്‍ പത്ര പ്രവര്‍ത്തകന്‍ റെയ്മണ്ട് സ്കാനാ ബെല്‍ പറയുകയുണ്ടായി. അതുപോലെ തന്നെ നേതാജി തിരോധാനത്തിന്‌ ശേഷവും കുറേ യൂണിഫോംധാരികളുടെ കൂടെ ഒരു കാറില്‍ സഞ്ചരിക്കുന്നത് കണ്ടുവെന്ന് ക്വറ്റയിലെ ഒരു വീട്ടുകാര്‍ പറയുകയുണ്ടായി. മരികുന്നതു വരെ നേതാജിയുടെ ഭാര്യ നേതാജി ജീവിച്ചിരിപ്പുണ്ടെന്നു തന്നെ വിശ്വസിക്കുകയും ചെയ്തു.
നേതാജിയുടെ തിരോധാനത്തിന്‌ പിനിലെ നിഗൂഢതകള്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "നേതാജി സ്മാരക സമിതി" ഒരു സ്വകാര്യ അന്വേഷണ സംഘത്തെ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ നെഹ്റു സര്‍ക്കാര്‍ "ഷഹനവാസ് കമ്മിറ്റി"യെ നിയ്യോഗിച്ചു. നേതാജി മരിച്ചുവെന്നും ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടം അദ്ദേഹത്തിന്‍‌റ്റേതാണെന്നുമുള്ള കമ്മിറ്റിയുടെ നിഗമനത്തെ നേതാജിയുടെ സഹോദരന്‍ സുരേഷ് ചന്ദ്രബോസ് എതിര്‍ത്തു. ഈ കമ്മീഷന്‍ നിഗൂഢത മറനീക്കും മുന്‍പേ അന്വേഷണം അവസാനിപ്പിക്കുന്ന രംഗമാണ്‌ അരങ്ങേറിയത്.
തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ കമ്മിഷനുകള്‍ക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതും ദുരന്തം നടന്ന ഫോര്‍മോസ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതും ദുരൂഹതയുടെ ആഴം വര്‍ദ്ധിപ്പിച്ചു. കാരണം അന്വേഷിച്ച മുഖര്‍ജി കമ്മീഷന്‌ ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ "ഔദ്യോതിക രഹസ്യ നിയമ പ്രകാരം നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറാനാകില്ല, കാരണം ഫയലുകളിലെ നെളിപ്പെടുത്തലുകള്‍ പൊതുജന താത്പര്യങ്ങള്‍ക്ക് എതിരാകും, നേതാജിയുടെ പ്രതിഛായക്ക് കളങ്കം തട്ടും" എന്നൊക്കെയായിരിന്നു മറുപടി ലഭിച്ചത്.
നേതാജിയുടെ തിരോധാനം ഇന്‍ഡ്യയിലെ മുതിര്‍ന്ന നേതാക്കന്മാരേ സംബന്ധിച്ച് യാതൊരു ഞെട്ടലും ഉളവാക്കിയില്ല. കാരണം സത്യം അവര്‍ക്കറിയാമായിരിന്നു. നേതാജിയുടെ മരണം ബ്രിട്ടീഷുകാര്‍ക്ക് അത്യാവശ്യമായിരിന്നു. ഇന്‍ഡ്യന്‍ ജനതയ്ക്ക് കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വിശ്വാസം നേതാജിയെ ആയിരിന്നുവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറുയാമായിരിന്നു. സെയ്ഗോണില്‍ നിന്നും രക്ഷപ്പെട്ട് നേതാജി ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള അന്തിമ പോരാട്ടത്തില്‍ ശക്തി സംഭരിച്ച് തിരിച്ചു വന്നാല്‍ ഭിന്നിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ തന്ത്രം വിലപ്പോകില്ല. ഇന്‍ഡ്യാ-പാക് വിഭജനം നടക്കില്ല. ഇന്‍ഡ്യയെ സാമ്രാജ്യത്വ പരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കീറി മുറിക്കണമെങ്കില്‍ നെഹ്റു പ്രധാനമന്ത്രി കസേരയില്‍ ഇരുന്നേ മതിയാകൂ. ബ്രിട്ടീഷ്‌ മസ്തിഷ്ക്കങ്ങളില്‍ രൂപം കൊണ്ട കുടില തന്ത്രമായിരിന്നു നേതാജിയുടെ മരണം.
നേതാജി കൊല്ലപ്പെട്ടുവെന്ന്‌ അവകാശപ്പെടുന്ന ആ കാലഘട്ടത്തില്‍ ഒരു ബോംബര്‍ വിമാനം പോലും അപകടത്തില്‍ പെട്ടിട്ടില്ലായെന്നുള്ള കണ്ടെത്തല്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. നേതാജിയുടെ മരണം പലര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഭാരത്തിന്‌ നഷ്ടമായത് ധീരനായ ഒരു ദേശാഭിമാനിയെ ആയിരിന്നു. "ഉദയത്തിന്‌ മുന്നോടിയാണ്‌ ഇരുളുണ്ടാകുന്നത്. ആ ഇരുളിലൂടെ കടന്ന്‌ പോകുമ്പോള്‍ നാം ഓര്‍ക്കണം ഉദയം അകലെയല്ലാ എന്ന്. ഭാരതം സ്വതന്ത്രമായേ മതിയാകൂ". ഭാരതത്തിന്‍‌റ്റെ സ്വാതന്ത്ര്യം ജീവിത ലക്‌ഷ്യമായി കരുതിയ ധീരദേശാഭിമാനിയുടെ വാക്കുകള്‍ ഇന്നും വ്യക്തമായിട്ടോര്‍ക്കുന്നു.



