Friday, February 22, 2013

രാത്രി വണ്ടികള്‍

രാത്രി വണ്ടികള്‍ 
പൊതുവേ നിര്‍ത്താറില്ല. 
നിര്‍ത്തണമെങ്കില്‍ കുറഞ്ഞത് 
സാരിയോ ചുരിദാറോ- 
യെങ്കിലും കാണണം. 
തലയില്‍ തുണിമൂടി നടക്കണം 
പെണ്ണെന്ന് തിരിച്ചറിയരുതാരും. 

വീട്ടിലിപ്പോള്‍ പവര്‍കട്ടായിരിക്കും;
മണ്ണെണ്ണ വിളക്കിന്‍ ചുവട്ടില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടാകുമവന്‍.,.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ടാകും.

പെട്ടെന്ന് വീടെത്തണം,
കൈയ്യിലെ എണ്ണപ്പലഹാരം
കനച്ചു തുടങ്ങിക്കാണും;
കാത്തിരുന്നവനുറങ്ങിക്കാണുമോ?
ദൂരെ നിന്നൊരു വണ്ടി വരുന്നുണ്ട്,
റബ്ബര്‍ തറയില്‍ ഉരയുന്ന ശബ്ദം.

പിറ്റേന്ന് വൈകിട്ടാ ഓടയില്‍
നിന്നാണാരൂപം കണ്ടെടുത്തത്.
മുറിയുടെ നടുവിലെ
വാഴയിലയില്‍ കിടക്കുമ്പോഴും
എവിടെനിന്നൊക്കെയോ
രക്തമൊലിക്കുന്നുണ്ടായിരിന്നു.
അപ്പോഴുമവിടെ പവര്‍കട്ടായിരിന്നു,
തേങ്ങാവിളക്കിലെ തീയില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടവന്‍.;.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ട്.

ആരാണത്?

വിശ്വാസിയെന്ന് വിളിക്കില്ലെങ്കില്‍ 
ഞാനൊരു സംശയം ചോദിക്കട്ടെ, 
ആരാണീ മനുഷ്യശരീരം 
ഉണ്ടാക്കിയതെന്ന് പറയുമോ? 

കണ്ണുകളുടെ സ്ഥാനത്ത് 
ചെവികളും 
ചെവികളുടെ സ്ഥാനത്ത്
കണ്ണുകളും വന്നിരുന്നെങ്കില്‍?

കൈകളുടെ സ്ഥാനത്ത്
കാലുകളും
കാലുകളുടെ സ്ഥാനത്ത്
കൈകളും വന്നിരുന്നെങ്കിലോ?

ചില സ്ഥാനങ്ങള്‍
മാറിയിരുന്നെങ്കില്‍
ഭക്ഷണം കഴിക്കാനാസനവും
വിസര്‍ജ്ജിക്കാന്‍
വായും വേണ്ടി വന്നേനേ!!

ഏതുശാസ്ത്രജ്ഞനാകും,
ഏത് ചിത്രകാരനാകും
ഇതിത്ര ഭംഗിയായത്
അടുക്കി വച്ചത്??

വിമര്‍ശനം.

ഇന്നലെയാണവനാ 
മരണത്തിന്‍റെ ഗന്ധം 
ഉള്ളിലേക്കാവാഹിച്ചെഴുതിയ 
കവിത പോസ്റ്റിയത്; 

ഇഷ്ടങ്ങളുടെയിടയില്‍ നിന്നും 
ഒരനിഷ്ടത്തിന്‍റെ കയ്യുയര്‍ന്നു. 
പിന്നെയാ അക്ഷരങ്ങളെ
മറ്റൊരു സൂര്യനെല്ലിയാക്കി.

എഴുതിയവന്‍ നോക്കുകുത്തിയായി,
നാളെത്തെ തിരിച്ചറിയില്‍ പരേഡില്‍
നിരന്നു നില്‍ക്കുന്നവര്‍ക്കിടയില്‍
ആ മുഖം തേടണം.
കണ്ടുകിട്ടിയാലാരും കേള്‍ക്കാതെ
ഒരു നന്ദി പറയണം,
കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചൊരുമ്മ
നല്‍കണം;
പിന്നെ ഇതുപോലൊരു കവിതയെഴുതി
അവനെ ജീവപര്യന്തത്തിനു വിധിക്കണം.

മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 81 ഹരി വില്ലൂര്‍ BY ശിവേട്ടന്‍ Sivasankaran Karavil

പറയുന്നത് 
പ്രയോഗത്തിലെത്തുമ്പോഴാണ്
പൊരുളിന്റെ പൊള്ളത്തരം 
പുറത്താവുക.

നിശ്ചയിക്കാനാവാത്ത ചില 
വന്നുചേരലുകളുണ്ടാവും
ജീവിതത്തില്‍.

നിലം തൊടാതെ
അനിലബാഹുചമച്ച്
കാലാവൃത്തി പൂര്‍ത്തീകരിക്കുക
അതിശയം തന്നെ.

മനുഷ്യാകാരത്തില്‍ പിറന്ന
ആര്‍ക്കും കഴിയില്ല അത് .

എന്നാല്‍ ഇട്ടാവട്ടത്ത്‌
തോണിത്തുമ്പും പിടിച്ചാടിയുലഞ്ഞ്
ജീവന്റെ ആട്ടക്കളം തീര്‍ക്കുമ്പോള്‍
അറിയില്ല
വീരഭദ്രന്മാര്‍ക്കൊന്നും
ഇവിടെ സ്ഥിരവാസമില്ല
തങ്ങള്‍ക്കും എന്ന വിവരം.

