Friday, April 19, 2013

ജീവിതം (മാപ്പിളപ്പാട്ട്).

കൈയ്യില്‍ മൈലാഞ്ചിയും, അത്തറും പൂശി നീ 
ഒരു പുതുപ്പെണ്ണായി നീയന്നു വന്നതും; 
പ്രണയത്തിന്നതിലോല ഭാവങ്ങള്‍ കണ്ടു നാം 
പ്രണയാര്‍ദ്രമായന്നൊ,ന്നായി ചേര്‍ന്നതും 
നിന്‍റെ തൂവെള്ളപ്പല്ലുകളെന്‍ നെഞ്ചില്‍ പതിഞ്ഞതും 
നഖമുനയാല്‍ നീ ചിത്രം വരച്ചതും 
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും 
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

നാലഞ്ച്‌ മാസത്തിന്‍ ശേഷമൊരുനാളില്‍
ഓടിപ്പോയ് നീയൊന്ന് ശര്‍ദ്ദിച്ചു വന്നതും
നാണത്താല്‍ ചുവന്നൊരു മുഖമൊന്നു കണ്ടു ഞാന്‍
ഉമ്മയാകുന്നോരെന്‍ പെണ്ണിനെ കണ്ടു ഞാന്‍
പിന്നെ നിന്‍ വയറ്റിലെന്‍ ചെവിയോര്‍ത്തു കിടന്നിട്ട്
ഉള്ളിലെയനക്കത്താല്‍ കോരിത്തരിച്ചതും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

മാസങ്ങളോരുപാടങ്ങോടി കടന്നുപോയ്
വേദനയാല്‍ നീ പുളയുന്നതു കണ്ടൂ ഞാന്‍
കാലിനു ബലക്കുറവുണ്ടായ പോലെ ഞാന്‍
സിമന്‍റിട്ട തറയിലേക്കറിയാതെയിരുന്നതും
ഉള്ളില്‍ നിന്നൊരു കുഞ്ഞിന്‍ കരച്ചില്‍ ഞാന്‍ കേട്ടതും
പിന്നെ നിന്‍ ക്ഷീണിച്ച മുഖമൊന്നു കണ്ടതും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

വര്‍ഷങ്ങള്‍ക്കൊപ്പമവനും വളര്‍ന്നല്ലോ
തണ്ടൂംതടിയുമുള്ളാണായ് വളര്‍ന്നല്ലോ
ഉമ്മയും ബാപ്പയുമധികപ്പറ്റായല്ലോ
ആട്ടിയിറക്കുവാന്‍ കൈയ്യൊന്നുയര്‍ന്നല്ലോ
ഊട്ടിവളര്‍ത്തിയ ബാപ്പയ്ക്കുമുമ്മയ്ക്കും
പടിപ്പുരകാട്ടി കൊടുത്ത മകനേയും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

തെരുവിലെ യാത്രയില്‍ ഞാനേകനായ് പോയല്ലോ
തളരുമ്പോള്‍ പിടിക്കാനായ് നിന്‍ കയ്യുമെനിക്കില്ല
എങ്കിലും പറയട്ടെ എന്‍പ്രീയ സ്നേഹമേ
ഒരുതുള്ളി കണ്ണുനീരെനിക്കായി കരുതുക
അവസാനയാത്രയില്‍ കൂട്ടായിരിക്കുവാന്‍
മറക്കുവാന്‍ കഴിയില്ല ഒന്നുമൊരിക്കലും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?