കടപ്പാട്: അറിയപ്പെടാത്ത ആ എഴുത്തുകാരന്‌.

Friday, August 08, 2008

അവളും ഞാനും.


എന്‍‌റ്റെ കണ്ണുനീരിനുപ്പു രസമാനെന്നു -
പറഞ്ഞതവളായിരിന്നു,
എന്‍‌റ്റെ ഹ്രദയം നിറയെ സ്നേഹ -
മാണെന്നുപറഞ്ഞതുമവളായിരിന്നു.
ജീവിതകാലം മുഴുവന്‍ കൂടെക്കാണു -
മെന്നു പറഞ്ഞതുമവളായിരിന്നു.
എന്‍‌റ്റെ ഹ്രദയത്തിലാദ്യമായ്
ചേക്കേറിയതുമവളായിരിന്നു.

അവസാനം എന്‍‌റ്റെ കണ്ണുനീര്‍ രുചി -
ച്ചതു ഞാന്‍ മാത്രമായിരിന്നു,
ഹ്രദയം നിറയെ ദു:ഖമാണെന്ന -
റിഞ്ഞതും ഞാന്‍ മാത്രമായിരിന്നു.
കാലം കഴിഞ്ഞപ്പോളേക -
നായതുംഞാന്‍ മാത്രമായിരിന്നു,
ആ ചവിട്ടി മെതിച്ച ഹ്രദയം
എന്‍‌റ്റേതുമാത്രമായിരിന്നു.

Tuesday, July 22, 2008

കുരുക്ഷേത്ര യുദ്ധം.


ഒരിക്കല്‍ കൂടി ഞാന്‍ ഈ കുരുക്ഷേത്രത്തില്‍ പട നയിക്കുകയാണ്‌. അതേ അര്‍ജ്ജുനനോടൊപ്പം, അവന്‍‌റ്റെ തേരാളിയായ്. എതിര്‍ പക്ഷത്ത് കൗരവരുടെ എണ്ണം കൂടിയിരിക്കുന്നു, ഇവിടെയോ പാണ്ടവരില്‍ ഒരാള്‍ മാത്രം. എങ്കിലും ഭയക്കില്ല ഞാന്‍...