തനിക്കുപറയാനുള്ള വിഷയം
ഒതുക്കത്തോടെ
പറഞ്ഞ് സ്നേഹം പങ്കുവെച്ചിരിപ്പുണ്ട്
ഹരി വില്ലൂര്‍ എന്ന
സഹൃദയന്‍.

കൂട്ടത്തില്‍ പറയട്ടെ
അസാമാന്യ ശേഷിയുള്ള
പ്രഹരങ്ങളാണ്
ഹരിയുടെ മിക്ക രചനകളും.

ഈ വിദ്വാന്‍
എത്തിനോക്കാത്ത മൂലകളില്ല

പടരാസഞ്ചാരം പോലെ
മനസ്സുകളില്‍
അടരാടാന്‍ പാകത്തില്‍
ഒരു ചിന്തേരിട്ടു തരും ഇഷ്ടന്‍.

അതുകൊണ്ടാവാം എനിക്ക്
എപ്പോഴോ പ്രിയപ്പെട്ടു
ഈ അനിയനെ.

ഇയാള്‍ക്ക് ഭൌതികങ്ങളിലെ
നുരപതഞ്ഞ
പെരുംനേരങ്ങള്‍ അറിയില്ല.

പ്രണയം ചാലിച്ച തീക്കഥകള്‍
വിടരില്ല.

കര്‍മ്മത്തെറ്റുകള്‍ പെറ്റിട്ടുപോയ
വരുംകാല സുകൃതങ്ങളും
ഇയാളുടെ ആലോചനയല്ല.

വീര്യം ചേരാത്ത
സൌമ്യജാതകം ഇയാളെ
തേടി വന്നതാണ്.

ഹരിയുടെ കണ്ണുകള്‍ക്ക്‌
ഇത്തിരി ബാക്കിവെച്ച
കാലത്തിനുബോധിക്കാത്ത
തിരിച്ചറിവുകളുണ്ട്.

തനിക്കു കിട്ടാതെപോയ
വാത്സല്യനേരങ്ങളുണ്ട് .

മുഖപുസ്തകത്തില്‍ വാരിക്കൂട്ടുന്ന
ഓരോ അടുപ്പങ്ങളും
ഇയാളുടെ സമ്പാദ്യങ്ങളാണ്.

എന്റെ ചിത്തപുസ്തകത്തിലെ
സ്നേഹത്തിന്റെ
ഒരു മയില്‍‌പ്പീലിപ്പൊട്ടാണ്
ഹരിയെനിക്ക് .

നേരുന്നു സര്‍വ ഭാഗ്യങ്ങളും
എന്നും....

മരണത്തിലേക്കുള്ള യാത്ര.

ചിലതങ്ങനെയാണ്‌, 
അണയും മുന്‍പാളിക്കത്തും. 
ചിലര്‍ ആളിക്കത്തിക്കും; 
പിന്നെ 
പെയ്യുന്ന മഴയെ പറ്റി, 
പൊള്ളൂന്ന ചൂടിനെ പറ്റി, 
നോക്കാത്ത നോട്ടത്തെ പറ്റി, 
പറയാത്ത വാക്കിനെ പറ്റി
കുറ്റം പറഞ്ഞ്‌ പരിഭവിക്കും.

എന്നിലെവിടെയോ കത്തുന്ന
മാംസത്തിന്‍റെ ഗന്ധം.
നീയെറിഞ്ഞ കുറ്റത്തിന്‍റെ തീപ്പന്തം
എന്നെ എവിടെയോ
പൊള്ളിക്കുന്നുണ്ട്.

ഞാനൊരഗ്നികുണ്ഡമാകും മുന്‍പേ
നീയൊരു മഞ്ഞുമലയാകുക;
പിന്നെയെന്നിലേക്കുരികിയിറങ്ങുക,
അങ്ങനെയാ തീയണയ്ക്കുക.

എനിക്കൊരു നിമിഷത്തിലെ
മരണമാണിഷ്ടം.
വേദനിക്കാതെ, കരയാതെ
ചിരിച്ചുകൊണ്ടുള്ള മരണം.

നേതാവ്...

അച്ഛനില്ലാതെയൊരു 
കുഞ്ഞു കരയുന്നു; 
ഭിത്തിയിലിരുന്നച്ഛന്‍ 
ചിരിക്കുന്നു. 

നാല്‍ക്കവലയിലെ 
പ്രതിമയ്ക്ക് താഴെ 
അഴുകി തുടങ്ങിയ
രക്തഹാരങ്ങള്‍.,.
പ്രതിമയെ തിരിച്ചറിയാന്‍
വെട്ടേറ്റു കിടക്കുന്നവന്‍റെ
ബഹുവര്‍ണ്ണ പോസ്റ്റര്‍.,.

അപ്പുറത്തെ നാല്‍ക്കവലയില്‍
നേതാവിന്‍റെ ചാരിത്ര്യപ്രസംഗം.
എണ്ണിയും എണ്ണാതെയും
വെട്ടി കൊന്നവരുടെ
കണക്കെടുക്കാതെ
ഗാസയിലെയക്രമത്തെ
അപലപിക്കുന്നവന്‍., .

