ആ തീവണ്ടി മുറിയില്‍ ഇരുന്നിട്ട് മണീക്കൂറുകള്‍ ആകുന്നു. പോകാനുള്ള തീരുമാനം പെട്ടെന്നായതു കൊണ്ട് ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ടി. എത്ര ബുദ്ധിമുട്ടിയാലും ഈ യാത്ര മാറ്റി വയ്ക്കാന്‍ കഴിയില്ലല്ലൊ? ആദ്യമായി അവനെ നേരിട്ട് കാണാന്‍ പോകുകയല്ലേ? അതും അവനറിയാതെ? യഥാര്‍ത്ഥത്തില്‍ എത്രയോ നാളായി അവനെ പരിചപ്പെട്ടിട്ട്? നേരിട്ട് കണ്ടീട്ടില്ല എങ്കിലും എല്ലാ കാര്യങ്ങളൂം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. മനസ്സിനൊരു വിഷമം വന്നാല്‍ ആദ്യം ഓര്‍ക്കുക അവനെയാണ്. വിളിച്ചാല്‍ മനസ്സിനൊരു സമാധാനമാണ്. അവന്‍റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും അവന് യാതൊരുവിധ വിഷമങ്ങളും ഇല്ലെന്ന്.ഇത്രയും നാളിനിടയില്‍ ഒരിക്കല്‍ പോലും അങ്ങനെ ഒരു വിഷമം അവനുണ്ടെന്ന് തോന്നിയിട്ടില്ല. എപ്പോള്‍ വിളിച്ചാലും സന്തോഷത്തോടെ, ചുറുചുറുക്കോടെ മാത്രം കാര്യം പറയുന്ന അവനോട് തനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. കുറേ നാളായി കാണാം.. കാണാം.. എന്നു പറയുന്നു. അവസാന നിമിഷത്തില്‍ അവന്‍ എന്തെങ്കിലും ഒഴികിഴിവുകള്‍ പറയും. എന്തായാലും ഇത്തവണ അവന്‍ രക്ഷപെടില്ല. ഇന്നലെ വിളിച്ചപ്പോഴാണ് പറഞ്ഞത്; ഇനി രണ്ട് മൂന്ന് ദിവസം ഓണ്‍ലൈനില്‍ കാണില്ല, ഒരു യാത്ര പോകുന്നു. പിന്നീടാണറിഞ്ഞത്, നാളെ ഉച്ചയ്ക്ക് എറണാകുളത്തു നിന്നും പോകുന്നുവെന്നും ട്രയിന്‍ ഡീറ്റയില്‍സും അറിഞ്ഞത്. അപ്പോഴാണ് തോന്നിയത്, അവന്‍ അറിയാതെ അവനെ കണ്ടാലോ? അങ്ങനെ തോന്നിയ ആ ഭ്രാന്തന്‍ ചിന്തയുടെ ഫലമാണ് ഈ യാത്ര. ഇപ്പോഴും മനസ്സില്‍ ഒരു സംശയം കിടക്കുന്നു; ഇത്തവണയും അവന്‍ പറ്റിക്കുമോ?
ട്രയിന്‍ എറണാകുളം സ്റ്റേഷനോടടുക്കുന്നു. മനസ്സില്‍ അനാവശ്യമായ ഒരു പേടി. അവനെ കണ്ടാലും അങ്ങോട്ടു ചെന്ന് പരിചപ്പെടില്ല. എങ്ങനെ തിരിച്ച് പെരുമാറും എന്നു പറയാന്‍ പറ്റില്ലല്ലൊ? ഒറ്റ നോട്ടത്തില്‍ തന്നെ അവനെ തിരിച്ചറിയാനുള്ള ഒരു രൂപം അവന്‍ അയച്ചു തന്ന ഫോട്ടോകളില്‍ കൂടി മനസ്സില്‍ ഉണ്ട്. എന്തിനെന്നറിയില്ല്; എങ്കിലും അവനെ നേരിട്ട് കാണണം എന്ന് മനസ്സു പറയുന്നു. ഒന്നും സംസാരിക്കെണ്ട, പക്ഷേ കാണണം. ട്രയിന്‍ സ്റ്റേഷനില്‍ എത്തി ഒരു ചെറു കുലുക്കത്തോടെ നിന്നു. അവന്‍ തന്ന വിവരം വച്ച് തൊട്ടടുത്ത കമ്പാര്‍ട്ട്മെന്‍റിലാണ് അവന്‍റെ സീറ്റ്. സീറ്റ് നമ്പര്‍ എട്ട്. സൈഡ് സീറ്റാണ്. പുറത്തിറങ്ങി നിന്നാല്‍ കാണാം. മനസ്സില്‍ ഒരു വിങ്ങല്‍. നോട്ടം ആ സൈഡ് സീറ്റിലേക്ക് നീങ്ങി പോകുന്നു. ആളുകള്‍ കയറുന്നു; പക്ഷേ അവന്‍..? ഇത്തവണയും അവന്‍ പറ്റിച്ചോ? എന്തോ, പെട്ടെന്ന് ദേഷ്യമാണ് മനസ്സിലേക്ക് വന്നത്. ഇനി കാണുമ്പോള്‍ അവനെ രണ്ട് തെറി വിളിക്കണം. അല്ലെങ്കില്‍ എന്തിനാ അവനെ വെറുതേ തെറി വിളിക്കുന്നത്, അവന്‍ പറഞ്ഞോ ഇങ്ങോട്ട് വരാന്‍. വെറുതേ ഓരോ പ്രാന്ത്. അല്ലാതെന്താ...