പക്ഷേ എതിര്‍ പക്ഷത്തുള്ളവര്‍ കോടികള്‍ വിലപറഞ്ഞ് ആ അവസാന കണ്ണിയായ അര്‍ജ്ജുനനേയും വിലക്കെടുത്തിരിക്കുന്നു. ഇനി ഞാന്‍ മാത്രം.... അതേ ആ സമയമടുക്കുന്നു...... വയ്യ..... ഇനിയും ഇതു കാണാന്‍ വയ്യ... കോടികള്‍ വാരിയെറിഞ്ഞ് ഇവിടെ എല്ലാവരും അവരവരുടെ അധികാര കസേരകള്‍ ഉറപ്പിക്കുന്നു. എന്‍‌റ്റെ വാളിനോ ഗദക്കോ അമ്പുകള്‍ക്കോ ഇവരെ കൊല്ലാന്‍ കഴിയില്ല. ഇവരെ നശിപ്പിച്ചില്ലെങ്കില്‍ അത് എന്‍‌റ്റെ പരാജയമാകുന്നു... വയ്യ... ഇവരുടെ മുന്നില്‍ തോല്‍ക്കാന്‍ വയ്യ.... ആലോചിക്കാന്‍ സമയമില്ല.....


എതിര്‍ ചേരിയില്‍ നിന്നും എന്‍‌റ്റെ അടുത്തേക്കു ആരോ വരുന്നുണ്ടല്ലോ? എന്തായാലും സഹായം ചോദിച്ചു വരുന്നവനെ കൊല്ലാന്‍ പാടില്ല..അത് യുദ്ധ നിയമ്മാണ്‌. അയാളുടെ കയ്യില്‍ എന്തോ ഉണ്ടല്ലോ? ഒരു കവര്‍ ആണെന്നു തോന്നുന്നല്ലോ? അതേ... കവര്‍ ആണ്‌..... ആ കവര്‍ അവിടെ വച്ച് അയാള്‍ തിരിച്ചു പോകയാണല്ലോ.. എന്താണതില്‍.... വല്ല ലറ്റര്‍ ബോംബുമാണോ? എന്തായാലും നോക്കിക്കളയാം.... ********************************************************************
കുറിപ്പ്: അപ്പോള്‍ കുരുക്ഷേത്ര ഭൂമി വിട്ടു ഓടി പോയ അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു പിറ്റേന്ന് 100 കോടി ട്രാന്‍സ്ഫറായി... ന്യൂസ് പേപ്പറിലാകട്ടെ ഹെഡ് ലൈന്‍ ഇതായിരിന്നു:- കൗരവര്‍ ഒരോട്ടിന്‌ കുരുക്ഷേത്രയുദ്ധം ജയിച്ചു.

Monday, July 21, 2008

അയാള്‍

ക്ലോക്കില്‍ അലാറം അടിക്കുന്നത് കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. സമയം നോക്കിയപ്പോള്‍ വെളുപ്പിനെ 3.00 മണി. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ ചുറ്റും അന്ധകാരമ്മാത്രം. പിന്നെ ഉറങ്ങാന്‍ തോന്നിയില്ല.ആശുപത്രിയുടെ കവാടം കടന്നപ്പോള്‍ തന്നെ അയാള്‍ കണ്ടു, രോഗികളുടെയും അവരുടെ കൂടെ വന്നവരുടേയും ഒരു നീണ്ട നിര. അതിലേറെ തിരക്കാണ് പാര്‍ക്കിംഗ് ഏരിയായില്‍. കിട്ടിയ സ്ഥലത്ത് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ അയാളുടെ കണ്ണുകള്‍ ചെന്നു പതിച്ചത് ആ മുഖങ്ങളില്‍ ആയിരിന്നു, ആ അമ്മയുടേയും മകന്റ്റേയും. വിശ്വസിക്കാനാകാതെ ഒന്നുകൂടി അവിടേക്കു നോക്കിയ അയാള്‍ക്ക് അവരുടെ ആ മുഖങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. തിരക്കിനിടയിക് അവ അപ്രത്യക്ഷമായി. ഒരു തോന്നലായിരിന്നുവോ അത്.