അവനൊരു യാത്രയിലാണ്‌;
നാളത്തെ പ്രതിമയ്ക്ക് വേണ്ടി,
മറ്റൊരു കുട്ടിയ്ക്കച്ഛനില്ലാതാക്കി
ബഹുവര്‍ണ്ണ പോസ്റ്ററടിക്കാനുള്ള
വിശ്രമമില്ലാത്ത യാത്രയില്‍.,.

നാളത്തെ ദൈവങ്ങള്‍.

നിങ്ങളുടെ നാളത്തെ 
ദൈവങ്ങളെപറ്റി 
ചിന്തിക്കുമ്പോള്‍ 
ഭയമാണെനിക്കുള്ളില്‍.,. 

ഇരുട്ടാണെന്‍റെ മുറിയില്‍; 
എണ്ണയില്ലാതെ 
കരിംതിരികള്‍ കത്തുന്നു,
കാറ്റിനോട് അണയില്ലെന്ന്
വാശിപിടിക്കുന്ന വിളക്കുകള്‍..,.

നിന്‍റെ മുന്നില്‍
ഉരുകുന്ന മെഴുകാണല്ലോ?
വര്‍ണ്ണപ്രകാശത്താല്‍
നിനക്ക് തടവറ തീര്‍ത്തവര്‍.
നിനക്കായ് കരുതി വച്ചത്.

ഇവിടെ വിളക്കണഞ്ഞിരിക്കുന്നു,
നിനക്കവിടെ പവര്‍‌കട്ടും.
വരൂ, ഈ ഇരുട്ടിന്‍ മറ പറ്റി,
ഭക്തരുടെ കണ്ണുവെട്ടിച്ച്
നമുക്കോടിയൊളിക്കാം;
നമ്മെ ദൈവങ്ങളാക്കാത്തിടത്തേക്ക്.

വിശക്കുമ്പോള്‍ ഭക്ഷണം കഴിച്ച്,
സ്വാതന്തൃത്തിന്‍ വായു ശ്വസിച്ച്,
വികാര-വിചാരങ്ങളുള്ള
മനുഷ്യനെ സ്നേഹിക്കുന്ന
വെറും മനുഷ്യനായി ജീവിക്കാം.

അന്ത്യയാത്ര.

ശുഭ്രവസ്ത്രം പുതച്ചു കിടക്കവേ
ഉള്ളിലാര്‍ത്തു ചിരിച്ചു കരഞ്ഞു ഞാന്‍.
എന്തിനെന്നാര്‍ക്കും സംശയം വേണ്ട, 
ഹാ കഷ്ടം എന്നല്ലാതെന്തു ചൊല്ലുവാന്‍.

നാലു ചുറ്റും കരയുന്ന ബന്ധുക്കള്‍, അതി -
നിടയില്‍ കുമിഞ്ഞു കത്തും വിളക്കുകള്‍.
ഈ കരയുന്നോരെല്ലാം എന്‍റെ ബന്ധുക്കളോ,
അത്ഭുതത്തോടെ നോക്കി കിടന്നു ഞാന്‍.

സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍
സ്നേഹ ബന്ധങ്ങള്‍ കാട്ടിലെറിഞ്ഞവര്‍.
ഇപ്പോള്‍ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളാറായി
ഉള്ള മക്കളോ സ്വ സുഖം തേടുന്നു.

ഇല്ല, കാണാനില്ലാ മുഖങ്ങള്‍ ഇവര്‍ക്കിടെ
വന്നു കാണില്ലവരുടെ അച്ഛനെ കാണുവാന്‍.
സ്വത്തും സമ്പത്തും വീതിച്ചു നല്‍കി ഞാന്‍
പിന്നവര്‍ക്കച്ഛനെ കാണാനവധി കിട്ടില്ലല്ലോ.

ഈ അന്ത്യയാത്രയില്‍ ചന്ദന ഗന്ധവും പേറി-
ഞാനാ ചിതയിലേക്ക് നടന്നു നീങ്ങീടവേ.
കണ്ടു ഞാനാ കരഞ്ഞ ബന്ധുക്കളെ, പിന്നവര്‍
എന്‍റെ കോടിപ്പണം പിരിച്ചെടുക്കുന്നതും.

ഹാ കഷ്ടം, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍,
ഈ ഭൂലോകമെന്നെ വളര്‍ത്താതിരുന്നെങ്കില്‍.
വളര്‍ന്നു വളര്‍ന്നു ഞാന്‍ വാനോളം
വളര്‍ന്നെങ്കിലും,
ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍.,..

ഷണ്ഡന്‍‌മാരുടെ തൊഴി

വിളപ്പിന്‍ശാലയിലെ 
മാലിന്യം; 
മുല്ലപ്പെരിയാര്‍ ഡാമിലെ 
വിള്ളലുകള്‍; 
കൂടം‌കുളത്തുണ്ടാക്കും 
ആണവോര്‍ജ്ജം...
കെട്ടിയ പന്തല്‍ പൊളിച്ച് 
തൊഴുതുണ്ടാക്കിയവര്‍.................

ആ തൊഴുത്തില്‍ നിറയെ
പശുക്കളാണിന്ന്,
കറവയുള്ളതുമില്ലാത്തതും;
പിന്നെ ഷണ്ഡന്‍‌മാരായ
കുറേ കാളകളും.

കറവക്കാരാ നീ സൂക്ഷിക്കുക;
ആണും‌പെണ്ണും കെട്ടവന്‍റെ
അമര്‍ഷമൊരുപക്ഷേ
തീര്‍ക്കുന്നതൊരു തൊഴിയിലാകും...

