
മറിഞ്ഞു വീണയാ ചായക്കൂട്ടുകള്‍
ചിതറി തെറിച്ചപ്പോള്‍ ആരോ പറഞ്ഞു,
ഇവന്‍ ആധുനിക ചിത്രകാരന്‍.
അവിടെയും ഇവിടെയും കോറിയിട്ട-
ക്ഷരങ്ങള്‍ തന്‍ അര്‍ത്ഥം മനസ്സിലാ-
കാതെ ഉറക്കെ ചൊല്ലിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക കവിയെന്ന്.
ഒന്നുമൊന്നും രണ്ടെന്നതിനു പകരം
രണ്ടില്‍ നിന്നൊന്ന് പോയാല്‍ ബാക്കി-
യൊന്നെന്നു പറഞ്ഞപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക ഗുരുവെന്ന്. .
ആരൊക്കെയോ വച്ചിട്ടു പോയൊരാ
പഴയ വീഞ്ഞൊരു പുതിയ കുപ്പയിലാക്കി
നാട്ടാര്‍ക്ക് ഘോരഘോരം വിളമ്പിയപ്പോള്‍
ആരോ പറഞ്ഞു, ഇവന്‍ ആധുനിക നേതാവ്.
സ്ത്രീ പീഢനക്കേസില്‍ വാദിയായ പെണ്ണി-
നോടാര്, എപ്പോള്‍, എവിടെ വച്ച്, എന്തു-
ചെയ്തു എന്നുറക്കെ പറഞ്ഞവളെ വീണ്ടും
നിയമത്താല്‍ നഗ്നയാക്കിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക വക്കീലെന്ന്.
മുട്ടറ്റം നീണ്ട മുടി മുഷ്ടിയോളം ചുരുക്കി
ഒരു മുഴം തുണിയാല്‍ അവയവങ്ങള്‍ പൊതിഞ്ഞ്
ഒരു പ്രദര്‍ശന വസ്തുവായ് മാറിയപ്പോള്‍
ആരോ പറഞ്ഞു, ഇവളാണാധുനിക സ്ത്രീയെന്ന്.
അച്ഛനെന്നുമമ്മയെന്നും ജനമധ്യത്തില്‍ വിളിച്ച
സ്വന്തം കുഞ്ഞിനെ ഞങ്ങളറിയില്ലെന്നു
പറഞ്ഞവരെ നോക്കി ആരോ പറഞ്ഞു,
ഇവര്‍ ആധുനിക പപ്പയും മമ്മിയും.
ഒടുവില്‍ ഈ ആധുനിക ലോകത്തിന്‍
കപട മുഖത്തിലേക്കുറ്റു നോക്കി നിന്ന
എന്നെ നോക്കിയും ആരോ പറഞ്ഞു
ഇവന്‍, ഇവനും ഒരാധുനിക മനുഷ്യന്‍.