അവരെ ആദ്യമായി കാണുന്നതും ഇതേ ഒരു അവസ്ഥയിലായിരിന്നു. കുറേ നാളുകള്‍ക്ക് മുന്‍പാണ്. അത് മറ്റൊരു തിരക്കുപിടിച്ച ദിവസം. അന്നാണെങ്കില്‍ ഡോക്ടേസ് വളരെ കുറവായിരിന്നു, ഒരു മിനിട്ട് പോലും വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥ. കൂടെ നില്ക്കുന്ന നേഴ്സ് ഇടക്കിടക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ആരോടൊക്കെയോ ദേഷ്യപ്പെടുന്നുണ്ട്. അത് അവരുടെ കുറ്റമല്ല, ആരായാലും അങ്ങനെ പറഞ്ഞു പോകും. പക്ഷേ എന്തുകൊണ്ടോ അയാള്‍ക്കങ്ങനെ ഒരിക്കലും പെരുമാറാന്‍ കഴിഞ്ഞിട്ടില്ല. സമയം ഒരു മണി കഴിഞ്ഞു, പക്ഷേ വീണ്ടും രോഗികളുടെ നീണ്ട നിര ഇപ്പോഴും അവിടെ തന്നെയുണ്ട്. അയാള്‍ക്കാണെങ്കില്‍ ഒന്നും കഴിക്കാനും തോന്നിയില്ല. ഇടയ്ക്കെപ്പോഴോ നേഴ്സ് പോയി ആഹാരം കഴിച്ചെന്നു വരുത്തി വന്നു. നാലു മണിയായതോടെ അല്പം തിരക്ക് കുറഞ്ഞു. അപ്പോഴാണ് അവര്‍ മുറിയിലേക്ക് കടന്നു വന്നത്, ആ അമ്മയും മകനും.

ഒരുതരം വല്ലാത്ത ദൈന്യത നിഴലിച്ചിരുന്നു ആ സ്ത്രീയുടെ കണ്ണുകളില്‍. ആ ഭാവം അയാളെ വല്ലാതാകര്‍ഷിച്ചു. ആ ചെറുപ്പക്കാരന്റ്റെ കണ്ണുകളില്‍ ഒരു തരം നിസ്സഹായത. അയാള്‍ കാര്യങ്ങള്‍ ആരാഞ്ഞു. ഒരു പൊട്ടിക്കരച്ചിലായിരിന്നു ആ സ്ത്രീയുടെ മറുപടി. അതുകണ്ട നേഴ്സ് അവരോട് ദേഷ്യപെട്ടു. അത് സാധാരണ നടക്കുന്ന കാര്യങ്ങളാണ്. എങ്കിലും ആ സ്ത്രീയോട് അയാള്‍ക്കെന്തോ ഒരു അനുകമ്പ തോന്നി. എങ്ങനേയോ തികട്ടിവന്ന കരച്ചില്‍ ഒതുക്കി ആ സ്ത്രീ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.കുറെ നാള്‍ മുന്‍പ് വരെ നല്ലപോലെ അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു ചെറുപ്പക്കാരനായിരിന്നു അയാളുടെ മുന്നില്‍ ഇരുന്നത്. ഇടക്കെപോഴോ ഒരുതരം വല്ലാത്ത തളര്‍ച്ച അയാളെ പിടികൂടി. ശരീരം ക്ഷയിക്കുവാന്‍ തുടങ്ങി... കുറേ ആശുപത്രികളില്‍ കയറി ഇറങ്ങി.. പക്ഷേ കയ്യിലുള്ള പൈസ തീരുന്നതല്ലാതെ മറ്റൊരു പ്രയോജനവും കാണുന്നുമില്ല. പിന്നെ പിന്നെ അസുഖം കൂടിയും പൈസ കുറഞ്ഞും വന്നു.... അവസാനം രണ്ടു സെന്‍റ്റ് വസ്തു വിറ്റ് അതിനു കിട്ടിയ പണവുമായി മറ്റൊരു അറിയപ്പെടുന്ന ആശുപത്രിയില്‍ പോയി... പിന്നെ പലതരം ടെസ്റ്റുകളുടെ ഒരു പ്രവാഹമായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ കയ്യ് വീണ്ടും ശൂന്യം. പിന്നെ നടത്തിയ ടെസ്റ്റുകളുടെ റിസല്‍ട്ടിനായുള്ള കാത്തിരിപ്പ്. പക്ഷേ ആ കാത്തിരുപ്പ് മറ്റൊരു ഞെട്ടലായ് മാറി. ഒരിക്കലും കരകയറാനാകത്ത ഒരു പടുകുഴിയിലേക്കാരോ വലിച്ചെറിഞ്ഞ പോലെ...