ശ്രദ്ധിച്ചു കേള്‍ക്കൂ,
ദൂരെയെവിടെയോ ഒരു
മലാല പൊട്ടിച്ചിരിക്കുന്നു,
അധികാരത്തിന്‍റെ
വെടിയുണ്ടയേല്‍ക്കുമ്പോഴും.

നരകത്തിന്‍റെ കാവല്‍ക്കാര്‍.

അച്ഛനെന്നു വിളിച്ചയാളാല്‍ 
തിരസ്ക്കരിക്കപ്പെട്ടതയാളുടെ 
ബീജങ്ങള്‍ക്കിത്ര ശക്തിയുണ്ടാ-
കില്ലെന്നറിയാഞ്ഞിട്ടാകുമോ? 

അവിടെ നിരന്നു നില്‍ക്കുന്നവരുടെ 
ഇടയില്‍ നിന്നൊരമ്മയെ കണ്ടെത്തണം, 
വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കിയ,
പ്രസവിച്ചിട്ടുമമ്മയാകാത്ത അമ്മയെ.

ഇന്നീ കടത്തിണ്ണയില്‍ കിടക്കുമ്പോള്‍
കൂട്ടിനുള്ളതീ ബീഡികുറ്റികള്‍ മാത്രം.
അകലെയെവിടെയോ കേള്‍ക്കുന്നുണ്ട്
ദൈവവചനത്തിന്‍റെ ഗീര്‍‌വ്വാണം.

മരിച്ചിട്ടുയര്‍ത്തെഴുന്നേറ്റവനും
മരിക്കാതെ സ്വര്‍‌ഗ്ഗത്തില്‍ പോയവനും
ഒരമ്പിനാല്‍ ജഡമായവനും
ഇന്ന് നരകത്തിന്‍ കാവല്‍ക്കാര്‍.

ഒരു സുഖസുഷുബ്ധിയില്‍
എന്നിലെ പ്രാണനകലുമ്പോള്‍
കാണാന്‍ കൊതിച്ച ദൈവം
അരികിലേക്ക് വന്നതാകുമോ?

വഴികാട്ടികളുടെ വഴികാട്ടി

മുന്നോട്ടു പോകുവാനേറെയുണ്ട്; 
വഴിയറിയാതലയുന്ന മര്‍ത്യന്‌ 
വഴികാട്ടുവാനായിട്ടാരുമില്ല, 
ഇന്ന് നേര്‍‌വഴികാട്ടാനാരുമില്ല. 

ഒരു ജാതിയൊരുമതമൊരു 
ദൈവം മനുഷ്യനെന്നോതിയ 
ഗുരുവിനെ കണ്ണാടിക്കൂട്ടില-
ടച്ചിട്ട് പൂജ ചെയ്യുന്നവര്‍.

നിന്നേപ്പോലെ നിന്‍റയല്‍ക്കാരനെ
സ്നേഹിക്കാന്‍ പറഞ്ഞവനെയി-
ന്നൊറ്റയ്ക്കാക്കിയാ കവലയിലെ
മാര്‍ബിള്‍ പതിച്ച സ്വര്‍ഗ്ഗലോകത്തില്‍.

പണക്കാരന്‍റെ ഔദാര്യമല്ല
സക്കാത്തെന്ന് പറഞ്ഞവന്‌
കോടികള്‍ മുടക്കുന്നു ആ
കൊച്ചു ദര്‍ഗ്ഗ പണിയാനായ്.

വഴികാട്ടിയവരുടെ
നാവടച്ച്, വഴിയടച്ച്
നമ്മളൊരു വഴി വെട്ടുന്നു
അവരെ നടത്താനായ്.

തന്തയില്ലാത്തവന്‍

ഇന്നലെവരെയൊരു 
അച്ഛനുണ്ടായിരിന്നു, 
ഇന്നവര്‍ പറയുന്നു, 
നീയച്ഛനില്ലാത്തവനെന്ന്. 

പഠിച്ചതും പറഞ്ഞതും 
നീയാണെന്‍റച്ഛനെന്നാണ്‌. 
വട്ടക്കണ്ണട വച്ച 
നീണ്ടുമെലിഞ്ഞ അച്ഛന്‍.

ഞാന്‍ കാണാത്ത, കേള്‍ക്കാത്ത
ഭാരതാംബയെന്നൊരമ്മയുണ്ട്,
ഇനി മുതലെനിക്ക് പറഞ്ഞു
പഠിക്കണം; നിങ്ങളെപ്പോലെ
ഞാനുമൊരു തന്തയില്ലാത്തവന്‍.

ആളെ വേണം

പ്രണയത്തെ പറ്റി 
നിനക്കെന്തു തോന്നുന്നു? 
കണ്ണും കാതുമില്ലാത്ത 
വികാരമെന്നോ? 

വിട്ടുകൊടുക്കലിനുമ്മപ്പുറം 
സ്വന്തമാക്കലാണെന്‍റെ പ്രണയം. 
എനിക്ക് വേണ്ടത് നിന്നെയാണ്‌; 
ഓര്‍മ്മകളോ സമ്മാനങ്ങളോയല്ല.

