Friday, April 19, 2013

ഓര്‍മ്മകള്‍.

ഈ ദുര്‍ഘട ജീവിതപാതയിലെന്നോ 
സ്വപ്നം കാണാന്‍ മറന്നവനാണു ഞാന്‍.. 
ഒടുവിലെ നിദ്രയെപുല്‍‌കും മുന്‍പ് 
ഒരു നല്ല സ്വപ്നം കണ്ടിടട്ടേ?

അവസാനയാത്രക്ക് മുമ്പെനിക്ക്
നിറങ്ങളുള്ളൊരു ലോകത്തു പോകണം. 
പോകുന്ന യാത്രയില്‍ കൂട്ടായുള്ളത് 
ഒരിക്കലും തീരാത്തയാശകളാണല്ലോ.

വര്‍ണ്ണങ്ങളന്യമായ് തീര്‍ന്നവനിന്നെന്ത്
കുഞ്ഞു സ്വപ്നത്തിന്‍റെ ചില്ലുകൂട്.?
ഇനിയൊന്നു മൂടിപ്പുതച്ചു കിടക്കണം,
സ്വപ്നത്തെ പുല്‍കി സുഖമായുറങ്ങണം.

നിങ്ങളുണരുമ്പോള്‍ എന്നെ വിളിയ്ക്കുക,
ഉണരാത്തയെന്നെ കുലുക്കി വിളിയ്ക്കുക.
ഉണര്‍ന്നില്ലയെങ്കില്‍ നിങ്ങളറിയുക
ഏതുവിളിക്കുമുണര്‍ത്താന്‍ കഴിയാത്ത
ശാശ്വതമായൊരു ലോകത്തിലാണെന്ന്.

കരുതുകയൊരുതുണ്ടം തുണി നിന്‍റെ കൈയ്യില്‍
എന്‍റെ കാല്‍‌വിരല്‍ കെട്ടുക;
കണ്ണു നിറയാതെ പുഞ്ചിരിയോടെന്‍റെ
കണ്ണുകളടയ്ക്കുക.

ഒരു വാഴയിലയിലിറക്കി കിടത്തുക;
വെള്ളപുതപ്പിച്ച് കണ്ണുകളടപ്പിച്ച്.
തേങ്ങാമുറിയാല്‍ ദീപം കൊളുത്തുക
സാമ്പ്രാണി ഗന്ധം പരക്കട്ടെയെങ്ങും.

റീത്തുകള്‍ വേണ്ട; കരച്ചിലും വേണ്ടാ
ഓര്‍മ്മിക്കാനായൊരു കല്ലറയും.
എന്നെയോര്‍മ്മിക്കാന്‍ പാടില്ലയാരും
ഓര്‍മ്മത്തെറ്റായി ഞാന്‍ വേണ്ടയെങ്ങും.

ആറടി നീളത്തിന്‍ കുഴിയിലിറക്കുക,
മണ്ണിട്ടു മൂടുക എന്നോര്‍മ്മകളെ.
നീളാതിരിക്കട്ടെയെന്നോര്‍മ്മകള്
ഈ രാവിന്നുമപ്പുറം നിന്നോടൊപ്പം.

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?