ക്യാന്‍സര്‍.. കേട്ടറിവ് മാത്രമുള്ള രോഗം.. ഇനി എന്ത്? മുന്നില്‍ ശൂന്യത മാത്രം. ഇനി ആകെ കൈയ്യിലുള്ളത് നാലു സെന്‍റ്റ് സ്ഥലവും ഒരു ഓലമേഞ്ഞ വീടും. പക്ഷേ എല്ലായിടത്തും, എല്ലാവരും ആട്ടിയോടിച്ചു....പേപ്പട്ടിയെ പോലെ... പണമില്ലാത്തതിന്റ്റെ പേരില്‍..... ആ നെട്ടോട്ടത്തിനിടയില്‍ എത്തിയതാണിവിടേയും. പറഞ്ഞ് പറഞ്ഞ് ആ സ്ത്രീ കരയുകയായിരുന്നു..അവസാനം മാറില്‍ എവിടെയോ മറച്ചു വച്ചിരുന്ന, ഒരു പഴയ കടലാസുകൊണ്ട് പൊതിഞ്ഞ, ഒരു പൊതി അയാള്‍ക്ക് നേരേ നീട്ടികൊണ്ട് ആ സ്ത്രീം പറഞ്ഞു.... രക്ഷിക്കണം സാര്‍, എന്റ്റെ മകനെ രക്ഷിക്കണം. ഇത് എനിക്കാകെയുള്ള നാലു സെന്‍റ്റ് സ്ഥലത്തിന്റ്റെ ആധാരമാണിത്. ഇതു മാത്രമേ ഉള്ളൂ എന്റ്റെ കൈയ്യില് സാറിനു തരാന്‍, അങ്ങ് എന്റ്റെ മകനെ എനിക്കു തിരിച്ചു നല്കണം. ആ സ്ത്രീ എന്റ്റെ കാല്ക്കലേക്കു വീണു. ഒരു ഞെട്ടലില്‍ ഞാന്‍ കാലുകള്‍ പുറകിലേക്ക് വലിച്ചു....അയാളുള്‍പ്പെടെയുള്ള ഡോക്ടേസിന്റ്റെ പണത്തോടുള്ള അമിതമായ ആര്‍ത്തിയുടെ ഫലമല്ലേ ഈ ചെറുപ്പക്കാരന്‍.... ആ സ്ത്രീ തന്ന ആ പൊതിക്കെട്ട് അയാള് അവരുടെ കയ്യില്‍ പിടിപ്പിച്ചു... അവരുടെ കണ്ണുകള്‍ വീണ്ടും ചോര്ന്നൊലിക്കാന്‍ തുടങ്ങി...ഇതല്ലാതെ മറ്റൊന്നുമില്ല സാര്‍.. എന്റ്റെ കയ്യില്‍.... രക്ഷിക്കണം..... അവര്‍ കരുതിക്കാണും പൈസ തികയാത്തതു കൊണ്ട് അത് തിരിച്ചു കൊടുത്തതാണെന്ന്..... അയാള്‍ അവരെ സമാധാനിപ്പിച്ചു... ആദ്യം ആ കേസൊന്നു പഠിക്കട്ടെ, എന്നിട്ട് പറയാം.. അയാള്‍ ആ സ്ത്രീയോട് പറഞ്ഞു..... എങ്കിലും ആ മുഖത്ത് ഒരു പ്രതീക്ഷയുടെ വെട്ടം അയാള്‍ കണ്ടില്ല..