എന്‍റെ പ്രണയത്തിനന്യമാണ്‌
നിന്നിലുണ്ടാകുന്ന നഖക്ഷതങ്ങള്‍....,.
എനിക്ക് പ്രണയിക്കാന്‍ വേണ്ടത്
നിന്‍റെ ശരീരമല്ലല്ലോ?

നീ തെറ്റിധരിച്ചിരിക്കുന്നു.
നെറ്റിയിലെഴുതിയൊട്ടിക്കുക;
ഈ ശരീരം വില്പ്പനയ്ക്ക്,
പ്രണയിക്കാനൊരാളെ വേണം.

സ്വപ്നങ്ങളിലെ മനല്‍ക്കാറ്റ്

എന്‍റെ സ്വപ്നങ്ങള്‍ക്കിപ്പോള്‍ 
അസ്തമയസൂര്യന്‍റെ ചുവപ്പാണ്‌. 
ചിന്തകള്‍ക്ക് മരുഭൂമിയുടെ 
ഉഷ്ണവും. 

ദാഹം തോന്നാറുണ്ട് 
കുടിക്കാന്‍ വെള്ളമില്ലാത്തപ്പോള്‍; 
പ്രണയിക്കാന്‍ നീയില്ലാത്തപ്പോള്‍
പ്രണയവും.

ഒറ്റപ്പെടലിനൊടുവില്‍
വെറുപ്പാണ്‌ ബാക്കി.
വെറുപ്പിനൊടുവില്‍
ഇരുട്ടും.

വെളിച്ചമില്ലാത്ത പാതയോരം;
അനാശ്യാസ്യത്തിന്‍റെ ഓടകള്‍.
പുളയ്ക്കുന്ന കീടങ്ങള്‍ക്കു മീതെ
കാക്കിയിട്ടവന്‍റെ താണ്ഡവം.

രക്തവര്‍ണ്ണം വാരി വിതറി
സൂര്യന്‍ അസ്തമയത്തോടടുക്കുന്നു.
ചിന്തകളിലെവിടെയോ ഒരു
മണല്‍ക്കാറ്റടിച്ചു തുടങ്ങുന്നു.

ജീവിത നാടകം

പ്രണയശിലയില്‍ 
ആഴ്ന്നിറങ്ങിയ പോലെ 
കഴുകന്‍റെ കാല്‍‌പ്പാടുകള്‍.... ,. 

എവിടെയോ ഒരു 
പുനര്‍ജനി തേടുന്ന
പ്രണയ രംഗത്തിലെ 
നായികാ നായകന്‍.,.

സര്‍ക്കാരാശുപത്രിയുടെ
നീളന്‍ വരാന്തയിലിരിക്കുമ്പോള്‍
ഊറ്റിയെടുത്ത രക്തത്തില്‍
എന്തോ തിരയുന്നുണ്ടകത്തൊരാള്‍,.

ആ പച്ചവിരിയ്ക്കപ്പുറം,
അവര്‍ തിരയുന്ന
പോസിറ്റീവുകള്‍ക്കും
നെഗറ്റീവുകള്‍ക്കുമിടയില്‍
എവിടെയോ ഒരു ജീവിതമുണ്ട്;
സ്വയം മറന്ന ചില നിമിഷങ്ങളുണ്ട്.

കാലിയായ കീശയില്‍
മരുന്നിന്‍റെ മണമുള്ള
കടലാസിനന്ത്യ വിശ്രമം.

ഇടറിയ കാലുകള്‍ ആ
ആശുപത്രിയുടെ പടികളെ
പിന്നിലാക്കുന്നിടത്ത്
തിരശ്ശീല വീഴുകയാണ്‌;
ഒരു സം‌വിധായകനും
കട്ട് പറയാതെ,
പായ്ക്കപ്പ് പറയാതെ..

സ്നേഹം,

സ്നേഹം, 
എനിക്കെന്നോട് മാത്രം തോന്നിയത്.
അവിടെ നീയോ നിങ്ങളോയില്ല, 
ഞാനുമെന്നോടുള്ള സ്നേഹവും മാത്രം. 

ആത്മരതിയ്ക്കുമപ്പുറം ചിലതുണ്ട്; 
വികാരവിക്ഷോഭങ്ങള്‍ക്കിടയില്‍ 
മറന്നു പോകുന്ന ഹൃദയസ്പന്ദനങ്ങള്‍; 
അമ്മ, അച്ഛന്‍ കൂടെപ്പിറപ്പുകള്‍.. 

ഒടുവിലൊന്നുമില്ലാത്ത,
ഒറ്റയ്ക്കാകുന്ന അവസ്ഥയില്‍
ഒന്ന് തിരിഞ്ഞു നോക്കണം,
സ്വന്തം നിഴലെങ്കിലുമുണ്ടോയെന്ന്.

ഇനി വാക്കുകള്‍കൊണ്ടെനിക്കൊന്ന്
സ്നേഹിക്കണം; നിന്നേയും
പിന്നെയാ മണ്ണിലലിഞ്ഞുപോയ
എന്‍റെ ഹൃദയ സ്പങ്ങനങ്ങളേയും.

ഇനിയെനിക്കെന്‍റെ ഹൃദയം കൊണ്ടൊന്ന്
സ്നേഹിക്കണം; എന്നോ മറഞ്ഞ
മണ്‍ചെരാതുകളിലെ
അണഞ്ഞുപോയ വെളിച്ചങ്ങളെ.

