Tuesday, September 27, 2011

ഞാന്‍ ആരായിരിന്നു?

ഇനി ഞാന്‍ പറയാന്‍ പോകുന്നത് എന്‍റെ കഥയാണ്‌. അതില്‍ നിങ്ങള്‍ക്ക് ചോദിക്കാന്‍ ഒരുപാടുണ്ടാകും. തെറ്റുകളും ശരികളൂം ചൂണ്ടിക്കാണിക്കാം, ആക്ഷേപിക്കാം, കല്ലെറിയാം, നല്ലതെന്ന് തോന്നിയാല്‍ അനുമോദിക്കാം. പക്ഷേ അതിനു മുന്‍പ് ഒന്നോര്‍ക്കുക. ഞാനും നിങ്ങളെ പോലെ വികാര-വിചാരങ്ങളൂള്ള മനുഷ്യരാണെന്ന്. നിങ്ങളില്‍ തെറ്റു ചെയ്യാത്തവര്‍ എന്നെ കല്ലെറിയൂ എന്ന് ഞാന്‍ പറയില്ല, കാരണം തെറ്റു ചെയ്യാത്തവരായി ആരുണ്ട്? എന്നെപ്പറ്റി ഞാന്‍ നിങ്ങളോട് പറയുന്നതിനു മുന്‍പേ നിങ്ങള്‍ നിങ്ങള്‍ക്കറിയാവുന്ന എന്നെ നിങ്ങളോര്‍ക്കുക. ഞാന്‍ പറയുന്ന എന്നേയും നിങ്ങള്‍ക്കറിയാവുന്ന എന്നേയും ഒരിക്കലും ഒരു താരതമ്യം ചെയ്യാതിരിക്കുക. നിങ്ങളെന്നോട് ചെയ്യുന്ന ഒരു കാരുണ്യമാകുമത്. എനിക്കറിയാം. നിങ്ങള്‍ ബോറടിച്ച് തുടങ്ങിയിരിക്കുന്നു. ഇവന്‍ വെറുതേ കാര്യങ്ങള്‍ വലിച്ചു നീട്ടി കൊണ്ട് പോകുന്നു. അടുത്ത ചൂടന്‍ രംഗം കാണാന്‍ ഇരിക്കുന്ന പ്രേക്ഷകന്‍റെ മനസ്സാണ് നിങ്ങള്‍ക്കിപ്പോള്‍. ഒന്നോര്‍ക്കുക, ഇതൊരു സിനിമയല്ല. എന്‍റെ പച്ചയായ ജീവിതമാണ്‌ പറയാന്‍ പോകുന്നത്. അതില്‍ തകര്‍ന്നടിയുന്നത് ഒരുപക്ഷേ പല ജീവിതങ്ങളാകാം; അല്ലെങ്കില്‍ ഞാന്‍ തന്നെയാകാം. നാളെ ഒരുപക്ഷേ എന്ന് കണ്ടെന്ന് വരില്ല. ഒരു സുനാമി പോലെ എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞെന്ന് വരാം. ചിലപ്പോള്‍ അതില്‍ നിന്നും രക്ഷപെട്ട ഒരു കുഞ്ഞ് വഞ്ചിയെപ്പോലെ ഞാന്‍ ഉയര്‍ത്തെഴുന്നേറ്റെന്നും വരാം. ഒന്നിനും ഒരുറപ്പില്ലാത്ത ജീവിതം. വീണ്ടും നിങ്ങള്‍ക്ക് ബോറടിച്ച് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ കണ്ണുകളീലെ മയക്കം അതാണ്‌ കാണിക്കുന്നത്. ഇല്ല, ഇനി താമസിപ്പിക്കുന്നില്ല. ഞാന്‍ പറയട്ടെ എന്നേപ്പറ്റി....


എന്‍റെ പേര്‌..... പേര്‌........ പേരെന്തായിരിന്നു? സ്ഥലം..... ഇല്ല, അതും ഓര്‍മ്മയില്ല. എനിക്കെന്തോ സംഭവിച്ചിരിക്കുന്നു. ഇല്ലാ, എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. അയ്യോ, എന്‍റെ ഇന്നലെകള്‍ എന്നെ വിട്ട് പോയിരിക്കുന്നു. എനിക്കറിയാം. നിങ്ങളുടെ ക്ഷമ കൈവിട്ടു പോയിരിക്കുന്നു. ആ ചൂടന്‍ രംഗം കട്ട് ചെയ്തവന്‍റെ അച്ഛന്‌ വിളിക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ഇന്നലെകളില്ലാത്ത ഞാന്‍ ഇനി എന്ത് പറയുവാന്‍. ഇനി എന്നെ ഞാനറിയുവാന്‍  നിങ്ങള്‍ പറയൂ, ആരായിരിന്നു നിങ്ങളറിയുന്ന ഈ ഞാന്‍?