ശരീരം എന്തിലോ ഒന്ന് ഇടിച്ചത് പോലെ..പെട്ടെന്ന് അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. ആ തിരക്കിനിടയില്‍ ആരോ തട്ടിയതാണ്... അയാള്‍ ചുറ്റും നോക്കി.... അയാളപ്പോഴും ആ തിരക്കിനിടയില്‍, ആ കാറിനോട് ചേര്‍ന്നു നില്ക്കുകയായിരിന്നു.... അറിയാതെ വാച്ചിലേക്ക് നോക്കി, സമയം പത്താകുന്നു. അറിയാതെ ഒരു ഞെട്ടല്‍..ഒരുപാട് താമസിച്ചിരിക്കുന്നു.... പെട്ടെന്നു തന്നെ അയാള്‍ ആ ആശുപത്രിയെ ലകഷ്യമാക്കി നടന്നു.വരാന്തയില്‍ ഒരുപാട് രോഗികള്‍ ഉണ്ട്.... ആ വരാന്തയിലെ തൂണിന് മറവില്‍ നില്ക്കുന്നത് അവരല്ലേ, ആ അമ്മയും മകനും...റൗണ്ട്സ് കഴിഞ്ഞു വന്ന് ഉടനെ തന്നെ അവരെ അകത്തേക്ക് വിളിപ്പിച്ചു. ആ അമ്മയും മകനും, ഇപ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് ഒരുതരം തിളക്കം കാണാം, ആ ചെറുപ്പക്കാരന്റ്റെ മുഖത്തും ഒരു ചെറിയ പുഞ്ചിരി കാണാം..അവര്‍ കൈകള്‍ കൂപ്പിക്കെണ്ട് കടന്നുവന്നു. അവരുടെ മുഖത്തുനിന്നും അയാള്‍ക്ക് മനസ്സിലായി, അവര്‍ക്ക് എന്തോ പറയാനുണ്ട്... ഒന്നു രണ്ടു നിമിഷം ആ സ്ത്രീ അങ്ങനെ തന്നെ നിന്നു.. പിന്നെ പറയാന്‍ തുടങ്ങി...

ഡോക്ടര്‍, മോന്റ്റെ വിവാഹമാണ് അടുത്ത ആഴ്ച.... അവന്റ്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ടൊരു പെണ്ണിനെ കിട്ടി. ഡോക്ടര്‍ വരണം...മറ്റാരു വന്നില്ലെങ്കിലും അങ്ങ് വരണം... അങ്ങയോട് നന്ദി പറയുന്നില്ല ഡോക്ടര്‍.. പറഞ്ഞാല്‍ അതു കുറഞ്ഞു പോകും.... എന്നാലും അങ്ങ് ഇതു സ്വീകരിക്കണം.....ഒരു പ്രതിഫലമായിട്ടല്ല... എന്നാലും ഞങ്ങളുടെ ഒരു സന്തോഷത്തിന്...... അതും പറഞ്ഞ് ആ സ്ത്രീ എന്തോ എടുത്ത് മകന്റ്റെ കയ്യില്‍ കൊടുത്തു.... കൊടുക്കു മോനേ, എന്നിട്ടാ കാല് തൊട്ട് അനുഗ്രഹം വാങ്ങൂ.... എന്തോ അയാളുടെ കയ്യില്‍ കൊടുത്ത് ആ ചെറുപ്പക്കാരന്‍ അയാളുടെ കാലുകളില്‍ കൈ തൊട്ട് കൈ കണ്ണില്‍ വച്ചു. അയാള്‍ കൈയ്യിലേക്ക് നോക്കി... ഒരു വെറ്റിലയില്‍ ഏതാനും നോട്ടുകള്‍....ഇതിനു മുന്‍പ് ഒരിക്കലും തോന്നാത്ത ഒരു വികാരം തോന്നി ആ നിമിഷത്തില്‍..... ആ വെറ്റില മാത്രമെടുത്ത് ആ നോട്ടുകള്‍ അയാള്‍ ആ ചെറുപ്പക്കാരന്റ്റെ കൈയ്യില്‍ കൊടുത്തിട്ട് യാന്ത്രികമായി ആ തലയിലൊന്ന് തലോടി.... അപ്പോഴേക്കും ആ അമ്മയുടേയും മകന്‍‌റ്റേയും രൂപങ്ങള്‍ അയാള്‍ക്ക് അവ്യക്തമായി തുടങ്ങിയിരുന്നു. അയാള്‍ പോലും അറിയാതെ, അയാളുടെ നിയന്ത്രണങ്ങള്‍ക്കും അതീതമായി, അയാളുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു തുടങ്ങിയിരുന്നു.. പിന്നെ അതൊരു ചെറിയ അരുവിയായി ഒലിച്ചിറങ്ങി....