എനിക്കിപ്പോള്‍ കാണാം;
അങ്ങകലെയൊന്നിലധികം
നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നു,
മണ്ണില്‍ പൊതിഞ്ഞ ഹൃദയങ്ങള്‍ പോലെ.

സൂര്യകാന്തി പൂവ്.

നിന്നോടൊരുപാട് പറയുവാനുണ്ടി, 
ന്നൊത്തിരി നാളായി കാണൂന്നതല്ലേ.
കേള്‍ക്കാതെ പോകരുതിന്നെങ്കിലും 
ഇനിയതു കഴിയാതെ വന്നെങ്കിലോ? 

ഭയം വേണ്ട, ഞാന്‍ പോകില്ലയാ 
കോളേജിന്‍ നീണ്ട വരാന്തയിലേക്ക്. 
പോകില്ലയാ ഇടവഴിയിലേക്കും
മറക്കാന്‍ കൊതിക്കുമോര്‍മ്മയിലേക്കും.

സുഖമാണൊയെന്നൊരു
വാക്ക് ചോദിക്കുന്നില്ല;
നിന്‍റെ കണ്ണൂകളതെന്നോട്
പറയാതെ പറയുന്നു.

ജീവിത പ്രാരാബ്ദമേറെയുണ്ടല്ലേ,
ഒട്ടിയ കവിളുകള്‍ പല്ലിനെ പുല്‍കുന്നു.
കരുവാളിച്ച ചുണ്ടിലെ
ശോഷിച്ച പുഞ്ചിരി
കാര്‍മേഘത്തിനുള്ളിലെ
സൂര്യനെ പോല്‍..

വേണ്ട, എനിക്കൊന്നും
ചോദിക്കാനില്ലിനി,
നിന്‍റെ രൂപമാറ്റത്തിലെന്‍
മനസ്സൊന്നിടയുന്നു.

വിടപറഞ്ഞകലവേ
എന്നിലേക്കെത്തുന്നു,
സൂര്യനെ പ്രണയിച്ചൊരു
സൂര്യകാന്തി പൂവ്.

വ്യക്തത.

എന്‍റെ കാഴ്ചകള്‍ക്കിന്നൊരു 
വ്യക്തത വന്നിരിക്കുന്നു; 
കട്ടി ഫ്രയിമുള്ള 
കണ്ണട നല്‍കിയ വ്യക്തത. 

അവ്യക്തമായിരുന്ന പലതും 
വ്യക്തമാകുമ്പോള്‍ 
എനിക്ക് നഷ്ടമാകുന്നത്
സ്വരുക്കൂട്ടി വച്ചിരുന്ന
മഞ്ചാടിമണികളാണ്‌.,.

ഒപ്പമുള്ളവരുടെ മുഖത്തിന്‍റെ
അവ്യക്തതമാറുമ്പോള്‍
യാഥാര്‍ത്ഥ്യത്തിന്‍റെ ഭയപ്പാട്
മനസ്സിലൊരു തിരമാലയാകുന്നു.

ഒരിക്കല്‍ കൂടിയെനിക്കാ
ഡോക്ടറെ കാണണം;
കിട്ടിയ വ്യക്തത നല്‍കി ആ
അവ്യക്തത സ്വന്തമാക്കണം.

അങ്ങനെ കണ്ണട മാറ്റി,
വ്യക്തത മറന്ന്
ഇന്നിന്‍റെ ലോകത്ത്
കാഴ്ചയുള്ളൊരന്ധനാകണം.

പ്രണയ വഴി.

ചാരം മൂടി കിടക്കുന്ന 
പ്രണയമാകുമഗ്നിയിലേക്ക് 
നീ എണ്ണ പകരാതിരിക്കുക; 
ഒരിക്കലാളിക്കത്തിയ 
പ്രണയത്തില്‍ വെന്ത 
ഒരു ഹൃദയമെനിക്കുണ്ട്. 

ചവിട്ടിമെതിച്ച പാതകളില്‍ 
നിന്‍റെ കാലടയാളമുണ്ട്;
കടലെടുത്താലും മായാത്ത
നിന്നോര്‍മ്മകളുണ്ട്.

അവശേഷിച്ച കാല്പ്പാടുകള്‍
ഒരോര്‍മ്മപ്പെടുത്തലാണ്‌;
പിറകേ വരുന്നര്‍ക്കുള്ള
വഴികാട്ടിയാണ്‌.

എന്നിലേക്കുള്ള വഴിയില്‍
ഞാനല്പം മുള്ളു വിതറട്ടെ;
നിനക്ക് വേദനിക്കാനല്ല, നീയെ-
ന്നിലേക്ക് നടക്കാതിരിക്കാന്‍.

മാറ്റം....

അകലെയൊരു ഗുല്‍‌മോഹര്‍ 
കാറ്റിലുലയുന്നുണ്ട്; 
പൊഴിഞ്ഞു വീണയിലകളെ നോക്കി 
ഇന്നലെകളെയോര്‍ക്കുന്നുണ്ട്. 

കോളേജിന്‍റെ വരാന്തകള്‍ 
ആരേയോ തേടുന്നുണ്ട്; 
സ്നേഹത്തിന്‍ കൈയ്യൊപ്പുമായ്
ഉരുളന്‍ തൂണുകള്‍ തേങ്ങുന്നുണ്ട്.

ഇന്ന് മങ്ങിയ വെളിച്ചത്തില്‍
വലകളുടെ ലോകത്ത്
ഉടുതുണീയുരിഞ്ഞവര്‍
പ്രണയിക്കുന്നുണ്ട്.