Saturday, September 24, 2011

മറന്നു പോയ ഭൂതകാലം.

ആ പാതിരാത്രിയില്‍ ഞാന്‍ ആ വാതിലില്‍ മുട്ടുമ്പോള്‍ ആരാവും അത് തുറക്കുക എന്ന് സംശയമുണ്ടായിരിന്നു. അച്ഛനാകുമോ? എങ്കില്‍ പ്രശ്നം രൂക്ഷമാകും. വാതില്‍ തുറന്ന് ഉറക്കച്ചവിടോടെ "നീയെന്താ ഇത്ര താമസിച്ചേ" എന്ന ചോദ്യവുമായി അമ്മ. ഞാന്‍ അല്പം വെളിച്ചത്തേയ്ക്ക് നീങ്ങി നിന്നു. ഉറക്കച്ചവിടില്‍ നിന്നും മാറി അമ്മയുടെ കണ്ണൂകളില്‍ ഒരത്ഭുത ഭാവം. "ആരാ മോനേ കൂടെയുള്ളത്, എന്തായാലും അകത്തേയ്ക്ക് വാ" എന്ന് പറഞ്ഞ് അമ്മ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. "അമ്മേ, ഇത് പ്രീയ; ഒരു ജീവിതം രക്ഷിക്കുവാന്‍ വേണ്ടി ഞാനിവളെ എന്‍റെ കൂടെ കൂട്ടിക്കൊണ്ട് പോരുന്നു. അമ്മ ക്ഷമിക്കണം". എങ്ങനേയോ ഞാനത് പറഞ്ഞൊപ്പിച്ചു എങ്കിലും ആ ശബ്ദത്തിനൊരു വിറയലുണ്ടായിരിന്നു. അമ്മ ഒരു നിമിഷം ഒന്ന് തിരിഞ്ഞ് നോക്കി. എന്താണാ കണ്ണൂകളീലെ ഭാവം എന്ന് അറിയാന്‍ കഴിയുന്നില്ല. അമ്മയുടെ മുഖം അപ്പോഴും ഇരുട്ടിലായിരുന്നു. പിന്നെ ഒന്നും പറയാതെ അമ്മ അകത്തേയ്ക്ക് പോയി. എനിക്കറിയാം, അമ്മയുടെ മനസ്സ് എരിയുകയാണിപ്പോള്‍. ഒറ്റ മകന്‍റെ വിവാഹം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കുറേ കാലമായിരിക്കുന്നു ആ വൃദ്ധമനസ്സ്. അതേ സ്വപ്നവുമായി അകത്തെ മുറിയില്‍ ഒരു പുസ്തകവും മാറില്‍ അമര്‍ത്തി ഒരു വൃദ്ധന്‍ ആ ചാരു കസേരയില്‍ കിടപ്പുണ്ടാകും ഇപ്പോള്‍. പുറത്തു നിന്നും ഹാളിലേയ്ക്ക് കയറി, വലതു കാല്‍ വച്ച്. അകത്തെ മുറിയില്‍ വെട്ടം പരന്നു. സാവധാനം, തലമുടിയൊക്കെ നരച്ച ഒരു രൂപം ഹാളിലേയ്ക്ക് വന്നു. അച്ഛന്‍. കൂടെ അമ്മയുമുണ്ട്. ഞാന്‍ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അച്ഛന്‍റെ നിഴലായി അമ്മയുമുണ്ടല്ലോ? തലയുയര്‍ത്തി രണ്ട് പേരേയും ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ വീണ്ടും അകത്തേയ്ക്ക്. എന്തു ചെയ്യണമെന്നറിയാതെ ആ സോഫയില്‍ ഇരുന്നു. പിന്നീടെപ്പോഴാണ്‌ രണ്ടു പേരും മയക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല. ഉറക്കം ഉണരുമ്പോള്‍ ഒരു പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട് ശരീരം. അമ്മയാകും.
 