ദൂരെ നിന്നും ഒരു വീല്‍ചെയര്‍ ഒരുട്ടി കൊണ്ട് രണ്ട് പേര്‍ വരുന്നുണ്ട്. വഴി അല്പം മാറി നിന്നു. പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനുമാണ്. വീല്‍ചെയറിലിരിക്കുന്നത് അവരുടെ മകനാണെന്ന് തോന്നുന്നു. ആദ്യം നോക്കിയത് ആ തളര്‍ന്നിരിക്കുന്ന ആ കാലുകളിലേക്കാണ്. മൊബൈല്‍ ഫോണിന്‍റെ ബെല്ലടിക്കുന്ന ശബ്ദമാണ് ആ നോട്ടത്തില്‍ നിന്നും മനസ്സിനെ മാറ്റിയത്. അമ്മയാണ് വിളിക്കുന്നത്. എന്തോ, പെട്ടെന്നൊന്നും സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോഴേക്കും ആ വീല്‍ചെയറും കൂടെ ആ പ്രായം ചെന്നവരും ട്രയിനില്‍ കയറി കഴിഞ്ഞിരുന്നു. വീല്‍ചെയറില്‍ ഇരിക്കുന്ന ആ ചെറുപ്പക്കാരനെ സീറ്റിലേക്ക് ഇരുത്താനുള്ള ശ്രമത്തിലാണവര്‍. പെട്ടെന്നാണത് കണ്ടത്... ആ സീറ്റ്..... അത് അവന്‍റേതല്ലേ....... മനസ്സില്‍ ഒരു വെള്ളിടി വെട്ടി... ദൈവമേ.... ഇത്..... ആ മനസ്സിലെ രൂപവും ഇതു ഒരാളല്ലേ? ഒരിക്കലും ഇത് അവനാകില്ല. ഇങ്ങനെയുള്ള ഒരാള്‍ക്കും അവനേ പോലെ അത്ര സന്തോഷത്തോടെ സംസാരിക്കാന്‍ കഴിയില്ല. സ്വന്തമയി ഇത്രയും വലിയ ദു:ഖമുള്ള ഒരാള്‍ക്കും മറ്റൊരാളുടെ മനസ്സിന് അത്രയും ആശ്വാസം നല്‍കാന്‍ കഴിയില്ല... ദൈവമെ... ഇത് അവനായിരിക്കരുതേ.....
ട്രയിന്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. അകലെ നിന്നും ഒരു പച്ച കൊടി ഇളകുന്നു. ട്രയിന് ജീവന്‍ വച്ചിരിക്കുന്നു. പതുക്കെ പതുക്കെ അത് മുന്നോട്ട്.... ഒരു ബീപ് ശബ്ദം... മെസേജാണ്. ദൈവമേ.. ഇത് അവന്‍റെ മെസേജാണല്ലോ? ഞാന്‍ യാത്ര മാറ്റി ചച്ചിരിക്കുന്നു എന്നൊരു മെസേജാകുമോ അതില്‍? ഒരു തിടുക്കത്തിലാണ് മെസേജ് ഓപ്പണ്‍ ചെയ്തത്. ഞാന്‍ എന്‍റെ യാത്ര തുടങ്ങിയിരിക്കുന്നു. ട്രയിന്‍ ആദ്യമായി സമയ നിഷ്ഠപാലിച്ചിരിക്കുന്നു. ഇനി മൂന്നു ദിവസം കഴിഞ്ഞ് കാണാം. അതുവരെ എന്നെ ഓര്‍ക്കുക. എന്ന് ഒരു നല്ല സുഹൃത്ത്.
അത് വായിച്ചിട്ട് എന്തു ചെയ്യണമെന്നറിയാതെ അവള്‍ ആ കസേരയിലേക്ക് തളര്‍ന്നിരുന്നു.