നാളെ ആ നീലപ്പല്ലുകളിലൂടെ
കാല-ദേശാന്തരമില്ലാതെ
ആ പ്രണയത്തിന്‍റെ പ്രയാണം;
എവിടെയോ ഫാനിലാടുന്ന കാലുകള്‍.,.

ഇടവഴിയിലെ പച്ചപ്പുകളിലേക്ക്,
ആ ഗുല്‍മോഹര്‍ ചുവട്ടിലേയ്ക്ക്
ഞാനെന്‍റെ പ്രണയത്തെ പറിച്ചു നടാം;
കാറ്റായെങ്കിലും നീയവിടെയുണ്ടാകുമെങ്കില്‍...,..

വെറുപ്പ്.

പുറത്തേയ്ക്കിറങ്ങും മുന്‍പ് 
ഒരല്പം മുളകു പൊടിയെടുക്കണം, 
കൈയ്യിലൊരു ചെറുകത്തി കരുതണം, 
പിന്നെ മൊബൈല്‍ ഫോണെടുക്കണം. 

കണ്ണുകൊണ്ട് നഗ്നാരാക്കുന്നവര്‍, 
കാഴ്ചയാല്‍ കാമമടക്കുന്നവര്‍.,
എതിരേ വരുന്ന പെണ്ണിന്‍റെ 
മാറ് കണ്ട് വെള്ളമിറക്കുന്നവര്‍.,.
പിന്നെ തരം കിട്ടിയാലൊരു
തലോടല്‍, കാമപ്രകടനങ്ങള്‍.,.

ഇവര്‍ക്കിടയിലെനിക്കും ജീവിക്കണം,
പെണ്ണായതുകൊണ്ട് മരിക്കാനാകില്ല.
വെള്ളമിറക്കുന്നവന്‍റെ കണ്ണില്‍
മുളകുപൊടി വിതറണം,
തലോടുന്നവന്‍റെ കയ്യിലെ രക്ത-
മെന്‍റെ കത്തിയില്‍ പറ്റണം.

ആണുങ്ങളായിട്ടെനിക്കുമുണ്ട്,
അച്ഛനുമാങ്ങള കൂട്ടുകാരും.
എങ്കിലും പറയാതെ വയ്യെന്‍റെ സോദരേ,
ആണുങ്ങളെ ഞാന്‍ വെറുത്തു പോകുന്നു.

കണ്ടുമുട്ടല്‍

എന്നില്‍ നിന്നും നടന്നകന്നവളിലേക്ക് 
ഞാനൊന്നു നടന്നടുക്കട്ടെ; 
പിന്നെയാ കൈ പിടിച്ചെന്‍റെ 
ഹൃദയത്തോട് ചേര്‍ക്കണം. 
ആ കണ്ണില്‍ നോക്കിയെനിക്കിരിക്കണം 
പിന്നെ എന്നോട് ചേര്‍ക്കണം. 
മുടിയിലൊന്നു തലോടണം, 
പിന്നെയാ കാതില്‍ പതുക്കെ
നീയെന്‍റേതാണെന്ന് ചൊല്ലണം.
ഒരു കാപ്പി രണ്ടാക്കി കുടിയ്ക്കണം,
ഒന്നു വാങ്ങി വീതിച്ചു കഴിയ്ക്കണം.
പിന്നെ പിന്തിരിഞ്ഞു നടക്കും മുന്‍പേ
എന്‍ ഹൃദയം പകുത്തു നല്‍കണം.
വേദനയാല്‍ ഞാനൊന്നു പിടയവേ
കണ്ണുനീരാലൊന്നു ചിരിക്കണം;
കാഴ്ച മങ്ങിയ വഴിയിലൂടെ
തിരിഞ്ഞു നോക്കാതെ നടക്കണം .

............പ്രണയം..................

പിണങ്ങുവാന്‍ വയ്യെന്‍റെ പ്രണയമേ 
നിന്നോട് മിണ്ടാതിരിക്കുവാന്‍ വയ്യ. 
അകലുവാന്‍ വയ്യെന്‍റെ പ്രണയമേ 
നിന്നുടെ ചിന്തയിലെത്താതെ വയ്യ. 
ഓര്‍മ്മകളില്ലാതെ വയ്യെന്‍റെ പ്രണയമേ 
നിന്‍ സാമീപ്യമില്ലാതെ വയ്യ. 

എങ്കിലും ഞാനറിയുന്നു പ്രണയമേ 
നീയില്ലാതെ ഞാനിന്നേകനാണ്‌,
കാറ്റില്ലാ മഴയില്ലാ വിണ്ടും കീറും
വറ്റി വരണ്ടൊരാ ഭൂമി പോലെ.

അര്‍ക്കനങ്ങകലെ ചൊരിയും
പ്രകാശം പോല്‍, കാറ്റായി
മഴയായി പിന്നെ വെളിച്ചമായ്
എന്നിലേക്കെത്തുന്നു നിന്‍ പ്രണയം,...

പ്രണയനാപിനി

പ്രണയ നാപിനിയിലെ 
രസഗോളമുയരുന്നു; 
അകലെയൊരു കടല്‍ത്തിര 
തീരത്തെ പുല്‍കുന്നു. 

ഒന്നാകാന്‍ കൊതിച്ചതും 
ഒറ്റയായ് തീര്‍ന്നതും; 
നിറമുള്ള സ്വപ്നങ്ങള്‍
കൂരിരുട്ടായതും.