 
അടുക്കളയില്‍ പാത്രങ്ങളുടെ വര്‍ത്തമാനം കേള്‍ക്കാം. "കുളിച്ച് വരൂ, പ്രാതല്‍ കഴിക്കാം". അമ്മയുടെ ശബ്ദം. എങ്ങനെ അവരെ അഭിമുഖീകരിക്കും എന്നതായിരിന്നു എന്‍റെ പ്രശ്നം. ഞാന്‍ കുളിച്ചിറങ്ങിയപ്പോള്‍ അവള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരിന്നു. കുളീച്ചിട്ട് മാറിയുടുക്കാന്‍ വസ്ത്രമില്ല. തല്‍ക്കാലം എന്‍റെ ഒരു പൈജാമയും ജുബ്ബയും കൊടുക്കാം. അവള്‍ കുളീച്ച് തോര്‍ത്തിയിട്ട് നോക്കിയപ്പോള്‍ കുളിമുടിയുടെ വാതിലില്‍ ഒരു സാരി. അമ്മയാകും. അല്ലാതാര്‌? പ്രാതല്‍ കഴിക്കാനിരുന്നപ്പോഴാണ്‌ ആദ്യമായി അവളെപ്പറ്റി അച്ഛന്‍ ശബ്ദിച്ചത്. അമ്മ ഒരു നിശബ്ദ സിനിമയിലെ കഥാപാത്രം പോലെ ഇടയ്ക്കിടയ്ക്ക് അവളെ നോക്കുന്നുണ്ടായിരിന്നു. "ഇ പെണ്‍കുട്ടി ആരാണെന്നോ ഏതാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഇവളുടെ ജാതിയേതെന്നോ മതമേതെന്നോ എനിക്കറിയില്ല. പക്ഷേ ഒന്ന് ഞാന്‍ പറയാം; ഇവളെ അന്വേഷിച്ച് ഇവിടേയ്ക്ക് ആരും വരില്ലെങ്കില്‍, അങ്ങനെ ആരുമില്ലെങ്കില്‍ നിനക്കിവളെ വിവാഹം കഴിക്കാം, ഇന്നു തന്നെ. അഥവാ ആരെങ്കിലും അങ്ങനെ വരാനുണ്ടെങ്കില്‍ അവരെ വിവരമറിയിക്കുക. വിവാഹം അവരുടെ സാന്നിധ്യത്തില്‍ ആകണം. മനസ്സിലായോ നിനക്ക് ഞാന്‍ പറഞ്ഞത്"? ഉവ്വ് എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. പിന്നീടാണ്‌ ഞാന്‍ അമ്മയോടെല്ലാ വിവരവും അവളെപ്പറ്റി പറയുന്നത്. അനാഥയായ, തെരുവില്‍ വളര്‍ന്ന അവളെ അന്വേഷിച്ച് ആരുവരാന്‍? പിറ്റേന്നു തന്നെ നല്ലൊരു മുഹൂര്‍ത്തം നോക്കി ആ വിവാഹം നടന്നു.

 
വര്‍ഷങ്ങള്‍ പലത് കടന്നു പോയിരിക്കുന്നു. ആ സന്ധ്യാ നേരത്ത് ഡോര്‍ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ പറഞ്ഞു. അത് അവനാകും. നാടാകെ തെണ്ടിത്തിരിഞ്ഞ് എപ്പോഴെങ്കിലും വന്ന് കയറിയാല്‍ മതിയല്ലോ? ചോദിക്കാനും പറയാനും ആരുമില്ലല്ലോ? പിറുപിറുപ്പോടെയാണ്‌ വാതില്‍ തുറന്നത്. എന്തോ പറയാന്‍ തുറന്ന വായ് അതേ പോലെ നിന്നു പോയ്. അവനോടൊപ്പം ഒരു പെണ്‍കുട്ടി. കൈയ്യില്‍ ഒരു ചെറിയ ബാഗുമുണ്ട്. കുറച്ചു കഴിഞ്ഞ് അവനൊടൊപ്പം ആ പെണ്‍കുട്ടി ആ വീടിന്‍റെ പടിയിറങ്ങുമ്പോഴും അകത്ത് നിന്നും അട്ടഹാസങ്ങള്‍ ഉയരുന്നുണ്ടായിരിന്നു.

എന്തിനെന്നറിയാത്ത യാത്ര.