Saturday, July 19, 2008

അവള്‍.

അന്ന് ഞാനാ റ്റാറ്റാ ഇന്‍ഡിക്ക കാര്‍ ചവിട്ടി നിര്‍ത്തി-
പുറത്തേക്കു നോക്കിയതവളുടെ മുഖത്തേക്കായിരിന്നു.
അപ്പോള്‍ അവള്‍ സമ്മാനിച്ചയാ പുഞ്ചിരി ഒരി-
ക്കലും മറക്കാന്‍ കഴിയാതിരുന്നതെന്‍‌റ തെറ്റോ?

പിന്നെ അവളോടകലാന്‍ ശ്രമിച്ചപ്പോഴൊക്കെയും
അരയില്‍ കൈചുറ്റി ചേര്‍ത്തു പിടിച്ചതും,
കൈകള്‍ കയ്യോടു ചേര്‍ത്തു പിടിച്ചിട്ടൊരി-
ക്കലും വേര്‍പിരിയില്ലെന്നു പറഞ്ഞതുമവളല്ലേ?

അവള്‍ക്കായ് ബിഗ് ബസാറുകള്‍ കയറിയിറങ്ങി-
ഞാന്‍, പാന്‍‌റ്റലൂംസുകള്‍ കൂട്ടുകാരായി.
മക്ഡൊണാള്‍ഡുകള്‍ കയറി മടുത്തു
പിന്നെ നിത്യസന്ദര്‍ശകരായി ബീച്ചിലും പാര്‍ക്കിലും.

ഇടയ്ക്കെപ്പോഴോ ബിസിനസ്സുകള്‍ പൊട്ടി,
റ്റാറ്റാ ഇന്‍ഡിക്ക സൈക്കിളിനു വഴിമാറീ.
ബാങ്ക് ബാലന്‍സില്‍ പൂജ്യത്തിനെണ്ണം കൂറഞ്ഞു,
ബംഗ്ലാവ്‌ വിട്ട് വാടക വീട്ടിലായ് താമസം.

അപ്പോഴും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു,
പാന്‍‌റ്റലൂംസും മക്ഡൊണാള്‍ഡും കയറിയിറങ്ങുന്നുണ്ടായിരുന്നു,
നിത്യസന്ദര്‍ശകയായിരുന്നാ ബീച്ചിലും പാര്‍ക്കിലും,
റ്റാറ്റാ സഫാരിയില്‍ കറങ്ങി നടന്നവള്‍.

അപ്പോഴും അവള്‍ ആരുടേയോ അരയില്‍
കൈചുറ്റി ചേര്‍ത്തു പിടിച്ചിരുന്നു.
കൈകള്‍ കയ്യോടു ചേര്‍ത്തു പിടിച്ചിട്ടൊരിക്കലും
വേര്‍പിരിയില്ലെന്നു പറയുന്നുണ്ടായിരിന്നു.