ഒരുവേള നിന്നെ
പുല്‍കാന്‍ കൊതിച്ചതും;
മറുനിമിഷത്തിലത്
തെറ്റെന്ന് ധരിച്ചതും.

ഒരാലിലത്താലി
നിനക്കായ് പണിതതും;
മഞ്ഞച്ചരടൊന്ന്
കൈയ്യില്‍ വച്ചതും.

ഒരു ദിനം നീയെന്നെ
തള്ളിപ്പറഞ്ഞതും;
പിന്നെയീ നാടൊന്നു വിട്ട്
ഞാനോടി മറഞ്ഞതും.

നിന്‍റെയീ പച്ചമണ്‍കൂനയ്ക്ക്
മുന്നില്‍ ഞാന്‍ നില്‍ക്കുമ്പോഴ-
റിയുന്നു, യെന്തിനു വേണ്ടിയെന്‍
പ്രണയത്തെ ത്യജിച്ചെന്നെ,ന്തിനു
വേണ്ടിയെന്നെ തഴഞ്ഞെന്ന്.

ഉള്ളിലൊരു തിരയായ്
നീ എന്നെ തഴുകുന്നു,
പ്രണയ നാപിനിയിലെ
രസഗോളം താഴുന്നു.

മഴയോര്‍മ്മകള്‍.


പെയ്തു തീരാത്തോരാ മഴ പോലെയോര്‍മ്മകള്‍ 
ഉള്ളിന്‍റെയുള്ളിലൊരു നദിയായൊഴുകുന്നു. 
മഴയില്‍ നനഞ്ഞൊരാ ചെറുബാലനോടുന്നു; 
പിറകേ കുടയുമായമ്മയുമുണ്ടല്ലോ. 
നനയല്ലേ മോനെയെന്നോതിയെന്നമ്മ; പിന്നെ 
മാറോടു ചേര്‍ത്തെന്‍ തലയൊന്നു തോര്‍ത്തുന്നു.

മറ്റൊരു മഴയിലാ അമ്മയുണ്ടായില്ല
തലയൊന്നു തുവര്‍ത്തുവാന്‍;
മാറോട് ചേര്‍ക്കുവാന്‍.,.
മഴയെ പ്രണയിച്ചെന്നമ്മ കടന്നു പോയ്
മഴയായി, കാറ്റായി നിശ്വാസവായുവായ്.

ഇന്നും ഞാന്‍ നനയുന്നു അന്നത്തെയാ മഴ,
പിറകേ ഓടുവാന്‍ അമ്മയില്ലാതെ.
എങ്കിലും ഞാന്‍ കേള്‍ക്കുന്നാ പിന്‍‌വിളി
നനയല്ലേ മോനേയെന്നുള്ള സ്നേഹത്തിന്‍., .

ആ മഴക്കെകളാലെന്നെ പുല്‍കുന്നു,
തലയൊന്നു തുവര്‍ത്തുന്നു;മാറോടു ചേര്‍ക്കുന്നു;
മഴമാറില്‍ ചേര്‍ന്നൊന്നു നില്‍ക്കവേ ഞാനിന്നാ
അമ്മയെ നനയിക്കും ചെറുബാലനാകുന്നു.

നഖക്ഷതങ്ങള്‍.

മകനേ നീ തന്ന നഖക്ഷതങ്ങള്‍
അഭിമാനമായിരുന്നാ നാളുകളില്‍.,.
നിന്‍റെ പല്ലിന്‍റെ മൂര്‍ച്ചയാല്‍ നീലിച്ച
എന്‍ മുലഞെട്ടുകളോര്‍ക്കുന്നു ഞാന്‍,.

കാലത്തിനൊപ്പം നീയും വളര്‍ന്നല്ലോ;
തണ്ടും തടിയുമുള്ളാണൊരുത്തന്‍.,.
പെണ്ണെന്നാല്‍ കാമമെന്നര്‍ത്ഥം കൊടുത്തവന്‍
രതിഗൃഹം തേടുന്ന കാലമിത്.

കാമത്താല്‍ ക്രോധത്താല്‍
കാഴ്ച നശിച്ചവന്‍;
ബന്ധങ്ങളെല്ലാം തട്ടിയെറിഞ്ഞിട്ട്
പുതുപുത്തന്‍ ദേഹങ്ങള്‍ തേടി നടക്കുന്നു.

ഇന്നെന്‍റെ മടിക്കുത്തില്‍ കയറി പിടിച്ചിട്ട്
നീ നഖചിത്രമെഴുതുന്നെന്‍ തൊലിപ്പുറത്ത്.
ഉള്ളില്‍ കിടക്കുന്ന കള്ളിന്‍റെ കാഴ്ചയില്‍
അമ്മയെന്നൊന്നില്ലൊരു പെണ്ണുമാത്രം.
മകനേ, നീ വന്ന വഴി തേടാതിരിക്കുക,
ഓര്‍ക്കുക, ഞാന്‍ നിന്‍റെ അമ്മയാണ്.

ഞരക്കങ്ങള്‍ക്കൊടുവില്‍ ശാന്തമായി;
ഇരുളിനെ പുല്‍കി കിടപ്പുണ്ടാ
ഇഷ്ടിക കെട്ടിന്‍റെയുള്ളിലായി
നഖക്ഷതമേറ്റൊരാ അമ്മ മുഖം.