അവളുടെ കൈ പിടിച്ച് നടക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാറില്ലായിരിന്നു. വൈകുന്നേരങ്ങള്‍ ഞങ്ങളൂടേത് മാത്രമായ ദിവസങ്ങളിലൊന്നിലാണവള്‍ എന്നോട് പറഞ്ഞത്; ഹരീ, നമുക്കൊരു യാത്ര പോയാലോ". എങ്ങോട്ടെന്നോ എന്തിനാണെന്നോ ഞാന്‍ ചോദിച്ചില്ല. അവളുടെ ഇഷ്ടങ്ങള്‍ എന്‍റേയും ഇഷ്ടങ്ങള്‍ ആയിരുന്നല്ലോ? മറ്റൊന്നും ഓര്‍ക്കാന്‍ ശ്രമിച്ചില്ല. ആ ട്രയിനിന്‍റെ ജനലഴികളില്‍ കൂടി നോക്കുമ്പോള്‍ കാണൂന്നത് പിന്നിലേക്കൊടി മറയുന്ന പ്രകൃതിയെയാണ്‌. ഏല്ലാം പുറകിലേക്ക് സഞ്ചരിക്കുന്നു. എന്‍റെ തോളില്‍ തല ചായ്ച്ച് അവള്‍ മയങ്ങുകയാണ്‌. അതിരാവിലെ പുറപ്പെട്ടതാണ്‌. വീട്ടില്‍ അമ്മ രാവിലെ തിരക്കിയിട്ടുണ്ടാകും. അവന്‍ ഇന്നലെ വന്നില്ലേ മോളേ എന്ന് പെങ്ങളോട് ചോദിച്ചിട്ടുണ്ടാകും. അവള്‍ എന്താകും മറുപടി പറഞ്ഞിട്ടുണ്ടാകുക. ട്രയില്‍ ഏതോ സ്റ്റേഷനിലേക്ക് അടുക്കുകയാണ്‌. ആ ബഹളം കേട്ടിട്ടാകണം അവള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. സമയം വൈകുന്നേരമാകുന്നു. ആ സ്റ്റേഷന്‍റെ പേര്‌ നോക്കിയിട്ട് ഉറക്കച്ചെവിടോടെ അവള്‍ പറഞ്ഞു; ഇനി ഒരു അര മണിക്കൂര്‍, അതുമതി നമുക്കിറങ്ങാന്‍. അപ്പോഴും ഞാന്‍ ചോദിച്ചില്ല എവിടേയ്ക്കാണീ യാത്രയെന്ന്. 
 
സ്റ്റേഷനില്‍ ഇറങ്ങി അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു. സമയം സന്ധ്യയാകുന്നു. പെട്ടെന്ന് ഒന്ന് കുളിച്ച് ഫ്രഷായേ, നമുക്ക് അമ്പലം വരെ ഒന്നു പോകാം. ഇവിടെ അടുത്ത് ഒരു കാളീക്ഷേത്രമുണ്ട്. തൊഴുതിറങ്ങുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരിന്നു. ഒരേ കിടക്കയുടെ രണ്ടറ്റത്തായി കിടക്കുമ്പോഴും മനസ്സില്‍ ഒരുതരം നിസ്സം‌ഗതയായിരിന്നു. എന്തിനാണിവള്‍ ഇവിടേയ്ക്ക് വന്നത്. അത് മനസ്സിലാക്കിയിട്ടെന്നോണം അവള്‍ വിളിച്ചു. ഹരീ, നീയിപ്പോള്‍ ചിന്തിക്കുന്നത് നമ്മള്‍ എന്തിനാണിവിടേയ്ക്ക് വന്നൂയെന്നല്ലേ. വെറുതേ, വെറുതേ നിന്‍റെ കൂടെ ഒന്ന് യാത്ര ചെയ്യണമെന്ന് തോന്നി. അത്രതന്നെ. നാളെ രാവിലെ നമ്മള്‍ മടങ്ങി പോകുന്നു. ഓക്കെ. ഞാന്‍ എന്‍റെ ഇഷ്ടങ്ങള്‍ ഒരിക്കലും അവളോട് പറഞ്ഞിട്ടില്ലല്ലോ? പിന്നെ.. ഇത്....... ഉറക്കത്തിനിടയ്ക്ക് എപ്പോഴോ ഞങ്ങളുടെ അകലം കുറഞ്ഞ് വന്നു. എന്‍റെ ഉറക്കം എങ്ങോ പോയിരിന്നു. അപ്പോഴും എന്നെ കെട്ടിപ്പിടിച്ച് അവള്‍ സുഖമായി ഉറങ്ങുകയായിരിന്നു. 


തിരികെയുള്ള യാത്രയില്‍ മയക്കം മുഴുവന്‍ എനിക്കായിരിന്നു, അവളുടെ തോളില്‍ തല ചായ്ച്ച്. അതുകൊണ്ട് തന്നെ പിന്നോട്ട് സഞ്ചരിക്കുന്ന പ്രകൃതിയെ ഞാന്‍ കണ്ടില്ല. എന്‍റെ ചിന്തകളെല്ലാം മുന്നോട്ട് തന്നെയായിരുന്നിരിക്കണം. സ്റ്റേഷനില്‍ ഇറങ്ങി ബസ്സിലിരുന്നപ്പോഴും ആ ഉറക്ക ക്ഷീണം എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരിന്നു. അവസാനം ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞപ്പോഴും എന്‍റെയുള്ളില്‍ ഒരേ ഒരു ചോദ്യം മാത്രം അവശേഷിച്ചു. "എന്തിനായിരിന്നു ഈ യാത്ര......."